ഒന്‍പതാം മാസത്തിലെ വിശപ്പ്
അഫ്ഘാനി വന്നിരുന്നു. കൈയില്‍ പാസ്‌പ്പോര്‍ട് മാത്രം, പെട്ടി പോലുമില്ല. നോമ്പ് തുറക്കാന്‍ ഞാന്‍ അയാളെ ക്ഷണിച്ചു. രണ്ട് ഈത്തപ്പഴത്തില്‍ ഒരെണ്ണം അയാള്‍ക്ക് കൊടുത്തു, കൂടെ പെട്ടിയില്‍ ഉണ്ടായിരുന്ന ജ്യുസും. അയാള്‍ നന്ദി പറഞ്ഞു വാങ്ങി. ഞാന്‍ പെട്ടിയില്‍ ഉണ്ടായിരുന്ന വെള്ളം കുടിച്ചു.
ഇക്കൊല്ലത്തെ റമദാനിലെ ആദ്യ നോമ്പ് തുറക്കാനിരുന്നപ്പോള്‍ പണ്ട് ഒരു റമദാന്‍ മാസത്തില്‍ ദുബായ് എയര്‍പോര്‍ട്ടില്‍ വച്ചു കണ്ട അഫ്ഘാനിയെ ഓര്‍ത്തു. ഖത്തറില്‍ നിന്ന് ഇറാനിലേക്ക് പോകാനാണ് ദുബൈയില്‍ എത്തിയത്. വൈകുന്നേരത്തെ ഫ്‌ളൈറ്റിലാണ് ദോഹയില്‍ നിന്ന് പുറപ്പെട്ടത്.
നോമ്പ് ആണെന്ന് പറഞ്ഞപ്പോള്‍ എമിറേറ്റ്‌സ് ഫ്‌ലൈറ്റിലെ സുന്ദരി ഒരു ഫുഡ് ബോക്‌സ് കൊണ്ട് തന്നു. എയര്‍പോര്‍ട്ടില്‍ ഇറങ്ങി അധികം ആകുന്നതിനു മുന്‍പ് നോമ്പ് തുറക്കാന്‍ സമയമാകും, ഇത് കൈയ്യില്‍ കരുതൂ എന്ന് പറഞ്ഞു. സന്തോഷം തോന്നി.
ഇറാനിലേക്കുള്ള ഫ്‌ളൈറ്റ് രാവിലെയാണ്, അതുകൊണ്ട് പുറത്തിറങ്ങാന്‍ തീരുമാനിച്ചു. സുഹൃത്ത് മത്തായി സാമിനെ വിളിച്ചു പറഞ്ഞിരുന്നു. അന്ന് വിസ രീതികള്‍ ഇത്ര എളുപ്പമല്ല. ഒരു കൗണ്ടറില്‍ ചെന്ന് അവിടത്തെ പൊലീസ് ഓഫിസറെ കണ്ടു, കാര്യം പറഞ്ഞു വേണം വിസ എടുക്കാന്‍. ആ ഓഫിസര്‍ ഒരു മുഷിഞ്ഞ വസ്ത്രം ധരിച്ച അഫ്ഘാന്‍ പൗരന്‍ എന്ന് തോന്നിക്കുന്ന ആളോട് കയര്‍ത്തു സംസാരിക്കുന്നുണ്ടായിരുന്നു. അയാളുടെ കൈയില്‍ ഉള്ള വിസ വ്യാജമാണത്രെ. ആളെ തിരിച്ചു നാട്ടിലേക്ക് വിടും എന്ന് പറയുന്നുണ്ട്. ആ യാത്രക്കാരന്‍ കരച്ചിലിന്റെ വക്കിലാണ്.
എന്റെ വിസ കിട്ടി. നോമ്പ് തുറന്നിട്ട് പുറത്തിറങ്ങാം, അപ്പഴേ മത്തായി വരൂ. അവിടൊരു വെയ്റ്റിംഗ് ഏരിയയില്‍ ചെന്നിരുന്നു. അടുത്ത് ഒരു മലേഷ്യന്‍ കുടുംബം, രണ്ട് ചെറിയ കുട്ടികളുമുണ്ട്. നോമ്പ് തുറക്കാന്‍ സമയമായപ്പോള്‍ ഞാന്‍ ഫ്‌ളൈറ്റില്‍ നിന്ന് കിട്ടിയ ഭക്ഷണ പൊതി എടുത്തു. ആ കുടുംബത്തോട് നോമ്പ് തുറക്കുന്നോ എന്ന് ചോദിച്ചു. നന്ദി പറഞ്ഞിട്ട് അയാള്‍ പറഞ്ഞു, ദീര്‍ഘയാത്രയില്‍ ആയതിനാല്‍ നോമ്പില്ല, നിങ്ങള്‍ തുറക്കൂ.
