Quantcast
MediaOne Logo

രമേഷ് പെരുമ്പിലാവ്

Published: 31 July 2024 1:36 PM GMT

ഗീതാ ഹിരണ്യന്‍ എന്ന ഒറ്റ സ്‌നാപില്‍ ഒതുങ്ങിപ്പോയ ഹിരണ്യന്‍മാഷ്

ജനുവരിയിലെ പൂരം കാണാന്‍ നാട്ടിലവധിക്ക് വരുമെന്നും അപ്പോള്‍ വീട്ടില്‍ വരുമെന്നും ടീച്ചര്‍ക്കെഴുതി. അതിനുള്ള മറുപടിയായിരുന്നു, ടീച്ചര്‍ മരിച്ചെന്ന് ഹിരണ്യന്‍ മാഷ് വിളിച്ചു പറയുന്നത്. | ഗീതാ-ഹിരണ്യനോര്‍മ

ഗീതാ ഹിരണ്യന്‍ എന്ന ഒറ്റ സ്‌നാപില്‍ ഒതുങ്ങിപ്പോയ ഹിരണ്യന്‍മാഷ്
X

2002 ജനുവരി രണ്ടിന് പുലര്‍ച്ചെ നാലുമണിക്ക് ഗീതയ്ക്ക് ഞാന്‍ മരുന്നുകള്‍ നല്‍കി. പതിവിലും കൂടുതല്‍ നിസ്സഹായാവസ്ഥയിലായിരുന്നു ഗീത അപ്പോള്‍. ആരോഗ്യനില പതുക്കെ മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. ഏഴുമണി നേരമായപ്പോഴേക്കും ഗീത എന്റെ കൈ നെഞ്ചിലേക്ക് എടുത്തുവയ്ക്കാന്‍ നോട്ടംകൊണ്ട് ആവശ്യപ്പെട്ടു. ഞാന്‍ ഗീതയുടെ നെഞ്ചില്‍ തടവിക്കൊണ്ടിരുന്നു. ഉള്ളില്‍ കുടുങ്ങിപ്പോയ ശ്വാസം നേര്‍ത്തുനേര്‍ത്ത് പുറത്തേക്ക് വരുന്നു. ഗീത പതുക്കെ യാത്രയാവുകയാണ് എന്ന തിരിച്ചറിവിലേക്ക് ഞാനെത്തുന്നതേയുള്ളു. ഗീതയുടെ ശ്വാസഗതികള്‍ പതുക്കെപ്പതുക്കെയായി. കണ്ണുകള്‍ അടച്ചുതന്നെ കിടന്നു. കണ്ണ് തുറന്നൊന്ന് നോക്കാനുള്ള നേര്‍ത്ത ശ്രമം. ഗീത നിശബ്ദമായി, ഒരു ശ്വാസശബ്ദം പോലുമില്ലാതെ...''

(ഹിരണ്യന്‍ മാഷിന്റെ ഓര്‍മയില്‍ നിന്ന്)

ഹിരണ്യന്‍ മാഷെ ഞാന്‍ ആദ്യം കാണുന്നതും അതേ 2002 ലെ ജനുവരി രണ്ടിലെ പ്രഭാതത്തിലാണ്. അന്നദ്ദേഹം എന്നോട് ഒന്നും പറയാന്‍ ശക്തനായിരുന്നില്ല. ഒരു സങ്കടക്കടല്‍ അപ്പാടെ ഉള്ളില്‍ ഒളിപ്പിച്ചു വെച്ച മൗനത്തിലായിരുന്നു മാഷ്. ടീച്ചറേ കണ്ടില്ലേ താനെന്ന ഭാവത്തില്‍ കൈപിടിച്ചമര്‍ത്തി. അന്ന് ഗീത ടീച്ചറും എന്നോട് ഒന്നും പറഞ്ഞില്ല.

'ഇന്നു

സ്വപ്നങ്ങളുടെ ലോകം

എന്നെ വിട്ടു പോയോ?

ഒരു സ്വപ്നവും

കൊരുത്തു വരുന്നില്ല ',

ഒരു സ്വപ്നവും കൊരുത്തു വരാത്ത ലോകത്തിലേക്ക് ശാന്തമായി, കണ്ണടച്ച് കിടപ്പായിരുന്നു ടീച്ചര്‍.

