Quantcast
MediaOne Logo

റിഹാന്‍ റാഷിദ്

Published: 9 April 2024 8:00 PM GMT

'ഖത്തം' തീര്‍ത്ത പെരുന്നാള്‍ കാലം

കൗമാരത്തിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ പെരുന്നാളുകള്‍ സുഹൃത്തുക്കളുടെ കൂടെയായി. അതിലേറ്റവും രസകരവും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതുമായത് ഒരു യാത്രയാണ്. റമദാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കൂട്ടുകാര്‍ ഒരുമിച്ച് ചെറിയ ചെറിയ പൈസ കൂട്ടിവെച്ച് നടത്തിയ ഊട്ടി യാത്രയാണ്. | പെരുന്നാളോര്‍മ

ഖത്തം തീര്‍ത്ത പെരുന്നാള്‍ കാലം
X

പെരുന്നാള്‍ ഓര്‍മകളെന്നു പറയുന്നത് പല കാലങ്ങളുടെ സ്മൃതികളാണ്. ബാല്യം, കൗമാരം. യൗവനം മധ്യവയസ്, വാര്‍ധക്യം.. അങ്ങനെയാണതിന്റെ തുടര്‍ച്ച. മിക്കവാറും മനുഷ്യരുടെയും എല്ലാ സ്മരണകള്‍ക്കും ഈയൊരു രീതിശാസ്ത്രം ഉണ്ടാവുമെന്നാണ് കരുതുന്നത്. എന്നെ സംബന്ധിച്ച് ബാല്യത്തിലെ പെരുന്നാളെന്നു പറയുന്നത് ഉപ്പയാണ്. അരിഗോഡൗണിലെ അരിയിലടിച്ച മരുന്നിന്റെയും ഉപ്പയുടെ വിയര്‍പ്പിന്റേയും സമ്മിശ്ര ഗന്ധമാണത്. അക്കാലത്ത്, ഖുര്‍ആന്‍ 'ഖത്തം' തീര്‍ക്കുക * എന്നൊരു ടാസ്‌ക് ഉണ്ടായിരുന്നു. അങ്ങനെ തീര്‍ക്കുമ്പോള്‍ ഉപ്പയുടെ കയ്യീന്ന് കിട്ടുന്ന സമ്മാനം 'കുട്ടിക്കുപ്പായം'എന്നു പേരുള്ള ടെക്സ്റ്റയില്‍സ് ഷോപ്പില്‍ നിന്നും എടുക്കുന്ന ഒന്നിലധികം 'പെരുന്നാകുപ്പാ'യത്തിന്റെ തുണിയാണ്. അതിനായി ദിവസവും ഓതും. ഉച്ചയ്ക്ക് ശേഷം മിക്കദിവസങ്ങളിലും ഉപ്പ ജോലിചെയ്യുന്ന ഗോഡൗണിലും തൊട്ടടുത്തുള്ള ശ്രീജിത്തേട്ടന്റെ 'ഹിന്ദുസ്ഥാന്‍ ടൈംസ്' വാച്ച് ഷോപ്പിലുമായിരുന്നു സമയം ചെലവഴിക്കാറുണ്ടായിരുന്നത്. (വര്‍ഷങ്ങളായി ശ്രീജിത്തേട്ടനെ കണ്ടിട്ട്. അദ്ദേഹം ഇതെങ്ങാന്‍ വായിക്കുകയാണെങ്കില്‍ വീണ്ടും കാണാമെന്ന പ്രതീക്ഷയുണ്ട്)

ഉപ്പയുടെ ജോലിസ്ഥലത്തേക്കുള്ള യാത്രകള്‍ക്ക് മറ്റൊരു ഉദ്ദേശവും കൂടെയുണ്ടായിരുന്നു. ഗോഡൗണിന്റെ നടത്തിപ്പുകാരനായ ഹാജിയാരില്‍ നിന്നും അവിടെയുള്ള മറ്റു ചിലരില്‍ നിന്നും പെടയ്ക്കുന്ന പത്തിന്റേയും ഇരുപതിന്റേയും പുത്തന്‍ നോട്ടുകള്‍ സകാത്ത് കിട്ടുമെന്ന കാര്യമാണത്. പെരുന്നാള്‍ രാവിന്റെ അറിയിപ്പ് പള്ളിയില്‍ നിന്നുളള തക്ബീറിന്റെ രൂപത്തില്‍ ചെവിയിലേക്ക് വീഴുമ്പോള്‍ വല്ലാത്തൊരു സന്തോഷമാണ്. ഇന്നാ സന്തോഷങ്ങള്‍ വാട്‌സാപ്പിലും മറ്റ് സോഷ്യല്‍ മീഡിയകളിലും വരുന്ന പലതരം ഈദ് മുബാറക് ഫ്‌ളയറുകള്‍ കയ്യടക്കിയെന്നു മാത്രം.

