Quantcast
MediaOne Logo

ഹിബ അന്‍വര്‍

Published: 17 Aug 2023 9:33 AM GMT

'ഇന്‍ഡ്യ' സഖ്യത്തിലെ എത്രപേര്‍ ഹരിയാനയെ കുറിച്ച് സംസാരിച്ചു? - ടീസ്റ്റ സെതല്‍വാദ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന ദാരുണമായ സംഭവങ്ങളില്‍ നിരവധി മനുഷ്യരാണ് ഇരകളാക്കപ്പെടുന്നത്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയും ഇരകള്‍ക്കൊപ്പം നിലകൊള്ളുകയും അനീതിക്കെതിരെ പോരാടുകയും ചെയ്യുന്ന ചുരുക്കം ചിലരുണ്ട്. അത്തരത്തിലൊരാളാണ് ടീസ്റ്റ സെതല്‍വാദ്. പത്രപ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തെത്തിയ ടീസ്റ്റ, അങ്ങേയറ്റം ധീരമായും നിര്‍ഭയത്തോടെയും അര്‍പ്പണബോധത്തോടെയും നിലകൊണ്ടു. 1980 കള്‍ മുതല്‍ പൗരാവകാശ രംഗത്തും പ്രവര്‍ത്തിക്കുന്നു. സുദീര്‍ഘമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥയെ കുറിച്ച് സംസാരിക്കുന്നു. അഭിമുഖം: ടീസ്റ്റ സെതല്‍വാദ്/ഹിബ അന്‍വര്‍

ഇന്‍ഡ്യ സഖ്യം ഹരിയാനയെ കുറിച്ച്
X

1980കള്‍ മുതല്‍ ഇന്ത്യ നിരവധി കലാപങ്ങള്‍ക്കും ബാബരി മസ്ജിദിന്റെ തകര്‍ച്ചയുള്‍പ്പെടെ പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. 1993-ല്‍ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്ന് വിരമിക്കുകയും പിന്നീട് Communalism combat ആരംഭിക്കുകയും ചെയ്തു. കരിയറില്‍ അത്തരമൊരു നിര്‍ണായക തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത് എന്താണ്?

1980-കള്‍ ഇന്ത്യന്‍ ചരിത്രത്തിലും ഇന്ത്യന്‍ ജനാധിപത്യത്തിലും വളരെ നിര്‍ണായകമായ സമയമായിരുന്നു. രാമജന്മഭൂമി തര്‍ക്കവും അതു പോലെ തന്നെ ഷാബാനു കേസുമായി ബന്ധപെട്ട് മുസ്‌ലിം പുരോഹിതരുടെ സംഘട്ടനവും ഞങ്ങള്‍ സാക്ഷ്യം വഹിച്ചതുകൊണ്ടാണ് ഈ തീരുമാനം എടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. 1993 ആഗസ്റ്റിലാണ് ഞങ്ങള്‍ communalism combat ആരംഭിച്ചത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. വര്‍ഗീയതയെന്നാല്‍ വിദ്വേഷരാഷ്ട്രീയം തന്നെയാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. 1947-ല്‍ നമ്മുടെ രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടു. ഇസ്ലാം മതത്തിന്റെ പേരില്‍ ഒരു രാഷ്ട്രം രൂപീകരിക്കപ്പെട്ടു. പക്ഷെ, ഇന്ത്യ വളരെ വ്യക്തമായി തന്നെ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലകൊണ്ടു. അതുകൊണ്ട് തന്നെ ഈ വ്യത്യാസവും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ഈ രാജ്യത്തിന്റെ വിഭജനം നമുക്ക് ചീഞ്ഞഴുകിയ മുറിവുകള്‍ നല്‍കി. ന്യൂനപക്ഷ സമുദായത്തെ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ പരാജയവും അതിന്റേതായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു എന്ന വസ്തുത നമുക്ക് നിഷേധിക്കാനാവില്ല. രാമന്റെയും സീതയുടെയും മറ്റും മുന്നൂറിലേറെ ക്ഷേത്രങ്ങള്‍ നിലവിലുണ്ടായിരിക്കെയാണ് 450 വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണമായിരുന്നു അവരുടെ ലക്ഷ്യം. ഇതേ സംഭവം നാളെ ബനാറസിലെ ഗ്യാന്‍വാപിയിലും മധുരയിലും മറ്റ് 570 ആരാധനാലയങ്ങള്‍ക്കും സംഭവിച്ചേക്കാം.

