തിരശീലയില്‍നിന്ന് ഹൃദയത്തില്‍ ചേക്കേറിയ അമ്മമനസ്സുകള്‍
പറഞ്ഞു പഴകിയിട്ടും അന്യഭാഷാചിത്രങ്ങള്‍ ആയിരുന്നിട്ടും ഒരിക്കലും മറക്കാനാകാത്ത വിധത്തില്‍ ഹൃദയത്തില്‍ കൂടുകൂട്ടിയ മൂന്ന് അമ്മമനസ്സുകള്‍.
കുട്ടിക്കാലം മുതല്‍ ഏറ്റവും കൗതുകം തോന്നിയ കാര്യങ്ങളിലൊന്ന് ചലച്ചിത്രങ്ങളാണ്. തിരശീലയില്‍ അമ്പരപ്പിക്കുന്ന നിറങ്ങളുടെ വെളിച്ചത്തിന്റെ മാസ്മരികതയില്‍ അത്ഭുതത്തോടെ മാത്രം നോക്കിയിരിക്കുന്ന കുട്ടിയാണ് വളര്‍ന്നു കഴിഞ്ഞിട്ടും ഞാന്‍. തലയ്ക്ക് മുകളിലൂടെ നേര്‍രേഖയില്‍ സഞ്ചരിക്കുന്ന വെളിച്ചത്തിന്റെ അറ്റത്ത് കഥാപാത്രങ്ങള്‍ മാറുന്നതും കഥകള്‍ രൂപപ്പെടുന്നതും വിസ്മയകരമായ കാഴ്ച തന്നെയാണ്.
ചലച്ചിത്രങ്ങളിലെ എത്രയെത്ര അമ്മമാരാണ് ഓടിക്കയറി ഹൃദയത്തിന്റെ ബാല്‍ക്കണിയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. സൂര്യമാനസം, ആകാശദൂത്, തനിയാവര്‍ത്തനം, ബ്രിഡ്ജ്, സ്ത്രീധനം, അമ്മ അമ്മായിയമ്മ, ശാന്തം, രാപ്പകല്‍, മനസ്സിനക്കരെ തുടങ്ങി അനിയത്തിപ്രാവിലെ ശ്രീവിദ്യയും കെ.പി.എസ്.സി ലളിതയും വരെയുള്ള അമ്മമാര്‍ മറക്കാന്‍ ആകാത്ത വിധത്തില്‍ ഉള്ളിലെന്നുമുണ്ട്. എന്നാല്‍, ഒരിക്കലും മറക്കാനാകാത്ത വിധത്തില്‍ ഹൃദയത്തില്‍ കൂടുകൂട്ടിയ മൂന്ന് അമ്മമനസ്സുകളെയാണ് പറഞ്ഞു പഴകിയിട്ടും അന്യഭാഷാചിത്രങ്ങള്‍ ആയിരുന്നിട്ടും ഞാന്‍ നിങ്ങള്‍ക്ക് മുന്‍പിലേക്ക് നല്‍കുന്നത്.
