ജമാല്‍ മര്‍സൂഖിന്റെ പ്രണയം
ജമാല്‍ മര്‍സൂഖും അവളും അനിശ്ചിതത്വമുള്ളവരുടെ കൂട്ടത്തില്‍ തന്നെയാണുള്ളത്. ഏതു സമയവും വന്നുചേരാവുന്ന മരണത്തിന് മുമ്പേ തന്റെ ഇണയുടെ മേല്‍ പ്രണയം ചൊരിഞ്ഞ് പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടിലാണ് ഇരുവരും.
ജമാല്‍ മര്‍സൂഖ്.
വര്‍ഷങ്ങളായി മാനം തീ തുപ്പുന്നതിനിടയില്‍ നീ എരിഞ്ഞടങ്ങിയോ? അതോ നിന്റെ പ്രണയിനി ഇപ്പോള്‍? നീ നോക്കിനില്‍ക്കേ, അവളുടെ മാറിടത്തിലേക്ക് പോയന്റ് ബ്ലാങ്കില്‍ നിന്നും വെടിയുണ്ട തുളച്ച് കയറിയോ?
ഇങ്ങനെ അശുഭകരമായ ചിന്തിക്കുന്നതെന്ത് എന്ന് നിങ്ങള്‍ക്കെന്നോട് തര്‍ക്കിക്കാന്‍ ന്യായമുണ്ട്.
പക്ഷെ, ജമാല്‍ മര്‍സൂഖിന്റെ നാട്ടില്‍ നിന്നും ഓരോ ദിവസവും വന്നുചേരുന്ന കുറിമാനങ്ങളില്‍ നിന്നും ഈ സാധ്യതകളെ എനിക്കൊരിക്കലും മാറ്റിനിര്‍ത്താനാവില്ല.
ഞാനിങ്ങനെയും ആലോചിക്കാതെയല്ല.
ഇനിയാ, സ്നേഹവല്ലരി പടര്‍ന്നുയര്‍ന്ന് പുതിയ മൊട്ടുകള്‍ക്ക് ജന്മം നല്‍കി അവര്‍ക്ക് ചുറ്റും സുഗന്ധമാകുന്നുണ്ടാവുമോ? രാത്രി വൈകിയെത്തുന്ന അവനെ കാത്തിരിക്കുമ്പോള്‍, വെറുതെ ഒരു കൗതുകത്തിന്, അവന് വായിക്കാനായി അവളെത്ര ലേഖനങ്ങളെഴുതിക്കാണും? അവ വായിച്ചവര്‍ പൊട്ടി പൊട്ടി ചിരിച്ചുകാണില്ലേ?
ജമാല്‍ മര്‍സൂഖ്- അവനെ കുറിച്ചറിഞ്ഞതില്‍ പിന്നെ അവന്റെ ഓര്‍മകള്‍ എന്നെ വിടാതെ പിന്തുടരുന്നു. വേര്‍പാടിന്റെയോ അനിശ്ചിതത്വത്തിന്റെയോ അല്ല. ആഹ്ലാദത്തിന്റെയും ആശ്ചര്യത്തിന്റെയും. ആകുലതകളും പ്രതീക്ഷകളുമുള്ള ആലോചനകള്‍ക്കൊന്നും എനിക്കുത്തരമില്ല. കാരണം, ജമാല്‍ മര്‍സൂഖ് ഇപ്പോള്‍ എവിടെയെന്നെനിക്കറിയില്ല. ഇന്നേവരെ ഞാനയാളെ കണ്ടിട്ടുമില്ല.
ഫലസ്തീനില്‍ ഔപചാരികമായി വെടിയൊച്ചകള്‍ നിലച്ച ഒരു സായാഹ്നത്തിലാണ് സുഹൃത്തിന്റെ അനുഭവ വിവരണമായി ജമാല്‍ മര്‍സൂഖ് കടന്നു വരുന്നത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ജമാലായിരുന്നു അത്. പതിനൊന്ന് വയസിന്റെ മൂപ്പിനിടയിലെ എന്റെ സ്വാഭാവിക അന്വേഷണങ്ങളാണ് മുകളില്‍ ഞാന്‍ ചോദിച്ചത്.
