ഇന്ദ്രന്‍സിന്റെ തുല്യത പഠനവും നിലച്ചുപോയ വല്യുമ്മൂമ്മയുടെ തുടര്‍ പഠനവും
നാലാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ വല്യുമ്മൂമ്മ പഠിക്കാന്‍ തന്നെ തീരുമാനിച്ചു. ആരും അറിയാതെ യു.പി സ്‌കൂളിലേക്ക് പോവുകതന്നെ. പാടവരമ്പ് കഴിഞ്ഞാല്‍ ആരുടേയും കണ്ണില്‍പ്പെടാതെ ഇടത്തോട്ട് തിരിയുന്നതിനു പകരം വലത്തെ വളവിലേക്ക് തിരിയും.
നടന്‍ ഇന്ദ്രന്‍സ് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതുന്നുവെന്ന വാര്‍ത്ത കേട്ട് ഏറെ സന്തോഷം തോന്നി. ചില സ്വപ്നങ്ങള്‍ അല്ലെങ്കിലും അങ്ങനെയാണ്, കാലമെത്ര കഴിഞ്ഞാലും അത് അണയാതെ കിടപ്പുണ്ടാകും. ആ വാര്‍ത്ത വായിച്ചവസാനിപ്പിച്ചപ്പോള്‍ എനിക്കോര്‍മ വന്നത് എന്റെ ഉമ്മൂമ്മയുടെ സഹോദരിയെയാണ്. പത്ത്-നാല്‍പതിനേക്കാള്‍ ഏറെ കൊല്ലം പഴക്കമുണ്ട്. നവോത്ഥാനം തൊട്ടുതീണ്ടിയില്ലാത്ത യഥാസ്ഥികതയുടെ പത്തായപ്പുരയായ എന്റെ ഉമ്മൂമ്മയുടെ തറവാട് (അന്നത്തെ സ്ഥിതിയാണ്). എന്റെ വെല്ലിമ്മാന്റെ മൂത്ത സഹോദരിയുടെ കുട്ടിക്കാലം.
നാട്ടില്‍ അല്ലറ ചില്ലറ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുന്ന ഒരാളായിരുന്നു ഉമ്മൂമ്മയുടെ ഉപ്പ. അന്നൊക്കെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുക വിരളമാണ്. അതെന്തോ പാപമാണ് എന്ന സ്ഥിതിയാണ്. ഇനി വേണമെങ്കില്‍ നാലാം ക്ലാസ്സ് വരെ. ഉപാധികള്‍ ഏറെയാണ്. വീടിനോട് ഏറ്റവും അടുത്ത് കിടക്കുന്ന പള്ളിക്കൂടം.
വല്യുമ്മൂമ്മ (ഉമ്മൂമ്മയുടെ സഹോദരി) പഠിക്കാന്‍ മിടുക്കിയായിരുന്നു. നാലാംക്ലാസ്സ് കഴിയാറാവുന്ന സമയത്താണ് ഉള്ള് പിടഞ്ഞത്. അക്ഷരങ്ങള്‍ എഴുത്തുപലകയില്‍ വടിവോടെ തെളിഞ്ഞു തുടങ്ങുമ്പോഴാണ് വിദ്യാഭ്യാസജീവിതം അവസാനിക്കാന്‍ പോകുന്നുവെന്ന തിരിച്ചറിവ് തികട്ടിയത്. തുടര്‍പഠനം ശ്രമകരമാണ്, ദുര്‍ഘടമാണ്. പ്രത്യേകിച്ച്, ഉപ്പ നാട്ടിലുള്ള മുഴുവന്‍ പെണ്‍കുട്ടികളെയും നാലുവരെ പഠിപ്പിച്ചാല്‍ മതിയെന്ന് ആഹ്വാനം ചെയ്തു നടക്കുകയാണ്. അങ്ങനെയിരിക്കെ സ്വന്തം മകള്‍ക്ക് തുടര്‍ പഠനം സാധ്യമാകുമോ?. അതും നിയന്ത്രണരേഖകള്‍ക്ക് അപ്പുറമുള്ളൊരു സ്‌കൂളില്‍.
