ബസ് കണ്ടക്ടര്‍ കൈയില്‍ വെച്ചുതന്ന നൂറ് രൂപ നോട്ട്
കണ്ടക്ടറുടെ പരുക്കന്‍ ശബ്ദം കേള്‍ക്കുമ്പോഴെല്ലാം നെഞ്ചിടിപ്പ് കൂടുന്നതും പേടിച്ചരണ്ട് വിറക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു. ഓരോ തവണ അയാള്‍ മുന്നിലൂടെ കടന്നുപോവുമ്പോഴും ഞാന്‍ ഇറുക്കെ കണ്ണുകളടച്ചു.
പരശുറാം എക്‌സ്പ്രസ്സ് തിരൂര്‍ സ്റ്റേഷനും കടന്ന് പോയിട്ടുണ്ടാവും ഇപ്പോള്‍. ട്രെയിനില്‍നിന്നിറങ്ങി പത്ത് കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ എത്തേണ്ടുന്ന നേരം പിന്നിട്ടിട്ടും, ഞാന്‍ അപ്പോള്‍ അറിയാത്തൊരു നാട്ടില്‍ മണിക്കൂറുകളായി ബസ് കാത്തുനില്‍ക്കുകയായിരുന്നു.
'ഇവിടുന്ന് കൊടുങ്ങല്ലൂര്‍ക്ക്, പിന്നെ ചാവക്കാട്. അവിടുന്ന് പൊന്നാനി, സ്റ്റാന്‍ഡില്‍ ഇറങ്ങി ഓട്ടോപിടിച്ച് ജങ്കാര്‍ പോയിന്റില്‍ എത്തണം. അപ്പുറം കടന്ന് പടിഞ്ഞാറേക്കര എത്തിയാല്‍ നാട്ടിലേക്ക് ബസ് കിട്ടും. ഇപ്പൊ പുറപ്പെട്ടാല്‍ ട്രെയിനിന്റെ സമയത്തുതന്നെ തിരൂരിലെത്താം. പിന്നെ പ്രശ്‌നമില്ലല്ലോ.'
രാവിലെ തൃശൂര്‍ അമ്പലപ്പടിയില്‍നിന്ന് ബസ് കയറ്റിത്തരുമ്പോള്‍ സുഹൃത്ത് പറഞ്ഞു തന്നത് അങ്ങനെയായിരുന്നു.
ഇതിപ്പോ നേരം സന്ധ്യയാവാറായി. പോവേണ്ടുന്ന ദൂരത്തിന്റെ പാതിപോലുമായിട്ടില്ല. ചാവക്കാട് സ്റ്റാന്‍ഡിലെ തിരക്കിനിടയില്‍ പൊന്നാനിയിലേക്കുള്ള ബസ് പ്രതീക്ഷിച്ച് നില്‍പ്പാണിപ്പോഴും. വീട്ടില്‍നിന്ന് തുടരെത്തുടരെ വിളിക്കുന്നുണ്ട്. സൈലന്റ് മോഡിലിട്ട ഫോണിനേക്കാള്‍ ശക്തിയില്‍ വിറച്ചത് എന്റെ ഉള്ളം തന്നെയായിരുന്നു.
പേടിയും സങ്കടവും കൊണ്ട് പരവശപ്പെട്ട് ഇപ്പൊ കരഞ്ഞുപോവുമെന്ന് തോന്നി. വൈലോപ്പിള്ളി ഹാളില്‍ സുഹൃത്തിന്റെ ഫോട്ടോ എക്‌സിബിഷന്‍ നടക്കുന്നുണ്ട്. അവനോളം തന്നെ ഏറെനാള്‍ ആഗ്രഹിച്ച് കൂടെക്കൊണ്ടുനടന്ന സ്വപ്നമാണ്. അതുകൊണ്ടെനിക്ക് അന്നേ ദിവസം തൃശൂരിലുണ്ടായേ മതിയാവൂ. വീട്ടില്‍ അനുവാദം ചോദിക്കാതെ കോട്ടയത്തെ ഹോസ്റ്റലില്‍നിന്ന് പുറപ്പെട്ടു പോന്നതാണ്.