കഥകളിലൂടെ മാത്രം അറിയുന്ന ടീച്ചറെ കാണാന്‍ ചെന്ന, കഥകളൊന്നുമറിയാത്ത ഒരുവനായിരുന്നു ഞാനപ്പോള്‍.

ശരിക്കും കാണാന്‍ ചെല്ലേണ്ട ദിവസം ഞായറാഴ്ചയായിരുന്നു. പക്ഷേ, ടീച്ചര്‍ ശനിയാഴ്ച തന്നെ പോയി. നാല്‍പത്തിയഞ്ചാം വയസ്സില്‍ തന്റെ കഥാലോകത്തില്‍ നിന്നും മരണത്തെ തോല്‍പ്പിക്കാന്‍ കഴിയാത്ത ഒരസംഘടിതയായി മടങ്ങിപ്പോയി. ഞാന്‍ കാണാന്‍ വരുന്നുവെന്ന് ടീച്ചര്‍ക്ക് മുമ്പേ കത്തെഴുതിയിരുന്നു. ആ കത്തില്‍ വീട്ടിലെ ഫോണ്‍ നമ്പര്‍ വെച്ചിരുന്നു. ടീച്ചര്‍ മരിച്ചു കിടക്കുമ്പോള്‍ ഹിരണ്യന്‍ മാഷ് വീട്ടില്‍ വിളിച്ചു. അമ്മയോട് പറഞ്ഞു: ആ കുട്ടിയോട് പറയു പറ്റിയാല്‍ ഇന്നു വരാന്‍, നാളെ വന്നാല്‍ ടീച്ചറെ കാണാന്‍ പറ്റിയെന്ന് വരില്ലായെന്ന്.

റഫീക്ക് അഹമ്മദിക്കയോട് വഴി ചോദിച്ചാണ് ഞാനും സുഹൃത്ത് ഗോപാലനും കൂടി വടക്കേ സ്റ്റാന്‍ഡിനടുത്തുള്ള ടീച്ചറുടെ വീട്ടിലെത്തുന്നത്. മലയാളത്തിലെ തൃശൂരിയന്‍ എഴുത്തുകാരില്‍ ഒട്ടുമിക്കവരും അന്നവിടെയുണ്ട്. എന്നാല്‍, ആരും ആരെയും കാണുന്നുണ്ടായിരുന്നില്ല. എല്ലാവരും ഉമ്മറത്ത് ഉറങ്ങിക്കിടക്കുന്ന ടീച്ചറെ കണ്ട് കണ്ണ് നിറഞ്ഞ് കാഴ്ച നഷ്ടപ്പെട്ടവരെ പോലെ നില്‍പായിരുന്നു.


കഥകള്‍ മാത്രം വായിക്കുന്ന ഒരു കാലമാണത്. കഥകളെഴുതാന്‍ ഭ്രാന്തു പിടിച്ചു നടക്കുന്ന കാലവുമാണ്. ഗള്‍ഫിലായിട്ടും, ചെറിയ ശമ്പളക്കാരനായിട്ടും കഥകള്‍ വായിക്കാന്‍ വേണ്ടി മാത്രം അധികവില കൊടുത്ത് മാതൃഭുമിയും കലാകൗമുദിയും മലയാളവും ഭാഷാപോഷിണിയും വാങ്ങിക്കുന്ന ഭ്രാന്തനുമായിരുന്നു.

അക്കാലത്താണ് ടി.വി കൊച്ചുബാവക്ക മരിക്കുന്നത്. ബാവക്കയുടെ ഓര്‍മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് കരുതിയാണ് ഒരു കഥാസമാഹാരത്തിന്റെ കളക്ഷന്‍ ഇറക്കുന്നത്. പ്രവാസത്തില്‍ എഴുതുന്ന 15 പേരുടെ കഥകള്‍. സുറാബ്, പി. കണ്ണന്‍കുട്ടി, ബെന്യാമിന്‍ എസ്. സിത്താര, ബഷീര്‍ മേച്ചേരി തുടങ്ങിയ എഴുത്തുകാരുടെ കൂടെ ബാവക്കയുടെ ഇറച്ചിയെന്ന കഥയും ഉള്‍പ്പെടുത്തിയാണ് ആ പുസ്തകം ഒരുക്കിയത്. രണ്ടു മാസത്തെ ശമ്പളം വേണ്ടി വന്നിരുന്നു ആ പുസ്തകം അച്ചടിച്ചുവന്നപ്പോഴേക്കും എന്നതിനാല്‍ ഞാനൊരു കഥയില്ലാത്ത കടക്കാരനുമായി അപ്പോള്‍.

