Quantcast
MediaOne Logo

നജാ ഹുസൈന്‍

Published: 24 May 2024 10:45 AM GMT

കറന്‍സിയിലെ ഗാന്ധിചിത്രം പിന്‍വലിക്കാത്തതിന് സംഘ്പരിവാറിന് കാരണങ്ങളുണ്ട് - വിനോദ് കൃഷ്ണ

സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാനാകാത്ത സാഹചര്യങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുമ്പോള്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒരെഴുത്തുകാരന് മഴയെ പറ്റി കാല്‍പനിക ലോകത്തിരുന്നു നോവലെഴുതാന്‍ എങ്ങനെ സാധിക്കും - വിനോദ് കൃഷ്ണ സംസാരിക്കുന്നു, തന്റെ നോവലിനെക്കുറിച്ചും അതിലെ രാഷ്ട്രീയത്തെക്കുറിച്ചും. സമകാലിക രാഷ്ട്രീയ സാമൂഹിക വ്യതിയാനങ്ങളും അതിന്റെ ഉത്ഭവവും പരിണിത ഫലങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന സംഭാഷണം. | അഭിമുഖം: വിനോദ് കൃഷ്ണ / നജ ഹുസൈന്‍

കറന്‍സിയിലെ ഗാന്ധിചിത്രം പിന്‍വലിക്കാത്തതിന് സംഘ്പരിവാറിന് കാരണങ്ങളുണ്ട് - വിനോദ് കൃഷ്ണ
X

ഇന്ത്യാചരിത്രത്തിലെ കരിപുരണ്ട ഇന്നലെകളെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി കൂട്ടിയിണിക്കിയപ്പോള്‍ ഫാസിസത്തിനെതിരെ അക്ഷരങ്ങള്‍ കൊണ്ടു പോരാടുന്ന മനോഹരമായ ഒരു നോവല്‍ പിറന്നു, '9 mm ബെരേറ്റ'. വായനക്കാര്‍ ആരാധനയോടെയും സ്‌നേഹത്തോടെയും നോക്കിക്കണ്ട, ഏറെ ചര്‍ച്ചകള്‍ക്ക് വഴിതിരിച്ച, കേരളത്തിലെ ബുദ്ധിജീവികളെ ചിന്തിപ്പിച്ച, എതിരാളികളെ ഭയപ്പെടുത്തിയഒരു രാഷ്ട്രീയ നോവല്‍. എഴുത്തുകാരന്‍ വിനോദ് കൃഷ്ണയുടെ വാചകങ്ങളിലൂടെ പറഞ്ഞാല്‍ - 'എല്ലാ ചേരുവകളോടും കൂടി വായനക്കാരെ തൃപ്തിപ്പെടുത്തുന്ന ഒരു ഫിക്ഷനപ്പുറം ഈ നോവല്‍ ഒരു സമരമുറയാണ്. ഒരാളെയെങ്കിലും ഈ സമരമാര്‍ഗ്ഗത്തിലൂടെ നാളെ പിറക്കാനാരിക്കുന്ന നന്മയുടെ പുതുവഴികളിലേക്ക് വഴി തെളിക്കാനായാല്‍ താന്‍ ധന്യനാണ് '

വിനോദ് കൃഷ്ണയ്ക്ക് നോവലിനെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും ഏറെ പറയാനുണ്ടായിരുന്നു. അതു കേള്‍ക്കാന്‍ എറണാകുളം ലുലുമാളില്‍ ആകാംക്ഷയോടെ ഞങ്ങളിരുന്നു. വാക്കുകളിലും കണ്ണുകളിലും രാജ്യസ്‌നേഹവും മനുഷ്യസ്‌നേഹവും മാറി മാറി പ്രതിഫലിച്ചു. സംഭാഷണത്തില്‍ ഫാസിസത്തോടുള്ള പ്രതിഷേധം നിറഞ്ഞു നിന്നിരുന്നു. നോവലിനെക്കുറിച്ചും അതെഴുതാനുള്ള സാഹചര്യങ്ങളെക്കുറിച്ചും വാചാലനായപ്പോള്‍ അതില്‍ സമകാലിക രാഷ്ട്രീയ സാമൂഹിക വ്യതിയാനങ്ങളും അതിന്റെ ഉത്ഭവവും പരിണിത ഫലങ്ങളുമെല്ലാം ഉള്‍ക്കൊണ്ടിരുന്നു. തനിക്കിതൊരു കച്ചവട സാധ്യതയോ പ്രശസ്തിക്കുള്ള മാര്‍ഗമോ ആയിരുന്നില്ല, മറിച്ച് ഇന്ത്യന്‍ പൗരനെന്ന നിലയിലുള്ള കര്‍ത്തവ്യമായിരുന്നുവെന്ന് ആവര്‍ത്തിച്ചു പറയുമ്പോള്‍, ഭാവിയില്‍ അധികമാരും കൈ പൊള്ളിക്കാനാഗ്രഹിക്കാത്ത വെല്ലുവിളികള്‍ നിറഞ്ഞ പ്രമേയങ്ങള്‍ ഈ എഴുത്തുകാരന്റെ കയ്യില്‍ ഭദ്രമാണെന്നോര്‍ത്ത് അഭിമാനിക്കാം. വിനോദ് കൃഷ്ണ സംസാരിക്കുന്നു, തന്റെ നോവലിനെക്കുറിച്ചും അതിലെ രാഷ്ട്രീയത്തെക്കുറിച്ചും.

ഒരു നോവലെഴുതിയപ്പോള്‍ അതിലെ പ്രമേയം രാഷ്ട്രീയമാക്കാമെന്ന് തീരുമാനിച്ചതിന് പിന്നില്‍?

