Quantcast
MediaOne Logo

ഗ്രേഷ്മ ലോപെസ്

Published: 16 April 2024 12:55 PM GMT

കര്‍ഷകരുടെ ഡിമാന്റുകള്‍ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയത് കോണ്‍ഗ്രസ്സ് മാത്രം - സര്‍വണ്‍ സിംഗ് പാന്തര്‍

അന്‍പത്തിയെട്ട് ദിവസം പിന്നിട്ട രണ്ടാം കര്‍ഷക പ്രക്ഷോഭത്തിനിടെ സായുധസേന വെടിവെച്ച് കൊലപ്പെടുത്തിയ 21 കാരനായ ശുഭ്കരണ്‍ സിംഗിന്റെ ചിതാഭസ്മ കലശയാത്ര കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. ചിതാഭസ്മം വയനാട് കബനി നദിയില്‍ നിമജ്ജനം ചെയ്യുന്നതിന്റെ ഭാഗമായാണ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് മോര്‍ച്ച അധ്യക്ഷന്‍ സര്‍വണ്‍ സിംഗ് പാന്തറിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോടെത്തിയത്. ഒന്നാം കര്‍ഷക പ്രക്ഷോഭകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഞ്ചാബിന്റെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ തിരിച്ചയക്കാന്‍ നേതൃത്വം നല്‍കിയ കര്‍ഷക സമര പോരാളികൂടിയാണ് സര്‍വണ്‍ സിംഗ് പാന്തര്‍. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് മോര്‍ച്ചയുടെ നിലപാടുകളെ കുറിച്ച് അദ്ധേഹം ഗ്രേഷ്മ ലോപെസുമായി സംസാരിക്കുന്നു.

കോണ്‍ഗ്രസ്സ് മാനിഫെസ്റ്റോ
X

2021-2022 ലെ സമരത്തെ തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാകാതെ വന്നപ്പോഴാണല്ലോ, വീണ്ടും സമരം പുനരാരംഭിക്കുന്നത്. അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്യങ്ങളില്‍ ഏതൊക്കെ നടപ്പില്‍ വരുത്തി?

ഒന്നാം കര്‍ഷക സമരത്തിന്റെ ഘട്ടത്തില്‍ കേന്ദ്ര ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചയില്‍, സര്‍ക്കാരുമായി ഒപ്പുവെച്ച കരാര്‍ അനുസരിച്ച്, എം.എസ്.പി - Minimum support price നിയമപരമായി നടപ്പാക്കണം എന്നായിരുന്നു. അത് ചെയ്തിട്ടില്ല. കര്‍ഷക സമരത്തെതുടര്‍ന്നുണ്ടായ മുഴുവന്‍ കേസുകളും - എല്ലാ സംസ്ഥാനങ്ങളിലെയും കേസുകള്‍ - പിന്‍വലിക്കാമെന്ന കരാര്‍ ഉണ്ടായിരുന്നു. അതും ചെയ്തിട്ടില്ല. വൈദ്യുതി ബില്‍ 2020 പാസ്സാക്കുന്നതിന് മുന്‍പ് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയില്‍ കര്‍ഷകര്‍ക്ക് കിട്ടുന്ന ആനുകൂല്യം ഇല്ലാതാവില്ല എന്ന് ഉറപ്പു പറഞ്ഞിരുന്നു. എന്നാല്‍, അത് പാലിക്കപ്പെട്ടില്ല. ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ വണ്ടിയോടിച്ചു കൊന്ന കര്‍ഷകര്‍ക്കും പരിക്ക് പറ്റിയവര്‍ക്കും കൊടുക്കാനുള്ള നഷ്ടപരിഹാരം ഹരിയാന ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും നല്‍കുമെന്ന് കരാറില്‍ ഒപ്പിട്ടിരുന്നു, അതും നടപ്പായില്ല. എന്നുപറഞ്ഞാല്‍, ആ കരാര്‍ ഒപ്പിട്ടതിനുശേഷം മോദി സര്‍ക്കാര്‍ കര്‍ഷകരെ ചതിക്കുകയായിരുന്നു. അപ്പോള്‍ 'മോദി ഗ്യാരണ്ടി' എന്നു പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്. അതുപോലെത്തന്നെ കാലാവസ്ഥ വ്യ്യതിയാനങ്ങളെ തടയുന്നതിലുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞിട്ടുണ്ടായിരുന്നു. അതും നടപ്പാക്കിയിട്ടില്ല. ഇതെല്ലാം സംഭവിക്കുന്നത് ഇവര്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള വികസനമാണ് രൂപപ്പെടുത്തുന്നത് എന്നതുകൊണ്ടാണ്. അതിനെ തടയാന്‍ സാധിക്കുക എന്നത് എല്ലാവരുടെയും ആവശ്യമാണ്. കരാര്‍ ഒപ്പിടുന്നതൊക്കെ പറ്റിക്കാനാണ്, ചതിക്കാനാണ് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അതുകൊണ്ടാണ് രണ്ടാം കര്‍ഷക സമരം ആരംഭിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് ആരവത്തിനിടയില്‍ സമരത്തിന് വേണ്ടത്ര ജനശ്രദ്ധ ലഭിക്കാതെ പോകുന്നുണ്ടോ?