ഒറ്റസ്‌നാപ്പില്‍ ഒതുക്കാനാവില്ല ഒരു ജന്മസത്യം, ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം, അസംഘടിത എന്നീ ചെറുകഥകളിലൂടെയാണ് മലയാള ചെറുകഥാ സാഹിത്യത്തില്‍ ഗീതാ ഹിരണ്യന്‍ എന്ന പേര് എഴുതി ചേര്‍ക്കപ്പെട്ടത്. സങ്കീര്‍ണമായ ഒരു കാലത്തില്‍ നിന്ന് കൊണ്ട് സ്വന്തം സ്വത്വം പോലും ഒരു ബാധ്യതയായി തോന്നിയ എഴുത്തുകാരിയായിരുന്നു ഗീതാ ഹിരണ്യന്‍! ഒരേസമയം സ്വന്തം സ്വത്വത്തിലെ ഒന്നുമില്ലായ്മയെ പരിഹസിക്കുകയും അതെ കുറിച്ചോര്‍ത്ത് വേദനിക്കുകയും ചെയ്യുന്നുണ്ട് അവര്‍. പക്ഷെ, എഴുത്തിന്റെ ഇടയിലെ നര്‍മബോധത്തിന്റെ വെളിച്ചം എല്ലാ കഥകളിലും കാണാനാകും. കാരണം, നര്‍മം എഴുത്തുകാരിയ്ക്ക് ഉള്ളില്‍ ഉറഞ്ഞുപോയ ഒരു അവസ്ഥ തന്നെയായിരുന്നല്ലോ?


ഹാസ്യം കലര്‍ത്തി, ജീവിതത്തിലെ ചില യാഥാര്‍ഥ്യങ്ങളെ വളരെ ലളിതമായ് പറഞ്ഞു പോകുന്നതാണ് ടീച്ചറുടെ കഥകള്‍. ആ ഇഷ്ടമാണ് എഴുത്തുകാരിയുടെ വിലാസം തേടിപ്പിടിച്ച് കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. കഥാസമാഹാരത്തിന് അവതാരിക എഴുതിത്തരാന്‍ കഴിയുമോ എന്നായിരുന്നു എന്റെ കത്തിലെ ആവശ്യം. ദുബായില്‍ നിന്നും ഒരു കത്ത് നാട്ടില്‍ പോയി മറുപടി വരാന്‍ എത്ര സമയമെടുക്കുമെന്ന് എണ്ണിയാല്‍ അത്രയും കൃത്യം ദിവസത്തിനകം ടീച്ചറുടെ മറുപടി എന്നെത്തേടി തൊട്ടടുത്ത ഗ്രോസറിയിലെ പൊതു പോസ്റ്റുബോക്‌സില്‍ കാത്തിരുന്നു. ആരോഗ്യസ്ഥിതി മോശമാണെന്നും ആശുപത്രിയില്‍ ആണെന്നും കഴിയുമെങ്കില്‍ രമേഷിന്റെ ആവശ്യം സാധിച്ചു തരുമെന്നുമെല്ലാം ടീച്ചര്‍ എഴുതിയത് വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞു പോയി. വീണ്ടും എന്റെ കത്തുകള്‍ക്ക്, ഇറ്റാലോ കല്‍വിനോ തൃശൂര്‍ എക്‌സ്പ്രസ്സില്‍ എന്ന ടീച്ചറുടെ പുതിയ കഥ വായിച്ച അഭിപ്രായ കത്തിന് എല്ലാം ടീച്ചര്‍ മറുപടി എഴുതി.

അങ്ങനെയാണ് ജനുവരിയിലെ പൂരം കാണാന്‍ നാട്ടിലവധിക്ക് വരുമെന്നും അപ്പോള്‍ വീട്ടില്‍ വരുമെന്നും ടീച്ചര്‍ക്കെഴുതിയത്. അതിനുള്ള മറുപടിയായിരുന്നു, ടീച്ചര്‍ മരിച്ചെന്ന് ഹിരണ്യന്‍ മാഷ് വിളിച്ചു പറയുന്നത്.

