Quantcast
MediaOne Logo

സലീന സലാവുദീൻ

Published: 11 Sep 2024 7:16 AM GMT

മോണാലിസയുടെ തിരോധാനം

ആയിരത്തിത്തൊള്ളായിരത്തി അന്‍പത്തിയാറില്‍ ഒരാളുടെ കല്ലേറില്‍ ചിത്രത്തിനു ചെറിയ രീതിയില്‍ നാശം സംഭവിച്ചു. ചിത്രത്തിനു നേരെ ആസിഡ് ആക്രമണം വരെ ഉണ്ടായി.

മോണാലിസയുടെ തിരോധാനം
X

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇറ്റലിയില്‍ രൂപകല്പന ചെയ്തു വരച്ച ലോകപ്രസിദ്ധമായ ഒരു ഓയില്‍ പെയിന്റിംഗ് ആണ് കലാപ്രപഞ്ചത്തിലെ സമാനതകളില്ലാത്തൊരു സൃഷ്ടിയായ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ മോണാലിസ. ലിയോനാര്‍ഡോ ഡാവിഞ്ചി 1503 ലാണു മോണാലിസ വരച്ചതെന്നാണു വിശ്വസിക്കപ്പെടുന്നത്. ഈ ചിത്രത്തോളം ലോകം ചര്‍ച്ച ചെയ്ത മറ്റൊരു ചിത്രമുണ്ടാകില്ല.

ചിത്രം വരയ്ക്കുമ്പോള്‍ ഡാവിഞ്ചിയുടെ മനസ്സിലെ പ്രത്യേക വികാരം എന്തായിരുന്നുവെന്നു വ്യക്തമായി വ്യാഖ്യാനിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മോണാലിസ കരയുകയാണോ ചിരിക്കുകയാണോ എന്ന് ആ ചിത്രം നോക്കി പറയാനാവില്ല എന്നതാണ് ആ ചിത്രത്തിന്റെ പ്രധാന പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഫ്രാന്‍സിസ്‌കോ ഡെല്‍ ജിയോകോണ്ടോയുടെ അഭ്യര്‍ഥന പ്രകാരം, ഭാര്യ ലിസ ജെരാര്‍ദിനിയുടെ പ്രതിമ ആയാണ് ഇത് വരച്ചത് എന്നാണ് വിശ്വാസം. ഇതില്‍ ലിസ ജെരാര്‍ദിനിയുടെ ചിത്രം മാത്രമല്ല, ഡാവിഞ്ചിയുടെ സങ്കല്‍പവും പ്രതിഫലിപ്പിക്കുന്നുണ്ട്. മോണാലിസയുടെ കഥയും, മോഡലിന്റെ തിരിച്ചറിവും സംബന്ധിച്ച് നിരവധി തര്‍ക്കങ്ങളും അര്‍ഥാന്വേഷണങ്ങളും നിലവിലുണ്ട്.

സുന്ദരമായ സ്ഫുമാറ്റോ (Sfumato) സാങ്കേതികതയാണ് ചിത്രത്തില്‍ പ്രയോഗിച്ചിരിക്കുന്നത്. ഇത് മുഖത്തിന്റെ അതിരുകളെ മങ്ങലാക്കുകയും, ചിത്രത്തെ സുതാര്യതയോടെ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. ഇതിന്റെ ഗുണനിലവാരവും, സങ്കേതിക മികവും അപ്രമേയമാണ്. ചിത്രത്തിലെ പശ്ചാത്തല ദൃശ്യം വളരെ സങ്കീര്‍ണ്ണവും, സ്വപ്‌ന സാങ്കല്പികവുമായതാണ്. മോണലിസയുടെ പശ്ചാത്തലത്തില്‍ കാണപ്പെടുന്ന നദികളും, മലകളും, വഴികളുമെല്ലാം ഡാവിഞ്ചിയുടെ മികവിന്റെ തെളിവാണ്.

