ആത്മാവിന്റെ പ്രാർഥനകൾ കൂടിയാണ് ഓരോ യാത്രയും
ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവുകളിലൊന്നായ സോനാഗച്ചിയിലെ ജീവിതത്തിന്റെ നേർക്കാഴ്ച
പ്രഭാതം തെളിഞ്ഞു വരുന്നതേയുണ്ടായിരുന്നുള്ളു. രാത്രിയിൽ ട്രെയിനിലെ അതേ ചൂട് തന്നെയാണ് ഇവിടെയും. നഗര മധ്യത്തിലെ അലങ്കോലമായി കിടക്കുന്ന ഇടവഴികളിലൂടെ തലങ്ങും വിലങ്ങും നടന്നു തുടങ്ങി. ഇടക്കിടെ നിരനിരയായി നിൽക്കുന്ന പല വർണ്ണങ്ങളിലെ പെൺകുട്ടികളെ നിരനിരയായി കാണാം. കടുത്ത ചായക്കൂട്ടിൽ തുടുത്ത ചുണ്ടുകളുമായി അവർ ആരെയൊക്കെയോ തേടി നിൽക്കുകയാണ്. കൗമാരത്തിന്റെ തുടക്കം മുതൽ യൗവനത്തിന്റെ ഒടുക്കം വരെ പിന്നിട്ട നാരീമണികൾ. പ്രായത്തിന്റെ ജരാനരകൾക്ക് കീഴങ്ങിയവർക്ക് ഓടകൾക്ക് അരികിലെ ചായ്പുകളാണ് ശരണം. കാലത്തിന്റെ കുത്തൊഴുക്കിൽ വിഴുപ്പുഭാണ്ഡങ്ങളായി തീർന്നവർ. ആരും നോക്കാനില്ലാതിരുന്നിട്ടും സുഖമായി കിടന്നുറങ്ങുകയാണ് ചിലർ.
പൊട്ടിപ്പൊളിഞ്ഞ ആ കെട്ടിട വാതിലിനരികിലെത്തിയപ്പോഴാണ് ആ യുവതിയെ ശ്രദ്ധിക്കുന്നത്. കറുത്ത സാരിയിലെ സുതാര്യതയിലൂടെ പ്രകടമായ മേനിവടിവിലാണ് അവളുടെ വില നിശ്ചയിക്കപ്പെടുന്നത്. നിഷ്കളങ്കമാണ് ആ മുഖലാവണ്യം. നിറം മങ്ങിയ ആ പുഞ്ചിരിക്ക് പോലും പ്രകാശമാനമായ വശ്യത. ഇടക്കണ്ണിട്ട് അവളും ഇടക്കിടെ നോക്കുന്നുണ്ട്. ആദ്യമൊന്ന് മടിച്ചെങ്കിലും ഒരുവിധത്തിൽ ധൈര്യം സംഭരിച്ച് അവൾക്കരികിലെത്തി. എന്താണ് സംസാരിക്കണമെന്നറിയാതെ അവളോട് പേര് ചോദിച്ചപ്പോഴേക്കും ശബ്ദം വല്ലാതെ ഇടറിയിരുന്നു.
'രശ്മി, " എന്ന മറുപടിക്ക് പിന്നാലെ ആരൊക്കെയോ അവളെ പിന്തുടരുന്ന പോലെ. അവളും ആരെയൊക്കെയോ ഭയപ്പെടുന്നുണ്ട്.
"എത്രപേരുണ്ടാകും ഇവിടെ "? വീണ്ടും ആകാംക്ഷയോടെ ആരാഞ്ഞു. പതിനായിരം എന്ന് കേട്ടപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നാൽ, ഞെട്ടിയത് മറ്റൊരു കാര്യത്തിലായിരുന്നു. 30 വയസ്സുള്ള അവൾ ഇവിടെയെത്തിയിട്ട് 16 വർഷം കഴിഞ്ഞത്രേ.
ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവുകളിലൊന്നായ സോനാഗച്ചിയിലെ ആദ്യ അനുഭവത്തിന്റെ നേർസാക്ഷ്യമായിരുന്ന് ഇത്. തുടന്നും പല തവണ സോനാഗച്ചിലെത്തി. അപ്പോഴൊക്കെ ആയിരക്കണക്കിന് പെൺജീവിതങ്ങളുടെ ജീവിതങ്ങളെ തൊട്ടറിയാനാണ് ശ്രമിച്ചത്. ഇതേ സോനാഗച്ചിയിൽ നിന്നാണ് സത്യജിത് റേ പാഥേർ പാഞ്ചാലിയിലെ ഇന്ദിർ മുത്തശ്ശിയെ അവിസ്മരണീയമാക്കിയ ചുനി ബാല ദേവിയെ കണ്ടെടുത്തത്. ആദ്യകാലത്ത് നാടക നടിയായിരുന്ന അവരെ ജീവിത ദുരന്തങ്ങൾ സോനാഗച്ചിയിലെത്തിച്ചു. എന്നാൽ, പാഥേർ പാഞ്ചാലി പ്രദർശനത്തിനെത്തും മുമ്പ് ഇൻഫ്ലുവൻസ അവരുടെ ജീവിതത്തെ കവർന്നെടുക്കുകയായിരുന്നു.
