മലയാള സിനിമയുടെ പിറവിയില്‍ തന്നെ ജാതിയുണ്ട് - ദിവ്യ ദ്വിവേദി
ഡബ്ല്യുസിസിക്ക് പി.കെ റോസിയുടെ പേരു നല്‍കണം. ഡബ്ല്യുസിസി ഇക്കാര്യം പരിഗണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മലയാള സിനിമയുടെ അമ്മയായി റോസിയെ പ്രഖ്യാപിക്കുകയും സ്മാരകങ്ങള്‍ നിര്‍മിക്കുകയും വേണം. | അഭിമുഖം: ദിവ്യ ദ്വിവേദി/ദീപ്തി കൃഷ്ണ
മലയാള സിനിമയിലെ ലൈംഗികചൂഷണത്തെയും ലിംഗവിവേചനത്തെയും കുറിച്ചന്വേഷിച്ച 'ജസ്റ്റിസ് ഹേമകമ്മിറ്റി റിപ്പോര്‍ട്ടി'ലെ വെളിപ്പെടുത്തലുകള്‍ കേരളസമൂഹത്തിന്റെ മനഃസാക്ഷിയെ ഇളക്കിമറിച്ചിരിക്കുകയാണ്. സിനിമയിലെ ആണ്‍കോയ്മയ്ക്കും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തിനുമെതിരെ ഡബ്ല്യുസിസി ശബ്ദമുയര്‍ത്തി. അതിജീവിതയും ഡബ്ല്യുസിസിയിലെ അംഗങ്ങളും ഭ്രാന്തമായ സോഷ്യല്‍ മീഡിയ ആക്രമണത്തിനും അന്യായമായ മാധ്യമറിപ്പോര്‍ട്ടിംഗുമാണ് തുടര്‍ന്ന് നേരിട്ടത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പബ്ലിക് ഇന്റലച്ച്വല്‍സില്‍ ഒരാളായ ജെ. രഘു അഭിപ്രായപ്പെട്ടതുപോലെ, കേരളത്തില്‍ ഇപ്പോഴും തുടരുന്ന ആഴമേറിയതും വെല്ലുവിളിക്കപ്പെടാത്തതുമായ ജാതി സംസ്‌കാരത്തില്‍ നിന്നാണ് ഈ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.
ഈ സംഭവവികാസങ്ങളെക്കുറിച്ച് പ്രൊഫ. ദിവ്യദ്വിവേദി സംസാരിക്കുന്നത് കേള്‍ക്കാന്‍ ഈ സാഹചര്യത്തില്‍ പല ജാതിവിരുദ്ധ ബുദ്ധിജീവികളും ആഗ്രഹിക്കുന്നുണ്ട്. കോട്ടയത്തെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ജാതി വിവേചനത്തിനും ലൈംഗികാതിക്രമണത്തിനുമെതിരെ സമരം ചെയ്ത പിഎച്ച്ഡി സ്‌കോളര്‍ ദീപ മോഹനന് അനുകൂലമായി ദിവ്യ ഇടപെട്ടിരുന്നു. മാതാപിതാക്കള്‍ തന്നെ സ്വന്തം കുഞ്ഞിനെ തട്ടികൊണ്ടുപോയതിനെതിരെ സമരം ചെയ്ത അനുപമ എസ്. ചന്ദ്രനെയും ദിവ്യ ശക്തമായി പിന്തുണച്ചിരുന്നു. കോട്ടയത്തെ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിലെ ജാതി വിവേചനത്തിനെതിരെ പോരാടിയ വിദ്യാര്‍ഥികളെ ദിവ്യ പിന്തുണച്ചിരുന്നു. 'മലയാള സിനിമയിലെ സവര്‍ണമേധാവിത്വത്തെ വെളിപ്പെടുത്തൂ' എന്ന തലക്കെട്ടില്‍ അവരുടെ പ്രസ്താവന മാധ്യമം പ്രസിദ്ധീകരിച്ചു. ദിവ്യയ്‌ക്കെതിരായ സോഷ്യല്‍ മീഡിയാ ഭീഷണി, ട്രോളര്‍മാരുടെ അപവാദപ്രചരണം എന്നിവ നേരിട്ടപ്പോള്‍, ദിവ്യയെ പിന്തുണച്ചത് കേരളത്തിലെ ജാതിവിരുദ്ധ ബൗദ്ധിക ലോകമാണ്. സവര്‍ണ ലിബറലുകളും ഇടതുപക്ഷക്കാരും അന്ന് നിശബ്ദരായിരുന്നു. അവരുടെ (ഷാജ്‌മോഹനുമായി ചേര്‍ന്നെഴുതിയതും മായെല്‍മോേണ്ടമില്‍ എഡിറ്റുചെയ്തതുമായ) ഇന്ത്യന്‍ ഫിലോസഫി, ഇന്ത്യന്‍ റെവല്യൂഷന്‍; ഓണ്‍ കാസ്റ്റ് ആന്‍ഡ് പൊളിറ്റിക്‌സ് (ഹേര്‍സ്റ്റ് പബ്ലിഷേര്‍സ്, യു.കെ. 2024). ഞാന്‍ റിവ്യു ചെയ്തിരുന്നു. അതിലെ രണ്ട് അധ്യായങ്ങള്‍ മലയാള സിനിമയിലെ ലൈംഗികചൂഷണവും ജാതിവിവേചനവും ചര്‍ച്ച ചെയ്യുന്നുണ്ട്.
ദീപ്തി കൃഷ്ണ: ജസ്റ്റിസ് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് (പല ഭാഗങ്ങളും ഒഴിവാക്കിക്കൊണ്ട്) അടുത്തിടെയാണ് പുറത്തുവന്നത്. സ്ത്രീകള്‍ക്കെതിരായ ലൈംഗികചൂഷണം വ്യാപകമാണെന്ന് ലഭ്യമായ ഉള്ളടക്കം കാണിക്കുന്നു. ആണ്‍കോയ്മ നിലനിര്‍ത്താനായി 'പവര്‍ഗ്രൂപ്പ്' പോലെയുള്ള ഒരു മാഫിയ പ്രവര്‍ത്തിക്കുന്നു. സ്ത്രീകള്‍ക്ക് മിക്കപ്പോഴും മിനിമം തൊഴില്‍ സാഹചര്യങ്ങള്‍ പോലും ലഭിക്കുന്നില്ല. തൊഴില്‍ നഷ്ടവും നിയമസംവിധാനത്തിലുള്ള വിശ്വാസക്കുറവും മൂലം പലരും തങ്ങളുടെ അനുഭവങ്ങള്‍ പുറത്തു പറയാന്‍ മടിക്കുന്നു. ഇങ്ങനെ പോകുന്നു, ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍. നിങ്ങള്‍ക്ക് എന്തു തോന്നുന്നു?
