രോഷ്‌നി സ്വപ്‌ന - എമില്‍ മാധവി: സംഭാഷണം, തര്‍ക്കം, അന്വേഷണം, പ്രണയം
രോഷ്‌നി സ്വപ്നയും എമില്‍ മാധവിയും ജീവിതവും കലയും പങ്കുവെക്കുന്നു. നാടകവും കവിതയും നോവലും തര്‍ക്കവിതര്‍ക്കങ്ങളിലൂടെ ചര്‍ച്ച ചെയ്യുമ്പോള്‍ വിയോജിപ്പിന്റെ യോജിപ്പ് പരസ്പരമുള്ള അന്വേഷണങ്ങളിലൂടെ ഇവര്‍ കണ്ടെത്തുന്നു. | Itfok 2024
നാടക രചയിതാവും പേര്‍ഫോമന്‍സ് മേക്കറും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമാണ് എമില്‍ മാധവി. രോഷ്‌നി സ്വപ്ന, കവിയും നോവലിസ്റ്റും ചിത്രകാരിയും തിരൂര്‍ തുഞ്ചത്ത് എഴുത്തഛന്‍ മലയാളം സര്‍വകലാശാല അധ്യാപികയും സിനിമാ പ്രവര്‍ത്തകയുമാണ്.
കലയിലും ജീവിതത്തിലും പങ്കാളികളാവുമ്പോള്‍ യോജിപ്പുകളെപ്പോലെ തന്നെ ശക്തമായ സര്‍ഗാത്മക വിമര്‍ശനങ്ങളും ഇവര്‍ പരസ്പരം പ്രകടിപ്പിക്കുന്നു. വിയോജിപ്പുകളിലൂടെ യോജിപ്പിന്റെ തലം കണ്ടെത്തുന്നത് പങ്കാളികള്‍ എന്ന നിലക്ക് മാത്രല്ല മറിച്ച് കലയുടെ വ്യത്യസ്ത മേഖലകളില്‍ ഗൗരവമായി ഇടപെടുന്ന രണ്ട് സുഹൃത്തുക്കള്‍ എന്ന നിലയില്‍ കൂടിയാണ്. എഴുത്തും, നാടക പ്രവര്‍ത്തനവും സംഗീതവും കവിതയും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ജീവിതത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളായി ഇവര്‍ തിരിച്ചറിയുന്നു.
രോഷ്‌നി സ്വപ്ന: ഏറ്റവും പുതിയ നാടക സങ്കേതങ്ങളെ പരീക്ഷിക്കുന്ന ആള്‍ എന്ന നിലക്ക് എമിലിന്റെ നാടകങ്ങളില്‍ ഏത് കാലവും കാണാനാവും. സ്വന്തം അവതരണങ്ങള്‍ക്ക് സ്വീകരിക്കുന്ന പാഠങ്ങള്‍ (സ്വന്തം രചനകളായാലും, മറ്റ് പാഠങ്ങളായാലും) അവയുടെ സ്വീകരണത്തിലും ആവിഷ്‌കരണത്തിലും സൂക്ഷ്മമായ കാവ്യാനുഭവം ഉണ്ട്. അവയില്‍ കാലത്തിന്റെ ആഴത്തിലുള്ള സാന്നിധ്യമുണ്ട് എങ്ങനെയാണ് കാലത്തെ ആഖ്യാനത്തിലേക്ക് കൊണ്ടുവരുന്നത്?
എമില്‍ മാധവി: സംഗീതവും നാടകവും ആത്യന്തികമായി സമയത്തിന്റെ കലയാണ്. സമയത്തെയാണ് നമ്മള്‍ ഡിസൈന്‍ ചെയ്യുന്നത്. അത് ബോധ്യമാകുമ്പോഴാണ് കലയുടെ യഥാര്‍ത്ഥ ഭാവമുണ്ടാവുക. ചലനവുമായി ബന്ധപ്പെട്ട ഏത് കലയിലും സമയമാണ് അതിന്റെ ഭാഷയാവുന്നത്. ഇത് തിരിച്ചറിയുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ കലയിലേക്ക് കടക്കുക.
