ഞാന്‍ ആരുമായും മത്സരിക്കുന്നില്ല; എന്റെ സിനിമ എന്റെ എക്‌സ്പ്രഷന്‍ ആണ് - സുദേവന്‍
നമുക്ക് പറയാന്‍ ചില കാര്യങ്ങളുണ്ട് എന്നതും അത് ഏത് മീഡിയത്തില്‍ പറയണമെന്നും ആലോചിക്കും. നമ്മുടെ രീതികളും കാഴ്ചകളും സ്വഭാവവും വെച്ച് ചിന്ത പോകുന്നത് കാഴ്ചയിലേക്കാണ് എന്ന് തിരിച്ചറിഞ്ഞു. അഭിമുഖം: സുദേവന്‍ / റാഷിദ നസ്രിയ
സുദേവന്റ സിനിമകളെല്ലാം പുതിയ കാലത്തിന്റെ സമര്‍ത്ഥമായ ആവിഷ്‌കാരമാണല്ലോ. 'ചിയേഴ്‌സ്' എന്ന താങ്കളുടെ സിനിമ കോര്‍പ്പറേറ്റുകളുടെ അധിനിവേശം എങ്ങനെ ഗ്ലോബല്‍ ജീവിതത്തില്‍ നമ്മുടെ ബുദ്ധിയെ കയ്യില്‍ ഒതുക്കുന്നു എന്നതിനെ പറ്റിയുള്ള ഹ്യൂമറിക് ആഖ്യാനമാണല്ലോ. എന്താണ് പുതിയ സിനിമ-ചിയേഴ്‌സിനെ കുറിച്ചുള്ള പ്രതികരണം?
കാലാകാലങ്ങളായിട്ട് അധികാരം നിയന്ത്രിക്കുന്നതില്‍ വലിയ പങ്ക് കോര്‍പ്പറേറ്റുകള്‍ക്കുണ്ട്. ഇന്ത്യയുടെ ചരിത്രം തന്നെ എടുത്തു നോക്കുമ്പോള്‍ ഈസ്റ്റിന്ത്യാ കമ്പനി ഒരു കച്ചവട സ്ഥാപനമായിരുന്നു. അവര്‍ ഇന്ത്യയില്‍ കച്ചവടം തുടങ്ങാന്‍ വന്നു. അതില്‍ നിന്ന് ലാഭമുണ്ടാക്കി. പിന്നീട് ഭരണം ഏറ്റെടുക്കുകയും ചെയ്തു. കോര്‍പ്പറേറ്റുകള്‍ ഏതുകാലത്തും ഇവിടെ ഉണ്ടായിരുന്നു. ഭാവിയിലും ഉണ്ടാവും. ഏതെങ്കിലും സമയത്ത് നമുക്ക് അവരോട് ചിയേഴ്‌സ് പറയേണ്ടിവരും എന്നുള്ള അവസ്ഥ ഉണ്ട്. അതൊരു നിവര്‍ത്തികേടാണ്. സാധാരണ പൗരന്‍ എന്ന നിലക്ക് കോര്‍പ്പറേറ്റിനെതിരെ സമരം വിളിക്കുമ്പോള്‍, ആളെ കൂട്ടുമ്പോള്‍ പ്രചരണത്തിനു വേണ്ടി നമ്മള്‍ കൂട്ടുപിടിക്കുന്ന ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോലെ മീഡിയകളും കോര്‍പ്പറേറ്റ് തന്നെയാണ്. ഇതിന്റെ ഒപ്പം നിന്നിട്ട് വേണം മറ്റു കോര്‍പ്പറേറ്റിനെ ചീത്തവിളിക്കാന്‍. അറിഞ്ഞും അറിയാതെയും നമ്മളൊക്കെ ഇതിനോട് ചിയേഴ്‌സ് പറയുന്നുണ്ട്.
