Quantcast
MediaOne Logo

ബാബരി മസ്ജിദ് തകര്‍ത്ത ദിവസത്തെ ബര്‍ദുബൈ ബന്ദ്

ഉസ്താജി പതിവില്ലാത്ത ധൃതിയില്‍ കടയിലേക്ക് കയറി വന്ന് 'ആജ് ബന്ദ് ഹെ! ഷീഷ ബന്ദ് കരോ ' ദൂക്കാന്‍സേ ബഹര്‍ നിക്കലോ! എന്നിങ്ങനെ പറയുകയും, പുറത്തുെവച്ച ബോര്‍ഡുകളെല്ലാം അകത്തേക്ക് വെയ്ക്കുകയും ചെയ്യുന്നുണ്ട്. കാര്യമെന്തെന്നറിയില്ലെങ്കിലും ലത്തീഫ് ഉസ്താദിനെ സഹായിക്കുന്നുമുണ്ട്. ഹിന്ദി അത്ര പോരാത്തതിനാല്‍ സംഗതി കൃത്യായിട്ട് എനിക്ക് പിടികിട്ടിയിട്ടില്ല. പൊടുന്നനെ കടയടച്ച് ഞങ്ങള്‍ പുറത്തിറങ്ങി. | ഓര്‍മ

ബാബരി മസ്ജിദ് തകര്‍ത്ത ദിവസത്തെ ബര്‍ദുബൈ ബന്ദ്
X

ദുബൈ നഗരത്തില്‍ ഡിസംബറിലെ ഒരു തണുത്ത പ്രഭാതം. കൈവിരലുകളടക്കം മൂടത്തക്കമുള്ള ലതര്‍ ജാക്കറ്റ് ഇട്ടിട്ടും, തണുത്തുവിറച്ചാണ് മോഡേണ്‍ ബേക്കറിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ആമ്പല്ലൂര്‍കാരന്‍ വേലപ്പേട്ടന്റെ ബേക്കറി വാനില്‍ ഇരിക്കുന്നത്.

മക്തും പാലത്തിന് താഴെയുള്ള ശൈഖിന്റെ സഹോദരിയുടെ കൊട്ടാരത്തില്‍ ബേക്കറി സാധനങ്ങള്‍ കൊടുക്കുന്നത് വേലപ്പേട്ടനാണ്. ചിലപ്പോഴൊക്കെ ഒഴിവ് ദിനങ്ങളില്‍ വേലപ്പേട്ടന്റെ കൂടെ കൊട്ടാരത്തിനുള്ളിലേക്ക് പോകാനും അവസരം ഉണ്ടായിട്ടുണ്ട്. കൊട്ടാരത്തിലെ പൂന്തോട്ടത്തിലെമ്പാടും, ജീവിതത്തില്‍ ഒരിക്കലും കാണാത്തയിനം ചെടികളും പൂക്കളുമാണ്. മാനുകളും മുയലുകളും കോഴിയും താറാവുകളും പേരറിയാത്ത പക്ഷികളും ഉണ്ടവിടെ. ബേക്കറി വണ്ടിയില്‍ ഇരുന്ന് കാഴ്ചകള്‍ കാണാം പുറത്തിറങ്ങരുതെന്ന് വേലപ്പേട്ടന്‍ ചട്ടം കെട്ടിയിട്ടുണ്ട്. ജോലിയുള്ള ദിവസം കൊട്ടാരത്തിന് മുന്നില്‍ വേലപ്പേട്ടന്‍ എന്നെ ഇറക്കിവിടും. അവിടെ നിന്നും നടന്നാല്‍ സ്ട്രാന്‍ഡ് സിനിമയുടെ മുന്നിലെ എംബസി തെരുവുകളിലൂടെ ബര്‍ദുബൈയിലേക്ക് എളുപ്പത്തില്‍ എത്താം.