ഇതൊന്നും അറിയാതെയും നമ്മള്‍ ഇതൊക്കെ ചെയ്യുന്നുണ്ട്. ഒരു ഘട്ടത്തില്‍ നമ്മുടെ ഭാഷ തിരിച്ചറിയും. അവിടം മുതലാണ് കലാപ്രവര്‍ത്തനം ആരംഭിക്കുന്നത്. അവതരണം നടക്കുന്ന ഓരോ നിമിഷത്തിലേക്കും ഏതുകാലത്തേയും ചേര്‍ത്തുവെക്കാമെന്നതാണ് നാടകത്തിന്റെ മാജിക്ക്. വലിയ ഒരു ഓര്‍ക്കേസ്ട്രാ കമ്പോസ് ചെയ്യുമ്പോലെയാണ് നാടക സംവിധാനത്തെ ഞാന്‍ കണക്കാക്കുന്നത്. ചലനത്തില്‍, നിശബ്ദതയില്‍ എങ്ങിനെ സംഗീതം കൊണ്ടുവരാനാകും അല്ലെങ്കില്‍ അതെങ്ങിനെ കവിതയായി മാറും എന്ന അന്വേഷണം എപ്പോഴുമുണ്ട്.
കവിതയും നാടകവും സിനിമയും ചര്‍ച്ച ചെയ്യുമ്പോള്‍ നമുക്കിടയില്‍ വളരെ വൈരുധ്യങ്ങളായ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നുണ്ട്. രോഷ്‌നിയുടെ കവിതകള്‍ വായിക്കുമ്പോള്‍ പെര്‍ഫോമന്‍സ് എഡിറ്ററെ പോലെയാണ് ഞാന്‍ എഡിറ്റ് ചെയ്യുന്നത്. അതിലെ വാക്കുകള്‍ എന്നെ സംബന്ധിച്ച് അഭിനേതാക്കളാണ്. ചിലപ്പോള്‍ രോഷ്‌നി അത് അംഗീകരിക്കില്ല. മറ്റു ചിലപ്പോള്‍ അതിന്റെ സാധ്യതകള്‍ കണ്ടെത്താറുമുണ്ട്. ഈ കൊടുക്കല്‍ വാങ്ങലാണ് നമ്മുടെ സര്‍ഗാത്മക യാത്ര. ഈ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് രോഷ്‌നിയോട് ഒരു ചോദ്യം. എങ്ങിനെയാണ് കവിതയെയും നാടകത്തെയും പെര്‍ഫോമന്‍സ് എഡിറ്റിങ്ങിനെയും എന്റെ അഭിപ്രായങ്ങളെയു രോഷ്‌നി നോക്കിക്കാണുന്നത്?
രോഷ്‌നി: ആത്യന്തികമായ എന്റെ ഉള്ളിലുള്ളതാണ് കവിതയും സംഗീതവും നിറങ്ങളും. ഇവ വിഭന്നങ്ങളാണെങ്കിലും മൂന്നിലും ദൃശ്യങ്ങളുടെ തലമുണ്ട്. കാണാനാവുന്ന കവിത എഴുതാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. മുന്നില്‍ കാണുന്നതോ ഞാന്‍ കണ്ണടച്ചു കാണുന്നതോ ആയ ദൃശ്യങ്ങളാണ് എന്റെ കവിത. നാടകം എന്റെ അഭിനിവേശമാണ്. അതില്‍നിന്ന് കവിതക്ക് പ്രചോദനം കിട്ടുമോ എന്നാണ് നോക്കാറ്. അതുകൊണ്ടാണ് നാടകത്തിന്റെ പുറകെ ഞാന്‍ പോകുന്നത്.
ഇറ്റ്‌ഫോക്കിന്റെ ഒന്നാം എഡിഷന്‍ മുതല്‍ ഞാനുണ്ട്. നാടകത്തിലെ കവിതാംശം ചിലപ്പോള്‍ എന്നെ ഒരു കവിതയിലേക്ക് നയിക്കും. ഇത്തവണ ഇറ്റ്‌ഫോക്കില്‍ അരങ്ങേറിയ തുണീഷ്യന്‍ നാടകം 'ലേ ഫൗ' കണ്ടു. അത് എന്നെ ഒരു കവിതയിലേക്ക് നയിച്ചേക്കാം. അതിന് ആ നാടകവുമായി ഒരു ബന്ധവുമുണ്ടാകണമെന്നില്ല.
