Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 8 Jan 2024 12:22 PM GMT

പ്രതിവര്‍ഷം ഒന്‍പത് മില്യന്‍ സന്ദര്‍ശകരെത്തുന്ന സ്‌മോകി മൗണ്ടന്‍

അധികം ആഴമില്ലാത്ത പുഴകളിലും അരുവികളിലും ആംഗ്ലിങ് എന്ന ഒരു പ്രത്യേക തരം മീന്‍ പിടിത്തം ഇവിടെ കാണാം. അരയ്‌ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങി നിന്നുള്ള മീന്‍ പിടിത്തമാണിത്. ട്രൌട്ട് മത്സ്യം ധാരാളമായി ഇവിടെ കിട്ടും. | കാനമേരിക്കന്‍ യാത്രകള്‍; അമേരിക്കന്‍ വന്‍കരയിലെ ചെറുനഗരക്കാഴ്ചകള്‍ - യാത്രാ വിവരണം. ഭാഗം: 03

പ്രതിവര്‍ഷം ഒന്‍പത് മില്യന്‍ സന്ദര്‍ശകരെത്തുന്ന സ്‌മോകി മൗണ്ടന്‍
X

കഴിഞ്ഞ ഒരു വേനല്‍ക്കാലത്തിന്റെ അവസാനം അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ വച്ച് നടന്ന മലയാളികളുടെ ഒരു കൂട്ടായ്മയില്‍ പങ്കെടുക്കാനായി ഡെട്രോയിറ്റില്‍ നിന്ന് പുറപ്പെടുമ്പോള്‍ സ്‌മോകി മൗണ്ടന്‍ വഴി പോകണമെന്നു തീരുമാനിച്ചിരുന്നു.

അമേരിക്കയിലെ അപ്പലേഷ്യന്‍ (Appalachian) മല നിരകളുടെ ടെന്നസി, നോര്‍ത്ത് കരോലിന എന്നീ പ്രവിശ്യകളുടെ ഇടയില്‍ കാണപ്പെടുന്ന ഭാഗത്തെയാണ് സ്‌മോകി മൗണ്ടന്‍ എന്നറിയപ്പെടുന്നത്. ഇവിടുത്തെ വൃക്ഷലതാദികള്‍ പുറത്തു വിടുന്ന ചില 'volatile organic gas' ഘനീഭവിച്ചു ഒരു പുകമറ പോലെ ഈ മലനിരകളുടെ മുകളില്‍ കാണപ്പെടുന്നു. ഇത് കൊണ്ടാണ് സ്‌മോകി മൗണ്ടന്‍ എന്ന പേര് വന്നത്. വളരെ സുന്ദരമായ ഒരു ഭൂവിഭാഗം എന്നതിന് പുറമേ, പല തരം വൃക്ഷങ്ങള്‍, പൂച്ചെടികള്‍, കുറ്റിച്ചെടികള്‍, പായലുകള്‍, പല തരം പക്ഷി മൃഗാദികള്‍ തുടങ്ങി ആയിരക്കണക്കിന് കൊല്ലങ്ങള്‍ പഴക്കമുള്ള അതീവ വൈവിധ്യമുള്ള ജൈവ വ്യവസ്ഥയുടെ ഇരിപ്പിടമാണിവിടം.

കരടികള്‍, പലയിനം സലമാണ്ടറുകള്‍ (പല്ലി വര്‍ഗത്തില്‍പ്പെട്ട ഒരു ഇഴജന്തു) പറക്കുന്ന അണ്ണാന്‍, ചുവന്ന അണ്ണാന്‍ തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം. സപ്രൂസ്, ഫിര്‍, ബിര്‍ച്, മേപ്പിള്‍, ടുലിപ്, ഓക്, അമേരിക്കന്‍ ബിര്‍ച്ച് എന്നിവയാണ് ഇവിടെ കാണുന്ന പ്രധാനപ്പെട്ട മരങ്ങള്‍. ഇവയില്‍ ടൂലിപ് മരങ്ങള്‍ 15 നിലകളുള്ള കെട്ടിടങ്ങളെക്കാള്‍ ഉയരത്തില്‍ വളരും. പ്രായപൂര്‍ത്തിയായ ഓക്ക് മരങ്ങളുടെ തായ്തടിക്ക് 20 അടി ചുറ്റളവ് കാണും.