ഹിന്ദുത്വ വലതുപക്ഷം പറയുന്നതനുസരിച്ച് എല്ലാ പള്ളികളും തകര്‍ക്കപ്പെടും. ഒരു ഹിന്ദു രാഷ്ട്രം പടുത്തുയര്‍ത്തുക എന്നതാണ് അവരുടെ ലക്ഷ്യം. നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാന്‍ എന്ന ഇസ്‌ലാമിക രാഷ്ട്രം സൃഷ്ടിക്കപ്പെട്ടത് നാം കണ്ടു. ഇനി ഒരു രണ്ടാം വിഭജനത്തെയാണ് ഇന്ത്യ ഭയപ്പെടുന്നത്. രാമജന്മഭൂമിയില്‍ ഇത് സംഭവിക്കുമ്പോഴാണ് സുപ്രീം കോടതി മറ്റൊരു നിര്‍ണ്ണായക വിധി പുറപ്പെടുവിക്കുന്നത്. ട്രയല്‍ കോടതി മുതല്‍ സുപ്രീം കോര്‍ട്ട് വരെ സമരം ചെയ്ത ഒരു മുസ്‌ലിം സ്ത്രീക്കു ജീവനാംശത്തിനായി നല്‍കിയത് വെറും 125 രൂപയാണ്. ഷാബാനു കേസിന്റെ വിധിന്യായത്തിന് ശേഷം മുസ്‌ലിം സമുദായത്തില്‍ ഉണ്ടായ മാറ്റവും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നത്തിനുള്ള ഒരുക്കങ്ങളും ഒരേസമയമാണ് നടന്നു കൊണ്ടിരുന്നത്. വിധിയെ സ്വാഗതം ചെയ്യുന്നതിനുപകരം മുസ്ലിം സമുദായത്തിന് പ്രത്യേക നിയമങ്ങള്‍ ഉണ്ടാക്കാന്‍ അവകാശമുണ്ടെന്ന് സമുദായത്തിലെ പുരുഷ മേധാവിത്വമുള്ള മുസ്ലിം നേതൃത്വം പ്രത്യേകിച്ച് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗങ്ങള്‍ പ്രചാരണം ആരംഭിച്ചു. ഇത് ധിക്കാരപരവും അന്യായവുമായിരുന്നു. അന്നത്തെ രാജീവ്ഗാന്ധി സര്‍ക്കാര്‍ ഒരു വശത്ത് ബാബരി മസ്ജിദിന്റെ പൂട്ട് തുറക്കുമ്പോള്‍ മറുവശത്ത് മുസ്‌ലിം സ്ത്രീ സംരക്ഷണ ബില്‍ പാസാക്കി. ഇത് മുസ്‌ലിംകള്‍ക്ക് രാജ്യത്ത് പ്രത്യേക പരിഗണന ആവശ്യമാണെന്ന് സ്ഥിരീകരിച്ചു. ഈ തീവ്ര നിലപാടുകള്‍ ലിബറല്‍ സെക്യുലര്‍ ബഹുവചന മധ്യത്തെ വളരെ സങ്കുചിതമാക്കാന്‍ മാത്രമേ പോകുന്നുള്ളൂവെന്ന് ആ ഘട്ടത്തില്‍ ഞാന്‍ മനസ്സിലാക്കി. അതിന്റെ ഫലമാണ് ഇന്ന് നാം കാണുന്നത്. അതുകൊണ്ടാണ് വിദ്വേഷ രാഷ്ട്രീയവും വര്‍ഗീയതയും യഥാര്‍ഥ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും മതേതരത്വത്തിനും എങ്ങനെ ഭീഷണിയാകുന്നുവെന്നും ഭൂരിപക്ഷ വര്‍ഗീയത എങ്ങനെ വലിയ ഭീഷണിയാകുമെന്നും മനസ്സിലാക്കേണ്ട മുദ്രാവാക്യവുമായി ഞങ്ങള്‍ 'communalism combat' ആരംഭിക്കുന്നത്. പ്രസിദ്ധീകരണശേഷം കഴിഞ്ഞ 20 വര്‍ഷമായി നമ്മള്‍ അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

നമ്മള്‍ ഇപ്പോള്‍ വര്‍ഗീയതയ്ക്കെതിരെ പോരാടുന്ന ഒരു ഇന്ത്യയിലാണ്. പക്ഷേ, ഇന്ത്യ 'വര്‍ഗീയത' മനസ്സിലാക്കാന്‍ തുടങ്ങുന്ന ഘട്ടത്തിലാണ് നിങ്ങള്‍ ഇത് ആരംഭിച്ചത്. എന്തു ഉള്‍ക്കാഴ്ചയാണ് ഈ പേര് communalism combat തെരഞ്ഞെടുക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്?

Communalism മതത്തിന് എതിരല്ല. മൗലാനാ ആസാദും മഹാത്മാഗാന്ധിയും വ്യക്തിപരമായി മതവിശ്വാസികളാണെങ്കിലും രാഷ്ട്രീയത്തില്‍ മതനിരപേക്ഷരാണ്. അതേസമയം ഇസ്‌ലാമിക രാഷ്ട്രം കെട്ടിപ്പടുത്ത മുഹമ്മദലി ജിന്നയും രഥയാത്ര നയിച്ച എല്‍.കെ അദ്വാനിയും തങ്ങളുടെ വ്യക്തിജീവിതത്തില്‍ മതേതരത്വം പുലര്‍ത്തുകയും വര്‍ഗീയ രാഷ്ട്രീയം പ്രയോഗിക്കുകയും ചെയ്തു. മതപരമായ സ്വത്വത്തിന്റെ ദുരുപയോഗം വിശദീകരിക്കുന്ന പ്രതിഭാസമാണ് വര്‍ഗീയത. അതാണ് ഇന്ന് നാം കാണുന്നത്. മൂന്ന് മുസ്‌ലിം യാത്രക്കാരെ അവരുടെ ഐഡന്റിറ്റിയുടെ പേരില്‍ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ വെടിവെച്ച് വീഴ്ത്തിയ ദാരുണമായ സംഭവം നമ്മുടെ രാജ്യത്തെ എത്രമാത്രം ബാധിച്ചുവെന്ന് നമ്മള്‍ കണ്ടറിഞ്ഞതാണ്. പൊലീസ് സേനയില്‍ വര്‍ഗീയത ഞങ്ങള്‍ കണ്ടിട്ടുണ്ട്, അവിടെയാണ് ആദ്യത്തെ വര്‍ഗീയ പോരാട്ടം നടന്നത്. അതുകൊണ്ട് ഞങ്ങള്‍ ആ പേര് തെരഞ്ഞെടുത്തു. നമ്മുടെ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി വര്‍ഗീയതയാണെന്ന് നാം മനസിലാക്കി. Communalism combat ആരംഭിച്ച് 38 വര്‍ഷത്തിനു ശേഷവും, ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ തുടര്‍ച്ചയക്ക് ഏറ്റവും വലിയ ഭീഷണിയായി ഇന്നും വര്‍ഗീയത തുടരുന്നു.

