Quantcast
MediaOne Logo

ദാനിഷ് അഹ്മദ്

Published: 1 Oct 2023 10:58 AM GMT

ഒസ്മാനികളുടെ പ്രിയപ്പെട്ട കാപ്പി

പതിനഞ്ചാം നൂറ്റാണ്ടില്‍ യമനികളാണ് കാപ്പിക്കുരു വറുത്തും പൊടിച്ചും കാപ്പി തയ്യാറാക്കാമെന്ന് കണ്ടെത്തുന്നത്. മക്കയില്‍ തീര്‍ഥാടനത്തിനെത്തുന്ന വിശ്വാസികള്‍ വഴി കാപ്പി മറ്റു പലയിടത്തേക്കും വ്യാപിച്ചു.

ലോക കോഫി ദിനം, ഒക്ടോബര്‍ 01:  അന്താരാഷ്ട കോഫി ദിനം,
X

ലോകമെമ്പാടും ഏറെ ആസ്വാദകരുള്ള പാനീയമാണ് കാപ്പി. അറബിക്ക, റോബസ്റ്റ, ലിബേറിക്ക, എക്‌സല്‍സ തുടങ്ങിയ ഇനങ്ങളിലും അനേകം ഉപ ഇനങ്ങളിലുമായി കാപ്പിക്കുരുക്കള്‍ ഉണ്ട്. കാപ്പിപ്പൊടിയുടെ വിവിധ ഇനങ്ങള്‍ക്ക് പുറമേ, കാപ്പി തയ്യാറാക്കാനുള്ള പല വഴികളുമുണ്ട്. ഏറ്റവും പ്രചാരമുള്ള ചില രീതികളാണ് ഡ്രിപ് ബ്രൂവിങ്, ഫ്രഞ്ച് പ്രെസ്സ്, പൗര്‍-ഓവര്‍ ബ്രൂവിങ്, എസ്‌പ്രേസ്സോ, കോള്‍ഡ് ബ്രൂ തുടങ്ങിയവ. ലോകത്തിലെ ആദ്യത്തെ കോഫി ഷോപ്പ് ഒട്ടോമന്‍ സുല്‍ത്താന്‍ മെഹ്മദ് ദി കോണ്‍ക്വററിന്റെ ഭരണകാലത്ത് ഇസ്താംബൂളില്‍ ആരംഭിച്ചു എന്നാണ് ചരിത്രം.

പതിനഞ്ചാം നൂറ്റാണ്ടില്‍ യമനികളാണ് കാപ്പിക്കുരു വറുത്തും പൊടിച്ചും കാപ്പി തയ്യാറാക്കാമെന്ന് കണ്ടെത്തുന്നത്. കാപ്പിയുടെ കണ്ടുപിടിത്തക്കാര്‍ തങ്ങളാണെന്ന് എത്യോപ്യക്കാരും അവകാശപ്പെടുന്നുണ്ടെങ്കിലും, ചെങ്കടല്‍ (Red Sea) മേഖലയില്‍ നിന്ന് കാപ്പി കുരുക്കള്‍ ആദ്യമായി കയറ്റുമതി ചെയ്തത് യെമനില്‍ നിന്ന് തന്നെയാണെന്ന് കാണാം. മധ്യകാല ഇസ്ലാമിക പാരമ്പര്യമനുസരിച്ച്, ഈ പാനീയത്തിന്റെ ആദ്യകാല ഉപഭോക്താക്കള്‍ സൂഫികളായിരുന്നു. രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന് 'ദിക്ര്‍' എന്നറിയപ്പെടുന്ന ആത്മീയ ആചാരം അനുഷ്ഠിച്ചിരുന്നു അവര്‍. രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കാനും ഉന്മേഷം നല്‍കാനും സഹായിക്കുന്ന പാനീയം അവരുടെ ഇഷ്ടവിഭവമായി മാറി. കാപ്പി കുടിക്കുന്ന പതിവ് വളരെ വേഗത്തില്‍ യമനില്‍ നിന്നും മക്കയിലേക്ക് പടര്‍ന്നു. ഖഹ്‌വ (Qahva) എന്നായിരുന്നു അറേബ്യന്‍ നഗരങ്ങളില്‍ ഇതറിയപ്പെട്ടിരുന്നത്.

