എന്റെ വിഷുക്കാലം
വിഷുവിന്റെ തലേദിവസം ഉണരുന്നതുതന്നെ മുന്‍പേ കണ്ടുവച്ച കണിക്കൊന്നമരങ്ങളെ ഓര്‍ത്തിട്ടാണ്. കൊന്നപ്പൂവിറുക്കാന്‍ പോവാന്‍ വൈകിയാല്‍ പണിപാളും. അപ്പുറത്തെ കൃഷ്‌ണേട്ടന്‍ മിക്ക മരങ്ങളും തൂത്തുതുടച്ചെടുക്കും. എന്നുവെച്ചാല്‍, പൂവെല്ലാം മൂപ്പര് അഞ്ചുരൂപയ്ക്കുള്ള കെട്ടാക്കി ഷൊര്‍ണൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ കൊണ്ടുവച്ചു വില്‍ക്കും. അതിനുമുന്നെ വേണം ഞങ്ങള്‍ കുട്ടികള്‍ വീടുകളിലേക്കുള്ളത് ശേഖരിക്കാന്‍. | ഓര്‍മയിലെ വിഷുക്കാലം
കുളപ്പുള്ളിയിലെ അമ്മമ്മയുടേയും മുത്തശ്ശന്റെയും ചക്കൂത്തുവീട്ടില്‍ താമസിക്കാന്‍ പോവുക എന്നതാണ് വേനലവധിക്കാലത്തെ ആദ്യസന്തോഷം. അതിനുപിന്നാലെ വരുന്ന വിഷുവാണ് കുട്ടിക്കാലത്തിന് കമ്പിത്തിരിത്തിളക്കം തന്നിട്ടുള്ളത്.
തൊണ്ണൂറുകളിലെ വള്ളുവനാടന്‍ ഗ്രാമങ്ങള്‍ കഥയിലേയും സിനിമയിലേയും പോലെ മോഹിപ്പിക്കുന്നതായിരുന്നു. അറ്റക്കഴായകളും ഇല്ലിമുള്ളുവേലികളും വേലിപ്പുറങ്ങളില്‍ വര്‍ത്തമാനം പറഞ്ഞുനില്‍ക്കുന്ന അമ്മമാരുമുണ്ടായിരുന്ന കാലം. വെള്ളരിയൊ ഇടിച്ചക്കയൊ തേങ്ങയൊ എന്തോ ആവട്ടെ , വീട്ടുകാര്‍ പരസ്പരം പങ്കുവെച്ച് പുതുവര്‍ഷത്തെ വരവേല്‍ക്കും. അന്നൊക്കെയായിരുന്നു വിഷു.
വിഷുവിന്റെ തലേദിവസം ഉണരുന്നതുതന്നെ മുന്‍പേ കണ്ടുവച്ച കണിക്കൊന്നമരങ്ങളെ ഓര്‍ത്തിട്ടാണ്. കൊന്നപ്പൂവിറുക്കാന്‍ പോവാന്‍ വൈകിയാല്‍ പണിപാളും. അപ്പുറത്തെ കൃഷ്‌ണേട്ടന്‍ മിക്ക മരങ്ങളും തൂത്തുതുടച്ചെടുക്കും. എന്നുവെച്ചാല്‍, പൂവെല്ലാം മൂപ്പര് അഞ്ചുരൂപയ്ക്കുള്ള കെട്ടാക്കി ഷൊര്‍ണൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ കൊണ്ടുവച്ചു വില്‍ക്കും. അതിനുമുന്നെ വേണം ഞങ്ങള്‍ കുട്ടികള്‍ വീടുകളിലേക്കുള്ളത് ശേഖരിക്കാന്‍.
