വെയിലേറ്റ് തളിര്‍ത്ത പെണ്‍ജീവിതം പറയുന്നു, തൊഴിലാണ് തണല്‍
കേരളത്തിലെ തുകല്‍ സംസ്‌കരണ മേഖയിലെ ആദ്യ സ്ത്രീ തൊഴിലാളിയാണ് ഗീത. അത് ലോകം അറിയാനും അംഗീകരിക്കാനും നിമിത്തമായത് ടി.എം കൃഷ്ണ എന്ന സംഗീത പ്രതിഭ. സംഗീതോപകരണങ്ങള്‍ നിര്‍മിക്കുന്നവരുടെ കഥ അറിയാനാണ് ടി.എം കൃഷ്ണ പെരുവെമ്പിലേക്ക് വരുന്നത്. അങ്ങിനെ തന്റെ പുസ്തകത്തില്‍ ചരിത്ര വനിതയായി ഗീതയെ അടയാളപ്പെടുത്തപ്പെട്ടു.
വാദ്യോപകരണ നിര്‍മാതാകളും പണിക്കാരും ആണ് പാലക്കാട് പെരുവെമ്പ് ഗ്രാമത്തില്‍ ഉള്ളത്. മദ്ദളത്തിലും തിമിലയിലും കൊട്ടിയും മേടിയും അവര്‍ പെരുവെമ്പിന്റെ ദിവസത്തിന് തുടക്കം കുറിക്കും. വളരെ സ്വാഭാവികമായി ഇങ്ങനെ തുടങ്ങാനിരുന്ന ഒരു പകലിലേക്കാണ് പെരുവെമ്പ് സ്വദേശി ഗീത അതിജീവനത്തന്റെ ഒരു തുകല്‍ വലിച്ചിട്ടത്. ജീവിതത്തിന്റെ താഴ്ച്ചകളില്‍ നിന്ന് കൊട്ടിക്കയറാന്‍ പുതിയ പിടിവള്ളി കണ്ടെത്തുന്നത്.
20 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ദയയില്ലാതെ വെയില്‍ എരിഞ്ഞു തുടങ്ങുന്ന ഒരു പകലില്‍. അന്നു മുതലാണ് അതുവരെ ഭര്‍ത്താവ് ശങ്കരനാരായണന്‍ ചെയ്തിരുന്ന തൊഴില്‍ ഏറ്റെടുത്ത് ചെയ്യാം എന്ന് ഗീത തീരുമാനിക്കുന്നത്. വാദ്യോപകരണ നിര്‍മാണത്തിനായുള്ള തുകല്‍ സംസ്‌കരണം. അത്ര എളുപ്പമല്ല ജോലി. സ്ത്രീകള്‍ ആരും ചെയ്തു കണ്ടിട്ടുമില്ല. വിശന്ന് കരയുന്ന രണ്ട് മക്കളുടെ മുഖം ഓര്‍ത്തപ്പോള്‍ ഗീതക്ക് പിന്നെ ഏറെ ഒന്നും ചിന്തിക്കേണ്ടിവന്നില്ല. ഗീതയ്ക്ക് അന്ന് പ്രായം 23 ആണ്. അങ്ങനെ കേരളത്തിലെ തുകല്‍ സംസ്‌കരണ മേഖയിലെ ആദ്യ സ്ത്രീ തൊഴിലാളിയായി ഗീത മാറി. അത് ലോകം അറിയാനും അംഗീകരിക്കാനും പിന്നെയും 20 വര്‍ഷങ്ങള്‍ വേണ്ടി വന്നു. അതിന് ടി.എം കൃഷ്ണ എന്ന സംഗീത പ്രതിഭ ഇങ്ങ് പെരുവെമ്പിലേക്ക് വരേണ്ടി വന്നു.