ഞാന്‍രാഷ്ട്രീയ ജാഗ്രതയുള്ള ധാരാളം ആള്‍ക്കാരുടെ കൂട്ടത്തില്‍ വളര്‍ന്ന ഒരാളാണ്. അതുകൊണ്ട് തന്നെ ജനകീയ പ്രശ്‌നങ്ങളിലും പ്രയാസങ്ങളിലും ഇടപെടുന്ന സ്വഭാവം ഉണ്ടായിരുന്നു. ഒരു സോഷ്യല്‍ കമിറ്റ്‌മെന്റ് ഉണ്ടാവേണ്ടത് ഏതൊരു വ്യക്തിക്കും ആവശ്യമാണെന്ന് വിശ്വസിക്കുന്നു. പിന്നീട് ജീവിതത്തില്‍ നടത്തിയ പല യാത്രകളില്‍ പലരുടെ പ്രശ്‌നങ്ങളെ പറ്റിയും അറിയാന്‍ കഴിഞ്ഞു. നോര്‍ത്ത് ഇന്ത്യയിലെ ജീവിത ത്തിനുശേഷം വടുതല എന്ന സ്ഥലത്ത് കുറച്ചുനാള്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അവിടെ ഒരു കടയില്‍ ക്ലോക്കിന്റെ ബാറ്ററി വാങ്ങാന്‍ ചെന്നപ്പോള്‍അവിടെയിരുന്ന വൃദ്ധനായ മനുഷ്യന്‍ 'ഇതു വാങ്ങല്ലേ ' എന്നു പറഞ്ഞെന്നെ തടഞ്ഞു. എനിക്കൊരു കൗതുകം തോന്നി പിറകേ ചെന്ന് കാരണമന്വേഷിച്ചു. അദ്ദേഹം തന്ന മറുപടി കേട്ട് ഞെട്ടിപ്പോയി. 'ആ ബാറ്ററി ഭോപ്പാല്‍ ദുരന്തമുണ്ടാക്കിയ കമ്പനിയുടേതാണ്. നീയതു വാങ്ങിയാലും ഇല്ലെങ്കിലും അവര്‍ക്ക് ലാഭം കിട്ടും. പക്ഷേ, നീയത് വാങ്ങിയില്ലെങ്കില്‍ അവരുടെ ഒരു ദിവസത്തെ ലാഭം നിനക്ക് തടയാനാകും'. സത്യത്തില്‍ ഇതൊരു സമരമാണ്. നിശബ്ദമായി നടത്തുന്ന ഒരു സമരം. ഇതെന്നെ ചിന്തിപ്പിച്ചു. ഈ നോവലിലേക്ക് വരാനുള്ള ഒരു കാരണം ഇത്തരം മനുഷ്യരാണ്. പിന്നെ സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാനാകാത്ത സാഹചര്യങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുമ്പോള്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒരെഴുത്തുകാരന് മഴയെ പറ്റി കാല്‍പനിക ലോകത്തിരുന്നു നോവലെഴുതാന്‍ എങ്ങനെ സാധിക്കും. നാം ജീവിക്കുന്ന ചുറ്റുപാടുകളുടെ സങ്കടങ്ങള്‍ നമുക്ക് എഴുതേണ്ടിവരും.

Freedom is not free ' - മുന്‍തലമുറ കഷ്ടപ്പെട്ട് നേടിയ സ്വാതന്ത്ര്യം അനുഭവിക്കാന്‍ ഇന്നത്തെ തലമുറ വെല്ലുവിളികള്‍ നേരിടുന്നുണ്ടോ?

അത്തരം ചിന്തകള്‍ കൂടി ഉള്‍ക്കൊണ്ടു കൊണ്ടാണ് ഈ നോവലെഴുതിയത്. ജനാധിപത്യം ഇന്നൊരു തത്തക്കൂട്ടിലാണ്. എല്ലാ വ്യക്തികളും ആ കൂടിനുള്ളിലാണ്. പത്തു വര്‍ഷക്കാലം ഭരിച്ചിരുന്നപ്പോള്‍ പാകിസ്ഥാനെക്കുറിച്ച് ഒന്നും മിണ്ടാതിരുന്ന ഭരണകൂടം കര്‍ണാടകയിലെയും മണിപ്പൂരിലെയും സ്വന്തം ജനതയെ ആക്രമിക്കുന്നു. എന്തിന്, ഭക്ഷണം പാകം ചെയ്യാനായി ഇറച്ചി കൊണ്ടു പോകുന്ന സാധാരണക്കാരെ പോലും വെറുതെ വിടുന്നില്ല. ഇന്ത്യക്കാരെ ആക്രമിക്കുന്ന ഇവരല്ലേ സത്യത്തില്‍ രാജ്യദ്രോഹികള്‍? ഇതു ചോദിക്കാനുള്ള ആര്‍ജവം എഴുത്തുകാര്‍ക്കും കലാകാരന്‍മാര്‍ക്കും ഉണ്ടാകണം. എന്നാല്‍, സാധാരണ ജനങ്ങള്‍ അങ്ങനെയല്ല. അവര്‍ക്ക് ഒന്നിനേയും ഭയമില്ലാതെ ചോദിക്കാനറിയാം. അതറിയാവുന്നതു കൊണ്ടാണ് ഈ ഇലക്ഷനെ ഫാസിസ്റ്റ് ഭരണകൂടം ഇത്രയും ഭയപ്പാടോടു കൂടി കണ്ടതും പ്രധാനമന്ത്രി ഉള്‍പ്പെടെ ലജ്ജിപ്പിക്കുന്ന തരത്തില്‍ വര്‍ഗ്ഗീയത പറഞ്ഞ് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതും. എതിര്‍സ്ഥാനാര്‍ഥികളെ വിലക്ക് വാങ്ങിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഇല്ലായ്മ ചെയ്യുന്നതുമെല്ലാം ഈ ഭയത്തില്‍ നിന്നാണ്.

മോദി രണ്ടാം വട്ടംഅധികാരത്തില്‍ വന്നപ്പോള്‍ 9 mm ബെരേറ്റ എന്ന ഗാന്ധിജിയെ കൊല്ലാനുപയോഗിച്ച തോക്ക് നിര്‍മിക്കാന്‍ കല്യാണിഗ്രൂപ്പുമായി കരാറുണ്ടാക്കുകയും ചെന്നൈയില്‍ അതിന്റെ നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു. ഫാസിസ്റ്റുകള്‍ ഇന്ത്യയില്‍ ഗണ്‍ കള്‍ച്ചര്‍ ഉണ്ടാക്കും. ഇതിനൊക്കെയെതിരെ ഇനിയുണ്ടാകേണ്ടത് ജനാധിപത്യ ബഹുമുഖപോരാട്ടങ്ങളാണ്.

ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നു പറയുന്നവരാണ് ഈ രാജ്യത്ത് ദലിതരുടെ ക്ഷേത്രങ്ങള്‍ തച്ചുടക്കുന്നതും അവരുടെ ദൈവങ്ങളെ ആക്ഷേപിക്കുന്നതും. ഇവിടെ ഹിന്ദുയിസമല്ല, ബ്രാഹ്മണിസമാണ് ഇവര്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. വര്‍ണ്ണ വിവേചനമില്ലാതെ ഇവര്‍ക്ക് ഭരിക്കുവാനേ സാധിക്കില്ല. കാരണം, അതവരുടെ പുസ്തകത്തില്‍ തന്നെ എഴുതി വച്ചിട്ടുള്ള കാര്യമാണ്. ഇവര്‍ കെട്ടിപ്പടുക്കാനാഗ്രഹിക്കുന്ന ഒരു രാജ്യത്ത് ഒരു ദലിതനോ ഒ.ബി.സിക്കാരനോ ഉന്നത പദവിയിലിരിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതാനാവില്ല. നമ്മുടെ പ്രസിഡന്റിന്റെ കാര്യം തന്നെ അറിയാലോ; റബര്‍ സ്റ്റാമ്പ് ആക്കിക്കളയും ബ്രാഹ്മിണിസം. അവരെയെല്ലാം അടിമകളാക്കി വച്ചുകൊണ്ടുള്ള ഒരു ഭരണം മാത്രമേ ഇവരുടെ മുന്നിലുണ്ടാകൂ. എന്നാല്‍, ഇതൊന്നും ചോദ്യം ചെയ്യാന്‍ സംഘ്പരിവാറിന്റെ അകത്തുനിന്നുംആരും വരുന്നില്ലായെന്നതാണ് ഭയത്തോടെ കാണേണ്ടത്.ഇവിടെയാണ് നേരത്തെ പറഞ്ഞ ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവും തത്തക്കൂട്ടിലാണ് എന്ന് പറഞ്ഞതിന്റെ പ്രസക്തി. മോദി രണ്ടാം വട്ടംഅധികാരത്തില്‍ വന്നപ്പോള്‍ 9 mm ബെരേറ്റ എന്ന ഗാന്ധിജിയെ കൊല്ലാനുപയോഗിച്ച തോക്ക് നിര്‍മിക്കാന്‍ കല്യാണിഗ്രൂപ്പുമായി കരാറുണ്ടാക്കുകയും ചെന്നൈയില്‍ അതിന്റെ നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു. ഫാസിസ്റ്റുകള്‍ ഇന്ത്യയില്‍ ഗണ്‍ കള്‍ച്ചര്‍ ഉണ്ടാക്കും. ഇതിനൊക്കെയെതിരെ ഇനിയുണ്ടാകേണ്ടത് ജനാധിപത്യ ബഹുമുഖപോരാട്ടങ്ങളാണ്.