ദിവ്യ ദ്വിവേദി: ചിലകാര്യങ്ങള്‍ എന്നെ ഞെട്ടിച്ചു. 2019-ലാണ് സിപിഐ.എം. നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് ജസ്റ്റിസ് ഹേമ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത്രയും കാലം അത് പൂഴ്ത്തിവെച്ചത് എന്തിനാണ്? അതിന്റെ ചില ഭാഗങ്ങള്‍ മാത്രം, ഒരു നീണ്ട ട്രെയിലര്‍ പോലെ, റിലീസ് ചെയ്യുന്നത് എന്തുകൊണ്ടാണ് സ്ത്രീവിരുദ്ധതയുടെയും ലൈംഗികാതിക്രമത്തിന്റെയും മുദ്രപതിഞ്ഞവരെ സര്‍ക്കാര്‍ സിനിമാസ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചത് എന്തുകൊണ്ടാണ്? വേട്ടക്കാരെയും ഇരകളെയും ഒന്നിച്ചിരുത്തുന്ന, കോണ്‍ക്ലേവ്, എന്ന 'മഹത്തായ പരിഹാരം' ഇടതു സര്‍ക്കാര്‍ നിര്‍ദേശിച്ചത് എന്തുകൊണ്ട്. മോദിയുടെ 56 ഇഞ്ച് നെഞ്ച്, എന്ന പ്രയോഗത്തെ അനുകരിച്ച് പിണറായി വിജയനെ 'ഇരട്ടച്ചങ്കന്‍' എന്നും 'ക്യാപ്റ്റന്‍' എന്നും വിശേഷിപ്പിക്കുന്നത് എന്തിനാണ്. സിപി.എമ്മും ആര്‍എസ്എസും തമ്മിലുള്ള രഹസ്യബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കാരവനിലെ സമീപകാല ലേഖനങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. സ്തീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പോഷകസംഘടനകളുള്ള ഈ 'കമ്യൂണിസ്റ്റ്' പാര്‍ട്ടിയുടെ ഈ അവസ്ഥ ശരിക്കും ആശങ്കയുണ്ടാകുന്നു.
1983-ല്‍ പുറത്തിറങ്ങിയ 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്' എന്ന സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. കോസ്റ്റ്യൂമര്‍, മേക്കപ്പ്മാന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിവരുള്‍പ്പെടെ സിനിമയിലെ ആണുങ്ങളെല്ലാവരും ഒരുപോലെ സ്ത്രീകളെ ലൈംഗികചൂഷണത്തിനിരയാക്കുന്നതിനെക്കുറിച്ചുള്ള ഒരു സിനിമയാണത്. ശോഭ എന്ന ബാലനടിയുടെ ദുരന്ത കഥയാണ് അതിന്റെ പ്രമേയം. സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച പ്രതിഭാശാലിയായ ആ നടി 17-ാം വയസില്‍ ആത്മഹത്യചെയ്തു. ശോഭനയുടെ കാര്യവും ഭിന്നമല്ല. 14-ാം വയസില്‍ ലൈംഗികച്ചുവയുള്ള സിനിമയില്‍ അഭിനയിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് ശോഭന ഈയിടെ പറയുകയുണ്ടായി. ഈ വിഷയങ്ങളില്‍ ന്യായവും നിയമപരവുമായ ഒരു തുറന്ന ചര്‍ച്ചയ്ക്ക് നാം തയ്യാറാകേണ്ടിയിരിക്കുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സിനിമകളെക്കുറിച്ച് ശക്തമായ ചില നിലപാടുകള്‍ എടുക്കുകയും വേണം.
നിങ്ങളുടെ 'കാലിപ് സോളജി' (calipsology) എന്ന ആശയത്തെ മായേല്‍ മോണ്ടെവിന്‍ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: 'മാര്‍ഗങ്ങളെ ലക്ഷ്യങ്ങളായി മാറ്റുകയും അത് വിശ്വസ്തതയോടെ ആവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായം' (ഇന്ത്യന്‍ ഫിലോസഫി'യിലെ ഗ്ലോസറി ഓഫ് കോണ്‍സപ്റ്റ്‌സ്' കാണുക). മലയാള സിനിമയില്‍ ഒരു 'കാലിപ് സോളങ്ങി' ഉണ്ടെന്നു തോന്നുന്നുണ്ടോ?
ഒരു ന്യൂനപക്ഷം ഭൂരിപക്ഷത്തെ ചൂഷണം ചെയ്യുകയും എന്നാല്‍, നമ്മുടെ നോട്ടത്തില്‍ നിന്ന് അത് മറച്ചുവെയ്ക്കുകയും ചെയ്യുന്ന രീതി എല്ലാ അംബേദ്കറൈറ്റുകള്‍ക്കും അറിയാവുന്നതാണ്. രാഷ്ട്രീയത്തിലെ 'വര്‍ഗസിദ്ധാന്തം', 'മതലഹള' തുടങ്ങിയ സങ്കല്പങ്ങളിലൂടെ ജാതീയ അടിച്ചമര്‍ത്തലും ചൂഷണവും മറയ്ക്കപ്പെടുന്നു. എന്നാല്‍, മലയാളസിനിമയില്‍ അത്തരം മറകള്‍ പോലുമില്ല.
ജനപ്രിയ സിനിമയിലെ കഥകളിലൂടെയും അലങ്കാരങ്ങളിലൂടെയും വാഴ്ത്തപ്പെടുന്നത് നഗ്നമായ ആണ്‍കോയ്മയും സവര്‍ണമേധാവിത്വവുമാണ്. കസബ (2016) പ്രജ (2001) എന്നീ സിനിമകള്‍ ഭൂരിപക്ഷം സ്ത്രീകള്‍ക്കും അധികാരസ്ഥാനങ്ങളിലിരിക്കാന്‍ കഴിവില്ലെന്നും ആണായതുകൊണ്ടുമാത്രം ഏതൊരു താഴ്ന്ന ഉദ്യോഗസ്ഥനുപോലും സ്ത്രീകളെ പൊതുസ്ഥലത്ത് ലൈംഗികമായി അപമാനിക്കാമെന്നും ന്യായീകരിക്കുന്ന: ധീരയായ ഒരു നടി പൊതുസ്ഥലത്ത് ലൈംഗികാതിക്രമത്തിന് ഇരയായതില്‍ അത്ഭുതപ്പെടാനുണ്ടോ? അക്കാദമിയ ഉള്‍പ്പടെ എല്ലാ മേഖലകളിലും ഇതാണ് സ്ഥിതി. ഓരോയിടത്തും അതിന്റെ സ്വഭാവം വ്യത്യസ്തമാണെന്നുമാത്രം. അപമാനത്തെ ശ്വാശതീകരിക്കുകയാണ് ഈ പ്രക്രിയയുടെ അന്തിമ ലക്ഷ്യം. ശരിക്കും ഇത് കാച്ചിപ്പ് സോളങ്ങി ആണ്.
കേരളത്തിലെ സ്ത്രീ സമൂഹവും ഡബ്ല്യുസിസിയും എന്താണ് സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെടേണ്ടത്?
എല്ലാ സ്ഥാപനങ്ങളിലെയും ലിംഗ-ജാതി ബോധവത്കരണ സ്‌ക്വാഡുകളുടെ തുടക്കമാകണം. നിയമപരമായ നടപടികളുടെ പിന്തുണയോടെ വേണം ഇത് നടത്താന്‍. മുഴുവന്‍ റിപ്പോര്‍ട്ടും പരസ്യമാക്കുന്നത് വളരെ നിരന്തരം സമരങ്ങളും നിയമപോരാട്ടങ്ങളുമുണ്ടാകണം. മലയാള സിനിമയിലെ ചില മാഫിയകള്‍, ചില സ്ത്രീകളെ ബിനാമികളായി ഉപയോഗിച്ചുകൊണ്ട്, റിപ്പോര്‍ട്ടിനെ കരിതേച്ചുകാണിക്കാനും തുരങ്കം വെയ്ക്കാനും തുടങ്ങിയിട്ടുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. കൂടാതെ, കമ്മിറ്റിയ്ക്ക് മൊഴി നല്‍കിയ സ്ത്രീകള്‍ക്ക് നിയമ സംരക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടണം. എല്ലാ പരാതികളിലും അന്വേഷണവും തുടര്‍ നടപടികളുമുണ്ടാവണം. കേരളീയര്‍ക്ക് തങ്ങളോട് തന്നെ സത്യസന്ധതയുണ്ടെങ്കില്‍ ഈ വിഷമഘട്ടത്തില്‍ അവര്‍ ചെയ്യേണ്ടത് എന്താണ്? ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് എന്തിന്, ആര്‍ക്കൊക്കെ ഈ റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയിട്ടുണ്ട്, ആരെയാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്നതിനെക്കുറിച്ചൊക്കെ അടിയന്തിര അന്വേഷണത്തിനു വേണ്ടി കേരളീയര്‍ ഒന്നടങ്കം ശബ്ദമുയര്‍ത്തണം.
സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന കൂലി അസമത്വത്തിന് എന്തെങ്കിലും പരിഹാരം? സിനിമയെക്കുറിച്ച് ജാതി അടിസ്ഥാനപ്പെടുത്തിയ സ്ഥിതി വിവരകണക്കുകള്‍ എനിക്കറിയില്ല. അതിനാല്‍, ജാതി കണക്കാക്കിയുള്ള കൂലി അസമത്വത്തിന്റെ പ്രശ്‌നം ഉന്നയിക്കാനാവില്ല. സര്‍ക്കാരിലെ ഉന്നതര്‍ പോലും ഉന്നയിക്കുന്ന സാധാരണ വാദം, ചന്ത ആണുങ്ങള്‍ക്കുള്ളതായതിനാല്‍, പെണ്ണുങ്ങള്‍ കുറഞ്ഞ കൂലി കൊണ്ട് തൃപ്തരായിക്കൊള്ളണമെന്നാണ്?
ഡിഡി: നമ്മള്‍ പറയുന്ന സിപി.എം സര്‍ക്കാരാണോ ഇത്? കൂലി തുല്യതയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ മുന്‍നിരയിലെങ്കിലും ഇത്തരം വാദങ്ങള്‍ ഒഴിവാക്കേണ്ടതല്ലേ. നമുക്ക് സിപിഐ(എം)നെ കമ്യൂണല്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്കറ്റ്) എന്ന് മാറ്റി വിളിക്കേണ്ടിവരും. എത്രയൊക്കെ ലൈംഗിക ചൂഷണം ഉണ്ടായിട്ടും, സ്ത്രീകളില്ലാത്ത സിനിമ ഉണ്ടായിട്ടില്ല. കൂലിയിലെ തുല്യതയില്ലായ്മ, തൊഴില്‍ സാഹചര്യങ്ങളുടെ പരിമിതി (ടോയ്‌ലറ്റ്, തുണി മാറുന്ന മുറി, സുരക്ഷ, സ്വകാര്യത), ലൈംഗികമായ കീഴ്‌പ്പെടുത്തല്‍ - ഒക്കെ നിലനില്‍ക്കുമ്പോള്‍ തന്നെ - സ്ത്രീകളുടെ കഴിവും ഗ്ലാമറും ഇല്ലാതെ നിലനില്‍ക്കാത്ത ഒരു വ്യവസായമാണ് സിനിമയും പരസ്യവും. സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെ വ്യവസായവldkരിച്ച ഇന്നിന്റെ ലക്ഷ്യം ലാഭം മാത്രമാണ്. ഫ്രഞ്ച് പശ്ചാത്തലത്തില്‍ ഇത്തരം കാര്യങ്ങള്‍ ചിത്രീകരിക്കുന്ന സിനിമയാണ് ആഗ്നസ് വാര്‍ദയുടെ 'Clode 57' എന്ന സിനിമ.
ശോഭനയേയും സില്‍ക്‌സ്മിതയേയും കാണാന്‍ ആളുകള്‍ തിയേറ്ററില്‍ പോയില്ലേ? വയോധികരായ സൂപ്പര്‍ താരങ്ങളെക്കാള്‍ കൂടുതല്‍ മാര്‍ക്കറ്റ് നയന്‍താരയ്ക്കല്ലേ? കിഴവന്‍ താങ്ങളെ മാത്രം കാണാനാണോ ആളുകള്‍ തിയേറ്ററുകളില്‍ പോകുന്നതെന്ന് സ്ഥിരീകരിക്കുന്ന മാര്‍ക്കറ്റ് പഠനങ്ങളൊന്നുമില്ലെന്ന് ജെ. രഘുവില്‍ നിന്ന് ഞാന്‍ മനസിലാക്കുന്നു. കഴിഞ് രണ്ടു പതിറ്റാണ്ടിനിടെ മലയാള സിനിമയിലെ ഭൂരിഭാഗം ഹിറ്റുകളും നിര്‍മിച്ചത്, അധികം അറിയപ്പെടാത്ത അഭിനേതാക്കളുള്ള പുതിയ നിര്‍മാതാക്കളാണ്. കിഴവന്‍ സൂപ്പര്‍സ്റ്റാറുകളില്ലാതെ തന്നെ 'പ്രേമലു', 'മഞ്ഞുമ്മല്‍ ബോയ്‌സ്', 'ഉള്ളൊഴുക്ക്' തുടങ്ങിയ സിനിമകള്‍ സമീപകാലത്ത് ഹിറ്റുകളായി.
കൂലിയിലെ തുല്യതയില്ലായ്മ പരിഹരിക്കാന്‍ പല വഴികളുണ്ട്. സമരത്തിന്റെയും ബഹിഷ്‌കരണത്തിന്റെയും ക്ലാസിക് മാര്‍ക്‌സിസ്റ്റ് വഴി. തുല്യകൂലി നല്‍കാത്ത ഏത് ഫിലിം യൂണിറ്റിലും സ്ത്രീകള്‍ സമരങ്ങള്‍ സംഘടിപ്പിക്കണം. പെണ്ണുങ്ങള്‍ക്ക് ആണുങ്ങളേക്കാള്‍ കുറഞ്ഞ കൂലി നല്‍കുന്ന സിനിമകള്‍ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് കാണികളും ആലോചിക്കണം. സിനിമയിലെ കൂലിയെക്കുറിച്ച് അന്വേഷിക്കാനും വെളിപ്പെടുത്താനും സംവിധാനമുണ്ടായാല്‍, കൂലിയിലെ ഇരട്ടത്താപ്പിന് ഒരു പരിധിവരെ അറുതിയുണ്ടാവും.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ കിഴവന്‍ താരങ്ങളെവെച്ച് എടുത്ത ഹൈപ്പര്‍മാക്കോ സിനിമകള്‍ ഉറപ്പായും കച്ചവടവിജയം നേടുന്നുവെന്നാണ് ഒരു വാദം. താരതമ്യേന പ്രായം കുറഞ്ഞ പൃഥ്വിരാജിന്റെ സിനിമകളും വിജയിക്കുന്നു. എന്നാല്‍, സിനിമയിലെ പെരുക്കിയ 'ആണത്തം' ഈ താരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. വിഷലിപ്തമായ ആണത്തം ചെറുപ്പക്കാരെ സ്വാധീനിക്കുകയും സിനിമയിലെ സ്ത്രീവിരുദ്ധതയെ ന്യായീകരിക്കുന്നവരായി അവരെ മാറ്റുകയും ചെയ്യുന്നു. നിങ്ങള്‍ മുമ്പ് പറഞ്ഞതുപോലെ, ഇത് കാലിപ്‌സോളജിയുടെ ഒരു രീതിയാണ്?
