221b ബേക്കർ സ്ട്രീറ്റ്
സാങ്കല്പിക കഥാപാത്രത്തിന്റെ രഹസ്യജീവിതത്തിലേക്ക് എത്തിനോക്കാൻ ഇവിടെ ഇന്നും നീണ്ട ക്യൂ ആണ്. | ഷെർലക്ക് ഹോംസിന്റെ വീട്ടിലേക്ക് ഒരു യാത്ര
221b ബേക്കർ സ്ട്രീറ്റ് - ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ അഡ്ഡ്രസുകളിൽ ഒന്ന്!
സർ ആര്ഥർ കൊനാൻ ഡോയലിന്റെ കഥാകാരനെക്കാൾ പ്രസിദ്ധനായ കഥാപാത്രം ഷേർലക് ഹോംസിന്റെ വീട്! വീട്ടിൽ ഉപ്പാടെ കസ്റ്റഡിയിൽ ഉള്ള ഷെൽഫിൽ ഇരിക്കുന്ന തടിച്ച പുസ്തകത്തിലൂടെ ചെറുപ്പം മുതൽ കണ്ട് പിന്നീട് 'ദി ഹൗണ്ട് ഓഫ് ബാസ്കർവില്ലീസ്' ൽ തുടങ്ങി ചെറിയ ക്‌ളാസുകൾ മുതൽ വായിച്ചറിഞ്ഞ കഥാപാത്രത്തിന്റെ ഇടം. ഷെർലക് ഹോംസും ഡോ.വാട്സനും തീ കാഞ്ഞിരുന്ന് കുറ്റാന്വേഷണ ചർച്ചകൾ നടത്തിയതും ജനലിലൂടെ നോക്കി തെരുവിലെ ആളുകളെ പറ്റി 'പരദൂഷണം' പറഞ്ഞതുമൊക്കെ ഡോയൽ ആവിഷ്കരിച്ച കെട്ടിടം. ഇപ്പോൾ ഇതൊരു മ്യൂസിയം ആണ്. ഷേർലക് ഹോംസിന്റേതായി കഥയിലുള്ള മോഡൽ തൊപ്പികൾ, പൈപ്പുകൾ, ഹോംസും വാട്സണും ഇരുന്ന ഇടങ്ങൾ തുടങ്ങിയവ ഒക്കെയാണ് അതിലെ ഐറ്റംസ്. പ്രവേശനം 16£.
സാങ്കല്പിക കഥാപാത്രത്തിന്റെ രഹസ്യജീവിതത്തിലേക്ക് എത്തിനോക്കാൻ ഇവിടെ ഇന്നും നീണ്ട ക്യൂ ആണ്. ജീവിക്കാത്ത 'മഹാന്മാരിൽ' പ്രമുഖനായിരിക്കണം ഹോംസ്. ഡോയലിന്റെ ഒരു രചനയിൽ കുറ്റാന്വേഷണത്തിനിടെ ഹോംസ് കൊല്ലപ്പെടുന്നതായി എഴുതുകയും ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയും അതിനെ തുടർന്ന് അടുത്ത കൃതിയിലൂടെ ഹോംസിനെ പുണരുജ്ജീവിപ്പിക്കേണ്ടി വരികയും ചെയ്തു എന്നറിയുമ്പോൾ ഈ കഥാപാത്രത്തിനുള്ള ജനപിന്തുണയും ആരാധന സമ്പത്തും മനസിലാക്കാം. മാത്രമല്ല, റോയൽ സോസൈറ്റി ഓഫ് കെമിസ്ട്രി അദ്ദേഹത്തിന് ഔദ്യോഗികപദവി നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്! 221ബി എന്ന ഈ അഡ്രസ് തേടി ലോകത്തിന്റെ പല ഭാഗത്ത് നിന്നും ആയിരക്കണക്കിന് കുറ്റന്വേഷണ കത്തുകൾ വന്നിരുന്നതായും അതിന് മറുപടി അയക്കാൻ മാത്രം ഷേർലക് ഹോംസിന്റെ 'പ്രൈവറ്റ് സെക്രട്ടറി' എന്നൊരു പോസ്റ്റിലേക്ക് ആളെ നിയോഗിച്ചിരുന്നതയും ഒക്കെ പറയപ്പെടുന്നു. ഡോയലിന് ശേഷവും ഒരുപാട് എഴുത്തുകാർ ഹോംസിനെ കഥാപാത്രമാക്കി എഴുത്തുകൾ നടത്തുകയും പിന്നീട് സിനിമകളും നാടകവും സീരീസും കാർട്ടൂണുകളുമൊക്കെ പുറത്തിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ടിക്കറ്റെടുത്ത് കേറുന്ന പരിപാടി പൊതുവെ കുറവായതിനാൽ 16പൗണ്ടിന്റെ പ്രവേശനം എടുക്കണോ വേണ്ടയോ എന്ന് കുറച്ചു നേരം ആലോചിച്ചു നിന്നു. മുകളിലെ ജനലിലൂടെ ഹോംസും ഡോ. വാട്സണും 'എത്രമേൽ ദരിദ്രവാസിയാണ് പുറത്ത് കമറയുമായി നിക്കുന്ന പയ്യൻ...' എന്ന് ചർച്ച ചെയ്യുന്നതായി അനുഭവപ്പെട്ടു. ഒടുവിൽ പുറത്തു നിന്ന് കുറച്ച് ഫോട്ടോയും എടുത്ത് ഞാൻ അറിയുന്ന ഏറ്റവും വലിയ ഷേർലക് ഹോംസ് ഫാൻ ആയ ഉപ്പാനെ ഒരു വീഡിയോ കോളും വിളിച്ച് കാണിച്ച് അടുത്തയിടത്തേക്ക് പോകാനായി ബേക്കർ സ്ട്രീറ്റ് ട്യൂബ് സ്റ്റേഷനിലേക്ക് നടന്നു.