മധ്യകാല ഇസ്ലാമിക പാരമ്പര്യമനുസരിച്ച്, ഈ പാനീയത്തിന്റെ ആദ്യകാല ഉപഭോക്താക്കള്‍ സൂഫികളായിരുന്നു. രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന് 'ദിക്ര്‍' എന്നറിയപ്പെടുന്ന ആത്മീയ ആചാരം അനുഷ്ഠിച്ചിരുന്നു അവര്‍. രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കാനും ഉന്മേഷം നല്‍കാനും സഹായിക്കുന്ന പാനീയം അവരുടെ ഇഷ്ടവിഭവമായി മാറി.

മക്കയില്‍ തീര്‍ഥാടനത്തിനെത്തുന്ന വിശ്വാസികള്‍ വഴി കാപ്പി മറ്റു പലയിടത്തേക്കും വ്യാപിച്ചു. മക്കയില്‍ നിന്നും മടങ്ങുന്ന തീര്‍ഥാടകരിലൂടെ ഈജിപ്തിലെ കയ്റോ, സിറിയയിലെ ഡമാസ്‌കസ് എന്നീ നഗരങ്ങളില്‍ കാപ്പി പ്രചാരംനേടി. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, അത് ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഇസ്താംബൂളിലേക്കും എത്തി. രണ്ട് സിറിയന്‍ കച്ചവടക്കാരാണ് അവിടെ 'കോഫിഹൗസ്' സ്ഥാപിക്കുന്നത്. രണ്ട് പതിറ്റാണ്ടിനിടയില്‍ അറുനൂറോളം കോഫി ഹൗസുകള്‍ ഇസ്തംബുളില്‍ മാത്രം സ്ഥാപിക്കപ്പെട്ടു. 1600 ല്‍ സഫാവിദ് സാമ്രാജ്യത്തിലെ (ഇന്നത്തെ ഇറാന്‍) പ്രധാന പട്ടണമായ ഇസ്ഫഹാനിലും കോഫി ഹൗസുകള്‍ സജീവമായി. അതിനുശേഷം, കാപ്പി ഇരു സാമ്രാജ്യങ്ങളിലും സുല്‍ത്താന്മാരുടെയും ജനങ്ങളുടെയും ഇഷ്ട പാനീയമായി മാറി.

പതിനേഴാം നൂറ്റാണ്ടില്‍ ഒട്ടോമന്‍ നഗരങ്ങളിലെല്ലാം കോഫി ഷോപ്പുകള്‍ സാധാരണമായി. നഗരങ്ങള്‍ക്ക് പുറമെ ചില ഗ്രാമങ്ങളിലും കോഫി ഷോപ്പുകള്‍ ഉണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ ഒട്ടോമന്‍ സഞ്ചാര എഴുത്തുകാരനായ എവ്ലിയാ ചെലെബി (Evliya Çelebi), പ്രധാന നഗരങ്ങളിലെ കാപ്പി ഷോപ്പുകളെക്കുറിച്ച് വ്യക്തമായി വിവരിച്ചിട്ടുണ്ട്. അതില്‍ ചിലത് ഒരേസമയം ആയിരം ഉപഭോക്താക്കളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയായിരുന്നു. അതുവരേക്കും എത്യോപ്യയില്‍ കാട്ടു ചെടിയായി വളര്‍ന്നിരുന്ന കാപ്പി, പതിനാറാം നൂറ്റാണ്ടിന്റെ ഒടുക്കത്തോടെ യമനില്‍ ഒരു നാണ്യവിളയായി ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി. തുറമുഖ നഗരമായ മോക്ക (Mocha) ലോക കാപ്പി വിപണനത്തിന്റെ കേന്ദ്രമായി മാറി.


മറ്റു പലതും 'കടത്തിയ' പോലെ തന്നെ യൂറോപ്യര്‍ കാപ്പിയും കടത്തിക്കൊണ്ടുപോയി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, കരീബിയന്‍ കടലിലുള്ള തങ്ങളുടെ കോളനികളിലേക്ക് എത്യോപ്യയില്‍ നിന്ന് കടത്തിയ കാപ്പി ചെടികള്‍ യൂറോപ്യര്‍ നാട്ടു പിടിപ്പിച്ചു. നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ വിപണികളില്‍ പോലും അമേരിക്കയില്‍ നിന്നുള്ള കാപ്പി കുരുക്കള്‍ സ്ഥാനം കൈയടക്കാന്‍ തുടങ്ങി. കാപ്പിയെ ഒരു പാനീയമായി പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഒക്ടോബര്‍ ഒന്നിന് ലോക കാപ്പി ദിനമായി ആചരിച്ചു വരുന്നുണ്ട്.



TAGS :