Quantcast
MediaOne Logo

ആരിഫ അവുതല്‍

Published: 7 Aug 2024 2:03 PM GMT

റ്റാറ്റ തന്നു ചിണുങ്ങിച്ചിരിച്ച കുട്ടികളുടെ സ്‌കൂളുകളാണോ തകര്‍ന്നു വീണത്?

ഓര്‍മകളുടെ കുത്തൊഴുക്കില്‍ എത്ര വലിയ ഉരുള്‍പൊട്ടിയാലും നിങ്ങള്‍ ഞങ്ങളില്‍ നിന്നൊലിച്ച് പോവില്ല.

റ്റാറ്റ തന്നു ചിണുങ്ങിച്ചിരിച്ച കുട്ടികളുടെ സ്‌കൂളുകളാണോ തകര്‍ന്നു വീണത്?
X

വേനലിന്റെ അറ്റങ്ങളില്‍ കരിഞ്ഞു തുടങ്ങിയ കനിവ് കുളിര്‍പ്പിക്കാന്‍ പോയിരുന്ന ഒരിടമുണ്ടായിരുന്നു! ചുരത്തിലെ ഹെയര്‍പിന്‍ വളവുകള്‍ താണ്ടുമ്പോള്‍ എത്രയാവര്‍ത്തി ആലോചിച്ചിട്ടുണ്ട്, 'ഇവിടെ ജീവിക്കുന്ന മനുഷ്യരെത്രെ ഭാഗ്യമുള്ളവരാണ്'.

കാടും മേടും കോടയും നീര്‍ച്ചോലയും! ഒരുറക്കത്തിനൊടുവില്‍ ആ ഇടത്തിലേറെയും പൊലിഞ്ഞുപോയി.

കളിച്ചുമതിവരാത്ത കളിപ്പാട്ടങ്ങളില്‍, പഠിച്ചു തീരാത്ത പാഠപുസ്തകങ്ങളില്‍, ഫ്രെയിം ചെയ്തു തൂകിയ കല്യാണഫോട്ടോകളില്‍ - ബാക്കിയാക്കിയതിലെല്ലാം ഒരിക്കല്‍ കണ്ടുമറന്ന നിങ്ങളെയൊക്കെ ഓര്‍മകളുടെ ചളിക്കുണ്ട് തോണ്ടി ഞാനിപ്പോള്‍ തേടുന്നു.

ഞാനന്ന് കണ്ട തേയിലനാമ്പുനുള്ളിയവര്‍, കാപ്പിക്കുരുപെറുക്കിയവര്‍, കാട്ടുതേനും ചോക്ലേറ്റും പച്ചിലമരുന്നും തേന്‍നെല്ലിക്കയും മറ്റെന്തൊക്കെയോ വിറ്റിരുന്ന വഴിയോര കച്ചവടക്കാര്‍ - അവരൊക്കെ ഇന്ന് ജീവനോടെയുണ്ടോ?

ഉരുള്‍പൊട്ടിയൊലിച്ചുപോകുമ്പോ ഒരു പുല്‍നാമ്പിനു വേണ്ടി പിടഞ്ഞത് അവരൊക്കെയാണോ? എനിക്ക് റ്റാറ്റ തന്നു ചിണുങ്ങിച്ചിരിച്ച കുട്ടികളുടെ സ്‌കൂളുകളാണോ തകര്‍ന്നുവീണത്?


കളിച്ചുമതിവരാത്ത കളിപ്പാട്ടങ്ങളില്‍, പഠിച്ചുതീരാത്ത പാഠപുസ്തകങ്ങളില്‍, ഫ്രെയിം ചെയ്തു തൂക്കിയ കല്യാണഫോട്ടോകളില്‍ - നിങ്ങള്‍ ബാക്കിയാക്കിയതിലെല്ലാം ഒരിക്കല്‍ കണ്ടുമറന്ന നിങ്ങളെയൊക്കെ ഓര്‍മകളുടെ ചളിക്കുണ്ട് തോണ്ടി ഞാനിപ്പോള്‍ തേടുന്നു.

വിലാസമില്ലാത്ത നിങ്ങളെ, ശരീരമില്ലാത്ത നിങ്ങളെ, നിങ്ങളറിയുന്നുവോ? നിങ്ങളുടെ ചുറ്റിലും ബാക്കിയായ, ഞങ്ങള്‍ തീര്‍ത്ത സ്‌നേഹവലയത്തെക്കുറിച്ച്? അന്നമായും വെള്ളമായും വെളിച്ചമായും വന്ന കുറെ മനുഷ്യരെ കുറിച്ച്? രാപകലില്ലാതെ എവിടെയെങ്കിലും ഒരു ശ്വാസത്തിനംശമുണ്ടോ എന്ന് തിരഞ്ഞ മനുഷ്യരെക്കുറിച്ച്!

സ്വന്തം ജീവന്‍ മറന്നവരെ, മുലയൂട്ടാന്‍ വന്നവളെ, ദത്തെടുക്കാമെന്ന് പറഞ്ഞവരെ, നാണയ കുടുക്കപൊട്ടിച്ചവരെ, നിങ്ങളെ തേടിയലഞ്ഞ നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ, ഒറ്റപ്പെട്ടവരിലേക്ക് പ്രതീക്ഷയുടെ പാലം പണിഞ്ഞവരെ, അങ്ങനെയങ്ങനെ നിങ്ങള്‍ ഇത്രമേല്‍ സ്‌നേഹിക്കപ്പെടുന്നത്.


കക്ഷി-രാഷ്ട്രീയ, ജാതി-മത, വര്‍ണ്ണ-ലിംഗ ഭേദമില്ലാതെ മനുഷ്യന്‍ എന്ന പദത്തിന്റെ ഏറ്റവും മനോഹരമായ അര്‍ഥം വരച്ചുക്കാട്ടികൊണ്ടിരിക്കുകയാണ് ഞങ്ങളിവിടെ. വിഷം ചീറ്റുന്നവരെയും അവസരം മുതലെടുക്കുന്നവരെയുമെല്ലാം മാറ്റിനിര്‍ത്തിക്കൊണ്ട് നിങ്ങളില്‍ ബാക്കിയായവരുടെ കൈപിടിച്ചു നാളെയിലേക്ക് ഞങ്ങള്‍ യാത്രതുടരുകയാണ്.

ഓര്‍മകളുടെ കുത്തൊഴുക്കില്‍ എത്ര വലിയ ഉരുള്‍പൊട്ടിയാലും നിങ്ങള്‍ ഞങ്ങളില്‍ നിന്നൊലിച്ച് പോവില്ല. അത്രമേല്‍ ആഴങ്ങളില്‍, വിലാസമില്ലാത്തവരെ, നിങ്ങള്‍ അടയാളം കുറിച്ചിരിക്കുന്നു! ഇനിയാ നാടും കോടയും കുളിരും പശ്ചിമപ്പടര്‍പ്പും പഴയത് പോലെയാകട്ടെ, നിങ്ങളില്‍ ശാന്തിയുണ്ടാവട്ടെ!

TAGS :