1503 മുതല്‍ 1506 വരെയുള്ള കാലയളവില്‍, ഏതാനും വിശ്വാസപ്രകാരം 1517 വരെ, ഇതിന്റെ സൃഷ്ടിക്കായി ഡാവിഞ്ചി പ്രവര്‍ത്തിച്ചിരുന്നു. ഈ ചിത്രകൃതി ഇപ്പോള്‍ ഫ്രാന്‍സിലെ പാരീസിലെ ലൂവ്രേ മ്യൂസിയത്തില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മോണാലിസയുടെ പ്രശസ്തമായ സ്‌മൈല്‍ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകം. ഈ പുഞ്ചിരിയുടെ രഹസ്യവും, ഇതിന്റെ വ്യക്തമായ അര്‍ഥവും ഇന്നുവരെ ആര്‍ക്കും ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ ഇത് ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും ഒരു മിശ്രിത സങ്കേതമെന്ന് വിശ്വസിക്കുന്നു.

മോണാലിസയുടെ പോര്‍ട്രെറ്റ് അര്‍ദ്ധചന്ദ്രാകൃതിയിലാണ്, അത് ചിത്രത്തിന്റെ വിശേഷമായ വൈജ്ഞാനികതയേയും ദൃശ്യപൂര്‍ണതയേയും വര്‍ധിപ്പിക്കുന്നു. അവളുടെ മുഖം, കണ്ണുകള്‍, ചുണ്ടുകള്‍ എന്നിവ വളരെ സൂക്ഷ്മതയോടെയാണ് വരച്ചിരിക്കുന്നത്. മോണാലിസയുടെ കണ്ണുകള്‍, കാണുന്നവനെ എപ്പോഴും നോക്കുന്നതു പോലെയാണ് തോന്നുക. ഏത് ദിശയിലേക്കാണ് കാണുന്നതെങ്കിലും കണ്ണുകള്‍ നമ്മളെയോ നമ്മുടെ ചലനങ്ങളെയോ പിന്തുടരുന്നതായി തോന്നും. സുന്ദരമായ സ്ഫുമാറ്റോ (Sfumato) സാങ്കേതികതയാണ് ചിത്രത്തില്‍ പ്രയോഗിച്ചിരിക്കുന്നത്. ഇത് മുഖത്തിന്റെ അതിരുകളെ മങ്ങലാക്കുകയും, ചിത്രത്തെ സുതാര്യതയോടെ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. ഇതിന്റെ ഗുണനിലവാരവും, സങ്കേതിക മികവും അപ്രമേയമാണ്. ചിത്രത്തിലെ പശ്ചാത്തല ദൃശ്യം വളരെ സങ്കീര്‍ണ്ണവും, സ്വപ്‌ന സാങ്കല്പികവുമായതാണ്. മോണലിസയുടെ പശ്ചാത്തലത്തില്‍ കാണപ്പെടുന്ന നദികളും, മലകളും, വഴികളുമെല്ലാം ഡാവിഞ്ചിയുടെ മികവിന്റെ തെളിവാണ്.


മോണലിസ, വിവിധ കാലങ്ങളിലൂടെയും ശൈലികളിലൂടെയും പ്രചോദനമാണ്. ചിത്രകലയില്‍, സാഹിത്യത്തില്‍, സംഗീതത്തില്‍, പോപ് കള്‍ച്ചറില്‍ എന്നിവയിലൊക്കെ ഈ ചിത്രത്തിന്റെ ബൃഹത്തായ പ്രഭാവം നമുക്ക് കാണാനാവുന്നുണ്ട്. കലാപ്രപഞ്ചത്തില്‍ ഇതിന്റെ വിശിഷ്ടതയും, പാരമ്പര്യവും, വിവാദങ്ങളും എന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മോണലിസയുടെ അര്‍ഥതലങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ഉണ്ട്. ചിലര്‍ ഇത് സ്ത്രീയുടെ രഹസ്യാവസ്ഥയുടെയും, ശൃംഗാരത്തിന്റെയും പ്രതീകമായി കാണുന്നു.

