Quantcast
MediaOne Logo

റസീന ഹൈദര്‍

Published: 24 Sep 2024 3:51 PM GMT

എന്റെ പ്രവാസം ഇതുമാത്രമാണ്; പച്ചയായ മനുഷ്യരെന്നെ തൊട്ടുകടന്നു പോകുന്നത്

എനിക്ക് പ്രവാസം എന്തെന്നാല്‍ എന്നെ പരിചയമില്ലാത്ത, എന്നാല്‍ മൊത്തത്തില്‍ പിടിച്ചുലച്ചു പോകുന്ന അപരിചിതരായ കുറേ മനുഷ്യരാണ്. അവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കും മറ്റെവിടേക്കോ ഉള്ള പറന്നുപോക്കുമാണ്.

Raseena Hyder - റസീന ഹൈദര്‍
X

നമ്മുടെ ലോകമായതിനെയൊക്കെ ഉപേക്ഷിച്ചു മറ്റൊരു ലോകത്തേക്ക് ചേക്കേറുന്നവരെ കാണുമ്പോള്‍ അവര്‍ക്കതെങ്ങനെ സാധിക്കുന്നുവെന്നു ഇടയ്ക്കിടെ ഓര്‍ക്കുമായിരുന്നു. കാരണം, 'പേര്‍ഷ്യക്കാര്‍' വിരുന്നു വരുന്ന കുടുംബത്തിലായിരുന്നു ജനിച്ചുവളര്‍ന്നത്. ഗള്‍ഫ് മണം വലിച്ചെടുത്തു തെല്ലു കൗതുകത്തോടെ അവരെ നോക്കുമ്പോഴും, മുന്തിയ ചോക്‌ളേറ്റുകള്‍ കൊണ്ടു കൂട്ടുകാരെ അതിശയിപ്പിക്കുമ്പോഴും, അതു കൊണ്ടുതരുന്നവര്‍ പടിയിറങ്ങുമ്പോഴുണ്ടാകുന്ന ശൂന്യത ഉള്ളുലച്ചിരുന്നു. അതുകൊണ്ട് തന്നെ പേര്‍ഷ്യക്കാരി എന്ന സ്വപ്‌നം പണ്ടേ കുഴിച്ചു മൂടിയതാണ്.

പക്ഷെ, കാലം കൊണ്ടെത്തിച്ചത് അതിലേക്ക് തന്നെയാണ്. എയര്‍പോര്‍ട്ടിലെ പ്രവൃത്തിപരിചയവും അത്യാവശ്യം വേണ്ട വിദ്യാഭ്യാസവും ഉള്ളതുകൊണ്ട് ജോലി കിട്ടുമെന്ന ആത്മവിശ്വാസം മൂന്നാമത്തെ മാസം അവസാനിക്കാറായപ്പോഴേക്ക് സുല്ലിട്ടു. വിസിറ്റ് വിസ തീരാന്‍ രണ്ടാഴ്ച ബാക്കി നില്‍ക്കെ അപ്രതീക്ഷിതമായി ഒരു കോള്‍ വന്നു.

ഒരു ലോജിസ്റ്റിക്‌സ് കമ്പനിയില്‍ നിന്നാണ്, അവര്‍ പറഞ്ഞ അഡ്രസ്സില്‍ എത്തിയപ്പോള്‍ അവിടെ ഒരു ഓഫീസ് ഉണ്ട്. പക്ഷെ, ഡ്രൈവര്‍ എന്ന് തോന്നിപ്പിക്കുന്ന ഒരാളും അയാളുടെ മാനേജറും മാത്രമേ അവിടെയുള്ളു. ഇന്റര്‍വ്യൂ കഴിഞ്ഞു, മാനേജര്‍ ശമ്പളം പറഞ്ഞപ്പോള്‍ അതു വല്ലാതെ കുറഞ്ഞു പോയി. അതുകൊണ്ട് കുറച്ചുകൂടെ ഉണ്ടെങ്കിലേ എനിക്ക് എന്റെ മകനെകൂടെ കൊണ്ടുവരാന്‍ പറ്റൂ എന്ന ആവശ്യം ഞാന്‍ അറിയിച്ചു.

