യുഎപിഎ വിഷയത്തില്‍ സി.പി.എമ്മിന്റെ ദേശീയ നിലപാടല്ല, കേരളത്തിലേത് - അഡ്വ. പി.എ ഷൈന
എല്ലാ സമയത്തും തങ്ങള്‍ യുഎപിഎക്ക് എതിരാണ് എന്ന് പറഞ്ഞിട്ടുള്ള പാട്ടിയാണ് സി.പി.എം, പക്ഷെ, ഒരിക്കലും ആക്ടീവായി അതിനെതിരെ ഒരു നിലപാട് സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. | അഭിമുഖം: അഡ്വ. പി. ഷൈന/പി.കെ ജാസ്മിന്‍
സിപിഐ.എം എന്ന പാര്‍ട്ടി ദേശീയ തലത്തില്‍ യുഎപിഎ എന്ന നിയമത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷമെന്ന് അവകാശപെടുന്ന എല്ലാവരുടെയും തന്നെ നിലപാടും രാഷ്ട്രീയ ബോധ്യവും ഇതാണ് എന്ന് തന്നെയാണ് വെപ്പ്. എന്നാല്‍, അത്ഭുതകരമെന്ന് പറയട്ടെ കേരളത്തിലെ ആഭ്യന്തര വകുപ്പ് കഴിഞ്ഞ ആറ് വര്‍ഷമായി ഭരിക്കുന്നത് മുഖ്യമന്ത്രിയായിരുന്നിട്ട് കൂടി യുഎപിഎ എന്ന നിയമം ഉപയോഗിക്കുന്ന രീതിക്ക് ഒരു മാറ്റവുമില്ലെന്ന്് മാത്രമല്ല, വളരെയധികം വികലമായിരിക്കുന്നുവെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായിരുന്നു നിരോധിക്കപെട്ട രാഷ്ട്രീയാര്‍ട്ടിയിലെ അംഗമെന്നാരോപിക്കപെട്ട് വിചാരണ നേരിടുന്ന രൂപേഷിന്റെ യുഎപിഎ കേസുകള്‍ പുനഃസ്ഥാപിച്ച് കിട്ടാനായി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ തിനസെമീപ്പിക്കാനൊരുങ്ങിയെന്ന വാര്‍ത്തകള്‍. എന്നാല്‍, പിന്നീട് എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇത് വേണ്ടെന്ന് വെക്കുകയും ചെയ്തിരുന്നു. രൂപേഷിന്റെ ജീവിത പങ്കാളിയും, സമാനമായ കേസുകളില്‍ യുഎപിഎ ചുമത്തപെട്ട് തടവിലാക്കപ്പെടുകയും ചെയതയാളാണ് ഷൈന. നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന ഷൈനയുടെ പേരിലും കേരളത്തിന് അകത്തും പുറത്തുമായി പതിനഞ്ചോളം കേസുകള്‍ ഉണ്ട്. യുഎപിഎയെന്ന ക്രൂരവും മനുഷ്വത്വ വിരുദ്ധവുമായ നിയമത്തെകുറിച്ചും, തന്റെയും കുടുംബത്തിന്റെയും അനുഭവങ്ങളെ കുറിച്ചും ഷൈന സംസാരിക്കുന്നു.
ദേശീയ തലത്തില്‍ യുഎപിഎക്കും മറ്റു ഭീകര വിരുദ്ധ നിയമങ്ങള്‍ക്കുമെതിരായ നിലപാട് ഉയര്‍ത്തുന്ന സിപിഐ(എം) കഴിഞ്ഞ ദിവസം രൂപേഷിന്റെ യുഎപിഎ കേസുകള്‍ എടുത്തുകളയാനുള്ള കേരള ഹൈക്കോടതിവിധിക്കെതിരെ അപ്പീല്‍ പോകാനൊരുങ്ങിയതും, തുടര്‍ന്നു പരക്കെയുയര്‍ന്ന എതിര്‍പ്പുകളെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിക്കുകയുമുണ്ടായി. ഇതിനെ എങ്ങിനെയാണ് കാണുന്നത്?
