തൊഴിലാളികള്‍ സഹനത്തിന്റെ പാതയില്‍ നിന്നും അവകാശത്തിന്റെ പാതയിലേക്ക് വരട്ടെ
മിഠായിതെരുവില്‍ ഒരു ചാക്കിന്റെ ഒരറ്റം സ്ത്രീയും മറ്റേ അറ്റം പുരുഷനുമായിരിക്കും പിടിക്കുന്നത്. ആ സ്ത്രീയും പുരുഷനും ഒരേ സമയം ഒരേ ജോലി എടുക്കുന്നു. സ്ത്രീകള്‍ ഒമ്പതരയ്ക്ക് വരുമ്പോള്‍ പുരുഷന്മാര്‍ പത്തരയ്ക്ക് വരുന്നു. രാത്രി ഏഴരയ്ക്ക് സ്ത്രീകള്‍ പോകുമ്പോള്‍ പുരുഷന്മാര്‍ എട്ടരയ്ക്ക് പോകുന്നു. ഒരേസമയം ഒരേ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് തുല്യവേതനമല്ല ലഭിക്കുന്നത്. | അഭിമുഖം: വിജി പെണ്‍കൂട്ട് / ഹഫീസ പി.കെ
അസംഘടിത തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പടനയിച്ച പോരാളിയാണ് വിജി പെണ്‍കൂട്ട്. മുഖ്യാധാര തൊഴിലാളി യൂണിയനുകള്‍ അവഗണിച്ച സ്തീ തൊഴിലാളികളുടെ പ്രശ്‌നങ്ങളെയായിരുന്നു വിജി പൊതു സമക്ഷം അവതരിപ്പിച്ചത്. പെണ്‍കൂട്ട് എന്ന കൂട്ടായ്മക്ക് നേതൃത്വം കൊടുത്ത് നടത്തിയ അവകാശ സമരങ്ങളിലൂടെ ലോകം അറിയുന്ന തൊഴിലാളി നേതാവു കൂടിയായിമാറി അവര്‍. മെയ് ഒന്ന് - ലോക തൊഴിലാളി ദിനത്തില്‍, ഇനിയും നിലക്കാത്ത അവകാശ പോരാട്ടങ്ങളെ കുറിച്ച് സംസാരിക്കുന്നു.
പെണ്‍കൂട്ട് എന്ന സംഘടനയിലൂടെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന അവകാശലംഘനങ്ങള്‍ പൊതുസമൂഹത്തില്‍ കൊണ്ടുവന്നു. സംതൃപ്തയാണോ ഈ മെയ്ദിനത്തില്‍?
ഞാന്‍ സംതൃപ്തയാണ്. പെണ്‍കൂട്ട് അധ്വാനിക്കുന്ന സ്ത്രീകളുടെ ഒരു കൂട്ടായ്മയാണ്. അതോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിന് ഞങ്ങള്‍ പെണ്‍കൂട്ടിന്റെ കൂടെ തന്നെ അസംഘടിത മേഖല തൊഴിലാളി യൂണിയനും രൂപീകരിച്ചിട്ടുണ്ട്. 2013 മുതല്‍ ഇതിനു പിന്നാലെ ഞങ്ങള്‍ നടക്കുന്നുണ്ട്. 2016 ലാണ് അസംഘടിത മേഖല തൊഴിലാളി യൂണിയന് രജിസ്‌ട്രേഷന്‍ കിട്ടുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മേയ് ഒന്ന് തൊഴിലാളി ദിനത്തിലും മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിത ദിനത്തിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ മേഖലയില്‍ സ്ത്രീകള്‍ക്കുള്ള മൂത്രപ്പുര സംവിധാനങ്ങളും ജോലിസ്ഥലത്ത് ഇരിക്കാനുള്ള സ്വാതന്ത്ര്യവും നേടിയെടുത്തത്. സ്ത്രീ തൊഴിലാളികളെ മനുഷ്യരായി കാണാനും അവരെ തൊഴിലാളികളായി അംഗീകരിക്കാനും ഉള്ള അന്തരീക്ഷം സൃഷ്ടിക്കല്‍ കൂടിയാണ് സംഘടനയുടെ ലക്ഷ്യം.
