Quantcast
MediaOne Logo

നജീബ് മൂടാടി

Published: 12 March 2022 10:21 AM GMT

നൂറ

അവിശ്വസനീയമെന്ന് തോന്നിക്കുന്ന അനുഭവങ്ങളുടെ ലോകം കൂടിയാണ് പ്രവാസം.

നൂറ
X
Listen to this Article

പാട്ടും വെളിച്ചവും ബഹളങ്ങളും നിറഞ്ഞൊരു മാംഗല്യവീട് പെട്ടെന്ന് ഇരുട്ടിലേക്കും നിശബ്ദതയിലേക്കും വീണുപോയ പോലെ, ഒറ്റയടിക്ക് ആഘോഷങ്ങൾ അവസാനിച്ചു നിശ്ചലമായിപ്പോകുന്ന ചില ജീവിതങ്ങളുണ്ട്.

ഇരുപത്തിയേഴ് വർഷങ്ങൾ കഴിഞ്ഞിട്ടും നൂറ എന്ന മൂന്നു വയസ്സുകാരിയെ ഓർക്കുമ്പോൾ എന്റെ ഉള്ളിൽ ഉയരുന്നത് ഇങ്ങനെ ഒരു നെടുവീർപ്പാണ്. അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പ്രൗഡയായ ഒരു കുവൈത്തിപെണ്ണായി എവിടെയോ...

പക്ഷെ.

ഇപ്പോഴും ഇന്നലെയെന്ന പോലെ ഓർമയിലുണ്ട് ആ ദിവസം. ഞാൻ കുവൈത്തിലെത്തി അഞ്ചാറുമാസം കഴിഞ്ഞിട്ടുണ്ടാകും. ഞങ്ങളുടെ ബഖാല(grocery)യുള്ള പഴയ ഖൈത്താൻ പ്രദേശത്ത് ഇന്നത്തെ പോലെ തിരക്കും ബഹളവും ആൾക്കൂട്ടവും ഇല്ല. ഏതാനും കുവൈത്തി വീടുകൾ. പഴയ അറബി വീടുകൾ ചെറിയ മുറികളാക്കി തിരിച്ചും മുകളിൽ ചപ്ര അടിച്ചും വാടകക്ക് കൊടുത്തതിൽ താമസിക്കുന്ന വളരെ കുറഞ്ഞ വിദേശികൾ. ഇങ്ങനെയൊക്കെയാണ് അന്നത്തെ പഴയ ഖൈത്താൻ.



താഴ്ന്ന വരുമാനക്കാരായ വിദേശികൾ കുവൈത്തിൽ വെച്ചു തന്നെ പങ്കാളികളെ കണ്ടെത്തി ഫാമിലിയായി താമസിക്കുന്ന പഴയൊരു അറബി വീടിന്റെ താഴെയുള്ള ചെറിയൊരു മുറിയാണ് ഞങ്ങളുടെ കട. അടുത്തുള്ള കുവൈത്തി വീടുകളിലെ കുട്ടികൾക്ക് വേണ്ടിയുള്ള മിഠായികളും കളിപ്പാട്ടങ്ങളും ഐസ്ക്രീമും ഒക്കെയാണ് പ്രധാന കച്ചവടം. ആ കെട്ടിടത്തിൽ താമസിക്കുന്ന ഇന്ത്യക്കാരും ബംഗാളികളും, ശ്രീലങ്കക്കാരുമായ ഫാമിലികളും വല്ലതും വാങ്ങിയാലായി. രാവിലെ ആറു മണിക്കൊക്കെ കട തുറന്നാൽ മതി. തീരെ തിരക്കില്ലാത്തത് കൊണ്ട് ഭക്ഷണം കഴിക്കാനും നമസ്കരിക്കാനുമൊക്കെ കട അടച്ചുപോകാം.

നാലുമണിക്ക് മുന്നേ സൂര്യനുദിക്കുന്ന വേനൽക്കാലത്തെ ഒരു ദിവസം. രാവിലെ കടതുറക്കാൻ വരുമ്പോൾ കടയുടെ മുറ്റത്ത് രണ്ടു ചെറിയ കുട്ടികൾ-ഒരു ആൺകുട്ടിയും പെൺകുട്ടിയും-കളിക്കുന്നുണ്ട്. കുട്ടികളുടെ ഉമ്മയായിരിക്കും പർദയിട്ടൊരു സ്ത്രീ വീട്ടുപടിയിൽ ഇരിക്കുന്നു. മുമ്പിവിടെയെങ്ങും കണ്ടിട്ടില്ല.