സ്വന്തമായി, മാണിക്യം എന്ന പേരുമാത്രമായി ഒരുവള്‍ വന്നിരുന്നു. അപസ്മാരം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തി മാണിക്യത്തിന്റെ ജീവനെ ചുഴറ്റിയെറിഞ്ഞു. അഡ്രസ്സും മറ്റും അന്വേഷിച്ച് നാട്ടിലും ദുബായിലുമെല്ലാം അറിയിച്ചു. ഒരു മനുഷ്യനും ആവശ്യമില്ലാതെ അവരങ്ങനെ മൂന്നു ദിവസം തണുത്തു വിറങ്ങലിച്ചു നീലിച്ചു കിടന്നു.

'' പറഞ്ഞതില്‍ കൂടുതല്‍ ശമ്പളം തരാനൊക്കെ സാധിക്കും. പക്ഷെ, ചില അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാകണം. മകനെ കൊണ്ടുവരാനുള്ളതടക്കം ശരിയാക്കാം' എന്നും പറഞ്ഞപ്പോള്‍ ആദ്യം ഞാനൊന്നും പതറിയെങ്കിലും പിന്നീട് കാര്യം മനസ്സിലായി. ഒരു മനുഷ്യന്‍ പോലും ഇല്ലാതെ വിജനമായ ആ ഓഫീസ് അന്ന് തന്നത് പേടി തന്നെയാണ്. നടക്കുകയായിരുന്നോ അതോ ഓടി പുറത്തിറങ്ങുകയായിരുന്നോ എന്ന് പോലും ഓര്‍ക്കുന്നില്ല. ഭയം അത്രയേറെ കീഴ്‌പ്പെടുത്തിയിരുന്നു. പക്ഷെ, ഇറങ്ങാന്‍ നേരം അയാളുടെ മുഖത്തേക്ക് നോക്കി ഒരു പുച്ഛം സമ്മാനിച്ചിരുന്നു, കാരണം ആ മനുഷ്യനെന്റെ വെല്ലിപ്പയുടെ പ്രായമുണ്ട്.

ഉള്ളിലെ ഇത്തിരി വെട്ടവും, ഈ കെട്ട കാലത്തു കെട്ടു പോയി. പിറ്റേന്ന് നാട്ടിലേക്ക് പോകാനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് പരതുമ്പോള്‍ മറ്റൊരു വിളി വന്നു. ആസ്റ്റര്‍ ഹോസ്പിറ്റലില്‍ നിന്നാണ്. കസ്റ്റമര്‍ കെയറിലേക്കാണ് ഒഴിവുള്ളത്. ഇന്റര്‍വ്യൂവിനു നാളെ വരാമോ എന്നാണ് ചോദ്യം. പിറ്റേന്ന് തന്നെ അപ്പോയ്ന്റ്‌മെന്റ് ലെറ്റര്‍ കിട്ടി.