കലാപരമായ കഴിവിന്റെയും, സങ്കേതിക വൈദഗ്ധ്യത്തിന്റെയും തെളിവാണ് ഈ ചിത്രം ഇന്നും ലോകത്തെ മില്യണിലധികം ആളുകളെ ആകര്‍ഷിക്കുന്നത്. അതിന്റെ സ്‌മൈലിന്റെ രഹസ്യവും കാലാതീതമായ സൗന്ദര്യം കൊണ്ടും ചിത്രം മനസ്സില്‍ ഒരു ആനന്ദം നല്‍കുകയും ചെയ്യുന്നു. ഈ ചിത്രത്തിന്റെ അര്‍ഥവും, സാങ്കേതികവിദ്യയും സംബന്ധിച്ച് നിരവധി അഭിപ്രായ വ്യത്യാസങ്ങളും, ഗവേഷണങ്ങളും നിലനില്‍ക്കുന്നത് കൊണ്ടാണ് മോണാലിസ, പ്രപഞ്ചത്തിലെ ഏറ്റവും പ്രശസ്തമായ കലാസൃഷ്ടികളില്‍ ഒന്നായി മാറിയത്.

ഏതു രീതിയില്‍ മോണാലിസയുടെ ഭാവത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നുവോ ആ രീതിയിലെല്ലാം അതിലെ ഭാവം വ്യതിചലിക്കുന്നതായി തോന്നും. ഏതു കോണില്‍ നിന്നു നോക്കിയാലും ഈ ചിത്രം ഒരുപോലെ തന്നെ നമ്മുടെ കണ്ണില്‍ തറയും.

അങ്ങനെയുള്ള മോണാലിസയുടെ വിഷാദവും ചിരിയുമെല്ലാം ലോകം ചര്‍ച്ച ചെയ്തിട്ടുണ്ട്. അളവുകളിലെ പ്രത്യേകതകള്‍ വിഗധര്‍ പലതവണ പരിശോധിച്ചു. ചിത്രത്തിനു പിന്നിലൊളിച്ചിരിക്കുന്ന നിഗൂഢതകളെ സംബന്ധിച്ചു പലതവണ ചര്‍ച്ചകളുണ്ടായി. മോണാലിസ ആണാണെന്ന തരത്തില്‍ പോലും ചര്‍ച്ചകള്‍ നടന്നു. ഇതെല്ലാം ചിത്രത്തിന്റെ പ്രശസ്തി കൂട്ടിയിരുന്നു.

അന്താരാഷ്ട്ര പ്രശസ്തി പലപ്പോഴും മോണാലിസയ്ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പലതവണ മോണാലിസയ്ക്കു നേരെ ആക്രമണം ഉണ്ടായി. പലരും നോട്ടമിട്ടിട്ടുള്ളതിനാല്‍ മോണാലിസയ്ക്ക് വിവിധ സ്ഥലങ്ങളില്‍ സഞ്ചരിക്കാനായിരുന്നു യോഗം. സൃഷ്ടാവായ ഡാവിഞ്ചിക്കൊപ്പം ഇറ്റലിയില്‍ നിന്ന് ഫ്രാന്‍സിലെത്തിയ ചിത്രം ഡാവിഞ്ചിയുടെ മരണ ശേഷം രാജകൊട്ടാരത്തിന്റെ അധീനതയിലായി. 1798 മുതല്‍ 1800വരെ മ്യൂസിയത്തില്‍. പിന്നീടു നെപ്പോളിയന്റെ കിടപ്പുമുറിയിലെ ഭിത്തിയില്‍ മോണാലിസയെത്തി. 1804 ല്‍ വീണ്ടും മ്യൂസിയത്തിലെത്തി.

രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ സുരക്ഷയെക്കരുതി ചിത്രം ലൂവ്രേ മ്യൂസിയത്തില്‍ നിന്ന് രഹസ്യ കേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു. ഇങ്ങനെ മാറ്റിയപ്പോഴാണു മോണാലിസയ്‌ക്കെതിരെ കൂടുതല്‍ ആക്രമണം ഉണ്ടായത്. 1956ല്‍ ഒരാളുടെ കല്ലേറില്‍ ചിത്രത്തിനു ചെറിയ രീതിയില്‍ നാശം സംഭവിച്ചു. ചിത്രത്തിനു നേരെ ആസിഡ് ആക്രമണം വരെ ഉണ്ടായി. പതിനാലാം നൂറ്റാണ്ടില്‍ പലവട്ടം മോണലിസയുടെ സംരക്ഷണത്തിന് പ്രത്യേക പരിചരണങ്ങള്‍ നല്‍കിയിട്ടുണ്ട്. 1911-ല്‍ മോണലിസ മോഷണത്തിനിരയായെങ്കിലും, 1913-ല്‍ തിരികെ ലഭിച്ചു. ഇത് ആഗോള ശ്രദ്ധ പിടിച്ചു പറ്റിയ സംഭവമായി മാറിയിരുന്നു. ലോകത്തെ തന്നെ നടുക്കിയ മോഷണം ഫ്രാന്‍സിനു നല്‍കിയ ആഘാതം ചെറുതല്ലായിരുന്നു. രാജ്യത്തിനു നാണക്കേടായി സംഭവം മാറി. പലതരത്തിലുള്ള പ്രചാരണങ്ങളും ജനങ്ങള്‍ക്കിടയില്‍ പടര്‍ന്നു. ചിത്രത്തിന്റെ തിരോധാനം രാഷ്ട്രീയമായി വലിയ കോളിളക്കം സൃഷ്ടിച്ചു. വകുപ്പുമായി ബന്ധപ്പെട്ട മന്ത്രി രാജിവച്ചു. മ്യൂസിയത്തിലെ ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം ചോദ്യം ചെയ്യലിനു വിധേയരായി. ആര്‍ട്ടുഗ്യാലറിയുടെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. പൊതിക്കെട്ടുമായി നഗരത്തില്‍ ഇറങ്ങുന്ന ഏതൊരു വ്യക്തിയും പൊലീസിന്റെ ചോദ്യം ചെയ്യലിനു വിധേയരായി.


| 1911ല്‍ മോഷ്ടിക്കപ്പെടുന്നതിന് മുമ്പ് ലൂവ്രെ മ്യൂസിയത്തില്‍ മോണാലിസ.

ലോകപ്രശസ്ത ചിത്രകാരനായ പാബ്ലോ പിക്കാസോയെ വരെ മോണാലിസയുടെ മോഷണവുമായി ബന്ധപ്പെട്ടു പൊലീസ് ചോദ്യം ചെയ്തു. ചില കലാകാരന്‍മാര്‍ അറസ്റ്റിലായി. പക്ഷേ, അടുത്ത രണ്ടുവര്‍ഷത്തേക്കു മോണാലിസയെ കുറിച്ചു ഒരു വിവരവും ലഭിച്ചില്ല. തങ്ങളുടെ പ്രിയപ്പെട്ട മോണലീസയെ ഒരിക്കലും കാണാനാകില്ലെന്നു ജനങ്ങളും വിശ്വസിച്ചു തുടങ്ങി. മോണാലിസയെക്കുറിച്ച് അപ്പോള്‍ അറിയാവുന്നത് ഒരാള്‍ക്കു മാത്രമായിരുന്നു. മോണാലിസയുടെ മോഷ്ടാവായ വിന്‍സെന്‍സോ പെറൂജ്ജിയക്ക് മാത്രം.

മ്യൂസിയത്തിലെ പെയിന്റിങ്ങുകള്‍ക്കു ചട്ടക്കൂടു തയ്യാറാക്കിയിരുന്ന സംഘത്തില്‍പ്പെട്ട ആളായിരുന്നു ഇറ്റലിക്കാരനായ മരപ്പണിക്കാരന്‍ പെറുജ്ജിയ. മോണാലീസയെ ഭിത്തിയില്‍ ഉറപ്പിച്ചിരുന്ന സംവിധാനത്തെ കുറിച്ചു പെറൂജ്ജിയയ്ക്കു നല്ല ധാരണയുണ്ടായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കിടെ അയാള്‍ മോണാലീസയുടെ ചിത്രത്തിനരികെ മണിക്കൂറുകള്‍ ചെലവഴിച്ചിരുന്നു. എന്നാല്‍, അറ്റകുറ്റപ്പണിക്കായെത്തിയ മരപ്പണിക്കാരനായിതിനാല്‍ ആരും അതു ഗൗരവമായി എടുത്തില്ല. സംഭവദിവസം രാവിലെ മ്യൂസിയത്തിലെത്തിയ പെറൂജ്ജിയ മോണാലീസയുടെ ചിത്രം ഭിത്തിയില്‍ നിന്നെടുത്തു ചട്ടക്കൂടില്‍ നിന്ന് അതു വേര്‍പെടുത്തി പണിസാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ ഒളിപ്പിച്ചു.


| മോഷ്ടിക്കപ്പെട്ടതിന് ശേഷം ലൂവ്രെ മ്യൂസിയത്തിലെ സലൂണ്‍ കാരെയിലെ മൊണാലിസയുടെ ഒഴിഞ്ഞ സ്ഥലം.