വില്ലുപുരത്തിനടുത്തുള്ള ഗ്രമമാണ് കൂവഗം. ഇവിടത്തെ കൂത്താണ്ടവർ ക്ഷേത്രത്തിലാണ് എല്ലാവർഷവും ചിത്രപൗർണ്ണമി നാളിൽ ട്രാൻസ്ജെൻഡർ ഉത്സവം നടക്കാറുള്ളത്. രണ്ട് നാൾ നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ട്രാൻസ്ജെൻഡറുകൾ ഒത്തുകൂടുന്നു. കൂത്താണ്ടവരുടെ പ്രതീകാത്മകമായി ഒരു പുരുഷനെ താലികെട്ടി അടുത്ത നാൾ താലിയറുത്ത് വിലപിക്കുന്നതാണ് ചടങ്ങുകൾ. ട്രാൻസ്ജെൻഡറുകളുടെ സ്വത്വബോധാഘോഷം ഏറ്റവും പ്രകടമാകുന്ന ദിനങ്ങളാണിവ . ഗ്രാമത്തിൽ കാളവണ്ടിയിൽ വന്നിറങ്ങുന്ന ട്രാൻസ് ജെൻഡറുകളുടെ കാഴ്ചകളു ഏറെ കൗതുകകരമാണ്.
ഉത്സവത്തിന്റെ ആദ്യ നാളിലെ മടങ്ങിവരവിൽ സുഹൃത്ത് സുഭാഷിന് വയറിൽ ഇൻഫെക്ഷൻ ഉണ്ടായി. ഗത്യന്തരമില്ലാതെ പല വീടുകളിലും ടോയ്ലറ്റ് സൗകര്യത്തിനായി കയറിയിറങ്ങിയപ്പോഴാണ് കൂവഗത്തിന്റെ നേർ ചിത്രം തെളിഞ്ഞത്. ഇൗ നൂറ്റാണ്ടിലും മിക്ക വീടുകളിലും ടോയ്ലറ്റില്ലാത്ത ഗ്രാമം. പിന്നീടൊരിക്കൽ ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റായ ഗ്രേസ് ഭാനുവുമായി കുവാഗം ഉത്സവാനുഭവം പങ്കുവെച്ചപ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരമറിയുന്നത്. അന്നത്തെ ഉത്സവത്തിൽ സുഭാഷിന്റെ ഫ്രെയിമിൽ പതിഞ്ഞ സുന്ദരികളായ ചില ട്രാൻസ്ജെൻഡുകളെ പിന്നീട് ഗുണ്ടകൾ ക്രൂരമായ പീഡനങ്ങൾക്കിരയാക്കി കൊന്ന് കളഞ്ഞത്രേ.
മനസ്സിന്റെ വിശ്രാന്തി മാത്രമായി യാത്രകളെ പരിമിതപ്പെടുത്തരുത്. ജീവിതത്തിന്റെ അകവും പുറവും ആഴത്തിലറിയാനാകുന്ന ജീവിത ബോധ്യം കൂടിയാണത്. ഓരോ യാത്രകളും നിന്ദിതരും പീഡിതർക്കും വേണ്ടിയുള്ള ആത്മാവിന്റെ പ്രാർത്ഥനകൾ കൂടിയാണ്. അതിലൂടെയാണ് സഹജീവികളെ നാം നെഞ്ചോടണക്കുന്നത്. എത്തിച്ചേരുന്നിടങ്ങൾ യാത്രയുടെ ശരീരമാണെങ്കിൽ അതിന്റെ ആത്മാവ് മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളെ അനുഭവിക്കലാണ്. ഹിമാലയം പുണ്യഭൂമിയാകുന്നത് അവിടത്തെ മനുഷ്യരും ജീവജാലങ്ങളും കൂടി ഉൾച്ചേരുമ്പോഴാണ്. വനങ്ങളിൾ ടെന്റടിച്ചും ഭക്ഷണം പാകം ചെയ്തും കഴിച്ചുകൂട്ടുമ്പോൾ വന്യമൃഗങ്ങളുടെ അധിവാസ ഇടങ്ങളിൽ കൂടിയാണ് ഓരോരുത്തരും അതിക്രമിച്ചു കയറുന്നത്.ഓരോ യാത്രയും ആത്മശുദ്ധീകരണത്തിന്റെ പ്രാർഥനകളാകുമ്പോഴേ അത് നാഗരിക പുരോഗതിയിലേക്ക് നയിക്കൂ.