ഓടക്കുഴല്‍ ഇല്ലാത്ത കൃഷ്ണപ്രതിമ!
എല്ലാകൊന്നമരവും നിറഞ്ഞു പൂക്കുമ്പോള്‍ നമ്മുടെ കണിക്കൊന്ന മാത്രം ആവശ്യത്തിനുള്ള പൂവുമായി നില്‍ക്കും. അതിലെ പൂവ് കൊണ്ടാണ് അന്നൊക്കെ കണിയൊരുക്കിയിരുന്നത്. ഫലവര്‍ഗ്ഗങ്ങളും പൂവും കിട്ടിയാല്‍ പിന്നെ കണിയൊരുക്കാനുള്ള വെങ്കല ഉരുളി തേച്ച് മിനുക്കുന്ന ജോലിയാണ്. ഞാനും അച്ഛാമ്മയും കൂടി വെങ്കല ഉരുളിയും വിളക്കും തേച്ച് മിനുക്കി വീടിന്റെ വരാന്തയില്‍ ചരിച്ച് വയ്ക്കും. | ഓര്‍മയിലെ വിഷുക്കാലം
നിറയെ പൂത്തും വീഥികള്‍ തോറും പീതപുഷ്പങ്ങള്‍ വിരിച്ചും വിഷുക്കാലത്തിന്റെ വരവ് ആഘോഷമാക്കുന്ന കണിക്കൊന്ന, നിറഞ്ഞ മനസ്സോടെ വിഷുക്കണിയൊരുക്കുന്ന കുഞ്ഞുങ്ങളും മുത്തശ്ശിമാരും. അത് അങ്ങനെയാ... മുത്തശ്ശിമാരുണ്ടെങ്കില്‍ എല്ലാപ്രത്യേക ദിവസത്തിന്റെയും മേല്‍നോട്ടം പിന്നെ അവര്‍ക്കായിരിക്കും. അത് അവരുടെ അവകാശവും സന്തോഷവും ആണ്.
എന്റെ വിഷുക്കാലവും എന്റെ അച്ഛാമ്മയുമായി ഇഴചേര്‍ന്നിരിക്കുന്നു. സ്‌നേഹമായും വാത്സല്യമായും കരുതലായും എന്നെപ്പൊതിഞ്ഞിരുന്ന എന്റെ അച്ഛാമ്മ. പാചകത്തിലും വായനയിലും ഭക്തിയിലും സ്വന്തം ഇഷ്ടങ്ങളെ ഒതുക്കിനിര്‍ത്തിയിരുന്ന അച്ഛാമ്മ. എല്ലാ വിഷുദിനവും അച്ഛാമ്മയ്ക്ക് സന്തോഷത്തിന്റെ നാളാണ്.
കുടുംബവീട്ടില്‍ ഒറ്റയ്ക്കായിരുന്നു അച്ഛാമ്മ. തൊട്ട് താഴെയായിരുന്നു ഞങ്ങളുടെ വീട്. അതുകൊണ്ട് തന്നെ അച്ഛാമ്മയുടെ കൂട്ടും കൂട്ടാളിയും ഒക്കെ ഞാന്‍ തന്നെയായിരുന്നു. വിഷുവിന്റെ തലേന്ന് ഉച്ചയോടെ കണിയൊരുക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും അച്ഛാമ്മ. ഉച്ചയാകുമ്പോള്‍ അച്ഛാമ്മ പറമ്പിലേക്കിറങ്ങും. കൂടെ വാല് പോലെ ഞാനും. കശുവണ്ടിയും മാങ്ങയും ഒക്കെ ഇടാനായി നീണ്ട കമ്പില്‍ തയ്പ്പ് കെട്ടിയ തോട്ട വീടിന്റെ പിന്‍ഭാഗത്ത് എപ്പോഴും ഉണ്ടാകും. അച്ഛാമ്മ തോട്ടയും എടുത്ത് മാവിന്‍ ചുവട്ടിലേക്ക്.. പിന്നാലെ ഞാനും. മൂന്ന് മാങ്ങകള്‍ ഉള്ള ഒരു കുലയാണ് അച്ഛാമ്മയുടെ ലക്ഷ്യം. കണിവയ്ക്കുന്ന മാങ്ങയും കശുവണ്ടിയും മൂന്നെണ്ണം വീതം ഉള്ള കുലയായിരിക്കണമെന്ന് അച്ഛാമ്മയ്ക്ക് നിര്‍ബന്ധം ആണ്. ഇനിയിപ്പോ മൂന്നെണ്ണം ഉള്ള ഒരു കുലമാങ്ങ കിട്ടിയില്ലെങ്കില്‍ ഞെട്ട് നീളമുള്ള മൂന്ന് മാങ്ങ ഒരുമിച്ച് കെട്ടിവയ്ക്കും.
