കസ്റ്റഡി കൊലപാതകങ്ങൾക്ക് ഇനിയെന്നാണ് അവസാനമുണ്ടാവുക?
അടിയന്തരാവസ്ഥക്കാലത്തെ ജയിൽ പീഡനാനുഭവങ്ങൾ ഓർത്തെടുക്കുന്നു
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട ഒരു കാലമുണ്ടായിരുന്നു. 1975 ജൂൺ മാസം മുതൽ 77മാർച്ച് വരെ നിലനിന്ന അടിയന്തരാവസ്ഥ കാലമായിരുന്നു അത്. ആഭ്യന്തര സുരക്ഷിതത്വത്തിനു ഭീഷണി സൃഷ്ടിക്കുന്ന ശക്തികൾ രാജ്യത്ത് ശക്തിയാർജിക്കുന്നതിനെ തടയാൻ എന്ന പേരിലാണ് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അന്നത്തെ സർക്കാരിനെതിരെ പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ നിരോധിക്കുകയും നിരവധി രാഷ്ട്രീയ പ്രവർത്തകരെ കരുതൽ തടങ്കൽ നിയമങ്ങൾ (MISA, D-IR) ഉപയോഗിച്ച് തടവിൽ ഇടുകയും ചെയ്തു. ആക്കൂട്ടത്തിൽ ആർ.എസ്.എസ് മുതൽ നക്സലൈറ്റ്കൾ വരെ ഉണ്ടായിരുന്നു. എന്നാൽ, ഭരണകൂടത്തിന്റെ കൊടിയ മർദങ്ങൾക്കിരയായത് മുഴുവൻ നക്സലൈറ്റ് പ്രവർത്തകർ ആണ്. ഇന്ത്യയിൽ എവിടേയും ഒരു ആർ.എസ്.എസ് പ്രവർത്തകൻ അക്കാലത്തു പൊലീസ് മർദനത്താൽ കൊല്ലപ്പെട്ട ചരിത്രമില്ല.
കേരളത്തിലും അന്ന് നിരവധി പേർ അറസ്റ്റ് ചെയ്യപ്പെട്ടു. അക്കൂട്ടത്തിൽ അന്ന് പ്രീഡിഗ്രി വിദ്യാർഥിയായിരുന്ന ഈ ലേഖകനും ഉൾപ്പെട്ടിരുന്നു. പൊലീസ് അന്ന് അറസ്റ്റ് ചെയ്യുകയല്ല, മാഫിയകളെ പോലെ തട്ടിക്കൊണ്ടു പോകലായിരുന്നു പതിവ്. അങ്ങനെ തട്ടിക്കൊണ്ടുപോയ എഞ്ചിനീയറിംഗ് വിദ്യാർഥി പി. രാജനെ കക്കയത്തെ മർദന ക്യാമ്പിൽ വെച്ച് മർദിച്ചു കൊന്നു. രാജനെ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് പിതാവ് ഈച്ചര വാര്യരോട് അന്ന് പൊലീസും ആഭ്യന്തര മന്ത്രിയുമെല്ലാം പറഞ്ഞു കൊണ്ടിരുന്നത്. കൊല്ലപ്പെട്ട സഖാവ് രാജന്റെ പിതാവ് പ്രൊഫസർ ഈച്ചര വാര്യർ നിരന്തരമായി നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായി അതിനുത്തര വാദികളായ പൊലീസ് ഉദ്യോഗസ്ഥരെ കോടതി കയറ്റാൻ സാധിച്ചു. പക്ഷെ, കേരളത്തിലെ ലോക്കപ്പ് കൊലപാതകങ്ങൾക്കറുതി വരുത്താൻ സാധിച്ചില്ല.