നിക്ഷേപ കേന്ദ്രീകൃത മാധ്യമങ്ങളെ എങ്ങനെയാണ് ജനാധിപത്യത്തിന്റെ 'നാലാമത്തെ' തൂണായി വിശേഷിപ്പിക്കാവുന്നത്? അത് നുണയല്ലേ? അതേസമയം, മാധ്യമങ്ങള്‍ വലതുവത്കരിക്കപ്പെടുന്നതിന് മുമ്പായി ആണ് നിങ്ങള്‍ സബ്രംഗ് ഇന്ത്യ, സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്, communalism combat എന്നിവക്കെല്ലാം തുടക്കമിട്ടത്?

ഇന്ത്യയിലായാലും തുര്‍ക്കിയിലായാലും ഇറാനിലായാലും അമേരിക്കയിലായാലും ഇന്ന് നമ്മള്‍ കാണുന്നത് ഫോര്‍ത്ത് എസ്റ്റേറ്റിന്റെ വികൃത രൂപങ്ങളാണ്. മാധ്യമങ്ങള്‍ വിവരങ്ങള്‍ നല്‍കുന്നതിന് മുന്‍കൈയെടുക്കണം. അവന്‍ നജനാധിപത്യ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളായിരിക്കണം. അല്ലെങ്കില്‍ പത്രപ്രവര്‍ത്തകരോ വായനക്കാരോ ആയിരിക്കണം. മാധ്യമപ്രവര്‍ത്തകനായ ജാവേദ് ആനന്ദും ഞാനും communalism സബ്രംഗ് ഇന്ത്യയും ആരംഭിച്ചത് ഇതേ വികാരത്തോട് കൂടിയാണ്. വയര്‍, ദി സ്‌ക്രോള്‍, സത്യഹിന്ദി ഡോട്ട് കോം എന്നിവയും സമാനമാണ്. സ്വന്തം പണം മുടക്കി വെബ് പോര്‍ട്ടലുകള്‍ ആരംഭിച്ച പത്രപ്രവര്‍ത്തകരുടെ പേര് എനിക്ക് അറിയാം. മറുവശത്ത്, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ നടത്തുന്ന മറ്റ് ചില വാണിജ്യ ചാനലുകള്‍ ഉണ്ട്. കൂടാതെ ദക്ഷിണേന്ത്യയില്‍ കൂടുതലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക മത രാഷ്ട്രീയ സംഘടനകളും നടത്തുന്ന ചാനലുകളും ഉണ്ട്. ഈ മാധ്യമങ്ങള്‍ ജനാധിപത്യപരമല്ല, അവ ഫോര്‍ത്ത് എസ്റ്റേറ്റിന്റെ പ്രതിനിധികളുമല്ല. ഇങ്ങനെയുള്ള ചാനലുകള്‍ കൂടുതലായി കാണപ്പെട്ടത് തമിഴ്നാട്ടിലും കേരളത്തിലുമാണ്. ഹിന്ദിയിലുള്ള സുദര്‍ശന്‍ ടി.വി ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. അതു പോലെ തന്നെ എല്ലാ മതവിഭാഗങ്ങളില്‍ നിന്നും തീവ്ര വലതുപക്ഷ ചാനലുകളും ഇപ്പോള്‍ നമ്മുക്കിടയില്‍ ഉണ്ട്.

ഗുജറാത്ത് കലാപത്തില്‍, സി.ജെ.പി നിയമസഹായം നല്‍കുകയും കൂടാതെ 172 പ്രതികളുടെ ശിക്ഷ ഉറപ്പാക്കുകയും ചെയ്തു. അതില്‍ 124 പേര്‍ക്ക് ജീവപര്യന്തം തടവും ലഭിച്ചു. എന്നാല്‍, അതേസമയം നരോദ പാട്യ കൂട്ടക്കൊലയില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷവും മായ കൊഡ്നാനിയെപ്പോലുള്ള ബി.ജെ.പി എം.എല്‍.എമാര്‍ സ്വതന്ത്രരായി ഇറങ്ങിപ്പോവുകയാണുണ്ടായത്. എന്നാല്‍, ഗുജറാത്തിന് വേണ്ടി നിങ്ങള്‍ തുടര്‍ച്ചയായി പോരാടിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ പോരാട്ടവീര്യം ഒട്ടും ചോര്‍ന്നു പോയിട്ടില്ല?