ജമാല്‍ മര്‍സൂഖ്- അവനെ കുറിച്ചറിഞ്ഞതില്‍ പിന്നെ അവന്റെ ഓര്‍മകള്‍ എന്നെ വിടാതെ പിന്തുടരുന്നു. വേര്‍പാടിന്റെയോ അനിശ്ചിതത്വത്തിന്റെയോ അല്ല. ആഹ്ലാദത്തിന്റെയും ആശ്ചര്യത്തിന്റെയും. ആകുലതകളും പ്രതീക്ഷകളുമുള്ള ആലോചനകള്‍ക്കൊന്നും എനിക്കുത്തരമില്ല. കാരണം, ജമാല്‍ മര്‍സൂഖ് ഇപ്പോള്‍ എവിടെയെന്നെനിക്കറിയില്ല. ഇന്നേവരെ ഞാനയാളെ കണ്ടിട്ടുമില്ല.
അന്നെന്റെ സുഹൃത്ത് ഗസ സന്ദര്‍ശിച്ചിരുന്നു. അനുഭവക്കുറിപ്പുകളുമെഴുതിയിരുന്നു. പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും ജീവിതത്തിനും മരണത്തിനുമിടയിലെ ആഹ്ലാദങ്ങളുടെയും രക്തസാക്ഷ്യത്തിന്റെയും പ്രതീക്ഷയുടെയും കര്‍മോത്സുകതയുടെയും ഹൃദ്യസ്മരണകളായിരുന്നു ആ കുറിപ്പുകള്‍. വാങ്മയ ചിത്രങ്ങള്‍. അവയിലൊന്നും ജമാല്‍ മര്‍സൂഖ് എത്തിനോക്കിയില്ല.
എറണാകുളത്തുനിന്നും കോഴിക്കോട്ടെക്കുള്ള യാത്രയില്‍, ഇടക്ക് പറവൂരിലെ ഒരു വിവാഹസല്‍കാരത്തില്‍ പങ്കെടുത്ത ശേഷം കാറിന്റെ പിറക് സീറ്റിലിരുന്ന്, മാധ്യമപ്രവര്‍ത്തകനായ സുഹൃത്ത് ജമാലിനെ കുറിച്ച് പറയാനരംഭിച്ചു. റോഡില്‍ ഇളം മഴ പെയ്യുന്നുണ്ട്.
''ഞങ്ങള്‍ ഗസയില്‍ പോയപ്പോള്‍...
... തൊട്ടടുത്ത ദിവസങ്ങളിലൊന്നില്‍ ഇസ്രായേല്‍ ബോംബിട്ട് അല്‍ഷിഫാ ഹോസ്പിറ്റലിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. അന്നവിടെ വെച്ച്. അല്‍ശിഫയുടെ പല ചുമതലക്കാരില്‍ ഒരാളാണ് അയാള്‍...''
സുഹൃത്തുക്കള്‍ക്കൊപ്പം ഗസയിലെത്തിയ അവരെ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ടത് ജമാല്‍ മര്‍സൂഖായിരുന്നു.
ഓഫീസ് വര്‍ക്കുകളുടെയും ആശുപത്രിയുമായി ബന്ധപ്പെട്ട മറ്റനേകം ചുമതലയുടെയും തിരക്കുകളില്‍ മുഴുകുമ്പോഴും ജമാല്‍ മര്‍സൂഖ് ആരെയോ ഫോണില്‍ വിളിക്കുന്നു; സംസാരിക്കുന്നു. അതുപോലെ, മറുതലക്കല്‍നിന്നുള്ള പെണ്‍ശബ്ദം തിരിച്ചും വിളിച്ചു കൊണ്ടിരിക്കുന്നു. കൊഞ്ചിയും കുഴഞ്ഞും ചിരിച്ചും കളിച്ചും ആ സംഭാഷണങ്ങള്‍ പതിയെ ഒഴുകി. ചിലപ്പോഴത് കുതിച്ചു പാഞ്ഞു, ചിലപ്പോള്‍ സമതലപ്പരപ്പിലെന്നപോലെ പരന്നും വേഗം കുറച്ചും.
