മഞ്ഞണിഞ്ഞ ഗുൽമാർഗിലൂടെ മരവണ്ടിയിലൊരു യാത്രയും കശ്മീർ എന്ന സ്വപ്ന ഭൂമിയും
യാത്രകളോടുള്ള പ്രണയം മനസിൽ കൂടുകെട്ടി തുടങ്ങിയ നാൾ മുതൽ മോഹിപ്പിക്കുന്ന ഒന്നായിരുന്നു കശ്മീരിലേക്കൊരു യാത്ര. വർഷങ്ങൾക്കിപ്പുറം 2015ൽ അതു സാധ്യമായെങ്കിലും ശ്രീനഗർ അത്തവണയും മനസിനെ ത്രസിപ്പിക്കുന്ന ഒരു സ്വപ്നമായി നിലകൊണ്ടു. മഞ്ഞുവീണ റോഡിലൂടെയുള്ള ഗതാഗതം നിലച്ചതോടെ ശ്രീനഗറെന്ന മനസിലെ കെടാത്ത മോഹത്തെ തൽക്കാലത്തേക്ക് തഴുകിയുറക്കി പൂഞ്ചിലേക്ക് ആ യാത്ര പുനഃക്രമീകരിക്കാൻ നിർബന്ധിതരാകുകയായിരുന്നു. പിന്നീടങ്ങോട്ട്, മഞ്ഞിന്റെ തിലകക്കുറി അണിഞ്ഞു നിൽക്കുന്ന ശ്രീനഗറിന്റെ ദൃശ്യങ്ങളും വിഡിയോകളും യാത്രാ വിവരണങ്ങളുമെല്ലാം പാതിവഴി ഉപേക്ഷിച്ച ഒരു യാത്രയുടെ പൂർത്തീകരണത്തിലേക്കുള്ള ഉൾവിളികളായി മാറി.
ഒടുവിൽ ഡിസംബറിലെ മരം കോച്ചുന്ന തണുപ്പിൽ സ്വപ്ന ഭൂമിയേലേക്കുള്ള യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം എതിരേറ്റത് സ്നേഹവാത്സല്യങ്ങൾ നിറഞ്ഞ മുന്നറിയിപ്പുകളായിരുന്നു. മൈനസ് ഡിഗ്രി തണുപ്പ് താങ്ങാവുന്നതിലധികമായിരിക്കുമെന്നും നേരത്തെ കേട്ടറിഞ്ഞ ശ്രീനഗറാകില്ല മഞ്ഞു കാലത്തെ ശ്രീനഗറെന്നും യാത്ര അത്ര സുഖകരമായിരിക്കില്ലെന്നുമൊക്കെയായിരുന്നു പലർക്കും പറയാനുണ്ടായിരുന്നത്. ആസ്തമയുടെ പ്രയാസം കൂടി ഉള്ളതിനാൽ ഉൾകാമ്പിലും ചെറുതല്ലാത്ത ഭയമുണ്ടായിരുന്നു. ഇതെല്ലാം ചേർത്തുവച്ചാണ് ഡിസംബർ 22 ന് ശ്രീനഗറിലേക്ക് യാത്ര പുറപ്പെട്ടത്. ജമ്മു ശ്രീനഗർ റോഡ് യാത്ര മഞ്ഞ് വീഴ്ച കൊണ്ട് തടസ്സപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഭാഗ്യം കൂടെയുണ്ടായിരുന്നു.