2020 ലാണ് പ്രശസ്ത കര്‍ണാടക സംഗീതഞ്ജന്‍ ടി.എം കൃഷ്ണ സംഗീതോപകരണങ്ങള്‍ നിര്‍മിക്കുന്നവരുടെ കഥ അറിയാന്‍ പെരുവെമ്പിലേക്ക് വരുന്നത്. അന്ന് ആകസ്മികമായാണ് കൃഷ്ണ തുകല്‍ നന്നാക്കുന്ന ഗീതയെ കാണുന്നത്. തന്റെ പുസ്തകത്തില്‍ ചരിത്ര വനിതയായി ഗീതയെ അടയാളപ്പെടുത്തുമെന്ന് കൃഷ്ണ അന്ന് തന്നെ തീര്‍ച്ചപ്പെടുത്തിയിരിക്കണം. വാദ്യോപകരണങ്ങള്‍ക്കായി തുകല്‍ ഒരുക്കുന്ന കേരളത്തിലെ ഏക വനിത അങ്ങനെ സെബാസ്റ്റിയന്‍ ആന്റ് സണ്‍സ്.. (Sebastian and Sons: A Brief History of Mrdangam Makers) എന്ന കൃഷ്ണയുടെ പുസ്തകത്തില്‍ രേഖപ്പെട്ടു. ഒരു വര്‍ഷത്തിന് ഇപ്പുറവും ആ വരവും കൂടിക്കാഴ്ച്ചയും ഗീതയ്ക്ക് ഇന്നലെ എന്നപോലെ ഓര്‍മയുണ്ട്.
സംഗീതലോകത്ത് നിന്ന് മാറ്റി നിര്‍ത്തപ്പെട്ട വാദ്യോപകരണങ്ങളുടെ നിര്‍മാതാക്കള്‍ അടക്കം തന്റെ പുസ്തകത്തിലെ കഥാപാത്രങ്ങളെ എല്ലാം പുസ്തക പ്രകാശനത്തിന് കൃഷ്ണ ചെന്നൈയിലേക്ക് ക്ഷണിച്ചു. വിശിഷ്ടാതിഥിയായി ഗീതയും പങ്കെടുത്തു. പറഞ്ഞല്ലോ, ഭര്‍ത്താവിന് തൊഴില്‍ ചെയ്യാന്‍ ആവുന്നില്ല എന്നഘട്ടത്തിലാണ് ഗീത അദ്ദേഹത്തിന്റെ തൊഴില്‍ സ്വയം ഏറ്റെടുക്കുന്നത്. തന്റെ അച്ഛനും അദ്ദേഹത്തിന്റെ അച്ഛനും ചെയ്തിരുന്ന തൊഴില്‍.
തുടക്കം അത്രയൊന്നും എളുപ്പമായിരുന്നില്ല. വളരെ ചെറുപ്പത്തില്‍ ഒരിക്കല്‍ അച്ഛനെ സഹായിച്ചുള്ള പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവിന് പകരം ഇനി താനാണ് പണി ചെയ്യുന്നത് എന്ന് പറഞ്ഞപ്പോള്‍ തുകല്‍ കൊണ്ട് വന്ന് തരുന്ന കാജഹുസൈന്‍ എന്നയാളുടെ മുഖത്ത് സംശയത്തിന്റെയും അതൃപ്തിയുടെയും നിഴല്‍ പടര്‍ന്നത് ഗീതക്ക് ഓര്‍മയുണ്ട്. പിന്നെ പണികഴിഞ്ഞ് റെഡിയായ തോല്‍ എടുക്കാന്‍ വന്നപ്പോള്‍ നിറഞ്ഞ് ചിരിച്ചതും.
അതിരാവിലെ തുടങ്ങണം പണി. പുലരുമ്പോഴേക്കും ചൂട് ആറിയിട്ടില്ലാത്ത ചോര നനവുള്ള തോലുകളുമായി കാജയുടെ വണ്ടി എത്തും. പാലക്കാട് നിന്നും ഉള്ള അറവ് ശാലകളില്‍ നിന്നാണ് മൃഗത്തോല്‍ കൊണ്ട് വരിക. വെയില്‍ ഉദിച്ച് തുടങ്ങുമ്പോഴേക്കും മുറ്റത്ത് കുറ്റികള്‍ തറച്ച് തോല്‍ വലിച്ച് തറയ്ക്കും. ശേഷം ചോരയും മാംസവും അതില്‍ നിന്ന് വടിച്ച് എടുക്കും. അതിന് മുമ്പേ വീടിലെ പണികള്‍ മുഴുവന്‍ കഴിഞ്ഞിരിക്കണം.