യാത്രയുടെ കാര്യത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും യാതൊരു സംശയവുമില്ലായിരുന്നു. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള ഒരു ഓമ്‌നി വാന്‍ വാടകയ്ക്ക് എടുത്തായിരുന്നു യാത്ര. മാത്രമല്ല, യാത്രക്കിടയില്‍ സ്വയം പാചകം ചെയ്യാനായിരുന്നു തീരുമാനം. അതിനായി ചെറിയൊരു മണ്ണെണ്ണ സ്റ്റൗവും മറ്റ് അനുസാരികകളും കയ്യില്‍ കരുതി.

കൗമാരത്തിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ പെരുന്നാളുകള്‍ സുഹൃത്തുക്കളുടെ കൂടെയായി. അതിലേറ്റവും രസകരവും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതുമായത് ഒരു യാത്രയാണ്. റമദാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഞങ്ങള്‍ കൂട്ടുകാര്‍ (ഷറഫു, നിയാസ്, ബിനാസ്, തന്‍സീര്‍, ഷൗക്കത്ത്) ഒരുമിച്ച് ചെറിയ ചെറിയ പൈസ കൂട്ടിവെച്ച് നടത്തിയ ഊട്ടി യാത്രയാണ്. സത്യത്തില്‍ അന്നോളം ഞങ്ങളാരും അത്രയും ദൂരേക്കുള്ള യാത്ര നടത്തിയിരുന്നില്ല. മാത്രമല്ല, കൂട്ടത്തില്‍ നിയാസിനു മാത്രമായിരുന്നു ഡ്രൈവിംഗ് വശമുണ്ടായിരുന്നത്. അതു തന്നെ സമീപകാലത്ത് പഠിച്ചതും. എന്നാലും യാത്രയുടെ കാര്യത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും യാതൊരു സംശയവുമില്ലായിരുന്നു. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള ഒരു ഓമ്‌നി വാന്‍ വാടകയ്ക്ക് എടുത്തായിരുന്നു യാത്ര. മാത്രമല്ല, യാത്രക്കിടയില്‍ സ്വയം പാചകം ചെയ്യാനായിരുന്നു തീരുമാനം. അതിനായി ചെറിയൊരു മണ്ണെണ്ണ സ്റ്റൗവും മറ്റ് അനുസാരികകളും കയ്യില്‍ കരുതി.

അതിലേറ്റവും രസകരമായതും ഇപ്പോഴും ഞങ്ങള്‍ എല്ലാവരും ഓര്‍ക്കുന്നതും വയനാട്ടീന്ന് വാങ്ങിയ പഴക്കുലയാണ്. ഓമ്‌നിയുടെ ഉള്ളിലെ ഹാന്റ് ബാറില്‍ അതു തൂക്കിയിട്ട്, ആവശ്യാനുസരണം കഴിച്ചും പാട്ടു കേട്ടുമായിരുന്നു യാത്ര. ഇടയ്ക്ക് പല സ്ഥലങ്ങളിലും വണ്ടി നിര്‍ത്തി അവിടത്തെ കാഴ്ചകളും മറ്റും കണ്ടു. രാത്രിയോടെ അതിര്‍ത്തിക്കപ്പുറത്തെ ഏതോയൊരു ബസ്സ്‌റ്റോപ്പിനോട് ചേര്‍ന്ന് വണ്ടി നിര്‍ത്തിയിട്ട്, സ്റ്റൗവും മറ്റും എടുത്ത് ബ്രഡും ഓംലൈറ്റും ഉണ്ടാക്കി കഴിച്ചു. വീണ്ടും യാത്ര തുടര്‍ന്നു. എന്നാല്‍, എത്ര ഓടിയിട്ടും ഊട്ടി എത്താത്തതു പോലെയായിരുന്നു. ഇന്നത്തെ പോലെ ഗൂഗിള്‍ മാപ്പിന്റെ സഹായമൊന്നും ഇല്ലായിരുന്നതുകൊണ്ട്, വഴിയില്‍ കാണുന്ന സൈന്‍ ബോര്‍ഡുകളായിരുന്ന ആശ്രയം. എന്നിട്ടും പലതവണ വഴിതെറ്റി. രാത്രിയായതോടു കൂടെ ചെറിയ പേടിയൊക്കെ തോന്നിത്തുടങ്ങി.

