ബാല്യത്തിലേക്കു പിച്ചവെച്ചു പോകുന്നു ഓര്‍മകളിലെ പെരുന്നാള്‍
രണ്ടിലകളും ഒരു പൂവും നീളത്തില്‍ ഒരു തണ്ടും അടിയില്‍ തൃകോണാകൃതിയില്‍ ഒരു ചട്ടിയും ഉള്ള ഒരു ചെടിയാണ് ഉമ്മ സ്ഥിരം ഇടാറുള്ള മൈലാഞ്ചി ഡിസൈന്‍. അങ്ങനെ മാത്രമേ മൈലാഞ്ചി കൊണ്ട് വരയ്ക്കുവാന്‍ പറ്റൂ എന്നായിരുന്നു ഞാനും കരുതിയത്. പിന്നീട് എളാപ്പയുടെ കല്യാണം കഴിഞ്ഞ് എളാമ വന്നു കയറിയപ്പോഴാണ് പ്രചുരപ്രചാരം നേടിയ മൈലാഞ്ചി ട്യൂബുകളുടെ അനന്ത സാധ്യതകള്‍ വെച്ചു താജ്മഹല്‍ വരെ കൈകളില്‍ പണിയാം എന്ന അറിവ് കിട്ടിയത്. | പെരുന്നാളോര്‍മ
പെരുന്നാള് രാവ് ആണ് പെരുന്നാളിനെക്കാള്‍ ഒച്ചയും ബഹളവും സന്തോഷവും കൊണ്ട് നിറയുക. ആണ്‍കുട്ടികള്‍ തങ്ങളുടെ സൈക്കിളില്‍ ബലൂണ്‍ വീര്‍പ്പിച്ചു വെച്ചുകെട്ടി മോട്ടോര്‍സൈക്കിളിന്റെ പൊലിമയോടെ ഒച്ചവെച്ചു ഓടിച്ചു പോകും. കൂടെ ഇടയ്ക്കിടെ തക്ബീറൊലിയുടെ അകമ്പടിയും ഉണ്ട്.
പെണ്‍കുട്ടികള്‍ മൈലാഞ്ചി ഇടലും പെരുന്നാളിലേക്കുള്ള ഡ്രസ്സുകളും ആഭരണങ്ങളും വരുന്നവര്‍ക്കും പോകുന്നവര്‍ക്കും എടുത്ത് വെച്ചു കാണിച്ചു കൊടുക്കുന്ന തിരക്കിലായിരിക്കും. ഉമ്മയും വല്ലിമ്മയും അമ്മായിമാരും പെരുന്നാള്‍ പലഹാരങ്ങളും പെരുന്നാള്‍ ചോറും വെക്കുന്ന തിരക്കില്‍ ആയിരിക്കും.
അതിനിടയില്‍ അയല്‍ പക്കത്തുള്ളോര്‍ കയറിയും ഇറങ്ങിയും കഥകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും വീടുകള്‍ ഒക്കെ ഒരു ആഘോഷത്തിന്റെ നിറവിലേക്കു വന്നു കൊണ്ടിരിക്കും. പ്രഭാതം വരെ എല്ലാ വീടുകളിലും വെളിച്ചം അണയ്ക്കില്ല.
ഉമ്മ എപ്പോഴും പെരുന്നാള്‍ തലേന്ന് തലനിറയെ എണ്ണ പൊത്തി മേലൊക്കെ തേച്ചുപിടിച്ചു കുളിമുറിയില്‍ ഇരുത്തും. ഓരോരുത്തരെയും തേച്ചു കുളിപ്പിച്ച് ജീരക കഞ്ഞിയും കുടിപ്പിക്കും. പിന്നെ മൈലാഞ്ചി ഇടലാണ്. രണ്ടിലകളും ഒരു പൂവും നീളത്തില്‍ ഒരു തണ്ടും അടിയില്‍ തൃകോണാകൃതിയില്‍ ഒരു ചട്ടിയും ഉള്ള ഒരു ചെടിയാണ് ഉമ്മ സ്ഥിരം ഇടാറുള്ള ഡിസൈന്‍. അങ്ങനെ മാത്രമേ മൈലാഞ്ചി കൊണ്ട് വരയ്ക്കുവാന്‍ പറ്റൂ എന്നായിരുന്നു ഞാനും കരുതിയത്.