ഇനിയും നേടിയെടുക്കേണ്ട അവകാശങ്ങള്‍?
പലപ്പോഴും തൊഴിലാളികള്‍ക്ക് ലഭിച്ച അവകാശങ്ങള്‍ പുസ്തകത്തില്‍ മാത്രമായി ഒതുങ്ങി പോകാറുണ്ട്. എത്ര സ്ത്രീ തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭിക്കുന്നുണ്ട്. എട്ടു മണിക്കൂര്‍ ജോലി ചെയ്യുന്നതിനു പുറമേ അധികസമയം ജോലി ചെയ്യുകയാണെങ്കില്‍ അധിക വേതനം നല്‍കേണ്ടതുണ്ട്. എന്നാല്‍, അത് പ്രാവര്‍ത്തികമാകാറില്ല. രോഗത്തോട് അനുബന്ധിച്ച് അവധി എടുക്കുമ്പോള്‍ ആ ദിവസത്തെ കൂലിയും നല്‍കപ്പെടേണ്ടതാണ്. എന്നാല്‍, എത്രപേര്‍ക്ക് അത് കിട്ടുന്നുണ്ട്. ഇത്തരത്തിലുള്ള പല അവകാശങ്ങളിലും സ്ത്രീ തൊഴിലാളികള്‍ക്ക് എത്രമാത്രം പങ്കാളിത്തം ഉറപ്പിക്കാന്‍ സാധിക്കുന്നുണ്ട്. ഇരിപ്പിട സമരത്തിലൂടെ തൊഴില്‍ മേഖലയില്‍ ഇരിക്കാനുള്ള അവകാശം ഞങ്ങള്‍ നേടിയെടുത്തു. ഒരു തൊഴിലാളിക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കലാണ് തൊഴിലുടമയുടെ ഉത്തരവാദിത്തം. എന്നാല്‍, ഇതെല്ലാം നടപ്പാക്കേണ്ടത് ലേബര്‍ ഓഫീസര്‍മാരാണ്. എത്ര ലേബര്‍ ഓഫീസര്‍മാര്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാറുണ്ട്. നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെങ്കില്‍ അത് പരിശോധിക്കുകയും ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.
തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളെ കുറിച്ച്?
എല്ലാ തൊഴില്‍ മേഖലകളിലും ഇന്റേണല്‍ കമ്മിറ്റികള്‍ ഉണ്ടായിരിക്കണം എന്നാണ്. പക്ഷേ, എവിടെയൊക്കെ ഇത് പാലിക്കപ്പെടുന്നുണ്ട്. ഇന്ന് കേരളത്തില്‍ സ്ത്രീ തൊഴിലാളികളും പുരുഷതൊഴിലാളികളും അടങ്ങുന്ന സ്ഥാപനങ്ങളാണ് ഉള്ളത്, പ്രത്യേകിച്ച് ടെക്‌സ്‌റ്റൈല്‍ മേഖലയില്‍. മിക്ക സ്ഥലങ്ങളിലും നിരവധി ചൂഷണങ്ങള്‍ സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. ശരിക്കും പറഞ്ഞാല്‍ സ്ത്രീ എന്ന രീതിയിലുള്ള ചൂഷണവും തൊഴിലാളി എന്ന രീതിയിലുള്ള ചൂഷണവും നടക്കുന്നുണ്ട്. ഇതിന് തടയിടാന്‍ ഇന്റേണല്‍ കമ്മിറ്റികള്‍ എല്ലാ സ്ഥാപനത്തിലും വേണമെന്ന് സര്‍ക്കാര്‍ ഓര്‍ഡര്‍ നിലവില്‍ ഉണ്ട്. പക്ഷേ, എവിടെയെല്ലാം ഇത് പ്രാവര്‍ത്തികമാകുന്നുണ്ട് എന്നുള്ളത് വലിയ ഒരു ചോദ്യം തന്നെയാണ്.
