Quantcast
MediaOne Logo

പെരുന്നാളിലെ ടയര്‍ പത്തില്‍

ഉമ്മാമയുടെ കോന്തലയില്‍ തൂങ്ങിയാടുന്ന താക്കോല്‍ കെട്ടഴിക്കുന്നത് പെരുന്നാളിനാണ്. ഒരു പാട് ചില്ലറ പണം അതിലുണ്ടാകും, ഞങ്ങള്‍ക്ക് ഒക്കെ പെരുന്നാളിന് വീതിച്ച് നല്‍കും. അതൊരു ആക്കമാണ്. ആ ചില്ലറയുമെടുത്ത് താഴത്ത് കടയില്‍ പോയി പുളിയച്ചാര്‍, ബീഡി മീട്ടായി എന്നിവ വാങ്ങി തീര്‍ക്കും. | പെരുന്നാളോര്‍മ

പെരുന്നാളിലെ ടയര്‍ പത്തില്‍
X

വടകര തിരുവള്ളൂരിലാണ് കുട്ടിക്കാലം. രണ്ട് ഏക്കറിലേറെയുള്ള പറമ്പിലെ വലിയ പഴയ തറവാടിന് രണ്ട് നിലയുണ്ട്. രണ്ടെണ്ണത്തില്‍ മുറികളും വിശാല സ്ഥലവുമുണ്ട്. തൊടിയില്‍ കാടുമൂടി മരങ്ങളുണ്ടായിരുന്നു. വലിയ കല്ലുവെട്ടുകുഴിയുണ്ടായിരുന്നു. ഇപ്പൂത്തിയും സാവൂന്‍ മരവും തെങ്ങുകള്‍ക്കിടയില്‍ ഇടതൂര്‍ന്ന് വളരും. സാവൂന്‍ കായ പൊട്ടിച്ച് വെള്ളത്തില്‍ കലക്കി കറുമൂസ തണ്ട് കൊണ്ട് ഊതി കുമിളകളുണ്ടാക്കി പറത്തിയ കുട്ടിക്കാലം. ഉപ്പ, ഉമ്മ, ഉപ്പയുടെ ഉമ്മ, സഹോദരങ്ങള്‍, അയല്‍വാസികള്‍ എല്ലാവരുമുണ്ടാകും പെരുന്നാളിന്. അതുകൊണ്ട് തന്നെ സൗഹൃദത്തിന്റെതാണ്, സ്നേഹത്തിന്റേതാണ് പെരുന്നാള്‍. തറവാട്ടില്‍ വര്‍ഷത്തിലൊരിക്കലെത്തുന്ന പെരുന്നാള്‍ ആഘോഷം വരവേല്‍ക്കാന്‍ രണ്ടാഴ്ച മുമ്പ് തന്നെ ഒരുക്കങ്ങള്‍ തുടങ്ങും.

ശാരീരികവും മാനസികവുമായുളള ഒരുക്കത്തിന് മുതിര്‍ന്നവരും കുട്ടികളും മത്സരിക്കും. ഒളിച്ച് പൊത്തിക്കളി , സീറ് കളി, അട്ടിയാന്‍ പൊട്ടിയാന്‍, ചിള്ളിയും കൊള്ളിയും. അങ്ങി നീളുന്നു കളികള്‍. ഉപ്പയുടെ ഉമ്മയായ ഉമ്മാമയാണ് വീട്ടിലെ എന്റെ സ്നേഹ ഭാജനം. ഉമ്മാമക്ക് കണ്ണ് കാണില്ല. എല്ലാം കേള്‍ക്കും. ഞങ്ങള്‍ കളിക്കിടയില്‍ തമ്മില്‍ കലമ്പുമ്പോള്‍ ഉപ്പയെ തൂപ്പിയെ തൂപ്പിയെ എന്ന് പറഞ്ഞ് പരാതി പറയും. ഉമ്മയുടെ അരയിലെ അരഞ്ഞാണിനൊപ്പം കോന്തലയില്‍ ഒരു താക്കോല്‍ തൂങ്ങിയാടും. പിന്നെയുള്ളത് ഒരുപെട്ടിയാണ്. വെറ്റിലച്ചെല്ലം പോലെ ഉമ്മാമ സൂക്ഷിക്കുന്ന പെട്ടിയുടെ താക്കോലാണ് കോന്തലയിലുളളത്. ആ താക്കോല്‍ ആരും എടുക്കുന്നത് ഉമ്മാമക്ക് ഇഷ്ടമില്ല. കണ്ണ് കാണില്ലെങ്കിലും വീട്ടില്‍ എന്തു നടക്കുന്നുവെന്ന് ഉമ്മാമക്കറിയും.