'പ്ലാനിങ്', 'വരൂ' ,'രണ്ട്' എന്നീ സിനിമകള്‍ ജീവിതത്തിലെ നിസ്സാരമെന്ന് തോന്നുന്ന ചില അവസ്ഥകളെ പ്രമേയവല്‍ക്കരിച്ചുകൊണ്ട് മനുഷ്യജീവിതത്തിന്റെ പെട്ടുപോകലിനെ ആവിഷ്‌കരിക്കുന്നു. അതുപോലെ നമ്മള്‍ ചിന്തിക്കുന്നതിനപ്പുറത്തേക്കാണ് ഓരോ പ്ലാനിങ്ങും എന്ന മനുഷ്യ പ്രതിസന്ധികളെ ആവിഷ്‌കരിക്കുന്നു. ഇതിലൂടെ എന്താണ് സുദേവന്റെ ജീവിത ദര്‍ശനം?
പ്ലാനിങ് എന്ന സിനിമക്ക് ഒരുപാട് ലയേഴ്‌സ് ഉണ്ട്. അതില്‍ ഒരേ സമയം സമീപകാലത്തെ സംഭവങ്ങളും അതിനപ്പുറത്തേക്ക് എല്ലാകാലത്തുമുള്ള കാഴ്ചപ്പാടും ഒരേപോലെ വിന്യസിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലേക്ക് വരുമ്പോള്‍ ഇടത്തരക്കാരായ ആളുകളുടെ സാമ്പത്തിക പ്രതിസന്ധികള്‍, കടക്കെണികള്‍, കൂട്ടമായി ആത്മഹത്യ ചെയ്യുന്ന അവസ്ഥകള്‍ എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ സമീപകാലത്തെ പത്രങ്ങളിലൊക്കെ കാണുന്നുണ്ട്. ഇങ്ങനെയുള്ള ലയേഴ്‌സ് പ്ലാനിങ്ങില്‍ പറയാതെ പറയുന്നുണ്ട്. അതുപോലെ കള്ളന്മാര്‍ മോഷ്ടിക്കാന്‍ വരുന്ന വീടിന്റെ അവസ്ഥ. കാഴ്ചയില്‍ നമ്മളെയും വീടിനെയും ഒക്കെ സമൂഹത്തിന്റെ മുമ്പില്‍ വേറൊരു രീതിയില്‍ പ്രദര്‍ശിപ്പിക്കുകയും എന്നാല്‍, അടിത്തട്ടില്‍ വേറെ ലെയര്‍ ഒളിപ്പിച്ചിരിക്കുകയും ചെയ്യുന്നു. പ്ലാനിങ്ങില്‍ പുറമേ നിന്ന് നോക്കുന്നവരാണ് യഥാര്‍ഥ കള്ളന്‍മാര്‍. പ്രദര്‍ശിപ്പിക്കുന്ന ആളും യഥാര്‍ഥ നമ്മളും തമ്മിലുള്ള വൈരുധ്യം സിനിമ പറയുന്നുണ്ട്. ഈ തരത്തില്‍ ഉള്ളില്‍ കയറി നോക്കുമ്പോഴാണ് അയാള്‍ പൊളിഞ്ഞിരിക്കുന്നവനാണെന്ന് കത്തിലൂടെ മനസ്സിലാവുന്നത്. ഒരു ദ്വന്തം എന്ന രീതിയില്‍ ഒരേ സമയം നമ്മള്‍ ആരെയും അറിയിക്കാതെ കൊണ്ടുപോവുന്ന ജീവിതവും അത് പോലെ മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന നമ്മളും തമ്മിലുള്ള വൈരുധ്യം ഇവിടെ കാണാം. പ്ലാനിംഗ് എന്ന സിനിമ പറയാന്‍ ശ്രമിക്കുന്നത് ആകസ്മികതയെ കുറിച്ചാണ്. അടുത്ത സെക്കന്റില്‍ നമുക്ക് എന്ത് സംഭവിക്കുമെന്ന് കൃത്യമായി പറയാന്‍ പറ്റില്ല. മനുഷ്യന്റെ കാര്യത്തില്‍ നിശ്ചിതമായി നിശ്ചയിച്ച കളങ്ങിലൂടെയോ, നിശ്ചയിച്ച രീതികളിലൂടെയോ, നിശ്ചയിച്ച മിഷനറികളിലൂടെയോ അല്ല ഓരോ മനുഷ്യനും കടന്നുപോയി കൊണ്ടിരിക്കുന്നത്. അതാണ് ജീവിതത്തിന്റെ ത്രില്ല്. നമുക്ക് ആകെ ചെയ്യാനുള്ളത് വര്‍ത്തമാനകാല പ്രശ്‌നങ്ങളെ പരിഹരിച്ച് കൊണ്ട് മുന്നോട്ട് പോവുക എന്നുള്ളതാണ്. അപ്പോഴേ മുന്നോട്ട് പോക്ക് സാധ്യമാവൂ. ഇല്ലെങ്കില്‍ നമ്മള്‍ പ്രശ്‌നങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോകും. പ്ലാനിങ് കുടുങ്ങി പോയ മനുഷ്യരുടെ കഥയാണ്.