ഇതില്‍ പൊതുവായി പരിഗണിക്കുമ്പോള്‍ രണ്ട് വിധത്തിലാണ് കാര്യങ്ങളെ നോക്കിക്കാണേണ്ടതെന്നാണ് തോന്നുന്നത്. ഒന്ന്, രൂപേഷിന്റെ വിഷയത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാട്. രണ്ട്, യുഎപിഎയെന്ന നിയമത്തോട് തന്നെ പാര്‍ട്ടിയെടുക്കുന്ന നിലപാട്. എല്ലാ സമയത്തും തങ്ങള്‍ യുഎപിഎക്ക് എതിരാണ് എന്ന് പറഞ്ഞിട്ടുള്ള പാട്ടിയാണ് സി.പി.എം, പക്ഷെ, ഒരിക്കലും ആക്ടീവായി അതിനെതിരെ ഒരു നിലപാട് സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഉദാഹരണത്തിന്, വെസ്റ്റ് ബംഗാളില്‍ മമതാ ബാനര്‍ജി പരമാവധി യുഎപിഎ കേസുകള്‍ ഒഴിവാക്കാറാണ്. നമുക്കറിയുന്ന പല ആളുകളും അവിടെ സമാനമായ ആരോപണങ്ങള്‍ (മാവോയിസ്റ്റ് ബന്ധങ്ങള്‍) പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടും അവര്‍ക്കെതിരെയൊന്നും യുഎപിഎ ചാര്‍ത്തപെട്ടിട്ടില്ല. എന്നാല്‍, കേരളത്തിലെ കഴിഞ്ഞ ആറ് വര്‍ഷത്തെ സി.പി.എം ഭരണത്തില്‍ നമ്മള്‍ പരിശോധിച്ചാല്‍ വളരെയധികം യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി മനസ്സിലാക്കാന്‍ സാധിക്കും. മാത്രമല്ല, കേരളത്തില്‍ ഇത് വരെയുണ്ടായ യുഎപിഎ കേസുകളിലൊക്കെ തന്നെയും നോക്കിയാല്‍ 50 ശതമാനത്തിലധികം കേസുകള്‍ സിപിഎം എടുത്തിട്ടുള്ളതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
കേരളത്തിലെ യുഎപിഎ കേസുകള്‍ പരിശോധിച്ചാല്‍ വലിയൊരു ശതമാനം കേസുകളും ഇലക്ഷന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന നോട്ടീസ് ഒട്ടിച്ചു, അല്ലെങ്കില്‍ വിവിധ വിഷയങ്ങളുമായി ബന്ധപെട്ട് പോസ്റ്റര്‍ ഒട്ടിച്ചു, അല്ലെങ്കില്‍ മുദ്രാവാക്യം വിളിച്ചു, ഏതെങ്കിലും വിഷയത്തില്‍ പരിപാടി നടത്തി, ജാഥ നടത്തി തുടങ്ങിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കെതിരായാണ് യുഎപിഎ ചാര്‍ത്തപെട്ടിട്ടുള്ളത്.
യുഡിഎഫിനേക്കാള്‍ കൂടുതല്‍ കാലം ഞങ്ങല്‍ ഭരിച്ചത് കൊണ്ടാണ് കൂടുതല്‍ കേസുകള്‍ തങ്ങള്‍ക്കെടുക്കേണ്ടിവന്നതെന്ന് അവര്‍ വാദിച്ചേക്കാം. എന്നാല്‍, ഇത് വലിയൊരു തട്ടിപ്പാണ്. കാരണം, ഇവര്‍ക്ക് ഈ കേസുകള്‍ എടുക്കാതെയും ഇരിക്കാം. അവരാണ് അധികാരത്തിലിരിക്കുന്നത്. പറയുകയാണെങ്കില്‍ കേരളത്തിലേക്കാള്‍ യുഎപിഎ കേസുകളെടുക്കുന്ന സംസ്ഥാനങ്ങള്‍ നിരവധിയാണ്. എന്നാല്‍, അവയെല്ലാം കേരളത്തെ അപേക്ഷിച്ച് കൂടുതല്‍ അക്രമണസാധ്യത നിലനില്‍ക്കുന്ന സംസ്ഥാനങ്ങളാണ്. അതായത് ഛത്തീസ്ഗഢ്, ജാര്‍ഗണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ യുഎപിഎ കേസുകളുണ്ട്. അവയെ കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒട്ടും വയലന്‍സ് പ്രോണ്‍ അല്ലാത്ത സംസ്ഥാനമാണ് കേരളം. കേരളത്തില്‍ എട്ട് പേരെ വെടിവെച്ച് കൊന്നത് പൊലീസാണ്. പെലീസിനെ ഒരാളെ പോലും തിരിച്ച് ആക്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടില്ല. സാധാരണ സമരങ്ങളില്‍ കാണപ്പെടുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഒന്നും തന്നെ മാവോയ്സ്റ്റുകള്‍ ഇത് വരെ കേരളത്തില്‍ ചെയ്തിട്ടില്ല.
