Quantcast
MediaOne Logo

ഡോ. യു. ഷംല

Published: 9 Aug 2024 6:34 AM GMT

അടുക്കം സ്‌കൂളിലെ തങ്കമ്മ; ചില ലഞ്ച് ബ്രേക്കുകള്‍ സമ്മാനിക്കുന്നത്

ചില ചെറിയ കാല്‍വെയ്പുകള്‍ക്ക് പ്രതീക്ഷിക്കാനാവാത്ത വിധം മറ്റുചിലരില്‍ സന്തോഷമുണ്ടാക്കാന്‍ കഴിയും. ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ജീവിതത്തില്‍ ആരൊക്കെയോ ഒപ്പമുണ്ട് എന്ന കരുതല്‍ ഉണര്‍വാകും, ഊര്‍ജമാകും. ലഞ്ച് ബ്രേക്കിലെ ഓര്‍മക്കുറിപ്പുകള്‍ | Lunch Break

അടുക്കം സ്‌കൂളിലെ തങ്കമ്മ; ചില ലഞ്ച് ബ്രേക്കുകള്‍ സമ്മാനിക്കുന്നത്
X

ലഞ്ച് ബ്രേക്കിലേക്ക് ആദ്യമായി എഴുതുന്ന അനുഭവം എന്തായിരിക്കണം എന്ന് പലതവണ ആലോചിച്ചു. ഇരുപത്തിരണ്ട് വര്‍ഷത്തെ അധ്യാപന ജീവിതത്തിനിടയില്‍ നിരവധി അനുഭവങ്ങളുണ്ട്. അതില്‍ ഏതെഴുതും? എന്തെഴുതും? അധ്യാപിക ആയപ്പോഴുള്ളതോ, ഹെഡ്മിസ്ട്രസ് ആയപ്പോഴുള്ളതോ?

കോട്ടയം ജില്ലയിലെ മലയോര മേഖലയായ അടുക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കാണ് ആദ്യമായി ഹെഡ്മിസ്ട്രസ് പ്രമോഷന്‍ ലഭിച്ചെത്തുന്നത്. ഇത്രയും ദൂരം എങ്ങനെ യാത്ര ചെയ്ത് ജോലി ചെയ്യും എന്ന് വിചാരിച്ച എനിക്ക് എത്തിച്ചേര്‍ന്നപ്പോള്‍ മുതല്‍ അടുക്കം എത്രമേല്‍ പ്രിയപ്പെട്ടതായെന്നോ? വളരെ വേഗംതന്നെ മനസ്സിനോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന ഒരുപാട് സൗഹൃദങ്ങള്‍ അടുക്കം സമ്മാനിച്ചു. കുട്ടികള്‍ എന്നും ഒപ്പം കൂടി. അവരോടൊപ്പം കളിക്കാനും കഥ പറയാനും മീന്‍ പിടിക്കാനും മലകയറാനും ഒക്കെ ഞാനും പോയി. അവര്‍ എന്നെ കൊണ്ടുപോയി എന്ന് പറയുന്നതാവും ശരി. അധ്യാപകരും അവിടുത്തെ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളും മഞ്ഞും മലയും കാറ്റും അരുവികളും സ്‌കൂള്‍ മുറ്റത്ത് നിന്നാല്‍ കാണുന്ന ഇല്ലിക്കല്‍കല്ലും ഒക്കെ ചേര്‍ന്നാല്‍ അടുക്കം സ്‌കൂളായി.

അടുക്കത്തെ കുറിച്ചുള്ള ആലോചനയുടെ മധ്യത്തില്‍ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി അടുക്കത്ത് നിന്നും തങ്കമ്മ അമ്മായി എച്ചെമ്മേ എന്ന് നീട്ടിവിളിച്ചത്.

തങ്കമ്മ അമ്മായി ആരെന്നല്ലേ?

പറയാം.

അടുക്കം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ആദ്യത്തെ വിദ്യാര്‍ഥിനിയാണ് അമ്മായി എന്ന് അടുക്കംകാര്‍ സ്‌നേത്തോടെ വിളിക്കുന്ന തങ്കമ്മ അമ്മായി.

ഒരു ലഞ്ച് ബ്രേക്കിനായിരുന്നു അമ്മായിയെ ഞാന്‍ ആദ്യമായി കണ്ടത്. സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനുള്ള തേങ്ങ അമ്മായിയാണ് നല്‍കുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഈ പ്രായത്തിലും നല്ലതുപോലെ അധ്വാനിച്ച് ജീവിക്കുന്ന അമ്മായിയോട് ഒരുപാട് ബഹുമാനം തോന്നി.

എഴുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നു ഈ വര്‍ഷം അടുക്കം സ്‌കൂളിന്. കഴിഞ്ഞവര്‍ഷം അവസാനം സ്മിതയോടൊപ്പം സ്‌കൂള്‍ രജിസ്റ്റര്‍ ഒന്ന് പരിശോധിച്ചു. അപ്പോഴാണ് തങ്കമ്മ, നിലയംപ്ലാക്കല്‍

എന്ന പേരും വിലാസവും കാണുന്നത്. സ്‌കൂളിന്റെ തൊട്ടടുത്ത് തന്നെയാണ് തങ്കമ്മ അമ്മായിയും ഭാസ്‌കരന്‍ അമ്മാവനും താമസിക്കുന്നത്.