12 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒറ്റക്ക് ദൂരങ്ങള്‍ താണ്ടാനോ വഴിയറിയാനോ തുടങ്ങിയിട്ടില്ല അന്ന്. പരശുറാം എക്‌സ്പ്രസ്സിലാണ് സാധാരണ കോട്ടയത്തുനിന്ന് തിരൂരിലെത്താറ്. കള്ളത്തരം പിടിക്കപ്പെടാതിരിക്കണമെങ്കില്‍ അതേപോലെ ഉച്ചതിരിഞ്ഞ് മൂന്നോടെ എത്തണം. സമയം, അതു മാത്രമായിരുന്നു മനസ്സില്‍.
'കെ. കരുണാകരന്‍ മരിച്ചുപോയി. വാഹനങ്ങളും ആളുകളും കൊണ്ട് ഒരു രക്ഷേം ഇല്ലാത്ത ബ്ലോക്കാ. സര്‍വീസ് കട്ട് ആക്കേണ്ടിവരും' ഒരു ബസ് ജീവനക്കാരന്‍ ആരോടോ ഫോണില്‍ പറയുന്നത് കേട്ടു.
അതേവരെ പിടിച്ചുനിര്‍ത്തിയ കണ്ണീര് നിയന്ത്രണം വിട്ട് പുറത്തേക്കുവരാന്‍ തുടങ്ങി. ഭൂമിയിലെ ഏറ്റവും നിസ്സഹായയായ കുട്ടിയായി ഞാനവിടെ നിന്ന് ഏങ്ങിയേങ്ങിക്കരഞ്ഞു.
ഒടുക്കം, പ്രാര്‍ഥനയുടെ ഉത്തരം പോലൊരു ബസ് വന്നു. അതില്‍തന്നെ രണ്ടു മണിക്കൂറോളം യാത്രയുണ്ട്. അവിടുന്നങ്ങോട്ട് വേറെയും മണിക്കൂറുകള്‍. വീടെത്താന്‍ എന്തായാലും രാത്രിയാവും. ഉച്ചതിരിഞ്ഞ് എത്തുമെന്നറിയിച്ച മോളെ കാണാതെ ഉമ്മയുമുപ്പയും വിഷമിക്കും. സങ്കടംകൊണ്ട് കുറ്റബോധപ്പെട്ട്, എന്നാലും ബസ് വന്നല്ലോ എന്ന ആശ്വാസത്തിലിരുന്നു.
പെട്ടെന്നാണ് ബോധോദയമുണ്ടായത്. പേഴ്‌സില്‍ വെറും രണ്ട് രൂപയേ ഉള്ളൂ. പല വണ്ടി മാറിക്കയറി വീട്ടിലെത്താന്‍ നന്നെച്ചുരുങ്ങിയത് നൂറ് രൂപയെങ്കിലും വേണ്ടയിടത്ത് വെറും രണ്ട് രൂപ! പൈസയില്ലെന്ന് സുഹൃത്തിനോട് ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ ആവശ്യത്തിലധികം പണം കൈയില്‍ വെച്ചു തന്നേനെ. പക്ഷേ, ഒന്നുമോര്‍ത്തിരുന്നില്ല. ട്രെയ്‌നിന്റെ അതേ നേരത്ത് വീടെത്തണം. പറയാതെ തൃശൂര്‍ വന്നത് ഒരിക്കലും അറിയരുത്. അതുമാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ.
ഇറക്കിവിട്ടാലെന്ത് ചെയ്യും? രണ്ട് രൂപ കൈയിലിരുന്ന് വിറച്ചു.
കള്ളത്തരത്തിന്റെ ശിക്ഷയാണ്. മനഃപ്രയാസത്തിന്റെ, പേടിയുടെ, കുറ്റബോധത്തിന്റെ രൂപത്തില്‍ ഏറെ നേരമായി ഞാനത് അനുഭവിക്കുന്നുണ്ടല്ലോ!