പാടവരമ്പ് മുറിച്ചു കടന്ന് ഇടത്തോട്ട് തിരിഞ്ഞുള്ള വഴിയില്‍ എല്‍.പി സ്‌കൂള്‍. വലത്തോട്ടുള്ള വഴിയിലൂടെ കൂറേ ദൂരം സഞ്ചരിച്ചാലാണ് യു.പി സ്‌കൂള്‍. നാലാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ വല്യുമ്മൂമ്മ പഠിക്കാന്‍ തന്നെ തീരുമാനിച്ചു. ആരും അറിയാതെ യു.പി സ്‌കൂളിലേക്ക് പോവുകതന്നെ. പാടവരമ്പ് കഴിഞ്ഞാല്‍ ആരുടേയും കണ്ണില്‍പ്പെടാതെ ഇടത്തോട്ട് തിരിയുന്നതിനു പകരം വലത്തെ വളവിലേക്ക് തിരിയും.
സ്വന്തം മക്കളുടെ കാര്യത്തില്‍ അന്നത്തെ കാലത്ത് ഇത്രമേല്‍ ശ്രദ്ധ ഇല്ലാത്തത് കൊണ്ടാവണം വല്യപ്പൂപ്പ മകള്‍ ബഹുദൂരം താണ്ടിയതും വിലക്കുകള്‍ ഭേദിച്ചു പുസ്തകസഞ്ചി പേറിയതും അറിഞ്ഞില്ല. വല്യുമ്മൂമ്മ രണ്ടു പാടവരമ്പുകള്‍ തമ്മിലുള്ള കണ്ണുകെട്ടുകളി അതിവിദഗ്ധമായി നടത്തി. അങ്ങനെയിരിക്കെ കവലയില്‍ നിന്ന് ഒരു ചെറിയ വാഗ്വാദം വല്യപ്പൂപ്പയും മറ്റൊരു കാര്യക്കാരനും തമ്മില്‍. 'അല്ല ഇയ്യ് നാട് മീമനും പറഞ്ഞോണ്ട് നടക്കുന്നല്ലോ പെണ്‍കുട്ട്യോളെ പഠിപ്പിക്കണ്ട, കെട്ടിച്ചുവിടാന്‍. അന്റെ മൂത്ത മോള്‍ ഇപ്പൊ വരമ്പുച്ചാടി മണ്ടണത് ഞാന്‍ കണ്ടല്ലോ?'
'ഹ ഹ! ന്റെ മോളോ തോന്ന്യാസം പറയണ്ട!
'ന്റെ മോള് ഞാനറിയാണ്ട് ഒരടിവെക്കൂല'
പെരേല് നടക്കണത് അറിയാതെ നാട്ടാരെ കാര്യം നോക്കാന്‍ അനക്ക് നാണണ്ടാ!
'നാളെ നേരം വെളുത്താല്‍ ഇജ്ജ് വാ ഞാന്‍ കാണിക്കാം, വരമ്പ് ചാട്ണ അന്റെ മോളെ'
അന്ന് രാത്രി വെല്ലിപ്പ ഉറങ്ങിയിട്ടുണ്ടാവില്ല. അഭിമാനക്ഷതം! അപമാനഭാരം!
പിറ്റേന്ന് നേരം വെളുത്തപ്പോ പാടവരമ്പില്‍ പുസ്തകസഞ്ചി നെഞ്ചോട് ചേര്‍ത്ത് ഒരു നൂല്‍പ്പാലത്തിലൂടെ മോള് വരുന്നു. ഇടത്തേക്കാണോ വലത്തേക്കാണോ തിരിയുക? ശ്വാസം നേര്‍പ്പിച്ച് പാടവരമ്പില്‍ അയാള്‍ മറഞ്ഞിരുന്നു.
'പൂക്കുന്നിതാ മുല്ല പൂക്കുന്നില്ലഞ്ഞി പൂക്കുന്നു തേന്‍മാവ് പൂക്കുന്നശോകം' മൂളിപ്പാട് ചെവിയോടടുത്തു. ആകാശത്തില്‍ നിന്ന് ഭൂമിയിലെക്കെന്നോണം വരമ്പുകള്‍ മുറിച്ചവള്‍ ഒരു ചാട്ടം!
ചിതറിയ പുസ്തകസഞ്ചി,
എടീ...
