Quantcast
MediaOne Logo

അക്ഷരങ്ങളെ ദൈവമായിട്ടാണ് ഞാന്‍ കാണുന്നത്, എന്നെ താങ്ങി നടത്തുന്നത് എഴുത്ത്

ശരിക്കും പറഞ്ഞാല്‍ ജാതിയും, മതവും നിയന്ത്രിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ എല്ലാവരും ഇന്ന് കടന്ന് പോകുന്നത്. ഇതിന് ഒരു മാറ്റം പെട്ടന്ന് വരും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, കഴിഞ്ഞ കാലങ്ങളെ വെച്ച് നോക്കുമ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതായും കാണാം. | അഭിമുഖം: എം.ആര്‍ രാധാമണി / റഹുമത്ത് എസ്.

അക്ഷരങ്ങളെ ദൈവമായിട്ടാണ് ഞാന്‍ കാണുന്നത്, എന്നെ താങ്ങി നടത്തുന്നത് എഴുത്ത്
X

ഇരുണ്ട ഓര്‍മകളാല്‍ വേട്ടയാടപ്പെട്ട ഒരുവളുടെ കിതപ്പു മാറാത്ത വാക്കുകളാണ് രാധാമണിയുടെ കവിതകള്‍ എന്ന് വായിച്ചിട്ടുണ്ട്. ഉള്ളിലെ ആര്‍ത്തലക്കുന്ന പുഴ വാക്കിന്റെ വെള്ളത്തുള്ളികളായി പരിണമിച്ചതാണോ കവിത?

അതെ, ഉള്ളിലൊരുപാട് സങ്കടങ്ങള്‍ ഇങ്ങനെ കൂടുകൂട്ടി ഇരിക്കുമ്പോ ചിലതൊക്കെ എന്നെ വിട്ടു പറന്ന് പോകുന്നതുപോലെ തോന്നും, അതാണ് പിന്നീട് കവിതാകളാക്കുന്നത്. എനിക്ക് ജീവിതം തന്നത് അത്രേം കണ്ണീരും സങ്കടങ്ങളുമാണ്. എനിക്കൊരു അഞ്ച് വയസുള്ളപ്പോള്‍ എന്റെ അനിയത്തിയെ മറവു ചെയ്തത് കണ്ടാണ് എന്റെ സങ്കടങ്ങളുടെയൊക്കെ തുടക്കം. ജീവിതം ഏതാണ്ട് തീരാറായപ്പോഴും സങ്കടങ്ങളില്‍ നിന്ന് സങ്കടങ്ങളിലേക്ക് തന്നെയാണ് പോകുന്നത്. മക്കളുടെ സ്‌നേഹവും, സാമിപ്യവും കിട്ടുമ്പോഴാണ് ഒരു പരുതിവരെ എന്റെ സങ്കടങ്ങള്‍ കുറയുന്നത്. അത് കഴിഞ്ഞാല്‍ പിന്നെ കവിതകളും ഓര്‍മക്കുറിപ്പുകളും, ചെറുകഥകളുമൊക്കെയാണ്. അക്ഷരങ്ങളെ ദൈവമായിട്ടാണ് ഞാന്‍ കാണുന്നത്. എന്നെ താങ്ങി നടത്തുന്നത് അക്ഷരങ്ങളാണെന്നാണ് എന്റെ വിശ്വാസം.

ദലിത് സാഹിത്യമായി അറിയപ്പെടുന്നതില്‍ കൂടുതലും ദലിത് പുരുഷന്മാര്‍ എഴുതിയ കവിതകളാണ്. കുറച്ച് സ്ത്രീകള്‍ മാത്രമെ ദലിതരില്‍ നിന്ന് സാഹിത്യ ലോകത്ത് പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. മാറിയ സാമൂഹ്യ സാഹചര്യത്തില്‍ ഇതിന് മാറ്റമുണ്ടാവുമെന്ന് കരുതുന്നുണ്ടോ?