അങ്ങനെ 2015 ലെ ഒരു തണുപ്പുകാലത്തു എന്റെ അഞ്ചു വയസ്സുള്ള മകനെ ഉമ്മയെ ഏല്‍പിച്ചു ഒറ്റക്ക് വിമാനം കയറുമ്പോള്‍, നെഞ്ചില്‍ മിടിപ്പ് മാത്രമേയുള്ളൂ, ഹൃദയം അവന്റെ കയ്യിലാണ്. അഞ്ചു മൂലകളിലായി അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ളവര്‍, അതായിരുന്നു തുടക്കം. പാകിസ്താനിയായ ആയിഷ ഉണ്ടാക്കുന്ന റൊട്ടി ഞാന്‍ കഴിക്കുന്നതിലോ ഞാന്‍ ഒരുക്കിയ അവിയല്‍ അവള്‍ കഴിക്കുന്നതിലോ ഇവിടെ യാതൊരു വിലക്കുകളുമില്ല എന്നതാണ് ആദ്യം പഠിച്ച പാഠം. എന്റെ കുഞ്ഞിന്റെ മണമില്ലാതെ ഉറങ്ങുകയെന്നാല്‍ മരണത്തിനു സമമെന്ന് എന്റെ ബങ്കര്‍ ബെഡിലെ തലയിണകള്‍ സാക്ഷ്യം പറയും. കണ്ണടച്ചാല്‍ അവന്റെ മുഖം തെളിയും എന്നതിനാല്‍ ജോലി സമയം എട്ടര മണിക്കൂറില്‍ നിന്നു പതിനാലാക്കി, ഇനി പണിയെടുത്താല്‍ വീഴും എന്ന അവസ്ഥയില്‍ മത്രം മുറിയിലെത്തി. കണ്ണടയുമ്പോള്‍ മാത്രം മെത്തയില്‍ തലയമര്‍ത്തി.

കമ്പനി എന്റെ ഈ നീണ്ടമണിക്കൂറുകളെ കഠിനധ്വാനത്തില്‍ ഉള്‍പ്പെടുത്തി, രണ്ടു വര്‍ഷംകൊണ്ട് ശമ്പളം കൂടുകയും സ്ഥാനക്കയറ്റം ഉണ്ടാകുകയും ചെയ്തു. അതുകൊണ്ട് തന്നെ അഞ്ചോ ആറോ മാസത്തില്‍ മകനെ പോയി കാണുകയോ ഇടയ്ക്കു വിസിറ്റ് വിസയെടുത്തു അവരെ ഇവിടെ കൊണ്ടുവരികയോ ചെയ്തു.

മരുഭൂമിയില്‍ മഴ പെയ്യും പോലെ ഇടയ്ക്കിടെ അവന്റെ മണങ്ങള്‍ എന്നെ തൊട്ടു കടന്നുപോയി. 2019 ലാണ് എന്റെ ജീവന്‍ പേറുന്നവനെയും എന്നെ പേറിയ ഉമ്മയെയും സ്ഥിരമായി കൊണ്ടുവരുന്നത്. അതുവരെ സത്യത്തില്‍ ഞാന്‍ എന്റെ ജോലിയെ സ്‌നേഹിച്ചിട്ടില്ല, എന്റെ ജോലിയുടെ ഗൗരവത്തെ മനസ്സിലാക്കിയിട്ടില്ല. തിരിച്ചെത്താന്‍ വീടുണ്ടെന്നും, അവിടെ എന്നെ കാത്തു മനുഷ്യരുണ്ടെന്നും ഉറപ്പിക്കുന്ന ആ സമയം മുതല്‍ മാത്രം ഞാന്‍ എന്റെ ജോലിയിലേക്ക് ആത്മാര്‍ഥമായി ഇറങ്ങി തുടങ്ങി.

എന്റെ കുടുംബം എന്ന പൊട്ടക്കുളമല്ല ഈ ലോകം എന്ന തിരിച്ചറിവുകള്‍ പിന്നീട് ഓരോ ദിവസവും ഉണ്ടായി കൊണ്ടിരുന്നു. എന്നും എനിക്കൊരു കഥയുണ്ടായി. പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടത് ഉള്‍ക്കൊള്ളാനാകാതെ മണിക്കൂറുകള്‍ ഞങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരുവളുണ്ടായിരുന്നു. ആശുപത്രി മുഴുവന്‍ ശ്രമിച്ചിട്ടും അടക്കാന്‍ കഴിയാത്തൊരു സ്ത്രീ. ''അദ്ദേഹം പോയെന്നു നിങ്ങളെങ്ങനെ പറയും, എന്റെ മക്കളദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്, ഞാന്‍ എന്ത് പറയണം'' അതു പറഞ്ഞു കഴിഞ്ഞതും അവരുടെ കൈകള്‍ എന്റെ കോട്ടില്‍ നിന്നും പിടിവിട്ടിരുന്നു. അത്രയേറെ ശക്തമായി അവരെന്നെ പിടിച്ചു വെച്ചിരുന്നു. മരണം എളുപ്പമല്ലായിരുന്നു എന്ന് പയ്യെ പയ്യെ തിരിച്ചറിയുകയായിരുന്നു. ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരുടെ ജീവനും കൊണ്ടാണ് ചിലര്‍ പറന്നുപോകുന്നത്.

