വിടില്ല ഞാനീ രശ്മികളെ!
മൂര്‍ച്ച കൂട്ടിക്കൊണ്ടേയിരിക്കണം എന്ന് തീരുമാനിച്ചാല്‍ത്തന്നെയും കാല്‍വഴുതി സാമൂഹ്യമാധ്യമച്ചുഴികളില്‍ വട്ടം കറങ്ങി, തിരിച്ചു നീന്തിക്കയറല്‍ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരുന്ന വര്‍ഷം. | 2023 ബാക്കിവെച്ച എഴുത്തു വിചാരങ്ങള്‍
'..അയാള്‍ നിയന്ത്രണ മുറിയുടെ ജനാലയില്‍ കൂടി വടക്കുനോക്കിയന്ത്രത്തിന്റെ പൂര്‍ണവൃത്തത്തിലേക്ക് നോക്കി.
പിന്നെ തെളിഞ്ഞ ചക്രവാളത്തിലേക്കും ഒരു മേഘ ശകലം പോലുമില്ലാത്ത ഡിസംബറിന്റെ നീലാകാശത്തിലേക്കും എന്നെന്നേക്കുമായി കപ്പല്‍ ഓടിക്കാന്‍ പറ്റിയ അനന്തമായ ജലാശയങ്ങളിലേക്കും അയാള്‍ നോക്കി...' (കോളറ കാലത്തെ പ്രണയം - പേജ് 503)
പുതിയ എഴുത്തു വിതാനങ്ങളിലേക്ക് പറന്നുയരാന്‍ ശ്രമിച്ച ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. പതിവിനു വിപരീതമായി എഴുത്ത് വായനയെ പിന്തള്ളിയ വര്‍ഷം. മൂര്‍ച്ച കൂട്ടിക്കൊണ്ടേയിരിക്കണം എന്ന് തീരുമാനിച്ചാല്‍ത്തന്നെയും കാല്‍വഴുതി സാമൂഹ്യമാധ്യമച്ചുഴികളില്‍ വട്ടം കറങ്ങി, തിരിച്ചു നീന്തിക്കയറല്‍ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരുന്ന വര്‍ഷം.
പുഷ്പവൃഷ്ടികള്‍
ഓരോ പുസ്തകം പുറത്തിറക്കലും ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ് എന്നു ഞാന്‍ കരുതുന്നു. അങ്ങനെ നോക്കുമ്പോള്‍ നവംബര്‍ 6 രണ്ടാം സ്വാതന്ത്ര്യ ദിനമാണ്. 'ആയിരം ചിറകുകളുടെ പുസ്തകം' പ്രകാശിതമായ ദിവസം. ആയിരം ചിറകുകളുടെ മാത്രമല്ല, പരീക്ഷണങ്ങളുടെ പുസ്തകം കൂടി ആയിരുന്നു അത്. ചിറകാകൃതിയില്‍ ചിട്ടപ്പെടുത്തിയ ആ പുസ്തകം വാങ്ങിയവരുടെ ഭീഷണി അവരുടെ കുട്ടികളില്‍ നിന്നുതന്നെയായിരുന്നു. തുടര്‍ച്ചയായി ഷെല്‍ഫുകളില്‍ നിന്ന് ഈ പുസ്തകം എടുത്ത് അവര്‍ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടേയിരുന്നു.
'ഹാ! ഇതാ, ഞങ്ങള്‍ ഇറക്കാനാഗ്രഹിച്ച പുസ്തകം' എന്ന് സുനില്‍ സി.ഇ, ആര്‍.കെ തഴക്കര തുടങ്ങിയവര്‍ ആശീര്‍വദിക്കുകയും ചെയ്തു.
പ്രതിമകളുടെ സുവിശേഷവും മിഖോലിക്കും: ആധ്യാത്മികതയില്‍ നിന്ന് യുദ്ധമുന്നണിയിലേക്ക് എത്ര ദൂരം ഉണ്ടെന്നാണ് നിങ്ങള്‍ കരുതിയിരിക്കുന്നത്?