ആര്‍ട്ട് ഹോം

എട്ടുമണിക്ക് മുമ്പ് ആര്‍ട്ട് ഹോമിലെത്തി. കടയിലേക്ക് കടക്കാന്‍ പറ്റാത്തവിധം മരത്തകിടില്‍ തീര്‍ത്ത വര്‍ക്ക് സൈറ്റിലെ ബോര്‍ഡുകളാണ്. അവയെല്ലാം കടയുടെ പുറത്ത് എടുത്തുവയ്ക്കണം. ചുമരിലേക്ക് ചാരിവെച്ചാല്‍ മതി. അവസാനം വയ്ക്കുന്നത് മുന്‍ഭാഗം കാണാത്ത വിധത്തില്‍ തിരിച്ചായിരിക്കണം അല്ലെങ്കില്‍ ചുമരിലും എസിക്ക് മുകളിലുമൊക്കെ ഇരിക്കുന്ന പ്രാവുകള്‍ വരച്ചതിനും എഴുതിയതിനും മുകളില്‍ കാഷ്ഠിച്ചു വെയ്ക്കും. ചിലതെല്ലാം ആവശ്യക്കാര്‍ വന്ന് കൊണ്ടുപോകും. ശേഷം വരുന്നവ രാത്രി കട അടക്കുമ്പോള്‍ പിന്നെയും ഉള്ളിലേക്ക് തിരിച്ചു വയ്ക്കണം. ഒന്നും പുറത്ത് വെച്ച് പോകാന്‍ പാടില്ല. ബലദിയ മുക്കാലിഫയടിക്കും. ചാവി ഒന്ന് കൈയില്‍ ഉള്ളതിനാല്‍ മിക്കവാറും കട തുറക്കുന്ന ജോലി എന്റേതാണ്. ലത്തീഫ് ബലൂച്ചി വരുന്നത് പലപ്പോഴും താമസിച്ചാണ്. ഉസ്താജിക്ക് അങ്ങനെ കൃത്യമായ സമയമില്ല. കാലത്തോ മറ്റു ചിലപ്പോള്‍ ഉച്ചയ്ക്ക് മുമ്പോ വരും. വരാതിരിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്. ബോര്‍ഡുകള്‍ എല്ലാം പുറത്തുവച്ച്, ഉള്ളിലൊക്കെ അടിച്ചുവാരി. പെയിന്റിന്റെ രൂക്ഷഗന്ധത്തില്‍ പുകഞ്ഞിരിക്കുന്നു കടയുടെ ഉള്‍വശം. ചില്ലുവാതില്‍ വലതുവശത്തേക്ക് തുറന്നു വെച്ചു. അടഞ്ഞു വരാതിരിക്കാന്‍ ഹാന്‍ഡിലില്‍ ഒരു കമ്പി കൊളുത്തി ചുമരിലെ പൈപ്പില്‍ കെട്ടിയിട്ടു.

അയോധ്യയിലെ ബാബരി മസ്ജിദ് ഇന്നലെ പൊളിച്ചുവെന്നും നാടൊട്ടുക്ക് പ്രശ്‌നങ്ങളാണെന്നും മുഹമ്മദ് പറഞ്ഞു തീരുമ്പോഴേക്കും, അല്‍ മുസല്ല റൗണ്ട് എബൗട്ടില്‍ നിന്ന് ഒരു ആള്‍ക്കൂട്ടം വീഡിയോ ഷോപ്പ് കടന്ന്, ഷിയാ മസ്ജിദിനരികിലൂടെ മുന്നോട്ടുവരുന്നു. കുറച്ചുകൂടി അടുത്തെത്തിയപ്പോഴാണ് അതൊരു ജാഥയാണെന്നും പള്ളി പൊളിച്ചതിന്റെ പ്രതിഷേധമാണെന്നും മനസ്സിലായുള്ളു.