അത്താഴം കഴിഞ്ഞാല്‍ അമ്മമ്മ കണിയൊരുക്കം മുഴുമിപ്പിക്കും. കഴുകിത്തുടച്ച ഓട്ടുരുളിയില്‍ ഉണക്കല്ലരിയും വെള്ളരിയും കൊന്നപ്പൂവും അഷ്ടമംഗല്യവും നിരക്കും. ഉരുളിയിലെ ഓരൊ വസ്തുവിനും കണിയില്‍ ഓരൊ ഫലമാണത്രെ. കോടിമുണ്ടും ഗ്രന്ഥവും താളിയോലയും കണ്ണാടിയും വാല്‍ക്കണ്ണാടിയും സ്വര്‍ണ്ണവും ഉടച്ച നാളികേരവും പണവും ഉരുളിയില്‍ വയ്ക്കും. തിരിയിട്ട നിലവിളക്ക് വലതുവശത്തു വയ്ക്കും
ആ പണി തീര്‍ന്നാല്‍ പിന്നെ കസിന്‍സിനൊപ്പം പടക്കം വാങ്ങാനുള്ള പിരിവെടുക്കല്‍ ആണ്. പോക്കറ്റ് മണിയൊക്കെ കുറച്ചെ വീട്ടില്‍നിന്ന് കിട്ടു. പക്ഷേ, ജോലിയുള്ള മൂന്നുനാല് കസിന്‍സിനെ കയ്യിലാക്കും. മാര്‍ക്കറ്റില്‍ കിട്ടാവുന്ന സകല പടക്കവും വൈകീട്ടോടെ വീട്ടിലെത്തും. കളര്‍ തീപ്പെട്ടി മുതല്‍ ഗുണ്ട് വരെ വാങ്ങും. മാലപ്പടക്കം, പച്ചക്കെട്ട്, മത്താപ്പൂ, പൂക്കുറ്റി, പിന്നെ രാജാവായ ഓലപ്പടക്കം അങ്ങനെ സകലതും സന്ധ്യമയങ്ങുന്നതോടെ പൊട്ടിച്ചു തുടങ്ങും. ' പോയ് മേല് കഴുകി വരു കുട്ട്യോളെ... വിളക്കുകൊളുത്തി കാട്ടട്ടെ, നാമം ചൊല്ലിന്‍, ന്നിട്ട് മതി തോന്ന്യാസം ' എന്ന് അമ്മമ്മയുടെ അശരീരി പുറകെ വരും. കാരണമുണ്ട്. ഞങ്ങള്‍ പെണ്‍കുട്ടികള്‍ പടക്കം പൊട്ടിക്കുന്നതില്‍ അമ്മമ്മയ്ക്ക് അത്ര താല്‍പര്യം പോര. പക്ഷേ, ആവേശത്തിമിര്‍പ്പില്‍ ഞങ്ങള്‍ അതൊന്നും കേള്‍ക്കില്ല ' തലതെറിച്ചതാണൊക്കെ, പറഞ്ഞാല്‍ കേള്‍ക്കാത്ത അശ്രീകരങ്ങള്‍ ' എന്ന് കുറച്ചുറക്കെ സമാധാനിച്ച് അമ്മമ്മ കണിവയ്ക്കാനുള്ള കൂട്ടങ്ങള്‍ ഒരുക്കും.
അന്നൊക്കെ വീട്ടില്‍ത്തന്നെയുള്ള വിഭവങ്ങളാണ് കണിയ്‌ക്കെടുക്കുക. നെല്‍കൃഷിയും പച്ചക്കറികൃഷിയും ഉള്ള വീടാണ്. ഒരു കണ്ടം മുഴുവന്‍ മുത്തശ്ശന്‍ വിളയിച്ചെടുത്ത വെള്ളരിതന്നെ കാണും. അതില്‍ ആരോഗ്യവും ചന്തവുമുള്ള വെള്ളരിയ്ക്ക് കണിവെള്ളരിയായി കയറ്റം കിട്ടും. അത്താഴം കഴിഞ്ഞാല്‍ ഞങ്ങള് പിന്നെയും കമ്പിത്തിരിയും പൂത്തിരിയുമായി പൊളിയ്ക്കും. അയലത്തെ ഉണ്ണ്യേട്ടന്‍ മാലപ്പടക്കത്തിന് തിരികൊളുത്തിയാല്‍ ഞങ്ങള്‍ പച്ചക്കെട്ട് പൊട്ടിയ്ക്കും. വടക്കേപ്പുറത്ത് പൂക്കുറ്റി ഇരച്ചാല്‍ ഞങ്ങള് ഗുണ്ട് പൊട്ടിക്കും. മുറ്റത്തെ പിള്ളത്തിണ്ട് വിണ്ടുകീറും. ഒരിയ്ക്കല്‍ കമ്പിത്തിരി നിലവിട്ടു കത്തിയപ്പോള്‍ കുടഞ്ഞുകളയാതെ അതുംപിടിച്ച് ഞാന്‍ കരഞ്ഞുകൊണ്ട് അകത്തേയ്ക്ക് ഓടി. ഇടനാഴി വരെയെത്തി.