ഒരു പോറലോ വരയോ വരാതെ തോലില്‍ നിന്ന് ജീവന്റെ ഓര്‍മകള്‍ വടിച്ചിറക്കണം. രാവിലെ തുടങ്ങിയാല്‍ ഉച്ച കഴിഞ്ഞേ പണിതീരു. അതുവരെ വെയിലുമുഴുവന്‍ കൊണ്ട് തുകലുമായുള്ള മല്‍പ്പിടിത്തമാണ്. കുന്തിച്ചിരുന്ന് ഇരുന്ന് കാലുകള്‍ക്ക് പരിഭവം അനുസരണക്കേടും കാട്ടിത്തുടങ്ങിയിട്ടുണ്ട്. നിവരാനും മടങ്ങാനും വലിയപാടാണ്. തോലില്‍ നിന്നുണ്ടാവുന്ന മാലിന്യം സംസ്‌കരിക്കുക മറ്റൊരുപണിയാണ്. പൂച്ചയും നായയും തൊടാതെ എടുത്ത് വെച്ച് കൃത്യമായി സംസ്‌കരിക്കണം. അല്ലെങ്കില്‍ അയല്‍പക്കത്തിന് പോലും ശല്യമാണ്. ആദ്യകാലത്തൊക്കെ ആരും അറിയാതെയും കാണാതെയും പണിചെയ്യാന്‍ നോക്കുമായിരുന്നു ഗീത. പിന്നെ പിന്നെ പണിതെളിഞ്ഞു, ഗീത ചെയ്ത തുകലിനായി തമിഴ്‌നാട്ടില്‍ നിന്നും മറ്റ് പലയിടങ്ങളില്‍ നിന്നും അന്വേഷണങ്ങള്‍ വന്നു.
തുകലുകള്‍ കണ്ടാല്‍ തന്നെ അതിന്റെ സ്വഭാവം അറിയാം എന്നായി, എത്ര വെയില്‍ വേണമെന്നും വൃത്തിയാക്കുമ്പോള്‍ എത്ര പണിവേണ്ടിവരുമെന്നുമെല്ലാം. ഉടുക്കിനും തുടിയ്ക്കും എല്ലാം പശുകുട്ടിയുടെ തോല്‍ എടുക്കും. ചെണ്ടയ്ക്കും മൃദംഗത്തിനും പശുവിന്റെയും പോത്തിന്റെയും തോല്‍ ഉപയോഗിക്കുന്നു. മഴയും മഞ്ഞും കൊള്ളാതെ ഉണക്കിയ തോലുകള്‍ മടക്കുവീഴാതെ എടുത്ത് സൂക്ഷിക്കും. കാജ വഴിതന്നെയാണ് ആവശ്യക്കാരും വരുന്നത്. ഒതു തോലിന് നിശ്ചിത തുക വെച്ച് അയാളാണ് കൊടുക്കുക. അതുകൊണ്ട് ജീവിതം ഇപ്പോള്‍ സുന്ദരമായി മുന്നോട്ട് പോകുന്നു. മൂത്തമകന്‍ ഗോകുലിനെയും ഇളയവള്‍ ഗോപികയെയും പഠിപ്പിക്കുന്നു. ഭര്‍ത്താവിന്റെ ചികിത്സാചിലവ് നടക്കുന്നു. തുടക്കകാലത്ത് തോല്‍പിടിക്കുമ്പോള്‍ കയ്യില്‍ നിന്നും ഉള്ളിലേക്ക് അരിച്ച് കയറിയ ഭയത്തിന്റെ സ്ഥാനത്ത് ഇന്ന് വല്ലാത്ത ധൈര്യമാണ്. ജീവിതത്തോട് വല്ലാത്ത സ്‌നേഹമാണ്. വന്നുപോയ കഷ്ടപ്പാടുകളോടൊക്കെയും നന്ദിയാണ്; ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പഠിപ്പിച്ചതിന്.