നെറ്റി ചതിച്ച ചതിയാണമ്മേ.. (ദുരനുഭവക്കുറിപ്പ്)
'തുംസേ കുഛ് കഹ്.നാഹേ..' മൃദുല പറഞ്ഞു. കോഫി ടേബിളില്‍ വെക്കുമ്പോള്‍, കപ്പുകളില്‍ പ്രണയം നുരയിടുന്നതിനും കപ്പുകള്‍ പോലെ ഉടയുന്നതിനും പലവട്ടം, ദിനംപ്രതി സാക്ഷിയാവുന്ന വെയ്റ്റര്‍, ഇത് കേട്ടൊന്ന് പുഞ്ചിരിച്ചു.
ടീനേജ് മുതല്‍ ട്വന്റീസിന്റെ തുടക്കം വരെ, നാലോ അഞ്ചോ ഇന്‍ഫാച്വേഷന്‍സ് അടക്കം, ആറോളം പ്രണയങ്ങള്‍ മനസ്സില്‍ പതഞ്ഞ് പൊങ്ങിയിട്ടുണ്ട്. നെറ്റിയുടെ വീതി ഒരു നാല് സെ.മീ കുറഞ്ഞിരുന്നെങ്കിലോ, തൂക്കം ഒരു നാല് കി.ഗ്രാം. കൂടിയിരുന്നെങ്കിലോ, ഇതിലേതെങ്കിലും ഒരാളോട് പുസ്തകം കടം വാങ്ങി, ഹൃദയചിഹ്നത്തിന്മേലൊരമ്പ് വരച്ച്, ആരും കാണാതെ തിരിച്ച് കൊടുത്തേനേ. അത്രമേലായിരുന്നു, 'ലുക്‌സ്'ന്റെ കാര്യത്തില്‍ എന്റെ അപകര്‍ഷതാബോധം.
കുഞ്ഞുനാളിള്‍ മുടിമുറിശാലയിലായിരിക്കണം തുടക്കം.
'മുമ്പ്ന്ന് ലേശേ മുറിക്കണ്ടൂ രാഘവാ.. ഓനി നല്ല മേട്യാന്ന്'ന്ന അച്ഛന്റെ നിര്‍ദേശമാവാം, 'കോംപ്ലാന്‍ ബോയ്' ആവേണ്ടിരുന്ന എന്നെ, 'അയാമേ കോംപ്ലക്‌സ് ബോയ്'യാക്കുന്നത്. ഒരു തുടം നിറയെ എണ്ണ തേപ്പിച്ച്, കുളിപ്പിച്ച് തോര്‍ത്തി, ഡബിള്‍ വീതിയുള്ള നെറ്റിയിന്‍മേല്‍ അമ്മയുണ്ടാക്കിയ കുരുവിക്കൂടില്‍ അടക്കപ്പെട്ട ആ പാവം ചെക്കന് പിന്നൊടൊര് മോചനംണ്ടായിറ്റ്‌ല.
ഓണൂം വിഷൂം മാറി മാറി വന്നു. എന്നോടൊപ്പം എന്റെ ഇന്‍ഫിര്യോരിറ്റി കോംപ്ലക്‌സും വളര്‍ന്ന് അഞ്ചടി ഏഴിഞ്ച് ഉയരം വെച്ചു.
ഡിഗ്രിക്ക് ശേഷം ജോലി തേടി ചെല്ലുന്നത് ബോംബെയിലേക്കാണ്. പി.ജുക്ക് ഈവ്‌നിംഗ് ക്ലാസ്സിന് ചേര്‍ന്നിടത്താണ് പുതിയൊരു സുഹൃത്തിനെ ലഭിക്കുന്നത്, ഗോകുല്‍ മേനോന്‍. സെക്കന്റ് ജനറേഷന്‍ ബോംബെ മലയാളി, സെന്റ് സേവ്യേഴ്‌സ്‌കാര്‌ടെ ഇംഗ്ലീഷ്, സല്‍മാന്‍ തോറ്റു പോവുന്ന ഗ്ലാമര്‍.