'നീ ഈ വീട് കത്തിയ്‌ക്വോ അസത്തേ....' എന്നു ചോദിച്ചുകൊണ്ട് അമ്മമ്മ എന്നെ അവിടുന്ന് ഉമ്മറത്തേക്ക് തിരിച്ചോടിച്ചു. ലൈറ്റൊക്കെ ഓഫ് ചെയ്ത് മണ്ണെണ്ണ വിളക്കിലാണ് ഈ പരിപാടികളൊക്കെ. ദൂരെ പാടത്തിനപ്പുറം കറന്റുകിട്ടാത്ത വീടുകളുള്ള കാലമാണ്. അവിടുന്ന് തെളിയുന്ന വിഷുവെളിച്ചങ്ങള്‍ക്ക് ഞങ്ങളുടേതിനേക്കാള്‍ തെളിച്ചമുണ്ടായിരുന്നു. വോള്‍ട്ടേജില്ലാത്ത ബള്‍ബുകളണച്ച് ഞങ്ങളും ആ വെളിച്ചത്തെ ആവാഹിച്ചു.
അത്താഴം കഴിഞ്ഞാല്‍ അമ്മമ്മ കണിയൊരുക്കം മുഴുമിപ്പിക്കും. കഴുകിത്തുടച്ച ഓട്ടുരുളിയില്‍ ഉണക്കല്ലരിയും വെള്ളരിയും കൊന്നപ്പൂവും അഷ്ടമംഗല്യവും നിരക്കും. ഉരുളിയിലെ ഓരൊ വസ്തുവിനും കണിയില്‍ ഓരൊ ഫലമാണത്രെ. കോടിമുണ്ടും ഗ്രന്ഥവും താളിയോലയും കണ്ണാടിയും വാല്‍ക്കണ്ണാടിയും സ്വര്‍ണ്ണവും ഉടച്ച നാളികേരവും പണവും ഉരുളിയില്‍ വയ്ക്കും. തിരിയിട്ട നിലവിളക്ക് വലതുവശത്തു വയ്ക്കും. നിറച്ച വാല്‍ക്കിണ്ടിയും വാഴപ്പഴവുമടക്കമുള്ള ഫലവര്‍ഗങ്ങളും വയ്ക്കും. ഭക്തയായ അമ്മമ്മയുടെ കയ്യില്‍ ഭഗവാന്‍ കൃഷ്ണന്റെ അതിസുന്ദരമായ രൂപമുണ്ടായിരുന്നു. എരുക്കുപൂവ് കൊണ്ട് മാലകെട്ടി, മേമ അണിയിച്ചൊരുക്കിയ ആ കൃഷ്ണരൂപം കണിയ്ക്ക് നാഥനായി നില്‍ക്കും. വീട്ടിലെ മുല്ലയില്‍നിന്ന് പൂപറിച്ച് മാലക്കെട്ടി ചാര്‍ത്തും. പുലര്‍ച്ചെ മൂന്നരയ്ക്ക്, മുറയ്ക്ക് മക്കളേയും പേരക്കുട്ടികളേയും അമ്മമ്മ കണികാണാന്‍ ഉണര്‍ത്തും. അപ്പൊഴേക്കും അയല്‍വീടുകളില്‍ പടക്കം പൊട്ടിത്തുടങ്ങും. അതുകേട്ടുണര്‍ന്നാലും അമ്മമ്മ വന്ന് വിളിയ്ക്കാന്‍ കാത്തുകിടക്കും. മുന്നെ ഉണര്‍ന്ന് കണ്ണുതുറന്നെന്ന് അറിഞ്ഞാല്‍ അമ്മമ്മയ്ക്ക് വിഷമമായാലൊ! പരസ്പരം കണ്ണുപൊത്തി ഓരോരുത്തരായി പലകയില്‍ ഇരുന്ന് കണ്ണ് ശുദ്ധിവരുത്തി കണ്ണുനിറയെ കണികാണും. നിലവിളക്കിന്റെ നാളങ്ങളില്‍ തെളിയുന്ന മഞ്ഞളിപ്പ് കണ്ണാടിയില്‍ കണ്ട് മനസ്സുനിറയ്ക്കും. അമ്മമ്മയും മുത്തശ്ശനും കൈനീട്ടം തരും. മേമമാരും വല്ല്യമ്മമാരും കൈനീട്ടം തരും. പിടയ്ക്കുന്ന, വടിവൊത്ത പത്ത് രൂപ നോട്ടുകള്‍ കിട്ടുന്ന ദിവസമാണന്ന്. ഒരു കൊല്ലത്തേക്ക് ഞങ്ങള്‍ കുട്ടികള്‍ക്കുള്ള സമ്പാദ്യമായിരുന്നു അത്.