കുറച്ചു കഴിഞ്ഞപ്പോൾ മുകളിൽ താമസിക്കുന്ന ടാക്സി ഡ്രൈവർ ബംഗാളി യാസീൻ വന്നപ്പോൾ പറഞ്ഞു.

"ഞങ്ങൾ കുറച്ചു ദിവസം ഇവിടെ ഉണ്ടാവില്ല." മുറ്റത്തെ കുടുംബത്തെ ചൂണ്ടി കൂട്ടിച്ചേർത്തു. "എന്റെ കഫീലിന്റെ അനുജന്റെ ഭാര്യയും മക്കളുമാണ്... കുറച്ചു ദിവസത്തേക്ക് അവർക്ക് താമസിക്കാൻ ഞങ്ങളുടെ റൂം ഒഴിഞ്ഞു കൊടുക്കുന്നു..."

ഈ പഴയ അറബി വീടിന്റെ വൃത്തികെട്ട ഇടുങ്ങിയ മുറിയിൽ താമസിക്കാൻ എന്തിനാണ് ഒരു കുവൈത്തി കുടുംബം വന്നത് എന്ന് അത്ഭുതം തോന്നി. അത്രക്ക് ദരിദ്രരായ കുവൈത്തികളോ? അതിനിടെ യാസീന്റെ കഫീലിന്റെ അനുജൻ-കുട്ടികളുടെ ബാപ്പ-സിഗരറ്റ് വാങ്ങാനായി കടയിൽ വന്നു. മെലിഞ്ഞൊരു മനുഷ്യൻ. പൊലീസ് യൂണിഫോമിൽ. സലാം ചൊല്ലി പരിചയപ്പെട്ടു. അയാൾ ഡ്യൂട്ടിക്ക് പോയി.

ഇതിനിടെ പലവട്ടം കുട്ടികൾ രണ്ടുപേരും കടയിൽ വരികയും മിട്ടായിയും ചിപ്സുമൊക്കെ വാങ്ങുകയും ചെയ്തു. ഉപ്പയെ പോലെ മെലിഞ്ഞ മുതിർന്ന ആൺകുട്ടിയും എപ്പോഴും ചിരിയുമായി ഇത്തിരി തടിച്ച, നുണക്കുഴികവിളുള്ള ആ പെൺകുട്ടിയും. പേര് ചോദിച്ചപ്പോൾ അവൾ ചിരിയോടെ പറഞ്ഞു. നൂറ...



കുട്ടികൾ ചെന്ന് ചോദിക്കുമ്പോഴൊക്കെ മിട്ടായി വാങ്ങാൻ ഉമ്മ കാൽദിനാറും അര ദിനാറും കൊടുക്കുന്നുണ്ടെങ്കിലും ശൂന്യമായ കണ്ണുകളോടെ കുട്ടികളുടെ കളികൾ പോലും ശ്രദ്ധിക്കാതെ ഏതോ ലോകത്തായിരുന്നു ആ ഉമ്മ. യാസീന്റെ ഭാര്യ ശ്രീലങ്കക്കാരി കടയിൽ വന്നപ്പോഴാണ് കൂടുതൽ അറിഞ്ഞത്. ആ സ്ത്രീ ജയിലിൽ നിന്ന് വരികയാണ്. ഒരു കൊലപാതക കേസിലെ പ്രതി! ജാമ്യത്തിലോ മറ്റോ ഇറങ്ങിയതാണ്.

കുവൈത്തിലെ പ്രമുഖ ഗോത്രത്തിലെ അംഗങ്ങളാണ് ആ സ്ത്രീയും ഭർത്താവും. മൂന്നുവയസ്സുകാരി നൂറ ചെറിയ പൈതലായിരിക്കുമ്പോൾ കുഞ്ഞിനെ പരിചരിക്കാൻ കൊണ്ടുവന്ന ഖദ്ദാമയായ ശ്രീലങ്കക്കാരിയുമായി, കുഞ്ഞ് നിർത്താതെ കരഞ്ഞതിനോ മറ്റോ ദേഷ്യപ്പെടുകയും വഴക്കാവുകയും ദേഷ്യത്തിൽ കത്തിയെടുത്തു കുത്തുകയും ചെയ്തു. ശ്രീലങ്കക്കാരി അപ്പോൾ തന്നെ മരണപ്പെട്ടു. നാട്ടിലെ കുഞ്ഞുമക്കളെ പോറ്റുവാൻ ഗതിയില്ലാതെ അന്യനാട്ടിൽ മറ്റൊരു കുഞ്ഞിന്റെ പരിചാരക ആവേണ്ടി വന്ന ആ പാവം സ്ത്രീ....