'ഡാഡീസ് ഫ്രം ഓറ്റപ്പാല്‍..പാല്‍ഘാടാണോ വീട്..?'
ബ്രയാന്‍ ആഡംസിന്റെ കട്ടഫാനിന്റേം, ഇഷ്ടഗായകരുടെ ലിസ്റ്റ് ദാസേട്ടനില്‍ തുടങ്ങി ദാസേട്ടനില്‍ അവസാനിക്കുന്ന എന്റേം
'മലയാളി' കണക്ഷന്‍ അന്ന് തുടങ്ങി. ഞങ്ങള്‍ ചങ്ങാതിമാരായി. 'ജുരാസിക് പാര്‍ക്ക്' ന്റെ ആദ്യഷോയ്ക്ക് ഞങ്ങള്‍ പരീക്ഷ ഉപേക്ഷിച്ചു.
അതിനിടയിലെപ്പഴോ, ക്ലാസ്സിലെ മുന്‍ബെഞ്ചിലിരുന്നൊരു സുന്ദരിപ്പെണ്ണ്, മൃദുല തെങ്ക്‌സെ, ഇടക്കിടെ തിരിഞ്ഞ് നോക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉള്ളില്‍ ലഡുകൊണ്ടൊര് മാലപ്പടക്കം കെട്ടി, തീ കൊളുത്താനൊരുങ്ങുമ്പോളെനിക്ക് തോന്നി, 'കയ്‌ല.. വിട്ടേ...അച്ഛനും അമ്മേം മറാഠി പഠിക്കേണ്ടി വരും'
മൃദുല തെങ്ക്‌സെ 'തിരിഞ്ഞ് നോട്ടം' തുടര്‍ന്നു.
ഒരിക്കല്‍, ഗോഗുല്‍ ക്ലാസ്സില്‍ വരാത്ത ദിവസം മൃദുല അടുത്തുവന്നു.
'സുന്‍നാ... കോഫി പീനേ ചലേഗാ..?'
ഉള്ളില്‍ ലഡുവിന്റെ മാലപ്പടക്കം പൊട്ടി, പൂമ്പാറ്റകള്‍ പറന്നു.
മുളുണ്ട് റെയില്‍വേ സ്റ്റേഷന് മുന്നിലെ വിശ്വഭാരതിയില്‍ കോഫിക്ക് ഓര്‍ഡര്‍ ചെയ്ത്, രണ്ട് കോഫിക്കും ടിപ്പിനുമുള്ളത് പേഴ്‌സിലിരിപ്പുണ്ടോയെന്ന് ഞാനൊളിഞ്ഞു നോക്കി.
'തുംസേ കുഛ് കഹ്.നാഹേ..' മൃദുല പറഞ്ഞു.
കോഫി ടേബിളില്‍ വെക്കുമ്പോള്‍, കപ്പുകളില്‍ പ്രണയം നുരയിടുന്നതിനും കപ്പുകള്‍ പോലെ ഉടയുന്നതിനും പലവട്ടം, ദിനംപ്രതി സാക്ഷിയാവുന്ന വെയ്റ്റര്‍, ഇത് കേട്ടൊന്ന് പുഞ്ചിരിച്ചു.
'ക..' എന്റെ കണ്ഠനാളത്തില്‍ കുരുങ്ങിയ 'ഹോ'യെ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് ഞാന്‍ രക്ഷിക്കാന്‍ ശ്രമിച്ചു.
'ബോലോ.. ' തൊണ്ടയൊന്നനക്കി ഇത്രേം പറയുമ്പോള്‍ പ്രതീക്ഷയുടെ മെര്‍ക്കുറി ഉയര്‍ന്നു കൊണ്ടേയിരുന്നു.
'തുഹ്മാരാ ദോസ്ത്.. വോ.. ഗോകുല്‍.. ഉസ്‌കോ ബോലേഗാ...!? മുഝ്‌സേ ബാത്ത് കരേ..! '
ഞാന്‍ കോഫി മെല്ലെ സിപ്പ് ചെയ്തു. ഒട്ക്കത്തെ കയ്പ്പ്, കോഫിക്ക്.