മോണാലീസയെ കണ്ടെത്താന്‍ മ്യൂസിയത്തില്‍ അന്വേഷണം നടക്കുമ്പോള്‍ ചിത്രത്തെ തന്റെ വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചു പെറൂജ്ജിയ പുറത്തിറങ്ങി. അതിനുശേഷം ഒരു ടാക്‌സിയില്‍ തന്റെ മുറിയിലെത്തി കിടക്കയുടെ അടിയില്‍ ചിത്രം ഒളിപ്പിച്ചു.

മോണാലീസയുടെ ചിത്രത്തിന്റെ വലിപ്പക്കുറവാണ് മോഷണം അനായാസമാക്കിയത്. അന്വേഷണ സംഘം ആര്‍ട്ടുഗാലറിയിലെ നൂറുകണക്കിനു ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനിടയില്‍ പെറൂജ്ജിയയേയും അയാളുടെ മുറിയില്‍ വച്ചു ചോദ്യം ചെയ്തു. എന്നിട്ടും ഒരു തുമ്പുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞില്ല. മോണലീസയെത്തേടി ഫ്രഞ്ചു പൊലീസ് ലോകം മുഴുവന്‍ അലഞ്ഞു.

1913 നവംബര്‍ മാസം ഫ്‌ളോറന്‍സിലെ ഒരു പെയിന്റിംഗ് കച്ചവടക്കാരനു പാരീസില്‍ നിന്ന് ഒരു കത്തു ലഭിച്ചു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒരു പെയിന്റിംഗ് അയാള്‍ക്ക് വാഗ്ദാനം ചെയ്തു കൊണ്ടുള്ളതായിരുന്നു കത്ത്. 'ലിയോനാര്‍ഡ്' എന്നു സ്വയം പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു കത്തുകളെഴുതിയിരുന്നത്.


| ഫ്‌ലോറന്‍സിലെ ഉഫിസി ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മൊണാലിസ.

കത്തു കിട്ടിയ ആ പെയിന്റിംഗ് ഇടപാടുകാരന്‍ കത്ത് ഉഫിസ്സി ആര്‍ട്ട് ഗാലറിയിലെ ഡയറക്ടറെ കാണിച്ചു. ഇരുവരും ചേര്‍ന്ന് 'ലിയോനാര്‍ഡ്' എന്ന പേരില്‍ കത്തുകളെഴുതുന്ന ഇടപാടുകാരനെ നേരില്‍ കാണാന്‍ തീരുമാനിച്ചു.

മോണാലീസയുടെ ചിത്രമാണെന്ന പേരില്‍ വ്യാപക തട്ടിപ്പുകള്‍ അക്കാലത്തു നടന്നിരുന്നതിനാല്‍ സൂക്ഷ്മതയോടെയായിരുന്നു ഇടപാടുകള്‍. ചിത്രം കൈമാറാനായി തന്റെ മുറിയിലേക്കു വരാന്‍ 'ലിയോനാഡോ' ആവശ്യപ്പെട്ടു. ഇടപാടുകള്‍ പറഞ്ഞു തീര്‍ത്തശേഷം, ചുവന്ന പട്ടില്‍ പൊതിഞ്ഞു നിത്യോപയോഗ സാധനങ്ങളുടെ കൂട്ടത്തില്‍ സൂക്ഷിച്ചിരുന്ന മോണാലീസയെ ലിയോനാര്‍ഡ് എന്ന അപരനാമത്തില്‍ പ്രത്യക്ഷപ്പെട്ട പെറൂജ്ജിയ പുറത്തെടുത്തു.

നടപടികളെല്ലാം വളരെ രഹസ്യമായിരുന്നെങ്കിലും പൊലീസ് എല്ലാവരെയും അറസ്റ്റു ചെയ്തു. വന്‍ സുരക്ഷാ സന്നാഹങ്ങളോടെ പാരീസിലേക്ക് തിരിച്ചു കൊണ്ടുപോകുന്നതിടെ ഉഫിസ്സി ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം കാണാന്‍ ആയിരക്കണക്കിന് ഇറ്റലിക്കാര്‍ക്ക് പിന്നീട് അവസരം ലഭിച്ചു.

