Quantcast
MediaOne Logo

ബിനീത സെയ്ന്‍

Published: 30 Dec 2023 12:17 PM GMT

മുത്തശ്ശിമഴമരവും കൊച്ചിന്‍ കാര്‍ണിവലും

ഒരേ സമയം കൗതുകമുണര്‍ത്തുന്നതും, ഭയപ്പെടുത്തുന്നതും രസിപ്പിക്കുന്നതുമായ നിശ്ചലദൃശ്യങ്ങളുമായി പോകുന്ന മനുഷ്യരൂപങ്ങളാണ് അന്നുമിന്നും ആശ്ചര്യപ്പെടുത്താറുള്ളത്. ഓരോ പ്ലോട്ടുകളും ഓരോരോ കഥകള്‍ പറയുന്നവയായിരുന്നു.

മുത്തശ്ശിമഴമരവും കൊച്ചിന്‍ കാര്‍ണിവലും
X

ആഘോഷരാവിന്റെ കുളിരും കൊണ്ടാണ് എന്നും കൊച്ചിയിലേക്കുള്ള ഡിസംബറിന്റെ കടന്നുവരവ്. ഡിസംബറില്‍ നിന്നും ജനുവരിയിലേക്ക് ചേക്കേറുന്ന പുതുവത്സരമഞ്ഞിനെ അത്യധികം പ്രതീക്ഷയോടെ വരവേല്‍ക്കാറുള്ള ഫോര്‍ട്ട്കൊച്ചിയോടൊപ്പം ഇഴചേര്‍ന്നു നില്‍ക്കാറുണ്ട് ന്യൂ ഇയറും കൊച്ചിന്‍ കാര്‍ണിവലും. ആലുവയിലേക്ക് ചേക്കേറിയപ്പോളാണ് കൊച്ചിയെ വേണ്ടത്ര അറിഞ്ഞില്ലല്ലോ എന്ന സങ്കടചിന്തകള്‍ മുളപൊട്ടിതുടങ്ങിയത്. ക്രിസ്തുമസും ന്യൂ ഇയറും കൊച്ചിക്കാരിക്കില്ലാത്ത ആവേശമാണ് ആലുവാക്കാരന്‍ നല്ലപാതിക്ക്. ആലുവക്കാരന്റെ കണ്ണിലൂടെ മിന്നിത്തിളങ്ങുന്ന കൊച്ചിയെ കാണുകയാണ് ഞാന്‍ കുറച്ചുവര്‍ഷങ്ങളായി. ഡിസംബര്‍ രാത്രിയില്‍ മുങ്ങിക്കുളിക്കുന്ന കൊച്ചിയെ കണ്ടുതുടങ്ങിയിട്ട് അധികമായിട്ടില്ല. പകലിനെക്കാള്‍ രാത്രിയാണ് ഫോര്‍ട്ട്‌കൊച്ചിയെ സുന്ദരമാക്കുന്നത് എന്ന് മനസ്സിലാക്കിയതും അപ്പോള്‍ മാത്രമാണ്.

ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്തെ കൂറ്റന്‍ മഴമരം കണ്ണുചിമ്മുന്നതോടെ ആരംഭിക്കുന്ന ആഘോഷങ്ങള്‍ക്ക് 20 വര്‍ഷത്തിലധികം പഴക്കമുണ്ട് എങ്കിലും ആ വര്‍ണ്ണവിസ്മയം ആസ്വദിച്ചു തുടങ്ങിയിട്ട് പത്തു പന്ത്രണ്ട് വര്‍ഷം മാത്രം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്തുമസ് ട്രീ എന്ന ഖ്യാതി ലഭിച്ചിട്ടുള്ള ഈ മുത്തശ്ശിമരത്തിന് ഈ ദിവസങ്ങളില്‍ സൗന്ദര്യമേറെയാണ്. നക്ഷത്രകിരീടം ചൂടി ക്രിസ്തുമസ് ദിനത്തില്‍ വര്‍ണ്ണശോഭയില്‍ മുങ്ങിനില്‍ക്കുന്ന ഉറക്കംതൂങ്ങി മരം. Knight United എന്ന സംഘടനയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആഴ്ച്ചകളോളമുള്ള പ്രയത്‌നത്തിന്റെ പ്രതിഫലനമാണ് രാത്രിയിലും മുത്തശ്ശിമരത്തെ ഇങ്ങനെ ഉണര്‍ത്തിനിര്‍ത്തുന്നത്.


ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്തെ കൂറ്റന്‍ മഴമരം

പ്രായഭേദമന്യേ ചടുലതാളങ്ങളോടെ മരത്തണലില്‍ നൃത്തംവെക്കാനോടിയെത്തുന്ന ജനങ്ങള്‍. വിസ്മയകാഴ്ചയൊരുക്കുന്ന മഴമരത്തിന്റെ ചുവട്ടിലൊരു പുതുവത്സരം ആദ്യമായി ആഘോഷിക്കാനുള്ള അവസരം നല്‍കിക്കൊണ്ടായിരുന്നു 2023 പടികടന്നെത്തിയത്. അതുവരെയുള്ള പുതുവത്സരങ്ങളെല്ലാം ഉറക്കമിളച്ച് ടി.വിക്ക് മുന്നില്‍ മാറിമറയുന്ന ചാനല്‍കാഴ്ച്ചകളായിരുന്നു. ഫോര്‍ട്ട്‌കൊച്ചിയുടെ പ്രസിദ്ധമായ 'പപ്പാഞ്ഞി കത്തിക്കലും' ഇതുവരെ നേരില്‍ കാണാനായിട്ടില്ല. തിങ്ങിനിറഞ്ഞ ജനസമൂഹങ്ങള്‍ക്കിടയില്‍ കൂടാനുള്ള മടിതന്നെ കാരണം. പുതുപ്രതീക്ഷകളിലേക്ക് കണ്ണുംനട്ട് ഈ വര്‍ഷത്തെ സങ്കടങ്ങളെല്ലാം അഗ്‌നിയിലെരിയുന്നകാഴ്ച കണ്ടു മടങ്ങുന്ന മുഖങ്ങളില്‍ 'ഇനി നാളത്തെ കാര്‍ണിവല്‍' എന്ന ധ്വനിയുണ്ടാവും.

കഴിഞ്ഞ ദിവസമാണ് അറിയുന്നത് കൊച്ചിന്‍ കാര്‍ണിവലിനും എന്നോളം പ്രായമായി എന്നത്. 40 വര്‍ഷ കാര്‍ണിവല്‍ കാഴ്ചകളില്‍ പക്ഷേ വിരലിലെണ്ണാവുന്ന കാര്‍ണിവലോര്‍മ്മകള്‍ മാത്രം. കാര്‍ണിവല്‍ മൈതാനത്തേക്ക് ഒഴുകുന്ന ജനക്കൂട്ടങ്ങള്‍ക്കിടയില്‍ ഉമ്മയുടെ കൈപിടിച്ച് കൂട്ടംതെറ്റാതെ ചുവടുവയ്ക്കുന്ന കുഞ്ഞുപെണ്ണിന്റെ ഓര്‍മകള്‍ക്കും അതേ ഹരംതന്നെയാണിപ്പോഴും.