തീര്‍ച്ചയായും മാറ്റമുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. ഇപ്പോള്‍ ഒരുപാട് പുതിയ ദലിത് സ്ത്രീകളും, ദലിത് സാഹിത്യങ്ങളും മുന്നോട്ട് കടന്നുവരുന്നുണ്ട്. ദലിത് സ്ത്രീകള്‍ അല്ലാത്തവരും ദലിത് സാഹിത്യത്തെ അംഗീകരിക്കുന്നുണ്ട്. പുതിയ എല്ലാ എഴുത്തുകാരും കാര്യങ്ങളൊക്കെ നന്നായി മനസ്സിലാക്കി നല്ല രീതിയില്‍ എഴുതുന്നുണ്ട്. എന്നെ അപേക്ഷിച്ചു നോക്കിയാല്‍ അവരൊക്കെ എത്രയോ നന്നായിട്ടാണ് എഴുതുന്നത്. അവരുടെ എഴുത്തുകളോടും അവരോടും സ്‌നേഹവും ബഹുമാനവുമാണ് എനിക്ക്.

രാധാമണിയുടെ കവിതകളില്‍ മരണമിങ്ങനെ നിഴലിക്കുന്നതായി കാണാം. എല്ലാം മറികടക്കാനാവുന്നത് മരണത്തിലൂടെയാണ് പ്രതീക്ഷിക്കുന്നതെന്നും കുറിക്കുന്നു ?

ഒന്നാമത് ആയിട്ട്, ഞാന്‍ ഒരിക്കലും ആത്മഹത്യയെ പ്രോത്സാഹിപ്പികുകയോ അത് ശരിയാണെന്ന് ചിന്തിക്കുകയോ ചെയ്യുന്ന ഒരാളല്ല. മരണത്തിന്റെ നിഴല്‍ എന്റെ കവിതകളില്‍ ഉള്ളത് സ്വാഭാവികമായി കടന്നു വരുന്നതാണ്. ഞാന്‍ ഒരിക്കലും മരണത്തെ പ്രോത്സാഹിപ്പിച്ച് എഴുതുന്നതല്ല. അങ്ങനെ വരുന്നുണ്ടെങ്കില്‍ അതെന്റെ സങ്കടം കൊണ്ട് വരുന്നതാകാം. മക്കള്‍ കഴിഞ്ഞിട്ടേ ഉള്ളു എനിക്ക് കവിതകളും അക്ഷരങ്ങളും. എന്റെ മൂത്ത മകന്‍ വയ്യാതെ ആശുപത്രിയില്‍ ആയപ്പോഴാണ് ഞാന്‍ അത് തിരിച്ചറിഞ്ഞത്. ആ ഒരു സമയത്ത് എനിക്ക് എഴുതാന്‍ പറ്റാതെയും, ഫോണ്‍ കൈകൊണ്ട് തൊടാന്‍തന്നെ പറ്റാതെ വരുകയും, ടി.വി കാണാന്‍ പറ്റാതെ വരുകയും ചെയ്തു. മക്കളുടെ താഴെ ആണ് എനിക്ക് എഴുത്ത് എന്ന് തിരിച്ചറിഞ്ഞത് ഇതിലൂടെയാണ്. മകന്‍ അസുഖത്തില്‍ നിന്ന് മാറിവന്നപ്പോഴാണ് ഞാന്‍ പഴയപോലെ ആയത്. അവന്‍ പഴയപോലെ ആയില്ലെങ്കില്‍ ഞാന്‍ ഒരിക്കലും എഴുതില്ല എന്ന്തന്നെയാണ് വിചാരിച്ചത്.


