Quantcast
MediaOne Logo

ശബ്‌ന ഷെറിന്‍ എം.

Published: 1 Oct 2024 9:52 AM GMT

തോട: നീലഗിരിയിലെ മണ്‍ക്ഷേത്രം

പൂജാരിക്ക് മാത്രമേ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ. ഈ പൂജാരിക്ക് സ്വന്തം വീടോ മറ്റുസ്ഥലങ്ങളോ സന്ദര്‍ശിക്കാന്‍ പാടില്ല. മറ്റുള്ളവര്‍ ധരിക്കുന്നത് പോലുള്ള വര്‍ണാഭമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. ലളിതമായ കറുപ്പ് നിറത്തിലുള്ള വസ്ത്രമായിരിക്കണം അവര്‍ ധരിക്കേണ്ടത്. | യാത്ര

തോട ക്ഷേത്രം, Toda Temple
X

ഊട്ടിയിലെ കോത്തഗിരിയില്‍ നിന്നും കോടനാട്ടേക്കുള്ള വഴിമധ്യേ, പച്ചക്കമ്പിളി പുതച്ചുറങ്ങുന്ന നീലഗിരി താഴ്‌വാരത്തിലൊരു മണ്‍ക്ഷേത്രം കാണാം. തോട ക്ഷേത്രം. തോടരുടെ ദൈവസ്ഥാനമാണത്. സന്യാസ സ്വഭാവമുള്ള തോടര്‍ സമൂഹത്തിന്റെ ജീവസ്പന്ദനം കൂടി നീലഗിരിയുടെ ആ അന്തരീക്ഷത്തിലുണ്ട്. ചുറ്റും ശാന്തത. എത്ര ആള്‍ക്കൂട്ടം കൊണ്ടും മുറിക്കാനാകാത്ത നിശബ്ദത കോടമഞ്ഞ് പോലെ ഒരേസമയം നേര്‍ത്തതായും നിഗൂഢമായും തളം കെട്ടി നില്‍ക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന് മുമ്പ് ജീവിച്ചിരുന്ന പരമ്പരാഗത ഗോത്രവിഭാഗമായ തോടര്‍ നിര്‍മിച്ച ക്ഷേത്രമാണിത് എന്നാണ് വിശ്വാസം.

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു പ്രധാന ആദിവാസി ഗോത്ര വിഭാഗമാണ് തോടര്‍. തോടകള്‍ എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ 75 അംഗീകൃത ഗോത്ര വിഭാഗങ്ങളില്‍ ഒന്നാണ് തോടര്‍ ഗോത്രം. മുകളില്‍ വസിക്കുന്നവര്‍ എന്ന് അര്‍ഥം വരുന്ന 'തുടവര്‍ 'എന്ന വാക്കില്‍ നിന്നോ ഇടയന്‍ എന്നര്‍ഥം വരുന്ന 'തോരന്‍' അല്ലെങ്കില്‍ 'തൊരുവന്‍' എന്ന വാക്കില്‍ നിന്നോ ഉത്ഭവിച്ചതാവാം തോട എന്ന നാമം.


| തോട ക്ഷേത്രം

നീലഗിരിയിലെ മണ്ട്/മുണ്ട് എന്നറിയപ്പെടുന്ന ചെറുഗ്രാമങ്ങളിലാണ് തോടര്‍ ജീവിക്കുന്നത്. അഞ്ചോ ആറോ കുടിലുകളും, ഒരു അമ്പലവും, കാലികളെ പാര്‍പ്പിക്കുന്നതിനുള്ള ഇടം എന്നിവ ഇവിടെയുണ്ടാകും. ചെറുഗ്രാമങ്ങളിലായി നിരവധി നടപ്പാതകളും ഉണ്ട്. അമ്പലത്തിലേക്കുള്ള പാതയാണ് ഇതില്‍ പ്രധാനം. ഈ അമ്പലം സാധരണ വീടുകളെ അപേക്ഷിച്ച് കുറേക്കൂടി വലുപ്പമുള്ളതായിരിക്കും. തോട ഗോത്രത്തിന്റെ പവിത്രമായ ക്ഷേത്രം, തോട ഗ്രാമങ്ങളില്‍ ഒന്നായ മുതുനാട് മുണ്ട് എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയില്‍ രൂപകല്‍പ്പന ചെയ്ത ക്ഷേത്രത്തില്‍ പരമ്പരാഗത ശൈലിയിലുള്ള കല്ലുകളും ചുവരുകള്‍ക്കായി മുളകളും ആണ് ഉപയോഗിച്ചിരിക്കുന്നത്. കുടിലിന്റെ പുറംഭാഗം മ്യൂറല്‍ പോലുള്ള കലാരൂപം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പ്രത്യേക ആഘോഷദിവസങ്ങളില്‍ ഇവിടെ വലിയ തിരക്ക് ഉണ്ടാകാറുണ്ട്. ഈ ദിവസങ്ങളിൽ ക്ഷേത്രം മോടി വരുത്തുകയും അലങ്കരിക്കുകയും ചെയ്യുന്നു.

