Quantcast
MediaOne Logo

തമീം ഷാഹുല്‍

Published: 6 Oct 2024 10:00 AM GMT

നൗഷാദിന്റെ പുസ്തകലോകം

വായിക്കാന്‍ ഇഷ്ടമാണോ, പുസ്തകം വേണോ? ഇവിടെയുണ്ട് നൗഷാദ്

നൗഷാദിന്റെ പുസ്തകലോകം
X

അക്ഷരങ്ങളുടെ മാന്ത്രികചെപ്പുകളാണല്ലോ ഓരോ പുസ്തകങ്ങളും. പുസ്തകങ്ങള്‍ കൊണ്ട് മതില്‍ക്കെട്ടുകള്‍ തീര്‍ത്ത് അതിലൂടെ ഒരു ഇടനാഴി സൃഷ്ടിച്ച് വായനാ പ്രേമികളുടെ ഹൃദയത്തിലേക്ക് നടന്നുനീങ്ങുകയാണ് കോഴിക്കോട്ടുകാരനായി മാറിയ കൊല്ലത്തുകാരന്‍ നൗഷാദ്. കഴിഞ്ഞ 25 വര്‍ഷമായി പുസ്തക വില്‍പ്പന മേഖലയില്‍ സജീവമാണ് നൗഷാദ്. നഗരത്തിലെ സാംസ്‌കാരിക സദസ്സുകള്‍, സമ്മേളന നഗരികള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, കലാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം നൗഷാദിനേയും നൗഷാദിന്റെ പുസ്തക വില്‍പ്പനയെയും മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണ്.

ആരാണ് നൗഷാദ്?

1981 മേയ് 30ന് കൊല്ലം ജില്ലയിലെ മടത്തറ എന്ന മലയോര കാര്‍ഷിക ഗ്രാമത്തിലാണ് നൗഷാദിന്റെ ജനനം. ബിഎ ഇംഗ്ലീഷ് ബിരുദത്തിനുശേഷം കേരള സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിലും മധുര കാമരാജ് സര്‍വ്വകലാശാലയില്‍ നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രത്തില്‍ നിന്നും എച്ച്ഡിസിയും കരസ്ഥമാക്കി. കൂലിപ്പണിക്കാരനായ പിതാവ് അബ്ദുല്‍കരീമിനെ കണ്ടാണ് അധ്വാനത്തിലെ ആദ്യ പാഠങ്ങള്‍ നൗഷാദ് മനസ്സിലാക്കുന്നത്. ചെറുപ്പത്തില്‍ തന്നെ പിതാവിന്റെ തൊഴിലിന്റെ ഭാഗമായി ചെറുനാരങ്ങ വില്‍പ്പന നൗഷാദ് ഏറ്റെടുത്തു. നാരങ്ങ സൈക്കിളില്‍ വച്ചുകെട്ടി കിലോമീറ്ററുകള്‍ താണ്ടി കടകളിലും ഉത്സവ പറമ്പുകളിലും മറ്റുമായി വില്‍പ്പന നടത്തി തനിക്കുള്ള പോക്കറ്റ് മണി നൗഷാദ് തന്നെ കണ്ടെത്തുമായിരുന്നു. പഠനത്തോടൊപ്പം വിവിധ തരം ജോലികള്‍ ചെയ്തിരുന്നു നൗഷാദ്. കെട്ടിട നിര്‍മാണ തൊഴിലാളിയായും, ടിപ്പര്‍ ലോറി ക്ലീനറായും, പത്രങ്ങളുടെ ഫീല്‍ഡ് സ്റ്റാഫായും ജോലി ചെയ്തിട്ടുണ്ട്. തന്റെ പഠനകാലത്ത് നാട്ടിലെ സി. കേശവന്‍ ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് തുടങ്ങുന്നതിലൂടെയാണ് നൗഷാദ് പുസ്തകങ്ങളുമായി കൂടുതല്‍ അടുത്ത ബന്ധം സൃഷ്ടിക്കുന്നത്.