ദലിത് അവബോധത്താല്‍ ആത്മബലം നേടിയ കറുപ്പിനെ ദൃശ്യവത്കരിച്ചും അത് ദലിത് ജീവിതത്തിന്റെ സാംസ്‌കാരിക മൂലധനമാക്കി മാറ്റിയതായും കാണാം. രാധാമണിയുടെ കവിതകളില്‍ ദാരിദ്രം കറുപ്പ് തന്നെയാകുന്നു. 'തരിച്ച കതിരുകളില്‍' ഇത് പറയുന്നുമുണ്ട്?

ഒരു കാലഘട്ടത്തിന്റെ ദലിത് ജീവിതം ആണ് തരിച്ച കതിരുകളില്‍ കാണുന്നത്. നേരം വെളുക്കുമ്പോള്‍ തൊട്ട് അന്തിയാകുന്നതുവരെ പാടത്തു നില്‍ക്കുന്നവരുടെ കൂട്ടത്തെയും, തികഞ്ഞ ഗര്‍ഭിണികള്‍ മുതല്‍ പ്രസവിച്ചിട്ട് ഒരുമണിക്കൂര്‍ തികയാത്ത സ്ത്രീകള്‍ വരെ അക്കൂട്ടത്തില്‍ ഉണ്ടാകും. പിഞ്ചുകുഞ്ഞുങ്ങളെ ഉറുമ്പ് കടിച്ച് കൊല്ലുന്നത് പോലെയുള്ള കൊറേ ദുരന്തങ്ങളുടെ കഥ അമ്മ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. അതൊക്കെ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ആ അവസ്ഥയെ കരഞ്ഞുകൊണ്ട് തന്നെ ഇടക്ക് ഇടക്ക് ഞന്‍ ഓര്‍ക്കാറുണ്ടായിരുന്നു. അതാണ് തരിച്ച കതിരുകള്‍ എഴുതനായിട്ട് ഒരു നിമിത്തമായത്.

ആധുനിക വിദ്യാഭ്യാസവും ഭരണഘടനാപരമായ അവകാശവും ദലിതരില്‍ കുറേ പേരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. അവര്‍ കാഴ്ചപ്പാടുകളും നിലപാടുകളും പുതിയ രീതിയില്‍ അവതരിപ്പിക്കുന്നുമുണ്ട്. ജാതി എന്ന സാമൂഹ്യ ഘടന ഇന്ത്യന്‍ സമൂഹത്തെ നിയന്ത്രിക്കുന്ന കാലത്ത് ദലിത് സ്ത്രീകളിലും അവരുടെ ആവിഷ്‌കാരത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാവില്ലേ?