ബാര്‍വാല മുസ്തഫക്ക ചായയും പൊറാട്ടയും കീമയും കുടിവെള്ളവും കൊണ്ടുവെച്ചു. നാസ്ത കഴിച്ച് വാ കഴുകി വന്നപ്പോള്‍ സമയം ഒരു ഒമ്പതുമണിയായി. അപ്പോഴേക്കും ലത്തീഫും വന്നെത്തി. ഞങ്ങള്‍ ജോലികള്‍ തുടങ്ങിയപ്പോഴാണ് ഉസ്താജി പതിവില്ലാത്ത ധൃതിയില്‍ കടയിലേക്ക് കയറി വന്നത്. 'ആജ് ബെന്ദ് ഹെ! ഷീഷ ബെന്ദ് കരോ ' ദൂക്കാന്‍സേ ബഹര്‍ നിക്കലോ! എന്നിങ്ങനെ പറയുകയും, പുറത്തുെവച്ച ബോര്‍ഡുകളെല്ലാം അകത്തേക്ക് വെയ്ക്കുകയും ചെയ്യുന്നുണ്ട്. കാര്യമെന്തെന്നറിയില്ലെങ്കിലും ലത്തീഫ് ഉസ്താദിനെ സഹായിക്കുന്നുമുണ്ട്. ഹിന്ദി അത്ര പോരാത്തതിനാല്‍ സംഗതി കൃത്യായിട്ട് എനിക്ക് പിടികിട്ടിയിട്ടില്ല. പൊടുന്നനെ കടയടച്ച് ഞങ്ങള്‍ പുറത്തിറങ്ങി.

അപ്പോഴാണ് ചുറ്റുമുള്ള കടകളൊക്കെ അടച്ചുവെന്നും, ജോലിക്കാരും മുതലാളിമാരും ഒക്കെ പുറത്തിറങ്ങി നില്‍ക്കുകയാണെന്ന് മനസ്സിലായത്. തൊട്ടു തന്നെയുള്ള ഗ്രോസറിയിലെ മുഹമ്മദ്, പുറത്ത് അടിയിട്ട മസാഫി കാര്‍ട്ടനുകള്‍ക്കരികില്‍ നില്‍ക്കുന്നത് കണ്ടു. അങ്ങോട്ട് ചെന്ന് സംഗതി എന്താണെന്ന് ചോദിച്ചു.

അക്കാലത്ത് അന്നന്നത്തെ പത്രങ്ങള്‍ കിട്ടില്ല. രണ്ടാമത്തെ ദിവസമാണ് പത്രങ്ങള്‍ കടകളില്‍ എത്തുന്നത്. മലയാളം റേഡിയോ പ്രക്ഷേപണം അരമണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ളത് തുടങ്ങിയത് ആ വര്‍ഷമാണ്. അതിലും വാര്‍ത്തകള്‍ ഒന്നും തുടങ്ങിയിട്ടില്ലായിരുന്നു. അയോധ്യയിലെ ബാബരി മസ്ജിദ് ഇന്നലെ പൊളിച്ചുവെന്നും നാടൊട്ടുക്ക് പ്രശ്‌നങ്ങളാണെന്നും മുഹമ്മദ് പറഞ്ഞു തീരുമ്പോഴേക്കും, അല്‍ മുസല്ല റൗണ്ട് എബൗട്ടില്‍ നിന്ന് ഒരു ആള്‍ക്കൂട്ടം വീഡിയോ ഷോപ്പ് കടന്ന്, ഷിയാ മസ്ജിദിനരികിലൂടെ മുന്നോട്ടുവരുന്നു. കുറച്ചുകൂടി അടുത്തെത്തിയപ്പോഴാണ് അതൊരു ജാഥയാണെന്നും പള്ളി പൊളിച്ചതിന്റെ പ്രതിഷേധമാണെന്നും മനസ്സിലായുള്ളു.


ബര്‍ദുബൈ കഥകള്‍ക്കുവേണ്ടി ജലാല്‍ അബു സമ വരച്ച ചിത്രം.