പുസ്തക ലോകത്തിലേക്കുള്ള യാത്ര

നൗഷാദ്, ബിരുദ പഠന കാലത്ത് ഇടവേളകളില്‍ ചെയ്തുകൊണ്ടിരുന്ന തൊഴിലായിരുന്നു ഇലക്ട്രിക് അടുപ്പുകളുടെയും ഗ്യാസ് അടുപ്പുകളുടേയും വീടുകള്‍ കയറിയുള്ള വില്‍പ്പന. വിപണിയിലെ സാധ്യത കുറവ് കാരണം നിരാശനായ നൗഷാദ് തന്റെ ഗ്രാമത്തിനടുത്തുള്ള മണ്‍റൊതുരുത്തിന്റെ വഴികളിലൂടെ നടക്കുന്നതിനിടെ പുസ്തക വില്‍പ്പനയുമായി പോകുന്ന രണ്ട് യുവാക്കളെ കാണാനിടയായി. ആ കാഴ്ച സൃഷ്ട്ടിച്ച കൗതുകം എത്തിനിന്നത് ''ഞാനും കൂടെ കൂടിക്കോട്ടെ'' എന്ന ചോദ്യത്തിലേക്കാണ്. ആ ചോദ്യമാണ് ഇന്ന് കാണുന്ന പുസ്തക വില്‍പ്പനക്കാരനായ പുസ്തകലോകം എന്ന തലക്കെട്ടില്‍ അറിയപ്പെടുന്ന നൗഷാദ് എന്ന വ്യക്തിയില്‍ എത്തിച്ചത്.

കോഴിക്കോട്ടേക്ക് പറിച്ചുനട്ട പുസ്തകലോകം

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ചെറിയ രീതിയില്‍ പുസ്തകം വിറ്റ് നടന്നിരുന്ന നൗഷാദ് 2014ല്‍ അധ്യാപികയായ ഭാര്യ ജംഷീറയുടെ ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായാണ് സാഹിത്യ നഗരമായ കോഴിക്കോട് എത്തിച്ചേരുന്നത്. കല്ലായി കണ്ണഞ്ചേരി രാമകൃഷ്ണന്‍ മിഷന്‍ സ്‌കൂളില്‍ അധ്യാപികയായി ജംഷീറക്ക് ജോലി ലഭിച്ചു. ഈ കാരണങ്ങളാല്‍ കോഴിക്കോട് സ്ഥിരതാമസമായ നൗഷാദ് പിന്നീടുള്ള പുസ്തകവില്‍പ്പന കോഴിക്കോടിന്റെ നഗരഭാഗങ്ങളിലേക്ക് പറിച്ചുനട്ടു.

തന്റെ ആക്ടീവ വാഹനത്തില്‍ അളവിലധികം പുസ്തകവുമായി നൗഷാദ് പുസ്തക വില്‍പ്പനയുടെ വേഗത കൂട്ടി. ഇതിനിടയിലാണ് 2019 കാലത്ത് കൊറോണയുടെ വ്യാപനം. ഈ സാഹചര്യത്തില്‍ പുസ്തകവില്‍പന പ്രതിസന്ധിയിലായി. അപ്പോഴാണ് ഒണ്‍ലൈനില്‍ പുസ്തക വില്‍പന നടത്തുക എന്ന ആശയം ഉടലെടുക്കുന്നത്. വാട്‌സ്ആപ് ഉപയോഗം അത്ര പരിചയമില്ലാത്ത നൗഷാദിന് കോഴിക്കോട് സര്‍വകലാശാലയില്‍ ഫോക്ലോര്‍ ഗവേഷക വിദ്യാര്‍ഥിയായ രോവിത്ത് കൂട്ടോത്ത് പുസ്തകലോകം എന്ന വാട്‌സ്ആപ് ഗ്രൂപ്പിനെ പരിചയപ്പെടുത്തി. 2017ല്‍ 25 പേരുമായി തുടങ്ങിയ പുസ്തകലോകം വാട്‌സ്ആപ് കൂട്ടായ്മ നൗഷാദിന് വേണ്ടി അദ്ധേഹം പൊടിതട്ടിയെടുക്കുകയായിരുന്നു.


