കഴുത്തില്‍ കുരുങ്ങിയ പടക്കം - ഡോ. രാജേഷ് കൃഷ്ണന്‍
അതിന് ശേഷമോ എന്തോ, തിങ്കളാഴ്ച്ച നല്ല ദിവസം എന്ന ആശയത്തോടെനിക്ക് ഇന്നേവരെ യോജിക്കാനായിട്ടില്ല. | ഓര്‍മക്കുറിപ്പ്
അങ്ങിനെ ഒരു വിഷുവും കൂടെ കടന്നു പോയി. നാല്‍പ്പത്തഞ്ചില്‍ പരം വര്‍ഷങ്ങളുടെ ദീപ്തമായോര്‍മകള്‍ അയവിറക്കിക്കൊണ്ടൊരു വിഷു! മറ്റൊന്നുമില്ല... ഓര്‍മയുടെ താളുകള്‍ ഒന്നൊന്നായി മറിച്ചു കൊണ്ടൊരു ദിവസം.... വിഷുക്കണിയില്ല, മനസ്സിന്റെ ഇരുണ്ട ഇടനാഴികകളില്‍ വെളിച്ചം വിതറുന്ന പൂത്തിരികളില്ല, പൊട്ടിച്ചിരിച്ചിക്കിളിപ്പെടുത്തുന്ന കമ്പിത്തിരികളില്ല, ജീവിതഗതിയെ ഓര്‍മിപ്പിക്കുന്ന തലച്ചക്രങ്ങളില്ല, മോഹങ്ങള്‍ കണക്കെ മൂളിക്കൊണ്ടുയരുന്ന മേശപ്പൂക്കളില്ല, ഇരിപ്പിടത്തെ പ്രകമ്പനം കൊള്ളിക്കുന്ന ഓലപ്പടക്കങ്ങളില്ല.... മഞ്ഞപ്പുകൊണ്ട് മനസ്സുകളില്‍ മായാത്ത പ്രഭ പരത്തിയ കൊന്നക്കു പോലും തോന്നിയോ... എന്തിനുവേണ്ടി? ആര്‍ക്കുവേണ്ടി? ചുറ്റും സങ്കടങ്ങള്‍.. ദുരിതങ്ങള്‍.. വേര്‍പാടുകള്‍.. ആധികള്‍.. വ്യാധികള്‍..
അപ്പോഴാണാ കഥ ഓര്‍മ വന്നത്. കഴുത്തില്‍ കുരുങ്ങിയ ഒരു പടക്കത്തിന്റെ കഥ. പത്ത് നാല്‍പ്പത് വര്‍ഷം മുമ്പായിരുന്നു. കര്‍ശനമായ ശിക്ഷണ മുറകളും പെരുമാറ്റ ചട്ടങ്ങളുമുള്ള ഒരു ഇംഗ്ലീഷ് മീഡിയം
സ്‌കൂളിലായിരുന്നു എന്റെ വിദ്യാഭ്യാസം. ജാത്യാല്‍ ഒരു തണുപ്പനായ ഞാന്‍ അങ്ങിനെയെങ്കിലും നന്നാവട്ടെ എന്നായിരുന്നു എന്റെ മാതാപിതാക്കളുടെ പ്രതീക്ഷയെന്ന് പിന്നീടെനിക്ക് മനസ്സിലായി. അരക്കയ്യന്‍ വെള്ള ഷര്‍ട്ടും, മുട്ടോളമുള്ള നീല ട്രൗസറും, കഴുത്തില്‍ നിന്നൊരടിയോളം നീണ്ട് കിടക്കുന്ന ടൈയെന്ന ശീലക്കഷ്ണവുമായിരുന്നു വേഷം. കാലുകള്‍ ഷൂസ് എന്ന കാരാഗ്രഹത്തിലെ വാസം ശീലമാക്കിയത് അക്കാലത്താണ്. ചുവന്ന് നീളത്തിലുള്ള ശീലക്കഷ്ണത്തെ ടൈ എന്ന രൂപത്തില്‍ കെട്ടുവാന്‍ എനിക്കേറെ നാളത്തെ പരിശീലനം വേണ്ടിവന്നു. വിസ്മയിപ്പിക്കുന്ന ശാസ്ത്രീയ പരീക്ഷണങ്ങളോട് അടങ്ങാത്തൊരു അഭിനിവേശമായിരുന്നു അക്കാലത്ത്. കരിമ്പനോലകൊണ്ട് കരിമരുന്നിനെ മൂടിക്കെട്ടി, തിരി കൊളുത്തിപ്പൊട്ടിക്കുന്ന വിദ്യ എന്നില്‍ ഏറെ വിസ്മയമുണ്ടാക്കി. ആ വിഷയത്തില്‍ ഗവേഷണം നടത്താന്‍ ഞാനൊരിക്കല്‍ തീരുമാനിച്ചു. അന്നത്തെ ആരാധനാപാത്രമായ സി.ഐ.ഡി മൂസയെപ്പോലുള്ളവര്‍ക്ക് ആയുധങ്ങള്‍ നിര്‍മിക്കുക എന്നതായിരുന്നു ഗവേഷണ വിഷയം. 'തത്തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനം' എന്ന ആശയത്താല്‍ ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് കുതിച്ചുയരുന്ന റോക്കറ്റായിരുന്നു മനസ്സു മുഴുവന്‍. സി.ഐ.ഡി മൂസക്ക് എതിരാളികളെ നിഗ്രഹിക്കുവാനും വേണ്ടിവന്നാല്‍ ബഹിരാകാശത്തേക്ക് പറക്കുവാനും പറ്റുന്ന മള്‍ട്ടി പര്‍പ്പസ് റോക്കറ്റ്, അതായിരുന്നു ലക്ഷ്യം. അതിനായി പൊട്ടാത്തതും ചീറ്റിപ്പോയതുമായ പടക്കങ്ങളുടേയും മറ്റ് ശിവകാശി വെടിക്കോപ്പുകളുടേയും മരുന്ന് ശേഖരിച്ചു. മുറ്റത്തെ ടി ഇന്റു ഡി തെങ്ങിന്റെ ഓലകളായിരുന്നു റോക്കറ്റിന്നാവരണം. ദീര്‍ഘകാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ആകാശത്തിലേക്ക് കുതിക്കുന്ന റോക്കറ്റ് എന്നത് യാഥാര്‍ഥ്യമായി. ഏഴാം ക്ലാസ്സുകാരനായ എന്റെ വൈഭവത്തില്‍ ഞാനഭിമാനിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെ ഞാന്‍ വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി. ഓലച്ചുരുട്ട് റോക്കറ്റിന്റെ മൂട്ടില്‍ തിരുകിയ തിരിയിലേക്കു ഞാന്‍ അഗ്‌നി പകര്‍ന്നതും.... ശൂ.... ട്ടൊ....