യുഎപിഎയുടെ ഉപയോഗം, ദുരുപയോഗം എന്നൊന്നുണ്ടോ? ഇത്തരം, ജാമ്യത്തിന് പരിഗണനയിലാത്ത ഭീകരവിരുദ്ധ നിയമങ്ങളെ എങ്ങിനെ നോക്കി കാണുന്നു?
യുഎപിഎ എന്ന നിയമം കൊണ്ടുവരുന്നത് അന്തര്‍ദേശീയ തലത്തിലുള്ള ത്രീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയിടാനെന്ന പേരിലാണ്. യുഎപിഎയുടെ തന്നെ ആമുഖ ഭാഗങ്ങളില്‍ നോക്കിയാല്‍ അത് കാണാന്‍ പറ്റും. പക്ഷെ, യാഥാര്‍ത്തില്‍ ഇത് എന്തിനാണ് ഉപയോഗിക്കുന്നത്? ആഭ്യന്തര സംഘര്‍ഷങ്ങളെ നേരിടാനും, അതല്ലെങ്കില്‍ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ അതൃപ്തിയെ നേരിടാനായുമാണ് ഇത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത്. കേരളത്തില്‍ ഒരു ഭൂസമരം വരുമ്പോള്‍, ഉദാഹരണത്തിന് ചെങ്ങറ. ഈ സമരം വന്നപ്പോള്‍ ആദ്യം തന്നെ പറയപ്പെട്ടത് എന്താണ്? അതില്‍ മാവോയ്സ്റ്റുകളുടെ ഇടപെടലുണ്ടെന്നാണ്. കേരളത്തില്‍ ഏത് തരത്തിലുള്ള സമരമായിക്കാട്ടോ, അത് സിപിഎം നയിക്കുന്നതല്ല എങ്കില്‍ അതിന് തീവ്രവാദ മുദ്ര ചാര്‍ത്താനാണ് സിപിഎം എല്ലായ്പ്പോഴും ശ്രമിച്ചിട്ടുള്ളത്. ഏത് ജനകീയ സമരം ഉയര്‍ന്ന് വന്നാലും സിപിഎം സ്ഥിരമായി തന്നെ അതിനെ ബ്രാന്‍ഡ് ചെയ്യുന്നത് തീവ്രവാദികള്‍ ഇതില്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്നും, ഇതില്‍ മാവോയ്സ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്നും പറഞ്ഞാണ്. ഇത്തരം സമരങ്ങളിലുള്‍പ്പെട്ട ആളുകളെ മുഴുവന്‍ തീവ്രവാദികളായി മുദ്രകുത്തുകയും, അതില്‍ പങ്കെടുത്ത മാവോയ്സ്റ്റ് അതല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്യുന്നവര്‍ക്കതിരെ ഉടനടി യുഎപിഎ പ്രയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ യുഎപിഎ കേസുകള്‍ പരിശോധിച്ചാല്‍ വലിയൊരു ശതമാനം കേസുകളും ഇലക്ഷന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന നോട്ടീസ് ഒട്ടിച്ചു, അല്ലെങ്കില്‍ വിവിധ വിഷയങ്ങളുമായി ബന്ധപെട്ട് പോസ്റ്റര്‍ ഒട്ടിച്ചു, അല്ലെങ്കില്‍ മുദ്രാവാക്യം വിളിച്ചു, ഏതെങ്കിലും വിഷയത്തില്‍ പരിപാടി നടത്തി, ജാഥ നടത്തി തുടങ്ങിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കെതിരായാണ് യുഎപിഎ ചാര്‍ത്തപെട്ടിട്ടുള്ളത്. യുഎപിഎ എന്നത് ഏറ്റവും മര്‍ദക സ്വഭാവമുള്ളൊരു നിയമമാണ്. ഇതിനൊക്കെ അതുപയോഗിക്കേണ്ടതുണ്ടോ? ഇനി മാവോയ്സ്റ്റ് കേസുകള്‍ തന്നെ നോക്കിയാല്‍ ബഹുഭൂരിപക്ഷം കേസുകളും നിസ്സാരകാര്യങ്ങള്‍ക്കാണ്. ഇപ്പോള്‍ രൂപേഷിന്റെ കേസ് തന്നെ പേരിശോധിച്ചാല്‍ ആദിവാസി മേഖലയില്‍ പോയി ഭക്ഷണം ശേഖരിച്ചു, അവിടെ മരുന്നുകള്‍ വിതരണം ചെയ്തു, അവിടെ രാഷ്ട്രീയ പ്രചരണം നടത്തി തുടങ്ങിയവയാണ്. അതായത് ഈ നിയമം എന്ത് പേര് പറഞ്ഞ് കൊണ്ട് വന്നുവൊ, അതിനല്ല അത് ഉപയോഗിക്കപെടുന്നത്.