പാക്കിസ്ഥാനികളും തമിഴരും മലയാളികളും ബംഗ്ലാദേശികളും ഹൈദരാബാദികളും അടങ്ങുന്ന ഒരു സംഘം, ബോലോ തക്ബീര്‍... അള്ളാഹു അക്ബര്‍... വിളികളും, ആര്‍.എസ്.എസ് മൂര്‍ദ്ദാബാദ് വിളികളും മുദ്രവാക്യമായി മുഴക്കുന്നുണ്ട്. ഓരോരുത്തരും തങ്ങളുടെ ഭാഷയില്‍ പ്രതിഷേധിക്കുന്നതിനാല്‍ സങ്കരമായ ശബ്ദവീചികളാല്‍ മുഖരിതമായിരുന്നു ബഹളമയമായ അന്തരീക്ഷം. ഗ്രോസറി മുഹമ്മദും താക്കോല്‍ കടക്കാരന്‍ പാക്കിസ്ഥാനി അമ്മാറും അവരുടെ പിറകെപോയി. സലൂണിലെ യൂസഫ്ഹാജിയും, ലത്തീഫും, ഉസ്താദിയും ടൈപ്പിംഗ് സെന്ററിലെ ഹലീം ഭായിയും ദയാല്‍ അലുമിനിയത്തിലെ രവിയേട്ടനും മാത്രമായി അവിടയപ്പോള്‍. ഉസ്താദ് പറഞ്ഞു: 'അവരിപ്പോള്‍ ഹുബൈബ ബസ് സ്റ്റേഷന്‍ വഴിക്കാണ് പോകുന്നത്. തിരിച്ചുവരുന്നത് അമ്പലത്തിലേക്കാവും. നമ്മള്‍ക്ക് അങ്ങോട്ട് പോയി നോക്കാം'. ഇറാനിയന്‍ സ്‌കൂളിന്റെ പുറകിലെ കച്ചവഴിയിലൂടെ ഞങ്ങള്‍ ഒരു ചെറുസംഘം നടന്നു.

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 400 വര്‍ഷത്തിലേറെ പഴക്കം കണക്കാക്കുന്ന ആരാധനാലയമാണ് ബാബറി മസ്ജിദ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ ആദ്യ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ പണികഴിപ്പിച്ചു എന്ന് കരുതപ്പെടുന്ന ഈ പള്ളി ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയില്‍ ഉണ്ടായിരുന്ന ക്ഷേത്രം മസ്ജിദായി പരിവര്‍ത്തനം ചെയ്യപ്പെട്ടതാണെന്നും ഒരു വിശ്വാസം നിലവിലുണ്ട്. ഇക്കാരണത്താലുള്ള തര്‍ക്കംമൂലം ഏറെ വര്‍ഷങ്ങളായി ആരാധനാലയം അടച്ചിട്ടിരിക്കുകയായിരുന്നു. നിയമത്തിനും കൃത്യമായി പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ തര്‍ക്കമന്ദിരം എന്നാണ് അതിനെ വിളിച്ചു പോന്നത്.

രവിയേട്ടനും യൂസഫ് ഹാജിയും ഉസ്താജിയും ഹലീം ഭായിയും മസ്ജിദിനെ കുറിച്ചുള്ള ചൂടുള്ള ചര്‍ച്ചകളിലാണ്. എനിക്കും ലത്തീഫിനും അവര്‍ പറയുന്നതിലൊന്നും അത്ര അറിവില്ലാത്തതിനാല്‍ നിശബ്ദരായി കൂടെ നടന്നു.