മാങ്ങ കിട്ടികഴിഞ്ഞാല്‍ കശുവണ്ടി, പേരയ്ക്ക, ആത്തിച്ചക്ക, കൈതചക്ക, ചക്ക അങ്ങനെ പറമ്പില്‍ കിട്ടുന്ന എല്ലാ ഫലവര്‍ഗങ്ങളും ഞാനും അച്ഛാമ്മയും കൂടി ശേഖരിക്കും. ഓറഞ്ച്, മുന്തിരി അങ്ങനെയുള്ള ഫലവര്‍ഗങ്ങളൊന്നും അന്നൊന്നും കണിവയ്ക്കാന്‍ വാങ്ങിയിരുന്നില്ല. കണിവെള്ളരിയും പച്ചക്കറിയും പഴമില്ലെങ്കില്‍ ഒരു പടലപഴവും അച്ഛാമ്മ വാങ്ങി വച്ചിരുന്നു.
പുലര്‍ച്ചെ എഴുന്നേല്‍ക്കണം, കണി കാണാന്‍. അച്ഛാമ്മ പുലര്‍ച്ചെ തന്നെ ഉണര്‍ന്ന് വിളിക്ക് കൊളുത്തും. അത് കഴിഞ്ഞാണ് എന്നെ വിളിച്ചുണര്‍ത്തുന്നത്. വിഷുക്കണി കണ്ട് കഴിഞ്ഞാല്‍ അച്ഛാമ്മയുടെ വക ഒരു കൈനീട്ടം ഉണ്ട്. ഒരു അഞ്ചു രൂപ. ചിലപ്പോഴൊക്കെ അതിന്റെ കൂടെ അമ്പത് രൂപ വരെ വരുന്ന ഏതെങ്കിലും ഒരു തുകയും കാണും. അന്ന് എനിക്ക് ഒത്തിരി സന്തോഷമാണ്. അഞ്ചുരൂപയുടെ കൂടെ കുറച്ച് വലിയ ഒരു തുകയും കൂടി കിട്ടിയതല്ലേ.
പഴവര്‍ഗങ്ങള്‍ ശേഖരിച്ചാല്‍ പിന്നെ കൊന്നപ്പൂവിറുക്കാന്‍ പോകും. വീടിന്റെ കിഴക്ക് വശത്ത് ഒരു കണിക്കൊന്ന ഉണ്ട്. എല്ലാകൊന്നമരവും നിറഞ്ഞു പൂക്കുമ്പോള്‍ നമ്മുടെ കണിക്കൊന്ന മാത്രം ആവശ്യത്തിനുള്ള പൂവുമായി നില്‍ക്കും. അതിലെ പൂവ് കൊണ്ടാണ് അന്നൊക്കെ കണിയൊരുക്കിയിരുന്നത്. ഫലവര്‍ഗ്ഗങ്ങളും പൂവും കിട്ടിയാല്‍ പിന്നെ കണിയൊരുക്കാനുള്ള വെങ്കല ഉരുളി തേച്ച് മിനുക്കുന്ന ജോലിയാണ്. ഞാനും അച്ഛാമ്മയും കൂടി വെങ്കല ഉരുളിയും വിളക്കും തേച്ച് മിനുക്കി വീടിന്റെ വരാന്തയില്‍ ചരിച്ച് വയ്ക്കും.
സന്ധ്യയ്ക്ക് ആ വിളക്ക് ഒരുക്കിവച്ച് കഴിഞ്ഞിട്ടാണ് കണിയൊരുക്കുന്നത്. അച്ഛാമ്മ വിഷുക്കണിയൊരുക്കുന്നത് ഒരു കുഞ്ഞു കൃഷ്ണപ്രതിമയ്ക്ക് മുന്നിലാണ്. ഓടക്കുഴലുമായി നില്‍ക്കുന്ന ഒരു കുഞ്ഞ് കൃഷ്ണപ്രതിമ. അച്ഛാമ്മ ആ കൃഷ്ണപ്രതിമയ്ക്ക് അരുകില്‍ വെങ്കല ഉരുളി വെക്കും. അതില്‍ അരി കൂനയായ് ഇടും. അരിയ്ക്ക് മുകളിലായ് ഫലവര്‍ഗങ്ങളും പച്ചക്കറിയും കണിവെള്ളരിയും കോടിമുണ്ടും തേങ്ങയും കൊന്നപൂവും ഭംഗിയായി അടുക്കിവയ്ക്കും. ഉരുളിയ്ക്ക് അടുത്തായി ചക്കയും വയ്ക്കും. ഒടുവില്‍ അച്ഛാമ്മയുടെ കാതില്‍ കിടക്കുന്ന സ്വര്‍ണക്കമ്മല്‍ ഊരി കഴുകിമിനുക്കി അതും കൂടി വച്ച് വിളക്കും കൊളുത്തി കഴിഞ്ഞാല്‍ കണിയൊരുങ്ങി.