മുസ്‌ലിം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയിടാനാണെന്ന്് വെക്കാം; അത് പറഞ്ഞ് കേരളത്തിലെടുത്ത കേസുകള്‍ പരിശോധിക്കാം. പാനായി കുളം കേസ്; അത് എന്തായിരുന്നു? ഒരു മീറ്റിങ് കൂടിയെന്നതാണ് അവര്‍ ചെയ്ത തീവ്രവാദ പ്രവര്‍ത്തനം. അതും ഇന്ത്‌യന്‍ സ്വാതന്ത്ര്യസമരത്തിലെ മുസ്‌ലിംകളുടെ പങ്ക് എന്ന പേരില്‍ ചര്‍ച്ച ചെയ്യാനുള്ള മീറ്റിങായിരുന്നു അത്. അതല്ലാതെ ഇന്ത്യന്‍ ഭരണകൂടത്തെ എങ്ങിനെ അട്ടിമറിക്കാം എന്നതായിരുന്നില്ല ആ മീറ്റിങ്. മറ്റ് കേസുകളൊക്കെ തന്നെ പരിശോധിച്ചാലും, വാഗമണ്‍ കേസ്, സിമി ആയുധ പരിശീലന കേസ് ഇവയൊക്കെ തന്നെയും കെട്ടിച്ചമച്ച കേസുകളാണ്. അതുകൊണ്ട് തന്നെയാണ് ഇവയൊക്കെ ഹൈക്കോടതിയില്‍ പോകുമ്പോള്‍ തള്ളി കളയുന്നത്. വിചാരണ കോടതികളില്‍ എല്ലാ യുഎപിഎ കേസുകളും ശിക്ഷിക്കപ്പെടാറാണ് പതിവ്. കേരളത്തില്‍ മാത്രമാണ് യുഎപിഎ കേസുകളില്‍ നൂറുശതമാനം കണ്‍വിക്ഷന്‍ റേറ്റുള്ളത്. കാരണം, തെളിവുകളേക്കാള്‍ പലപ്പോഴും കോടതികളെ വികാരമാണ് നയിച്ചിട്ടുള്ളത്. നമ്മള്‍ സാധാരണ മറ്റൊരു രാജ്യത്ത് പോയി യുദ്ധം ചെയ്ത, അവിടെ അക്രമണ പ്രവര്‍ത്തനം നടത്തിയ ആളുകളെയാണ് ഐ.എസ് കേസിലൊക്കെ കേസില്‍പെടുത്താറുള്ളത്. ഐയശിന്റെ പേരില്‍ ഇപ്പോള്‍ പിടിച്ചിട്ടുള്ള ആളുകളൊന്നും തന്നെ അത്തരക്കാരല്ല. പരമാവധി തെളിയിക്കാന്‍ പറ്റിയിട്ടുള്ളത് ഇവര്‍ യുദ്ധത്തിനായി പോയി എന്നുള്ളത് മാത്രമാണ്. അവരാണെങ്കിലൊ അവിടെ പോയി മരിച്ചു. മരിച്ച ആളുകളെ നമുക്ക് ശിക്ഷിക്കാന്‍ പറ്റില്ലല്ലോ. അതിനാല്‍ അവരെ കൂടെ പോയതോ, അവര്‍ക്ക് സഹായം ചെയ്തിട്ടുള്ളതോ തുടങ്ങിയ ആളുകള്‍ അതൊക്കൊ വളരെ നിസ്സാരമായ ശതമാനം മനുഷ്യരാണ്. പിന്നെ ഇന്ത്യയുടെ നാഷണല്‍ ഇന്റഗ്രിറ്റിക്ക് കോട്ടം വരുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ വേണം.