എമിലിന്റെ നാടകങ്ങള്‍ കണ്ട് ഞാന്‍ ചിത്രം വരക്കുകയും കവിതയെഴുതുകയും ചെയ്തിട്ടുണ്ട്. ആ നാടകത്തിന്റെ ഉപോത്പന്നമോ അതിന്റെ വികാസമോ ആയിട്ടല്ല; സ്വതന്ത്രമായ കവിതകളാണ് ഉണ്ടാകാറ്. ദൃശ്യങ്ങള്‍ എന്നെ ഒരുപാട് പ്രചോദിപ്പിക്കാറുണ്ട്. എമിലിനെ സംബന്ധിച്ചിടത്തോളം അതെല്ലാം അവതരണത്തിലേക്ക് പടരുന്ന അനുഭൂതിയായി മാറുന്നുണ്ട്. ചില സുഹൃത്തുക്കള്‍ എന്റെ കവിതയെ എമില്‍ എന്റെ ജീവിതത്തിലേക്ക് വരുന്നതിനു മുമ്പും വന്നതിനു ശേഷവും എന്ന നിലയില്‍ വായിക്കാറുണ്ട്.
കലയുടെ പല സാധ്യതകള്‍ ഞാന്‍ നോക്കാറുണ്ട്. വായിക്കുന്നതിനപ്പുറത്ത് അതിന്റെ പ്രകടനാത്മകത പലപ്പോഴും അനുഭവപ്പെടാറുണ്ട്. സിനിമയും നടകവും കാണുന്നതും എന്റെ കവിതക്കു വേണ്ടിയാണ്. ഒരു ദൃശ്യം കണ്ടാല്‍ അതില്‍ ഞാന്‍ കുരുങ്ങി കിടക്കും. കഴിഞ്ഞ ദിവസം ഞാനൊരു ചിത്രം വരച്ചത് ഇങ്ങനെയൊരു അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. അത് ചെയ്തില്ലെങ്കില്‍ ആ കാഴ്ച ഒരു ബാധ്യതയാവും. എമിലിന്റെ ചില നാടകങ്ങളും എന്നില്‍ ഈ അനുഭവമുണ്ടാക്കാറുണ്ട്. അത് എന്റെ കൂടെ വന്നു കൊണ്ടിരിക്കും. എമിലിന്റെ ഇമിറ്റേഷന്‍ ഓഫ് ഡെത്ത് ഇങ്ങനെ അനുഭവം നല്‍കിയ നാടകമാണ്. മാര്‍ക്വേസിന്റെ 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളെ ആസ്പദമാക്കി എമില്‍ ചെയ്ത 'ഇമേജ് ബുക്ക്' എന്ന നാടകവും ഈ അനുഭവമാണ് നല്‍കിയത്.
ഇമിറ്റേഷന്‍ ഓഫ് ഡെത്ത് വളരെ നിശബ്ദമായ ഒരു കവിതയാണ്. 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' ശബ്ദാമയമാണ്. ഇവ രണ്ടും രണ്ട് തലത്തിലാണ് നില്‍ക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എമിലിന്റെ നാടകങ്ങള്‍ കവിതയെ കണ്ടെത്തുന്ന നാടകങ്ങളാണ്. എമില്‍ എങ്ങിനെയാണ് നാടകത്തില്‍ കവിത കണ്ടെത്തുന്നത്?
എമില്‍: അത് ബോധപൂര്‍വം ശ്രമിക്കുന്നതല്ല. നമ്മുടെ ബോധമണ്ഡലത്തില്‍ കവിതയുള്ളതുകൊണ്ട് അത് കടന്നു വരുന്നതാണ്. ഒരു കവിത എഴുതാം എന്ന് ചിന്തിച്ച് എഴുതുന്നതും സ്വാഭാവികമായ ഒഴുക്കില്‍ കവിത ഉണ്ടായി വരുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അത് കലയുടെ സൃഷ്ടിയില്‍ എപ്പോഴും സംഭവിക്കുന്നതാണ്. എന്നാല്‍, അത് ഒരു മാജിക്കല്ല. മറിച്ച്, ക്രാഫ്റ്റിനെ കുറിച്ചുള്ള ബോധ്യങ്ങളില്‍ നിന്നും രൂപപ്പെടുത്തുന്ന ഒന്നാണ്.