തുടക്കത്തില്‍ പുസ്തകങ്ങളുടെ പുറംചട്ടയും പുസ്തകത്തെ പറ്റിയുള്ള ചെറിയ കുറിപ്പുകളും നല്‍കി ഗ്രൂപ്പിനെ മുന്നോട്ട് നയിച്ചു. വായനക്കാരുടെ പ്രതികരണങ്ങള്‍ അനുകൂലമായതോടെ ഗ്രൂപ്പിലെ വായനക്കാര്‍ മറ്റുള്ളവരിലേക്കും ഗ്രൂപ്പിന്റെ ആശയങ്ങള്‍ പങ്കുവെക്കാന്‍ തുടങ്ങി. അങ്ങനെ പുസ്തകലോകം ഗ്രൂപ്പ് വികസിക്കാന്‍ തുടങ്ങി. ഓരോ ഗ്രൂപ്പും 250 പേര്‍ വീതം നിറയുമ്പോള്‍ പുതിയ ഗ്രൂപ്പുകള്‍ തുടങ്ങി. വാട്ട്‌സ്ആപ്പില്‍ നിന്നും സമൂഹ മാധ്യമങ്ങളായ ഫെയ്‌സ്ബുക്കിലേക്കും ടെലഗ്രാമിലേക്കും വില്‍പന വ്യാപിപ്പിച്ചു. ഈ വളര്‍ച്ചയാണ് പുസ്തകലോകം നൗഷാദ് എന്ന പുതിയനാമത്തിലേക്ക് നൗഷാദിനെ മാറ്റുന്നത്.

ഇന്ന് 2024 നൗഷാദിന് സ്വയം അവകാശപ്പെടാന്‍ 2000 ഗ്രൂപ്പുകളിലായി അഞ്ച് ലക്ഷത്തോളം അംഗങ്ങളുള്ള വായനാ പ്രേമികളുടെ വലിയ രീതിയിലുള്ള ഒരു ശൃംഖല തന്നെയുണ്ട്. അതിനുപുറമെ 2019 മുതല്‍ 250 ലധികം അക്കാദമിക വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പ്രസാധനം ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു. ആത്മ ഓണ്‍ലൈന്‍, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി പുസ്തകങ്ങള്‍ കണ്ടെത്താനും വാങ്ങാനും സാധിക്കുന്ന തരത്തിലേക്ക് കച്ചവടത്തെ മാറ്റിയെടുക്കാനും ഇതുവഴി നൗഷാദിന് കഴിഞ്ഞു.

നൗഷാദിന്റെ വാട്‌സ്ആപ് കൂട്ടായ്മ

സമൂഹ മാധ്യമങ്ങള്‍ പുസ്തക വായനക്ക് ഭീഷണിയാവുന്നു എന്ന് പരിതപിക്കുന്ന കാലത്താണ് നൗഷാദ് ഈ മേഖലയില്‍ വായനക്കാര്‍ക്കായി വിപ്ലവം സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ലക്ഷത്തോളം പുസ്തകങ്ങളാണ് നൗഷാദ് വായനക്കാരിലേക്ക് എത്തിച്ചത്. പുതിയ പുസ്തകങ്ങള്‍ കണ്ടെത്തുക, ചെറു കുറിപ്പിലൂടെ പുസ്തകത്തിന്റെ ഉള്ളടക്കം വായനക്കാരേലേക്കെത്തിക്കുക, ശേഷം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുക, അതില്‍ വരുന്ന ഓര്‍ഡറുകള്‍ എടുക്കുക, പുസ്തകം വൃത്തിയില്‍ പൊതിയുക,

