Quantcast
MediaOne Logo

യു. ഷൈജു

Published: 23 March 2022 12:37 PM GMT

അച്ഛൻ എന്റെ ജീവൻ

കെ കരുണാകരനെ ഓർത്ത് മകൾ പത്മജ വേണുഗോപാൽ

അച്ഛൻ എന്റെ ജീവൻ
X

അച്ഛൻ

ഞാൻ കണ്ട് പഠിച്ചതും വളർന്നതും അഛന്റെ വഴിയായിരുന്നു. ഞാൻ ജനിക്കുമ്പഴേ അഛൻ എം.എൽ.എ ആയിരുന്നു. ആ ജീവിതം കണ്ട് വളർന്ന എനിക്ക് വേറെന്ത് വേണം ആകർഷിക്കാനും അനുകരിക്കാനും. എന്നെയും മുരളിയേട്ടനെയും (കെ മുരളീധരൻ) നന്നായി സ്നേഹിച്ച അഛനോട് തന്നെയായിരുന്നു ഞങ്ങൾ രണ്ടാൾക്കും കൂടുതൽ ഇഷ്ടം.

എന്റെ ചെറുപ്പകാലത്ത് അഛനെ ഒന്ന് കാണാൻ ഏറെ കൊതിച്ച സമയമുണ്ട്. ഗേറ്റിൽ അഛനെ കാത്തിരുന്ന് ഉറങ്ങിയ എന്നെ അഛൻ എടുത്ത് കൊണ്ട് കിടത്തിയ അനുഭവം വരെയുണ്ട്. അഛനെ കാണാണ്ട് ജീവിച്ച കാലമായിരുന്നു എന്റെ ചെറുപ്പകാലം. അഛന് യാത്രകളും പരിപാടികളുമായി തിരക്കോട് തിരക്ക്. രാവിലെ ഡൽഹിയിൽ നിന്ന് പ്രാതൽ കഴിച്ച് തിരുവനന്തപുരത്ത് നിന്ന് ഉച്ചഭക്ഷണം കഴിച്ച് കണ്ണൂരിൽ ഉറങ്ങിയിരുന്ന അച്ചൻ, അതായിരുന്നു അഛന്റെ തിരക്ക്. അഛനില്ലാത്തതിന്റെ കുറവ് അറിയിക്കാതെ ഞങ്ങളെ വളർത്തിയത് അമ്മയായിരുന്നു. എന്റെ കല്യാണ ദിവസം അഛൻ പ്രതിയായ ഒരു കൊലക്കേസ് സംബന്ധിച്ച് വാദം നടക്കുന്ന കാലം. കല്യാണം മാർച്ച് 25 നായിരുന്നുവെങ്കിൽ മാർച്ച് 12 ന് അഛനെ വെറുതെ വിട്ടുകൊണ്ട് വിധി വന്നു. അതോടെയാണ് വീട്ടിൽ കല്യാണനാളുകളിൽ ഒരു സമാധാനം വീണത്.





മുരളിയേട്ടൻ (കെ മുരളീധരൻ)

ആരോടും മിണ്ടാത്ത, ആരെങ്കിലും വീട്ടിൽ വന്നാൽ കയറി മുറിയിൽ ഇരിക്കുന്ന പ്രകൃതം. വിക്ക് പോലെ ചെറിയ പ്രയാസം ചെറുപ്പത്തിൽ മുരളിയേട്ടന് ഉണ്ടായിരുന്നു. അതുകൂടി ആയതോടെ ഒതുങ്ങി കഴിയുന്ന രീതിയായിരുന്നു. എന്നാൽ, ഇന്ന് മുരളിയേട്ടൻ എത്തിയ നില കണ്ടാൽ അത്ഭുതം തോന്നും. അഛന്റെ ശൈലി കൃത്യമായി പിന്തുടരുന്ന സ്വഭാവമാണ് ഇന്നും. ആരോഗ്യ സംരക്ഷണം അടക്കം എല്ലാ കാര്യങ്ങളിലും അഛന്റെ നിഷ്ഠകൾ അതേ പടി പിന്തുടർന്നാണ് വളരുന്നത്.



അച്ഛൻ എന്റെ ജീവൻ

ഒരു സാധാരണക്കാരന്റെ മക്കളായിട്ടാണ് അമ്മ ഞങ്ങളെ വളർത്തിയത്. അച്ഛന്റ്റെ മക്കളെന്ന നിലയിൽ ആളുകൾ പറയുമ്പോഴും അതിലൊന്നും അഹങ്കരിക്കരുതെന്നാണ് 'അമ്മ പഠിപ്പിച്ചത്. ഏതൊരു ഉയർച്ചക്കും ഒരു താഴ്ചയുണ്ട്. ഞങ്ങൾ കൂടുതൽ അനുഭവിച്ചത് ദോഷങ്ങളാണ്. അതിനിടയിലാണ് രാജൻ കേസും ഒരു കൊലക്കേസുമൊക്കെ അച്ഛനെതിരായി വരുന്നത്. അച്ഛൻ പണ്ടേ മോഡേൺ തിങ്കിങ് ഉള്ള ആളായിരുന്നു. അച്ഛൻ എന്റെ ജീവൻ ആയിരുന്നു. ഒരിക്കലും ചീത്ത പറയാത്ത അച്ഛൻ, എപ്പോഴും വാത്സല്യം മാത്രം തരുന്ന എന്ത് ആവശ്യപ്പെട്ടാലും വാങ്ങിത്തരുന്ന അച്ഛൻ. എന്തും തുറന്ന് പറയാൻ കഴിയുന്ന ഒരാളായിരുന്നു എനിക്ക് അച്ഛൻ. പറയുന്നത് എന്തും കേൾക്കും. കുറച്ച കഴിഞ്ഞ് അതിന്റെ ശരി -തെറ്റുകൾ നമുക്ക് പറഞ്ഞു തരും.



പക്ഷെ, 'അമ്മ അങ്ങനെ ആയിരുന്നില്ല. അച്ഛൻ വീട്ടിലില്ലാതിരുന്നത് കൊണ്ട് തന്നെ 'അമ്മ കൂടുതൽ സ്ട്രിക്ട് ആയിരുന്നു. മാർക്ക് കൊറഞ്ഞതോണ്ട് ചിലപ്പോഴൊക്കെ 'അമ്മ പ്രോഗ്രസ് കാർഡിൽ ഒപ്പിട്ട് തരുമായിരുന്നില്ല. അപ്പോഴൊക്കെ അച്ഛനാണ് ഒപ്പിട്ടു തരിക. അതിന് അമ്മയുടെ കയ്യിൽ നിന്ന് ചീത്ത കേൾക്കുമായിരുന്നു. നമ്മൾ എന്ത് ചെയ്താലും സപ്പോർട്ട് ചെയ്യുന്ന ആളായിരുന്നു അച്ഛൻ. എല്ലാവരും പറയുന്ന പോലെ അത്ര സന്തോഷം നൽകുന്ന കുട്ടിക്കാലമായിരുന്നില്ല ഞങ്ങളുടേത്. അച്ഛൻ എപ്പോഴും വിവാദങ്ങളുടെ ആളായിരുന്നു.

TAGS :