'താരെ സമീന്‍ പര്‍'ലെ നക്ഷത്രങ്ങള്‍
എത്രകണ്ടാലും വീണ്ടും കാണുന്ന മടുക്കാത്ത പാട്ടുകേട്ടു കണ്ണീരൊഴുക്കുന്ന ചിത്രങ്ങളിലൊന്നാണിത്. ഇഷാന്‍ അവസ്ഥിയും അവന്റെ അധ്യാപകനും അമ്മയും അച്ഛനും സഹോദരനും അവന്‍ വരച്ച ചിത്രവും ഒന്നും നാം മറക്കാന്‍ ഇടയില്ല. 'തുജേ സബ്‌സെ പതാ ഹേന മാ (നിനക്ക് എല്ലാം അറിയാം, അല്ലേ അമ്മേ) എന്നുളള പാട്ടിന്റെ വരിയും സംഗീതവും ദൃശ്യവും കണ്ണുനീരോടെയാണ് കാണുന്നത്. ഒരടുക്കും ചിട്ടയുമില്ലാത്ത കൊച്ചു പയ്യന്റെ ജീവിതത്തില്‍ അവനേറ്റവും പ്രിയങ്കരമായത് കുടുംബമായിരുന്നു. സഹോദരനെപ്പോലെ ഒന്നാം റാങ്കുകാരനാകാന്‍ അവന് കഴിയുന്നില്ല. അവന്റെ ലോകം അമ്മയും നിറങ്ങളും പ്രപഞ്ചവുമാണ്. ജ എഴുതുമ്പോള്‍ റ ആയി പോകുന്ന അക്കങ്ങള്‍ തിരിഞ്ഞു പോകുന്ന പ്രോഗ്രസ് കാര്‍ഡില്‍ ചുവപ്പു വരകള്‍ നിറഞ്ഞ പഠനവൈകല്യമായ ഡിസ്ലെക്‌സിയ എന്ന അവസ്ഥയെക്കുറിച്ചാണ് ഈ ചലച്ചിത്രം സംവദിച്ചത്. മകനെ ബോര്‍ഡിങ് ഹോസ്റ്റലില്‍ ആക്കി കരഞ്ഞു മടങ്ങുന്ന അമ്മയും സുരക്ഷിതസ്ഥാനം നഷ്ടപ്പെട്ട ചിറകുമുറ്റാത്ത കിളിക്കുഞ്ഞിനെപ്പോലെ നില്‍ക്കുന്ന ഇഷാനും ഇതെഴുതുമ്പോള്‍ പോലും എന്റെ കണ്ണു നിറയ്ക്കുന്നുണ്ട്.
ഇവിടെ അവനു കിട്ടിയത് രണ്ടു അമ്മമാരെയാണ്. കരുണയാല്‍ നിറഞ്ഞു അവനെ ചേര്‍ത്തു പിടിച്ച റാം എന്ന അധ്യാപകനും (ആമീര്‍ഖാന്‍) അമ്മയായ നിഷയുമാണ് (ടിസ്‌ക ചോപ്ര). എന്നാല്‍, ഏറെ എടുത്തു പറയേണ്ട അഭിനയ മികവ് ഇഷാന്‍ അവസ്ഥിയായി അഭിനയിച്ച ദര്‍ഷീല്‍ സഫാരിയുടേതാണ്. ഡിസ്ലെക്‌സിയയുള്ള ഒരു കുട്ടി എന്താണെന്ന് തിരശീലയില്‍ വരച്ചു കാണിക്കുക മാത്രമല്ല, ആ പ്രായമുള്ള ഒരു കുട്ടി പെട്ടെന്ന് അമ്മയില്‍ നിന്നടരുമ്പോള്‍ അനാഥനാകുന്നതും അതെങ്ങനെ അവന്റെ ജീവിതത്തെ ബാധിക്കുമെന്നതും കൂടിയാണ് ചലച്ചിത്രത്തില്‍ വ്യക്തമാക്കിയത്.
മക്കളെ തല്ലിയും വഴക്കുപറഞ്ഞും താരതമ്യപ്പെടുത്തിയും മുന്നോട്ട് പോകുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ കുഞ്ഞ് ഇഷാനെപ്പോലെ ആണോ എന്നത്. ഇഷാന്റെ അവസ്ഥ വ്യക്തമാകുമ്പോള്‍ അവന്റെ അമ്മയുടെ ഹൃദയം തകര്‍ന്നൊരു നിലവിളിയുണ്ട്. കുഞ്ഞിനെ തിരിച്ചറിയാന്‍ കഴിയാതിരുന്ന അവന്റെ ലോകം പറിച്ചെറിഞ്ഞ കുറ്റബോധത്തില്‍ നിന്നാണ് ആ നൊമ്പരം ഉരുകിയൊലിക്കുന്നത്. ആമീര്‍ഖാനും അമോല്‍ ഗുപ്തയും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം എല്ലാ മാതാപിതാക്കളും കാണേണ്ട ഒന്നുകൂടിയാണ്.
