അടുത്ത സംഘത്തിലെ മണവാളന്റെ കൂടെ സൊറ പറഞ്ഞു നിന്ന മണവാട്ടി!
പടക്കത്തിന് തീ പിടിച്ചതു പോലുള്ള പൊട്ടിച്ചിരികളില്‍ കൂടെ ചിരിച്ചെന്നു വരുത്തി മറ്റൊരു ബോറടിയിലേക്ക് വീഴുന്നതിനിടയിലാണ് ആ കാഴ്ച കണ്ടത്! അടുത്തു നിന്ന മറ്റൊരു ഒപ്പന സംഘത്തിലെ പാട്ടുകാരിയെ എവിടെയോ കണ്ടു പരിചയമുള്ളതു പോലെ - കലോത്സവ ഓര്‍മ
ഇപ്രാവശ്യത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം സ്വന്തം ഇല്ലമായ കൊല്ലത്തായതു കൊണ്ടും കല നമ്മുടെ പ്രാണവായു ആയതുകൊണ്ടും കലോത്സവം കാണാന്‍ ഞാനുമെത്തി. നിരവധി സ്റ്റേജുകളിലായി വര്‍ണ്ണശബളമായിത്തന്നെ വിവിധ കലാരൂപങ്ങള്‍ മഴവില്ലു തീര്‍ക്കുന്ന അത്യപൂര്‍വ്വമായ കാഴ്ച കാണാന്‍ ഭാഗ്യം സിദ്ധിച്ചു. പ്രധാനമായും നാടകം, ഡാന്‍സ് ഐറ്റംസ് കാണാനാണ് ശ്രമിച്ചത്. ഒപ്പന കാണാനായി എത്തിയപ്പോള്‍ സ്റ്റെപ്പു വരെ നീളുന്ന ക്യൂവില്‍ തട്ടി വീഴാതെ എങ്ങനെയോ കയറിപ്പറ്റി കഷ്ടിച്ച് സീറ്റ് ഒപ്പിച്ചു. മണവാട്ടിയെയും കൊണ്ട് കൈകൊട്ടി പാടി തോഴിമാര്‍ വരുന്നതു കണ്ടപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഒപ്പനക്കാരിയെ ഓര്‍മ വന്നു.
സ്ഥലം കൊല്ലം ജില്ലാ സ്‌കൂള്‍ കലോത്സവവേദി. പുറത്ത് കോരിച്ചൊരിയുന്ന മഴ. അരങ്ങ് പ്രതീക്ഷിച്ച് അണിയറയില്‍ മണിക്കൂറുകളായി കാത്തിരിക്കുന്ന ഒപ്പന സംഘത്തില്‍ ഒരാളായി ഞാനും. രാത്രി പന്ത്രണ്ട് മണിയോടടുക്കുന്നു. ഉറക്കച്ചടവും വിശപ്പും ഒരു ഭാഗത്ത്, കാശ്മാല പോലുള്ള പരമ്പരാഗത ആടയാഭരണള്‍ ദേഹത്തുണ്ടാക്കുന്ന ചൊറിച്ചില്‍ മറുഭാഗത്ത്. എല്ലാം കൊണ്ടും ബോറടിച്ച് മരിച്ചു പോകുമെന്നു തോന്നിയ നിമിഷത്തിലാണ് സംഘത്തിലെ ഫലിത റാണിയുടെ കണ്ടുപിടിത്തം! 'മണവാട്ടിയെ കാണാനില്ല. അടുത്ത സംഘത്തിലെ മണവാളന്റ കൂടെ സൊറ പറഞ്ഞു നില്‍ക്കുന്നതു കണ്ടത്രേ!' 'ഇനിയിപ്പോള്‍ പുതിയ മണവാട്ടിയെ അന്വേഷിക്കേണ്ടി വരുമോ?'