ആറുമാസം എന്നാണ് എന്റെ അനുഭവം.
യേശു-മീര-സെന്റ് ഫ്രാന്‍സിസ്-ബുദ്ധന്‍ ഇവരെ കൂട്ടിത്തുന്നിയതാണ് 'പ്രതിമകളുടെ സുവിശേഷം' (മാധ്യമം ആഴ്ചപ്പതിപ്പ് -ഏപ്രില്‍) എങ്കില്‍ 'മിഖോലിക്ക് -പൊട്ടിത്തെറിച്ച കവിത'യിലേക്ക് വന്നപ്പോള്‍ (ചന്ദ്രിക ആഴ്ചപ്പതിപ്പ്-ഒക്ള്‍ടോബര്‍) പേരില്ലാത്ത രണ്ട് കുട്ടികളുടെ ഇടയിലേക്കു വന്ന മിഖോലിക് എന്ന മിസൈലായി കവിത പൊട്ടിത്തെറിച്ചു. മഹാമാരിയെ പുറത്താക്കി വാതിലടച്ച ലോകം രണ്ട് മഹായുദ്ധങ്ങളിലേക്ക് വിറങ്ങലിച്ചു. ആ മഹായുദ്ധമാറിടങ്ങള്‍ക്കിടയില്‍പ്പെട്ട്
'I can't breath' എന്ന് നിലവിളിക്കുമ്പോള്‍ത്തന്നെ'But I can write ' എന്ന് കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
മണല്‍ത്തരിയെ ഏറ്റുവാങ്ങിയ മനസ്സ് അത് ചിപ്പിയാക്കി തിരിച്ചു തരുന്ന ഒരു അനുഭവം 'പറവതിനെളുതല്ല'. സഹപ്രവര്‍ത്തകന്‍ തമാശ മട്ടില്‍ സൂചിപ്പിച്ച കളിപ്പാട്ട കച്ചവടക്കാരന്റെ കാര്യം, അയാളുടെ തീവ്ര നിഷ്‌കളങ്കത: അതുമാത്രം മതിയായിരുന്നു 'ഏറ്റവും നിഷ്‌കളങ്കമായ കവിത' പിറവിയെടുക്കുവാന്‍
(ഏറുമാടം- ഓണപ്പതിപ്പ്)
ലൈവ് കവിത, ചിത്ര കവിത എന്നിങ്ങനെ കവിതയ്ക്ക് 'പല്ലും നഖവും' നല്‍കാനുള്ള ശ്രമവും ഉണ്ടായി. തെളിനീരൊഴുക്കായും ചൂടുനീരുറവയായും വന്ന ചിന്തകള്‍. നൈനിറ്റാള്‍ അടുത്ത് ജെല്ലിക്കോട്ട് മലകയറുമ്പോള്‍ സൂര്യാസ്തമനം കാത്ത് ഒരുവള്‍-ഒരു ആസാംകാരി- അവിടെ ഇരിക്കുന്നു. സന്ധ്യ നിറം പകര്‍ന്ന ആ സംസാരം ഒരു കവിതയായ് വിടര്‍ന്നു. 'കാമാഖ്യ'എന്ന വീഡിയോ കവിത. എതിര്‍പ്പിന്റെ നാവ് അരിഞ്ഞുവീഴ്ത്തപ്പെടുമ്പോള്‍ വേദനകള്‍ വേദികളാകും; രാജധാനിയുടെ പശ്ചാത്തലത്തില്‍ ആധുനിക ഇന്ത്യ എന്ന കവിത ചൊല്ലി. സഹപ്രവര്‍ത്തകന്‍ ക്യാമറേയന്തി. ഭാഷയറിയാത്ത പാവം പൊലീസുകാരാകട്ടെ, തണലുകള്‍ അന്വേഷിച്ചും പോയി.