2002-ല്‍ ഞങ്ങള്‍ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് ആരംഭിച്ചപ്പോള്‍, ഗുജറാത്തിലെ ആള്‍ക്കൂട്ട അക്രമത്തിന് ഇരയായവര്‍ക്ക് നീതിയും ശബ്ദവും പ്രാതിനിധ്യവും നല്‍കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. എസ് 6 സബര്‍മതി കോച്ച് കത്തിച്ച ഗോധ്ര ട്രെയിനിലെ അഞ്ച് കുടുംബംങ്ങളെയും ഞങ്ങള്‍ പ്രതിനിധീകരിച്ചു. സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. ഗുല്‍ബര്‍ഗ, സര്‍ദാര്‍പുര, നരോദ ഗാം എന്നിങ്ങനെയുള്ള സംഭവങ്ങളിലെ ഇരകള്‍ക്ക് ഞങ്ങള്‍ നിയമസഹായം നല്‍കി. ഞങ്ങള്‍ 68-ലധികം കേസുകളില്‍ പോരാടി. അവയില്‍ ചിലത് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. നിയമനടപടികള്‍ നീണ്ടുനില്‍ക്കുന്നതിനാലാണ് ഞങ്ങള്‍ പിന്മാറാത്തതിന്റെ കാരണം. ബലാത്സംഗമോ കൊലപാതകമോ മറ്റേതെങ്കിലും തരത്തിലുള്ള അക്രമണത്തിനോ വിധേയരവുന്നവര്‍ക്ക്, അതിനെയൊക്കെ അതിജീവിക്കുന്നവര്‍ക്ക് നിയമപരമായ പിന്തുണലഭിക്കാതെവരും. അങ്ങിനെയുള്ളവര്‍ക്ക് നിര്‍ഭയമായി മുന്നോട്ടുപോകാന്‍ പ്രയാസകരമായിരിക്കും എന്നതുകൊണ്ടാണ് ഈ ജോലി ഞങ്ങള്‍ ഏറ്റെടുത്തത്. ട്രയല്‍ കോടതികളിലും ഹൈക്കോടതികളിലും സത്യസന്ധരായ ഉയര്‍ന്ന അഭിഭാഷകരെ നല്‍കി ഇരയാക്കപ്പെട്ടവരുടെ കൂടെ നിന്നു. 124 കേസുകള്‍ക്ക് ജീവപര്യന്തം ഞങ്ങള്‍ വാങ്ങിച്ചു കൊടുത്തു. എന്നാല്‍, ഞങ്ങള്‍ ഒരിക്കലും ഞങ്ങളുടെ തത്വത്തെ അടിസ്ഥാനമാക്കി വധശിക്ഷ ആവശ്യപ്പെട്ടിട്ടില്ല. വധശിക്ഷ ആവശ്യപ്പെടുന്നത് ശക്തമായ മനുഷ്യാവകാശ ലംഘനമാണ്. ഇത് മുസ്‌ലിം സമുദായവുമായി നിരവധി സംവാദങ്ങള്‍ക്ക് കാരണമായി. പ്രതികാര നീതിയല്ല, നവീകരണ നീതി ലഭിക്കാനാണ് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായത്. 'കണ്ണിനു കണ്ണ്' എന്ന തത്വത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. സ്ത്രീകളാണ് ആദ്യം സമ്മതം നല്‍കിയതെങ്കിലും പുരുഷന്മാര്‍ വധശിക്ഷയുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിച്ചപ്പോള്‍ അവരുമായി കൂടിയാലോചിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത ശേഷം സമ്മതിക്കുകയായിരുന്നു.


പ്രത്യേക സെഷന്‍സ് കോടതികളിലെ പല കേസുകളിലും ഇരകള്‍ വധശിക്ഷക്കെതിരെ വാദിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഞങ്ങള്‍ക്ക് നീതി വേണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണം. അതേസമയം ക്രൂരമായ കുറ്റകൃത്യം ചെയ്‌തേക്കാവുന്ന വ്യക്തികള്‍ക്ക് നവീകരിക്കാന്‍ അവസരം നല്‍കുകയും വേണം. പക്ഷെ, മായ കോഡ്നാനിയെ പോലുള്ള ശക്തരായ ആളുകളുടെ കാര്യത്തില്‍ ഉത്തരം നല്‍കേണ്ടത് കോടതിയാണ്. നമുക്ക് ചെയ്യാന്‍ കഴിയുന്നത് ഇരകള്‍ക്ക് നല്ല നിയമസഹായം നല്‍കുക എന്നത് മാത്രമാണ്. എന്നാല്‍, ഇത് വളരെ വേദനാജനകമായ ഒരു പ്രക്രിയയാണെന്ന് നമുക്കറിയാം. കമ്മ്യൂണിറ്റികളും മനുഷ്യാവകാശ സംഘടനകളും മുന്നോട്ട് വരാന്‍ തയ്യാറായില്ലെങ്കില്‍, സാധാരണക്കാര്‍ക്ക് മുന്നോട്ട് വരാനും നിയമപരമായ പിന്തുണ നേടാനും വളരെ ബുദ്ധിമുട്ടായിരിക്കും. ജനാധിപത്യത്തെയും ബഹുസ്വരതയെയും നാം വീണ്ടും പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിരവധി യുവാക്കള്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുന്നു. എന്നെ പോലും അന്യായമായി ജയിലിലടച്ചു. എന്നാല്‍, യുദ്ധം തുടരും. വീണ്ടും ഒരു പൊന്‍കിരണം കാണുക തന്നെ ചെയ്യും.

അസാമിലെ എന്‍.ആര്‍.സി വിഷയത്തില്‍ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് ക്രിയാത്മകമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. എത്തരത്തിലായിരുന്നു ആ ഇടപെടല്‍?