കാര്‍ണിവല്‍ മൈതാനത്തോ, വഴിയോരങ്ങളിലോ നില്‍പ്പുകാഴ്ചയ്ക്ക് ഇടംപിടിക്കാന്‍ കടപ്പുറകാഴ്ച്ചകളില്‍ നിന്നാണാരംഭം. കടലമ്മയ്ക്ക് കാല്‍ക്കൊണ്ടൊരു മുത്തം നല്‍കി, തീരക്കാഴ്ചകളില്‍ മുഴുകുന്ന മനസ്സ്. (ഇന്ന് കടല്‍ കാണുമ്പോളെ മുങ്ങാംകുഴിയിടാന്‍ ഇറങ്ങുന്ന മക്കളെ കാണുമ്പോള്‍, കാല്‍നനയ്ക്കുന്ന കടല്‍ത്തീരങ്ങളില്‍ അവസാനിക്കുന്ന എന്റെ കടപ്പുറക്കളികള്‍ക്കപ്പുറം കടലൊരിക്കലും എന്തുകൊണ്ട് ഹരം പകര്‍ന്നിട്ടില്ല എന്ന ആശ്ചര്യം മാത്രം). പൊടിപറത്തിപായുന്ന റേയ്‌സിംഗ് ബൈക്കുകളിലോ, കബഡികളിക്കാരിലോ തങ്ങി നില്‍ക്കാതെ കണ്ണുകള്‍ തിളങ്ങുന്നത് വര്‍ണ്ണശബളമായ തൂവല്‍തൊപ്പികളിലായിരിക്കും. അടുത്ത ന്യൂ ഇയര്‍ വരുമ്പോഴേക്കും അതിലെ ഓരോ തൂവലുകളും പുസ്തകത്താളുകളില്‍ ഒളിച്ചിരിപ്പുണ്ടാവും. സര്‍വ്വതും പിടിച്ചടക്കിയ ഭാവത്തില്‍ ആ തൊപ്പിയും തലയില്‍വച്ച് കാര്‍ണിവലിലേക്ക് രാജകീയയാത്ര. പക്ഷേ, ഇന്ന് മോളുടെ തലയിലിരിക്കുന്ന എല്‍.ഇ.ഡി ഘടിപ്പിച്ച വെള്ളത്തൂവല്‍ കിരീടത്തിന് കൃത്രിമത്വം നിറഞ്ഞ തിളക്കം മാത്രം. വഴിയരികിലെ 'ബലൂണ്‍വാല'യുടെ കൈയിലുള്ള ഹൈഡ്രജന്‍ ഗ്യാസ് നിറച്ചതും, എല്‍.ഇ.ഡി ബള്‍ബുകള്‍ പിടിപ്പിച്ചതുമായ ബലൂണുകള്‍ക്കുമുണ്ട് അതേ മങ്ങിയ തിളക്കം. അന്നത്തെ ബലൂണ്‍ ചേട്ടന്റെ കൈയിലെ ആപ്പിള്‍ ബലൂണുകളും, കോലിന്‍തുമ്പത്ത് കെട്ടിയ കടുക്ബലൂണുകളിലെ 'കിരികിരി' ശബ്ദങ്ങള്‍ക്കുപോലും എന്തോരഴകായിരുന്നു.


പാപ്പാഞ്ഞി കത്തിക്കല്‍

കടല്‍തീരത്ത്‌നിന്നും പരേഡ്ഗ്രൗണ്ട് വരെയുള്ള കാല്‍നടയാത്രയുടെ അവശത ആഘോഷക്കാഴ്ചകള്‍ നിറഞ്ഞ കാര്‍ണിവല്‍ റാലി ആദ്യംമുതല്‍ കാണാനുള്ള ആവേശത്തില്‍ മുങ്ങിമറയാറുണ്ടായിരുന്നു. റോഡിനിരുവശവും നിരന്നുനില്‍ക്കുന്ന ആള്‍ക്കൂട്ടങ്ങളുടെ മുന്‍നിരയില്‍ നിന്ന് കാണാനുള്ള ആനുകൂല്യം കുട്ടികള്‍ക്ക് കിട്ടിയിരുന്നത്‌കൊണ്ട് കാഴ്ചകള്‍ കണ്‍നിറയെയും, മനംനിറയെയുമായിരുന്നു. ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു പ്ലോട്ടാണ് കെവിന്‍ കാര്‍ട്ടറിന്റെ '93 ല്‍ അവാര്‍ഡ് നേടിയ പെണ്‍കുട്ടിയും കഴുകനും എന്ന ചിത്രത്തിന്റെ നിശ്ചലദൃശ്യം. അത്രമാത്രം തന്മയത്വത്തോടെ ആ കാഴ്ച്ച അവതരിപ്പിച്ച ആളുകളെയൊന്നും ഓര്‍മയില്ലെങ്കിലും ആ ചിത്രവും അതിന്റെ നീറ്റലും ഇപ്പോഴും ഉള്ളിലുണ്ട്. കഥകളില്‍ മാത്രം വായിച്ചറിഞ്ഞിട്ടുള്ള പുരാണകഥാപാത്രങ്ങള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അങ്ങിനെ