സ്വന്തമായി, മാണിക്യം എന്ന പേരുമാത്രമായി ഒരുവള്‍ വന്നിരുന്നു. അപസ്മാരം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തി മാണിക്യത്തിന്റെ ജീവനെ ചുഴറ്റിയെറിഞ്ഞു. അഡ്രസ്സും മറ്റും അന്വേഷിച്ച് നാട്ടിലും ദുബായിലുമെല്ലാം അറിയിച്ചു. ഒരു മനുഷ്യനും ആവശ്യമില്ലാതെ അവരങ്ങനെ മൂന്നു ദിവസം തണുത്തു വിറങ്ങലിച്ചു നീലിച്ചു കിടന്നു.

നല്ല ജോലി വാഗ്ദാനം ചെയ്തു സെക്‌സ് റാക്കറ്റില്‍ അകപ്പെട്ടു എന്റെ മുന്നിലെത്തിയ പതിനഞ്ചുകാരി പറഞ്ഞത് അച്ഛനാണ് തന്നെ അവര്‍ക്ക് ഏല്‍പിച്ചത് എന്നാണ്. അവളുടെ ഓരോ ദിവസവും എങ്ങനെ എന്നതിനു അവളുടെ ദേഹത്തെ മുറിപ്പാടുകള്‍ മറുപടി പറയും. പ്രസവിക്കാറായ അവള്‍ക്ക് ആ കുഞ്ഞിന്റെ അച്ഛന്‍ എന്ന് ഉറപ്പിച്ചു പറയാന്‍ ഒരു പേരില്ലായിരുന്നു. കുഞ്ഞിനേയും കൊണ്ടു അവള്‍ ഇറങ്ങുന്നത് എങ്ങോട്ടായിരിക്കുമെന്നും കുഞ്ഞിന്റെ ഭാവി എന്തെന്നും ഊഹിക്കാന്‍ പോലും സാധ്യമല്ല.

മരണത്തെക്കാള്‍ ഭീകരമാണ് ഇഞ്ചിഞ്ചായി വേദനയും പേറി വര്‍ഷങ്ങള്‍ ചില അസുഖങ്ങളോട് പോരാടി ജീവിക്കുന്നതെന്നു പിന്നീട് തോന്നിയിട്ടുണ്ട്. ''ഈ വെയ്റ്റിംഗ് ഏരിയ ഞങ്ങളെ പോലുള്ളവര്‍ക്ക് മാത്രമായി മാറ്റി വെക്കാമോ ''എന്നൊരമ്മ ചോദിച്ചപ്പോഴാണ് അവരുടെ മുഖം ശ്രദ്ധിക്കുന്നത്. കീമോ ഏല്‍പിച്ച ആഘാതത്തില്‍ വളഞ്ഞുപോയ ഒരു രൂപം. തലയില്‍ ഒരു മുടി പോലുമില്ലാത്തതിനാല്‍ ഷോള്‍ കെട്ടി മറച്ചിരുന്നു. പുരികമോ കണ്‍പീലിയോ പോലുമില്ലാത്ത ചുക്കി ചുളിഞ്ഞ ഒരു രൂപം. ഇരുപത്തിയേഴു വയസ്സുള്ള അവരെ എനിക്ക് അമ്മേ എന്ന് വിളിക്കേണ്ടി വന്നതിലെ വേദന ചെറുതായിരുന്നില്ല. തന്നെ, പേടിയോടെയും സഹതാപത്തോടെയും നോക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ടാകുന്നതുകൊണ്ടാണ് അവര്‍ക്കായി ആ ഏരിയ തരംതിരിക്കാന്‍ ആ കുട്ടി ആവശ്യപ്പെട്ടത്. കാണുന്നവര്‍ക്ക് കൗതുകം മാത്രമേകുന്ന ചില ജീവിതങ്ങളുമുണ്ട്.