ഒരു നിമിഷം കഴിഞ്ഞു നേരത്തെ പറഞ്ഞ അഫ്ഘാനിയും അവിടെ വന്നിരുന്നു. കൈയില്‍ പാസ്‌പ്പോര്‍ട് മാത്രം, പെട്ടി പോലുമില്ല. നോമ്പ് തുറക്കാന്‍ ഞാന്‍ അയാളെ ക്ഷണിച്ചു. രണ്ട് ഈത്തപ്പഴത്തില്‍ ഒരെണ്ണം അയാള്‍ക്ക് കൊടുത്തു, കൂടെ പെട്ടിയില്‍ ഉണ്ടായിരുന്ന ജ്യുസും. അയാള്‍ നന്ദി പറഞ്ഞു വാങ്ങി. ഞാന്‍ പെട്ടിയില്‍ ഉണ്ടായിരുന്ന വെള്ളം കുടിച്ചു.
പെട്ടിയില്‍ ബണ്ണും പിന്നെ സ്‌നാക്കും ഉണ്ടായതു ഞങ്ങള്‍ വീതിച്ചു. ഞാന്‍ അയാള്‍ക്ക് അതിലുള്ള പഴം നീട്ടി. അയാള്‍ അത് നന്ദി പറഞ്ഞു നിരസിച്ചു. എല്ലാം എനിക്ക് തന്നാല്‍ തങ്കളെന്തു കഴിക്കും, ഞാന്‍ ഇവിടെ നിന്ന് വെള്ളം കുടിച്ചു കൊള്ളാം എന്ന് എന്നോട് സ്‌നേഹത്തോടെ പറഞ്ഞു വാട്ടര്‍ ഡിസ്‌പെന്‌സറിന്റെ അടുത്തേക്ക് എഴുന്നേറ്റ് പോയി.
ഞാന്‍ സ്തബ്ധനായി, എന്റെ നിറഞ്ഞ കണ്ണുകള്‍ അയാളും, ആ കുടുംബവും കാണാതിരിക്കാന്‍ ശ്രമിച്ചു. എല്ലാം നഷ്ടപ്പെട്ട്, കൈയില്‍ ഒന്നുമില്ലാതെ, തിരിച്ചു അഫ്ഘാനിസ്ഥാനിലേക്ക് നാട് കടത്തപ്പെടാന്‍ പോകുന്ന ഒരാളാണ് എന്നോട് അത് പറഞ്ഞത് എന്നോര്‍ത്ത് ഞാന്‍ തല താഴ്ത്തിയിരുന്നു. ഞാന്‍ പിന്നീട് നോക്കിയപ്പോള്‍ അയാളെ കണ്ടില്ല. സുഹൃത്തിന്റെ ഫോണ്‍ വന്നപ്പോള്‍ ഞാന്‍ പുറത്തേക്കു നടന്നു. ഇന്നും അയാളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു. പല സദസ്സിലും ഞാന്‍ ഈ കഥ പറഞ്ഞിട്ടുണ്ട്. അന്നെല്ലാം എന്നോടൊപ്പം ഒരുപാട് കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്.
എന്താണ് റമദാനിലെ നോമ്പ് എന്ന് ഇതരമതസ്ഥരായ സുഹൃത്തുക്കള്‍ പല കാലഘട്ടങ്ങളിലായി എന്നോട് ചോദിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ ഞാന്‍ ആകെ പറഞ്ഞിരുന്നത്, റമദാനിലെ നോമ്പ് ഒരു മുസ്‌ലിമിന് ചെയ്യേണ്ട അഞ്ചു നിര്‍ബന്ധ കര്‍മ്മങ്ങളില്‍ ഒന്നാണ് എന്ന് മാത്രമാണ്. പിന്നീട് ഹൈസ്‌കൂള്‍ കാലമായപ്പോള്‍, റമദാന്‍ മാസത്തിലാണ് ഖുര്‍ആന്‍ മനുഷ്യര്‍ക്ക് നല്‍കപ്പെട്ടത് എന്നും, അതിന്റെ നന്ദി സൂചകമായിട്ടാണ് നോമ്പ് അനുഷ്ഠിക്കുന്നത് എന്നാണ് ഞാന്‍ കൊടുത്തിരുന്ന മറുപടി. പിന്നീട് കുറെ കാലങ്ങളിലേക്ക് ഞാന്‍ പറഞ്ഞിരുന്നത്, അന്നമില്ലാത്തവന്റെ വിശപ്പ് അറിയാനുള്ള വഴിയായിരുന്നു അറബി മാസങ്ങളിലെ ഒന്‍പതാമത്തെ മാസമായ റമദാനിലെ നോമ്പ് എന്നാണ്. യഥാര്‍ഥത്തില്‍ നോമ്പ് എന്താണെന്നു ചോദിച്ചാല്‍, ഇതൊക്കെയാണ്, എന്നാല്‍ ഇതിലും ഏറെയാണ് എന്നാണ് ഞാന്‍ ഇപ്പോള്‍ പറയാറ്.