ശരിക്കും പറഞ്ഞാല്‍ ജാതിയും, മതവും നിയന്ത്രിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ എല്ലാവരും ഇന്ന് കടന്ന് പോകുന്നത്. ഇതിന് ഒരു മാറ്റം പെട്ടന്ന് വരും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, കഴിഞ്ഞ കാലങ്ങളെ വെച്ച് നോക്കുമ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതായും കാണാം. എന്റെ മക്കളുടെ ഓട്ടിസം എന്ന മഹാമാരിയില്‍ ഞാന്‍ കുടുങ്ങി കിടക്കുന്നത് കൊണ്ട് വലിയ കാര്യങ്ങളെ പറ്റി പഠിക്കുവാനോ, ശ്രദ്ധിക്കുവാനോ ഉള്ള സാഹചര്യമില്ല. അതുകൊണ്ട് ഞാന്‍ വലിയ കാര്യങ്ങള്‍ ഒന്നും എഴുതാറുമില്ല, പറയാറുമില്ല. അതിന് പറ്റി പറയാന്‍ നന്നായിട്ട് അറിയുകയുമില്ല. ഓട്ടിസം എന്നത് ഒരു രോഗമല്ല. രോഗം ആയിരുന്നേല്‍ ചികിത്സിച്ചു ഭേദമാക്കാമായിരുന്നു. ഇത് ഒരു അവസ്ഥയാണ്. ഓട്ടിസമുള്ള മക്കളുള്ളവര്‍ക്ക് മാത്രമേ അതിന്റെ മാനസികാവസ്ഥ എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. അത് വിട്ട് പുറത്ത് നടക്കുന്ന കാര്യങ്ങളെ പറ്റി ചിന്തിക്കാനുള്ള സമയം ഇല്ല. എന്നെ പോലെ ഒരാള്‍ക്ക് സമയം തീരെ ഇല്ലാത്തത് എന്റെ രണ്ട് മക്കളും അങ്ങിനെ ആയത് കൊണ്ടാണ്. വളരെ വൈകിയാണ് എനിക്ക് മക്കളുണ്ടായത്. രണ്ട്‌പേരും ഓട്ടിസം ബാധിതരാണ്. മൂത്ത മകന്‍ ഇളയ മോന്റെ അത്രയും പോലും തിരിച്ചറിവില്ല. ഒന്നും സംസാരിക്കറില്ല. രണ്ടാമത്തെ ആളാണ് പിന്നെയും അമ്മ എന്നെങ്കിലും വിളിക്കുന്നത്. ആ രണ്ട് അക്ഷരത്തിന്റെ സ്വരവ്യത്യാസം കൊണ്ടാണ് അവന്റെ കാര്യങ്ങള്‍ സാധിച്ചെടുക്കുന്നത്. ചെറുപ്പത്തില്‍ തന്നെ വിധവയും ആകേണ്ടിവന്നു. ഒറ്റക്കുള്ളൊരു ജീവിതം ആയതുകൊണ്ടാണ് എന്റെ ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങളില്‍ മാത്രം ഇപ്പോള്‍ ഒതുങ്ങിക്കൂടുന്നത്. ദലിത് സാഹിത്യത്തെ കുറിച്ചാണെങ്കിലും, രാഷ്ട്രീയ പരമായ കാര്യങ്ങളെ കുറിച്ചാണെങ്കിലും കുറച്ച് കാര്യങ്ങള്‍ മാത്രമേ എനിക്ക് അറിയുകയുള്ളൂ.

എഴുത്തിലുള്ള പ്രോത്സാഹനം ആരായിരുന്നു?

എഴുത്തിലേക്ക് വരാന്‍ എന്നെ ഏറ്റവും പ്രോത്സാഹിപ്പിച്ചത് എന്റെ സഹോദരന്‍ എം.ആര്‍ രേണുകുമാര്‍ ആയിരുന്നു. അവനാണ് എഴുതാന്‍ വേണ്ടി എനിക്ക് ഫേസ്ബുക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തു തന്നത്. സോഷ്യല്‍ മീഡിയയും സ്മാര്‍ട്ട് ഫോണും ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷം ആയിട്ടേയുള്ളൂ. കുറച്ചു സമയം കിട്ടിയാലും ഞാന്‍ മക്കളുടെ കാര്യങ്ങള്‍ തന്നെ ആലോചിച്ച് ഇരിക്കും. ഞാന്‍ ഇല്ലെങ്കില്‍ എന്റെ മക്കളെ ആര് നോക്കും എന്നൊക്കെ ആലോചിച്ച് ഞന്‍ കരയും. അതൊക്കെ എന്റെ രേണുവിന് നന്നായി അറിയാം. അതിനാണ് അവന്‍ എനിക്ക് സോഷ്യല്‍ മീഡിയ എടുത്തുതന്നതും, എഴുതാന്‍ പ്രേരിപ്പിച്ചതും. ആദ്യമൊക്കെ ഞാന്‍ അതില്‍ വരുന്ന പോസ്റ്റുകള്‍ വായിച്ചിരിക്കും. പിന്നെ പതുക്കെ പതുക്കെ ഞാനും എഴുതാന്‍ തുടങ്ങി.


മകന്‍ ആശുപത്രിയിലായതില്‍ പിന്നേ കവിതകളൊന്നും എഴുതിയിട്ടില്ലേ?