ദൂരെ പാടത്തിനപ്പുറം കറന്റുകിട്ടാത്ത വീടുകളുള്ള കാലമാണ്. അവിടുന്ന് തെളിയുന്ന വിഷുവെളിച്ചങ്ങള്‍ക്ക് ഞങ്ങളുടേതിനേക്കാള്‍ തെളിച്ചമുണ്ടായിരുന്നു. വോള്‍ട്ടേജില്ലാത്ത ബള്‍ബുകളണച്ച് ഞങ്ങളും ആ വെളിച്ചത്തെ ആവാഹിച്ചു.
ചാണകം തേച്ചിട്ട മുറ്റത്ത് അതിരാവിലെ കൈക്കോട്ട് കാല് അരിമാവണിഞ്ഞ് മുത്തശ്ശന്‍ പൂജിയ്ക്കും. മൂന്ന് അരിയട വച്ച് ഊട്ടും. ശേഷം ഒരു മുഴുത്ത ചക്കവെട്ടി വര്‍ഷത്തെ വിഭവസമൃദ്ധമാക്കും. കിഴക്കേത്തൊടിയില്‍ മത്തന്‍വിത്ത് കുഴിച്ചിടും. പാടത്തേക്കു നെല്‍വിത്തുമായി പോയി കണ്ടത്തിന്റെ മൂലയൊരുക്കി വിതയ്ക്കും. വീട്ടില്‍ അപ്പൊഴേക്കും അമ്മമാര്‍ ചേര്‍ന്ന് കുത്തരിയില്‍ നാളികേരം ചിരകിയിട്ട് വിഷുക്കഞ്ഞി തയ്യാറാക്കും. വാഴപ്പോളകൊണ്ട് തടംകെട്ടി അതില്‍ വാഴയില വച്ച് കഞ്ഞിവിളമ്പി ചക്കപ്പുഴുക്കും ഇടിച്ചക്ക - മുതിര തോരനും കൂട്ടി ഞങ്ങളത് കുടിയ്ക്കും. ഉച്ചയ്ക്ക് സദ്യയുണ്ടാവും. സാമ്പാറല്ല, വെള്ളരിയ്ക്കയും മാങ്ങയും മോരൊഴിച്ച് തേങ്ങയരച്ച കൂട്ടാന്‍ ആയിരുന്നു ഞങ്ങള്‍ക്ക് വിഷുസദ്യയില്‍ മുഖ്യം ബിഗിലേ.... ബാക്കി പടക്കവും പൊട്ടിച്ചു തീര്‍ത്തെ അന്നുറങ്ങാന്‍ പോവൂ.
വിഷുപ്പിറ്റേന്ന്, പടക്കം പൊട്ടിച്ച് അലങ്കോലമാക്കിയ മുറ്റം അടിച്ചുവാരുന്നതുകണ്ടാണ് ഉണരുക. ചാണകം തളിച്ച മുറ്റത്തേക്ക് നോക്കി അരിത്തിണ്ണയില്‍ ഇരിക്കുമ്പോള്‍, പുതിയ വായുശ്വസിച്ച് പുതിയൊരു ഭൂമികയില്‍ ഇരിക്കുകയാണെന്ന് തോന്നും. അപ്പോള്‍ വടക്കേത്തൊടിയില്‍നിന്ന് 'ട്ടോ' എന്നൊരു വന്‍ പൊട്ടല്‍ കേള്‍ക്കാം. ഓടിച്ചെന്ന് നോക്കുമ്പോള്‍ അമ്മമ്മ തിരിഞ്ഞുനോക്കി ഒരു കള്ളച്ചിരി ചിരിയ്ക്കും. മുറ്റത്തുനിന്ന് കൊണ്ടുപോയ അടിയ്ക്കാട്ടില്‍ പൊട്ടാതെ കിടന്നിരുന്ന പടക്കങ്ങള്‍ക്ക് അമ്മമ്മ തീകൊടുത്തതാണ്. കൊച്ചുകള്ളി.... എന്നിട്ട് നിന്നുചിരിക്കുന്നതു കണ്ടോ?
അല്ല; കണിയൊരുക്കി ഏറ്റവും അവസാനം കിടന്നുറങ്ങിയ ഈ അമ്മമ്മയെ പുലര്‍ച്ചെ ഏറ്റവും ആദ്യം വിളിച്ചുണര്‍ത്തിയതാരാകും! അമ്മമ്മയെ ആരാവും കണികാണിച്ചിട്ടുണ്ടാവുക!