അപൂര്‍വം നിമിഷങ്ങളില്‍ എഡിറ്റര്‍മാര്‍ അവരുടെ വേഗത കൊണ്ട് നമ്മെ അമ്പരപ്പിച്ചു കളയും.
ഗാന്ധി രക്തസാക്ഷി ദിനത്തില്‍,
'എന്റെ നേര്‍ത്തെ കാതുകള്‍
അങ്ങയുടെ ഹൃദയമിടിപ്പുകളെ അസൂയകരമാംവണ്ണം പിടിച്ചെടുത്തു.
എന്റെ പിടിവിട്ടു. ആ ഹൃദയം കീഴടക്കുവാനായ് ഞാന്‍ മുന്‍പോട്ടു കുതിച്ചു..'
എന്ന വരികളോടെ 'ബരേറ്റവിലാപം'എഴുതി മുഴുമിച്ചയച്ചത് 12 മണിയോടെയാണ്. ഒരു മണിക്കൂര്‍ മാത്രമേ വേണ്ടി വന്നുള്ളൂ മാതൃഭൂമി ഓണ്‍ലൈനിന് അത് പകര്‍ത്തി വയ്ക്കുവാന്‍.
'നിങ്ങളുടെ കവിതാ സമാഹാരമാണ് നാലുവയസ്സുകാരനായ എന്റെ മകന്‍ ആദ്യം വായിച്ച പുസ്തകം' എന്ന അഭിലാഷിന്റെ അപ്രതീക്ഷിത ഹസ്തദാനം വന്നതും ഈ വര്‍ഷം തന്നെ. അങ്ങനെ, 'വിടപറയൊല്ലാ, വീര്‍പ്പുമുട്ടലുകളേ' എന്ന വരികള്‍ ഉരുവിട്ടുകൊണ്ട് സുഹൃത്തുക്കള്‍ അയച്ചുതരുന്ന
സ്വന്തം പുസ്തകത്തിന്റെ unboxing വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കവേ, തീര്‍ന്നുപോയീ നവംബറും ഡിസംബറും!
കണ്ണുമിഴിക്കലുകള്‍
1
പി രാമന്‍ മാഷ് സുഹൃത്തോ ഗുരുവോ അല്ല.
'പക്ഷേ കുളത്തിലെ നക്ഷത്രം എങ്ങനെ കെടുത്തും' എന്ന പുസ്തകം വായിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ഏകലവ്യനായിത്തീരുകയായിരുന്നു. കുറുന്തൊകൈ മുതല്‍ ക്രോസിയര്‍ വരെ അതില്‍ ഇടം പിടിച്ചിരുന്നു.
57ആം പേജില്‍
'മഞ്ഞുകാല നദി താഴേ-
ക്കൊഴുകിപോന്നിടുന്നിതാ
ബുദ്ധനായുള്ള പൂവുകള്‍'
എന്നൊരു ഹൈക്കു കണ്ടതും
ഞാനതിനു മറുകവിത എഴുതി..
'പറിക്കരുത്;
ഞാന്‍ ബുദ്ധനുള്ളതാണ്.
പൂവ് പറഞ്ഞു'
തുടര്‍ന്ന് ശ്വസിക്കുന്ന വിത്തുകള്‍ പോലെ
കവിതകള്‍! കവിതകള്‍!
'വെട്ടിനിര്‍ത്തി ഭംഗിയാക്കിയ
പൂന്തോട്ടത്തിലെ പാവം പൂക്കള്‍
പോലീസുകാരെ പേടിച്ചു നില്‍ക്കും പോലെയുണ്ട് '
പുസ്തകം വായിച്ചു കഴിഞ്ഞ് ഞാന്‍
വെറുതെ ഫ്‌ലിപ്പ് ചെയ്തു നോക്കി:
മാര്‍ജിനുകളില്‍ പൂത്ത മറുകവിതകള്‍!