അതെ, കഴിഞ്ഞ രണ്ട് ആഴ്ചയോളം എന്നെ ഫേസ്ബുക്കില്‍ കാണാതെ വന്നപ്പോള്‍ പ്രവീണ അപ്പുണ്ണി എന്ന് പറയുന്ന കുട്ടി രാധാമണി രാജു എവിടെയാണ് എന്ന് പറഞ്ഞു ഒരു കുറിപ്പ് ഇട്ടിട്ടുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് ശരിക്കും സന്തോഷവും സങ്കടവും തോന്നി. ഈ കുറിപ്പ് കണ്ടപ്പോള്‍ അക്ഷരങ്ങള്‍ എന്നെ അന്വേഷിക്കുന്നതായി എനിക്ക് തോന്നി. മോന്‍ അവന്റെ ഇഷ്ടങ്ങളിലേക് തിരികെവന്നപ്പോള്‍ ഞാന്‍ എന്റെ ഇഷ്ടങ്ങളിലേക്കും തിരികെ വന്നു. എഴുത്ത് തുടരണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. ഓരോ കവിതകളും എഴുതുമ്പോള്‍ എന്റെ മനസ്സില്‍ ഒരു ഉദ്ദേശമുണ്ട്. ഒരു വരി എഴുതുമ്പോള്‍ അതില്‍ എന്തെങ്കിലും കാഴ്ചപ്പാടോ ചിന്തകളോ പങ്കുവെക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. കവിതകളൊക്കെ അച്ചടിച്ചു വന്നിട്ട് ഒരുപാട് നാളായി. ഇപ്പോള്‍ ഫേസ്ബുക്കില്‍ കുറിപ്പുകളായി എഴുതും. കവിതകളൊക്കെ മാസികകള്‍ക്ക് കൊടുക്കാറാണ് പതിവ്. മാസികകളില്‍ വന്നു കഴിയുമ്പോഴാണ് ഫെയ്‌സ്ബുക്കില്‍ ഇടുന്നത്. മാസികയില്‍ അച്ചടിച്ചു വരുന്നത് കാണുന്നതാണ് സന്തോഷം.

ഇത്ര ദയനീയ അവസ്ഥയിലും കുടുംബത്തില്‍ നിന്നുള്ള സഹായമൊക്കെ എങ്ങനെയാണ്?

കഴിയുന്നതും ബന്ധുക്കള്‍ ഞങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. പെന്‍ഷന്‍ ഉണ്ടായത് കൊണ്ട് സാമ്പത്തികമായിട്ട് സഹായിക്കേണ്ട അവസ്ഥ എനിക്ക് ഇല്ല. ഒരാളുടെ സഹായമാണ് എനിക്ക് വേണ്ടത്. മക്കളില്‍ ആരെങ്കിലും ഒരാള്‍ വയ്യാതായി ആശുപത്രിയില്‍ കൊണ്ടുപോയാല്‍ വീട്ടില്‍ ഇരിക്കുന്ന മോനെ നോക്കാന്‍ ഒരാള്‍ വേണം. ഒരു ആള്‍സഹായം ഞാന്‍ ചോദിക്കും എന്നോര്‍ത്തിട്ടാണെന്ന് തോന്നുന്നു ബന്ധുക്കള്‍ എന്നില്‍ നിന്ന് കഴിയുന്നതും ഒരകലമിട്ട് നില്‍ക്കുന്നത്. അടുത്ത വീട്ടില്‍ ഒരു പരിപാടി നടന്നാല്‍ ബാക്കി എല്ലാവരേയും വിളിച്ചാലും ഈ വീട്ടില്‍ മാത്രം ആരും വിളിക്കാറില്ല. ആര് അവഗണിച്ചാലും, നിന്ദിച്ചാലും, അപമാനിച്ചാലും ഞന്‍ സഹിക്കുന്ന സങ്കടങ്ങള്‍ വെച്ച് ഓര്‍ത്താല്‍ ഈ അപമാനമോ ഒറ്റപ്പെടുത്തലോ ഒരുപരിധിയില്‍ കൂടുതല്‍ എന്നെ ബാധിക്കുന്നില്ല. ആര് അപമാനിച്ചാലും എന്റെ മനസ്സില്‍ കൂടുതല്‍ നേരം തങ്ങി നില്‍ക്കില്ല. എന്നോട് ആര് സ്‌നേഹത്തോടെ സംസാരിച്ചാലും അവരോടൊക്കെ എനിക്ക് സ്‌നേഹവും ബഹുമാനവും മാത്രമേയുള്ളൂ.