പാ എന്ന ചിത്രത്തില്‍ നിറഞ്ഞ മാ
ആര്‍.ബല്‍കി സംവിധാനം നിര്‍വഹിച്ചു 2009 ഇല്‍ ഹിന്ദിയില്‍ പുറത്തിറങ്ങിയ ശ്രദ്ധേയമായ ചിത്രമാണ് 'പാ'(PAA). പന്ത്രണ്ട് വയസ്സുകാരനായ ആറോയെ തിരശീലയില്‍ അനശ്വരനാക്കിയത് അമിതാബ് ബച്ചന്‍ ആണ്. പ്രോജേറിയ എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ജനിതക തകരാറുമായി ജനിച്ച ആറോയുടെ കഥ അവന്റെ അമ്മയുടേത് കൂടിയാണ്. ഗൈനക്കോളജിസ്റ്റ് ആയ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിദ്യാബാലനാണ്. ഈ ചിത്രം എന്നില്‍ മറ്റൊരു ചലച്ചിത്രത്തിന്റെ ഓര്‍cയുണര്‍ത്തിയത് കൊണ്ട് പരാമര്‍ശിക്കട്ടെ. വാര്‍ധക്യത്തില്‍ ജനിച്ചു ശൈശവത്തിലേക്ക് പോകുന്ന തിരക്കഥയാണ് അതിനുള്ളത്. 'ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടന്‍'
2018 ല്‍ കുഞ്ഞാറ്റ ജനിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എന്നെ കഷായവും മരുന്നും കഴിപ്പിച്ചു നന്നാക്കാനും കൊച്ചിന് ഉരമരുന്നു കൊടുക്കാനും ശ്രമിച്ചു. തത്ഫലമായി തൂക്കം വേണ്ടതിനെക്കാള്‍ ഒരു ഗ്രാം പോലുമില്ലാത്ത കുഞ്ഞാറ്റയുടെ വയറിനുള്ളില്‍ ഗ്യാസ് നിറയുകയും ഛര്‍ദ്ദിച്ചു നെറുകയില്‍ കയറ്റി ഒരു നിമിഷം കൊണ്ട് അവള്‍ നീലനിറമായി കണ്ണു മിഴിച്ചടയ്ക്കുകയും ചെയ്തതിന്റെ നടുക്കം ഈ ജന്മം എന്നെ വിട്ടുപോകുകയില്ല. മൂക്കില്‍ നിന്നു പിഴിഞ്ഞും വാ കൊണ്ട് വലിച്ചും അച്ചാച്ചന്‍ അവളെ ജീവനിലേക്ക് കൊണ്ടു വരുമ്പോള്‍ വിറച്ചുകൊണ്ട് എന്റെ കുഞ്ഞിനെന്തു പറ്റിയെന്നു ചോദിക്കാന്‍ ഉള്ള ആരോഗ്യമേ എനിക്കുണ്ടായുള്ളൂ. ഉണങ്ങാത്ത മുറിവ് വിങ്ങി വേദനിച്ച് ഇട്ട ഉടുപ്പിനാല്‍ എല്ലാവരും ആശുപത്രിയിലേക്ക് രാത്രി ഓടിയ ആ രംഗം ഞാനിപ്പോള്‍ എന്തിനാണ് പറഞ്ഞതെന്നോ?