എന്തിനാണ് പെറൂജ്ജിയ മോണലീസയെ മോഷ്ടിച്ചതെന്ന് വിവിധ കോണുകളില്‍ നിന്ന് ചോദ്യമുയര്‍ന്നു. ഒരു രാജ്യസ്‌നേഹിയായിരുന്നു പെറൂജ്ജീയ. ഇറ്റലിക്കാര്‍ക്ക് അവകാശപ്പെട്ടതാണു മോണലീസയെന്ന് അയാള്‍ വിശ്വസിച്ചിരുന്നു. മോണലീസയെ അതിന്റെ ജന്മനാട്ടില്‍ തന്നെ എത്തിക്കാനായിരുന്നു മോഷണം.മോഷണ കാരണം പുറത്തറിഞ്ഞതോടെ ഇറ്റലിയിലെ പൗരന്മാര്‍ക്കിടയില്‍ പെറൂജ്ജിയ ഒരു 'ഹീറോ' ആയി മാറി. രാജ്യസ്‌നേഹം കൊണ്ടാണോ അതോ പണത്തിനു വേണ്ടിയാണോ ഈ മോഷണം നടത്തിയതെന്ന ചോദ്യമാണു വിചാരണയില്‍ പൊന്തിവന്നത്.

വിചാരണയ്ക്കു ശേഷം പെറുജ്ജിയയെ ഒരു വര്‍ഷവും 15 മാസവും തടവുശിക്ഷയ്ക്ക് വിധിച്ചു. പിന്നീടു ശിക്ഷ ഏഴു മാസമായി ഇളവു ചെയ്തു. ജയില്‍ മോചിതനായ പെറൂജ്ജിയയ്ക്കു വിരോചിതമായ സ്വീകരണമാണ് ലഭിച്ചത്.

തിരികെ ഫ്രാന്‍സിലെത്തിച്ച മോണാലീസയെ അതീവ സുരക്ഷയോടെ മ്യൂസിയത്തില്‍ പ്രതിഷ്ഠിച്ചു. അതിനു ശേഷവും മോണാലീസയെ വിവാദങ്ങള്‍ വിട്ടൊഴിഞ്ഞില്ല. പലതവണ ചിത്രത്തിനു നേരെയുണ്ടായ ആസിഡ് ആക്രമണത്തെയും കല്ലേറിനെയും ചിത്രം അതിജീവിച്ചു. 2006ല്‍ ഡാന്‍ ബ്രൗണിന്റെ 'ഡാവിഞ്ചികോഡ്' എന്ന നോവല്‍ സിനിമയായതോടെ മോണാലീസയെ കാണാനെത്തുന്ന ആളുകളുടെ എണ്ണം വീണ്ടും കൂടി. 85 ലക്ഷത്തോളം ജനങ്ങളാണു ഒരു വര്‍ഷത്തില്‍ ചിത്രം കാണാനെത്തിയത്.

രണ്ടായിരത്തിനു ശേഷം മോണാലീസയുടെ ചിത്രത്തിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിച്ചു. 2019 ലാണ് ബുള്ളറ്റ് പ്രൂഫ് ക്ലാസിലേക്ക് മാറുന്നത്.രണ്ടു സെന്റീമീറ്റര്‍ കട്ടിയുള്ള ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചം മോണാലീസയുടെ ചിത്രത്തിനു മുന്നിലായി സ്ഥാപിക്കപ്പെട്ടു. ഇതിനുള്ളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള പെട്ടിയിലാണു ഇപ്പോള്‍ മോണാലീസ ഉള്ളത്. പാരീസിലെ ലൂവ്രേ കലാമ്യൂസിയത്തില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ചിത്രത്തിന്റെ തകര്‍ച്ചയെ തടയാന്‍ പെട്ടിക്കുള്ളിലെ താപനിലയും നിയന്ത്രിച്ചിട്ടുണ്ട്. അതിനുള്ളിലെ പ്രത്യേക ചട്ടക്കൂടിനുള്ളിലിരുന്ന് എല്ലാവരേയും നോക്കി മോണാലീസ ഇപ്പോഴും വശ്യമായി പുഞ്ചിരിക്കുന്നു.



TAGS :