ഓട്ടിസം ബാധിതരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ ജില്ലകളിലും ആതുരാലയങ്ങള്‍ തുടങ്ങുന്നതിനെ പറ്റി എന്താണ് പറുന്നത്?

അതെന്റെ ഒരു ആവശ്യം കൂടെയാണ്. ഒരു സ്ത്രീ എന്ന നിലയിലും, അതിലുപരി ഒരു ദലിത് സ്ത്രീ എന്ന നിലയിലും, ഒരു വിധവ എന്ന നിലയിലും എനിക്കതിനെ കുറിച്ച് ഒത്തിരി പറയാന്‍ ഉണ്ട്. എന്റെ രണ്ട് മക്കളും ഓട്ടിസം ബാധിതരാണ്. ഞാന്‍ മരിച്ചു കഴിഞ്ഞുള്ള കാര്യം മാത്രമല്ല, മറിച്ച് ഞാന്‍ രണ്ട് ദിവസം സുഖം ഇല്ലാതെ കിടന്നാല്‍ പോലും നോക്കാന്‍ ആരുംതന്നെ ഇല്ല. ദാരിദ്ര്യം അല്ല എന്റെ പ്രശ്‌നം, ആളില്ലാത്തതാണ് എന്റെ പ്രശ്നം. സഹായിക്കാന്‍ ആളില്ലാത്തതിന്റെ അവസ്ഥയാണ് ഉദ്ദേശിക്കുന്നത്. അനാഥരായി പോകരുത് എന്ന് ഉദ്ദേശിക്കുന്നത് എന്റെ മക്കളുടെ അവസ്ഥ ഓര്‍ത്ത് മാത്രം അല്ല, പ്രസവിച്ച ഒരുപാട് അമ്മമാര്‍ക്ക് വേണ്ടിയാണ്. അനാഥരായാലും, ഓട്ടിസമായാലും, ബുദ്ധി മാന്ദ്യം ആയാലും ഇങ്ങനെയുള്ള കുട്ടികളെ അധിവസിപ്പിക്കാന്‍ വേണ്ടി എല്ലാ ജില്ലകളിലും ഒരു സ്ഥാപനം സര്‍ക്കാര്‍ തലത്തില്‍ തന്നെ തുടങ്ങണം. ഒത്തിരി വൈകി പോയെന്നാണ് എനിക്ക് പറയാന്‍ ഉള്ളത്. ഞാന്‍ ഓരോ ദിവസവും നീറി നീറി ഇങ്ങനെ മരണത്തോട് അടുക്കുന്ന അവസ്ഥയിലാണ്. മരിക്കണ്ട, ഒന്ന് വയ്യാതായാല്‍ സഹായത്തിന് ആരുമില്ല. എനിക്ക് വേണ്ടി മാത്രം അല്ല, എല്ലാ അമ്മമാര്‍ക്കും മക്കള്‍ക്കും വേണ്ടി ഞാന്‍ അപേക്ഷിക്കുകയാണ്. പെട്ടന്ന് തുടങ്ങണം. രേഖാമുലം കലക്ടര്‍ക്കും പഞ്ചായത്തിലും ഒക്കെ ഞാന്‍ അപേക്ഷ കൊടുത്തതാണ്. അവരുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.