ദൃശ്യവിരുന്നൊരുക്കുന്ന വൈവിധ്യമാര്‍ന്ന കാഴ്ചകള്‍. ഒരേ സമയം കൗതുകമുണര്‍ത്തുന്നതും, ഭയപ്പെടുത്തുന്നതും രസിപ്പിക്കുന്നതുമായ നിശ്ചലദൃശ്യങ്ങളുമായി പോകുന്ന മനുഷ്യരൂപങ്ങളാണ് അന്നുമിന്നും ആശ്ചര്യപ്പെടുത്താറുള്ളത്. ഓരോ പ്ലോട്ടുകളും ഓരോരോ കഥകള്‍ പറയുന്നവയായിരുന്നു. ഏറെ ചിന്തിപ്പിക്കുന്നവയും. പക്ഷെ, ഇന്ന് ജീവന്‍തുടിക്കുന്ന ആ ചലനമറ്റ രൂപങ്ങള്‍ക്ക് മനസ്സിലിടം നേടാനാവുന്നുണ്ടോ എന്നത് സംശയമാണ്. വെറുമൊരു കാഴ്ചക്കാരിയായിരുന്ന എനിക്ക് ഫോര്‍ട്ട്‌കൊച്ചിയെക്കുറിച്ച് ഇത്രയൊക്കെ പറയാന്‍ ഉണ്ടെങ്കില്‍ കൊച്ചിയെ, കൊച്ചിന്‍ കാര്‍ണിവലിനെ എന്നേക്കാള്‍ തൊട്ടറിഞ്ഞ മനസ്സുകള്‍ക്ക് എന്തുമാത്രം പറയാനുണ്ടാവും.

കാര്‍ണിവല്‍ കാഴ്ചയ്ക്കിടയില്‍ മനഃപൂര്‍വം ഒഴിവാക്കിയ ചില ദൃശ്യങ്ങളുണ്ട്. കാര്‍ണിവലിന്റെ മറുപുറം എന്നതുപോലെ ലഹരി നിറയ്ക്കുന്ന യുവതയുടെ ആഘോഷങ്ങള്‍. ഇത്രയൊക്കെ ആവേശംനിറഞ്ഞ കാഴ്ചകളെ വളര്‍ന്നുവരുന്ന നാളുകളില്‍ ബഹിഷ്‌കരിക്കേണ്ടി വന്നതിന്റെ ആവലാതികളില്‍ പ്രധാനകാരണം അതൊന്നുമാത്രമാണ്. ആള്‍തിരക്കിനിടയില്‍ ദേഹത്തേക്ക് നീളുന്ന കൈകളും, ശരീരത്തോട് ഉരസിനീങ്ങുന്ന പുരുഷദേഹങ്ങളെയൊക്കെയും ഭയന്ന് വേണ്ടെന്നുവയ്ക്കുന്ന എത്രയെത്ര മോഹങ്ങള്‍. വര്‍ഷങ്ങള്‍ക്കിപ്പുറം നല്ലപാതിയുടെ കാഴ്ചകവചത്തിനുള്ളില്‍ നിന്നുകൊണ്ട് സ്വയംപര്യാപ്തമായ മനസ്സുമായി ഞാന്‍ കവചം തീര്‍ക്കുവാണ് എന്റെ മക്കള്‍ക്കും കാഴ്ച്ചകളുടെ ലോകം തുറന്നുകൊണ്ട്. 2024 പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ അന്നത്തെ കൊച്ചുപെണ്ണ് ആള്‍തിരക്കിനിടയില്‍ നിന്ന് ഉറ്റുനോക്കുന്നുണ്ട് ഫോര്‍ട്ട്‌കൊച്ചിയുടെ വീഥിയിലൂടെ നിരന്നുവരുന്ന കാര്‍ണിവല്‍ കാഴ്ചകള്‍ക്കായി.


TAGS :