നാം ലോകമെമ്പാടും കാണുന്ന ഈ ആണത്തം വെറുമൊരു വികടത്വമാണ്. അവര്‍ പുകവലിക്കുന്നതും സ്വയം ഓടിക്കാത്ത കാറില്‍ കയറുന്നതും മുരളുന്നതും ഡില്‍ഡോ തൊപ്പിവെക്കുന്നതുമെല്ലാം ഫലിതങ്ങളാണ്. കിഴവന്‍ താരങ്ങളുടെ അടിപിടി രംഗങ്ങള്‍ കാണികളുടെ മനോനിലയെക്കുറിച്ച് ചിലതെല്ലാം പറയുന്നു. അടിപിടിയ്ക്കിടയില്‍ ലോകം 'മാട്രിക്‌സ്' ആയി മാറുകയും വയസന്‍ താരങ്ങള്‍ 'നിയോസ്' ആവുകയും ചെയ്യുന്നു. ഒരു ഹൈപ്പര്‍ ഫാന്റസിയില്‍ മാത്രമെ ഇവര്‍ക്ക് മറിഞ്ഞു വീഴാതെ അടിപിടി അഭിനയിക്കാന്‍ കഴിയൂ എന്ന് കാണികള്‍ക്കറിയാം. ഇവരുടെ തളര്‍ച്ച എന്നെ വിഷമിപ്പിക്കുന്നു. ഒരു വന്ദ്യ വയോധികതാരം അടിപിടി പ്രേമിയായ യുവാവിന്റെ വേഷം ചെയ്യുന്ന ഒരു സിനിമ അടുത്തിടെ കാണാനിടയായി. അദ്ദേഹത്തിന്റെ ഓരോ നീക്കവും ഐസന്‍ സ്റ്റെന്റെ 'അക്‌ടോബര്‍' പോലെ മൊണ്ടേഷുകളുടെ കൂട്ടികെട്ടാണ്. കാരണം, ഈ വൃദ്ധതാരത്തിന് ഒരു ഷോട്ടില്‍ ഒന്നു തിരിയാനോ കൈ മുഴുവന്‍ വീശാനോ കഴിയുന്നില്ല. ശബ്ദം വളരെ പതിഞ്ഞതായിരുന്നു. വൃദ്ധരെക്കൊണ്ട് ഇത്തരം സിനിമകള്‍ ചെയ്യിക്കുന്നത് ക്രൂരതയാണെന്നാണ് എനിക്ക് തോന്നിയത്.
പക്ഷെ, എന്റെ അനുകമ്പ അധികം നീണ്ടുനിന്നില്ല. മകളുടെ പ്രായമുള്ള ഒരു നടിയാണ് അദ്ദേഹത്തിന്റെ അമ്മയായി അഭിനയിക്കുന്നത്. വ്യത്യാസങ്ങളുണ്ടെങ്കിലും, ബോളിവുഡിലും ഇതര ഭാഷാ സിനിമാവ്യവസായങ്ങളിലും ഇതാണ് സ്ഥിതി. കിഴവന്‍ താരങ്ങള്‍ ചെറുപ്പക്കാരുടെ വേഷങ്ങള്‍ ചെയ്യുന്നതും കുട്ടികളെ പ്രേമിക്കുന്നതും കാണുമ്പോള്‍, അസ്വസ്ഥതയുണ്ടാകുന്നു. 'ഗുരുവായൂരമ്പലനടയില്‍' എന്ന സിനിമയില്‍ നായികക്ക് നായകന്റെ മകളായി അഭിനയിക്കാമായിരുന്നു. ഈ ആണത്തത്തിനും അതിന്റെ വിഗ്രഹപൂജയ്ക്കും പിന്നിലുള്ളത് സിനിമാചരിത്രത്തിലൂടെ പരിണമിച്ച പ്രത്യേകതരം സവര്‍ണാധിപത്യത്തിന്റെയുക്തിയാണ്.
ഇത്തരം ചര്‍ച്ചകള്‍, 'ഈ വിഷയത്തിലേക്ക് ജാതികൊണ്ടുവരുന്നു' എന്നൊരാക്ഷേപമുണ്ട്. കേരളത്തിന്റെ, 'ജാതിനിരാസം' വളരെ സവിശേഷമാണ്. സ്‌കൂളുകളില്‍ പോലും നിലനില്‍ക്കുന്ന പച്ചയായ ജാതിവേര്‍തിരിവും ബഹിഷ്‌കരണവും സംസ്‌കാരത്തിനുമേലുള്ള സവര്‍ണനിയന്ത്രണത്തിന്റെ പ്രത്യേകമായ രീതിയാണ്. എന്നാല്‍, പൊതുവ്യവഹാരങ്ങളില്‍ എല്ലാവരും ജാതി രഹിതരായി നടിക്കുകയും ചെയ്യും. നിങ്ങളും ഷാജ്‌മോഹനും ചേര്‍ന്നെഴുതിയ 'ഏപ്രില്‍ തീസിസ്' എന്ന ലേഖനത്തില്‍, 'സവര്‍ണസമത്വ രാഷ്ട്രീയം' സ്വയം 'സാര്‍വത്രിക'മെന്നു പ്രഖ്യാപിക്കുകയും ജാതിവിരുദ്ധ പ്രസ്ഥാനങ്ങളെ 'സ്വത്വരാഷ്ട്രീയ'മെന്നാക്ഷേപിക്കുകയും ചെയ്യുന്നതിനെ കുറിച്ച് പറയുന്നുണ്ട്. 'സവര്‍ണമാര്‍ക്‌സിസ'ത്തിലും ഇതേ പ്രവണതയുണ്ടെന്നു നിങ്ങള്‍ പറയുന്നു. ഈ ലേഖനം ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെ ഒരു മാനിഫെസ്റ്റോ ആണെന്ന് ഞങ്ങളില്‍ പലര്‍ക്കും അഭിപ്രായമുണ്ട്. കേരളത്തിലെ ഈ ജാതിനിരാഡത്തെ എങ്ങനെ നേരിടാം?
ഡി.ഡി: മലയാള സിനിമയുടെ പിറവിയില്‍ തന്നെ ജാതിയുണ്ട്. അതിനെ ആഴത്തില്‍ പഠിക്കുകയും സിദ്ധാന്തിക്കുകയും ചെയ്ത വിദഗ്ധയാണ് മഞ്ചു എടച്ചിറ. സിനിമയിലെ സവര്‍ണ്ണമേധാവിത്വത്തെ മനസിലാക്കാനും എതിരിടാനും താല്‍പര്യമുള്ള എല്ലാവരും മഞ്ജുവിനെ വായിക്കേണ്ടതാണ്. മലയാള സിനിമയിലെ ആദ്യ നായിക 'വിഗതകുമാര'നില്‍ നായികാവേഷം ചെയ്ത പുലയസ്ത്രീയായ പി.കെ റോസിയാണ് ലെര്‍ഫോമിംഗ് കലകള്‍ തൊട്ടുകൂടാത്ത ഇടമാണെന്ന് സവര്‍ണര്‍ കരുതിയിരുന്നതിനാല്‍, ഒരു ദലിത് സ്ത്രീയെ നായിക ആക്കേണ്ടിവന്നു. ക്ഷേത്രവ്യഭിചാരവുമായി ബന്ധപ്പെട്ട നൃത്തരൂപങ്ങള്‍ ഉള്‍പ്പെടെയുള്ള കലകളുടെ കളങ്കം ഇപ്പോഴും സിനിമയിലെ സ്ത്രീകളെ വേട്ടയാടുന്നു.