സ്ത്രീയും പുരുഷനും ഒരേ ജോലി ഒരേ സമയം ചെയ്യുമ്പോഴും സ്ത്രീകള്‍ക്ക് തുല്യവേതനം ലഭിക്കാറില്ല. ഇത്തരത്തിലുള്ള വിവേചനങ്ങള്‍ സമൂഹത്തില്‍ എന്തുകൊണ്ടാണ് പിഴുതെറിയപ്പെടാത്തത്?
മിഠായിതെരുവില്‍ ഒരു ചാക്കിന്റെ ഒരറ്റം ഒരു സ്ത്രീയും മറ്റേ അറ്റം ഒരു പുരുഷനുമായിരിക്കും പിടിക്കുന്നത്. ആ സ്ത്രീയും പുരുഷനും ഒരേ സമയം ഒരേ ജോലി എടുക്കുന്നു. സ്ത്രീകള്‍ ഒമ്പതരയ്ക്ക് വരുമ്പോള്‍ പുരുഷന്മാര്‍ പത്തരയ്ക്ക് വരുന്നു. രാത്രി ഏഴരയ്ക്ക് സ്ത്രീകള്‍ പോകുമ്പോള്‍ പുരുഷന്മാര്‍ എട്ടരയ്ക്ക് പോകുന്നു. അതായത് ഒരേസമയം ഒരേ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് തുല്യവേതനമല്ല ലഭിക്കുന്നത്. അത് എന്തുകൊണ്ടെന്നാല്‍ ലിംഗ വിവേചനം തന്നെയാണ്; സ്ത്രീ ആയതുകൊണ്ടുള്ള ലിംഗ വിവേചനം. തുല്യ വേതനം എന്നുള്ള അവകാശം ഞങ്ങള്‍ നേടിയെടുക്കുക തന്നെ ചെയ്യും.
മിഠായിത്തെരുവില്‍ താങ്കള്‍ നടത്തിയ മൂത്രപ്പുര - ഇരിപ്പിട സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ പ്രാവര്‍ത്തികമാകുന്നുണ്ടോ? വന്‍കിട വസ്ത്ര വ്യാപാര കടകളില്‍ ഇന്നും മണിക്കൂറുകളോളം നില്‍ക്കേണ്ട സാഹചര്യങ്ങള്‍ ഇല്ലേ?
സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇപ്പോഴും അത് പുസ്തകത്തില്‍ തന്നെ കിടക്കുകയാണ്. പ്രാവര്‍ത്തികം ആകുന്നില്ല. എന്തിനേറെ പറയുന്നു, ടെക്‌സ്‌റ്റൈല്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള സാഹചര്യം ഇപ്പോഴുമില്ല. ക്ലീനിങ് തൊഴിലാളികള്‍ക്ക് പോലും എട്ടരയ്ക്ക് ജോലിയില്‍ കയറിയാല്‍ വൈകുന്നേരം ആറര വരെ ക്ലീനിങ് ചെയ്തുകൊണ്ട് നില്‍ക്കണം. ക്യാമറ കണ്ണുകളിലൂടെ അവര്‍ ഇരിക്കുന്നുണ്ടോ എന്ന് നോക്കുവാന്‍ പരിശോധനകള്‍ തുടരുമ്പോള്‍ അവിടെ നിഷേധിക്കപ്പെടുന്നത് ഇരിക്കാനുള്ള അവകാശമാണ്. അത് സെയില്‍സ് വുമണ്‍സ് ആയാലും, രാവിലെ ഒമ്പതര മുതല്‍ ഏഴര വരെ ഒരേ നില്‍പ്പു നില്‍ക്കണം. അവര്‍ ഇരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ക്യാമറ കണ്ണുകള്‍ ചുറ്റും ഉണ്ടാവും. ഇതിനുശേഷം വീട്ടില്‍ പോയാലും അടുക്കളയില്‍ ഒരേ നില്‍പ്പ് നില്‍ക്കേണ്ട സാഹചര്യമുണ്ടാകുന്നു. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ഒരുപാട് രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇതുകൊണ്ടൊക്കെയാണ് ഞങ്ങള്‍ ഇരിക്കല്‍ സമരം നടത്തിയത്. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമഭേദഗതി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷേ, തൊഴിലാളികള്‍ക്ക് അതില്‍ പങ്കാളിയാവാന്‍ കഴിയുന്നില്ല എന്ന ഖേദമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ലേബര്‍ ഓഫീസര്‍മാര്‍ വരുമ്പോള്‍ പരാതികള്‍ പറയാത്തവരും, പല ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ഞങ്ങള്‍ നില്‍ക്കുകയാണെങ്കില്‍ നില്‍ക്കട്ടെ എന്ന് വിചാരിക്കുന്നവരുമുണ്ട്. മൂത്രമൊഴിക്കാനുള്ള സാഹചര്യം നല്‍കപ്പെടാത്തതിനാല്‍ വെള്ളം കുടിക്കാതെ ഇരിക്കേണ്ടിവരുന്നു. അവരോട് നിങ്ങള്‍ വെള്ളം കുടിക്കേണ്ട, വെള്ളം കുടിച്ചാല്‍ അല്ലേ മൂത്രമൊഴിക്കാന്‍ ഉണ്ടാവുകയുള്ളൂ എന്ന് പറയുന്നവരുണ്ട്. അതും സ്ത്രീ തൊഴിലാളികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തന്നെയാണ്. ഞങ്ങള്‍ക്ക് ഈ മെയ് ദിനത്തില്‍ തൊഴിലാളികളോട് പറയാനുള്ളത്, നിങ്ങള്‍ സഹനത്തിന്റെ പാതയില്‍ നിന്നും അവകാശത്തിന്റെ പാതയിലേക്ക് വരൂ എന്നാണ്. നമ്മള്‍ കൂട്ടമായി നേടിയെടുത്ത ഇരിക്കാനുള്ള അവകാശവും മൂത്രമൊഴിക്കാനുള്ള അവകാശവും നടപ്പാക്കുക എന്നുള്ളതാണ്. നമ്മള്‍ മനുഷ്യരാണ് ഇന്ന് നിവര്‍ന്ന് നിന്ന് ജോലി ചെയ്യുമ്പോള്‍ നാളെ കിടന്നു പോയാല്‍ ആരും നമുക്കുണ്ടാവില്ല. എത്രയോ തൊഴിലാളികള്‍ വെരിക്കോസില്‍ രോഗത്തിനും യൂട്രസ് സംബന്ധമായ രോഗങ്ങള്‍ക്കും ഇരയാകാറുണ്ട്. യൂട്രസ് എടുക്കേണ്ട സാഹചര്യത്തിലൂടെ കടന്നു പോയവരും, ഇത്തരത്തിലുള്ള ശാരീരികമായ ബുദ്ധിമുട്ടുകളിലൂടെ കിടപ്പിലായ സ്ത്രീ തൊഴിലാളികളും നമുക്കിടയില്‍ തന്നെയുണ്ട്.
തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള നിയമം സര്‍ക്കാര്‍ നല്‍കിയിട്ടും അത് പ്രാവര്‍ത്തികമാക്കാത്തത് മുതലാളിമാരാണ്. അതുകൊണ്ടുതന്നെ ഇത്തരം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ രോഗികളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ അടിവരയിട്ട് പറയുകയാണ്. അതിനെതിരെ സര്‍ക്കാര്‍ പറയുന്നത് ഞങ്ങള്‍ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്, തൊഴിലാളികള്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല എന്നാണ്. തൊഴിലാളികള്‍ എന്തുചെയ്യും, ഒന്നു ഊര ചായ്ക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് അതിനല്ല ശമ്പളം തരുന്നത് എന്നാണ് മുതലാളിമാരുടെ ഭാഷ്യം. അത്തരം കാടത്തവും മനുഷ്യത്വമില്ലാത്തതുമായ നിലപാടാണ് അവരുടേത്. ഈ സ്ത്രീ തൊഴിലാളികള്‍ ഒന്നും മെഷീനുകള്‍ അല്ല, അവര്‍ മജ്ജയും മാംസവും മനസ്സും ഉള്ള മനുഷ്യരാണ്. അവരെ തിരിച്ചറിയാന്‍ ഈ മുതലാളിമാര്‍ക്ക് സാധിക്കുന്നില്ലല്ലോ എന്നുള്ളതാണ് ഞങ്ങളുടെ വിമര്‍ശനം. ഞങ്ങളുടെ പ്രതീക്ഷ ഈ മുതലാളിത്തം അവസാനിക്കുന്നതില്‍ തന്നെയാണ്.
അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ എന്ന സംഘടനയില്‍ നിലവില്‍ എത്ര അംഗങ്ങളുണ്ട്. സംഘടനയില്‍ അംഗത്വം ലഭിക്കാനുള്ള മാനദണ്ഡം എന്താണ്?
ഏതു തൊഴിലാളിക്കും ഞങ്ങളുടെ അടുത്ത് വന്ന് അംഗത്വം എടുക്കാം. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഞങ്ങളുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആണ്. ഞങ്ങളുടെ ഓഫീസില്‍ വന്ന് മെമ്പര്‍ഷിപ്പ് എടുക്കാം. ഒരു കൊല്ലത്തേക്ക് 100 രൂപയാണ് അംഗത്വഫീസ്. നിലവില്‍ വളരെ കുറവ് അംഗങ്ങളാണുള്ളത്. എങ്കിലും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അന്തസ്സോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്നതിലും, ഇത്തരം തൊഴില്‍ നിയമങ്ങളില്‍ അവരെ പങ്കാളിയാക്കുവാനുള്ള പ്രവര്‍ത്തനങ്ങളും യൂണിയന്‍ നടത്തുന്നുണ്ട്.
സ്ത്രീകള്‍ രാത്രി സമയങ്ങളില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ഉള്ള സുരക്ഷ പ്രശ്‌നങ്ങളെ കുറിച്ച്?
പണ്ടൊക്കെ സ്ത്രീകളെ കയറിപ്പിടിക്കാനും ആക്രമിക്കാനും ആയി സംഘങ്ങള്‍ ഇറങ്ങാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഏറെക്കുറെ വ്യത്യാസങ്ങളുണ്ട്. 2013 ല്‍ ഞങ്ങള്‍ സക്വാഡ് വര്‍ക്ക് നടത്തിയിരുന്നു. പൊലീസില്‍ ഒക്കെ പരാതി കൊടുത്തിട്ടും പൊലീസുകാരെല്ലാം അത് ചവറ്റുകൊട്ടയില്‍ ഇട്ടതോടെ ഞങ്ങള്‍ തന്നെ സ്‌ക്വാഡ് വര്‍ക്കിന് ഇറങ്ങുകയായിരുന്നു. രാത്രിയില്‍ ജോലികഴിഞ്ഞ് പോകുന്ന സ്ത്രീകളെ ആക്രമിക്കാനായി ഒരുങ്ങുന്ന സംഘങ്ങളെ ഞങ്ങള്‍ തന്നെ പിടികൂടുകയും അവരെ ഓടിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ഏറെക്കുറെ വ്യത്യാസങ്ങള്‍ ഉണ്ട്. പുതിയ സ്റ്റാന്‍ഡില്‍ ആയാലും മറ്റും ക്യാമറകള്‍ ഉള്ളതുകൊണ്ട് കുറച്ചുകൂടി സുരക്ഷിതമാണ്. കൂടാതെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് ശക്തമായ നടപടികള്‍ എടുക്കാന്‍ തുടങ്ങിയതോടെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍, എല്ലാ പൊലീസുകാരും കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്ന അഭിപ്രായവും ഇല്ല. സ്ത്രീകള്‍ ഒരു പരാതി കൊടുത്താല്‍ അത് സ്ത്രീയല്ലേ എന്ന ഭാവത്തില്‍ അവഗണിക്കുന്ന പൊലീസുകാരും ഈ കോഴിക്കോട് ഉണ്ട്.
സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന മാനസിക പിരിമുറുക്കങ്ങളെ കുറിച്ച്?
തൊഴിലിടങ്ങളിലായാലും പൊതു ഇടങ്ങളിലായാലും കുടുംബത്തില്‍ ആയാലും സ്ത്രീ ആയതുകൊണ്ട് ഒരുപാട് മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നുണ്ട്. ഉദാഹരണത്തിന്, ഒരു കസ്റ്റമര്‍ വന്നു ആ കസ്റ്റമറിന് സാധനങ്ങള്‍ ഇഷ്ടമായാലേ എടുക്കുകയുള്ളൂ. ആ സ്ഥാപനത്തില്‍ അവര്‍ പ്രതീക്ഷിച്ച സാധനങ്ങള്‍ ഉണ്ടെങ്കിലേ അവര്‍ വാങ്ങുകയുള്ളൂ. എന്നാല്‍, പലപ്പോഴും തൊഴിലാളികളുടെ പെര്‍ഫോമന്‍സിന്റെ വീഴ്ചയാണ് കാരണമെന്ന് പറഞ്ഞു മുതലാളിമാരും അവരുടെ ശിങ്കിടിമാരും മാനസികമായി തൊഴിലാളികളെ തകര്‍ത്തു കളയും. അത്തരത്തിലുള്ള മാനസിക പീഡനവും, അത് കൂടാതെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിച്ചു എന്ന് വീട്ടിലെത്തി പങ്കാളിയോട് പറയുമ്പോള്‍ നിനക്കു മാത്രം എന്താണ് ഇത്രത്തോളം പ്രശ്‌നമെന്ന് പറഞ്ഞു ആക്ഷേപിക്കുന്ന തങ്ങളുടെ പങ്കാളികളും - പൊതു ഇടങ്ങളില്‍ ആണെങ്കില്‍- അതൊരു പെണ്ണല്ലേ അതുകൊണ്ട് ഇതെല്ലാം അനുഭവിക്കേണ്ടിവരും എന്ന് വിചാരിക്കുന്ന സമൂഹവുമാണ് ഉള്ളത്. ഇങ്ങനെ തൊഴിലാളി സ്ത്രീകള്‍ അതിഭീകരമായി മാനസിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്ന വിഭാഗമാണ്. കൗണ്‍സിലിങിന് പോകുവാനോ ആരോടെങ്കിലും മനസ്സ് തുറക്കുവാനോ ഉള്ള സാഹചര്യം ഇത്തരത്തിലുള്ള സ്ത്രീ തൊഴിലാളികള്‍ക്ക് ഉണ്ടാകാറില്ല. ഒരു അവധിയെടുത്താല്‍ നാളെ ജോലിസ്ഥലത്ത് പോയാലേ ജോലി ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂ. ഇന്ന് ജോലിക്ക് പോയില്ലെങ്കില്‍ നാളെ വരണ്ട എന്നു പറയുന്ന യാതൊരു സുരക്ഷിത്വവും ഇല്ലാത്ത മേഖലയാണ് ടെക്‌സ്‌റ്റൈല്‍സ് മേഖല.
വിദ്യാഭ്യാസ മേഖലയില്‍ ആര്‍ത്തവ അവധിയും പ്രസവ അവധിയും നല്‍കുമ്പോള്‍ മറ്റു തൊഴില്‍ മേഖലയിലെ സ്ത്രീകള്‍ക്കും ഇത് ബാധകമാകേണ്ടേ?