യുഎപിഎയുടെ ഉപയോഗം ഇപ്പോള്‍ എത്തിനില്‍ക്കുന്നതെവിടെയാണ്? കാശ്മീരിലെ ജനതയ്ക്ക് സ്വയം നിര്‍ണയാവാകാശം ഉണ്ടെന്ന് പറഞ്ഞാല്‍ അയാള്‍ ജയിലിലാവുന്ന അവസ്ഥയാണ്. എന്നാല്‍, സ്വയം നിര്‍ണയാവകാശമെന്നാല്‍ ആഗോള വ്യാപകമായി തന്നെ ജനാധിപത്യ അവകാശമായി അംഗീകരിക്കപ്പെട്ട ഒന്നാണ് താനും. മാത്രമല്ല ഇന്ത്യ തന്നെ പല സാഹചര്യങ്ങളിലും ഇതിനെ പിന്തുണച്ചിട്ടുണ്ട്. ടിബറ്റിലെ ആളുകളെ ഇന്ത്യ പിന്തുണച്ചിട്ടുണ്ട്. അതേ സമയം നിങ്ങള്‍ ആസാദ് കാശ്മീര്‍ എന്ന് പറഞ്ഞാല്‍ ജയിലിലാവും. ഇതാണ് നിലവിലെ സാഹചര്യം. നിയമത്തെ രാഷട്രീയമായാണ് ഉപയോഗിക്കുന്നത്. യുഎപിഎ സംബന്ധിച്ച് ഒരു ആക്ട്(പ്രവര്‍ത്തി) ചെയ്തുവെന്ന നിലയിലല്ല ഇന്ന് കേസെടുക്കപ്പെടുന്നത്, നിങ്ങള്‍ ഒരു വിഷയത്തോട് സിംപതെസ് ചെയ്താല്‍ പോലും, നിങ്ങളുടെ ആദര്‍ശം കാരണത്താലും നിങ്ങള്‍ ശിക്ഷിക്കപ്പെടുമെന്നതാണ് അവസ്ഥ. എന്നാല്‍, സുപ്രീംകോടതി അത്തരത്തില്‍ കേസെടുക്കെരുെന്ന് വിവിധ കേസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരാശയത്തിന്റെയോ ആദര്‍ശത്തിന്റെയോ പേരില്‍ ഒരാളെ ശിക്ഷിക്കാന്‍ സാധിക്കില്ലെന്ന് നക്കീരന്‍ ഗോപാലന്റെ കേസിലടക്കം സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അതുവരെ ഒരു കേസ് എത്താനെടുക്കുന്ന സമയം, അത് ഭീകരമാണ്. എന്നാല്‍, ഇപ്പോഴിതെല്ലാം തിരിച്ചാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് സംഘടനകളിലൊന്നും അംഗമമാവാതെ ഒരു വ്യക്തിയെന്ന നിലയില്‍ തന്നെ ഭീകരവാദിയാകാം. അത് യുഎപിഎയുടെ പുതിയ ഭേദഗതിയാണ്. ഇതിന്റെയൊക്കെ അടിസ്ഥാനം റൗലത്ത് ആക്ടായിരുന്നു. അതായത് സ്വതന്ത്ര സമര പോരാളികള്‍ക്കെതിരെ നിര്‍മിച്ച് ഒരു നിയമം ഭേദഗതി ചെയ്താണ് യുഎപിഎയില്‍ എത്തി നില്‍ക്കുന്നത്. ഇന്നത്തെ അവസ്ഥയാണെങ്കില്‍ എന്താണ് ഭീകരവാദം എന്ന് മനസ്സിലാവാത്ത അവസ്ഥയിലാണ്. എന്തും ഭീകരവാദമാണ്. ടാഡയും പോട്ടയും യുഎപിഎയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ചോദിച്ചാല്‍ അത് ലിമിറ്റഡായ സമയത്തിന് വേണ്ടിയുള്ള നിയമായിരുന്നു. അതിലൊക്കെ സണ്‍സെറ്റ് ക്ലോസ് എന്നൊന്ന് ഉണ്ടായിരുന്നു. അതനുസരിച്ചിട്ട് അതിന് ശേഷം ആ നിയമം പുതുക്കിയില്ലെങ്കില്‍ അത് ലാപ്സായിപോകും.
രൂപേഷിന്റെ കേസുകളുടെ അവസ്ഥയെന്താണ്? എത്ര വര്‍ഷമായാണ് വിചാരണയില്ലാതെ വിവിധ കേസുകളില്‍ രൂപേഷ് ജയിലില്‍ കഴിയേണ്ടി വരുന്നത്?