സൺഡേ മാർക്കറ്റിലെ ആൾക്കൂട്ടങ്ങളാണ് ശ്രീനഗറിൽ ഞണ്ടളെ സ്വീകരിച്ചത്. വീൽ ചെയർ കൂടെയുണ്ടായിരുന്നത് കൊണ്ട് മാർക്കറ്റ് ചുറ്റി കറങ്ങാനായി. കാഴ്ചകളുടെ ഗ്രീഷ്മത്തിലേക്കുള്ള ഒരു വാതായനിയായി മാറിയ ആ കാഴ്ചകൾ മനസിനു കുളിരേകുന്നതും വ്യത്യസ്തവുമായിരുന്നു. ശ്രീനഗറിലെ ലാൽ ചൗകിൽ നിന്നും അടുത്ത രാവിലെ തന്നെ മഞ്ഞുവീഴ്ചയിൽ ഒന്നാമതുള്ള ഗുൽമർഗിലേക്ക് യാത്ര തിരിച്ചു. ലാൽ ചൗക്കിൽ നിന്ന് ടെൻമാർഗിലേക്ക് ഷെയർ ടാക്സിയിലായിരുന്നു യാത്ര. സഹയാത്രികരോട് കൂട്ടുകൂടി 40 കിലോമീറ്റർ പിന്നിട്ടത് അറിഞ്ഞില്ല. നൂറ് രൂപയാണ് യാത്രക്ക് ഇൗടാക്കിയത്. പതിനൊന്ന് മണിയോട് കൂടി ഞങ്ങൾ ടെൻമാർഗിലെത്തി വഴിയരികിൽ മഞ്ഞ് വീണ് കിടക്കുന്നത് കൂടെയുള്ളവർക്ക് ആദ്യ കാഴ്ചയായിരുന്നു.
ടെൻമാർഗിൽ നിന്നും പത്ത് കിലോമീറ്റർ അകലെയാണ് ഗുൽമർഗ്. വെളുത്ത് വിറങ്ങലിച്ച് നിൽക്കുന്ന പൈൻ മരങ്ങൾക്കിടയിലൂടെ വളവുകളും കയറ്റങ്ങളും ഉള്ള മഞ്ഞ് വീണു കിടക്കുന്ന പാത വേറിട്ട ഒരനുഭവമായിരുന്നു. പന്ത്രണ്ട് മണിയോടെ ഞങ്ങൾ ഗുൽമാർഗിലെത്തി. പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു അവിടത്തെ കാഴ്ച.
മൈനസ് നാല് ഡിഗ്രി തണുപ്പിൽ മഞ്ഞ് വീഴ്ച തുടങ്ങിയിരുന്നു..വീൽ ചെയർ ഉരുട്ടാൻ പറ്റാത്തത്ര മഞ്ഞ് വീണ് കിടക്കുന്നതിനാൽ സഹയാത്രികരായ ഫാഇസും മൻസൂറും എന്നെ എടുത്ത് കൊണ്ട് പോവുകയായിരുന്നു. പക്ഷെ, ഒരു പാട് ദൂരം എടുത്ത് മഞ്ഞിലൂടെ നടക്കാൻ പ്രയാസമായത് കൊണ്ട് എെസിലൂടെ വലിച്ച് കൊണ്ട് പോകുന്ന മരവണ്ടിയിൽ ഇരിക്കാൻ തീരുമാനിച്ചു. ആയിരം രൂപ കൊടുത്തായിരുന്നു ആ യാത്ര. മൂന്ന് മണിക്കൂറോളമാണ് എന്നെയും കൊണ്ട് എെസിലൂടെ വണ്ടി വലിച്ചത്. ഐസ് നിറഞ്ഞ സ്ട്രോബറി പാടവും, ഗോൾഫ് ഗ്രൗണ്ടുമെല്ലാം സമ്മാനിച്ചത് വർണനകൾക്കതീതമായ ദൃശ്യ വിരുന്നായിരുന്നു .
വൈകിട്ട് 5 മണിക്ക് ഗുരുമർ ഗിനോട് വിട പറഞ്ഞു. തിരികെ യാത്ര ടെൻമാർഗ് വരെ ബസിലായിരുന്നു വൈകുന്നേരമായപ്പൊഴേക്കും കറുത്ത റോഡും വെളുത്ത് തുടങ്ങിയിരുന്നു. അങ്ങിനെ ഒരു സ്വപ്നം കൂടി പൂവണിഞ്ഞ സന്തോഷത്തോടെ തിരികെ നാട്ടിലേക്ക്.....