അകത്തോ പുറത്തോ എന്ന സിനിമയിലെ 'വൃദ്ധന്‍' എന്ന എപ്പിസോസില്‍ മരിക്കുന്ന ആളെ കാണിക്കാതെ മരണത്തിന്റെ ഏകാന്തത എത്ര ഭീകരമാണെന്ന് കാണിക്കുന്നുണ്ട്. എത്രമാത്രം ഒറ്റക്കാണ് ഒരു മനുഷ്യന്‍ ജീവിക്കുന്നത് എന്ന് പറഞ്ഞു വെക്കുന്ന ഈ സിനിമയ്ക്ക് ഒരു ഫിലോസഫിക്കല്‍ മാനം കൈവരുന്നുണ്ട്. ഈ സിനിമകളെക്കുറിച്ച്?
അകത്തോ പുറത്തോ എന്ന സിനിമ ഓരോരുത്തരെയും അവനവനോട് താന്‍ അകത്താണോ, പുറത്താണോ എന്ന് ചോദിക്കാന്‍ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തില്‍ എടുത്ത സിനിമയാണ്. ഈ സിനിമക്കുശേഷം ഞാന്‍ എവിടെ നിന്നാണ് കാര്യങ്ങള്‍ മനസ്സിലാക്കുന്നത്, അറിയുന്നത് എന്ന് സ്വയം അറിയാന്‍ സഹായിക്കുന്നു. നിങ്ങള്‍ അകത്ത് നിന്ന് കൊണ്ടാണോ അതോ പുറത്ത് നിന്ന് കൊണ്ടാണോ കാര്യങ്ങളെ നോക്കി കാണുന്നത് എന്ന ഒരു ചോദ്യം പ്രേക്ഷകരോട് സിനിമ ചോദിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ കുരുങ്ങിക്കിടക്കുകയാണെങ്കില്‍ നിങ്ങള്‍ നിരാശരായ മനുഷ്യരായിരിക്കും എന്ന് സിനിമ പറയാതെ പറയുന്നുണ്ട്. നമ്മള്‍ നമ്മുടെ ഉള്ളില്‍ കുരുങ്ങിക്കിടക്കുമ്പോള്‍ ഞാന്‍ എന്ന സ്വാര്‍ത്ഥത രൂപപ്പെടും. അതിനപ്പുറത്തേക്ക് മുഴുവന്‍ ജീവജാലങ്ങളും, മനുഷ്യര്‍ ഉള്‍പ്പെടെ എല്ലാത്തിനെയും പരിഗണിക്കുന്നതിലൂടെ അകം എത്രത്തോളം വിശാലമാണ് എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാവുന്നു. നമ്മുടെ കാഴ്ചപ്പാടുകള്‍, മറ്റു മനുഷ്യരോടുള്ള പെരുമാറ്റം എന്നിവയില്‍ ഒക്കെ വ്യതിയാനം വരാന്‍ കാരണമാകുന്നു. ഇതാണ് 'അകത്തോ പുറത്തോ' എന്ന സിനിമ പറഞ്ഞ് വെക്കുന്നത്.