പടക്കത്തിന് തീ പിടിച്ചതു പോലുള്ള പൊട്ടിച്ചിരികളില്‍ കൂടെ ചിരിച്ചെന്നു വരുത്തി മറ്റൊരു ബോറടിയിലേക്ക് വീഴുന്നതിനിടയിലാണ് ആ കാഴ്ച കണ്ടത്! അടുത്തു നിന്ന മറ്റൊരു ഒപ്പന സംഘത്തിലെ പാട്ടുകാരിയെ എവിടെയോ കണ്ടു പരിചയമുള്ളതു പോലെ. നീണ്ട മുഖമുള്ള ആ കുട്ടിയെ ഒരിക്കല്‍ക്കൂടി നോക്കിയപ്പോള്‍ ഓര്‍മ വന്നു, വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു മൂന്നാം ക്ലാസ്സിലെ ഉച്ചകഴിഞ്ഞ വിശ്രമവേളയില്‍ ഒന്നിനുമല്ലാതെയുണ്ടായ ഒരു അടിപിടി.
'ഞാന്‍ എന്റെ മമ്മയുടെ വീട്ടിലേക്ക് പോകും. അവിടെ നീ വരുമോ?'
ക്ലാസ്സിലെ തന്റേടിയും സര്‍വ്വോപരി ലീഡറുമായ 'നദിയ' എന്റെ നേരെ വിരല്‍ ചൂണ്ടി വരാന്‍ ഒരേ ഒരു കാരണമേയുണ്ടായുള്ളൂ. ആദ്യമായി അവളെ ചോദ്യം ചെയ്യാന്‍ ക്ലാസ്സില്‍ ഒരാള്‍ ധൈര്യം കാണിച്ചു. മാത്രമോ അവളെ അടിക്കുമെന്നും പറഞ്ഞു.
ഞാന്‍ ദേഷ്യത്തോടെ മറുപടി കൊടുത്തു.
'വരും '
'നാലാഞ്ചിറയുള്ള എന്റെ അങ്കിളിന്റെ വീട്ടിലേക്ക് ഞാന്‍ പോകും. അവിടെ വരെ നീ എന്തായാലും വരില്ല'
അവളുടെ വെല്ലുവിളി കേട്ട് പതറാതെ ഞാന്‍ പിന്നെയും പറഞ്ഞു.
'അവിടെയും ഞാന്‍ വരും, നിന്നെ അടിക്കാന്‍'
പെട്ടന്ന് അലറിക്കൊണ്ട് അവള്‍ എന്റെ നേരെ പാഞ്ഞടുത്തത് കണ്ട് ഞാന്‍ മാത്രമല്ല, ക്ലാസ്സ് മുഴുവന്‍ ഞെട്ടി.
'എന്റെ പപ്പയുടെ അടുത്ത് കാശ്മീരില്‍ ഞാന്‍ പോകും. അവിടെ നിനക്ക് വരാന്‍ കഴിയ്യോ.. ഏ... പറയ്.. കഴിയ്യോ? എന്റെ പപ്പയുടെ കയ്യില്‍ തോക്കുണ്ടാകും ''
കുറച്ചു കുട്ടികള്‍ വന്ന് അവളെ പിടിച്ചു മാറ്റി.
ദേഷ്യവും സങ്കടവുംസഹിക്കവയ്യാതെ അവള്‍ പിന്നെയും പുലമ്പി.
' അവിടെ കുട്ടിക്ക് ഒരിക്കലും വരാന്‍ പറ്റില്ല.. കാരണംഎനിക്കു പോലും എന്റെ പപ്പയെ കാണാന്‍ പറ്റില്ലല്ലോ'
അത്രയും നേരം ചീറ്റപ്പുലിയെ പോലെ ചീറിയവള്‍ ഒരു കസേരയിലിരുന്ന് പൊട്ടിക്കരയാന്‍ തുടങ്ങി. അവളുടെ തേങ്ങലിന്റെ ശബ്ദം ക്ലാസ് മുറിയിലെ ഭിത്തികളില്‍ തട്ടി ചിന്നിച്ചിതറി വീണു. ഞാനുള്‍പ്പെടെ എല്ലാവരും എത്ര ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെ ഒടുവില്‍ ടീച്ചറെ വിളിച്ചു കൊണ്ടു വന്നു. പപ്പയും മമ്മയും പിരിഞ്ഞു കഴിയുവാണെന്നും തനിക്ക് മമ്മ മാത്രമേ ഉള്ളൂവെന്നും പറഞ്ഞ് അവള്‍ പിന്നെയും കരയാന്‍ തുടങ്ങി. ആണ്‍കുട്ടികള്‍ പോലും പേടിയോടെ നോക്കിയിരുന്ന, ആരെയും പേടിക്കാത്ത, മുടി ബോയ്കട്ട് ചെയ്തിട്ട ആണ്‍കുട്ടിയായ പെണ്‍കുട്ടി! അതായിരുന്നൂ അതുവരെയുള്ള അവളുടെ ചിത്രം. അവള്‍ കരയുന്നതു പോലും ഞങ്ങളാദ്യമായി കാണുകയായിരുന്നു.