ഞാന്‍ കാണുന്ന ദൃശ്യങ്ങളെയും ശബ്ദങ്ങളെയും മനുഷ്യ ശരീരത്തെയും കാഴ്ചക്കാരന്‍ എന്ന നിലയില്‍ കവിതാത്മകമായാണ് സമീപിക്കുന്നത്. സൃഷ്ടി നടത്തയാള്‍ എന്നതിനേക്കാള്‍ എന്നിലെ പ്രേക്ഷകനിലാണ് കവിതയുള്ളത്. ആ പ്രേക്ഷകനെ സംതൃപ്തിപ്പെടുത്താനുള്ള അന്വേഷണമാണ് സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ നടത്തുന്നത്. വാക്കുകള്‍ കൊണ്ടുള്ള കവിതയല്ല ഞാന്‍ അന്വേഷിക്കുന്നത്. ചലനം കൊണ്ടോ, ഇരുട്ടുകൊണ്ടോ വെളിച്ചം കൊണ്ടോ ഒക്കെയായിരിക്കും അത്. ചെറുകഥയിലെ കവിതയാണ് അതിലേക്ക് പ്രവേശിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത് എന്ന് പറയുംപോലെ, നടകാന്തം കവിത്വം എന്ന് പറയും പോലെ. എന്നാല്‍, ഞാന്‍ തേടുന്ന കവിതയുടെ അനുഭവം വ്യത്യസ്തമായിരിക്കാന്‍ കലാകൃത്ത് എന്ന നിലയില്‍ എന്നെ ഞാന്‍ ഒരുക്കുന്നുണ്ട്, അതാണ് എന്റെ പരിശീലനം
മറ്റൊരു കാര്യം ചോദിച്ചോട്ടെ: നമ്മള്‍ രണ്ടു രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സംഗീതമാണ് രോഷ്‌നിയുമായി ഞാന്‍ പ്രണയത്തിലാവാന്‍ കാരണം. രോഷ്‌നിയുടെ കവിയല്ല എന്നെ സ്വാധീനിച്ചത്. രോഷ്‌നിയുടെ കവിയുമായി എപ്പോഴും എനിക്ക് തര്‍ക്കിക്കേണ്ടി വരുന്നുണ്ട്. നമ്മുടെ ജീവിത യാത്രയിലും ചെയ്യുന്ന കാര്യങ്ങളിലും വലിയ വൈവിധ്യം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഈ വൈവിധ്യങ്ങള്‍ വേണമെന്നാണ് എന്റെ ചിന്ത. എന്താണ് അഭിപ്രായം?
രോഷ്‌നി: എന്റെ അഞ്ചാം വയസിലാണ് പ്രൊഫഷണല്‍ വേദിയില്‍ ഞാന്‍ പാടുന്നത്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍. അന്ന് ബാലോത്സവത്തില്‍ എന്നെ ബാലപ്രതിഭയായി തെരഞ്ഞെടുത്തു. എന്റെ പാട്ട് കേട്ട് ഗായകന്‍ ജയചന്ദ്രന്‍ സ്‌കൂളിലേക്ക് വന്നു. തുടര്‍ന്ന് എന്നെ പാടിക്കാനുള്ള ഡാഡിയുടെ അനുവാദത്തിനായി ഞങ്ങളുടെ ക്വാര്‍ട്ടേഴ്സിലേക്കും വന്നു. അങ്ങിനെയാണ് പ്രൊഫഷണല്‍ വേദിയില്‍ എത്തിയത്.
ഒരു ഭാഗത്ത് പാട്ട്. ആദ്യം എഴുതി തുടങ്ങിയത് ചെറുകഥകള്‍. ആറാം ക്ലാസില്‍ പഠിക്കവെ, എന്റെ കഥ മാതൃഭൂമിയില്‍ അച്ചടിച്ചുവന്നു. പക്ഷേ, അറിയാതെ എത്തിപ്പെട്ടത് കവിതയുടെ ലോകത്തായിരുന്നു. അപ്പോഴും സംഗീതം കൈവിട്ടില്ല. വൈവിധ്യം എല്ലാവരുടെയും ജീവിതത്തിലുണ്ട്. പക്ഷേ, നമ്മള്‍ ഒന്നിച്ച് ജീവതം തുടങ്ങിയപ്പോഴാണ് കൂടുതല്‍ വൈവിധ്യമുണ്ടായതും വര്‍ണാഭമായതും. നാടകവും കടന്നു വന്നു. നാടകവുമായി അടുത്ത് ഇടപഴകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എമിലിന്റെ നാടകങ്ങള്‍ എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്.