കല്യാണത്തിന് ശേഷം മാത്രം ലൈംഗികത മതിയത്രേ, അതുകൊണ്ട് ഏതോ വൈദ്യന്‍ പത്തുവയസ്സിലെ തുന്നികെട്ടിയ സ്വകാര്യഭാഗത്തിന്റെ തുന്നലുകളില്‍ നിന്നു ചോര വാര്‍ന്നൊരുവള്‍ ആശുപത്രിയിലേക്ക് ഓടിക്കയറിയത് ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു. ഭര്‍ത്താവ് അശാസ്ത്രീയമായി ബ്ലെയ്ഡ്കൊണ്ട് ചന്നം പിന്നം കീറി മുറിച്ചു അയാളുടെ ലൈംഗിക തൃഷ്ണ അടക്കിയിട്ടുണ്ട്. ചോര വാര്‍ന്നു അവള്‍ കിടന്നതു ആഴ്ചകളോളമാണ്.

നല്ല ജോലി വാഗ്ദാനം ചെയ്തു സെക്‌സ് റാക്കറ്റില്‍ അകപ്പെട്ടു എന്റെ മുന്നിലെത്തിയ പതിനഞ്ചുകാരി പറഞ്ഞത് അച്ഛനാണ് തന്നെ അവര്‍ക്ക് ഏല്‍പിച്ചത് എന്നാണ്. അവളുടെ ഓരോ ദിവസവും എങ്ങനെ എന്നതിനു അവളുടെ ദേഹത്തെ മുറിപ്പാടുകള്‍ മറുപടി പറയും. പ്രസവിക്കാറായ അവള്‍ക്ക് ആ കുഞ്ഞിന്റെ അച്ഛന്‍ എന്ന് ഉറപ്പിച്ചു പറയാന്‍ ഒരു പേരില്ലായിരുന്നു. കുഞ്ഞിനേയും കൊണ്ടു അവള്‍ ഇറങ്ങുന്നത് എങ്ങോട്ടായിരിക്കുമെന്നും കുഞ്ഞിന്റെ ഭാവി എന്തെന്നും ഊഹിക്കാന്‍ പോലും സാധ്യമല്ല.

എന്റെ ഉറക്കം കളഞ്ഞൊരു മൂന്നുവയസ്സുകാരിയുണ്ട്. നീല കണ്ണുള്ള വെളുത്തു തുടുത്ത ഒരു മാലാഖ. അന്നവള്‍ മനോഹരമായ ഒരു റോസ് ഉടുപ്പാണ് അണിഞ്ഞിരുന്നത്. അവളെ എടുത്തു മടിയില്‍ വെക്കാന്‍ ഡോക്ടര്‍ പറഞ്ഞപ്പോള്‍ പതിവു പോലെ കൈകള്‍ നീട്ടിയതാണ് ഞാന്‍. നീലക്കണ്ണുകള്‍ പേടി കൊണ്ടു ഇരുട്ടുന്നതും ചുണ്ടുകള്‍ വിറക്കുന്നതും ഇട്ട ഉടുപ്പ് താഴെക്കെ നീട്ടി വലിച്ചു പിടിക്കുന്നതും കണ്ടപ്പോള്‍ എന്തിനീ ലോകത്തു ജീവിക്കുന്നുവെന്നു തോന്നിപ്പോയി.