ബന്ധുബലവും സമ്പത്തുമൊക്കെ ഉണ്ടായിട്ടും, ഭർത്താവ് പൊലീസുകാരനായിട്ടും കുറ്റവാളിയായ കുവൈത്തിപ്പെണ്ണ്-നൂറയുടെ ഉമ്മ- ശിക്ഷിക്കപ്പെട്ടു. ജയിലിലായി. കൊലപാതകിയായ, കുടുംബത്തിന് അപമാനമായി മാറിയ ആ സ്ത്രീയെയും കുടുംബത്തെയും ബന്ധുക്കളൊക്കെ ബഹിഷ്കരിച്ചതു കൊണ്ടോ അവരുടെയൊക്കെ മുന്നിൽ ചെല്ലാനുള്ള മടികൊണ്ടോ ആവണം പുറത്തിറങ്ങിയ കുറച്ചു ദിവസം ആരോരുമറിയാതെ കഴിയാൻ ആ കുടുംബം ഈ പഴയ വീടിന്റെ ഇടുങ്ങിയ, മുഷിഞ്ഞ മുറിയിലേക്ക് എത്തിയത്. രാജകീയമായ വീടും ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷങ്ങളും നിറഞ്ഞ ജീവിതത്തിൽ നിന്ന് ഒറ്റയടിക്ക് ഇറങ്ങിപ്പോരേണ്ടി വന്നവർ.

രാവും പകലും മാറിവരുന്നത് അറിയാത്ത ജയിലിൽ വർഷങ്ങൾ കഴിഞ്ഞത് കൊണ്ടാവണം ആ സ്ത്രീ മുറിയിലേക്ക് പോകാതെ പുറത്തേക്ക് നോക്കി വീടിന്റെ പടിവാതിലിൽ തന്നെ ഇരുന്നു. ഇടക്ക് എന്തോ സാധനങ്ങൾ വാങ്ങാൻ വന്നപ്പോൾ അവരുടെ മുഖം ശ്രദ്ധിച്ചു. സങ്കടമോ നിരാശയോ അല്ലാത്ത ശൂന്യത മാത്രമുള്ള കണ്ണുകൾ. മരവിച്ച മുഖഭാവം. അവരുടെ മനസ്സും ചിന്തയും അവിടെയൊന്നും ആയിരുന്നില്ല. മക്കൾ രണ്ടും ഉമ്മയെ ചുറ്റിപ്പറ്റിയും ഓടിക്കളിച്ചും....

കടയിലേക്ക് ഇടയ്ക്കിടെ ഓടിവരുമ്പോഴൊക്കെ മൂത്തകുട്ടി അത്യാവശ്യം മാത്രം മിണ്ടിയപ്പോൾ വെള്ളയുടുപ്പിട്ട കുഞ്ഞുനൂറ വായ് വെക്കാതെ എന്തൊക്കെയോ സംസാരിച്ചു. കിലുക്കാംപെട്ടി പോലെ പൊട്ടിച്ചിരിച്ചു. അപ്പോഴൊക്കെ അവളുടെ നുണക്കുഴിക്കവിളുള്ള മുഖം പൂ പോലെ വിടർന്നു.



ഉച്ചക്ക് കടപൂട്ടി ഭക്ഷണം കഴിച്ചു വരുമ്പോഴും കുട്ടികൾ കടയുടെ മുറ്റത്തുണ്ട്. നൂറയുടെ നെറ്റിയുടെ ഒരുഭാഗം മുഴച്ചു വീർത്തിരിക്കുന്നു. മുഖവും ചുണ്ടും പൊട്ടിയിട്ടുണ്ട്. ജാലകത്തിലൂടെ പെട്ടെന്ന് താഴേക്ക് വീണതാണെന്നും ഭാഗ്യം കൊണ്ട് മറ്റൊന്നും പറ്റിയില്ല എന്നും അവളുടെ ഉമ്മ പറഞ്ഞു. അഞ്ചാറു മീറ്റർ ഉയരമെങ്കിലും ഉണ്ടാകും. അഴികൾ ഇല്ലാത്ത തുറന്ന ജാലകമാണ്. വേദന മറന്ന് കുഞ്ഞ് അപ്പോഴും ഓടിക്കളിച്ചു. തൊട്ടടുത്തുള്ള പാകിസ്ഥാനിയുടെ അഇ റിപ്പയർ ഷോപ്പിൽ വൈകുന്നേരം വന്നിരിക്കാറുള്ള പാകിസ്ഥാനികൾ കുട്ടിയുടെ നെറ്റി മുഴച്ചത് കണ്ടപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകണോ എന്ന് ഉമ്മയോട് ചോദിച്ചുവെങ്കിലും ബത്താഖ (കഉ കാർഡ്) ഇല്ല, കുട്ടിയുടെ ബാപ്പ ഡ്യൂട്ടി കഴിഞ്ഞു വന്ന് ആശുപത്രിയിൽ കൊണ്ടുപോകും എന്നായിരുന്നു മറുപടി.