യുഎപിഎയ്ക്ക് ജാമ്യം അനുവദിക്കാനുള്ള സമയം വളരെ കൂടുതലാണ്. ആദ്യം അത് 90 ഉം ഇപ്പോഴത് 180 ഉം ദിവസമാണ്. പക്ഷെ, 90 ദിവസം കഴിഞ്ഞാല്‍ പൊലീസിന് ചാര്‍ജ് ഷീറ്റ് സമര്‍പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് എന്തുകൊണ്ട് അന്വേഷിക്കാന്‍ സാധിച്ചില്ല എന്ന് കോടതിക്ക് ബോധ്യപെട്ടാല്‍ മാത്രമാണ് പിന്നീട് 180 ദിവസം വരെ തടവ് നീട്ടികൊണ്ട് പോകാന്‍ സാധിക്കൂ. എന്നാല്‍, പല കോടതികള്‍ക്കും ഇതിനെ കുറിച്ച് അറിയുക പോലുമില്ല. 90 ദിവസം കഴിഞ്ഞാല്‍ വളരെ സാധാരണമായി തന്നെ 180 ദിവസം തടവ് നീട്ടുകയാണെന്നാണ് അവര്‍ കരുതുന്നത്. 180 ദിവസം എന്നാല്‍ ആറ് മാസമാണ്, അപ്പോള്‍ നമ്മള്‍ കരുതും ആറ് മാസം കഴിഞ്ഞാല്‍ ജാമ്യം കിട്ടുമെന്ന്. എന്നാല്‍, ആറ് മാസം കഴിഞ്ഞ് അവര്‍ പേരിന് ഒരു ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കുകയും തുടര്‍ന്ന് അന്വേഷണം നീട്ടികൊണ്ട് പോകാനുള്ള അനുമതി വാങ്ങുകയും ചെയ്യും. യുഎപിഎ കേസുകളുടെ മറ്റൊരു പ്രത്യേകതയെന്താണെന്ന് വെച്ചാല്‍ പ്രഥമ ദൃഷ്യാ കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടുകയാണെങ്കില്‍ കോടതിക്ക് ജാമ്യം അനുവദിക്കാതിരിക്കാം. 43 D5 എന്നാണ് ആ ക്ലോസിന്റെ പേര്. അതായത്, ഒരു കേസില്‍ പ്രഥമദൃഷ്യഠ്യാ കുറ്റമുണ്ട് എന്ന്് കോടതിക്ക് ബോധ്യപെട്ടാല്‍ കുറ്റാരോപിതനെ ജാമ്യത്തില്‍ വിടാതെ കസ്റ്റഡിയില്‍ വെക്കാനുള്ള അധികാരമുണ്ട്. എന്നാല്‍, ഇത് അനന്തമായി ഒരാളെ തടവില്‍ വെക്കാനുള്ള അധികാരമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുളളതാണ്. കെ.എ നജീബ് എന്നയാളുടെ കേസിലാണ് സുപ്രീംകോടതി ഇത് പറഞ്ഞത്. പക്ഷേ, സംഭവിക്കുന്നത് മറിച്ചാണ്.
ഷൈന മക്കള്‍ ആമി, സവേര എന്നിവരോടൊപ്പം
ഏഴ് വര്‍ഷമായി രൂപേഷ് തടവിലാണ്, കഴിഞ്ഞ ഒരു വര്‍ഷമായി രൂപേഷിന്റെ വിചാരണ പല കാരണങ്ങളാല്‍ നീണ്ടു പോകുന്നു. ഇതുവരെയ്ക്കും രൂപേഷിനെ കുറ്റവാളിയെന്ന് തെളിയിക്കന്‍ കഴിഞ്ഞിട്ടില്ല; എന്നാല്‍, ജാമ്യം നല്‍കാനും സാധിച്ചിട്ടില്ല. പലപ്പോഴും പല കാരണങ്ങളാണ്. ഒരു വിചാരണയെന്നാല്‍ നമുക്ക് അത്ര എളുപ്പം ഒന്നും നടത്താന്‍ പറ്റില്ല. അതൊരു ഫെയര്‍ ട്രയലാകണം. എല്ലാവര്‍ക്കും അവരവരുടെ ഭാഗം പറയാനുള്ള അവസരം കിട്ടണം. സാധാരണ എന്‍.ഐ.