ആ സമയം ഭൂമി പിളര്‍ന്നു ഞാന്‍ താഴേക്ക് പോയെങ്കിലെന്റെ ദൈവമേ എന്നലറാന്‍ തോന്നി. സ്വന്തം മാതാപിതാക്കളെ പോലും തൊടാന്‍ അനുവദിക്കാതെ, കഴിക്കാതെ, കുടിക്കാതെ, അവളുടേതായ രീതിയില്‍ സമരം ആരംഭിച്ചപ്പോഴാണ് ആ മാലാഖ ആശുപത്രിയില്‍ എത്തുന്നത്. ലോകമിങ്ങനെ ശുഷ്‌കിച്ചു അവളുടെ കണ്ണുകളില്‍ ഒതുങ്ങി. ഉത്തരം പറയേണ്ടത് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹമെന്നു ഉറപ്പാണ്. ഓടിക്കളിക്കേണ്ട പ്രായത്തില്‍ അവള്‍ ഓടി ഒളിക്കുന്നു. ബാല്യം നശിച്ചു മണ്ണടിഞ്ഞിരിക്കുന്നു. അവളോട് എന്താണ് പറയേണ്ടത്! കുഞ്ഞെ ഞാന്‍ അല്ല എന്നോ! അതോ നമ്മളല്ലന്നോ! പേടിക്കരുതെന്നോ?

കേട്ടും കണ്ടും മനസ്സ് പിടിവിടുമ്പോഴാണ് ഞാന്‍ ഇതെല്ലാം എഴുതി വെക്കാന്‍ തുടങ്ങിയത്. മനുഷ്യരെ ഇത്തിരി ദയ ഉള്ളവരാകൂ എന്ന് പറഞ്ഞുതുടങ്ങിയത്. ഇത് നിങ്ങളുടെ മാത്രം ഭൂമിയല്ലെന്നു ഉറക്കെ പറയാന്‍ തുടങ്ങിയത്. വളരെ തളര്‍ന്നു തുടങ്ങിയ എനിക്ക് ഈ അടയാളപ്പെടുത്തലുകളാണ് ഊര്‍ജം നല്‍കിയത്.

അല്ലാതെ ഇതില്‍ നിന്നു പുറത്തു കടക്കുക സാധ്യമായിരുന്നില്ല. എന്റെ പ്രവാസം ഇത് മാത്രമാണ്, പച്ചയായ മനുഷ്യരെന്നെ തൊട്ടുകടന്നു പോകുന്നത്. പൊട്ടക്കുളത്തിലെ തവളയിപ്പോള്‍ വലിയൊരു കടല്‍ക്കരയില്‍ വന്നു പോകുന്ന തിരകള്‍ എണ്ണിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും അതില്‍ വീഴുകയും അന്ന് തന്നെ എഴുനേല്‍ക്കുകയും ചെയ്യേണ്ടതുണ്ട്. എല്ലാം തരണം ചെയ്തു ഇറങ്ങിപ്പോകുന്ന ചിരിച്ച മുഖങ്ങള്‍ സത്യത്തില്‍ ജീവിതത്തിന്റെ ഒരു വശം എപ്പോഴും മറച്ചുവെച്ചാണ് പടിയിറങ്ങുന്നത്. എനിക്ക് പ്രവാസം എന്തെന്നാല്‍ എന്നെ പരിചയമില്ലാത്ത, എന്നാല്‍ മൊത്തത്തില്‍ പിടിച്ചുലച്ചു പോകുന്ന അപരിചിതരായ കുറേ മനുഷ്യരാണ്. അവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കും മറ്റെവിടേക്കോ ഉള്ള പറന്നുപോക്കുമാണ്.


TAGS :