മറ്റുള്ളവര്‍ മുഴുവന്‍ ഉറക്കിലേക്ക് വീണെങ്കിലും വണ്ടിയോടിക്കുന്ന നിയാസിനോട് സംസാരിച്ച് കൂടെ ഇരുന്നത് ഞാനായിരുന്നു. ഇന്നും യാതൊരു മാറ്റവുമില്ലാത്ത നിയാസിന്റെ ചളികേട്ട് ഇരുന്നിരുന്ന് അവസാനം എങ്ങനെയോ കല്ലട്ടി ചുരത്തിലേക്ക് എത്തി. അതാവട്ടെ എത്ര കയറിയിട്ടും തീരുന്നതുമില്ലായിരുന്നു! ദൂരെ മിന്നാമിനുങ്ങള്‍ മിന്നുന്നതു പോലെ കുറെ വെളിച്ചം കാണുന്നതായിരുന്നു ആകെയുള്ള പ്രതീക്ഷ. തൊട്ടടുത്താണെന്നു തോന്നിപ്പിക്കുമെങ്കിലും അതൊരിക്കലും അടുത്തായിരുന്നില്ല. അതിനിടയില്‍ വണ്ടിയുടെ സൈലന്‍സറിനു പൊട്ടലും സംഭവിച്ചു. കല്ലട്ടി ചുരത്തിലൊരിടത്തും നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയും ചേര്‍ന്നപ്പോള്‍ ശരിക്കും പേടിച്ചു. അവസാനം പുലര്‍ച്ചയോടെ എങ്ങനെയെല്ലാമോ ഊട്ടിയിലേക്ക് എത്തി. ആദ്യം അന്വേഷിച്ചത് ഒരു വര്‍ക്‌ഷോപ്പ് ആയിരുന്നു. പൊട്ടിയ സൈലന്‍സര്‍ വെല്‍ഡ് ചെയ്തു കിട്ടിയപ്പോഴാണ് സമാധാനം ആയത്. അതിനു ശേഷം അവിടെ കറങ്ങി വൈകുന്നേരത്തോടെ നാട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. മടക്കയാത്രയും സംഭവബഹുലമായിരുന്നു.

അതിനു ശേഷം ഞങ്ങള്‍ പലതവണ ഒരുമിച്ച് പെരുന്നാള്‍ ട്രിപ്പ് പോയെങ്കിലും ഊട്ടിയിലേക്കുള്ള പി വൈ ഒമ്‌നിയിലുള്ള യാത്രയുടെ സുഖം അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയുമത് കഴിയുകയുമില്ല. കാരണം, ഒന്നുമറിയാത്ത കാലത്ത്, സാഹസികമെന്നു തന്നെ പറയാവുന്ന അനുഭവങ്ങള്‍ പിന്നീടൊരിക്കലും ആവര്‍ത്തിക്കപ്പെടില്ല. പെരുന്നാളോര്‍മകളുടെ കാര്യത്തില്‍ ഇതിലും മികച്ച മറ്റൊന്നുമില്ലതാനും. പുതിയ കാലത്ത്, മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്ര വല്ലാത്തൊരു എക്‌സ്പീരിയന്‍സാണെന്നു കേള്‍ക്കുമ്പോള്‍ 'ഇതൊക്കെ യെന്ത്' എന്ന സലീംകുമാറിന്റെ പ്രശസ്തമായ ഡയലോഗാണ് ഓര്‍ക്കുന്നത്.

*ഖത്തം തീര്‍ക്കുക: ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യുക.

TAGS :