പിന്നീട് മണല്‍ ജലം കാലം എന്ന് പേരിട്ട ആ പുസ്തകത്തിന് അവതാരിക എഴുതിത്തന്നത്, പ്രിയപ്പെട്ട ബാബുവേട്ടനായിരുന്നു. (ബാബു ഭരദ്വാജ്) ആ പുസ്തകം സമര്‍പ്പിച്ചത് ഗീത ടീച്ചര്‍ക്കായിരുന്നു. ഇപ്പോള്‍ മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന പാപ്പിയോണ്‍ നൗഷാദിന്റെ കോഴിക്കോടുള്ള പാപ്പിയോണ്‍ ബുക്‌സ് ആയിരുന്നു അതിന്റെ പ്രസാധനം. മള്‍ബെറിയിലെ ഷെല്‍വിയും നൗഷാദുമൊക്കെ ഒരേ ചിന്തയോടെ ജീവിച്ചവരായിരുന്നു.


ആയിടക്ക് കൂട്ടുകാരന്‍ സലിം കേച്ചേരി നാട്ടില്‍ നിന്നും കത്തെഴുതിരുന്നു. തൃശൂര്‍ വെച്ച് കണ്ടപ്പോള്‍ ഹിരണ്യന്‍ മാഷ് ചോദിച്ചു: സലീമേ, രമേഷ് എന്നൊരു കുട്ടി ഇറക്കിയ കഥാകളക്ഷന്‍ ഗീതയുടെ പേരിലാണ് സമര്‍പ്പിച്ചിരിക്കുന്നത് എന്ന്, സമകാലിക മലയാളത്തില്‍ റിവ്യൂ കണ്ടു. കോപ്പി കിട്ടാന്‍ എന്താ വഴിയെന്ന്.

അടുത്ത വട്ടം നാട്ടില്‍ പോയപ്പോള്‍ മണല്‍ ജലം കാലത്തിന്റെ കോപ്പിയുമായി മാഷെ വീണ്ടും കണ്ടു. അന്ന് അക്കാദമിയില്‍ ഏതോ എഴുത്തുകാരന്റെ ശഷ്ഠിപൂര്‍ത്തിയായിരുന്നു. അതിന്റെ സദ്യ കഴിച്ചായിരുന്നു മടങ്ങിയത്. പുസ്തകം ശക്തന്‍ സ്റ്റാന്‍ഡിലെ ബുക്ക്സ്റ്റാളില്‍ നിന്നും വാങ്ങിയെന്നും ടീച്ചറെ ഓര്‍ത്തതില്‍ സ്‌നേഹമെന്നും പറഞ്ഞാണ് മാഷ് പിരിഞ്ഞ് പോയത്.

ഒരു മരമുണ്ടേ കിഴക്കേ മുറ്റത്ത്

ഇല കൊഴിഞ്ഞുപോയ്

കിളി പറന്നു പോയ്

ഇളങ്കാറ്റുമെന്നേ

വിടപറഞ്ഞു പോയ്.......

(മാഷിന്റെ 'അഗ്‌നിമരം '

എന്ന കവിതയിലെ വരികള്‍)

പിന്നെയൊരിക്കല്‍ മാഷ് എനിക്ക് കത്തെഴുതി. ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് എന്ന പേരില്‍ ഒരു ട്രെസ്റ്റ് രൂപികരിക്കുന്നതിന് താല്‍പര്യമുള്ളവരുടെ സഹകരണം വേണം, രമേഷ് കൂടെയുണ്ടാവണം എന്നാവശ്യപ്പെട്ടുകൊണ്ട്. മാഷ് പറഞ്ഞതിന്‍ പ്രകാരം എല്ലാം ചെയ്തിരുന്നു. ആദ്യകാലങ്ങളില്‍ അതിന്റെ അപ്‌ഡേറ്റ്‌സ് മാഷ് അയച്ചു തന്നിരുന്നു. പിന്നീട് അതിനെന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കാലം പിന്നെയും കൊഴിഞ്ഞു പോയത് 2014ല്‍ എത്തിയപ്പോള്‍, വീണ്ടും ഹിരണ്യന്‍ മാഷെ തേടി ഞാന്‍ തൃശൂരെ വീട്ടിലെത്തി. മണല്‍ ജലം കാലം 2 എന്ന കഥാ കളക്ഷന്റെ കഥകളുമായാണ് ഞാന്‍ വീണ്ടും ഗീത ടീച്ചറുടെ/ഹിരണ്യന്‍ മാഷിന്റെ വീട്ടിലെത്തുന്നത്. ആ കാലത്ത് കഥകളിലേക്ക് വന്ന പുതിയ കഥാകൃത്തുക്കളുടെ പതിനഞ്ച് കഥകള്‍ സമാഹരിക്കുക എന്നതാണ് ലക്ഷ്യം.

