Quantcast
MediaOne Logo

സജി അജീഷ്

Published: 5 Sep 2024 9:11 AM GMT

അധ്യാപകനെന്ന മായാചിത്രം

സെപ്റ്റംബര്‍ അഞ്ച്: ദേശീയ അധ്യാപക ദിനം

അധ്യാപകനെന്ന മായാചിത്രം
X

സെപ്റ്റംബര്‍ അഞ്ചെന്നും അധ്യാപക ദിനമെന്നും കേള്‍ക്കുമ്പോള്‍ നാമറിയാതെ തന്നെ നമ്മുടെ മനസ്സില്‍ ചില വ്യക്തികളുടെ രൂപം തെളിഞ്ഞു വന്നിട്ടുണ്ടാകും. അത്തരത്തിലുള്ള ഒന്നോ രണ്ടോ പേരെങ്കിലും ഓരോ വ്യക്തികള്‍ക്കുമുണ്ടാകും; പലര്‍ക്കും അതിലധികവുമുണ്ടാകും. ചിലര്‍ക്ക് ആദ്യാക്ഷരങ്ങള്‍ ഉറക്കെ പറഞ്ഞും എഴുതിയും പഠിപ്പിച്ച രൂപമായിരിക്കാം പെട്ടെന്ന് മുന്നിലെത്തുക. മറ്റു ചിലര്‍ക്കാകട്ടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ, ഓരോഘട്ടത്തിലും അറിവ് പൂര്‍ണ്ണമാകാന്‍ കുറച്ച് മൂല്യങ്ങളെ കൂടി ഗ്രഹിക്കാന്‍ പ്രാപ്തമാക്കിക്കൊടുത്ത ഒരു രൂപമായിരിക്കാം കണ്‍മുന്നിലെത്തുക. അതുമല്ലെങ്കില്‍ സ്‌നേഹത്തോടെയുള്ള ഒരു വാക്കോ, തലോടലോ ചിലപ്പോള്‍, ചൂരലിന്റെ അടയാളമായും ശകാരമായും പുറത്താക്കലിന്റെ വേദനയായും ജാള്യതയായുമൊക്കെ ചേര്‍ന്നതുമാകാം. എങ്കിലും അതൊക്കെത്തന്നെ നമ്മുടെ നാളേയെ വാര്‍ത്തെടുക്കാനുള്ള ലക്ഷ്യബോധവും, കാഴ്ചപ്പാടും വളര്‍ത്തിയെടുക്കാനായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോള്‍, ആ രൂപങ്ങളോട് നമുക്ക് പറഞ്ഞറിയിക്കാനാവാത്ത സ്‌നേഹവും ബഹുമാനവും കൃതാര്‍ഥതയുമൊക്കെ വന്നുനിറയും.

വളര്‍ന്നു വരുന്ന ഒരു കുട്ടിക്ക്, വിദ്യ നേടുന്നതിനിടക്ക് പല കാരണങ്ങളാല്‍, അവന്റെ ചിന്തകള്‍ വഴിമാറിയും പടര്‍ന്നുമൊക്കെ സഞ്ചരിക്കുന്നുണ്ടാവാം. അപ്പോഴെല്ലാം അതിനെ വേണ്ട പോലെ കടിഞ്ഞാണിട്ടു കൊണ്ട്, അവന് അറിവ് സ്വായത്തമാക്കാനും, തന്റെ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കാനും അധ്യാപകര്‍ക്കുള്ള പങ്ക് ശ്ലാഘനീയമാണ്.

നാടിന് നല്ല പൗരന്മാരുണ്ടാകാന്‍, കര്‍മ മണ്ഡലങ്ങളില്‍ നൂതന ആശയങ്ങള്‍ വളര്‍ത്തി നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍, അറിവിനൊപ്പം സംസ്‌കാരിക ഉന്നമനവും, നാടിന്റെ പൈതൃകവും കാത്തു സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നെ വികസനോന്മുഖമായ പ്രവര്‍ത്തനങ്ങളിലൂടെ ജീവിത മേന്മ കൈവരിക്കാന്‍ വിജ്ഞാനം കൈവരിച്ചേ മതിയാകൂ. അതിനായി കാലത്തിനൊത്ത് പുതിയ മാനങ്ങള്‍ കണ്ടെത്തി അതില്‍ പ്രാവീണ്യം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും അത്യന്താപേക്ഷിതമാണ്. അതിന്റെ ഊര്‍ജ്ജസ്വലത സമൂഹത്തില്‍ വ്യാപിക്കാനുതകുന്ന ഒരു ബന്ധം അധ്യാപകരും, വിദ്യാര്‍ഥികളും തമ്മിലുണ്ടാകണം.