ജൈവവൈവിധ്യം അളവ് കോലാക്കിയാല്‍ ആ വിഭാഗത്തില്‍ വടക്കന്‍ അമേരിക്കയില്‍ ഏറ്റവും പ്രാധാന്യമുള്ള സ്ഥലമാണിത്. ഇതെല്ലാം കണക്കിലെടുത്താണ് 1934ല്‍ ഈ പ്രദേശങ്ങളെല്ലാം ഉള്‍പ്പെടുത്തി സ്‌മോകി മൌണ്ടന്‍ നാഷണല്‍ പാര്‍ക്ക് സ്ഥാപിക്കപ്പെട്ടത്. യുനെസ്‌കോ ഇവിടം വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളുട ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടിണ്ട്. പീജിയന്‍ ഫോര്‍ജ് (Pigeon forge), ഗാറ്റ്‌ലിന്‍ബെര്‍ഗ് ്(Gatilinberg), ഷെറോക്കീ(Cherokee) എന്നിവയാണ് ഇതിനടുത്തു പ്രധാന പട്ടണങ്ങള്‍.


പീജിയന്‍ ഫോര്‍ജ്‌ലെ ഒരു കാഴ്ച

ഇവയില്‍ പീജിയന്‍ഫോര്‍ജ് കുട്ടികളുടെ ഒരു പ്രധാന വിനോദകേന്ദ്രമാക്കി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗാറ്റ്‌ലിന്‍ബെര്‍ഗ് ഒരു പഴയ ജര്‍മ്മന്‍ കുടിയേറ്റ കേന്ദ്രമാണ്. പ്രസിദ്ധമായ ഷെറോക്കീ ഗോത്രത്തത്തിന്റെ ഇരിപ്പിടമാണ് ആ പേരില്‍ത്തന്നെയുള്ള പട്ടണം. ഇതില്‍പ്പെട്ട ധാരാളം പേരെ ഇവിടെ കണ്ടു. ടൂറിസം തന്നെയാണ് ഇവിടത്തെ പ്രധാന വരുമാനം.


ഷെറോക്കീ ഗോത്ര വര്‍ഗക്കാരന്‍

ഇവിടെ താമസിച്ചു പാര്‍ക്കിനകത്തെ കാടും മലകളും അരുവികളും നടന്ന് കാണുകയോ, ഇതിനകത്തുകൂടി ഒഴുകുന്ന പലതരം നദികളില്‍ റാഫ്റ്റിങ് (rafting), ബോട്ടിങ് തുടങ്ങിയവയില്‍ എര്‍പ്പെടുകയോ ആവാം.


ആംഗ്ലിങ്

അധികം ആഴമില്ലാത്ത പുഴകളിലും അരുവികളിലും ആംഗ്ലിങ് (angling) എന്ന ഒരു പ്രത്യേക തരം മീന്‍ പിടിത്തം ഇവിടെ കാണാം. അരയ്‌ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങി നിന്നുള്ള മീന്‍ പിടിത്തമാണിത്. ട്രൌട്ട് മത്സ്യം ധാരാളമായി ഇവിടെ കിട്ടും. പ്രതിവര്‍ഷം ഏകദേശം ഒന്‍പത് മില്യന്‍ സന്ദര്‍ശകര്‍ ഇവിടെയെത്തുന്നതായി കണക്കുകള്‍ പറയുന്നു.


ക്ലിങ്മാന്‍സ് ടോമിലെക്കുള്ള വഴി

ഏറ്റവും ഉയരം കൂടിയ ഭാഗത്തിന് ക്ലിങ്മാന്‍സ് ടോം(Klingman's Dome) എന്ന് പേര്. സമുദ്രനിരപ്പില്‍ നിന്ന് 6,600 അടി ഉയരത്തിലാണ് ഈ സ്ഥലം. ശരത് കാലത്ത് ഈ ഭൂവിഭാഗത്തില്‍ കാണപ്പെടുന്ന നിറപ്പകര്‍ച്ച ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. മഞ്ഞ, ഓറഞ്ച്, ചുവപ്പ്, ബ്രൗണ്‍ എന്നിവയുടെ പല ഷെയ്ഡുകള്‍ കലര്‍ന്ന മേലാട പുതച്ചു ഈ മലനിരകള്‍ പുതിയ ഒരു അ വതാരമെടുക്കും. 'Fall colours'ന്റെ ധാരാളം ചിത്രങ്ങള്‍ കാണാനായെങ്കിലും ഞങ്ങള്‍ ഇവിടം സന്ദര്‍ശിച്ചത് ആഗസ്റ്റില്‍ ആയതിനാല്‍ ഇത് കാണാനുള്ള ഭാഗ്യം ഉണ്ടായില്ല.

പ്രസിദ്ധ അമേരിക്കാന്‍ ഗായികയായ ഡോളി പാര്‍ട്ടന്‍ ( Dolly Parton) ഇവിടെ ജനിച്ചു വളര്‍ന്ന ആളാണ്. അവരുടെ പല ഗാനങ്ങളും ഈ നാടിനെപ്പറ്റിയുള്ള ഗൃഹാതുരത്വം നിറഞ്ഞവയാണ്. അമേരിക്കന്‍ ഐക്യനാടുകളില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടമാണിത്. മെയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.


ഡോ. സലീമ ഹമീദ്



TAGS :