പിന്നെ പിറ്റേന്ന് പുലര്‍ച്ചെ എഴുന്നേല്‍ക്കണം, കണി കാണാന്‍. അച്ഛാമ്മ പുലര്‍ച്ചെ തന്നെ ഉണര്‍ന്ന് വിളിക്ക് കൊളുത്തും. അത് കഴിഞ്ഞാണ് എന്നെ വിളിച്ചുണര്‍ത്തുന്നത്. വിഷുക്കണി കണ്ട് കഴിഞ്ഞാല്‍ അച്ഛാമ്മയുടെ വക ഒരു കൈനീട്ടം ഉണ്ട്. ഒരു അഞ്ചു രൂപ. ചിലപ്പോഴൊക്കെ അതിന്റെ കൂടെ അമ്പത് രൂപ വരെ വരുന്ന ഏതെങ്കിലും ഒരു തുകയും കാണും. അന്ന് എനിക്ക് ഒത്തിരി സന്തോഷമാണ്. അഞ്ചുരൂപയുടെ കൂടെ കുറച്ച് വലിയ ഒരു തുകയും കൂടി കിട്ടിയതല്ലേ. ആ കൈനീട്ടം തരുന്നത് വരെയാണ് എന്റെയും അച്ഛാമ്മയുടെയും വിഷു. പായസവും സദ്യയുമൊന്നും എന്റെ വിഷു ഓര്‍മകളില്‍ ഇല്ല.
വര്‍ഷങ്ങള്‍ക്കിപ്പുറം എന്റെ വീട്ടില്‍ ഞങ്ങള്‍ ഓരോരുത്തരോടും യാത്രപറഞ്ഞ്, അച്ഛാമ്മയുടെ കുറച്ച് തുണികളും എന്റെ കൈയ്യില്‍ നിന്നും വാങ്ങിയ കുറച്ച് ബാലരമകളുമായി അപ്പയുടെ വീട്ടിലേക്ക് താമസം മാറി പോകാനിറങ്ങിയ അച്ഛാമ്മ ഒരു പടിയിറങ്ങി തിരിഞ്ഞു നിന്നു.
'വിധിയുണ്ടെങ്കില്‍ ഇനിയും കാണാം രത്‌നമ്മാ... '
എന്ന് എന്റെ അമ്മാമ്മയെ നോക്കി പറഞ്ഞിട്ടാണ് അച്ഛാമ്മ പോയത്. പക്ഷേ, ആ വിധി പിന്നീടൊരിക്കലും ഉണ്ടായില്ല. ചില നഷ്ടങ്ങള്‍ അങ്ങനെയാണ്. ആരൊക്കെ വന്ന് ചേര്‍ന്നാലും എത്രയൊക്കെ സ്‌നേഹം കൊണ്ട് പൊതിഞ്ഞാലും നമ്മുടെ ഹൃദയത്തോട് ചേര്‍ന്നുനിന്നവരുടെ, നമ്മെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചവരുടെ നഷ്ടം എന്നും നഷ്ടം തന്നെ. അതൊരു ശൂന്യതയാണ്. ഒരു ആഹ്ലാദത്തിനും നിറയ്ക്കാന്‍ കഴിയാത്ത, മനസ്സിന്റെ ശൂന്യത. എന്റെ അച്ഛാമ്മയുടെ സമ്മാനം. അന്ന് അവസാനമായി ഞങ്ങളുടെ വീടിന്റെ പടിയിറങ്ങിപോകുന്നതിനും എത്രയോ മുന്‍പ് അച്ഛാമ്മ എനിക്ക് തന്ന സമ്മാനം. ആ 'കൃഷ്ണ പ്രതിമ.' എപ്പോഴോ എങ്ങനെയോ ഓടക്കുഴല്‍ നഷ്ടമായ ആ കൃഷ്ണപ്രതിമയും അച്ഛാമ്മ ഇല്ലാത്ത വിഷുക്കാലങ്ങളും എനിക്ക് ഇനി ബാക്കി..