പള്ളിയുടെ കഥ പറഞ്ഞു എത്തിപ്പെട്ടത് അല്‍ഫല റെസ്റ്റോറന്റിന് മുന്നിലായിരുന്നു. ഉസ്താജിയും കൂട്ടരും പാര്‍സല്‍ ചായ ഓര്‍ഡര്‍ കൊടുത്ത് കാത്തു നില്‍ക്കുമ്പോഴാണ്, ബൈത് അല്‍ കിതാബ് (പുസ്തകങ്ങളുടെ വീട് ) എന്ന പുസ്തകക്കടയിലെ തുറന്നു വച്ച വാതിലില്‍ ക്ലിപ്പ് ചെയ്തു തൂക്കിയിട്ട മലയാള പത്രങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത്. മാതൃഭൂമി, മനോരമ എന്നിങ്ങനെ പത്രങ്ങള്‍ കണ്ടതും ഞാന്‍ അതിലേക്ക് ഓടിയെടുത്തു. നാട്ടില്‍ നിന്നും വന്നിട്ട് ആദ്യമായാണ് ഒരു പുസ്തകക്കടയും പത്രവുമൊക്കെ കാണുന്നത്. ക്ലിപ്പില്‍ നിന്നും മാറ്റാതെ തന്നെ തലക്കെട്ട് വായിക്കാന്‍ ശ്രമിച്ച ഞാന്‍ വല്ലാത്തൊരു ഞെട്ടലിലേക്കാണ് പിടഞ്ഞു വീണത്. ചെടിവിദ്യ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ആലപ്പുഴയ്ക്കടുത്ത് ചേര്‍ത്തലയില്‍ വെച്ച് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. തലച്ചോറിനേറ്റ ക്ഷതംമൂലം മോനിഷ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. അമ്മ നിസ്സാര പരുക്കുകളോട് രക്ഷപ്പെട്ടു. വേണ്ടപ്പെട്ടവര്‍ ആരോ അതോ സ്വന്തം പ്രണയിനി തന്നെയോ വിട്ടുപോയ ഒരു ദുഃഖം വന്ന് എന്നെ മൂടി. അത്രമേല്‍ മനസ്സിനെ സ്വാധീനിച്ചൊരു ഗ്രാമീണ സുന്ദരിയായിരുന്നുവല്ലോ മോനിഷ.

നഖക്ഷതങ്ങളിലെ ഗൗരിയെയും കമലദളത്തിലെ മാളവികയേയുമൊക്കെ മനസ്സിലേറ്റി നടക്കുന്ന കാലമാണ്. കുറച്ചുനാള്‍ മുമ്പ് മോഹന്‍ലാലും വിനീതും മോനിഷയുമെല്ലാം, ഈസ്റ്റ് കോസ്റ്റ് ഒരുക്കിയ സ്റ്റേജ് ഷോയില്‍ അല്‍ നാസര്‍ ക്ലബ്ബില്‍ വന്നിരുന്നുവെന്ന് ചേട്ടനും കൂട്ടുകാരും പറഞ്ഞിരുന്നു. അല്‍ നാസര്‍ ക്ലബ്ബിന് മുമ്പിലാണ് ചേട്ടന്‍ ജോലി ചെയ്യുന്ന മോഡേണ്‍ ബാക്കറി. ഒരു ദിര്‍ഹം കൊടുത്ത്, പത്രമൊന്ന് വാങ്ങി, ചായകുടിച്ച്, മ്യൂസിയത്തിനു മുന്നിലൂടെ അമ്പലത്തിലേക്ക് നടന്നു എല്ലാവരും.

ആദ്യമായാണ് അമ്പലത്തിനടുത്തേക്ക് പോകുന്നത്. അമ്പലത്തിനു മുന്നിലെ ഇറാനി പള്ളിയുടെ ഓരത്ത് ആള്‍ക്കൂട്ടം കൂടിനിന്നു. പരിചയമില്ലാത്ത ഒരു കാര്യം കണ്ട അത്ഭുതത്തിലായിരുന്നു ബര്‍ദുബൈ റഫ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക്. അനിഷ്ട സംഭവങ്ങള്‍ ഒന്നും സംഭവിക്കാന്‍ അനുവദിക്കാതെ പൊലീസ് ആളുകളെ നിയന്ത്രിക്കുകയും പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ടുനിന്ന അന്തരീക്ഷത്തിന് അയവ് വരുത്തി എല്ലാവരും പല വഴികളിലേക്ക് പിരിഞ്ഞു.