'വണ്ടി അഞ്ച് മണിക്കൂര്‍ ലേറ്റ് ആണ്. എത്താന്‍ വൈകും' എന്ന് ഇത്താക്ക് മെസേജയച്ചു. എന്തും അനുഭവിക്കാന്‍ സ്വയം പാകപ്പെട്ട് സീറ്റില്‍ കണ്ണടച്ചിരുന്നു. എങ്കിലും, കണ്ടക്ടറുടെ പരുക്കന്‍ ശബ്ദം കേള്‍ക്കുമ്പോഴെല്ലാം നെഞ്ചിടിപ്പ് കൂടുന്നതും പേടിച്ചരണ്ട് വിറക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു.
ഓരോ തവണ അയാള്‍ മുന്നിലൂടെ കടന്നുപോവുമ്പോഴും ഞാന്‍ ഇറുക്കെ കണ്ണുകളടച്ചു. കാലു കുത്താനിടമില്ലാത്ത തിരക്കായിരുന്നു ബസില്‍. എന്തിനൊക്കെയോ ആ കണ്ടക്ടര്‍ ദേഷ്യപ്പെടുന്നതു മാത്രം കേള്‍ക്കാം. ഒറ്റ നാണയം കൊടുക്കാത്തൊരു കുട്ടിയോട് മേലില്‍ ചില്ലറയില്ലാതെ ബസില്‍ കേറിപ്പോവരുതെന്ന് കര്‍ക്കശനാവുന്നത് കേട്ടപ്പോള്‍, അടുത്ത ഏതോ നിമിഷത്തില്‍ അതേപോലെയോ അതിനേക്കാള്‍ ഭീകരമായോ അപമാനിക്കപ്പെടാന്‍ പോവുന്നതോര്‍ത്ത് ഞാനിരുന്ന് വിയര്‍ത്തു.
നേരം നീങ്ങിക്കൊണ്ടിരുന്നു. തിരക്കൊഴിഞ്ഞ നേരം, പേടിച്ചു പേടിച്ചിരുന്ന എന്നോടയാള്‍ 'ഇവിടെ ടിക്കറ്റെടുത്തില്ലല്ലോ?' എന്ന് ചോദിച്ചു. ഞാനല്ലാത്തൊരു ഞാന്‍, അന്നേരം കൈയില്‍ പൈസയില്ലെന്നും നേരം വൈകിയതിന്റെ ടെന്‍ഷനിലാണെന്നും ഇനിയുമേറെ ദൂരം പോവാനുണ്ടെന്നുമൊക്കെ വിശദീകരിച്ചിരിക്കണം! അതേവരെ ചില്ലറ കൊടുക്കാത്തതിനും നീങ്ങി നില്‍ക്കാത്തതിനും യാത്രക്കാരോട് ദേഷ്യപ്പെട്ടിരുന്ന ആ മനുഷ്യന്‍ ഒന്നും മിണ്ടിയില്ല. തലതാഴ്ത്തി നിന്ന എന്റെ കൈയില്‍ നൂറ് രൂപ നോട്ട് വെച്ചുതന്ന് പറഞ്ഞു: 'വേഗം പൊയ്‌ക്കോ. വീട്ടിലുള്ളോര് പേടിക്കും.'
വിറയാര്‍ന്ന ശബ്ദത്തോടെ പേര് ചോദിച്ചതോര്‍മയുണ്ട് - ഫൈസല്‍. പക്ഷേ, ആ മുഖമെനിക്കോര്‍മയില്ല. കണ്ണീരിന്റെ മറയില്‍ അവ്യക്തമായല്ലേ കണ്ടുള്ളൂ. ഇനിയൊരിക്കലും കാണാനാവാത്ത ആ നല്ല മനുഷ്യനോടുള്ള കടം ഇന്നും പ്രാര്‍ഥനാരൂപത്തില്‍ വീട്ടിക്കൊണ്ടിരിക്കുകയാണ്.