കാഴ്ചയുടെ സൂക്ഷ്മതയില്‍ വിശ്വസിക്കുന്ന ഒരു കലാകാരന്‍ എന്ന നിലക്ക് ലോകത്തിന്റെ കാഴ്ചയെ ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
ലോകത്തിന്റെ കാഴ്ചകള്‍ എന്ന് പറഞ്ഞാല്‍ വളരെ ആഴത്തില്‍ ചിന്തിക്കാത്ത ആളുകള്‍ക്ക് വലിയ മാറ്റങ്ങള്‍ അനുഭവപ്പെടുന്നുണ്ടാകും. എന്നാല്‍, വളരെ സൂക്ഷ്മമായി ചിന്തിക്കുമ്പോള്‍ കാര്യങ്ങള്‍ക്കെല്ലാം 'ആദ്യകാലങ്ങളില്‍ നിന്ന് വളരെ വലിയ വ്യത്യാസങ്ങള്‍ ഇല്ല. സൗകര്യങ്ങളുടെ കാര്യങ്ങളില്‍ അടിസ്ഥാനപരമായി മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഇന്റര്‍നെറ്റ്, വാട്‌സ്ആപ്പ് പോലെ ഉപരിപ്ലവുമായി മാറ്റങ്ങളുണ്ട്. അത് ജീവിതത്തില്‍ നിഴലിക്കുന്നുണ്ട്. വേഗത കൂടിയിട്ടുണ്ട്. എന്നാല്‍, അടിസ്ഥാനപരമായി ജീവിക്കുക എന്ന പ്രക്രിയ ആദ്യകാലം മുതല്‍ ഈ കാലം വരെ വ്യത്യാസം ഒന്നും വന്നിട്ടില്ല. അന്നും പട്ടിണി കിടക്കുന്നവരുണ്ട്. ഇന്നും പട്ടിണി കിടക്കുന്നവരുണ്ട്. അതിന്റെ രീതികളില്‍ വ്യത്യാസമുണ്ട് എന്ന് മാത്രമേയുള്ളൂ. അടുത്ത 50 കൊല്ലം കഴിഞ്ഞാല്‍ കാര്യങ്ങളൊക്കെ മാറ്റം വരും. അപ്പോഴും അടിസ്ഥാനപരമായി വലിയ മാറ്റമില്ലാതെ തുടരാന്‍ ആണ് സാധ്യത. മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെ അംഗീകരിക്കുകയും എല്ലാവര്‍ക്കും ജീവിക്കേണ്ടതാണ് എന്നുള്ള ബോധം ഉണ്ടാവുകയും വേണം.
താങ്കള്‍ ഒരു ഫിലിം മേക്കര്‍ എന്നതു പോലെ ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണല്ലോ? ഫോട്ടോഗ്രഫി അനുഭവങ്ങള്‍ പങ്കു വെക്കാമോ?
ഫോട്ടോഗ്രാഫി എന്ന് പറഞ്ഞാല്‍ എനിക്ക് ധ്യാനാവസ്ഥയാണ്. സിനിമ എന്നത് ഒരു ബഹളമാണ്. ചെറിയ ഇറിറ്റേഷന്‍സ്, അതുപോലെ മെന്റലി ഉള്ള കയറ്റിറക്കങ്ങള്‍ ആണ് സിനിമ. സിനിമ പൂര്‍ത്തിയാവുന്നത് വരെ മനസ്സ് ചാഞ്ചാടി കൊണ്ടിരിക്കും. സിനിമയുടെ മേക്കിങ് സമയത്ത് എല്ലാത്തരം ഫീലിംഗ്‌സും ഉണ്ടായിരിക്കും. ഫോട്ടോഗ്രാഫി എന്നാല്‍ എനിക്ക് ധ്യാനാവസ്ഥ ആണ് സമ്മാനിക്കുന്നത്. നമ്മള്‍ പറമ്പിലോ, പാടത്തോ അതോ വളരെ സൂക്ഷ്മമായ ജീവിയേയോ, ചെടിയുടെ അനക്കത്തെയോ, അല്ലെങ്കില്‍ ഒരു പക്ഷി പറന്നു പോകുന്നത്, ഒരു ചെറിയ പ്രാണി പറക്കുന്നത്, വെള്ളം അനങ്ങുന്നത് ഇവയൊക്കെ നോക്കി മണിക്കൂറുകളോളം കാത്തിരിക്കുന്നു. അത് ധ്യാനാവസ്ഥയാണ്. വ്യക്തി എന്ന രീതിയില്‍ അകം വികസിപ്പിക്കുക എന്ന മാനസികമായ ഒതുക്കത്തിലും കൃത്യതയിലും നില്‍ക്കാന്‍ ഫോട്ടോഗ്രാഫി എന്നെ സഹായിച്ചിട്ടുണ്ട്.