പിന്നെ വൈകിയില്ല, കുറച്ചു കുട്ടികളുമായി അമ്മായിയെ കാണാന്‍ പോയി. അമ്മായിയുടെ കപ്പകൃഷിയുടെ വിളവെടുപ്പായിരുന്നു അവിടെ. സ്‌കൂളിലെ കുട്ടികള്‍ക്കായി അമ്മായി കപ്പ വെട്ടുന്ന തിരക്കിലായിരുന്നു.

ഒരു ഫോട്ടോ എടുക്കാന്‍ പോലും ഒരുപാട് വഴക്കിടേണ്ടി വന്നു. ചുമ്മാ ബഹളം വച്ചുകളയും അമ്മായി.


അടുക്കത്തിന്റെ മനോഹാരിതകള്‍ ആസ്വദിച്ചുള്ള ബസ് യാത്രയില്‍ പതുക്കെ പതുക്കെ ആലോചിച്ചു. കേവലം ഒരു ഫോട്ടോയില്‍, ആദരവില്‍ ഒതുക്കേണ്ടതല്ലല്ലോ അമ്മായിയുടെ ജീവിതം. മക്കളില്ലാത്ത അവര്‍ക്ക് സ്‌കൂളിലെ കുട്ടികളോട് ഏറെ സ്‌നേഹമാണ്. വനിതാദിനത്തോടനുബന്ധിച്ച് ഒരു ടെലിഫിലിം ഒരുക്കിയാലോ. സ്‌കൂളില്‍ അധ്യാപകരോട് ആശയം പങ്കുവെച്ചു. എല്ലാവരും ഒപ്പം നിന്നു. ഇനി വേണ്ടത് സാക്ഷാല്‍ അമ്മായിയുടെ സമ്മതമാണ്. ചെന്നു, കണ്ടു, സംസാരിച്ചു. ആദ്യമൊന്നും വഴങ്ങിയില്ല. പതുക്കെ ഞങ്ങളുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് നിന്നു തന്നു. എങ്ങനെയാവണം അമ്മായി ഫ്രെയിമില്‍ വരേണ്ടത്?

ഒരുമിച്ച് ആലോചിച്ചു ഞങ്ങള്‍.

ഫോട്ടോഗ്രാഫേഴ്‌സ് ആയി മനോജ് സാറും വിനീത് സാറും. റീഫ ടീച്ചറും വിനീത് സാറും ചേര്‍ന്ന് പേരും കണ്ടെത്തി. 'റോള്‍ നമ്പര്‍ വണ്‍, തങ്കമ്മ.' രണ്ടുദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയായി. കുട്ടികള്‍ക്കൊക്കെ ആവേശം. മൂന്നാം ക്ലാസുകാരി ഐശ്വര്യ അമ്മായിയുടെ ബാല്യകാലം അവതരിപ്പിച്ചു. മനോജ് സാര്‍ അമ്മായിയുടെ അധ്യാപകനായി. വിമല ടീച്ചര്‍ അമ്മായിയുടെ അമ്മയായി. ഭാസ്‌കരനമ്മാവന്‍ ഒരു നാട്ടുകാരനായി.

ആറ് മിനിറ്റ് മാത്രമുള്ള ഞങ്ങളുടെ ഡോക്യുഫിക്ഷന്‍ വിനീത് സാര്‍ മനോഹരമായി എഡിറ്റ് ചെയ്തു. സുഹൃത്തായ ഡോ. ആശാ മിഥുന്‍ സുന്ദരമായ ഗാനം എഴുതി. ദീപ ടീച്ചറും അനിത ടീച്ചറും പാടി തന്നു. ഒരാഴ്ച കൊണ്ട് ഡോക്യുഫിക്ഷന്‍ റെഡി.

ആദ്യമായി സ്‌കൂളില്‍ പോകുന്ന കുഞ്ഞുതങ്കമ്മയോട് 'എന്നാടീ തങ്കമ്മേ നിനക്കിത്ര സന്തോഷം' എന്ന ഡയലോഗ് പലവട്ടം ഉരുവിട്ട് കാണാതെ പഠിച്ച അമ്മാവന്‍ അവസാനത്തെ ഷൂട്ടിന് ശേഷവും 'എന്നാടീ തങ്കമ്മേ, നിനക്കിത്ര സന്തോഷം' എന്ന് തനിയെ പറഞ്ഞു കൊണ്ട് പോകുന്ന കാഴ്ച കണ്ടപ്പോള്‍ ജയരാജിന്റെ സിനിമയില്‍ സ്വാഭാവികമായി ജീവിക്കുന്ന ചില കഥാപാത്രങ്ങളാണ് ഓര്‍മയിലെത്തിയത്. എത്ര ഇഷ്ടത്തോടെയാണെന്നോ അമ്മാവന്‍ തന്റെ ഡയലോഗ് പറഞ്ഞത്! 'എത്ര ടേക്ക് വേണമെങ്കിലും എടുത്തോളൂ, ഞാന്‍ തയ്യാര്‍'എന്ന മട്ട്.