രജിസ്ട്രര്‍ ഓഫീസില്‍ ആധാരത്തില്‍ ഒപ്പുവെക്കാന്‍ കൊണ്ടു പോയപ്പോള്‍ ഉമ്മാമയെ കൈവിരല്‍ പിടിച്ച് ഒപ്പിടുവിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്റെ കൈ തട്ടിമാറ്റി ഇംഗ്ലീഷില്‍ പേരെഴുതി ഒപ്പിട്ടയാളാണ് ഉമ്മാമ. അന്ന് രജിസ്ട്രര്‍ ഉമ്മാമക്ക് ഇരിക്കാന്‍ കസേര നല്‍കാന്‍ ആവശ്യപ്പെട്ട ചരിത്രം വരെ ഉമ്മാമയുടെ ജീവിതത്തിലുണ്ട്. ആ ഉമ്മാമയുടെ കോന്തലയില്‍ തൂങ്ങിയാടുന്ന താക്കോല്‍ കെട്ടഴിക്കുന്നത് പെരുന്നാളിനാണ്. ഒരു പാട് ചില്ലറ പണം അതിലുണ്ടാകും, ഞങ്ങള്‍ക്ക് ഒക്കെ പെരുന്നാളിന് വീതിച്ച് നല്‍കും. അതൊരു ആക്കമാണ്. ആ ചില്ലറയുമെടുത്ത് താഴത്ത് കടയില്‍ പോയി പുളിയച്ചാര്‍, ബീഡി മീട്ടായി എന്നിവ വാങ്ങി തീര്‍ക്കും.

കട്ടിപ്പത്തില്‍ ടയര്‍ പോലെ ഉള്ളതാണ് രാവിലെ ഭക്ഷണം. ആ പത്തില്‍ വേവുന്നതിന് മുമ്പ് തന്നെ ഉമ്മാമ അത് പശുവെണ്ണ പുരട്ടി ഉരുട്ടും, കാണാനും തിന്നാനും നല്ല രുചിയുണ്ടാകും. അതിന് ചേരുവകള്‍ ചേര്‍ത്തുളള രുചിയല്ല, ഉമ്മാമയുടെ സ്നേഹത്തിന്റെ മധുരമാണ്. പെരുന്നാള്‍ രാവിലെ പത്തിലിനെ കുറിച്ച് പിന്നീട് ആരും പറയുന്നത് കേട്ടിട്ടില്ല. ഒരു സാഹിത്യത്തിലും പരാമര്‍ശിക്കുന്നതും കണ്ടിട്ടില്ല.

കുട്ടിക്കാലത്ത് പെരുന്നാളിന് മാത്രം കാണുന്ന, കിട്ടുന്ന അപൂര്‍വ്വതകള്‍ ഏറെയുണ്ട്. അതിലൊന്ന് സ്വാതന്ത്ര്യം തന്നെയാണ്. വീടിന് പുറത്തേക്ക് പോകുന്നത് ചോദ്യം ചെയ്യപ്പെടാത്ത ദിവസം പെരുന്നാളിനായിരുന്നു. അയല്‍പക്കത്തേക്കും കുടുംബങ്ങളിലേക്കും പോകാന്‍ കഴിയും. രണ്ടാമത്തെത് വസ്ത്രമാണ്. ജീവിതത്തില്‍ പുത്തന്‍ കുപ്പായം കിട്ടുന്നത് പെരുന്നാളിനാണ്. നാട്ടിലുളള മിക്കവരുടേയും അവസ്ഥ ഒന്നു തന്നെയാണ്. എല്ലാവരും സാധാരണക്കാരില്‍ സാധാരണക്കാര്‍. എന്റെ ഉപ്പ മദ്‌റസയിലെ ഉസ്താദാണ്. നാല്‍പത്തി ഒന്ന് വര്‍ഷം പഠിപ്പിച്ചു. കഴിഞ്ഞ റജബ് 19 ന് മരിച്ചു.