ആക്രോശത്തിനറ്റത്ത് കൈതണ്ടയില്‍ മുറുക്കിപ്പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയത് പിന്നെയൊരു കല്യാണപന്തലിലേക്കാണ്; കാല്‍മുട്ടിലെ മുറിവുണങ്ങും മുന്‍പേ. പോകെ പോകെ ഭാര്യാപദവിയില്‍ നിന്നും ഇരട്ടകുട്ടികളുടെ അമ്മയിലേക്കുള്ള സ്ഥാനക്കയറ്റം. അപ്പോഴെക്കെയും ഉള്ളിലേക്ക് കടന്നുവന്നിരുന്നത് പാടവരമ്പിലെ പുസ്തകസഞ്ചിയായിരുന്നു. മഴ നനഞ്ഞോ ചിതലരിച്ചോ ജീര്‍ണിച്ചുകാണും, കാലമെത്രയായി!
പിന്നെയാണ് തീ വന്ന് കെട്ട്യോനെ കൊണ്ടോയത്. സകലതും കരിഞ്ഞു. വിധവ!. ഇരട്ടകുട്ടികള്‍ തിരിച്ചു തറവാട്ടിലേക്ക്. തിരിച്ചെത്തുമ്പോള്‍ കാലമൊരുപാട് മാറിയിരുന്നു. നാലാം ക്ലാസ്സില്‍ നിന്ന് ഏഴാം ക്ലാസ്സുവരെ, അല്ലെങ്കില്‍ പത്താം ക്ലാസ്സുവരെ അനിയത്തിമാര്‍ പഠിക്കുന്നു. ഉച്ചത്തില്‍ പാഠപുസ്തകം വായിക്കുന്നു.
പാടവരമ്പില്‍ ഉപേക്ഷിച്ച പുസ്തകം തിന്ന ചിതലുകളിപ്പോള്‍ കണക്ക് കൂട്ടുന്നുണ്ടാകും. കണക്കു തെറ്റിയ ജീവിതത്തിലിരുന്നു തിരിഞ്ഞും മറിഞ്ഞും അവള്‍ ഊളിയിട്ടുകിടന്നു. മലയാളത്തിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉത്തരമറിയാതെ കുമിഞ്ഞുകൂടി കൂമ്പാരംകെട്ടി. ആരോടും മിണ്ടാതെ മിണ്ടാതെ ഇടയ്ക്ക് മാത്രം അവള്‍ മൂളും. 'പൂക്കുന്നിതാമുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്‍മാവ് പൂക്കുന്നശോകം, 'ശോകം'!
അകലെ നിന്ന് മറ്റൊന്നും മിണ്ടാതെ വെല്ലിപ്പ മകളെ നോക്കി. കുറ്റബോധത്തിന്റെ അമ്പുകള്‍ തറച്ചു തുടങ്ങിയത് അപ്പോള്‍ മുതലായിരുന്നു. രാത്രിയില്‍ പിന്നീട് വെല്ലിപ്പയും ഉറങ്ങിയില്ല. കിഴക്കേമുറിയില്‍ നിന്നും ഇരുട്ട് ഭേദിച്ചുക്കൊണ്ട് വന്ന മൂളിപ്പാട്ടിനു ചെവിയോര്‍ത്തു.
'പൂക്കുന്നിതാ മുല്ല.........
ശോകം എങ്ങും പൂത്തു.
(ഓരോ കുടുംബത്തിലും നവോത്ഥാനം സൃഷ്ടിക്കുന്ന ചിലരുണ്ട്. വല്യുമ്മാന്റെ അനിയത്തിമാരില്‍ രണ്ടുപേരും ബിരുദവും ബിരുദാനന്തര ബിരുദവും കോഴിക്കോട് ഫറോക്ക് കോളജില്‍ നിന്ന് പൂര്‍ത്തിയാക്കി. ഇന്നവരില്‍ ഒരാള്‍ കെമിസ്ട്രി ലെക്ചറര്‍ ആയും മറ്റെയാള്‍ സ്‌കൂള്‍ അധ്യാപികയായും വിരമിച്ചു വിശ്രമത്തിലാണ്)
(മലപ്പുറം, ആലങ്കോട് ജനത എ.എല്‍.പി സ്‌കൂള്‍ അധ്യാപികയാണ് ലേഖിക)
ആരിഫ അവുതല്‍