വരൂ എന്ന സിനിമയില്‍ നിന്ന് ചിയേഴ്‌സ് എന്ന സിനിമയിലേക്കുള്ള പകര്‍ച്ചയെ കുറിച്ച്?
വരൂ എന്ന ആദ്യ സിനിമയില്‍ നിന്ന് ചിയേഴ്‌സ് എന്ന സിനിമയിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഒരു പാട് വ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ പറ്റും. ടെക്‌നോളജി, ഷോട്ട് കൃത്യത എന്നിവയില്‍ മാറ്റം കാണാം. സിനിമയുടെ ഉള്ളടക്കത്തില്‍ ആദ്യത്തെ സിനിമക്കുള്ള ഷാര്‍പ്‌നെസ്സ് ഓരോ സിനിമയിലും ഉണ്ട്. ആശയപരമായി വലിയ വ്യത്യാസങ്ങളൊന്നും വന്നിട്ടില്ല. പക്ഷേ, സാങ്കേതികമായി ഓരോ കാലഘട്ടത്തിനനുസരിച്ച്, സാമ്പത്തികമനുസരിച്ച് മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
ടെക്‌നോളജി എങ്ങനെയാണ് കലാ ആവിഷ്‌കാരത്തെ സ്വാധീനിക്കുന്നത്?
ടെക്‌നോളജിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും പറ്റില്ല. നമ്മള്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. ഏതൊരു മനുഷ്യനും ആ കാലഘട്ടത്തില്‍ ജീവിച്ചിരിക്കണമെങ്കിലും, പിടിച്ചിരിക്കണമെങ്കിലും അപ്‌ഡേഷന്‍ നടത്തിക്കൊണ്ടേയിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അല്ലെങ്കില്‍ നിങ്ങളെ ആരും അഭിസംബോധന ചെയ്യാതിരിക്കും. സാങ്കേതികത മനുഷ്യനെ കൃത്യമായി വിഭജിക്കുന്നുണ്ട്. ഇന്ത്യയിലാണെങ്കില്‍ ഫോണ്‍, ഫേസ്ബുക്ക് തുടങ്ങിയവ ഇല്ലാത്ത കോടിക്കണക്കിന് ആളുകള്‍ ജീവിച്ചിരിക്കുന്നുണ്ട്. അങ്ങനെയുള്ള ആളുകള്‍ മുഖ്യധാരയില്‍ നിന്ന് പുറത്തു പോവുകയും, ഇതൊന്നും ഉപയോഗിക്കാത്ത സമൂഹം എന്ന നിലക്ക് സമൂഹത്തെ വിഭജിക്കുകയും ചെയ്യുന്നുണ്ട്. ഇത് എല്ലാ ആര്‍ട്ട് ഫോമുകളെയും ബാധിക്കും.
ടെക്‌നോളജിയുടെ സംഭാവന എന്ന നിലക്ക് സിനിമ ചിലവേറിയ മാധ്യമമാണ്. കച്ചവട സിനിമ ഉണ്ടാക്കുന്ന കാഴ്ചയുടെ വെല്ലുവിളി സമാന്തര സിനിമ എങ്ങനെ മറികടക്കുന്നു. സുദേവന്റെ അനുഭവം എന്താണ്?