രോഗത്തിന്റെ തീവ്രത എത്രയെന്നും ആ അമ്മയനുഭവിക്കുന്ന തീക്ഷണതയെത്രയെന്നും ബോധ്യപ്പെടുത്താനാണ്. പ്രോജേറിയ എന്നത് ഓരോ നിമിഷത്തിലും ഇരട്ടി വേഗതയില്‍ വളരുന്ന ന്യൂറോണുകളുടെ അവസ്ഥ കൂടിയാണ്. ഇത് ബാധിക്കുന്ന കുഞ്ഞുങ്ങള്‍ ഒരു വര്‍ഷം വളരേണ്ടതിന്റെ ഇരട്ടിയുടെ ഇരട്ടി വളരും. അതായത് ബാല്യകാലം യൗവനത്തിനും കൗമാരം വാര്‍ധക്യത്തിനും വഴിമാറും. ജരാനരകള്‍ ബാധിച്ചു പതിമൂന്നോ പതിനാലോ വയസ്സിനുള്ളില്‍ മരണപ്പെടും. കുഞ്ഞിന് ഒരു പ്രശ്‌നം പറ്റിയാല്‍ തളരുന്ന എന്നെപ്പോലുള്ള അമ്മമാര്‍ക്കിടയില്‍ എത്രയെത്ര അമ്മമാരാണ് ഇങ്ങനെ മരിച്ചു ജീവിക്കുന്നത്.
കാമുകന്റെ കരിയറിന് ബാധ്യതയാകാതിരിക്കാന്‍ കൊല്ലാതെ ഉദരത്തില്‍ ജീവനുമായെത്തുന്ന വിദ്യയ്ക്ക് മുന്‍പില്‍ അവളുടെ അമ്മ ചോദിക്കുന്ന ചോദ്യം 'നിനക്ക് ഈ കുഞ്ഞിനെ വേണോ' എന്നത് മാത്രമാണ്. താനൊരു 'സിംഗിള്‍ പേരെന്റ്' ആണെന്നും സമൂഹം എന്തു കരുതും തന്റെ എം.ബി.ബി.എസ് സ്വപ്നം എന്നു പറഞ്ഞു കരയുന്ന വിദ്യയോട് വീണ്ടും ചോദിക്കുന്നത് 'ഈ കുഞ്ഞിനെ നിനക്ക് വേണോ' എന്നത് മാത്രം ആണ്. ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ വിദ്യയെ ഒറ്റയ്ക്ക് വളര്‍ത്തിയത് കഥ പറഞ്ഞാണ് ആയമ്മ അവള്‍ക്ക് സുരക്ഷിതയിടമായത്.
പ്രോജേറിയ എന്ന അവസ്ഥ ആദ്യം ഹൃദയം തകര്‍ത്തെറിഞ്ഞെങ്കിലും വിദ്യയുടെ കഥാപാത്രം പിന്നീട് അതിനെക്കുറിച്ചു പഠിക്കുകയും അതിനെ അംഗീകരിക്കുകയും ചെയ്യുകയാണ്. കുഞ്ഞിന്റെ വളര്‍ച്ചയുടെ പടവുകളില്‍ അവനു കൂട്ടുകാരിയായ വിദ്യയെക്കാണാം. ആറോയ്ക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോളാണ് കഥ തുടങ്ങുന്നത്. രൂപത്തില്‍ വൃദ്ധനെപ്പോലെ തോന്നിച്ച അവനെ കുഞ്ഞായി കണക്കാക്കുന്ന അവന്റെ അവസ്ഥയറിഞ്ഞു അവനു കഴിക്കാന്‍ പറ്റുന്ന കിച്ചടി മാത്രം കഴിക്കുന്ന, വാഗ്ദാനം തെറ്റിച്ചു തകര്‍ന്നു മുറിയടച്ചിരിക്കുന്ന ആറോയെ പുറത്തിറക്കാന്‍ വീഡിയോ ഗെയിം കളിക്കുന്ന, അവനെ സ്‌കൂളില്‍ അയക്കരുത് എന്നു ഡോക്ടര്‍ പറയുമ്പോള്‍ അവനിനി ആയുസ്സില്ലെന്നും അവന്റെ സന്തോഷമാണ് അതെന്നും കൃത്യമായി അറിയുന്ന, അവന്റെ അച്ഛനൊപ്പം അദ്ദേഹത്തെ അറിയിക്കാതെ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ആറോയുടെ ഏറ്റവും വലിയ സ്വത്ത് അവന്റെ അമ്മയാണ്. അച്ഛനായി വരുന്നത് അഭിഷേക് ബച്ചന്‍ ആണെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
ഒരു കുഞ്ഞിനെ വളര്‍ത്തികൊണ്ടു വരുന്നത് എത്രമാത്രം ബുദ്ധിമുട്ടാണോ അതിലും കഠിനമാണ് രോഗബാധിതനായ അച്ഛനില്ലാത്ത കുഞ്ഞിനെ തനിച്ചു വളര്‍ത്തുന്നത്. ചലച്ചിത്രത്തിന്റെ കഥാതന്തുവിലേക്ക് ഞാന്‍ കടന്നു പോകുന്നില്ല. ഈ ചിത്രം കണ്ടിട്ടില്ലെങ്കില്‍ കാണണം. കണ്ണുനീരോടെയല്ലാതെ നിങ്ങള്‍ക്ക് കണ്ടു കഴിയാനാവില്ല. ക്ലൈമാക്‌സില്‍ പൊട്ടിക്കരയുന്ന അമ്മ നിങ്ങളാകും. കുഞ്ഞിന് ചുറ്റും പതിമൂന്ന് വര്‍ഷങ്ങള്‍ ഭ്രമണം ചെയ്ത ആ അമ്മ.
'പേരന്‍പി'ലെ അന്‍പുള്ള അച്ഛന്‍
അമ്മയാകാന്‍ ഗര്‍ഭം ധരിക്കേണ്ടതില്ലയെന്നും അമ്മ മനസ്സുണ്ടായാല്‍ മാത്രം മതിയെന്നും രേഖപ്പെടുത്തിയ ചിത്രമാണ് പേരന്‍പ്. അമുദവന്‍ എന്ന പ്രവാസിയെ മമ്മൂട്ടിയും മീര എന്ന ട്രാന്‍സ് വുമണിനെ അഞ്ജലി അമീറും തിരശീലയില്‍ വരച്ചിട്ടു. റാം എന്ന സംവിധായകന്‍ നമുക്ക് മുന്‍പില്‍ അവതരിപ്പിച്ചത് പാപ്പാ എന്ന സെറിബ്രല്‍ പാര്‍സി ബാധിച്ച കുഞ്ഞിന്റെയും അച്ഛന്റെയും കഥയാണ്. പത്തു വര്‍ഷക്കാലം പാപ്പയെ വളര്‍ത്തി മകളെ വളര്‍ത്താന്‍ ആവശ്യപ്പെട്ടു അമുദവനെ ഏല്‍പ്പിച്ചു ഒളിച്ചോടിയവളാണ് കഥയിലെ അമ്മ. പാപ്പയുടെ പ്രവര്‍ത്തികള്‍ കുട്ടികള്‍ക്ക് പകരുമോ എന്നു പേടിച്ചു ബന്ധുവീട്ടുകാര്‍ സ്ഥലം മാറിപ്പോകുന്നിടത്തേക്കാണ് മകളെക്കുറിച്ചു ഒന്നുമറിയാത്ത അച്ഛന്‍ കടന്നു വരുന്നത്. വിറ്റൊഴിഞ്ഞു പോകാന്‍ നാട്ടുകാരുടെ സമ്മര്‍ദവും അയാള്‍ക്കുണ്ട്.