ധ്രുവ് റാഠിയെപ്പോലുള്ള വ്യക്തികളുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഫാസിസത്തിന്റെ വേരോട്ടങ്ങള്‍ തടയാന്‍ ഇത്തരം നീക്കങ്ങള്‍ക്ക് സാധിക്കുമെന്ന് കരുതുന്നുണ്ടോ?

തീര്‍ച്ചയായും. ഇത്തരത്തിലുള്ള ആളുകളുടെ എണ്ണം കൂട്ടുകയെന്നുള്ളതാണ് ഫാസിസ്റ്റ് കാലത്തെ എഴുത്തുകാരുടെ ഏറ്റവും വലിയ ധര്‍മമായി ഞാന്‍ കരുതുന്നത്. ഞാന്‍ ബീഹാറില്‍ ജനിച്ചു വളര്‍ന്ന ഒരാളാണ്. യു.പി. ജയരാജിന്റെ 'ബീഹാര്‍ 'എന്ന കഥ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ബീഹാറികള്‍ പൊതുവെ വിദ്യാഭ്യാസമില്ലാത്തവരും വിവേകമില്ലാത്തവരുമായ ആള്‍ക്കാരായാണ് നമ്മള്‍ മലയാളികള്‍ കാണുന്നത്. എന്നാല്‍, ഫാസിസ്റ്റുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നവരാണവര്‍. ഞാനൊരു ഉദാഹരണം പറയാം - നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളൊന്നും അത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബീഹാറിലെ മാരി എന്ന ഗ്രാമം. മുസ്‌ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളുമൊക്കെയടങ്ങുന്ന ബഹുസ്വരതയില്‍ ജീവിച്ചു പോന്ന ആ ചെറിയ ഗ്രാമത്തില്‍ കൃഷിയായിരുന്നു അടിസ്ഥാന വരുമാനം. പിന്നീട് ദാരിദ്ര്യം സഹിക്കവയ്യാതെ ഉപജീവനം തേടി അവിടെ നിന്നും പലരും അടുത്തുള്ള മറ്റു ഗ്രാമങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തു. അങ്ങനെ മുസ്‌ലിംകള്‍ തീരെയില്ലാതെയായി. എന്നാല്‍, 200 വര്‍ഷം പഴക്കമുള്ള ഒരു പള്ളി അവിടെയുണ്ടായിരുന്നു. തങ്ങള്‍ ജീവിച്ച ബഹുസ്വരതയുടെ അന്തരീക്ഷം നിലനിര്‍ത്താന്‍ ആ ഗ്രാമവാസികള്‍ പള്ളി വൃത്തിയായി സൂക്ഷിക്കുകയും അവിടെ എല്ലാ നേരവും ബാങ്ക് വിളി റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിക്കുകയും ചെയ്തു. ഇതുമൊരു സമരമാണ്. മറ്റു വിശ്വാസക്കാരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്ന നാട്ടില്‍ അതിനെ സംരക്ഷിക്കുക വഴി അവര്‍ ചെയ്തത് ഇന്ത്യയുടെ ഭരണഘടനയെയും ബഹുസ്വരതയെയും സംരക്ഷിക്കുകയെന്നതാണ്. പക്ഷേ, ഇതാരും അധികം റിപ്പോര്‍ട്ട് ചെയ്യുകയോ പുറം ലോകം അറിയുകയോ ചെയ്തില്ല. ഇടകലര്‍ന്നു ജീവിച്ച മനുഷ്യരുടെ പോരാട്ടങ്ങള്‍ പുറത്തുകൊണ്ടു വരുമ്പോഴാണ് നമ്മളും ഒരു പോരാളിയായിത്തീരുന്നത്. സാമൂഹ്യമായ ഓര്‍മ എന്നു പറയുന്നത് ഒരു ചെറിയ കാര്യമല്ല.

നോവലിലേക്ക് വന്നാല്‍, അന്ധമായ ദേശീയത മുറുകെപ്പിടിക്കുമ്പോഴും വിദേശ നിര്‍മിത വസ്തുക്കളോട് ഒരു പ്രത്യേക ഭ്രമം നോവലിലെ കഥാപാത്രങ്ങള്‍ കാണിക്കുന്നുണ്ട്?

ഇപ്പോള്‍ ഫാഷിസ്റ്റുകള്‍ നമ്മുടെ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഫാസിസം പോലും മുസ്സോളനിയില്‍ നിന്ന് കടമെടുത്തതാണ്. ഇവരിലെ ആദ്യകാല നേതാക്കന്‍മാരെല്ലാം ഹിറ്റ്‌ലറുടെയും മുസ്സോളനിയുടേയും വലിയ ആരാധകരായിരുന്നു. 2014-ല്‍ രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനായി കൊണ്ടുവന്ന 'മേക് ഇന്‍ ഇന്ത്യ' യുടെ ലോഗോ പോലും ഒറിഗോണ്‍ ആസ്ഥാനമായുള്ള ഒരു വിദേശ കമ്പനി നിര്‍മിച്ചതാണ്. നോവലില്‍ ബ്രിട്ടീഷ് നിര്‍മിത വസ്തുക്കളോടുള്ള ഭ്രമം ഫാഷനായി കരുതുന്ന ഇത്തരം വ്യക്തികളെ കാണാം. സ്വദേശിവത്കരണം ജനങ്ങളില്‍ രാജ്യസ്‌നേഹം വളര്‍ത്താന്‍ വലിയ ഒരു ആയുധമായി കാണുന്നവര്‍ വികസനത്തിനായി പോരാടുന്ന ചില സംസ്ഥാനങ്ങളുടെ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് ഇരട്ടത്താപ്പല്ലേ.