സി.എ.എ-എന്‍.ആര്‍.സി വിഷയം 2019 ലാണ് അഖിലേന്ത്യാതലത്തില്‍ വിഷയമാകുന്നത്. എന്നാല്‍, അതിന് മുന്‍പ് തന്നെ അസമില്‍ അതൊരു പ്രധാനപ്പെട്ട വിഷയമായിരുന്നു. ഈ വിഷയത്തില്‍ 2017 മുതല്‍ തന്നെ സി.ജെ.പി അസമില്‍ സജീവമായിരുന്നു. അസമിലെ സി.എ.എ-എന്‍.ആര്‍.സി പ്രശ്നം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ഇത് യുവാക്കളെ ഇളക്കിമറിച്ച പുതിയ പ്രശ്നമായിരുന്നു. പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ അസമിലും തുല്യമായി രീതിയില്‍ തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഫോറിനന്‍സ് ആക്ട് സ്വാതന്ത്ര്യത്തിനു ശേഷം അധികാരികള്‍ ദുരുപയോഗം ചെയ്തു. ഇത് കൊളോണിയല്‍ നിയമത്തിന്റെ ദുരുപയോഗമാണ്. ഫോറിനന്‍സ് ട്രിബ്യൂണല്‍ ഭരണഘടനാ നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല. അതിനാല്‍ ഞങ്ങള്‍ എല്ലാ സമുദായങ്ങളും ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഗ്രൂപ്പുമായി പ്രവര്‍ത്തിക്കുകയും നിയമപരമായി കൗണ്‍സിലിംഗ് നടത്തി കോടതികളില്‍ ഹാജരാക്കുകയും ചെയ്തു. മറ്റ് സംഘടനകളൊന്നും ചെയ്യാത്ത പ്രവര്‍ത്തനമാണ് ഞങ്ങള്‍ യഥാര്‍ഥത്തില്‍ ഏറ്റെടുത്തത്. അസമില്‍, 2016-ല്‍ എന്‍.ആര്‍.സിയുടെ ആദ്യ പട്ടിക പ്രസിദ്ധീകരിച്ച ശേഷം 1.2 കോടി അസാമികളെ പൗരത്വത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നീട് എണ്ണം 44 ലക്ഷമായും 19 ലക്ഷമായും കുറഞ്ഞു. ഇതില്‍ 19 ലക്ഷവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.

അസം പ്രശ്‌നം മുഴുവനും ഇന്‍സൈഡര്‍ - ഔട്ട്സൈഡര്‍ ചര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ളതാണ്. സുപ്രീം കോടതിയിലുള്ള 2019-ലെ ഭേദഗതി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വന്നുകഴിഞ്ഞാല്‍ വിനാശകരമായ ഫലമുണ്ടാക്കും. കാരണം, അസമിലെ എന്‍.ആര്‍.സി ജനങ്ങള്‍ക്കിടയില്‍ അകല്‍ച്ചയല്ലാതെ മറ്റൊന്നും ഉണ്ടാക്കിയിട്ടില്ല. എന്നിരുന്നാലും അസമിലെ പ്രശ്‌നം വ്യത്യസ്തമാകുന്നത് എന്‍.ആര്‍.സി മാത്രമല്ല, ഡി വോട്ടേഴ്‌സ് ഇഷ്യൂ കൂടിയാണ്. കൊളോണിയല്‍ നിയമമായ 1946 ലെ ഇന്ത്യന്‍ ഫോറിനേഴ്സ് ആക്ട് പ്രകാരും ഒരാളെ വിദേശിയായി പ്രഖ്യാപിക്കുകയും ചെയ്യാവുന്നതാണ്. ഞങ്ങള്‍ സി.ജെ.പി പാരാ ലീഗല്‍ എയ്ഡും നിയമസഹായവും മനഃശാസ്ത്രപരമായ കൗണ്‍സിലിംഗും നല്‍കുന്നുണ്ട്. cjp.org.in എന്ന ഞങ്ങളുടെ വെബ്സൈറ്റില്‍ നിങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, ഞങ്ങള്‍ക്ക് ലഭിച്ച നിയമപരമായ ഇടപെടലുകളെ കുറിച്ചും ഫോറിനന്‍സ് ട്രിബ്യൂണലുകളില്‍ പോലും ഞങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യതയും അറിയുവാന്‍ സാധിക്കുന്നതാണ്. ലീഗല്‍ വര്‍ക്ക്ഷോപ്പുകളിലൂടെ ജില്ലാ തലങ്ങളില്‍ പോലും എല്ലാ അഭിഭാഷകരേയും പൗരത്വം സംരക്ഷിക്കുന്നതിനുള്ള മികച്ച വാദങ്ങളുമായി സജ്ജരാക്കും. ഞങ്ങളുടെ അനുഭവം വളരെ ആഴമേറിയതാണ്. കൂടാതെ 12 ലക്ഷം ആളുകള്‍ക്ക് NRC ഫോമുകള്‍ പൂരിപ്പിക്കാനും 50,000 രേഖകള്‍ NRC അധികാരികള്‍ക്ക് നല്‍കാനും ഞങ്ങള്‍ക്ക് സാധിച്ചു. 1995 മുതല്‍ സാമൂഹിക പഠനത്തിലും ചരിത്രത്തിലും ഞങ്ങള്‍ സ്‌കൂളുകളില്‍ ഭരണഘടനാ മൂല്യങ്ങളുടെ പ്രോഗ്രാമുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് മിഡില്‍ സ്‌കൂള്‍ തലത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഒരു അനുബന്ധ സാമൂഹിക പഠന സിലബസ് എന്ന രീതിയില്‍ ആണ്. ഇന്നത്തെ ഇന്ത്യയില്‍ വളരുന്ന ഒരു പൗരന് ജനാധിപത്യം, ബഹുസ്വരത, സംവാദം, മിതത്വം എന്നിവയെക്കുറിച്ചുള്ള ധാരണ ഈ വിദ്യാഭ്യാസം നല്‍കുന്നു. സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന ഒര്‍ഗനൈസേഷനു കീഴില്‍ മനുഷ്യാവകാശ സംഘടന എന്ന നിലയില്‍ നിരവധി പ്രോഗ്രാമുകള്‍ ഉണ്ട്.

