Quantcast
MediaOne Logo

ഡോ. ഹസീനാ ബീഗം

Published: 19 Aug 2024 6:20 AM GMT

തളരാത്ത ആത്മവിശ്വാസം | Motive Lines

പറക്കാന്‍ ചിറകുകള്‍ വേണമെന്നില്ല സ്വന്തം മനസ്സില്‍ ഒരു ആകാശം പടുത്തുയര്‍ത്തിയാല്‍ മതി. ആശയക്കുഴപ്പത്തിലായ ഓട്ടത്തേക്കാള്‍, ആത്മവിശ്വാസത്തോടെയുള്ള നടത്തമാണ് വിജയകരം | Motive Lines

തളരാത്ത ആത്മവിശ്വാസം | Motive Lines
X

ഒരു കുട കൊണ്ട് ഒരിക്കലും നമുക്ക് മഴയെ തടഞ്ഞു നിര്‍ത്താനാവില്ലല്ലോ. എന്നാല്‍, മഴ നനയാതെ നില്‍ക്കാനാവും. അതുപോലെയാണ് ആത്മവിശ്വാസവും. അമിത ആത്മവിശ്വാസത്തിലൂടെ ജീവിത വിജയം നേടുക സാധ്യമല്ല; ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെയും, പരീക്ഷണങ്ങളെയും നേരിടാനുള്ള ശക്തി ആര്‍ജിക്കാം എന്നതല്ലാതെ. കഠിനാധ്വാനം ഉണ്ടെങ്കിലേ ജീവിതവിജയം കൈവരിക്കാനാവൂ.

തോല്‍വിയിലൂടെ തന്നെ തുടങ്ങണം. പരിഹാസങ്ങളില്‍ നിന്നും പഠിക്കണം. സ്വപ്നങ്ങള്‍ക്ക് പിറകേ സഞ്ചരിക്കണം. വിയര്‍പ്പൊഴുക്കി തന്നെ അധ്വാനിക്കണം. പുഞ്ചിരിയേകി തളര്‍ത്തിയവരെ ജയിക്കണം. കഠിനാധ്വാനത്തേക്കാള്‍ വലിയ ചക്രമോ, ആത്മവിശ്വാസത്തേക്കാള്‍ മൂല്യവത്തായ ഇന്ധനമോ ഇല്ല. ജീവിത ലക്ഷ്യത്തിലെത്താനുള്ള വാഹനവും ഇത് തന്നെ.

നമുക്കറിയാം, മരക്കൊമ്പിലിരിക്കുന്ന പക്ഷി, ഒരിക്കലും താനിരിക്കുന്ന കൊമ്പ് പൊട്ടിവീഴുമെന്ന് ഭയപ്പെടാറില്ല. കാരണം, പക്ഷി ഒരിക്കലും മരകൊമ്പിനെയല്ല, തന്റെ ചിറകിനെയാണ് വിശ്വസിക്കുന്നത്. അതാണ് ആത്മവിശ്വാസം.

ജീവിതത്തെ ചലിക്കുന്ന രണ്ട് കാലുകളായി സങ്കല്‍പിച്ചാല്‍, മുന്നോട്ടുവച്ച കാലിന് അഹങ്കാരമോ, പുറകിലെ കാലിന് ലജ്ജയോ ഇല്ല. കാരണം, അവരുടെ സ്ഥിതി പെട്ടെന്ന് തന്നെ മുന്നിലും പുറകിലുമായി മാറുമെന്ന് അവര്‍ക്കറിയാം. കുത്താന്‍വരുമ്പോഴും പാത്തും പതുങ്ങിയും വരാതെ, മൂളിപ്പാട്ടും പാടി വരുന്ന കൊതുകിനോളം ആത്മവിശ്വാസം ഈ ഭൂമിയില്‍ ആര്‍ക്കാണുള്ളത്?

ഒരു തവളയുടെ കഥ പറയട്ടെ,

ഒരിക്കല്‍ ഒരു തവള മരത്തില്‍ കയറാന്‍ ശ്രമം ആരംഭിച്ചു. മറ്റു തവളകളെല്ലാം അവനെ വിലക്കി. 'വേണ്ട മരത്തില്‍ കയറണ്ട. ഇതുവരെ ഒരു തവളയും മരത്തില്‍ കയറിയിട്ടില്ല' അവര്‍ ഉച്ചത്തില്‍ പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍, ആ തവള അവസാനം മരത്തിന്റെ മുകളില്‍ എത്തുന്നു. എങ്ങിനെയെന്നല്ലേ? ഈ തവളക്ക് ചെവി കേള്‍ക്കില്ലായിരുന്നു. തവള കരുതിയത് മറ്റു തവളകള്‍ തന്നെ പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു. അങ്ങനെ തവള ലക്ഷ്യ സ്ഥാനത്തെത്തി. ഇതായിരിക്കണം നമ്മുടെയും അവസ്ഥ. നമുക്ക് ജീവിത ലക്ഷ്യം നേടണം എന്നുണ്ടെങ്കില്‍ നിരുത്സാഹപ്പെടുത്തുന്നവരുടെ മുമ്പില്‍ ബധിരരാവുകയാണ് നല്ലത്.

പറക്കാന്‍ ചിറകുകള്‍ വേണമെന്നില്ല സ്വന്തം മനസ്സില്‍ ഒരു ആകാശം പടുത്തുയര്‍ത്തിയാല്‍ മതി. ആശയക്കുഴപ്പത്തിലായ ഓട്ടത്തേക്കാള്‍, ആത്മവിശ്വാസത്തോടെയുള്ള നടത്തം വിജയകരമാണ്. ആരെയും പിന്തുടരാതെ എല്ലാവരില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കാം. സങ്കടങ്ങള്‍ മനസ്സില്‍ നിറയുമ്പോള്‍, മറ്റുള്ളവര്‍ അവഗണിക്കുമ്പോള്‍ കണ്ണുകള്‍ തുളുമ്പാതെ പുഞ്ചിരിക്കുന്ന മുഖത്തോടെ അഭിമുഖീകരിക്കുന്നതാണ് വിജയലക്ഷ്യം. ഇരുള്‍ വീഴ്ത്തുന്ന പ്രശ്‌നങ്ങള്‍ക്കിടയിലും മനസ്സില്‍ ശുഭാപ്തി വിശ്വാസം വിതറുന്നത് വെളിച്ചമാണ്. നേര്‍വഴിയിലേക്ക് നയിക്കുന്ന ചൂണ്ടുപലകയാണത്.

മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കാതിരിക്കുക. മറ്റുള്ളവരുടെ വാക്കിലും, അവഗണനയിലും തളര്‍ന്നു പോകാനുള്ളതാവരുത് നമ്മുടെ ആത്മവിശ്വാസം. വിജയി എപ്പോഴും പരിഹാരത്തിന്റെ മാര്‍ഗവും, പരാജിതന്‍ എപ്പോഴും പരിഹാസ മാര്‍ഗവും മാത്രമേ തേടുകയുള്ളൂ എന്ന് തിരിച്ചറിയുക. ലോകം ഇന്ന് മൊബൈലിന്റെ കീഴിലും, കാലം പരുതിക്ക് പുറത്തും ആണല്ലോ. ജന്മം സ്വിച്ച് ഓഫ് ആവും മുമ്പ് ജീവിതം നന്മയാല്‍ റീചാര്‍ജ് ചെയ്യാനാവട്ടെ.

TAGS :