ഗാന്ധിജിയെ വെടിവെച്ചു കൊല്ലാനുപയോഗിച്ച തോക്ക്

ഒരു സംഭവം ഓര്‍മ വരുന്നു - ഇരുനൂറിലധികം ജനങ്ങള്‍ മരിക്കാനിടയായ ഒഡീഷയിലെ തീവണ്ടിയപകടം. മരിച്ചവരുടെ ബോഡി പോസ്റ്റുമാര്‍ട്ടം ചെയ്തത് അവിടെയടുത്തുള്ള ഒരു സ്‌കൂളില്‍ വച്ചായിരുന്നു. ആ സ്‌കൂളിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ദലിത് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണത്. താരതമ്യേന വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്‍ക്കുന്ന ആ കൊച്ചു ഗ്രാമത്തില്‍ പുതിയ തലമുറയെ ഉയര്‍ത്തിക്കൊണ്ടുവരാനായി എന്‍ട്രന്‍സ് ഉള്‍പ്പെടെയുള്ള കോച്ചിംഗ് കൊടുത്തു കൊണ്ട് മികച്ച നിലവാരം പുലര്‍ത്തിയ ഒരു സ്‌കൂളായിരുന്നു അത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഫാസിസ്റ്റ് ശക്തികള്‍ ആ സ്‌കൂളിനെതിരെ വ്യാജ വാര്‍ത്തകള്‍ കൊടുക്കാന്‍ തുടങ്ങി. വേറൊന്നുമല്ല, അവിടെ കുട്ടികളെ പഠിപ്പിക്കാന്‍ പറ്റിയ അന്തരീക്ഷമല്ല, പ്രേതബാധയുള്ള സ്ഥലമാണ്.. എന്നിങ്ങനെയുള്ള അസത്യപ്രചരണങ്ങള്‍. വാട്‌സ്ആപ്പ് വഴി ബോധമലിനീകരണം ഉണ്ടാക്കി. അവിടുത്തെ ജനങ്ങള്‍ ഇതു വിശ്വസിച്ച് കുട്ടികളെ ആ സ്‌കൂളില്‍ അയക്കാതായി. ആ സ്‌കൂള്‍ ഇടിച്ചു പൊളിച്ചു കളയുകയും ചെയ്തു. പിന്നീട് ഇതാരോ ചോദ്യം ചെയ്തപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ സ്‌കൂള്‍ കെട്ടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു. അപ്പോള്‍ തന്നെ കേന്ദ്രം ഇടപെട്ട് കുറച്ചുകൂടി സൗകര്യമുള്ള വിദ്യാഭ്യാസ സ്ഥാപനം നിര്‍മിക്കാമെന്ന് അവകാശപ്പെട്ടു. നമ്മള്‍സംസാരിക്കുന്ന ഈ നിമിഷം വരെ ആ സ്‌കൂളിന്റെ ഒരു തറക്കല്ല് പോലും സ്ഥാപിക്കപ്പെട്ടിട്ടില്ല. കാരണം, അവര്‍ ഭയക്കുന്നത് ഇതുപോലെയുള്ള സ്‌കൂളുകളേയും അതുവഴിയുണ്ടാകുന്ന വ്യക്തി വികാസങ്ങളേയുമാണ്. ഇവര്‍ സാംസ്‌കാരിക ദേശീയതയുടെയും വ്യാജ ദേശീയതയുടെയും ആള്‍ക്കാരാണ്.

നോവലില്‍രാഷ്ട്രീയത്തോടൊപ്പം സെക്‌സും വയലന്‍സുമൊക്കെ പ്രമേയങ്ങളാകുന്നു. അതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ?

സത്യത്തില്‍ ഫാസിസ്റ്റുകള്‍ അങ്ങനെയാണ്. അവര്‍ സ്ത്രീകളോട്, LGBT യോട്, ദലിതരോടൊക്കെ പെരുമാറുന്നത് കാണുമ്പോള്‍ നമുക്കത് മനസ്സിലാകും. ഞാന്‍ ബോംബെയിലായിരുന്നപ്പോള്‍ പൂനാ ടൈംസ് സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. അതില്‍ ഇത്തരം ക്രൈം വിഷയങ്ങള്‍ കൈകാര്യം ചെയ്യാറുണ്ട്. നോവലില്‍ ഫാസിസ്റ്റുകളുടെ യഥാര്‍ഥ മനോവൈകല്യങ്ങളെ തുറന്നു കാട്ടാനാണ് അത്തരത്തില്‍ എഴുതിയത്. ഇതെഴുതുമ്പോള്‍ ഒരു വിപണി എന്റെ മുന്നിലില്ല. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ലോകത്തോട് വിളിച്ച് പറയാന്‍ എഴുത്തിനെ ഞാന്‍ മാധ്യമമാക്കുകയേ ചെയ്തിട്ടുള്ളൂ. സെക്‌സ് വിപണിമുല്യം ഉണ്ടാക്കാനായി തിരുകിക്കയറ്റിയതൊന്നുമല്ല. ജീവിതത്തില്‍ ഉള്ളതെല്ലാം സാഹിത്യത്തിലും ആവാം. ഡി.എച്ച് ലോറന്‍സ് പഴികേട്ട കാലത്തൊന്നും അല്ലല്ലോ നമ്മള്‍ ജീവിക്കുന്നത്. ഞാനൊരു പ്രഭാഷകനോ ചിത്രകാരനോ ആയിരുന്നെങ്കില്‍ എന്റെ ആവിഷ്‌കരണം മറ്റൊന്നാകുമായിരുന്നു. ഈ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നോ ഇത് വായിക്കപ്പെടുമെന്നോയുള്ള യാതൊരു മുന്‍ധാരണകളുമില്ലാതെയാണ് ഞാനിതെഴുതിയത്. മാധ്യമത്തില്‍ ഇതിന്റെ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചതു കൊണ്ടാണ് വായനക്കാരുടെ ആവശ്യപ്രകാരം ഇത് പുസ്തകമാക്കുന്നത്. അതുകൊണ്ട് വിപണനത്തിനായി പ്രത്യേകമായ ഒരു ടൂളും ഉപയോഗിച്ചിട്ടില്ല. ഇനിയെന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതെന്റെ എഴുത്തിനു വേണ്ടി മാത്രമാണ്.

ഏറ്റവും മനോഹരമായി പ്രണയിക്കുന്നവനാണ് ഏറ്റവും നന്നായി വംശഹത്യ നടത്തുന്നത് 'നോവലിലെ ഈ വാചകത്തില്‍ വൈരുധ്യമില്ലേ?

നോവലിലെ വൈരുധ്യമായി പലരും ചൂണ്ടിക്കാണിച്ച വാചകങ്ങളാണത്. നാരായണ്‍ ആപ്‌തേയെപ്പോലെ വയലന്‍സില്‍ ജനിച്ചു വളര്‍ന്ന ഒരാളുടെ പ്രണയം എങ്ങനെയായിരിക്കുമെന്ന് വെളിപ്പെടുത്താനാണ് ഇതുപോലെയുള്ള വാചകങ്ങള്‍ ഞാന്‍ നോവലില്‍ കൊണ്ടുവന്നത്. ഫാസിസ്റ്റ് മനോഭാവത്തിന്റെ അടിമകളുടെ ഏത് വികാരവും തീവ്രമായിരിക്കും; അത് പ്രണയമായാലും ഹത്യയായാലും. ജന്‍മനാ കാല്പനികനായ ഒരു മനുഷ്യന്‍ വര്‍ഗീയവാദിയായി തീരുമ്പോള്‍ ഭൂമിയില്‍ പൂന്തോട്ടവും ശ്മശാനവും ഒരുപോലെ സൃഷ്ടിക്കപ്പെടുന്നു എന്ന് എഴുതിചേര്‍ത്തതും അതുകൊണ്ടാണ്. കാമുകിയായ മനോരമ സാല്‍വി ഒരു ക്രിസ്ത്യാനിയാണെന്ന വര്‍ഗീയ ചിന്ത അയാളുടെ ഉള്ളിലുണ്ട്. പക്ഷേ, പ്രണയം അയാളെ കീഴ്‌പ്പെടുത്തുന്നുമുണ്ട്. ആ കീഴ്‌പ്പെടുത്തലാകാം ഗാന്ധിജിയെ കൊല്ലാനായി ഇറങ്ങിത്തിരിച്ച ആപ്‌തേ പലപ്പോഴും പരാജയപ്പെട്ടതും ഒടുവില്‍ ഗോഡ്‌സേ അതിനായി നിയോഗിക്കപ്പെട്ടതും.