മണിപ്പൂര്‍ കലാപത്തെ എങ്ങനെയാണ് നോക്കികാണുന്നത്?

30-45 വര്‍ഷമായി മണിപ്പൂരിനെ അറിയാവുന്ന, സാമൂഹിക ശാസ്ത്രം പഠിച്ച പത്രപ്രവര്‍ത്തകരുള്‍പ്പെടെ മുഖ്യധാരാ പത്രപ്രവര്‍ത്തകര്‍ മണിപ്പൂരില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇതുവരെ ആഴത്തില്‍ മനസ്സിലാക്കിയിട്ടില്ല. ജൂണ്‍ 25-ന് ടെലിഗ്രാഫില്‍ വാള്‍ട്ടര്‍ ഫെര്‍ണാണ്ടസ് എന്ന സാമൂഹിക ശാസ്ത്രജ്ന്‍ എഴുതിയ ലാന്‍ഡ് ഇന്‍ ട്രബിള്‍ എന്ന ലേഖനത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 249 ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായി. ആക്രമണം നടന്നത് പള്ളികളുടെ മേല്‍ മാത്രമല്ല. നാമെല്ലാവരും മനസ്സിലാക്കേണ്ട അടിസ്ഥാനകാര്യം, ഹിന്ദു മതം പിന്തുടരുന്ന മെയ്‌തെയാണ് അവിടെ ഭൂരിപക്ഷം എന്നതാണ്. 'നാഗകളും കുക്കികളും' ക്രിസ്തുമതം പിന്തുടരുന്നവരുമാണ്. സംഘര്‍ഷം എന്തിന് വേണ്ടിയുള്ളതാണ് എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. മെയ്‌തേയ് ജനസംഖ്യയുടെ 53% സമതലങ്ങളിലാണ് താമസിക്കുന്നത്. അവര്‍ക്ക് പത്ത് ശതമാനം ഭൂമി മാത്രമേയുള്ളൂ. കുക്കികള്‍ക്കും നാഗന്മാര്‍ക്കും 90% ഭൂമിയുണ്ട്. എന്നാല്‍, അതില്‍ 60% ഭൂമിയും വനഭൂമിയാണ്. മാര്‍ച്ച് 23 ന് മണിപ്പൂര്‍ ഹൈക്കോടതി തീര്‍ത്തും ദൗര്‍ഭാഗ്യകരമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. മെയ്‌തേയികള്‍ ഇതിനകം ഒ.ബി.സി ലിസ്റ്റിന്റെ ഭാഗമാണെന്ന വസ്തുത കണക്കിലെടുക്കാതെ മെയ്‌തേയ് വിഭാഗത്തിന് സംവരണ പദവി നല്‍കണം എന്നായിരുന്നു ഉത്തരവ്. ഇതെല്ലാം ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലമാണ്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 371 സി, ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുമ്പ് കശ്മീരിലെന്നപോലെ ഈ ഭൂമിയും സംരക്ഷിക്കപ്പെട്ടതാണ്. മെയ്‌തേയികള്‍ ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് വലിയ ആക്ഷേപമുണ്ട്, പക്ഷേ അത് അങ്ങനെയല്ല. മെയ്‌തേയികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്, അവര്‍ക്ക് ജാതി രാഷ്ട്രീയമില്ല. കുക്കികളും മെയ്‌തേയികളും നാഗകളും സുബാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഐ.എന്‍.എയുടെ ഭാഗമായിരുന്നു എന്നത് വളരെ രസകരമായ ഒരു വസ്തുതയാണ്. നെഹ്റു ഗവണ്‍മെന്റിന്റെ കീഴില്‍ അവരുടെ ഭൂമിയുടെ വലിയൊരു ഭാഗം ബര്‍മയ്ക്ക് നല്‍കിയതില്‍ മെയ്‌തേയകളെ നിരാശപ്പെടുത്തിയ മറ്റൊരു വസ്തുതയാണ്. സംഘര്‍ഷം ഹിന്ദു വിരുദ്ധമോ ക്രിസ്ത്യന്‍ വിരുദ്ധമോ ആയി രൂപപ്പെടുത്തുന്നതിന് മുമ്പ് നാം മനസ്സിലാക്കേണ്ട ഒരു നീണ്ട ചരിത്രമുണ്ട്. മെയ് 4 ന് അക്രമം ആരംഭിച്ചപ്പോള്‍ അത് ഇരട്ട ബാരല്‍ എഞ്ചിന്‍ സര്‍ക്കാര്‍ റദ്ദാക്കിയതിന്റെ ഞെട്ടിക്കുന്ന കഥയാണ്. അക്രമം നിയന്ത്രിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ഒരേപോലെ പങ്കുണ്ട്.