ബുദ്ധിവളര്‍ച്ചയില്ലാത്ത, എന്നാല്‍ ശരീരവളര്‍ച്ചയുള്ള പാപ്പാ അച്ഛനുമായി അടുക്കുന്നില്ല. അയാളവള്‍ക്ക് അപരിചിതനാണ്. മെല്ലെ അവളുടെ ഇഷ്ടങ്ങള്‍ക്ക് കൂട്ടുനിന്നു അയാള്‍ അവളുടെ വിശ്വാസം നേടുന്നുണ്ട്. അമുദയുടെ അമ്മജീവിതം അവിടെ തുടങ്ങുകയാണ്. തന്റെ കുഞ്ഞിനെ തിരിച്ചറിഞ്ഞു അവള്‍ക്കായി ആളൊഴിഞ്ഞ ഇടത്തില്‍ വീട് വാങ്ങുന്ന അമുദയ്ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളിലൊന്നു ആദ്യ ആര്‍ത്തവത്തില്‍ പകച്ചു ഭയന്നു നിലവിളിക്കുന്ന പാപ്പയെയാണ്. അന്ന് സഹായത്തിനെത്തിയ വിജിയെ അയാള്‍ വിവാഹം കഴിക്കുന്നത് പാപ്പയ്ക്ക് ഒരമ്മയാകാനാണ്. പാപ്പയെ കിണറ്റില്‍ തള്ളിയിട്ടു കൊല്ലാന്‍ ശ്രമിക്കുന്നിടത്ത് അയാള്‍ തിരിച്ചറിയുന്നത് അമ്മയും അച്ഛനുമായി മകള്‍ക്ക് താനേയുള്ളൂ എന്നു കൂടിയാണ്. അവളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന, അതിനായി ശ്രമിക്കുന്ന അവളെ അമ്മയെപ്പോലെ നെഞ്ചേറ്റുന്ന അച്ഛനാണ് അമുദ.
ശരീരവഴക്കം ഇല്ലാത്ത ബുദ്ധിയുറച്ചിട്ടില്ലാത്ത പെണ്‍കുഞ്ഞുങ്ങളുടെ നേര്‍ചിത്രമായി പാപ്പ മാറുന്നു. 'ഈശ്വരന്‍ സ്‌നേഹിച്ച കുട്ടികള്‍' എന്ന പുസ്തകത്തില്‍ സുനിത ബാഗ്ചി തുറന്നുവച്ചത് ഇത്തരം കുട്ടികളെക്കൂടിയാണ്. 'സമുദ്രശില'യില്‍ സുഭാഷ് ചന്ദ്രന്‍ എഴുതിവച്ചത് ഇതിന്റെ മറ്റൊരു തലമാണ്. അതിലെത്ര ശരിയുണ്ടെന്നു പറയാന്‍ ഞാന്‍ മുതിരുന്നില്ല. കഥാന്ത്യത്തില്‍ ആത്മഹത്യ എന്നൊരു വഴി രണ്ടുപേര്‍ക്കും അമുദ തിരഞ്ഞെടുക്കാന്‍ കാരണമായത് സമൂഹമാണ്. കഥ തീര്‍ന്നില്ല. ബാക്കിയറിയാത്തവര്‍/കണ്ടിട്ടില്ലാത്തവര്‍ തീര്‍ച്ചയായും കാണേണ്ട സിനിമകളില്‍ ഒന്നാണ് പേരന്‍പ്.
ഈ മൂന്നു ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ലിംഗമോ ഗര്‍ഭധാരണമോ പ്രസവമോ അല്ല ഒരാളെ അമ്മയാക്കുന്നത് എന്നും അമ്മയൊരു വികാരമാണ് എന്നും തെളിയിക്കുകയാണ്. ആണായാലും പെണ്ണായാലും ഉടലേതായാലും അമ്മത്തം കുടിയിരിക്കുന്നത് മനസ്സുകളില്‍ ആണെന്നത് പേരന്‍പിലെ മീരയിലും കാണാം. അമ്മത്തമുള്ളവര്‍ ലോകം നിറയട്ടെ. കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിക്കട്ടെ. മനുഷ്യര്‍ കുഞ്ഞുങ്ങളെ ഹൃദയത്തില്‍ ചുമക്കട്ടെ.