ഒരു കുസൃതി തോന്നി:
എല്ലാം പകര്‍ത്തി എഴുതി
'മറുതിളക്കവിതകള്‍' എന്നു പേരിട്ട്
മാഷിനു തപാലില്‍ അയച്ചുകൊടുത്തു.
ഇരുപതോളം കവിതകള്‍.
അവ മാഷിനെ കണ്ടു;
പട്ടാമ്പിയിലെ പകലുകളും കണ്ടു!
2
കേവലം 500 പേജുകള്‍ മാത്രമുള്ള സോമന്‍ കടലൂര്‍ മാഷിന്റെ കടല്‍ സമാഹാരം!
ഓരോ പേജിലും അലറിക്കരയുന്ന കവിതകള്‍!
'ഞങ്ങള്‍ കെട്ടിപ്പൊക്കിയ മതിലുകള്‍
നീട്ടി നീട്ടി വെച്ചാല്‍
നിന്റെ വന്‍മതില്‍ എത്ര ചെറുതാണെന്ന് ',
'കായ്ഫലം തരുമെന്നു കരുതി
നമ്മള്‍ നട്ട ചെടികളെല്ലാം
കഴുമരങ്ങളായ് പൂത്തുനില്‍ക്കുന്നു' എന്ന്
ജീവിക്കുന്ന കവിതകള്‍. ജീ-വിധം!
രാവിലത്തെയും വൈകിട്ടത്തെയും ഗുളികകള്‍ക്കൊപ്പം തുടര്‍ച്ചയായ് വിഴുങ്ങേണ്ടിവന്നൂ മറുകരയെത്തുവാന്‍!
3
'കവിതാ മുന്നണിയില്‍ എല്ലാം ഭദ്രമാണ്' എന്ന് സ്വയം വിശ്വസിച്ചു കൊണ്ടും, ഈമെയില്‍ വിലാസങ്ങളിലേക്ക് കവിതകള്‍ മാറിമാറി അയച്ചുകൊണ്ടും ഇരുന്ന ഒരു ദിവസമാണ് ശ്രീ സുഭാഷ് ചന്ദ്രന്‍ ഡല്‍ഹിയില്‍ വന്നതും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ഇടയായതും. Mentoring എന്ന വാക്ക്യാര്‍ത്ഥത്തെ അട്ടിമറിച്ച്, 75 പുതിയ എഴുത്തുകാരിലൂടെ എങ്ങിനെയാണ് ഭരണകൂടം ചരിത്രത്തെ അപനിര്‍മിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം വിശദീകരിക്കവേ, ജാക്കറ്റിനുള്ളില്‍ ഭയം വിയര്‍പ്പായുറന്നു.
ഉപസംഹാരം
ലോക കവിതാ ദിനവും ലോക പുസ്തക ദിനവും വന്നു, പോയി. ഇനിയും വരും. വയസ്സാകാത്ത സന്ദേശങ്ങള്‍ ഓടി നടക്കും. പിറക്കാത്ത, പേരിടാത്ത പുസ്തകങ്ങള്‍ക്കായി നമ്മള്‍ കാത്തിരിക്കും. അച്ചടിച്ചു വരുന്ന കവിതയുടേയും (ഊഞ്ഞാല്‍ക്കിണര്‍ മരണം-പ്രവാസി വായന-ഓഗസ്റ്റ്) സെലക്ട് ചെയ്തുവരുന്ന ഫോട്ടോഗ്രാഫിന്റെയും (ആഴ്ചയിലെ മികച്ച ഫോട്ടോ, ഫോട്ടോമ്യൂസ് ഡോട്ട് കോം, ഓഗസ്റ്റ്) ഈ മെയ്‌ലുകള്‍ ഒരേസമയം ഇന്‍ബോക്‌സില്‍ പറന്നിറങ്ങുന്ന ആ മാജിക് സംഭവിക്കാന്‍ പ്രാര്‍ഥിക്കും!
'ആയിരം ചിറകുകളുടെ പുസ്തകം' പ്രകാശാന ചടങ്ങ്.