പ്രക്ഷോഭം അടങ്ങാത്തതിന്റെ പല കാരണങ്ങളുണ്ട്. ജനങ്ങളുടെ കയ്യില്‍ വലിയ ആയുധങ്ങളുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയക്കാരെപ്പോലെ മുഴുവന്‍ സമൂഹങ്ങളും മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെട്ടിരിക്കുകയുമാണ്. ഇത്തരത്തിലുള്ള ലേബലില്‍ ആണ് സംഘര്‍ഷം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതും. ജീവന് സംരക്ഷണം നല്‍കുന്നതിലും ഹൈക്കോടതിയുടെ അന്യായമായ ഉത്തരവിനെ പ്രതിരോധിക്കുന്നതിലുള്ള സര്‍ക്കാരിന്റെ പരാജയവുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അതിനാല്‍ എല്ലാ ഗോത്രങ്ങളെയും എത്രയും വേഗം വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരുമിപ്പിക്കേണ്ടതുണ്ട്. കൂടാതെ പാം ഓയില്‍ ഉല്‍പാദനത്തിന്റെ പ്രശ്‌നവുമുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി മിസോറാമില്‍ ഇത് ഉണ്ടായിരുന്നു. അമിതമായ ഏകവിള കൃഷി, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം, ഉയര്‍ന്ന ഉല്‍പാദന ചിലവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ട്. മണിപ്പൂരിലെ മലനിരകളിലെ ഖനന പ്രശ്‌നവുമുണ്ട്. എല്ലാ വംശീയ സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ നമുക്ക് കാണാന്‍ കഴിയാത്ത ഒരു സാമ്പത്തിക താല്‍പര്യങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കും. മണിപ്പൂരില്‍ ഏറ്റവും കൂടുതല്‍ അപലപിക്കപ്പെട്ടത് കേന്ദ്ര സര്‍ക്കാരിന്റെ തുടരുന്ന ഇന്റര്‍നെറ്റ് നിരോധനമാണ്. വ്യാജവാര്‍ത്തകള്‍ തടയുന്നതിന്റെ പേരില്‍ സാധാരണക്കാരുടെ ആശയവിനിമയം അവര്‍ തടയുകയാണ്. ഇന്റര്‍നെറ്റ് നിരോധനത്തില്‍ ഇന്ത്യയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. തങ്ങളെ ഒന്നും ബാധിക്കില്ലെന്ന് കേരളം വിശ്വസിക്കുന്നു. പക്ഷേ, ഇത് സംഭവിക്കാന്‍ അനുവദിച്ചാല്‍ ഈ പതിവ് തുടരും. അടുത്തത് നമ്മളാകും. അതിനാല്‍ അസാധാരണമായത് സാധാരണമായിത്തീരും. ഇത് തികച്ചും ഏകാധിപത്യ ഭരണകൂടത്തിന്റെ അടയാളങ്ങളാണ്.

അടുത്തിടെ ഹരിയാനയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ വളരെ വേദനാജനകമാണ്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ദേശീയ തലത്തിലേത്തേക്ക് വ്യാപിക്കുന്നു. മണിപ്പൂര്‍ കലാപത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ മറ്റൊരു തന്ത്രമാണോ ഇത്? ദക്ഷിണേന്ത്യയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കലാപങ്ങള്‍ ഇനിയും പ്രതീക്ഷിക്കേണ്ടതുണ്ടോ? ഹരിയാനയിലെ സംഭവങ്ങളെ എങ്ങിനെയാണ് കാണുന്നത്. 2024ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള മോദിയുടെ അടുത്ത തുറുപ്പുചീട്ടാകുമോ ഇത്?

കഴിഞ്ഞ മൂന്ന് മാസമായി മണിപ്പൂരില്‍ സംഘര്‍ഷം അരങ്ങേറുന്നതും, റെയില്‍വേ സംഭവത്തില്‍ മൂന്ന് മുസ്‌ലിം പുരുഷന്മാരെ പൊലീസ് ഓഫീസര്‍ കൊലപ്പെടുത്തിയതും നമ്മള്‍ കണ്ടതാണ്. വോട്ട് ശേഖരിക്കാന്‍ വേണ്ടി മാത്രം വിദ്വേഷം പടര്‍ത്തുകയാണിവരിപ്പോള്‍. അതുകൊണ്ട് കൂടുതല്‍ അക്രമങ്ങള്‍ നമ്മള്‍ കാണേണ്ടിവരരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ വെല്ലുവിളിയാവുകയാണിത്. മുന്‍ സര്‍ക്കാരുകള്‍ക്കും മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉണ്ടായിരുന്നതായി ഞാന്‍ കരുതുന്നില്ല. 1999-ല്‍ ഇന്ത്യ ഭരിച്ചിരുന്നത് ബി.ജെ.പി ആയിരുന്നില്ല, എന്നിട്ടും മുറാദാബാദ് സംഭവിച്ചു. ഹരിഷിന്‍പുര സംഭവിച്ചു. ബോംബെ 92-93 സംഭവിച്ചു. വിദ്വേഷവും അക്രമവും നടത്തുന്നവരെ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കുകയാണ്. പൊലീസ് അധികാരികളും ക്രമസമാധാന സംവിധാനങ്ങളും വര്‍ഗീയ കലാപങ്ങള്‍ പലപ്പോഴും നോക്കിനില്‍ക്കുന്നു എന്നത് നമ്മള്‍ പോലും തിരിച്ചറിയുന്നില്ല. 1995 ഫെബ്രുവരിയില്‍ ഞാന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ നാരായണ്‍ റായ് വിഭൂതിയെ അഭിമുഖം നടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, സ്റ്റേറ്റ് ആഗ്രഹിക്കുന്നില്ലെങ്കില്‍ രാജ്യത്ത് ഒരു കലാപവും 24 മണിക്കൂറിലധികം തുടരാനാവില്ലെന്ന്.