'വിഗതകുമാരന്‍' നിര്‍മിച്ച് സംവിധാനം ചെയ്തത് പിന്നോക്ക ജാതി നാടാര്‍ വിഭാഗത്തില്‍പ്പെട്ട ജെ.സി ഡാനിയല്‍ ആണ്. ആദ്യ മലയാളസിനിമയായ വിഗതകുമാരന്റെ പ്രദര്‍ശനം പോലും സവര്‍ണജനക്കൂട്ടം തടസപ്പെടുത്തിയിരുന്നു. നായികാ നടിയായ റോസിയെ ഇവര്‍ ഓടിച്ചു. അവര്‍ക്ക് പിന്നീട് എന്തു പറ്റിയെന്ന് നമുക്ക് കൃത്യമായി അറിയില്ല. മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയുടെയും ജാതിഅടിച്ചമര്‍ത്തലിന്റെയും ആദ്യ ഇര റോസിതന്നെയാണ്. ഡബ്ല്യുസിസിയ്ക്ക് റോസിയുടെ പേരു നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ഡബ്ല്യുസിസി ഇക്കാര്യം പരിഗണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മലയാള സിനിമയുടെ അമ്മയായി റോസിയെ പ്രഖ്യാപിക്കുകയും സ്മാരകങ്ങള്‍ നിര്‍മിക്കുകയും വേണം.
നിരവധി അവാര്‍ഡുകള്‍ നേടിയ നീലക്കുയില്‍ (1954), തൊട്ടുകൂടാത്ത ജാതിക്കാരിയായ ഒരു സ്ത്രീ നേരിടുന്ന ലൈംഗിക ചൂഷണത്തെ കുറിച്ചുള്ളതാണ്. അത് ഒരു നിഷ്‌കളങ്ക സിനിമയല്ല. ദലിതരോടുള്ള സവര്‍ണാധിപത്യ മനോഭാവത്തിന്റെ ഒരു പ്രത്യേകത ഇത് പ്രകടാക്കുന്നു. സഹതാപമോ, പിറ്റിയിസമായി മാറുന്ന സഹതാപമോ ആണ് ഈ സവര്‍ണ മനോഭാവത്തിലുള്ളത്. മാനസികമായ അടിച്ചമര്‍ത്തലിന്റെയും അപമാനത്തിന്റെയും രൂപമായ പിറ്റിയിസത്തെക്കുറിച്ചുള്ള യശ്പാല്‍ ജോഗ്ദണ്ടിന്റെ പഠനം ശ്രദ്ധേയമാണ്. രാഷ്ട്രീയത്തിലെ ഏറ്റവും മാരകമായ ഒരു ഭൂമികയായ, പിറ്റിയിസത്തെ നാം തിരിച്ചറിയേണ്ടതാവശ്യമാണ്. ദലിതരെക്കുറിച്ചുള്ള സംവാദങ്ങളില്‍, സവര്‍ണ്ണരുടെ ഒരു രീതി, ദയനീയത അര്‍ഹിക്കുന്ന നിസ്സഹായരായി ദലിതരെ കാണുകയും അവര്‍ക്കുവേണ്ടി ദാനധര്‍മങ്ങള്‍ ചെയ്യുന്നവരായി സ്വയം ഉയര്‍ത്തുകയും ചെയ്യുന്നതാണ്. സാഹിത്യത്തിലോ സിനിമയിലോ ഒരു ദലിത് വ്യക്തി ലൈംഗികാതിക്രമത്തിന് വിധേയമാവുകയോ നശിക്കുകയോ ചെയ്യുമ്പോള്‍ അത് വിധിയുടെ ദുരന്തമായി ചിത്രീകരിക്കുന്നു. സാഹിത്യത്തിലും സിനിമയിലും അവര്‍ണ കഥാപാത്രങ്ങളുടെ സ്ഥാനം നോക്കേണ്ടതാണ്. സവര്‍ണ്ണര്‍ അവരുടെ വളര്‍ത്തുമൃഗങ്ങളോട് കാണിക്കുന്ന 'വാത്സല്യ'വും 'താലോലിക്കലും' സ്വീകരിക്കുന്നവരായിട്ടാണ് അവര്‍ ആ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നത്.
ഇത്തരം സിനിമകള്‍ മലയാള സിനിമയില്‍ കൂടുതല്‍ ഇറങ്ങുന്നത് എന്തുകൊണ്ടാണ്? അതിനു പകരം വയ്ക്കാന്‍ കഴിയുന്നത് എന്താണ്?
ഇത്തരം സവര്‍ണ്ണ സിനിമയാണ് ഇന്ത്യയിലുടനീളമുള്ളത്. തമിഴ് സിനിമയില്‍ മാത്രമേ ജാതിവിരുദ്ധ സിനിമകള്‍ ഉണ്ടാകുന്നുള്ളു. 'നിങ്ങള്‍ അര്‍ഹിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കും' എന്ന ക്ലീഷേയുണ്ടല്ലോ. ഉദാഹരണത്തിന് ' നിങ്ങള്‍ അര്‍ഹിക്കുന്ന രാഷ്ട്രീയക്കാരനെ നിങ്ങള്‍ക്കു ലഭിക്കും' ഇത് വാസ്തവത്തില്‍ തെറ്റാണ്. പ്രത്യേകിച്ച് കലകളില്‍. ശരിക്കും കലയാണെങ്കില്‍ കാണികള്‍ അര്‍ഹിക്കാത്ത കല അവര്‍ക്കു ലഭിക്കണം. നല്ല കല സമൂഹത്തിന്റെ അംഗീകൃത വഴക്കങ്ങളെ അഥവാ ഷാജ്‌മോഹന്‍ പറയുന്നതുപോലെ 'പ്രതീക്ഷയുടെ ക്രമങ്ങളെ' തകര്‍ക്കുന്നു. സിനിമയെക്കുറിച്ച് ഗൊദാര്‍ദ് പറഞ്ഞത് ഇതുതന്നെയാണ്. സിനിമ പ്രതീക്ഷ നല്‍കുന്നു കാരണം അതു തുറന്നതാണ്. അവിടെ എന്തും സാദ്ധ്യമാണ്. എന്നിട്ടും ജാതിവിരുദ്ധ സിനിമ അസാദ്ധ്യമാണെന്ന് വരുന്നത് വൈപരീത്യമാണ്. അസാദ്ധ്യമായത് സംഭവിക്കുമ്പോള്‍ അത് കലയാകും.
ഞാന്‍ വിശദീകരിക്കാം. എല്ലാ സമൂഹത്തിനും നിയന്ത്രണ ക്രമങ്ങളുണ്ട്. ഇന്ത്യയില്‍ അത് ജാതിയാണ്. ഈ നിയന്ത്രണ മാനദ്ണ്ഡങ്ങള്‍ സമൂഹത്തില്‍ 'സഹജ'മായുള്ളതല്ല. അത് സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നതും ശക്തരായ ഒരു ചെറു ന്യൂനപക്ഷം നിയന്ത്രിക്കുയും ചെയ്യുന്നതാണ്. ഇന്ത്യയില്‍ എല്ലാ മേഖലകളിലും - അക്കാദമീയം, നാടകം, സിനിമ, മാധ്യമം, വ്യവസായം - സവര്‍ണ നിയന്താക്കള്‍ ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്നു. ഇത് സവര്‍ണ മൂലധനമായി വരും തലമുറയിലേക്ക് കൈമാറുകയും ചെയ്യുന്നു - മിക്കപ്പോഴും ഗേറ്റ് കീപ്പിങ്ങിലൂടെയും. ഫ്യൂഡല്‍ സ്ത്രീവിരുദ്ധ പ്രമേയങ്ങളിലൂടെ സവര്‍ണമൂല്യബോധം പ്രചരിപ്പിക്കുന്ന സിനിമകള്‍, ഫലത്തില്‍, ജാതി, മിശ്രണത്തെക്കുറിച്ചും അവര്‍ണ ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ ഉയര്‍ച്ചയെക്കുറിച്ചും ഭയവും അരക്ഷിതത്വവും സൃഷ്ട്ടിക്കുന്നു. സവര്‍ണ ന്യൂനപക്ഷത്തിന്റെ പെരുപ്പിച്ച അധികാരവും മര്‍ദ്ദനശേഷിയും അവര്‍ണരിലും ഭീതിപടര്‍ത്തുന്നു. കേരളം അര്‍ഹിക്കാത്ത ജാതിവിരുദ്ധ സിനിമകള്‍ക്കുവേണ്ടി ഞാന്‍ കാത്തിരിക്കുന്നു. അത്, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടമായിരിക്കും.