പിന്നീട് എളാപ്പയുടെ കല്യാണം കഴിഞ്ഞ് എളാമ വന്നു കയറിയപ്പോഴാണ് പ്രചുരപ്രചാരം നേടിയ മൈലാഞ്ചി ട്യൂബുകളുടെ അനന്ത സാധ്യതകള്‍ വെച്ചു താജ്മഹല്‍ വരെ കൈകളില്‍ പണിയാം എന്ന അറിവ് കിട്ടിയത്. മൈലാഞ്ചി ഉണങ്ങുന്നവരെ വല്ലിപ്പ മടിയില്‍ ഇരുത്തി പാട്ട് പാടി തരും. അറുപത് വോള്‍ട്ടിന്റെ മങ്ങിയ വെളിച്ചത്തില്‍ തിളങ്ങുന്ന വീട്ടിക്കസേരയില്‍ വലിപ്പാന്റെ മടിയില്‍ ഇരുന്ന് മുറ്റത്തെ പേരമരത്തിലേക്കു കണ്ണും നട്ടിരുന്നു കേട്ട പാട്ടിന്റെ രണ്ടു വരി ഒഴികെ ബാക്കിയൊന്നും ഓര്‍മയില്‍ ഇല്ല.
'നെയ്ച്ചോറ് വെച്ചതല്ല പെരുന്നാള്
ബിരിയാണി വെച്ചതല്ല പേരുന്നാള് '
പിന്നീടൊരിക്കലും ആ പാട്ട് വേറെ എവിടെ നിന്നും കേട്ടിട്ടില്ല. കൗമാരകാലത്തു തറവാട്ടില്‍ നിന്നും വീട് വെച്ചു മാറിയപ്പോള്‍ ചുറ്റുവട്ടത്തുള്ള പുഷ്പേച്ചിക്കും, ശാന്തിയേച്ചിക്കും, ബിന്ദു അക്കയ്ക്കും കൊങ്കിണിമാരുടെ അവിടെയും അതിരാവിലെ പലഹാരങ്ങള്‍ കൊണ്ട് കൊടുക്കാന്‍ പെരുന്നാള്‍ തലേന്ന് ഉറക്കമൊഴിഞ്ഞു ഉമ്മ ചട്ടിപത്തിരിയും സമൂസയും പഴം നിറച്ചതും വലിയ തട്ടുകളില്‍ നിരത്തി വെച്ചു വീതിക്കും ഞങ്ങള്‍ പെരുന്നാള്‍ കുളി കുളിച്ചു ഉടുപ്പൊക്കെ ഇട്ട് അവരെ ഒക്കെ വിളിച്ചെണീപ്പിച്ചു കൊടുക്കും. അവര് സന്തോഷത്തോടെ പുത്തനുടുപ്പും മൈലാഞ്ചിയുമൊക്കെ നോക്കി അഭിപ്രായം പറയും. കുട്ട്യേളോട് ഉച്ചക്ക് അങ്ങോട്ട് വരാന്‍ ഉമ്മ പറഞ്ഞതായി പറയും.
വിഷുവിന്റെ നെയ്യപ്പവും ഓണത്തിന്റെ സാമ്പാറും പൊങ്കാലിന്റെ ശര്‍ക്കര ചോറും എന്റെ മനസ്സില്‍ തെളിയും. മനോഹരമായ - മതിലുകളോ, അതിരുകളോ ഇല്ലാത്ത കാലം. ഇന്നതിന്റെ പകിട്ടും മോടിയുമൊക്കെ അസ്തമിക്കുന്ന പോലെ.
മതിലുകളും അതിരുകളും അരികുവത്കരണങ്ങളും മുഖമുദ്രയാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ഏതൊരാഘോഷവും ഏവരുടെയും സന്തോഷമായിത്തീര്‍ന്നിരുന്ന ഒരു കാലത്തിന്റെ ഓര്‍മകള്‍ക്കിപ്പോ സുഖമുള്ള നോവാണ്. നല്ല കാലം അസ്തമിക്കില്ലെന്ന പ്രതീക്ഷയോടെ. നന്മനിറഞ്ഞ സന്തോഷ സമൃദ്ധമായൊരു പെരുന്നാള്‍..