സാമുദായിക സൗഹാര്‍ദം വളര്‍ത്തിയെടുക്കാന്‍ മതേതര മൂല്യങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനായി ന്യൂനപക്ഷ സമുദായത്തിന്റെ മതപരമായ ഘോഷയാത്രകളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കില്ലെന്ന് ഉറപ്പാക്കണം. ഭൂരിപക്ഷ വര്‍ഗീയതയെ ഭരണകൂടം ശക്തമായ കൈകൊണ്ട് നേരിടുന്നുവെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്. ന്യൂനപക്ഷങ്ങള്‍ മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും ബോധം ആഴത്തില്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ രണ്ട് ഡസനിലധികം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് 'ഇന്‍ഡ്യ' എന്ന പേരില്‍സഖ്യം രൂപീകരിച്ചിരിക്കുന്നു. ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തിരിക്കുന്നു. ഇത് യാഥാര്‍ഥ്യമാക്കാന്‍ അവര്‍ക്ക് സാധിക്കുമോ? നിങ്ങളുടെ കാഴ്ചപ്പാടില്‍ ഈ സഖ്യത്തിന്റെയും രാജ്യത്തിന്റെയും ഭാവി എന്തായിരിക്കും?

രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍.എസ്.എസ്) കീഴിലുള്ള ബി.ജെ.പി പോലുള്ള ഒരു പാര്‍ട്ടി ഹിന്ദു മതാധിപത്യ രാഷ്ട്രത്തില്‍ അന്തര്‍ലീനമായി വിശ്വസിക്കുന്നത് രാജ്യത്തിന് അപകടമാണെന്ന് 2014 മുതല്‍ ഞാന്‍ പരസ്യമായി പറഞ്ഞുകൊണ്ടിരുന്നു. അതിനാല്‍ ഗ്രാമപഞ്ചായത്ത്, ജില്ലാ പരിഷത്ത് മുതല്‍ പാര്‍ലമെന്റ് വരെ അവരെ തോല്‍പ്പിക്കണം. ഞാന്‍ അത് മുന്‍പും പറഞ്ഞിട്ടുണ്ട്, ഇപ്പോള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. പക്ഷെ, അത് പോരാ. ഭരണഘടനാ മൂല്യങ്ങള്‍ക്കും മതേതരത്വത്തിനും വേണ്ടി നിലകൊള്ളാന്‍ പോകുന്ന ഒരു സഖ്യമാണ് ഇതെന്ന് സാധാരണക്കാരെ വിശ്വസിപ്പിക്കാനാവണം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും പിന്തുണ വര്‍ധിപ്പിക്കണമെങ്കില്‍, ബഹുസ്വരത, ജനാധിപത്യം, സാഹോദര്യം, സാമൂഹ്യനീതി, അനീതിക്കെതിരെയുള്ള പോരാട്ടം, സര്‍ക്കാര്‍ തട്ടിയെടുത്ത തൊഴിലുകള്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങളില്‍ വിശ്വാസം ഉണ്ടാക്കണം. മനുഷ്യാവകാശങ്ങള്‍ക്കും സാമൂഹ്യനീതിക്കും വേണ്ടി അവര്‍ നിലകൊള്ളണം. വിദ്വേഷ രാഷ്ട്രീയത്തിനെതിരെ അവര്‍ എഴുന്നേറ്റ് നിന്ന് ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഹരിയാനയിലും മണിപ്പൂരിലും നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എത്രപേര്‍ സംസാരിച്ചു. ആര്‍.എസ്.എസ് പിന്തുണയുള്ള ബി.ജെ.പിയെ പരാജയപ്പെടുത്താവുന്ന മനുഷ്യാവകാശ അജണ്ട ഉണ്ടായിരിക്കണമെന്ന് ഞാന്‍ കരുതുന്നു. അത് ഒരു വലിയ വെല്ലുവിളിയാണ്. അടിയന്തരാവസ്ഥ പിന്‍വലിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ എനിക്ക് 16 വയസ്സായിരുന്നു, അന്ന് അച്ഛന്‍ എന്നോട് പറഞ്ഞത് കോണ്‍ഗ്രസ് പാര്‍ട്ടി തോല്‍ക്കുമെന്ന് ഉറപ്പ് വരുത്താനാണ്. അതാണ് ഞാന്‍ വന്ന ചരിത്രം. ഏത് പാര്‍ട്ടിയും സ്വേച്ഛാധിപത്യം ആയാല്‍ അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തണം. ഇന്ന് ആ പ്രകടനമാണ് ബി.ജെ.പിയില്‍ ഉള്ളത്. അതിനാല്‍ നമ്മള്‍ അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഏത് രാഷ്ട്രീയ പാര്‍ട്ടിയും സ്വേച്ഛാധിപത്യത്തിലേക്ക് മാറാം. അതാണ് തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയുള്ള ജനാധിപത്യത്തിന്റെ അപകടം. പൗരന്മാര്‍ സ്വയം വിദ്യാഭ്യാസം നേടേണ്ടതുണ്ട്. സ്വയം സംഘടിച്ച് പ്രക്ഷോഭം നടത്തുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ടതുണ്ട്. ബാബാ അംബേദ്കറും സാവിത്രി ഭായ് ഫൂലെയും പറഞ്ഞതും അതു തന്നെയാണ്. ഈ രാജ്യത്തിന് സജീവമായ ശക്തരായ പൗരന്മാരെ ആവശ്യമാണ്. ഇന്ന് എന്നെ ശരിക്കും അസ്വസ്ഥയാക്കുന്നത് നമ്മുടെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും മൗനമാണ്.

TAGS :