ഇതാണ് സഖാവ് പി രാജൻ. 1975ൽ കോഴിക്കോട് ആർ.ഇ.സി യിൽ വിദ്യാർഥിയായിരിക്കുമ്പോഴാണ് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത്. കോഴിക്കോട് ജില്ലയിൽ പെട്ട കായണ്ണയിൽ നക്സലൈറ്റുകൾ നടത്തിയ പൊലീസ് സ്റ്റേഷൻ അക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിച്ചു അറസ്റ്റ് ചെയ്യപ്പെട്ടതാണ്. (പണ്ട് കേരളത്തിലെ നക്സലൈറ്റുകൾ മർദകാരായ പൊലീസുകാരെ ഉന്നമിട്ടു സ്റ്റേഷൻ ആക്രമണം നടത്തിയിരുന്നു. രാജനെ കേരള പൊലീസ് ഉരുട്ടിക്കൊന്നു. ഉരുട്ടിക്കൊല്ലുക എന്ന് പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാവില്ല. അത് കൊണ്ട് അൽപ്പം വിശദീകരിക്കാം. ഒരു ബെഞ്ചിൽ (നമ്മൾ സ്കൂളിലൊക്കെ ഇരിക്കാൻ ഉപയോഗിക്കുന്ന തരത്തിൽ ഉള്ള ബെഞ്ചില്ലെ.. അത് തന്നെ) ആളെ കിടത്തി കൈകൾ പിറകോട്ട് പിടിച്ചു ആമം വെക്കും. കാലുകൾ നീട്ടി വെച്ച് രണ്ടു കാലിന്റെയും തള്ള വിരലുകൾ കൂട്ടിക്കെട്ടും. അതിന് ശേഷം നെറിയാണിയും ബെഞ്ചുമായി കൂട്ടിക്കെട്ടും. മുട്ട് കാലും ബെഞ്ചുമായി കൂട്ടി ക്കെട്ടും. ചുരുക്കം പറഞ്ഞാൽ ഇങ്ങനെ കിടക്കുന്ന ആൾക്ക് പിന്നെ അനങ്ങാൻ പറ്റില്ല. നക്സലൈറ്റുകളെ അടി വസ്ത്രം മാത്രം ധരിപ്പിച്ചിട്ടാണ് കിടത്തുക. അതിന് ശേഷം ഒരു ഇരുമ്പിന്റെ പൈപ്പ് തുടയിൽ വെച്ച് രണ്ടു പൊലീസുകാർ അപ്പുറവും ഇപ്പുറവും നിന്ന് അവരുടെ പരമാവധി ശക്തി ഉപയോഗിച്ച് ഈ പൈപ്പ് തുടയിൽ അമർത്തി മുട്ട് ഭാഗത്തു നിന്ന് മേൽപ്പോട്ടും കീഴ്പോട്ടും ഉരുട്ടും.
വേദനയെ കുറിച്ച് നമുക്ക് ഊഹിക്കാൻ പറ്റുന്നതിനെക്കാൾ അധികം വേദനയായിരിക്കും. അത് കൊണ്ട് ഇതിന് വിധേയരാവുന്നവർ പൊലീസ് ചോദിക്കുന്നതിന് എല്ലാം സത്യസന്ധമായി ഉത്തരം പറയും എന്നാണ് പൊലീസ് ഫിലോസഫി. രാജനെ കക്കയം മർദന ക്യാമ്പിൽ വെച്ച് ഈ വിധത്തിൽ ഉരുട്ടിയപ്പോൾ ഉരുട്ടാൻ ഉപയോഗിച്ച ഇരുമ്പ് പൈപ്പ് പൊലീസുകാരുടെ ശ്രദ്ധക്കുറവ് കാരണം വൃഷണത്തിൽ കയറിയിറങ്ങി. അങ്ങിനെയാണ് രാജൻ കൊല്ലപ്പെട്ടത് എന്നാണ് വിശ്വാസയോഗ്യമായ വിവരം. അത് കൊണ്ട് എന്നെ ഉരുട്ടിയപ്പോൾ അന്ന് മലപ്പുറം ക്രൈം ബ്രാഞ്ച് സൂപ്രണ്ട് ആയിരുന്ന സേതുമാധവൻ സന്നിഹിതമായിരുന്നു. ഇടയ്ക്കിടെ അദ്ദേഹം എന്നെ ഉരുട്ടി ക്കൊണ്ടിരുന്ന സി.ആർ.പിക്കാരെ ജാഗ്രത പ്പെടുത്തുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. (കോഴിക്കോട് മാലൂർ കുന്ന് എ.ആർ.ക്യാമ്പിൽ വെച്ചാണ് ഞങ്ങൾ കുറെ പേർ കൊടിയ മർദനത്തിന് ഇരയാവുന്നത്. എ.ആർ ക്യാമ്പ് അന്ന് പുതിയതായി പണി കഴിപ്പിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. അവിടെയും ഒരു മർദന ക്യാമ്പ് രഹസ്യമായി പ്രവർത്തിച്ചിരുന്നു) അതിൽ ഒരുത്തന്റെ പേര് ശിവരാമൻ എന്നായിരുന്നു എന്നതും ഓർക്കുന്നു.