ഗാന്ധിജി കണ്ട രാമനല്ല ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ കാണുന്ന രാമന്‍. രാമരാജ്യം സ്ഥാപിക്കണമെന്ന് വാശിപിടിക്കുമ്പോള്‍എന്താണ് രാമരാജ്യം എന്നു കൂടി ഇവര്‍ വ്യക്തമാക്കണം. ഞാന്‍ മനസ്സിലാക്കിയെടുത്തോളം രാമന്‍ സ്വന്തം രാജ്യത്തെയോ സ്വന്തം പത്‌നിയെയോ രക്ഷിക്കാന്‍ കഴിയാതെ ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്തയാളാണ്. പക്ഷേ, ഇവരുടെ മസ്തിഷ്‌ക പ്രക്ഷാളനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പലരും അതൊരു സ്വര്‍ഗ്ഗരാജ്യമായി തെറ്റിദ്ധരിക്കുന്നു. ദൈവങ്ങളില്‍ പോലും ഇവര്‍ വേര്‍തിരിവ് കാണിക്കുന്നു.

ആപ്‌തേ ഒരു കവിയും കാമുകനുമായിരിക്കുമ്പോഴും വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവനാണ്. മഹാത്മാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ചാല്‍, അതില്‍ മനോരമാ സാല്‍വിയുടെ പേരുമുണ്ട്. എന്നാല്‍, സാല്‍വിയുടെ അച്ഛന്‍ പൊലീസുകാരനായിരുന്നു. അന്ന് അവര്‍ ഗര്‍ഭിണിയായത് കൊണ്ട് മാനുഷിക പരിഗണന വച്ച് അവരെ ഒഴിവാക്കുകയായിരുന്നു. ആപ്‌തേയുടെ അറസ്റ്റിന് ശേഷമുള്ള ജനരോഷത്തില്‍ ആ കുടുംബം എവിടെയോ അപ്രത്യക്ഷമായി. അവര്‍ എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല. ഈ നോവലിലെ എല്ലാ സ്ത്രീകളുടെയും പ്രണയമെടുത്ത് നോക്കിയാലും ഒരു ഇരയാക്കപ്പെടല്‍ കാണാം. ഫാസിസ്റ്റുകളുടെ പ്രണയം പോലും വയലന്‍സ് ആണ്. ഹിറ്റ്‌ലറും പ്രണയിച്ചിരുന്നു എന്ന് നാം ഓര്‍ക്കണം. എറിക് ഫോം ഇതേപ്പറ്റിയൊക്കെ വിശദമായി എഴുതിയിട്ടുണ്ട്. സാഡിസ്റ്റുകള്‍ ഉണ്ടാക്കുന്ന കിടപ്പറ വയലന്‍സ് നാം പത്രത്തിലും ഒക്കെ കാണാറുള്ളതല്ലേ. അതുകൊണ്ട് പൂന്തോട്ടവും ശ്മശാനവും ഒരാളില്‍ തന്നെയുണ്ട്.

പുസ്തകവും ആയുധവും ശരിയായ വ്യക്തികളുടെ കയ്യിലല്ലെങ്കില്‍ അതിന് ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും?

അതേ, ചരിത്രമെടുത്ത് പരിശോധിച്ചാല്‍ തന്നെ നമുക്കത് മനസ്സിലാകും. ഹിറ്റ്‌ലര്‍ ഏറ്റവും നല്ല വായനക്കാരനായിരുന്നു. പക്ഷേ, ആ വായനകള്‍ ഒരു വംശഹത്യയിലേക്കാണ് അയാളെ നയിച്ചത്. പുസ്തകങ്ങള്‍ ആയുധങ്ങളേക്കാള്‍ അപകടം പിടിച്ച സംഗതിയാണ്. പുസ്തകം ഒരേസമയം ആയുധമാവുകയും ആയുധത്തിനെതിരേ പ്രവര്‍ത്തിക്കുകയും ചെയ്യും. ഗോഡ്‌സേ വയലന്‍സ് ഉല്‍പാദിപ്പിക്കുന്ന പള്‍പ്പ് ഫിക്ഷന്റെ ആരാധകനായിരുന്നു. വായനകള്‍ ഒരാളെ ഉത്തമ മനുഷ്യരാക്കുന്നില്ല. ഹിറ്റ്‌ലര്‍ ആത്മകഥയായ 'മെയിന്‍ കാംഫ്' എഴുതിയ അതേ വര്‍ഷമാണ് ഇന്ത്യയില്‍ ആര്‍.എസ്.എസ് എന്ന സംഘടന രൂപീകൃതമായത്. അപ്പോള്‍, പുസ്തകങ്ങള്‍ക്ക് ഇത്തരത്തിലും സ്വാധീനം ചെലുത്താന്‍ കഴിവുണ്ട്. മതഗ്രന്ഥങ്ങള്‍ എടുത്താല്‍ തന്നെ സമാധാനം സ്ഥാപിക്കാനെടുക്കുന്ന ഗ്രന്ഥങ്ങള്‍ തന്നെയാണ് തീവ്രവാദികള്‍ അവരുടെ അജണ്ട നടപ്പാക്കാന്‍ ഉപയോഗിക്കുന്നത്. അത് ഖുര്‍ആന്‍ ആയാലും രാമായണമായാലും. രാമന്റെ കാര്യമെടുത്താല്‍ ഗാന്ധിജി കണ്ട രാമനല്ല ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ കാണുന്ന രാമന്‍. രാമരാജ്യം സ്ഥാപിക്കണമെന്ന് വാശിപിടിക്കുമ്പോള്‍എന്താണ് രാമരാജ്യം എന്നു കൂടി ഇവര്‍ വ്യക്തമാക്കണം. ഞാന്‍ മനസ്സിലാക്കിയെടുത്തോളം രാമന്‍ സ്വന്തം രാജ്യത്തെയോ സ്വന്തം പത്‌നിയെയോ രക്ഷിക്കാന്‍ കഴിയാതെ ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്തയാളാണ്. പക്ഷേ, ഇവരുടെ മസ്തിഷ്‌ക പ്രക്ഷാളനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പലരും അതൊരു സ്വര്‍ഗ്ഗരാജ്യമായി തെറ്റിദ്ധരിക്കുന്നു. ദൈവങ്ങളില്‍ പോലും ഇവര്‍ വേര്‍തിരിവ് കാണിക്കുന്നു.