ഞങ്ങള്‍ സമരം തുടങ്ങിയ കാലം മുതല്‍ തന്നെ നരേന്ദ്ര മോദി, മീഡിയയെ നിയന്ത്രിച്ചുകൊണ്ട് സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൊടുക്കാതിരിക്കാന്‍ വളരെയധികം ശ്രമിച്ചുകൊണ്ടിരുന്നു. അത് ഇപ്പോള്‍ രണ്ടാം കാര്‍ഷിക സമരം ആരംഭിച്ചു കഴിഞ്ഞപ്പോള്‍ വളരെ ഭംഗിയായി തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ഞങ്ങള്‍ ശുഭ്കരണ്‍ സിങ്ങിനെ പോലുള്ള രക്തസാക്ഷികള്‍ ഉണ്ടാകുമ്പോള്‍ അത് ഒളിപ്പിച്ചു വെക്കാതെ ആ രക്തസാക്ഷികളുടെ അസ്തികലശവുമായി ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യുന്നത്. അത് സോഷ്യല്‍ മീഡിയ വഴിയും മറ്റു വാര്‍ത്താ മാധ്യമങ്ങള്‍ വഴിയും എത്തേണ്ടിടത്തു എത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കിസാന്‍ മസ്ദൂര്‍ സംഘ് സംഘര്‍ഷ് മോര്‍ച്ചയുടെ നിലപാട് എന്താണ്?

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണെങ്കില്‍, നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ശരിയായി ആലോചിച്ച് വേണം വോട്ട് ചെയ്യാന്‍. എന്നുവെച്ചാല്‍, നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള കൃത്യമായ ധാരണ വേണം. ആ ധാരണയിലാണ് ഞങ്ങള്‍ എം.എസ്.പി - കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക എന്നത് മുന്നോട്ടു വെക്കുന്നത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യാതിരിക്കാന്‍ വേണ്ടിയാണത്. കര്‍ഷകന് അവന്റെ ഉല്‍പ്പന്നതിന് ന്യായമായ വില ലഭിക്കുമ്പോഴാണ് അവന് അന്തസ്സായി ജീവിച്ചുപോകാന്‍ കഴിയുന്നത്. ഡബ്ല്യൂ.ടി.ഒയില്‍ നിന്നും, ഫ്രീ ട്രേഡ് എഗ്രിമെന്റില്‍ നിന്നും ഇന്ത്യ പുറത്തുവരേണ്ടതുണ്ട്. ഈ കാര്യങ്ങളൊക്കെ ആലോചിച്ചുകൊണ്ടാവണം നമ്മള്‍ വോട്ടുചെയ്യേണ്ടത്. മന്ദിര്‍-മസ്ജിദ് എന്ന് പറയുന്ന കാര്യങ്ങളിലൂടെ അല്ല നമ്മള്‍ വോട്ട് ചെയ്യേണ്ടത്. നമ്മള്‍ കൃത്യമായ ചിന്തയിലൂടെ കടന്നുപോയി വോട്ട് രേഖപെടുത്താന്‍ തയ്യാറാവണം. ജനാധിപത്യത്തില്‍ എപ്പോഴൊക്കെ വെല്ലുവിളി ഉണ്ടായിട്ടുണ്ടോ, ആ വെല്ലുവിളി ഉണ്ടായ സമയത്തൊക്കെ ഇന്ത്യയിലെ ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തവണയും ആ തരത്തിലുള്ള തീരുമാനം ഉണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളില്‍ കര്‍ഷകരുടെ വിഷയം എത്രമാത്രം പ്രാധാന്യത്തോടെ അഭിമുഖീകരിക്കുന്നുണ്ട്?

കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഡിമാന്റുകള്‍ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നില്‍ ഞങ്ങള്‍ വെച്ചിട്ടുണ്ടായിരുന്നു. ആ ഡിമാന്റുകള്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ വന്നിട്ടുണ്ട്. എല്ലാ പാര്‍ട്ടികളോടും അപേക്ഷിച്ചെങ്കിലും കോണ്‍ഗ്രസ് മാത്രമാണ് ഉള്‍പ്പെടുത്തിയത്. അതില്‍ അവരോടു നന്ദിയുണ്ട്. ഇനി ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഞങ്ങളെ സംബന്ധിച്ചടുത്തോളം ഞങ്ങളുടെ ഡിമാന്റുകള്‍ പൂര്‍ത്തിയാക്കുന്നതുവരെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകും. കൂട്ടായ്മയോടെ തന്നെ പൊരുതും.

പ്രതിപക്ഷ കക്ഷികളുടെ നീക്കങ്ങളെ, വിശേഷിച്ച് ഇന്‍ഡ്യ സഖ്യത്തെ എങ്ങനെ വിലയിരുത്തുന്നു?

ഇതൊരു പൊളിറ്റിക്കല്‍ ചോദ്യമാണ്. തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പക്ഷത്തു നിന്നു ജനാധിപത്യത്തിന് ഭീഷണി ഉണ്ടാകുമ്പോള്‍, അതിനെ ജനങ്ങള്‍ ഗൗരവമായി കാണുന്നു. കേന്ദ്ര ഗവണ്മെന്റ്, ഇ.ഡി, സി..ബി..ഐ എന്നിവയൊക്കെ ഉപയോഗിച്ചുകൊണ്ടുള്ള പൊളിറ്റിക്‌സ് ആണ് പ്രയോഗിക്കുന്നത്. അതു ഞങ്ങള്‍ കര്‍ഷകരുടെ അടുത്ത് നടക്കില്ല. അതുകൊണ്ടാണ് മോദി, കിസാന്‍ ആന്ദോളനെ ശക്തമായി എതിര്‍ക്കുന്നത്. അപ്പോള്‍, ജനങ്ങള്‍ ഗൗരവമായി ആലോചിച്ചു വോട്ട് ചെയ്യണം. ആ വോട്ട് ചെയ്യുന്നതിലൂടെ ഇന്ത്യയില്‍ പുതിയ മാറ്റം ഉണ്ടാകുമെന്നും ജനാധിപത്യം നിലനിലനില്‍ക്കും എന്നുമാണ് പ്രതീക്ഷിക്കുന്നത്.


എന്തുകൊണ്ടാണ് ശുഭ്കരണ്‍ സിങ്ങിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാന്‍ കബനി നദി തെരഞ്ഞെടുത്തത്?

ഓരോ സംസ്ഥാനങ്ങളിലും കര്‍ഷക സമര നേതാക്കള്‍ എത്തുന്ന സ്ഥലത്തൊക്കെ ചിതാഭസ്മ കലശം നടത്തുന്നുണ്ട്. കബനി തെരഞ്ഞെടുക്കാന്‍ കാരണം, വയനാടിനു ഒരു വലിയ സമര പോരാട്ട ചരിത്രമുണ്ട്. ആ ചരിത്രം കബനിയുമായി ബന്ധപ്പെട്ടതാണ്. കബനി കാവേരിയിലേക്ക് ചേരുന്ന ഒരു പോഷക നദിയാണ്. കാവേരി ഇന്ത്യയില്‍ ഏറ്റവുമധികം കര്‍ഷകര്‍ക്ക് കൃഷിക്ക് വെള്ളമെത്തിക്കുന്ന, മനുഷ്യര്‍ക്ക് കുടിവെള്ളം കൊടുക്കുന്ന ഒരു മഹത്തായ നിധിയാണ്. അതുകൊണ്ട് തന്നെ ആ പുണ്യം ഈ രക്തസാക്ഷിയിലൂടെ കാവേരി ബെല്‍റ്റ് മുഴുവന്‍ പ്രചരിക്കണം. കാവേരി ബെല്‍റ്റ് എന്നുപറയുന്നത് കേരളവും കര്‍ണാടകയും തമിഴ്‌നാടും അടങ്ങുന്നതാണ്. അപ്പോള്‍ ആ കാവേരി ബെല്‍റ്റില്‍ എത്തുന്ന അസ്ഥികലശം കര്‍ണാടകയിലൂടെ, തമിഴ്‌നാട്ടിലൂടെ കടലില്‍ എത്തിച്ചേരും വരെ ഈ പോരാട്ടത്തിന്റെ അലയൊലി ഉയര്‍ന്നു മുന്നോട്ട് പൊയിക്കൊണ്ടിരിക്കും.

ഗ്രേഷ്മ ലോപെസ്: തിരുവനന്തപുരം സെന്റ് സേവിയേര്‍സ് കോളജ് ഇംഗ്ലീഷ് & മീഡിയ സ്റ്റഡീസ് വിദ്യാര്‍ഥിയാണ്.



TAGS :