എയുടെ അല്ലെങ്കില്‍ ഒരു യുഎപിഎ കേസിന്റെ ചാര്‍ജ് ഷീറ്റ് നോക്കിയാല്‍ 3000 പേജ് 4000 പേജാണ,് 500 പേജില്‍ കുറഞ്ഞ ഒന്നുമുണ്ടാവില്ല. ഈ ചാര്‍ജ് ഷീറ്റ് യഥാര്‍ഥത്തില്‍ സി.ആര്‍.പി.സി പ്രകാരം വളരെ ചെറിയ മൂന്നോ നാലോ പേജ് മാത്രം വരുന്ന ഒന്നാണ. ബാക്കിയെല്ലാം ഇവര്‍ അതിന്റെ കൂടെ സമര്‍പ്പിക്കുന്ന രേഖകളാണ്. ഇവരുടെ പേരില്‍ ഉള്ളതും ഇല്ലാത്തതുമായ എഫ്.ഐ.ആറുകള്‍, അവരുമായി ബന്ധപ്പെട്ട മറ്റ് പല രേഖകളും, പല തരത്തിലുള്ള ഡോക്യമെന്റ്സ്, ചിലപ്പോള്‍ പുസ്തകങ്ങല്‍-ചിലപ്പോള്‍ പുസ്തകത്തിന്റെ മുഴുവന്‍ ഉള്ളടക്കവുമുണ്ടാവാറുണ്ട് - അത്രക്ക് വോള്യമുള്ള ഒന്ന്. അപ്പോള്‍ ഒരു ജഡ്ജിക്ക് ഇതൊക്കെ കാണുമ്പോള്‍ ഉണ്ടാവുന്ന ഇപ്രംഷനെന്താണ്? കാര്യമായ പ്രശ്നങ്ങളുണ്ട്. കാരണം ഒറ്റയടിക്ക് ഇതൊക്കെ വായിച്ചിട്ട് അസസ് ചെയത് ഒരു നിഗമനത്തിലെത്താന്‍ പറ്റില്ലല്ലോ. അത് വിചാരണയില്‍ കൂടെ മാത്രമെ സാധ്യമാകൂ. അതിലും എന്തിനാണ് പ്രൊഡ്യൂസ് ചെയ്തതെന്ന് അറിയാത്ത ഒരുപാട് രേഖകള്‍ ബാക്കിയുണ്ടാവും. അതായത്, ഇത്രയും വലിയ ചാര്‍ജ് ഷീറ്റ്, നുറില്‍ പരം സാക്ഷികള്‍ ഇവരെയൊക്കെ കേള്‍ക്കണമെങ്കില്‍ തന്നെ എത്ര സമയമെടുക്കും.
ഇന്ത്യന്‍ പീനല്‍ സിസ്റ്റത്തില്‍ ഒരാള്‍ കുറ്റവാളി ആണ് എന്ന് തെളിയിക്കപ്പെടുന്നത് വരെ നിരപരാധിയെന്ന് അസ്യൂം ചെയ്തിട്ടാണ് വിചാരണ നടക്കുന്നത്. പക്ഷെ, ഇന്നത്തെ അവസ്ഥയില്‍ ഈ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അതിന് ചുരുങ്ങിയത് പത്തോ പതിനാലോ വര്‍ഷമെങ്കിലും എടുക്കും. അതുവരെയും അവര്‍ തടവില്‍ കഴിയേണ്ടി വരികയും ചെയ്യുന്നു.
രൂപേഷിന്റെ എന്‍.ഐ.എ കേസില്‍ 149 സാക്ഷികളുണ്ട്. ഇപ്പോള്‍ 85, 86 സാക്ഷിയെയാണ് വിസ്താരണ ചെയ്യുന്നത്. ഒരോ കേസിലും ഇത് പോലെയാണ്. പ്രതിഭാഗം വക്കീലിനെ സംബന്ധിച്ചും ഇത്രയും രേഖകള്‍ പരിശോധിക്കേണ്ടെ? രൂപേഷിന്റെ കേസിലെ ഒരു ഡോക്യുമെന്റ് കന്നടയിലാണ്. പൊതുവെ ഇതിനൊക്കെ ഇവര്‍ വിവര്‍ത്തനം തരേണ്ടതാണ്, തന്നിട്ടില്ല. നമുക്കാര്‍ക്കെങ്കിലും ഇത് വായിച്ചാല്‍ മലസ്സിലാവുമൊ? എനിക്ക് തോന്നുന്നില്ല ജഡ്ജിക്ക് പോലുമിത് മനസ്സിലാവുമെന്ന്. ഒടുവില്‍ ഇവര്‍ പറയും ഞങ്ങളതിനെ റിലേ ചെയ്തിട്ടില്ല എന്ന്. എങ്കില്‍ അങ്ങിനെ ഒരു രേഖ തരുന്നതെന്തിനാണ്? മൊത്തത്തില്‍ ഒരു പുകമറ സൃഷ്ട്ടിക്കുക. വിചാരണ ഒരിക്കലും അവസാനിക്കാത്ത ഒരു സംഗതിയായി നീട്ടികൊണ്ട് പോവുക.