ഷോപ്പിലേക്ക് തിരിച്ചു നടക്കുമ്പോള്‍ ഉച്ചഭക്ഷണം വാങ്ങിക്കാന്‍ ഞാന്‍ ഉസ്താദിന്റെ വീട്ടിലേക്ക് നടന്നു. ഉസ്താദിന്റെ ഭാര്യയുണ്ടാക്കുന്ന മട്ടന്‍ പായയും ദാല്‍ഫ്രയും, ചൂടുള്ള റൊട്ടിയും ഏറെ രുചിയുള്ളതാണ്. ഉച്ചഭക്ഷണം മിക്കവാറും അവിടെ നിന്ന് കൊണ്ടുവരുകയാണ് പതിവ്. അന്ന് ലത്തീഫും ഞാനും രവിയേട്ടനും ഹലീംഭായിയും യൂസഫ് ഹാജിയും ഉസ്താജിയും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പാക്കിസ്ഥാനി റൊട്ടി, വലിയ പൂക്കളുള്ള ചില്ലുപാത്രത്തിലെ ദാല്‍ക്കറിയില്‍ മുക്കി സാദോടെ കഴിച്ചു. ലത്തീഫിന്റെ റേഡിയോവില്‍നിന്ന് അത്താവുള്ള ഖാന്റെ വിഷാദ ഗസല്‍ ഒഴുകിവീണു കൊണ്ടിരുന്നു.

നാട്ടിലപ്പോള്‍ അമ്പലവും പള്ളിയുമെന്ന തര്‍ക്കത്തിലൂടെ ലോകത്തിന്റെത്തന്നെ അശാന്തിക്കുള്ള നാന്ദി കുറിക്കുകയായിരുന്നു.


ഇതൊക്കെ അറിഞ്ഞിട്ടും മറ്റൊരു നാട്ടില്‍ ബംഗ്ലാദേശിയും ഇന്ത്യക്കാരനും പാകിസ്ഥാനിയും ഒരു പാത്രത്തില്‍ നിന്ന് ഉണ്ണുകയും ഒരു മുറിയില്‍ ഉറങ്ങുകയും ചെയ്യുന്നു. ആഗ്രഹങ്ങളും ആവശ്യങ്ങളും ഇഷ്ടങ്ങളും സഫലീകരിക്കാന്‍ വേണ്ടി നെട്ടോട്ടമോടുമ്പോള്‍ മതവും ജാതിയും നോക്കാതെ ദുഃഖത്തിലും സന്തോഷത്തിലും പങ്കുചേരുന്ന സൗഹൃദങ്ങള്‍. എല്ലാ മനുഷ്യരുടെയും ഞെരമ്പുകളില്‍ ഓടുന്ന നീരിന് ഒരേ നിറമാണ്. അവരുടെ ബന്ധങ്ങള്‍ക്ക്, സ്വപ്നങ്ങള്‍ക്ക്, പ്രണയത്തിന്, രതിക്ക്, ആകുലതകള്‍ക്ക് ആഗ്രഹങ്ങള്‍ക്ക് കണ്ണീരിന്, ആനന്ദത്തിന്, സമാനതകള്‍ ഉണ്ട്. നാടുവിട്ടവന്റെ ജീവിതപാഠങ്ങള്‍ ഒരു വിദ്യാലയത്തിലും പഠിക്കാനാവില്ല അനുഭവങ്ങളാണ് അവന്റെ ഗുരുവും പാഠശാലയും.

(രമേഷ് പെരുമ്പിലാവ് എഴുതിയ ബര്‍ദുബൈ കഥകളിലെ ദുബായ് ബന്ദ് എന്ന അധ്യായം)





TAGS :