പോസ്‌റ്റോഫീസില്‍ പോയി ആവശ്യക്കാര്‍ക്ക് അയക്കുക, പുസ്തകത്തിന്റെ പണം കൈപ്പറ്റുക തുടങ്ങിയ കാര്യങ്ങളെല്ലാം നൗഷാദ് ഒറ്റക്കാണ് ചെയ്യുന്നത്. ഏത് പുസ്തകവും തേടിപ്പിടിച്ച് തന്റെ വായനക്കാരുടെ കയ്യിലെത്തിക്കുന്നു എന്നതാണ് മറ്റു വില്‍പ്പനക്കാരില്‍നിന്നും നൗഷാദിനെ വ്യത്യസ്തനാക്കുന്നത്.

കേരളത്തിലെ 14 ജില്ലകളില്‍ ഓരോ ജില്ലകള്‍ക്കും പ്രത്യേകം ഗ്രൂപ്പുകളും കൂടാതെ പുസ്തലോകം, വീട്ടിലെത്തുന്ന പുസ്തകശാല, പുസ്തകപച്ച എന്നിങ്ങനെ തുടങ്ങി, മത്സര പരീക്ഷകളുടെ പഠനത്തിന് മലയാള പഠനവേദി, ഭിന്നശേഷിക്കാരുടെ പഠനത്തിനും രചനകള്‍ക്കും വരമൊഴിക്കൂട്ടം, വ്യാകരണ പഠനത്തിന് വ്യാകരണ മിത്രം, ഓര്‍മക്കുറിപ്പുകള്‍ക്ക് മാത്രമായി ഓര്‍മച്ചെപ്പ്, ശാസ്ത്ര വിഷയങ്ങള്‍ക്ക് വിജ്ഞാനച്ചെപ്പ്, വെറും പറച്ചിലുകള്‍ക്ക് ചിരിയും ചിന്തയും, സംഗീതത്തിന് മാത്രമായി മനോഹര ഗാനങ്ങള്‍, മധൂര്‍ ഗീതങ്ങള്‍, പാട്ടുപെട്ടി, മേഘമല്‍ഹാര്‍, പ്രബോധകരുടേത് മാത്രമായി മറ്റു കൂട്ടായ്മകളും കൂടാതെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റു മേഖലയിലെ വായനക്കാര്‍ക്കുമായി നിരവധി വ്യത്യസ്ത ഗ്രൂപ്പുകള്‍ നൗഷാദ് പ്രത്യേകം കൈകാര്യം ചെയ്യുന്നു.



| ലേഖകന്‍ തമീം ഷാഹുല്‍ നൗഷാദിനോടൊപ്പം

ബൃഹത്തായ ഈ പുസ്തക ശൃംഖല കൈകാര്യം ചെയ്യാന്‍ നൗഷാദ് ആശ്രയിക്കുന്നത് വെറും പതിനയ്യായിരം രൂപയില്‍ താഴെ മാത്രം വിലവരുന്ന തന്റെ സ്മാര്‍ട്ട് ഫോണ്‍ ആണ്. ജീവിത പങ്കാളിയും അധ്യാപികയുമായ ജംഷീറയും ഇരട്ട സഹോദരങ്ങളായ മക്കള്‍ അന്‍ജും കരീം, അന്‍ജും ഹസ്സന്‍, ഇളയ മകന്‍ അജ്മല്‍ മുഹമ്മദ് എന്നിവരും നൗഷാദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്നു.

നൗഷാദിന് മഴയോ വെയിലോ മറ്റു പ്രതികൂല സാഹചര്യങ്ങളോ പ്രശ്‌നമല്ല. അദ്ദേഹം പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്തിച്ചുകൊണ്ടേയിരിക്കും. വായന മരിക്കാത്തിടത്തോളം കാലം നൗഷാദിന്റെ പുസ്തകലോകത്തിലൂടെ വായനക്കാര്‍ പുസ്തകങ്ങള്‍ വായിച്ചു കൊണ്ടേയിരിക്കും.


TAGS :