ജീവിതത്തില്‍ ഒരിക്കലും നിനച്ചിരിക്കാതെയാണ് അവര്‍ അഭിനയിച്ചത്. റിലീസ് ചെയ്ത ദിവസം എത്ര അഭിമാനത്തോടെയാണ് അവര്‍ പങ്കെടുത്തത്.

താന്‍ പഠിച്ച സ്‌കൂളില്‍ ഒരു വിശിഷ്ടാതിഥിയായി കണ്‍നിറയെ സന്തോഷത്തോടെ അമ്മാവനോടൊത്ത് അമ്മായി വേദിയിലിരുന്നത്, ഞങ്ങള്‍ക്കും കണ്ണുനിറയ്ക്കുന്ന ഒരു കാഴ്ചയായിരുന്നു. ഞങ്ങളുടെ സ്‌കൂളിലെ ആദ്യ വിദ്യാര്‍ഥിക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച സമ്മാനമായി അതിനെ എല്ലാവരും കണ്ടു. രണ്ടുപേരുടെയും ഫോട്ടോ ഫ്രെയിം ചെയ്ത് സമ്മാനമായി നല്‍കിയത് അമ്മായി നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. ഒപ്പം കുഞ്ഞുങ്ങളുടെയും അധ്യാപകരുടെയും സ്‌നേഹത്തെയും. സ്‌കൂളിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിയിരുന്ന അമ്മായി ഇന്ന് സ്‌കൂളില്‍ നിത്യ സന്ദര്‍ശകയാണ്. ഓരോ കുട്ടിയും അവര്‍ക്ക് സ്വന്തം മക്കളാണ്. അത്രമേല്‍ ചേര്‍ന്നു നില്‍ക്കുന്നു ഇന്ന് സ്‌കൂളിനോട്.


ചില ചെറിയ കാല്‍വെയ്പുകള്‍ക്ക് പ്രതീക്ഷിക്കാനാവാത്ത വിധം മറ്റുചിലരില്‍ സന്തോഷമുണ്ടാക്കാന്‍ കഴിയും. ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ജീവിതത്തില്‍ ആരൊക്കെയോ ഒപ്പമുണ്ട് എന്ന കരുതല്‍ ഉണര്‍വാകും, ഊര്‍ജമാകും.

ഈ പ്രായത്തിലും ഒരുപാട് കഷ്ടപ്പെട്ട് കൃഷിയിറക്കുമ്പോള്‍ അതിലൊരു പങ്ക് സ്‌കൂളിലെ കുട്ടികള്‍ക്കായി മാറ്റിവയ്ക്കുന്നു തങ്കമ്മ.

സങ്കടക്കണ്ണുകളോടെ അടുക്കം സ്‌കൂളിന്റെ പടിയിറങ്ങുമ്പോള്‍ ഇവരൊക്കെയും എന്റെ കൂടെ ഇറങ്ങിപ്പോന്നു. ആരും ഉള്ളില്‍ നിന്ന് ഇറങ്ങി പോയിട്ടേയില്ല. ഓര്‍മകളും പേറിയുള്ള ഒരു തിരിച്ചിറക്കം. മലയോരമേഖലയിലെ കുഞ്ഞു പള്ളിക്കൂടവും അവിടുത്തെ കുട്ടികളും അധ്യാപകരും പി.ടി.എയും നാട്ടുകാരും ഒക്കെ എന്നും ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് അടുക്കം ഏറെ അടുപ്പമുള്ളതാക്കി തീര്‍ത്തു. ഒരുപാട് കുഞ്ഞു സൗഹൃദങ്ങള്‍ സമ്മാനിച്ചു അടുക്കം സ്‌കൂള്‍. തിരിച്ചു പോകണം എന്നാഗ്രഹിക്കുന്ന ചില ഇടങ്ങള്‍ ഉണ്ടാകുമല്ലോ. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ശലഭച്ചെടികള്‍ പൂത്തു നില്‍ക്കുന്ന ചില പച്ചപ്പുകള്‍.


അടുക്കത്ത് ഒരിക്കലും ജോലി ചെയ്യുകയായിരുന്നില്ല, ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു. ഒരുപാട് സ്‌നേഹം ഉള്ളില്‍ പേറിയ കുറച്ച് നാളുകള്‍. ക്ലാസ് അനുഭവത്തെക്കാള്‍ ചിലപ്പോള്‍ ഇത്തരം സ്‌കൂള്‍ അനുഭവമാവും നമ്മോടൊപ്പം നില്‍ക്കുക എന്ന് മറ്റൊരു ലഞ്ച് ബ്രേക്കില്‍ തിരിച്ചറിയുന്നു.

(കടുത്തുരുത്തി ഗവണ്മെന്റ് വി.എച്ച്.എസ്.എസ്സിലെ ഹെഡ്മിസ്‌ട്രെസ്സാണ് ലേഖിക)


TAGS :