ചില തൊഴില്‍ മേഖലയില്‍ പ്രസവ അവധി ഉണ്ടെന്നു പറഞ്ഞു പലരും ഘോരഘോരമായി പ്രസംഗിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ, ഈ ആനുകൂല്യങ്ങള്‍ ഒക്കെ ലഭിക്കണമെങ്കില്‍ ഇവരെ തൊഴിലാളികള്‍ ആയി രജിസ്റ്റര്‍ ചെയ്യണം. ഞാനീ സ്ഥാപനത്തിലെ തൊഴിലാളിയാണ് എന്നുണ്ടെങ്കില്‍ മാത്രമേ എനിക്ക് ഈ പറയുന്ന തൊഴില്‍ നിയമങ്ങളിലെ ആനുകൂല്യങ്ങള്‍ ഒക്കെ ലഭിക്കുകയുള്ളൂ. തൊഴിലാളിയായി ആദ്യം അംഗീകരിക്കണം. പിന്നെ ആര്‍ത്തവ അവധി എന്നു പറയുന്നത് വളരെ സന്തോഷകരവും സ്വാഗതാര്‍ഹവുമായ കാര്യമാണ്. കാരണം, ആര്‍ത്തവ സമയത്ത് സ്ത്രീകളെ അവഗണിക്കുകയും അയിത്തം പറഞ്ഞു അടച്ചുപൂട്ടി വെക്കുകയും ചെയ്തിരുന്ന കാലഘട്ടത്തില്‍ നിന്ന് ആര്‍ത്തവ അവധി എന്നു പറയുന്ന ഒരു വാക്ക് വരെ ഇന്നിവിടെ ചര്‍ച്ചയാവുകയാണ്. അതില്‍ വളരെയേറെ സന്തോഷമുണ്ട്. അതൊരു പരിഗണന ആയിട്ടാണ് എനിക്ക് തോന്നുന്നത്. ആര്‍ത്തവ അവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അനിവാര്യമാണ്. അത് അസംഘടിത മേഖല തൊഴിലാളികള്‍ക്കായാലും സംഘടിത മേഖല തൊഴിലാളികള്‍ക്കായാലും വിദ്യാര്‍ഥികള്‍ക്കായാലും എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അനിവാര്യമായ കാര്യമാണെന്നാണ് എനിക്ക് പറയാനുള്ളത്.
ഇന്ത്യയില്‍ വനിത കമീഷനൊക്കെ നിലവിലുള്ളപ്പോള്‍ എന്തുകൊണ്ടാണ് അവകാശലംഘനങ്ങള്‍ ഉണ്ടാകുന്നത്, സ്ത്രീകള്‍ക്ക് നീതി ലഭിക്കാതെ പോകുന്നത്?
ഇന്ത്യയിലെ ഭരണഘടന എത്രത്തോളം മനുഷ്യരില്‍ അര്‍പ്പിച്ചിട്ടുണ്ട്. ഭരണഘടന തന്നെ മനുഷ്യനെ മനുഷ്യനായി പരിഗണിക്കുന്നുണ്ടോ, ഏതു തരം മനുഷ്യരെയാണ് അവര്‍ മനുഷ്യരായിട്ട് പരിഗണിക്കുന്നത് എന്നൊക്കെ നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. നിയമങ്ങളൊക്കെ നമുക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടോ. ഞാന്‍ ബ്രാഹ്മണന്‍ ആണോ, ഞാന്‍ വെളുത്തിട്ടാണോ, അങ്ങനെയുള്ള പല നേട്ടങ്ങളും എനിക്കുണ്ടെങ്കില്‍ ഇവിടെ രാജകീയമായി ഞാന്‍ ജീവിക്കും. അല്ലാത്തവര്‍ ഇത്തരത്തില്‍ അവഗണിക്കപ്പെടുന്ന മനുഷ്യരായിട്ടേ ജീവിക്കാന്‍ കഴിയുകയുള്ളൂ. പലപ്പോഴും ജാതി-മത വ്യത്യാസങ്ങള്‍ പരിശോധിച്ചിട്ട് ആയിരിക്കാം ഇവിടെ കാര്യങ്ങള്‍ നടപ്പാക്കുന്നത്.