എമില്‍: ഞാന്‍ ജീവിത പങ്കാളിയായതുകൊണ്ടാണോ?
രോഷ്‌നി: അതുകൊണ്ടല്ല. എമില്‍ വേറിട്ടൊരു നാടകക്കാരനാണ്.
എമില്‍: രോഷ്‌നി ചിലപ്പോള്‍ ചില ആലോചനകളുമായി വരും. ഇന്ന സാധനം നാടകമാക്കാന്‍ പറ്റുമോ എന്നൊക്കെ ചോദിക്കും ചിലപ്പോള്‍ വെല്ലുവിളിക്കും. എനിക്ക് അഭിനയിക്കാന്‍ വേണ്ടി ഏകലവ്യന്‍ എന്നൊരു നോവല്‍ തന്നെ രോഷ്‌നി എഴുതി.
രോഷ്‌നി: ചെറിയൊരു സ്‌ക്രിപ്റ്റാണ് ആദ്യം എഴുതിക്കൊടുത്തത്.
എമില്‍: അതെ. പിന്നീട് കവിതയുടെ രൂപത്തിലുള്ള വലിയ നോവലായി. വളരെ കവിതാത്മകതയുള്ള 'ഏകാന്തലവ്യന്‍' എന്നൊരു നോവല്‍. ഏകലവ്യന്‍ എന്ന പേരില്‍ എഴുതി തുടങ്ങിയ നോവലിന് ഏകാന്തലവ്യന്‍ എന്ന പേര് നിര്‍ദേശിച്ചത് ഞാനായിരുന്നു. അതോടെ എഴുത്തും മാറി.
എന്റെ പ്രൊഡക്ഷനുകളെ വളരെ വിമര്‍ശനാന്മകമായാണ് രോഷ്‌നി നോക്കുക. അത് പലവിധത്തിലും എന്നെ സഹായിച്ചിട്ടുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വലിയ ആത്മവിശ്വാസം ഉണ്ടാക്കിത്തരുന്നതില്‍ രോഷ്‌നിക്ക് വലിയ പങ്കുണ്ട്. രണ്ടു പേരും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നവരാണ്. ഇങ്ങനെ ചിന്തിക്കുമ്പോള്‍ എന്റെ മനസിനെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യം: ഒരു പുരുഷന്‍ എന്ന നിലയില്‍ ഞാന്‍ ബുദ്ധിമുട്ടിക്കുന്നുണ്ടോ?
രോഷ്‌നി: അതൊരു നല്ല ചോദ്യമാണ് (ചിരിക്കുന്നു). പരിധി വരെ എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. നമ്മള്‍ നില്‍ക്കുന്നത് പ്രണയത്തിന്റെ പുറത്താണ്. എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കാന്‍ ഇഷ്ടമുള്ളയാളാണ് ഞാന്‍. യൂണിവേഴ്‌സിറ്റിയിലായാലും വീട്ടിലായാലും. ചിലപ്പോള്‍ വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ പറ്റാതെ വരും. എമില്‍ എന്നെ ശല്യം ചെയ്യാറില്ലല്ലൊ. വല്ലപ്പോഴും നമുക്കിടയില്‍ സൗന്ദര്യപിണക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നമ്മള്‍ അടിച്ചു തീര്‍ത്തിട്ടുമുണ്ട്. വായനക്കാര്‍ തെറ്റിദ്ധരിക്കേണ്ട; കയ്യാങ്കളിയല്ല (ചിരിക്കുന്നു). ഒരു സിനിമ കണ്ടാവും പ്രശ്‌നം പര്യവസാനിക്കുക (ഇരുവരും ചിരിക്കുന്നു)
എമില്‍: രോഷ്‌നിയുടെ ക്രിയാത്മകതക്ക് ഇടമുണ്ടാക്കാന്‍ സാധ്യമായതെല്ലാം ഞാനും ചെയ്യാറുണ്ട് (ചിരിക്കുന്നു). ജീവിതവും കവിതയും നാടകവും സിനിമയും ചേര്‍ന്ന ഞങ്ങളുടെത് മാത്രമായ ലോകവുമാണ് ഞങ്ങള്‍ക്ക് പ്രണയം, അത് തന്നെയാണ് കലയും.