ഏമാന്മാർക് വേണ്ടി അധ്വാനിച്ചു വിയർത്തു കുളിച്ച ശിവരാമന്റെ ശരീരത്തിന്റെ ദുർഗന്ധം ഇപ്പോൾ എനിക്ക് അനുഭവപ്പെടുന്നില്ല. പക്ഷെ, ആ രൂപവും അയാളുടെ മുഖഭാവവും ഇപ്പോഴും മായാത്ത ഒരു ചിത്രമായി മനസ്സിൽ കിടക്കുന്നുണ്ട്. ശിവരാമനെ കൂടാതെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. അയാളെ എനിക്കോർമയില്ല. എന്നെ മർദിക്കുന്നതിൽ അയാൾക്ക് പ്രത്യേകിച്ച് താൽപര്യം ഉള്ളതായി എനിക്ക് തോന്നാതിരുന്നത് കൊണ്ടാവും. എന്നാൽ, ശിവരാമൻ അങ്ങനെ യായിരുന്നില്ല. അയാൾ ശരിക്കും ഭരണകൂടത്തിന്റ താൽപര്യങ്ങളെ പ്രതിനിധീകരിച്ചിരുന്നു. അയാളെ ഇപ്പോഴും ഓർക്കാൻ കാരണം ഒരു പക്ഷെ, അതായിരിക്കാം. നീ മുസ്‌ലിം അല്ലേടാ എന്ന് അയാൾ ഇടയ്ക്കിടെ ആക്രോശിച്ചിരുന്നു. എന്നെ മർദിക്കുന്നതിന് അയാൾ സ്വയം ന്യായീകരണം കണ്ടെത്തുന്നത് പോലെയായിരുന്നു ആ ആക്രോശം. ഒരാൾ നക്സലൈറ്റ് ആവുന്നതിനെക്കാൾ വലിയ കുറ്റമാണ് മുസ്‌ലിം ആവുന്നത് എന്നാണോ അയാൾ ഉദ്ദേശിച്ചത് എന്ന് അന്നത്തെ സാഹചര്യത്തിൽ എനിക്കൂഹിക്കാൻ പറ്റുമായിരുന്നില്ല.