സമൂഹത്തിന് അര്‍ഹതയില്ലാത്തത്' എന്ന നിലയ്ക്ക് കലയായി വിശേഷിപ്പിക്കാവുന്ന സമീപകാല സിനിമകള്‍?
ഡി.സി. :സാങ്കേതികമായും പ്രമേയപരമായും അടുത്തകാലത്ത് എന്നെ സ്വാധീനിച്ച ഒരു സിനിമയാണ് 'കര്‍ണന്‍'. പ്രാചീന ഗ്രീക്ക് നാടകം, മിത്തുകള്‍, നിശബ്ദസിനിമ എന്നിവയുടെ ഘടകങ്ങള്‍ ഉപയോഗിക്കുന്ന ഈ സിനിമ ജാതി അടിച്ചമര്‍ത്തലിനെ വെല്ലുവിളിക്കുന്നു. മലയാള സിനിമയില്‍, ഇടതു പ്രവര്‍ത്തകനും ചിന്തകനുമായ ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഇറങ്ങിയ 'ചാവേര്‍' (2022) എന്നെ വളരെയേറെ ആകര്‍ഷിച്ചിരുന്നു. മറ്റൊന്ന് 'പട' (2022) ആണ്. പാലക്കാട് ജില്ലാ കളക്ടറെ അയ്യങ്കാളിപട എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ബന്ദിയാക്കിയ സംഭവത്തെയാണ് ഇത് പ്രമേയമാക്കിയത്. രണ്ടു സിനിമകളും, 'വര്‍ഗസിദ്ധാന്ത'ത്തിന്റെ മറ ഉപയോഗിച്ചുകൊണ്ട്, ജാതി വിരുദ്ധ സിദ്ധാന്തത്തെയും പോരാട്ടത്തെയും നിര്‍വീര്യമാക്കുന്ന സവര്‍ണതന്ത്രത്തെ തുറന്നു കാണിക്കുന്നതാണ്.
ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ ആരും ജാതിയെക്കുറിച്ച് മിണ്ടുന്നില്ല. വളരെ മുമ്പു തന്നെ താഴ്ന്ന ജാതിക്കാരനായ മഹാനടന്‍ തിലകന്‍ (1935-2012), മലയാള സിനിമയിലെ സവര്‍ണാധിപത്യത്തിനും, സൂപ്പര്‍സ്റ്റാറുകളുടെ സവര്‍ണബിംബാരാധനയ്ക്കുമെതിരെ ഒറ്റയാള്‍ കലാപം നടത്തിയിരുന്നു. സിനിമയിലെ സവര്‍ണ അധികാരകേന്ദ്രം തിലകനെ വിലക്കിയതിനെക്കുറിച്ച് ഹേമകമ്മിറ്റി പറയുന്നുണ്ട്. ജാതിയെ അഭിസംബോധന ചെയ്യാത്ത മറ്റെല്ലാ മേഖലകളെയും പോലെയാണ് മലയാള സിനിമയും. ജാതിവിരുദ്ധ രാഷ്ട്രീയത്തെ, 'സ്വത്വരാഷ്ട്രീയ'-മെന്നോ 'അധമരാഷ്ട്രീയ'മെന്നോ അക്ഷേപിക്കുന്ന സിപിഐ(എം)ന് ഇന്നത്തെ അവസ്ഥയ്ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. സിപിഐ(എം)ന്റെ സഹയാത്രികരാണ്, നിങ്ങള്‍ പരാമര്‍ശിച്ച ഫ്യൂഡല്‍ സിനിമകള്‍ എടുത്തത്. സവര്‍ണമേല്‍കകോയ്മയുടെ വര്‍ഗസിദ്ധാന്തവും ഫ്യൂഡല്‍ സ്ത്രീവിരുദ്ധതയും തമ്മിലുള്ള ഈ കെട്ടുപാട് എങ്ങനെ തകര്‍ക്കാം?
ഡിഡി : ഒരു ചെറിയ അഭിമുഖത്തില്‍ ഉത്തരം പറയാവുന്നത്ര ലളിതമല്ല, ചോദ്യം. അല്പം ചരിത്രത്തില്‍ നിന്നും തുടങ്ങാം. എനിക്കറിയാവുന്ന മലയാള സിനിമയും സാഹിത്യവും അക്കാദമിക - രാഷ്ട്രീയ പ്രമേയങ്ങളായ 'പോസ്റ്റ്-കൊളോണിയല്‍-ഡീ കൊളോണിയല്‍-സ്റ്റഡീസി'നു സമാന്തരമായിട്ടാണ് സഞ്ചരിക്കുന്നത്. അംബേദ്കര്‍ ആവിഷ്‌കരിച്ച ഭരണഘടനാക്രമവും അവര്‍ണ ഭൂരിപക്ഷത്തിന് അനുവദിച്ച മിനിമം സംവരണവും, ജാതിയുടെ സാംസ്‌കാരിക-മതാത്മക മഹിമയില്‍ നിന്നുള്ള പൂര്‍ണപതനത്തിനു കാരണമായെന്ന്്, 1980-കളില്‍ സവര്‍ണ അക്കാദമിക്കുകള്‍ വാദിക്കാന്‍ തുടങ്ങിയിരുന്നു. 'ഇടതു' 'ഉദാര' സവര്‍ണര്‍ക്ക് ഈ പതനത്തിന്റെ തുടക്കം കൊളോണിയല്‍ ഭരണത്തിലാണെങ്കില്‍, സംഘ്പരിവാറിന് മുഗള്‍ ഭരണകാലത്തിലാണെന്ന വ്യത്യാസമെയുള്ളു.
1980-കളില്‍, മണ്ഡല്‍ കമിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്ന്, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒബിസി - ദലിത് മുന്നേറ്റമുണ്ടായി, ഇതിനോടുള്ള പ്രതികരണം മലയാള സിനിമയിലുമുണ്ടായി. ഹിന്ദിസിനിമയിലും ഇതു കാണാം. സവര്‍ണരുടെ പരമ്പരാഗത പദവിയുടെ നഷ്ടം ഒരു വലിയ ദുരന്തമായി ചിത്രീകരിക്കപ്പെട്ടു. അടൂര്‍ ഗോപാലകൃഷ്ണന്റെ 'എലിപ്പത്തായം' നല്ല ഉദാഹരണമാണ്. ഫ്യൂഡല്‍ കുടുംബത്തിന്റെ തകര്‍ച്ചയെ നിസ്സഹായനായി നോക്കിനില്‍ക്കുമ്പോള്‍ തന്നെ, കുടുംബത്തലവനായ നായര്‍ പുരുഷന്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതാണ് പ്രമേയം. 'അഴകിയല്‍'പര (aesthetically)മായി രസകരമായ മുഹൂര്‍ത്തങ്ങളുണ്ടെന്നത് മറക്കുന്നില്ല.