'മണവാട്ടിയെ കിട്ടി കേട്ടോ ' എന്ന ഫലിത റാണിയുടെ മൊഴി കേട്ട് ഓര്‍മകളില്‍ നിന്നുണര്‍ന്നു നോക്കുമ്പോള്‍ ആ പാട്ടുകാരിയും എന്നെ ശ്രദ്ധിക്കുന്നതു പോലെ പതിയെ എഴുന്നേറ്റ് അവളുടെ അരികിലേക്ക് ചെന്നു.
'നദിയ അല്ലേ?'
മഴയുടെ താളത്തിനൊപ്പമെത്താന്‍ കുറച്ച് ശബ്ദമെടുത്തു ചോദിച്ചു.
ചോദ്യം കേട്ട് അവള്‍ എന്തോ ആലോചനയിലാണ്ടതു പോലെ പറഞ്ഞു.
'താന്‍ ... താനല്ലേ? മൂന്നാം ക്ലാസ്സിലെ ആ നീളമുള്ള കുട്ടി....'
'പേരു മറന്നെന്നു തോന്നുന്നു. ഭാഗ്യം.' എന്നോര്‍ത്തു നിന്നപ്പോള്‍ അവള്‍ തുടര്‍ന്നു.
'തന്നെ എങ്ങനെ മറക്കാനാടോ, നമ്മളൊരുമിച്ച് എന്തെല്ലാം വികൃതികള്‍ കാട്ടി.
ക്ലാസ്സിലെ എല്ലാ കാര്യങ്ങള്‍ക്കും താനായിരുന്നു ഒരു സഹായി. ആ വര്‍ഷം ഞങ്ങളവിടുന്ന് പപ്പയുടെ സ്ഥലത്തേക്ക് മാറിയതു കൊണ്ട് ആരെയും പിന്നീട് കാണാന്‍ കഴിഞ്ഞില്ല. എങ്കിലും നിങ്ങളെയൊക്കെ ഞാന്‍ ഓര്‍ക്കാറുണ്ട്.'
കണ്ണു നിറച്ചു കൊണ്ട് അവള്‍ പറഞ്ഞ വാക്കുകള്‍ ഹൃദയത്തില്‍ ഒരു നെരിപ്പോടുണ്ടാക്കി. എനിക്കവളെ കണ്ടപ്പോള്‍ അവളുമായി നടന്ന വഴക്കാണ് ഓര്‍മ വന്നത്. എന്നാല്‍, അവളതൊന്നും ഓര്‍ക്കുന്നില്ല. എങ്കിലും അവള്‍ക്ക് അവളുടെ പപ്പയെ കിട്ടിയല്ലോയെന്നോര്‍ത്ത് ഞാന്‍ ആശ്വസിച്ചു. ഓര്‍മകളിലൂടെ അവളുടെ കൂടെ നടന്നു കൊണ്ടിരുന്നപ്പോഴാണ് കൂടെയുള്ള ടീച്ചറിന്റെ കോലാഹലം കേട്ടത്.
'ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന തുടങ്ങാന്‍ പോകുവാ. എല്ലാവരും റെഡിയായി സ്റ്റേജിന്റെ പിന്‍ഭാഗത്ത് ചെല്ലണം '
അവളുടെ കൈ വിടുവിച്ച് നടക്കാന്‍ തുടങ്ങിയപ്പോള്‍ അവസാനമായി ഒന്നു തിരിഞ്ഞു നിന്നു പറഞ്ഞു.
'കാണാം.'
അവള്‍ പുഞ്ചിരിച്ചു കൊണ്ട് കയ്യുയര്‍ത്തി ..
അപ്പോഴേക്കുംമുന്നിലെ സ്റ്റേജില്‍ മഴയ്‌ക്കൊപ്പം ആദ്യത്തെ ഒപ്പനയുടെ താളം കേട്ടു തുടങ്ങിയിരുന്നു..