9mm ബെരേറ്റക്ക് തോലില്‍ സുരേഷ് തയ്യാറാക്കിയ ഇലസ്‌ട്രേഷന്‍

ഗണപതിയെ ട്രൌസറിട്ട് എഴുന്നള്ളിക്കുമ്പോള്‍ ഗണപതിഭക്തര്‍ക്ക് അത് ചോദ്യം ചെയ്യാന്‍ സാധിക്കുന്നില്ല.ദലിതരുടെ ക്ഷേത്രങ്ങള്‍ നശിപ്പിക്കുമ്പോഴും ചോദ്യം ചെയ്യാന്‍ ആരും വരുന്നില്ല. ഇന്ത്യയില്‍ ഇത് ഹിന്ദുത്വ ഫാസിസ്റ്റുകളാണെങ്കില്‍ ഇറാനിലും അഫ്ഗാനിസ്ഥാനിലും മുസ്‌ലിം ഫാസിസ്റ്റുകളാണ്. ഞാന്‍ പറഞ്ഞു വന്നത് ഏകാധിപത്യവും സ്വേച്ഛാധിപത്യവും വളരുന്നിടങ്ങളില്‍ മതഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളെ ഇവര്‍ ആയുധമായി ഉപയോഗിക്കുന്നുണ്ട്. ചോറ് നിങ്ങള്‍ക്ക് കറി ഒഴിച്ചും കഴിക്കാം വിഷം ഒഴിച്ചും കഴിക്കാം, രണ്ടിന്റെയും ഫലം രണ്ടാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇത്രയും സെന്‍സിറ്റീവായ വിഷയങ്ങളെ വ്യക്തികളുടെ പേരുകളില്‍ പോലും വലിയ മാറ്റം വരുത്താതെ ധൈര്യപൂര്‍വ്വം ആവിഷ്‌കരിക്കാന്‍ എങ്ങനെ സാധിച്ചു?

ഗാന്ധി വധത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഗാന്ധിയെ കൊന്ന ആളുടെ പേര് മാറ്റാനാവുമോ? ഇല്ല. ഈ നോവലെഴുതുമ്പോള്‍ ഞാന്‍ എന്നെക്കുറിച്ചോ, എന്റെ കുടുംബത്തെക്കുറിച്ചോ ആലോചിച്ചില്ല. ഇത് ഞാനല്ലെങ്കില്‍ വേറെ ആര് എഴുതും എന്ന് മാത്രമാണ് ചിന്തിച്ചത്. ചിലതെല്ലാം ഒരു നിയോഗമാണ്. ഒരു എഴുത്തുകാരനെന്ന നിലയില്‍ മാത്രമല്ല ഒരു മനുഷ്യനെന്ന നിലയിലും എനിക്ക് സമൂഹത്തോടും ചുറ്റുമുള്ള മനുഷ്യരോടുമുള്ള കടമകള്‍ മാത്രമായിരുന്നു ഇതെഴുതുമ്പോള്‍ ഉള്ളിലുണ്ടായിരുന്നത്. ഇതിലെ ഓരോ അധ്യായങ്ങള്‍ എഴുതുമ്പോഴും പിന്നീട് എന്തു സംഭവിക്കുമെന്ന് എനിക്കറിയില്ല. സത്യത്തില്‍ ഞാനല്ല, മറ്റാരോ എന്നെക്കൊണ്ട് ചെയ്യിക്കുന്നതു പോലെയാണ്തോന്നിയത്. ഇത് ഇത്രയും അധ്യായങ്ങളുള്ള ഒരു നോവലായി മാറുമെന്നോ അതിന് ഇത്രയധികം വായനകളുണ്ടാകുമെന്നോ നോവല്‍ എഴുതിത്തുടങ്ങുമ്പോള്‍ എനിക്കറിയില്ല. അത് സംഭവിച്ചു പോവുകയായിരുന്നു. പിന്നെ പേടിയുടെ കാര്യം പറഞ്ഞാല്‍, സംഭവിക്കാനുള്ളത് സംഭവിക്കുക തന്നെ ചെയ്യും. ഭയന്ന് ഒന്നും ചെയ്യാതെ ഒരു കോര്‍ണറിലെവിടെയോ ഒളിച്ചിരിക്കുന്നതിനേക്കാള്‍ അഭിമാനം എന്തെങ്കിലും ചെയ്തിട്ട് നിവര്‍ന്ന് നിന്ന് അതിന്റെ ഭവിഷ്യത്ത് നേരിടുന്നതല്ലേ. ഇങ്ങനെയുള്ള നമ്മുടെ പൂര്‍വ്വികര്‍ ഉണ്ടായതു കൊണ്ടാണല്ലോ ഞാനിപ്പോള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ നിങ്ങളുടെ മുന്നിലിരുന്ന് സംസാരിക്കുന്നതും. എഴുതുമ്പോള്‍ ഉണ്ടായിരുന്ന ഉന്മാദം എന്നെ കൂടുതല്‍ ധൈര്യപ്പെടുത്തിയിട്ടുണ്ടാവണം.


കഥയില്‍ ഞാന്‍ സമൂഹത്തിന്റെ വിചാരങ്ങള്‍ ഒളിച്ചു കടത്താറുണ്ട്. ചില കഥകള്‍ വളരെ ലൗഡ് ആയി പോയി എന്ന് ചിലര്‍ പറയാറുണ്ട്. അതിനു എന്താണ് കുഴപ്പം? തെരുവില്‍ ഗര്‍ഭിണിയുടെ കുടല്‍ മാല പുറത്തെടുത്തു നിര്‍ത്തമാടുന്നതിനേക്കാള്‍, നിസ്സഹായരായ മനുഷ്യരെ ആള്‍ക്കൂട്ടം വിചാരണ ചെയ്തു തല്ലികൊല്ലുന്നതിനേക്കാള്‍ ലൗഡ് ആയി ഇവിടെ എന്താണുള്ളത്. പിന്നെ ഞാന്‍ എന്തിനു പതുക്കെ പറയണം? അതുകൊണ്ട് എന്റെ എഴുത്ത് അത്രയൊന്നും ലൗഡ് അല്ല. എനിക്ക് സംസാരിക്കാന്‍ പാര്‍ലമെന്റോ തെരുവോ മൈക്കോ ഇല്ല, കഥകളെ ഉളളൂ. ലാറ്റിനമേരിക്കയില്‍ അനവധി എഴുത്തുകാര്‍ മന്ത്രിമാരായും പ്രസിഡന്റുമാരായും സ്ഥാനപതിമാരായും രാജ്യം ഭരിച്ചിട്ടുണ്ട്. എഴുത്തുകാരായി പേരെടുത്ത ശേഷം ഭരണരംഗത്തും ജനകീയ പോരാട്ടങ്ങളിലും വന്നവര്‍.

ജോവാക്വി മരിയാ മെക്കാഡോ ഡി ആസിസ്, റോമുലെ ഗലിഗോസ്, സെര്‍ജിയോ റാമിറെസ്, ഹെര്‍ണാണ്ടോ ടെല്ലിസ്,ജ്വാന്‍ ബോഷ്, ഓക്ടാവിയോ പാസ്, പാബ്ലോ നേരുദ തുടങ്ങിയവരുടെ പേരുകള്‍ ഓര്‍മവരുന്നു. ഇവരുടെ എഴുത്തിലും ജീവിതത്തിലും പ്രത്യക്ഷ രാഷ്ട്രീയമുണ്ട്. അതുകൊണ്ട് രാഷ്ട്രീയം സാഹിത്യത്തില്‍ നിന്നു അടര്‍ന്നു നില്‍ക്കുന്ന, നില്‍ക്കേണ്ട ഒന്നല്ല. ജനാധിപത്യത്തില്‍ ഫാസിസം ആവാമെങ്കില്‍, സാഹിത്യത്തില്‍ രാഷ്ട്രീയമാകാം.