മൗനവും ഇരുട്ടും മൂടിക്കിടന്ന വീട്ടില്‍ ആകെ നെരച്ച് വെളുത്ത് മാഷ് ഒരു വെളിച്ചം പോലെ എന്നെ സ്വീകരിച്ചു. ദാഹം തീര്‍ക്കാന്‍ വെള്ളം തന്നു. ഒറ്റയ്ക്കാണ് വീട്ടിലെന്ന് തോന്നി. എഴുത്തുകളൊന്നും ചെയ്യാന്‍ വയ്യാ എന്ന് മാഷ് പറഞ്ഞൊഴിഞ്ഞു. മറ്റൊരാളുടെ പേര് സജസ്റ്റ് ചെയ്തു. ഞാന്‍ വിളിച്ചു പറയാം എന്നും പറഞ്ഞു. ഡോ. മിനി പ്രസാദിന്റെ നമ്പറും തന്നു. കഥകള്‍ക്ക് പഠനം നടത്താന്‍ ഏറ്റവും അപ്‌ഡേറ്റഡായ ആളാണ് മിനിയെന്ന് മാഷിന് ഉറപ്പുണ്ടായിരുന്നു. മറ്റൊരു കാര്യം കൂടി മാഷ് പറഞ്ഞു. ഗ്രീന്‍ ബുക്‌സില്‍ പോയാല്‍ സ്‌നേഹലത എന്നൊരു കുട്ടിയുണ്ട്. അവരുമായി സംസാരിച്ചാല്‍ പ്രസിദ്ധീകരണത്തിന്റെ കാര്യം അവര്‍ ഏറ്റെടുക്കുമെന്നും പ്രതീക്ഷ തന്നു.



പോകും വഴി ഡോ. മിനി പ്രസാദിനെ വിളിച്ചു. വിവരങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ കഥകള്‍ അയക്കാന്‍ പറഞ്ഞതിന്‍ പ്രകാരം തൃശൂരില്‍ നിന്നു തന്നെ കൊരിയര്‍ അയച്ചു. അന്നു തന്നെ ഗ്രീന്‍ ബുക്‌സില്‍ പോയി സ്‌നേഹലത മാഡത്തിനെ കണ്ടെങ്കിലും, കളക്ഷന്‍ ചെയ്യുന്ന കാര്യത്തില്‍ അവര്‍ക്ക് ഒരുറപ്പ് തരാന്‍ കഴിഞ്ഞില്ല.

നിര്‍ഭാഗ്യവശാല്‍ മിനി പ്രസാദിന്റെ പഠനം അതും ക്ഷമാപണത്തോടെ, അപൂര്‍ണ്ണമായത് കയ്യില്‍ കിട്ടിയപ്പോള്‍ മാസങ്ങളോളം അതോ വര്‍ഷത്തോളമോ നീണ്ടു പോയിരുന്നു. കഥ തന്ന പലരും അപ്പോഴേക്കും രമേഷ് പെരുമ്പിലാവിന്റെ ഒരു കളക്ഷനില്‍ കഥ വരുന്നതില്‍ വലിയ കാര്യമില്ല എന്ന രീതിയിലേക്ക് വളര്‍ന്നു പോയിരിന്നു. കവര്‍ ഡിസൈന്‍വരെ ചെയ്ത ആ പുസ്തകം മുടങ്ങിപ്പോയി.

കാലം 2024 എത്തിയിരിക്കുന്നു. ഈ ജൂലായ് അഞ്ചിന് ഞാനെഴുതിയ ഒരു കഥ ട്രൂ കോപ്പിയില്‍ വന്നിരുന്നു. യാദൃശ്ചികമാവാം ആ കഥയില്‍ അക്കാദമിയും ഗീതടീച്ചറും ഹിരണ്യന്‍ മാഷുമെല്ലാം കഥാപാത്രങ്ങളായിരിന്നു. ഹിരണ്യന്‍ മാഷെ ഞാന്‍ വീണ്ടും ഓര്‍ത്ത ഈ നാളുകളില്‍ മാഷ് ടീച്ചര്‍ക്ക് കൂട്ടു പോയിരിക്കുന്നു.


TAGS :