പെരുന്നാള്‍ കുപ്പായം തയ്ച്ച് കിട്ടാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. കുപ്പായം ധരിക്കുന്നതിലേക്കാള്‍ ഏറെ ആവേശം അത് തുന്നിക്കിട്ടുമ്പോഴാണ്. പുത്തന്‍ മണം ആവോളം ആസ്വാദിക്കണം. രാത്രി രണ്ട് മണിക്ക് കുപ്പായം കയ്യില്‍ കിട്ടിയ അനുഭവം വരെയുണ്ടായിട്ടുണ്ട്. പിന്നെ പുലരാനുളള തിടുക്കമാണ്. രാത്രിക്ക് ദൈര്‍ഘ്യമേറുന്നത് പോലെയാണ്. ഉറക്കം വരാത്ത രാത്രിക്ക് കൂട്ട് തലയണയോടെ ചേര്‍ന്ന് വെച്ച പെരുന്നാള്‍ കുപ്പായത്തിന്റെ പൊതിയായിരിക്കും.

പെരുന്നാളിന് വിളമ്പുന്ന ഭക്ഷണമാണ് മറ്റൊരു പ്രത്യേകത. പട്ടിണിയായാലും പൊരിച്ചതും കരിച്ചതുമായി പെരുന്നാള്‍ ചോറ് എല്ലാവരും കൊശിയാക്കും. ഇതില്‍ മുന്തിയ പരിഗണന ഇറച്ചിക്ക് തന്നെയാണ്. പോത്തിറിച്ചിയാണത്. നല്ല ഓര്‍മയുള്ള കുട്ടിക്കാലത്തെ പെരുന്നാള്‍ കാഴ്ച ഇന്നും മറക്കാന്‍ കഴിയില്ല. തേക്കിന്റെ ഇല തന്നെയാണ് അന്നത്തെ 'ശുജായി'. തേക്കിന്റെ ഇലക്ക് അന്ന് നല്ല വിലയും ലഭിച്ചിരുന്നു. ആയതിനാല്‍ അത് വില്‍ക്കാനും കുട്ടികള്‍ മത്സരിച്ച് സമ്പാദ്യത്തിന് ശ്രമിച്ചിരുന്നു. പൊട്ടാസ്, പടക്കം, കമ്പിത്തിരി, ഏറുണ്ട, ചേരട്ട ഇവ പെരുന്നാളിന മനോഹരമാക്കാറുണ്ട്.

അയല്‍പക്കത്ത് നിന്ന് ചിരിത, അമ്മാളു, ചാനകി അവരുടെ മക്കള്‍ ഇവരെല്ലാം പെരുന്നാള്‍ സൗഹൃദമാണ്. അവരും വീട്ടിലെത്തി ആഘോഷത്തില്‍ പങ്കുചേരും. അവര്‍ക്കും പുത്തനുടുപ്പ് വാങ്ങിച്ചു കൊടുക്കും. ഇന്ന് ഇതെല്ലാം ഇല്ലാതായിരിക്കുന്നു. തിരക്ക് പിടിച്ച ജീവിതത്തില്‍ പലപ്പോഴും പലയിടങ്ങളിലായിരുന്നു പെരുന്നാള്‍. ഉമ്മാമ ഉളള കാലം വരെ തറവാട്ടില്‍ പെരുന്നാളിനെത്തുക എന്നത് നിര്‍ബന്ധമായിരുന്നു. സഹോദരന്റെ വീട്ടിലും പെരുന്നാള്‍ കൂടാറുണ്ട്. ആഘോഷങ്ങളെല്ലാം മനുഷ്യന് ഐക്യപ്പെടാനുള്ള സഹവര്‍ത്തിത്വം പുലര്‍ത്താനുമുളള ചടങ്ങളാണ്.




TAGS :