തോട ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത അതിന്റെ കവാടമാണ്. വളരെ ചെറുതും ഒരാള്‍ക്ക് ഇഴഞ്ഞ് മാത്രം പ്രവേശിക്കാന്‍ പാകത്തിലുള്ളതുമായ ഈ കവാടം വന്യമൃഗങ്ങളില്‍ നിന്നുള്ള രക്ഷക്ക് വേണ്ടി പ്രത്യേകം അങ്ങനെ രൂപകല്‍പന ചെയ്തതാണത്രെ. കോണാകൃതിയിലുള്ള ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിന് നിര്‍ദ്ദിഷ്ട വനവിഭവങ്ങള്‍ ഉപയോഗിക്കണമെന്നത് തോടകളുടെ വിശ്വാസമാണ്. ഇത്തരം വനവിഭവങ്ങളില്‍ ഏതെങ്കിലും ഒന്നിന് വംശനാശം സംഭവിച്ചാല്‍ തോട സംസ്‌കാരം തകരാനിടയാകും എന്നവര്‍ കരുതുന്നു.


തോടര്‍ വിഭാഗം പ്രധാന ഉപജീവന മാര്‍ഗമായി സ്വീകരിച്ചിരിക്കുന്നത് എരുമ വളര്‍ത്തലും പാലുല്‍പാദനവുമാണ്. അതിലൂടെ വലിയ രീതിയില്‍ വരുമാനം കണ്ടെത്താന്‍ അവര്‍ക്ക് സാധ്യമാവുന്നു. കൂടാതെ ചൂരല്‍, മുള എന്നിവയുടെ വ്യാപാര കൈമാറ്റങ്ങളും അവര്‍ നടത്തി വരുന്നു. നീലഗിരിയിലെ മറ്റു ഗോത്ര വിഭാഗങ്ങളുമായി ചൂരലും മുളയും വ്യാപാര കൈമാറ്റം നടത്തുകയും, പകരമായി ധാന്യങ്ങളും തുണികളും മണ്‍പാത്രങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു. ക്ഷീരോല്‍പാദനവുമായി ബന്ധപ്പെട്ട് നിരവധി ആചാരാനുഷ്ഠാനങ്ങള്‍ ഇവര്‍ക്കിടയിലുണ്ട്. ക്ഷീരകര്‍ഷകരെയും പുരോഹിതന്മാരെയും നിയമിക്കുക, ഗോശാലകള്‍ പുനര്‍നിര്‍മിക്കുക, ശ്മശാനങ്ങള്‍ പുനര്‍നിര്‍മിക്കുക തുടങ്ങി നിരവധി ചടങ്ങുകള്‍ ഉണ്ട്. ഇത്തരം ആചാരങ്ങളില്‍ പങ്കെടുത്താല്‍ മാത്രമേ മരണാനന്തര ലോകത്തേക്ക് പ്രവേശനമുള്ളൂ എന്നൊരു വിശ്വാസവും ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

എരുമകളായിരുന്നു തോട ഗോത്രക്കാരുടെ ദൈവം. മറ്റു വിഗ്രഹങ്ങളെയോ ദൈവങ്ങളെയോ അവര്‍ ആരാധിച്ചിരുന്നില്ല. ക്ഷേത്രത്തിലെ ആഘോഷ സംബന്ധമായ കാര്യങ്ങളിലൊന്നും സ്ത്രീകള്‍ക്ക് അനുമതി നല്‍കാറില്ല. പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്തിന് അപ്പുറത്തേക്ക് സ്ത്രീകള്‍ പ്രവേശിക്കാന്‍ പോലും പാടില്ല. പൂജാരിക്ക് മാത്രമേ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ. ഈ പൂജാരിക്ക് സ്വന്തം വീടോ മറ്റുസ്ഥലങ്ങളോ സന്ദര്‍ശിക്കാന്‍ പാടില്ല. മറ്റുള്ളവര്‍ ധരിക്കുന്നത് പോലുള്ള വര്‍ണാഭമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. ലളിതമായ കറുപ്പ് നിറത്തിലുള്ള വസ്ത്രമായിരിക്കണം അവര്‍ ധരിക്കേണ്ടത്.