സുഹൃത്തിന്റെതായിരുന്നു ചോദ്യം: ആരോടാണ്, മര്‍സൂഖ് ഭായ്, നിങ്ങളിങ്ങനെ... സംസാരിച്ചുകൊണ്ടിരിക്കുന്നത് ? ജമീല്‍ മര്‍സൂഖിന്റെ മറുപടി തെല്ലൊന്ന് അമ്പരിപ്പിച്ചു.
'ഭാര്യയോട്'.
'നിങ്ങള്‍ ഭാര്യയുമായി വലിയ പ്രണയത്തിലാണല്ലേ, ... ഇങ്ങനെ വിളിച്ചു കൊണ്ടേയിരിക്കുന്നു!'.
ജമാല്‍ മര്‍സൂഖിന്റെ മറുപടിയോടെ അയാളൊരു വിഭ്രമ സാന്നിധ്യമായി! സുഹൃത്തിന് മുന്നില്‍ ജമാല്‍; ആ പേരിനെ പോലെ ഒരു മനുഷ്യവസന്തം കഥ കേട്ട എന്നെയും. കേള്‍ക്കാനിരിക്കുന്ന ആരെയും ജമാല്‍ മര്‍സൂഖ് ആശ്ചര്യപ്പെടുത്തി. സ്വര്‍ഗവുമായി ഉരുമ്മി നില്‍ക്കുന്ന മനുഷ്യരൂപം.
''വിവാഹമെന്നാല്‍ ഒരു കരാറണല്ലോ...''
ജമാല്‍ മര്‍സൂഖിനും പ്രണയിനിക്കും വിവാഹവും ദാമ്പത്യവുമെല്ലാം മുറിച്ചു മാറ്റാനാവാത്ത ഒരു കരാറാണ്.
'' ...മരണമെത്തും മുന്നേ ആ കരാര്‍ പൂര്‍ത്തിയാക്കണമല്ലോ.''
'അറേബ്യയിലെ എല്ലാ സുഗന്ധദ്രവ്യങ്ങളും' എന്ന ഷേക്സ്പിയര്‍ ഭാവന അല്‍ഷിഫ ഹോസ്പിറ്റലിനെ കൂടുതല്‍ തരളമാക്കി കാണും അവന്‍ ആ വാക്കുകള്‍ മൊഴിഞ്ഞപ്പോള്‍.
ജമാല്‍ മര്‍സൂഖ് പ്രണയിച്ചത് ഭാര്യയെയാണ്. മരണത്തോളം പരസ്പരം പ്രണയിക്കണമെന്ന് അവര്‍ ദൗത്യമായി തിരിച്ചറിഞ്ഞിരിക്കുന്നു. വിവാഹം കഴിഞ്ഞ അഞ്ചാം നാള്‍ അവര്‍ക്കിടയിലെ പ്രണയം യാത്രയായിട്ടില്ല. അവരുടെ മനസ്സില്‍ മരുഭൂമികള്‍ ഉണ്ടായിട്ടുമില്ല. ഗസയിലെ അന്തരീക്ഷത്തില്‍ പുകച്ചുരുളുകളുയരുമ്പോഴും അവരുടെ ജീവിതത്തിന് നിറമുണ്ട്, മണവുമുണ്ട്.
ദാമ്പത്യത്തിന്റെ കരുത്തും കാതലും പ്രണയവും കാരുണ്യവുമാണ്. മവദ്ദത്തും റഹ്മത്തുമെന്ന് ഖുര്‍ആന്‍.
ഒരു വെടിയൊച്ചയോ പോര്‍വിമാനത്തിന്റെ ഇരമ്പമോ ഗസയിലുള്ള ആരുടെയും ജീവനെടുത്തേക്കാം. സാധാരണ വിശകലന പ്രകാരം നമുക്ക് മുമ്പേ മരണം അവരിലേക്കെത്തിച്ചേരാനുള്ള സാധ്യതകള്‍ ഏറെയാണ്.