രാത്രിയിൽ കുട്ടികളുടെ ബാപ്പ വന്നശേഷം കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടു. അപ്പോൾ ഞാൻ കട അടക്കുന്ന നേരമായിരുന്നു.

പിറ്റേദിവസം കാലത്തു കട തുറക്കാൻ വന്നപ്പോൾ ആ കുട്ടികളെയും ഉമ്മയെയും കണ്ടില്ല. അന്നുച്ചയ്ക്ക് ബംഗാളി യാസീൻ വന്നപ്പോഴാണ് അറിഞ്ഞത്. വീഴ്ചയിൽ തലയ്ക്കുള്ളിലുണ്ടായ പരിക്ക് കാരണം ആ കുഞ്ഞ് ആശുപത്രിയിൽ വെച്ചു മരിച്ചു!

എത്രപെട്ടെന്നാണ്... നുണക്കുഴിച്ചിരിയുമായി കുഞ്ഞു നൂറ അവിടെയൊക്കെ അപ്പോഴും ഓടി നടക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ആ ഉമ്മ. നൂറയുടെ കളിക്കൂട്ടുകാരനായ ഇക്കാക്ക. പൊലീസുകാരൻ. ദുരിതങ്ങളും സങ്കടങ്ങളും മേൽക്കുമേൽ പെയ്യുന്ന കുടുംബം. ഓർത്തപ്പോൾ ഉള്ളിൽ വല്ലാതെ സങ്കടം നിറഞ്ഞു.

അന്ന് വൈകുന്നേരം ഒരു പൊലീസ് വണ്ടി വന്നു കടയുടെ മുന്നിൽ നിർത്തി. വീടിന് മുകളിലേക്ക് പൊലീസുകാർ കയറിപ്പോയി. നൂറ താമസിച്ച മുറിയിൽ അവരെന്തൊക്കെയോ പരിശോധിക്കുന്നു. കുഞ്ഞ് വീണ ജാലകത്തിലേക്ക് താഴെ നിന്നുള്ള ഉയരം അളക്കുന്നു. കുട്ടി വീഴുന്നത് കണ്ടിരുന്നോ എന്ന് എന്നോട് ചോദിച്ചു. ഞാനപ്പോൾ കട പൂട്ടി ഭക്ഷണം കഴിക്കാൻ പോയതായിരുന്നു എന്ന് പറഞ്ഞപ്പോൾ പൊലീസുകാർ തിരിച്ചു പോയി.

പിറ്റേദിവസം അടുത്തുള്ള പഞ്ചർകടയിലെ സൂരിയാണ് പറഞ്ഞത്. നൂറ താനെ ജനലിൽ കൂടെ താഴെ വീണതല്ല. അവളുടെ ഉമ്മ തള്ളിയിട്ടതാണ്!... കുട്ടിയെ കൊല്ലാൻ.

പരിക്കുകൾ കണ്ടപ്പോൾ കുഞ്ഞിനെ പരിശോധിക്കുന്ന ഡോക്ടർക്ക് സംശയം തോന്നി. മൂത്ത കുട്ടിയെ മാറ്റി നിർത്തി ചോദിച്ചപ്പോൾ കുട്ടിയാണ് പറഞ്ഞത് ഉമ്മ അനിയത്തിയെ ജാലകത്തിനടുത്തേക്ക് നിർത്തി പുറത്തേക്ക് നോക്കാൻ പറഞ്ഞു പിറകിൽ നിന്ന് താഴേക്ക് തള്ളിയിട്ടതാണെന്ന്! അത് കുഞ്ഞിനെ കൊല്ലാൻ വേണ്ടിയാണെന്ന് ഊഹിക്കാൻ അവന് പ്രായമില്ലല്ലോ. ഡോക്ടർ അറിയിച്ചത് പ്രകാരം പൊലീസുകാർ ഉമ്മയെ ചോദ്യം ചെയ്തു. ആ സ്ത്രീ സത്യം സമ്മതിച്ചു. വീണ്ടും ജയിലിലേക്ക്...