തുടര്‍ന്ന്, ഇതേ പ്രമേയങ്ങളുള്ള കച്ചവട സിനിമകളില്‍ പതിവ് സംവരണവിരുദ്ധര്‍ക്ക് ആക്രോശങ്ങള്‍ നിറഞ്ഞു. ഇപ്പോള്‍ സവര്‍ണ, സാങ്കല്പിക അവര്‍ണ വില്ലനെ തിരിച്ചടിക്കാന്‍ കഴിയുന്നു. ഇക്കൂട്ടത്തില്‍, ഏറ്റവും വഷളമായ സിനിമയുടെ പേരു തന്ന 'ആര്യന്‍' (1988) എന്നായിരുന്നു. ജാതിയെ വാഴ്ത്തുന്നതും സ്ത്രീവിരുദ്ധവുമായ ഇത്തരം സിനിമകളിലൂടെയാണ് കേരളത്തിന്റെ പ്രത്യേകതയായ കോമിക് ആണത്തവും താരപദവിയും സൃഷ്ടിക്കപ്പെട്ടത്. താങ്കള്‍ പറഞ്ഞതുപോലെ, ഇത്തരം സിനിമകള്‍ ചെയ്തത്, സിപിഐഎമ്മിനും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രിയപ്പെട്ടവരാണ്.
ഫ്യൂഡല്‍ - ജാതീയ - സംവരണ വിരുദ്ധ ഇസ്‌ലാമോഫോബിക് സിനിമാക്കാര്‍, സിപിഐഎമ്മിന്റെ ആശയത്തകര്‍ച്ചമൂലം വലിയ ജനസമ്മതി നേടിയിട്ടുണ്ട്. കേരളത്തിനുപുറത്തുള്ളവര്‍ക്ക് ഇതു മനസിലാക്കാന്‍ വിഷമമാണ്. നിങ്ങളെയും ഷാജ്‌മോഹനെയും കമ്യൂണിസ്റ്റുകാരായിട്ടാണ് കേരളത്തിലെ പല ബുദ്ധിജീവികളും അറിയുന്നത്. നിങ്ങള്‍ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റുകള്‍ ആയിരിക്കുന്നത് ഏതര്‍ഥത്തിലാണ്?
ക്രിമിലെയറിനെയും സവര്‍ണര്‍ക്കുള്ള EWS സംവരണത്തെയും സിപിഐഎം പിന്തുണച്ചു. ഷാജ്‌മോഹനും ഞാനും കോണ്‍ഗ്രസിനെക്കുറിച്ച് വിമര്‍ശനപരമായി എഴുതിയിട്ടുണ്ട്. ആര്‍എസ്എസിനും അനുബന്ധ സംഘടനകള്‍ക്കുമെതിരെ എല്ലായ്‌പ്പോഴും എഴുതുന്നു. എന്നാല്‍, പേരില്‍ 'കc്യൂണിസ്റ്റ്', 'മാര്‍ക്‌സിസ്റ്റ്' എന്നു വിശേഷണമുള്ള പാര്‍ട്ടികളെക്കുറിച്ച് പൂര്‍ണമായ വിമര്‍ശനം എഴുതിയിട്ടില്ല. താങ്കള്‍ പരാമര്‍ശിച്ച 'ഏപ്രില്‍ തീസിസി'ല്‍ ഇതെല്ലാമുണ്ട്. തല്‍ക്കാലം നമുക്ക് മറ്റൊരു രീതിയില്‍ ഈ പ്രശ്‌നത്തെ കാണാം. ഒരു സാധനത്തിന്റെ പേരും അതിന്റെ അര്‍L-സ്വഭാവവുമായി ഒരു ബന്ധവുമില്ല. 'ഏയ്ഞ്ചലിക്ക' എന്നു പേരുള്ള ഒരു സ്ത്രീയ്ക്കും, ഒരു നരഹത്യയുടെ ആസൂത്രകയാകാമല്ലോ.
സാധാരണ അര്‍ഥത്തില്‍, ഞാനൊരു മാര്‍ക്‌സിസ്റ്റ് അല്ല. രാഷ്ട്രീയ ചിന്തയിലും തത്വചിന്തയിലും മാര്‍ക്‌സ് വലിയ വിച്ഛേദനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. ക്രമങ്ങളുടെ സമന്വയമാണ് സമൂഹമെന്ന് അദ്ദേഹം സമര്‍ഥിച്ചു. സമൂഹത്തിലെ ഭൂരിപക്ഷത്തെ, ഒരു ന്യൂനപക്ഷം അടിച്ചമര്‍ത്തുന്നതിലൂടെയാണ് അധികാരം നിലനില്‍ക്കുന്നത്. ഭൂരിപക്ഷത്തെ ചൂഷണം ചെയ്തുകൊണ്ടാണ്, ന്യൂനപക്ഷം അവരുടെ സമ്പത്തുണ്ടാക്കുന്നത്. സമൂഹത്തെ മൊത്തത്തില്‍ മനസ്സിലാക്കണമെങ്കില്‍, അടിസ്ഥാന പരിവര്‍ത്തന മുഹൂര്‍ത്തങ്ങള്‍ പഠിക്കണം. ഉദാഹരണത്തിന്, യൂറോപ്പില്‍ ഫ്യൂഡലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ ആശയങ്ങളുടെ രംഗത്തെ അസാധാരണ മാറ്റങ്ങള്‍ അടങ്ങിയിട്ടുണ്ട്. മതത്തിന്റെ സ്ഥാനത്ത് വിനോദവും 'സംസ്‌കാര'വും സ്ഥാപിതമായി. ഭൗതിക പ്രയോഗങ്ങളിലൂടെ രൂപം കൊള്ളുന്ന പുതിയ ക്രമങ്ങളുടെ സയന്‍സ് ആയി ചരിത്രത്തെ സമീപിക്കുന്ന ചിന്താപദ്ധതിയാണ് എന്റേത്. ഇത് മാര്‍ക്‌സിസത്തെ മറികടക്കുന്നു. ഇന്ത്യയിലെ 3000 കൊല്ലത്തെ ജാതിചരിത്രം മനസിലാക്കാന്‍ മാര്‍ക്‌സിസം അപര്യാപ്തമാണ്.
എന്നാല്‍, ഞാനൊരു കമ്യൂണിസ്റ്റാണ്. സമത്വപൂര്‍ണ്ണലോകവും യഥാര്‍ഥ ജനാധിപത്യവും സാധ്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. രാഷ്ട്രീയത്തിന്റെ ലക്ഷ്യം അതുമാത്രമാണ്. രാഷ്ട്രീയത്തെ ദിവ്യത്വവത്കരിക്കുന്ന പ്രതി-രാഷ്ട്രീയവും ഫാഷിസവുമുണ്ടെങ്കിലും, അത് സാധ്യമാണ്.
ഡബ്ല്യുസിസി ജാതിവിരുദ്ധമായ എന്തെങ്കിലും നിലപാട് എടുത്തതായി എനിക്കറിയില്ല 'പൊതുവായ സ്ത്രീകള്‍' നേരിടുന്ന പ്രശ്‌നങ്ങളാണ് അവരുടെ അജണ്ടയെന്നു തോന്നുന്നു. അവരുടെ ധൈര്യം, പ്രശംസാര്‍ഹമാണെങ്കിലും, ജാതിയെക്കുറിച്ചുള്ള മൗനം അസ്വസ്ഥയുണ്ടാക്കുന്നു. ഡബ്ല്യുസിസിക്കു നല്‍കാന്‍ എന്തെങ്കിലും സന്ദേശമുണ്ടോ?