ഒരു സ്ത്രീയെന്ന നിലയില്‍, പ്രാഥമിക അവകാശമായ ജാമ്യം നിഷേധിക്കുന്ന ഇത്തരം നിയമങ്ങള്‍ എത്രത്തോളം മനുഷ്യത്വ രഹിതവും, ജനാധിപത്യവിരുദ്ധവുമായാണ് അനുഭവപ്പെട്ടത്?
പറഞ്ഞല്ലോ വര്‍ഷങ്ങളോളം നീണ്ട് നില്‍ക്കുന്ന വിചാരണ, ഈ വിചാരണ കാലയളവില്‍ മുഴുവന്‍ ജാമ്യമില്ലാത്ത അവസ്ഥ. ആ സമയത്തൊക്കെ ഇവരുടെ കുടുംബത്തിന്റെ അവസ്ഥയെന്താണ്. അവര്‍ രാജ്യദ്രോഹികളാണല്ലോ? അവരുടെ ദൈനംദിന ജീവിതം മുഴുവന്‍ ഇതിനാല്‍ ബാധിക്കപ്പെടുമല്ലോ. അവര്‍ നിരന്തരം ഇതിന് പുറകെ നടക്കേണ്ടി വരും. പല കുറ്റാരോപിതരുടെയും കുടുംബങ്ങള്‍ അവര്‍ പുറത്തിറങ്ങുന്നത് വരെ വലിയ രീതിയില്‍ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരും. കുറ്റാരോപിതരായി തടവിലായവരില്‍ മിക്കവരും കുടുംബത്തിന്റെ അന്നദാതാക്കളായിരിക്കും. സമൂഹത്തിന്റെ ദൃഷ്ഠിയില്‍ അവര്‍ മോശക്കാരാകും. നിങ്ങള്‍ക്ക് തന്നെ നേരിട്ടറിയാവുന്നതാണ് ആമിയും താച്ചുവിനെയം സംബന്ധിച്ചുള്ള അവസ്ഥ. ഞങ്ങള്‍ രണ്ട് പേരും ജയിലിലായി. വളരെ നിര്‍ണായകമായ പ്രായത്തില്‍ കിട്ടേണ്ട സംരക്ഷണവും സുരക്ഷയും അവര്‍ക്ക് കിട്ടാതെ പോവുകയും, അവര്‍ സമൂഹത്തിന്റെ മുന്നില്‍ വളരെ വിചിത്രമായി ചിത്രീകരിക്കപ്പെടുകയുമാണ് ഉണ്ടായത്. അതിനെ കുറിച്ച് ആളുകള്‍ എന്താണ് പറയുക? ഇവരൊക്കെ ഇതൊക്കെ ചെയ്യാന്‍ പോയിട്ടാണ്. എന്നാല്‍, ഇത് ചെയ്തോ, ഇല്ലയൊ എന്ന് തീരുമാനിക്കേണ്ടത് ഈ വിചാരണക്ക് ശേഷമാണ്. അതായത് ഒരാളുടെ ഇന്നസന്‍സ് എങ്ങിനെ തെളിയിക്കും. ഇന്ത്യന്‍ പീനല്‍ സിസ്റ്റത്തില്‍ ഒരാള്‍ കുറ്റവാളി ആണ് എന്ന് തെളിയിക്കപ്പെടുന്നത് വരെ നിരപരാധിയെന്ന് അസ്യൂം ചെയ്തിട്ടാണ് വിചാരണ നടക്കുന്നത്. പക്ഷെ, ഇന്നത്തെ അവസ്ഥയില്‍ ഈ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അതിന് ചുരുങ്ങിയത് പത്തോ പതിനാലോ വര്‍ഷമെങ്കിലും എടുക്കും. അതുവരെയും അവര്‍ തടവില്‍ കഴിയേണ്ടി വരികയും ചെയ്യുന്നു. അതായത് വളരെ സിസ്റ്റമാറ്റിക്കായി തന്നെ ഒരാള്‍ക്ക് അയാളുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണ്. അതിനാല്‍ തികച്ചും ജനാധിപത്യ വിരുദ്ധവും, മാത്രമല്ല മനുഷ്യത്വ രഹിതവുമാണ് ഈ നിയമമെന്നത് ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും വ്യക്തമാകുന്നതാണ്.
(തുടരും)