ഗാന്ധിജിയിലേക്ക് വന്നാല്‍, അദ്ധേഹം വിമര്‍ശനങ്ങള്‍ക്കതീതനാണോ?

മനുഷ്യരെല്ലാം എന്തെങ്കിലും തരത്തില്‍ ദൗര്‍ബല്യങ്ങളുള്ളവരാണ്. ഒരു മനുഷ്യനും വിമര്‍ശനത്തിനതീതനല്ല. നോവലില്‍ പോലും ഒന്ന് രണ്ട് അധ്യായങ്ങളില്‍ മാത്രമേ ഗാന്ധിജി വരുന്നുള്ളൂ. എന്നിരുന്നാലും അദ്ദേഹം ഇന്ത്യയുടെ വലിയ പ്രതീകമാണ്. ആ പ്രതീകത്തെ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു വ്യത്യാസവുമില്ലാതെ ഉപയോഗിക്കുന്നു. മറ്റുള്ള രാജ്യങ്ങള്‍ ഇന്ത്യയെ സ്മരിക്കുമ്പോഴെല്ലാം മഹാത്മാഗാന്ധിയെയും സ്മരിക്കുന്നുണ്ട്. കാരണം, മറ്റുള്ളവര്‍ ആരാധനയോടെ നോക്കിക്കാണുന്ന ഒരു വ്യക്തിപ്രഭാവം അദ്ധേഹത്തിന് ഉണ്ടായിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ട്. ഗാന്ധിജി വിമാന യാത്ര ഇഷ്ടപ്പെട്ടിരുന്ന ഒരാളല്ല. കാരണം, ആഢംബരങ്ങളെ അദ്ദേഹം എതിര്‍ത്തിരുന്നു.ഗാന്ധിജി കൊല്ലപ്പെട്ട ദിവസം തന്നെയാണ് വിമാനം കണ്ടു പിടിച്ച റൈറ്റ് സഹോദരന്‍മാരില്‍ ഒരാളായ ഓര്‍വില്‍ റൈറ്റ് മരിക്കുന്നത്. എന്നാല്‍, റൈറ്റ് സഹോദരന്‍മാര്‍ ജനിച്ചു വളര്‍ന്ന ഇംഗ്ലണ്ടില്‍ പോലും അന്നത്തെ പ്രധാന വാര്‍ത്ത ഗാന്ധിജിയുടെ ഹത്യയായിരുന്നു. ഓര്‍വിന്റെ മരണം ഒരു ചെറിയ കോളം വാര്‍ത്തയായി ചുരുങ്ങി. സത്യസന്ധമായി ജീവിച്ച ഒരാള്‍ക്ക് ഇത്തരം പ്രഭാവങ്ങള്‍ ഉണ്ടാകുമായിരിക്കും.!


ഫാസിസ്റ്റുകള്‍ പോലും എത്ര സമര്‍ഥമായി ഗാന്ധിജിയെ ഉപയോഗിക്കുന്നുവെന്ന് നമ്മള്‍ കാണുന്നതാണല്ലോ. എന്തുകൊണ്ടാണ് കറന്‍സികളില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം പിന്‍വലിക്കാത്തത്? പുതിയ പാര്‍ലമെന്റിന്റെ മുന്നില്‍ അവര്‍ ഗാന്ധിജിയുടെ പ്രതിമ തന്നെയാണ് സ്ഥാപിച്ചത്. അവര്‍ക്ക് വേണമെങ്കില്‍ സവര്‍ക്കറുടെ പ്രതിമ സ്ഥാപിക്കാമായിരുന്നല്ലോ. വിദേശ രാജ്യങ്ങളില്‍ ഗാന്ധിയെക്കുറിച്ച് പ്രധാനമന്ത്രി അഭിമാനത്തോടെ സംസാരിക്കുകയും ഗാന്ധിജിയെ അപമാനിക്കുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യുന്നതെന്തുകൊണ്ട്? എല്ലാറ്റിനും ഒറ്റ ഉത്തരമേയുള്ളൂ. അവരുടെ നിലനില്‍പ്പിന് ഗാന്ധിജി വേണം. കാരണം, ഇന്ത്യന്‍ ജനതയുടെ രക്തത്തില്‍ ആ പേര് കൊത്തിവച്ചിരിക്കുന്നു. സത്യത്തില്‍ ജീവിച്ചിരുന്ന ഗാന്ധിജിയേക്കാള്‍ കൊല്ലപ്പെട്ട ഗാന്ധിജിയെയാണ് സംഘ്പരിവാര്‍ ഭയപ്പെടുന്നത്.

9mm ബെരേറ്റഎന്ന നോവല്‍ വിനോദ് കൃഷ്ണ എന്ന എഴുത്തുകാരനെയാണോ, വിനോദ് കൃഷ്ണ എന്ന പൗരനെയാണോ കൂടുതല്‍ സംതൃപ്തിപ്പെടുത്തിയത്?

വിനോദ് കൃഷ്ണ എന്ന മനുഷ്യനെയാണ് എന്നു പറയണം. എനിക്കിതൊരു സമരമാര്‍ഗ്ഗമായിരുന്നു. ബഹുസ്വരതകളുടെ നാടായ കോഴിക്കോട്വളര്‍ന്ന എനിക്ക് എല്ലാ മതവിശ്വാസങ്ങളേയും ഒരുപോലെ കാണാന്‍ കഴിയുമായിരുന്നു. റമദാനില്‍ മുസ്‌ലിം സുഹൃത്തുക്കളോടൊപ്പം ഞാന്‍ നോമ്പെടുക്കാറുണ്ടായിരുന്നു. ക്രിസ്തുമസ്, ക്രിസ്ത്യന്‍ സുഹൃത്തുക്കളോടെപ്പം ആഘോഷിക്കുകയും അവരുടെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ടായിരുന്നു. എനിക്കു തോന്നുന്നു, മിക്കവാറും ആളുകള്‍ ഇതൊക്കെതന്നെയാണ് ചെയ്തിരുന്നത്. അന്നൊന്നുമില്ലാത്ത വിഭാഗീയമായ ചിന്തകള്‍ പിന്നീടെങ്ങനെയുണ്ടായി എന്ന് ഞാന്‍ ആലോചിക്കാന്‍ തുടങ്ങി. അതിന്റെ അന്വേഷണത്തിലാണ് ഈ നോവലിന് ആസ്പദമായ പല കാര്യങ്ങളും കണ്ടെത്തിയത്. ഇതിന്റെ ആമുഖത്തില്‍ പറഞ്ഞതു പോലെ ഗാന്ധിഘാതകര്‍ ഉപയോഗിച്ച '9mm ബെരേറ്റ' എന്ന സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ എവിടെയുണ്ടെന്ന തിരച്ചില്‍ അവസാനിച്ചത് ഡല്‍ഹിയിലെ നാഷണല്‍ ഗാന്ധി മ്യൂസിയത്തിലായിരുന്നു. എന്നാല്‍, 1997 വരെ മ്യൂസിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്ന ആ തോക്ക് പിന്നീട് അവിടെ കാണാതായി. ആ തോക്ക് കാണുമ്പോള്‍ ആളുകള്‍ക്ക് നെഗറ്റീവ് ഫീലിംഗ് ഉണ്ടാകാതിരിക്കാനാണ് അതെടുത്ത് മാറ്റിയതെന്നായിരുന്നു മ്യൂസിയം ക്യൂറേറ്ററുടെ വിശദീകരണം. 1997 വരെആ തോക്ക് കാണുമ്പോള്‍ പ്രശ്‌നമില്ലാതിരുന്ന ജനങ്ങള്‍ക്ക് 97-ന് ശേഷം അതെങ്ങനെ ഒരു പ്രശ്‌നമായെന്ന് ചിന്തിച്ചു. അതു പോലെ ഗാന്ധിഘാതകരുടെ പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ അമരക്കാര്‍ തന്നെ ഗാന്ധിജിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തുമ്പോള്‍ അത് ചോദ്യം ചെയ്യാന്‍ ഇവിടെ ആരുമില്ലല്ലോയെന്ന ചിന്തയും ഈ നോവലിന് ഒരു കാരണമാണ്. ഇതിനൊക്കെഒരു അവസാനമുണ്ടായി എല്ലാവരും പഴയതുപോലെ സ്‌നേഹിച്ചു കഴിയുന്ന കാലം സ്വപ്നം കാണുന്ന ഒരു മനുഷ്യനാണ് ഞാന്‍.