തന്റെ ജീവിതം തന്നെ ഇല്ലാതാക്കിയത് ഈ കുഞ്ഞാണ് എന്ന തോന്നലായിരിക്കുമോ ആ ഉമ്മയെ വീണ്ടും ഇങ്ങനെ ഒരു ക്രൂരത ചെയ്യാൻ പ്രേരിപ്പിച്ചത്. അതല്ല, ഒട്ടും ആലോചനയില്ലാതെ ഒരു നിമിഷത്തേക്ക് മനസ്സ് കൈവിട്ടു പോയതോ. പുറമേ ശാന്തമെന്ന് കാണിക്കുമ്പോഴും ഉള്ളിൽ ഇളകിമറിയുന്ന കടൽ പേറി ജീവിക്കുന്ന മനുഷ്യമനസ്സിന്റെ സങ്കീർണതകളെ ആരാണ് അറിയുന്നത്. പുറമേ നിന്ന് വിധിക്കാനും. കുറ്റപ്പെടുത്താനും എളുപ്പമാവാം... പക്ഷെ മനുഷ്യനാണല്ലോ...

ഇരുപത്തിയേഴു വർഷങ്ങൾ കടന്നു പോയിരിക്കുന്നു. കുഞ്ഞു നൂറയുടെ ചിരിക്കുന്ന മുഖവും നുണക്കുഴിച്ചിരിയും ആ വെളുത്ത ഉടുപ്പും കുണുങ്ങിയുള്ള ഓട്ടവും ഇപ്പോഴും മനസ്സിലുണ്ട്. തെളിമയോടെ.

ആ സ്ത്രീ ജയിൽ വിമോചിത ആയിട്ടുണ്ടാകുമോ. അതോ വധശിക്ഷ വിധിക്കപ്പെട്ടിരിക്കുമോ. ആ മൂത്ത കുട്ടി. അവന്റെ പിതാവ്.



എത്ര പെട്ടെന്നാണ് ചില ജീവിതങ്ങൾ ഒറ്റയടിക്ക് ഇരുട്ടിലേക്കും നിശബ്ദതയിലേക്കും വീണുപോവുന്നത്.

ഏതു നാട്ടിലായാലും അവിചാരിതമായ എന്തൊക്കെ അനുഭവങ്ങളിലൂടെയാണ് ഓരോ മനുഷ്യരും കടന്നുപോകുന്നത്.

വലിയൊരു ഗോത്രത്തിൽ, ഒരുപാട് ബന്ധുക്കളുടെ ഇടയിൽ സമ്പന്നതയിൽ പ്രൗഡിയോടെ ജീവിച്ച ആ സ്ത്രീ ഓർത്തിരിക്കുമോ താൻ കൊലപാതകി ആയി മാറുമെന്ന്. സ്വന്തം കുഞ്ഞിനെ തന്നെ കൊല്ലുമെന്ന്. എന്നെങ്കിലും ജയിലിൽ കിടക്കേണ്ടി വരുമെന്ന്. ജീവിതം ഇങ്ങനെ തകർന്നു പോകുമെന്ന്. പൂമ്പാറ്റയെ പോലെ പാറി നടന്ന ആ കുഞ്ഞ് വിചാരിച്ചിരിക്കുമോ തന്നെ കൊല്ലാനായി ഉമ്മ താഴേക്ക് തള്ളിയിടുമെന്ന്. ശ്രീലങ്കയിലെ ഏതോ ഗ്രാമത്തിൽ നിന്ന് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി വന്ന ആ സ്ത്രീ കരുതിയിരിക്കുമോ തന്റെ മരണം ദൂരെ ദൂരേ അപരിചിതമായൊരു നാട്ടിൽ ഇങ്ങനെ ആയിരിക്കുമെന്ന്.

മരുഭൂമിയിലേക്ക് പ്രവാസിയായെത്തിയ ഞാനും ഇതിനൊക്കെ സാക്ഷിയാവുമെന്ന്...

അവിശ്വസനീയമെന്ന് തോന്നിക്കുന്ന എന്തൊക്കെ അനുഭവങ്ങളുടെ ലോകം കൂടിയാണ് പ്രവാസം.


TAGS :