ജമാല്‍ മര്‍സൂഖും അവളും ആ അനിശ്ചിതത്വമുള്ളവരുടെ അക്കൂട്ടത്തില്‍ തന്നെയാണുള്ളത്. ഏതു സമയവും വന്നുചേരാവുന്ന മരണത്തിന് മുമ്പേ തന്റെ ഇണയുടെ മേല്‍ പ്രണയം ചൊരിഞ്ഞ് പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടിലാണ് ഇരുവരും.
നോക്കൂ, കയ്യെത്തും ദൂരത്തുള്ള ജീവിതാന്ത്യം പോലും ഫലസ്തീന് പ്രണയം പൂത്തുലയാനുള്ള
കാരണമാകുന്നു.
ആരാദ്യം മരിക്കണമെന്നതായിരിക്കില്ല, ആരായാലും പ്രണയദൗത്യം ആരാദ്യം മനോഹരമാക്കി പര്യവസാനത്തിലെത്തിക്കുമെന്ന തര്‍ക്കമായിരിക്കും അവരുടെ ഇടവേളകളിലെ സംവാദ വിഷയം. ഇസ്രയേല്‍ ബോംബുവര്‍ഷം കനക്കുന്ന നാളുകളില്‍ ''നീ പറുദീസ കണ്ടിട്ടുണ്ടോ? നമ്മളുടനെ പറുദീസയിലേക്ക് പ്രവേശിക്കും.'' എന്നവര്‍ ചാറ്റ്ചെയ്തും കാണും.
ഏതുനിമിഷവും മരിക്കുമെന്ന ബോധത്തോടെ മറുലോകത്തേക്കുള്ള സമ്പാദ്യമുണ്ടാക്കുക എന്ന് പ്രവാചകന്‍. അടുത്ത നിമിഷം ജീവിതത്തോട് വിടപറയാനിരിക്കുകയാണ് എന്ന ഉറച്ച ബോധ്യത്തോടെയുള്ള വാക്കിനും പ്രണയത്തിനുമുള്ള ശക്തി നിര്‍വചനങ്ങള്‍ക്കതീതമായിരിക്കും. ആ ശക്തികൊണ്ടവര്‍ അവര്‍ക്കിടയിലെ സന്ധിയെ വീണ്ടും വീണ്ടും ബലപ്പെടുത്തുന്നു. അവസാന നിമിഷമെന്ന തോന്നല്‍ പ്രിയപ്പെട്ടതെന്തിനെയും ചേര്‍ത്തുനിര്‍ത്തും.
ഈ കുറിപ്പ് പൂര്‍ത്തിയാക്കാന്‍ ജമാല്‍ മര്‍സൂഖിന്റെ ഭാര്യയുടെ പേര് ഞാന്‍ ചോദിക്കാതെയല്ല. സുഹൃത്ത് അത് മറന്നു പോയിരിക്കുന്നു. മറന്നതായിരിക്കില്ല. ക്രമം തെറ്റിയോടുന്ന അല്ലെങ്കില്‍ എപ്പോഴും ക്രമം തെറ്റിയേക്കാവുന്ന ഗസ സന്ദര്‍ശനം പൂര്‍ത്തിയാക്കാനുള്ള തിരക്കുകള്‍ക്കിടയില്‍ ജമാല്‍ മര്‍സൂഖിനോടത് അന്വേഷിച്ചിട്ടുണ്ടാവില്ല.
ജമാല്‍ മര്‍സൂഖിന്റെ പ്രായത്തെ കുറിച്ചും ആലോചിക്കാതെയല്ല. ഫലസ്തീനില്‍ അതിന് വലിയ പ്രാധാന്യമില്ലെന്ന് കരുതിയതിനാല്‍ അതന്വേഷിച്ചില്ല. ഇപ്പോള്‍ അവരെവിടെയായിരിക്കും? വീണ്ടും വീണ്ടും ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്ത അല്‍ശിഫയുടെ മൂലയിലിരുന്ന് അവനവളെ കേള്‍ക്കുന്നുണ്ടാവുമോ? അതോ ആ പ്രണയവല്ലരി നീണ്ട് നീണ്ട് പറുദീസയില്‍ പൂത്തുലയുകയോ?