തെളിനീരൊഴുക്കുന്ന നദിയുടെ കൈവഴികള്‍ വരണ്ടുപോയാല്‍ നാടിന്റെ മറ്റു ഭാഗങ്ങളില്‍ നീര്‍വാര്‍ച്ച എത്തുകയില്ലല്ലോ. അറിവിന്റെ നീരൊഴുക്ക് അധ്യാപകരില്‍ നിന്ന് വിദ്യാര്‍ഥികളാകുന്ന കൈവഴിയിലേക്കും അതിലൂടെ നാടിന്റെ നാനാഭാഗത്തും ജനമനസ്സുകളിലും ജീവിതത്തിലും അറിവിന്റെ അര്‍ദ്രമുഖമായി തങ്ങി നില്‍ക്കുന്നതിനും അധ്യാപകര്‍ തന്നെയാണ് മുഖ്യഘടകം. വിദ്യാഭ്യാസത്തിലൂടെ മറ്റുള്ളവരിലേക്ക് നന്മ പകര്‍ന്നുകൊടുക്കുന്നതില്‍ അധ്യാപകര്‍ക്ക് പകരംവെക്കാന്‍ മറ്റൊന്നുമില്ല തന്നെ. അത്തരത്തിലുള്ള ഒരു അധ്യാപകനായിരുന്നു ഇന്ത്യയുടെ ആദ്യത്തെ വൈസ് പ്രസിഡന്റും രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍. അദ്ദേഹം പണ്ഡിതനും ഫിലോസഫറും വിദ്യാ വിചക്ഷണനും എഴുത്തുകാരനുമെന്നതിലുപരിയായി മികവുറ്റ അധ്യാപകനുമായിരുന്നു.

1888-ല്‍ ആന്ധ്രയില്‍ (തിരുപ്പതി) ജനിച്ച അദ്ദേഹം കുട്ടിയായിരിക്കുമ്പോള്‍ തന്നെ വേദവും ഉപനിഷത്തുമടക്കമുള്ള പുരാണങ്ങള്‍ വായിക്കുകയും അതിലെ സാരാംശങ്ങള്‍ ഗ്രഹിച്ച് ജീവിതത്തില്‍ പകര്‍ത്താനും, മറ്റുള്ളവരില്‍ അതെത്തിക്കാനും വ്യഗ്രത കാട്ടിയിരുന്നു. 1909ല്‍ മദ്രാസ് പ്രസിഡന്‍സി കോളജില്‍ ഫിലോസഫി വിഭാഗത്തില്‍ അധ്യാപകനായിക്കൊണ്ടായിരുന്നു തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് മൈസൂര്‍ സര്‍വ്വകലാശാല, യൂണിവേഴ്‌സിറ്റി ഓഫ് കല്‍ക്കട്ടയുടെ മെന്റല്‍ ആന്‍ഡ് മോറല്‍ സയന്‍സിന്റെ ചെയര്‍, ആന്ധ്ര യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വൈസ് ചാന്‍സലറായി സേവനമനുഷ്ടിച്ചു.

അങ്ങനെ ഭാരതത്തിലും, കൂടാതെ തനിക്ക് പ്രാവീണ്യമുള്ള വിഷയങ്ങളിലെ അറിവ് മികവുറ്റ അധ്യാപന ശൈലിയിലൂടെ, പ്രഭാഷണത്തിലൂടെ ഇന്ത്യക്ക് പുറത്തും എത്തിക്കാന്‍ അവസരമുണ്ടായി. അദ്ദേഹത്തിന് 1926ല്‍ കോണ്‍ഗ്രസ്സ് ഓഫ് യൂണിവേഴ്‌സിറ്റി ഓഫ് എംപയറില്‍ പങ്കെടുക്കാനവസരം ലഭിക്കുകയും തുടര്‍ന്ന് ഹാര്‍വാഡ് യൂണിവേഴ്സിറ്റി ഓഫ് ഇന്റര്‍നാഷ്ണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുമായി. അവിടെ ഐഡിയല്‍സ് ഓഫ് ലൈഫ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയുണ്ടായി.