ഡിഡി : ഞാന്‍ ഒരു തത്വചിന്തകമാത്രമാണ്. അവര്‍ക്കായി എന്ത് സന്ദേശമാണ് എനിക്ക് നല്‍കാന്‍ കഴിയുക? എന്നാല്‍, ഒരു അക്കാദമിക് എന്ന നിലയില്‍, ലൈംഗികചൂഷണത്തിനെതിരായ സമരത്തിന്റെ ആദ്യവേദി അക്കാദമികളാണെന്നാണ് എനിക്ക് തോന്നുന്നത്. ജാതി അടിച്ചമര്‍ത്തലും ലൈംഗികചൂഷണവും തമ്മിലുള്ള ബന്ധത്തെ മുന്‍നിര്‍ത്തി പ്രക്ഷോഭം നയിച്ച ധീരയുവതിയാണ് റായ സര്‍ക്കാര്‍. റോസിയെപ്പോലെ റായയും പിന്‍വാങ്ങുകയും മറയുകയും ചെയ്തു. ഡബ്ല്യുസിസിയിലെ സ്ത്രീകളുടെ ധൈര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഇത്രയും കരുത്തരായ ഒരു കൂട്ടം സ്ത്രീകള്‍ മുഖ്യധാരയില്‍തന്നെ യുദ്ധം നടത്തുന്നത് ഇന്ത്യയില്‍ മറ്റൊരിടത്തും കണ്ടിട്ടില്ല. അവരുടെ ചില പ്രസ്താവനകളും അഭിമുഖങ്ങളും ഞാന്‍ കണ്ടിരുന്നു. തിരുവോത്തിന്റെ സംസാരം കൃത്യവും രസകരവുമാണ്. ഒരു വക്കീലിനെപ്പോലെയാണ് കല്ലിങ്ങള്‍ വാദങ്ങള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍, അവര്‍ ജാതിയെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാകണം. സിനിമയിലും കേരള സമൂഹത്തിലും ജാതിയ്‌ക്കെതിരരായ പോരാട്ടത്തിനു തുടക്കമിടണം. കാരണം, 'പൊതുവായസ്ത്രീ' എന്നൊന്നില്ല, ഈ സ്ത്രീ, ഈ പ്രത്യേക സ്ത്രീ മാതം! സിനിമയിലെ മേക്കപ്പ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ദലിത് സ്ത്രീയോ, ട്രെയിനില്‍ ഒറ്റയ്ക്കു യാത്രചെയ്യുന്ന പഷ്മന്ദ മുസ്‌ലിം സ്ത്രീയോ, ഓഫീസില്‍ മേലുദ്യോഗസ്ഥന്റെ പീഡനത്തിനിരയാകുന്ന മേല്‍ജാതി സ്ത്രീയോ ആണ് യഥാര്‍ഥത്തിലുള്ളത്. ജാതിവിരുദ്ധ നിലപാടിന് മുഖ്യധാരാമാധ്യമങ്ങളുടെ പിന്തുണകിട്ടില്ലെന്നറിയാം. എന്നാലും ഡബ്ല്യുസിസി മുന്നോട്ടു വരുമെന്ന് വിശ്വസിക്കുന്നു. ഡോ. അംബേദ്കറുടെ പുസ്തകങ്ങള്‍ നിറഞ്ഞ ഒരു ബുക്ക് ഷെല്‍ഫിനുമുന്നിലിരുന്ന് അഭിമുഖം നല്‍കി പത്മപ്രിയ അതിനു തുടക്കമിടുന്നത് ഞാന്‍ കണ്ടു. ജാതി അടിച്ചമര്‍ത്തലിന്റെ യഥാര്‍ത്ഥലക്ഷ്യത്തെ അഭിസംബോധനചെയ്യാതെ, ഒരു 'സ്ത്രീസമര'വും വിജയിക്കില്ല.
നിങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മലയാള സിനിമാക്കാരന്‍?
ഡിഡി : കലയിലെ സാങ്കേതികതകളില്‍ എനിക്ക് താല്‍പര്യമുണ്ട്. സാങ്കേതികവിദ്യകളുടെ ഉത്ഭവവും പെട്ടെന്നുള്ള വ്യതിയാനവും തേടി ഞാന്‍ സാഹിത്യത്തെക്കുറിച്ച് പഠിക്കുന്നു. ഈ അര്‍ഥത്തില്‍, വിദ്യാര്‍ഥികാലത്താണ് ജി. അരവിന്ദന്റെ സിനിമകള്‍ കണ്ടതെങ്കിലും, അദ്ദേഹം എന്നില്‍ കൗതുകമുയര്‍ത്തിയിട്ടുണ്ട്. ജാതിവിരുദ്ധ സിനിമയായ 'വാസ്തുഹാര'യില്‍ ഒരു സങ്കീര്‍ണ മുഹൂര്‍ത്തമുണ്ട്. ബംഗാളിലെ ഭവനരഹിതരായ ദലിതരെ ആന്‍ഡമാന്‍ ദീപുകളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ 'ഇന്ത്യന്‍ പുരോഗതി' എന്ന കപ്പലില്‍ കയറ്റുന്ന ഒരു നീണ്ട ദൃശ്യം. വളരെ അവിസ്മരണീയം! ഒ.വി വിജയനെപോലെ അരവിന്ദനും ആദ്യം കാര്‍ട്ടുണിസ്റ്റായിരുന്നുവെന്ന് പിന്നീട് ഞാനറിഞ്ഞു. ജീവിതത്തിന്റെ സന്ദിഗ്ദ്ധതകളില്‍, ഒരു കാര്‍ട്ടൂണിസ്റ്റിന്റെ അമൂര്‍ത്തവും ആക്ഷേപഹാസ്യപ്രധാനവുമായ ഒരു സമീപനം പല മലയാളികളിലും ഞാന്‍ കാണുന്നു.
ദിവ്യ ദ്വിവേദി: ഇന്ത്യാക്കാരിയായ ഒരു തത്വചിന്തകയാണ് ദിവ്യ ദ്വിവേദി. അവര്‍ ഷാജ്‌മോഹനുമായിചേര്‍ന്ന് രചിച്ച കൃതികളാണ് 'ഗാന്ധി ആന്‍ഡ് ഫിലോസഫി: ഓണ്‍ തിയോളജിക്കല്‍ ആന്റി-പൊളിറ്റിക്‌സ്' (ബ്ലൂസ്‌ബെറി, 2019), 'ഇന്ത്യന്‍ ഫിലോസഫി, ഇന്ത്യന്‍ റെവല്യൂഷന്‍; ഓണ്‍കാസ്റ്റ് ആന്റ് പൊളിറ്റിക്‌സ്' (എഡി. മായേല്‍ മോണ്ടെവില്‍, Hurst, Westland, 2024)
ദീപ്തികൃഷ്ണ: എഴുത്തുകാരിയും ഗവേഷകയുമാണ് (CUSAT, COCHI) അച്ചടിമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങളം കവിതകളും എഴുതുന്നു. ആദ്യകവിതാസമാഹാരം, 'ദി ഷാഡോ ഓഫ് മൈ ലൈഫ്' 2020-ല്‍ കൃഷ്ണദീപ്തി എന്ന തൂലികാനാമത്തില്‍ പുറത്തിറങ്ങി. കേരളത്തിലെ അറിവൊളി പ്രസ്ഥാന നേതാക്കളിലൊരാളായ പൊയ്കയില്‍ അപ്പച്ചന്റെ ജീവചരിത്രം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട് 'പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്‍' (കാണാത്ത കത്തുകള്‍ : 2023) എന്ന പേരില്‍.
(മക്തൂബ് ഇംഗ്ലീഷ് ഓണ്‍ലൈന്‍ ജേര്‍ണലില്‍ സെപ്റ്റംബര്‍ 18ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ മൊഴിമാറ്റം.)