എഴുത്തിലെ രാഷ്ട്രീയത്തിന് മറ്റെന്തെല്ലാം പ്രചോദനമായിട്ടുണ്ട്?

1998 ല്‍ ഗിരീഷ് ആനന്ദ് ആണ് എന്നെ എഴുത്തിലേക്ക് തിരിച്ചുവിട്ടത്. ഗിരിയേട്ടന്‍ എന്നില്‍ വിത്തിട്ട സ്വപ്നമാണ് ഈ നോവലായി പരിണമിച്ചത്. പക്ഷെ, കാല്‍പനിക ജ്വരത്തില്‍പ്പെട്ട എന്നെ കുന്നത്തൂര്‍ രാധാകൃഷ്ണേട്ടന്‍ ആണ് വസന്തത്തിന്റെ ഇടിമുഴക്കത്തെപ്പറ്റി ബോധവാനാക്കിയത്. കഥയില്‍ പൊളിറ്റിക്കല്‍ മോഡേണിറ്റിയുടെ പ്രാധാന്യം എനിക്കതോടെ പിടികിട്ടി. ഈ നോവലില്‍ അത് ഉപയോഗിച്ചിട്ടുണ്ട്. 'ക്യാപിറ്റലിസ്റ്റ് രാജ്യമായ അമേരിക്കയില്‍ ഇരുന്നു ജാക്ക് ലണ്ടന്‍ എന്ത് കൊണ്ടാണ് അയേണ്‍ ഹീല്‍ എന്ന കൃതി എഴുതിയതെന്നുആലോചിച്ചിട്ടുണ്ടോ?' ഒരിക്കല്‍ അദ്ദേഹം ചോദിച്ചു. അപ്പോഴാണ് ഞാനും അതെ പറ്റി ഓര്‍ത്തത്. നമ്മുടേത് പോലുള്ള രാഷ്ട്രീയ കാലാവസ്ഥയില്‍ അത്തരത്തിലുള്ള സന്ദേശം വളരെ പ്രധാനമാണ്. ഇത്തരം ചിന്തകള്‍ ഒക്കെ നോവലെഴുത്തിനു തുണയായിട്ടുണ്ട്. ഭാവിയുടെ നിര്‍മാണത്തിനുള്ള പദ്ധതിയാണ് സാഹിത്യം. മുന്‍ തലമുറയിലെ ശക്തരായ എഴുത്തുകാര്‍ പകര്‍ന്നു തന്ന ഈ അറിവാണ് എന്റെ എഴുത്തിന്റെ ബോധ്യം.


| വിനോദ് കൃഷ്ണ I 9mm ബെരേറ്റ - കവര്‍ ചിത്രം

9mm ബെരേറ്റക്ക് മുമ്പും ശേഷവും, എഴുത്തുംജീവിതവും?

ഒരു വ്യക്തി ജീവിതത്തിന്റെ ഓരോ ഘട്ടങ്ങള്‍ കഴിയുമ്പോഴും മാറുന്നുണ്ട്. വിവാഹിതനാകുമ്പോള്‍, കുട്ടികളുണ്ടാകുമ്പോള്‍ ഒക്കെ ആ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് എഴുത്തുകാരനും. നമ്മുടെ ഒരു സൃഷ്ടി ശ്രദ്ധിക്കപ്പെട്ടാല്‍ നമ്മള്‍ ഉത്തരവാദിത്തബോധമുള്ളവനാകും. ഇനി അടുത്തതെഴുതുമ്പോള്‍ സൂക്ഷ്മത പുലര്‍ത്താന്‍ ശ്രദ്ധിക്കും. 9mm ബെരേറ്റ എന്റെ ആദ്യ നോവലാണ്. അതെഴുതുമ്പോള്‍ അതിന്റെ ഘടനയെക്കുറിച്ചോ വരികളെക്കുറിച്ചോ ഞാന്‍ ആശങ്കപ്പെട്ടില്ല. എഴുതിക്കഴിഞ്ഞപ്പോഴാണ് ഞാനെന്തോ വലിയ കാര്യമാണ് ചെയ്തതെന്ന തോന്നലുണ്ടായത്. എവിടെ ചെന്നാലും ആളുകള്‍ സ്‌നേഹം കൊണ്ടു പൊതിയുന്നു. എന്നാല്‍, ഇനി എന്തെഴുതുമ്പോഴും 9mm ബെരേറ്റയുടെ രചയിതാവിന്റെ സൃഷ്ടിയെന്ന കയ്യൊപ്പ് അവിടെയുണ്ടാകും. അതെന്നില്‍ അഭിമാനത്തോടൊപ്പം ഉത്തരവാദിത്തബോധവും ഉണ്ടാക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ ആദ്യ നോവലെഴുതിയ ആവേശവും തീയും പിന്നീടെഴുതുമ്പോള്‍ ഉണ്ടാകണമെന്നില്ല. കൂടാതെ, ജനങ്ങള്‍ക്ക് ഇതിഷ്ടമാകുമോയെന്നൊരു ഭയം ഉണ്ടാകുകയും ചെയ്യും. അതുകൊണ്ട് അടുത്ത നോവല്‍ കുറച്ച് സമയമെടുത്ത് എഴുതണമെന്നാണ് കരുതുന്നത്. ഭാവി സൃഷ്ടിയെ പറ്റിയൊന്നും എനിക്കിപ്പോള്‍ ഭാവിയെക്കുറിച്ചുള്ളതുപോലെ വലിയ ഉറപ്പൊന്നുമില്ല.

TAGS :