ഈസ്റ്റേണ്‍ റിലീജിയണ്‍ ആന്‍ഡ് എത്തിക്‌സ്-എന്ന വിഷയത്തില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ സ്പാള്‍ഡിംഗ് പ്രൊഫസര്‍ ആകുകയും, ആള്‍ സോള്‍സ് കോളേജില്‍ ഫെല്ലോയായും പ്രവര്‍ത്തിച്ചുകൊണ്ട് തന്റെ അറിവില്‍ നിന്നുരുത്തിരിഞ്ഞ ജീവിത വീക്ഷണങ്ങളും, ഇന്ത്യന്‍ സംസ്‌കാരവും എങ്ങും പകര്‍ന്നു നല്‍കാനായി. അതിനായി ധാരാളം പുസ്തകങ്ങളും രചിച്ചു. ദ ഫിലോസഫി ഓഫ് ഉപനിഷത്, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ്; സം റിഫ്‌ലക്ഷന്‍സ്, ഈസ്‌റ്റേണ്‍ റിലീജിയണ്‍ ആന്‍ഡ് വെസ്റ്റേണ്‍ തോട്ട് എന്നിവ ചിലതു മാത്രം.

1946 മുതല്‍ 1956 വരെ യുനസ്‌കോ UNESCO -ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് ഡോ. സര്‍വ്വേപ്പിള്ളി രാധാകൃഷ്ണനാണ്. അദ്ദേഹത്തിന് 1954 ല്‍ ഭാരത രത്നയും 1975ല്‍ അന്താരാഷ്ട്ര പുരസ്‌ക്കാരമായ ടെമ്പിള്‍ടണ്‍ അവാര്‍ഡും, 'ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ അക്കാദമി ഫെലോഷിപ്പുമൊക്കെ നല്‍കി ആദരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനം അധ്യാപക ദിനമായി ആചരിക്കുന്നതായിരിക്കും ഏറ്റവും മഹത്തരമായ പുരസ്‌ക്കാരം.

അദ്ദേഹം നേടിയ അറിവ് നമ്മുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുള്ളതാണ്. അവയൊക്കെ അധ്യാപനത്തിലൂടെയും പ്രഭാഷണത്തിലൂടെയും ഭാരതത്തിലും പുറത്തുമുള്ള എത്രയോ ആളുകളിലേക്കെത്തിക്കാനും അവരിലൊക്കെ മാറ്റമുണ്ടാക്കാനും കഴിഞ്ഞു.

വേദവും ഉപനിഷത്തുമൊക്കെ പഠിച്ച് അതിന്റെ സാരാംശം നന്നായി മനസ്സിലാക്കുകയും അതില്‍ നിന്നുരുത്തിരിഞ്ഞ ബോധം ജാതി ചിന്തക്കും മനുഷ്യരെ വേര്‍തിരിച്ചു കാണുന്നതിലും എതിര്‍പ്പു കാട്ടിയും, സ്‌നേഹവും അറിവുമാണ് മനുഷ്യ നന്മയുടെ സത്ത എന്ന് ഉറച്ചു വിശ്വസിച്ചു. അദ്ദേഹം എന്നും ഓരോ 'അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു പാഠപുസ്തകം തന്നെയാണ്.

പുതിയ തലമുറ പലപ്പോഴും (ചിലരെങ്കിലും) പറയാറുണ്ട്, അധ്യാപകര്‍ വിദ്യാര്‍ഥികളുമായി ആത്മബന്ധം കാക്കുന്നില്ല എന്ന്. കാലത്തിനനുസരിച്ചുളള ചില വ്യതിയാനങ്ങള്‍ എന്നതിലുപരി, ഗുരു എന്നും ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ അനന്യനാണ് എന്നതില്‍ തര്‍ക്കമില്ല. ഗുരു തന്നെയാണ് മാര്‍ഗദര്‍ശി. അതിനൊരിക്കലും മാറ്റമുണ്ടാവുകയില്ല. ഇന്നും എന്നും ആ ഓരോ അധ്യാപക ദിനവും ആ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുള്ള ഒരു ദിനമായി മാറട്ടെ!


TAGS :