ശിവരാമൻ പ്രകോപിതനായത് അയാളുടെ ഉരുട്ടൽ പ്രയോഗത്തിന് ശക്തി കൂടിയിട്ടും എന്റെ ഭാഗത്തു നിന്ന് അയാൾ പ്രതീക്ഷിക്കുന്ന പ്രതികരണ മൊന്നും ഉണ്ടാവാതിരുന്നത് കൊണ്ടാണ്. എത്ര വേദനിച്ചാലും എന്നെ മർദിക്കുന്ന പൊലീസിന് മുൻപിൽ അത് പ്രകടിപ്പിക്കില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. കൊടിയ മർദനങ്ങൾ ഏൽക്കേണ്ടി വരുമ്പോൾ മനസ്സിൽ ഉറപ്പിച്ചപോലൊയൊന്നും നമ്മൾ പെരുമാറി കൊള്ളണമെന്നില്ല. ശരീരം അമിതമായി വേദനിക്കുമ്പോൾ നമ്മളോട് ചോദിക്കാതെ തന്നെ ശബ്ദം പുറത്തുവരും. വേദന സഹിക്കാൻ പറ്റാതായപ്പോൾ എന്റെ ശബ്ദവും പുറത്തു വന്നു. പക്ഷെ, ഞാൻ കരയുകയല്ല എന്ന് ശിവരാമന് മനസ്സിലായി. അതാണ് അയാളെ പ്രകോപിപ്പിച്ചത്. ഇവൻ ഉമ്മാനെ വിളിച്ചു കരയുന്നില്ല, അള്ളാഹുവിനെ വിളിച്ചും കരയുന്നില്ല എന്നതായിരുന്നു അയാളുടെ പ്രശ്നം. അതുകൊണ്ട് വയറ്റത്തു തോക്കിന്റെ ബട്ട് കൊണ്ട് കുറച്ചു കുത്ത് കിട്ടി. ഇത് യഥാർഥത്തിൽ ശിവരാമന്റെ പ്രശ്നമായിരുന്നില്ല. അയാൾ പ്രതിനിധാനം ചെയ്ത ഭരണകൂടത്തിന്റെ പ്രശ്നമായിരുന്നു. ഇരകൾക്ക് ഭയമില്ല എന്നത് ഭരണകൂടത്തെ സംബന്ധിച്ചടത്തോളം ഇരകൾ തിരിച്ചടിക്കുന്നതിന്നു സമാനമാണ്.
രാജനെ എനിക്ക് നേരിട്ടറിയില്ല. അദ്ദേഹത്തിന്റെ അച്ഛൻ പ്രൊഫസർ ഈച്ചരവാര്യരെ അടിയന്തരാവസ്ഥക്ക് ശേഷം ഞാൻ കണ്ടിട്ടുണ്ട്. ഞാനും സിവിക് ചന്ദ്രനും കൂടിയാണ് കോഴിക്കോട് കൽപക ടൂറിസ്റ്റ് ഹോമിൽ അദ്ദേഹത്തെ കാണാൻ പോയത്. സംസാരിച്ച കാര്യങ്ങളൊന്നും ഇപ്പോൾ ഓർമയില്ല. എങ്കിലും മകനെ കൊന്ന വിവരം അന്ന് അധികാരത്തിൽ ഉണ്ടായിരുന്നവർക്കൊക്കെ അറിയാമായിരുന്നു എങ്കിലും തന്നോട് എ.കെ ആന്റണി പോലും നുണ പറഞ്ഞു എന്നദ്ദേഹം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. (എറണാകുളം മഹാരാജാസ് കോളജിൽ ഈച്ചരവാര്യരുടെ ശിഷ്യൻ ആയിരുന്നു ആന്റണി എന്നും അദ്ദേഹം പറഞ്ഞതായി ഓർക്കുന്നു) രാജനെ പൊലീസുകാർ മർദിച്ചു കൊന്നതാണ് എന്ന വിവരം അടിയന്തിരാവസ്ഥ കഴിഞ്ഞു ജയിൽ മോചിതനായതിന് ശേഷം ഞാൻ പത്ര പ്രസ്താവനയിലൂടെ വെളിപ്പെടുത്തി. അങ്ങാടിപ്പുറത്തെ മാതൃഭൂമി ലേഖകൻ ബാലകൃഷ്ണൻ മാസ്റ്ററാണ് എന്നെ ഇന്റർവ്യു ചെയ്തത്. മാതൃഭൂമി അത് ഫ്രന്റ് പേജ് വാർത്തയാക്കി. രാജന്റെ ഒന്നാം ചരമവാർഷികം ജയിലിൽ വെച്ച് ഞങ്ങൾ ആചരിച്ചതായിരുന്നു തലക്കെട്ട്. സത്യത്തിൽ ഞാൻ അടക്കമുള്ള പലരും കൊല്ലപ്പെടാതിരുന്നന്നതിന് ഒരു കാരണം സഖാവ് രാജന്റെ രക്തസാക്ഷിത്വമാണ്. ഓരോ രക്തസാക്ഷിത്വവും മറ്റുള്ളവർ കൊല്ലപ്പെടാതിരിക്കുന്നതിന്ന് വേണ്ടിയുള്ള ജീവ ത്യാഗങ്ങളാണ്.