ഞാന്‍ ആരുമായും മത്സരിക്കുന്നില്ല. സിനിമ എന്നത് എന്റെ എക്‌സ്പ്രഷന്‍ ആണ്. നമുക്ക് പറയാന്‍ ചില കാര്യങ്ങളുണ്ട് എന്നതും അത് ഏത് മീഡിയത്തില്‍ പറയണമെന്നും ആലോചിക്കും. നമ്മുടെ രീതികളും കാഴ്ചകളും സ്വഭാവവും വെച്ച് ചിന്ത പോകുന്നത് കാഴ്ചയിലേക്കാണ് എന്ന് തിരിച്ചറിഞ്ഞു. ചിത്രം വരക്കുന്ന ശീലമുള്ളതുകൊണ്ട് ഏറ്റവും എളുപ്പത്തില്‍ മനസ്സിലാകുന്നത് വിഷ്വല്‍ ലാംഗ്വേജ് ആണ്. അതുകൊണ്ട് മാത്രമാണ് എന്റെ എക്‌സ്പ്രഷന്‍സില്‍ ഞാന്‍ സിനിമ എന്ന മീഡിയം ഉപയോഗിക്കുന്നത്. ഓരോ ആളുകളും ഓരോതരം സിനിമ എടുക്കുന്നു. വാക്കുകള്‍ വെച്ച് അച്ചടിച്ചിറക്കുന്ന പുസ്തകത്തിനും വൈവിധ്യങ്ങള്‍ ഉണ്ട്. വിഷ്യല്‍ മീഡിയയിലും ഈ വൈവിധ്യം ഉണ്ടായിരിക്കും.
തട്ടുംപുറത്തപ്പന്‍ എന്ന താങ്കളുടെ സിനിമയില്‍ ദൈവം ആക്കി മാറ്റപ്പെടുന്ന ഒരു മനുഷ്യനുണ്ട്. ഇതിലൂടെ നമ്മുടെ മതത്തെയും വിശ്വാസത്തെയും അതിരൂക്ഷമായി ചോദ്യം ചെയ്യുന്ന സിനിമ. ഇപ്പോഴും പ്രസക്തമാവുന്ന ഈ സിനിമയെ കുറിച്ച്?
2010 ല്‍ ആണ് തട്ടുംപുറത്തപ്പന്‍ എന്ന സിനിമ എടുക്കുന്നത്. ആ സമയത്ത് കേരളത്തില്‍ ആള്‍ദൈവങ്ങള്‍ അത്ര ശക്തമായിട്ടുള്ള സമയമായിരുന്നില്ല. പിന്നീട് പത്തുവര്‍ഷം ആള്‍ദൈവങ്ങള്‍ വളരെ ശക്തി പ്രാപിച്ചു. മനുഷ്യര്‍ക്ക് എന്തെങ്കിലും വിശ്വാസത്തില്‍ അര്‍പ്പിച്ചിട്ടല്ലാതെ മുന്നോട്ടു പോകാന്‍ പറ്റില്ല. അത് വ്യക്തികളിലോ, മതത്തിലോ, ദൈവത്തിലോ ആവാം. ഇതിന്റെ ഇടയില്‍ ആരാണ് നിങ്ങളുടെ വിശ്വാസത്തെ മുതലെടുക്കുന്നത്, അല്ലെങ്കില്‍ ചൂഷണം ചെയ്യുന്നത് എന്നതിനെക്കുറിച്ച് പറയുന്ന സിനിമയാണ് തട്ടുംപുറത്തപ്പന്‍. ഇത് എങ്ങനെ സമൂഹത്തെ ബാധിക്കുന്നതെന്ന് അന്വേഷണം കൂടിയാണ് ഈ സിനിമ. ഇവിടെ മനുഷ്യരുടെ വിശ്വാസത്തെ തള്ളിപ്പറയുന്നില്ല. വിശ്വാസത്തെ ചൂഷണം ചെയ്യുന്നു എന്നതാണ് പുരോഹിതര്‍ ചെയ്യുന്നത്. ഭരണകൂടം ഇതിനെ പിന്തുണക്കുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം.
ഇരുപത് വര്‍ഷമായിട്ടുള്ള സിനിമാ അനുഭവത്തെക്കുറിച്ച്?
അത്രയും കാലമായി സിനിമയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ജീവിക്കുന്നു. വ്യക്തിപരമായി ഞാന്‍ സന്തോഷിക്കുന്നത് ഈ മീഡിയത്തില്‍ എന്റെ ആവിഷ്‌കാരം സാധ്യമാകുന്നു എന്നതിലാണ്. മാനസികമായി ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിച്ചതും ഈ ഇരുപത് വര്‍ഷത്തിലാണ്.