തോടകളുടെ കറുപ്പും വെളുപ്പും ചുവപ്പും നിറത്തിലുള്ള തുന്നല്‍ വസ്ത്രങ്ങളും, കൗതുകകരമായ വീപ്പകളുള്ള ക്ഷേത്രങ്ങളും വീടുകളും, അതുല്യമായ ക്ഷേത്ര ആചാരങ്ങളും, മുകളിലേക്ക് വളഞ്ഞ കൊമ്പുകളുള്ള എരുമകളുമെല്ലാം ഏറെ ആകര്‍ഷകമാണ്.

ഇന്ന് നീലഗിരി കുന്നുകളില്‍ നിറയെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ജല സംഭരണികളും കാണാം. മലമേടുകള്‍ തേയിലത്തോട്ടങ്ങള്‍കൊണ്ട് നിബിഡമായിരിക്കുന്നു. പരമ്പരാഗതമായി, മുണ്ടിലെ ജനങ്ങള്‍ അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് സമീപത്തെ പുഴകളെയും അരുവികളെയുമാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ അതിലെല്ലാം മാറ്റം വന്നിരിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജല-വൈദ്യുതി വിതരണത്തെ ആശ്രയിച്ചുകൊണ്ട് പുതിയ ജീവിത രീതികളോട് പൊരുത്തപ്പെട്ടിരിക്കുന്നു അവര്‍.


| തോടകളുടെ തുന്നല്‍ വസ്ത്രം | പരമ്പരാഗത വസ്ത്രംധരിച്ച തോട സ്ത്രീകള്‍

വിദേശ ആധിപത്യത്തെ തുടര്‍ന്ന് തോടകള്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെടുകയും അത് കാര്‍ഷിക മേഖലകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. തോടകള്‍ വിശുദ്ധമായി കണക്കാക്കിയിരുന്ന കുന്നുകളും മലഞ്ചെരുവുകളും കല്ലുകളുടെ ആവശ്യത്തിനായി ഖനനം ചെയ്യുകയും, കുടിയേറ്റ പാതകള്‍ക്കായി ജലസ്രോതസ്സുകളായിരുന്ന അരുവികളും നീര്‍ചാലുകളും വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് അധിനിവേശത്തെ തുടര്‍ന്ന് തോടരുടെ മേച്ചില്‍ സ്ഥലങ്ങള്‍ കൂട്ടത്തോടെ നശിപ്പിക്കുകയും തേയില, കാപ്പിത്തോട്ടങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അതിനാല്‍, പലര്‍ക്കും കൃഷി ചെയ്ത് ജീവിക്കാന്‍ ഭൂമി പാട്ടത്തിനെടുക്കേണ്ടി വന്നു.

കരകൗശല നിര്‍മാണം തോട ഗോത്രത്തിലെ സ്ത്രീകളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പരമ്പരാഗതമായി കൈമാറി വന്ന കരകൗശലവിദ്യകള്‍ പരമ്പരാഗത തനിമയോടെ നിലനിര്‍ത്തുന്നതില്‍ അവര്‍ക്ക് വലിയ പങ്കുണ്ട്. തോട സ്ത്രീകളുടെ പച്ചകുത്തിയ ശരീരവും, മുറുകിയതും ചുരുണ്ടതുമായ നീളന്‍ തലമുടികളും മനോഹരമായ കാഴ്ചയാണ്. ചുവപ്പും കറുപ്പും നിറത്തിലുള്ള തുന്നല്‍ വസ്ത്രങ്ങള്‍ കരകൗശലങ്ങളുടെ മറ്റൊരു ഉദാഹരണമാണ്.


ആദിമകാലത്ത് നീലഗിരി താഴ്‌വാരങ്ങളില്‍ തോട, ബഡഗ, കോട, ഇരുള, കുറുമ്പ തുടങ്ങിയ ഗോത്രങ്ങള്‍ വസിച്ചിരുന്നു. ഈ ഗോത്രങ്ങള്‍ പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്തിരുന്നു. കാലക്രമേണ ഗോത്രങ്ങള്‍ ശിഥിലമായിത്തുടങ്ങി. വിനോദസഞ്ചാരികള്‍ക്ക് ആകര്‍ഷക കാഴ്ചയായി തോട ക്ഷേത്രം ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നു.

TAGS :