'ഏത് പൊട്ടനാണ്ടാ ഈ ഊരാക്കുടുക്ക് കെട്ട്യേത്'. മിതഭാഷിയായ താരുട്ട്യേട്ടന്‍ ഇത്രയും പറഞ്ഞ് നടന്ന് നീങ്ങി. ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ സൈമണും, എന്നിലെ ശാസ്ത്രജ്ഞന്റെ അകാല ചരമത്തില്‍ നീറുന്ന ഞാനും നെടുവീര്‍പ്പുകള്‍ ഇട്ടു കൊണ്ടേയിരുന്നു.
ടി ഇന്റു ഡിയുടെ ഓലചുരുട്ടി റോക്കറ്റിന് ന്യൂട്ടന്റെ ചലന സിദ്ധാന്തങ്ങളറിയില്ല എന്ന് ഞാന്‍ അപ്പോഴാണ് മനസ്സിലാക്കിയത്. എന്നിരുന്നാലും ഓലപ്പടക്ക വിദ്യ എന്നെ ഏറെ ആകര്‍ഷിച്ചു. പരീക്ഷണ പരാജയം എന്നിലേല്‍പ്പിച്ച വേദന ചെറുതായിരുന്നില്ലെങ്കിലും, ജിജ്ഞാസുവായ ഒരു ഡിറ്റക്റ്റീവ് ശാസ്ത്രജ്ഞന്‍ ഉള്ളിലുള്ളതുകൊണ്ട് ചെറിയ പരീക്ഷണങ്ങള്‍ പിന്നേയും തുടര്‍ന്നുകൊണ്ടിരുന്നു. അക്കാലത്ത് ഞാന്‍ പിന്നിട്ട ഒരു പ്രധാനപ്പെട്ട നാഴികക്കല്ലായിരുന്നു, ഓലകൊണ്ട് പടക്കക്കെട്ട് കെട്ടാന്‍ പഠിക്കുക എന്നത്. ചെറുതെങ്കിലും ഒരു വലിയ നേട്ടമായിരുന്നു എനിക്കത്. ശരിക്കുള്ള പടക്കങ്ങള്‍ എന്ന് തോന്നിക്കുമായിരുന്ന എന്റെ ഡൂക്ലി പടക്കങ്ങള്‍ കൂട്ടുകാര്‍ക്കിടയിലേക്ക് എറിഞ്ഞ് പേടിപ്പിക്കുക വഴി, എന്നിലെ ത്രില്ലര്‍ നാടകത്തിന്റെ സംവിധായകനെ ഞാന്‍ തിരിച്ചറിഞ്ഞു.
എന്റെ അഭിമാനം അതിരുവിട്ട് പോയ ദിവസങ്ങളായിരുന്നു പിന്നീട്. സ്‌കൂള്‍ യൂണിഫോമിന്റെ അവിഭാജ്യ ഘടകമായ ടൈ കെട്ടാനും, ഞാന്‍ സ്വായത്തമാക്കിയ പടക്കക്കെട്ടുപയോഗിക്കാം എന്ന കണ്ടുപിടുത്തമായിരുന്നു അതിന് ഹേതു! ക്ലാസ്സില്‍ മാത്രമല്ല, സ്‌കൂളില്‍ മുഴുവന്‍ ഞാനൊരു താരമായി ഉദിച്ചുയര്‍ന്നു. ടൈ സിദ്ധാന്തം കണ്ടുപിടിച്ച സായിപ്പിനെപ്പോലും വിസ്മയിപ്പിക്കുമാറായിരുന്നു എന്റെ കരവിരുതില്‍ രൂപം കൊണ്ട ടൈയുകള്‍!
അന്നൊരു തിങ്കളാഴ്ച്ചയായിരുന്നു. ഉച്ചയൂണ് കഴിഞ്ഞ് കൈകഴുകുവാനുള്ള തിക്കും തിരക്കുമായിരുന്നു, സ്‌കൂളിന്നടുത്തുള്ള പൈപ്പിനരികില്‍. അടുത്ത് നിന്ന കുട്ടി ചോറു പാത്രം കഴുകുമ്പോള്‍ തന്റെ വെള്ള ഷര്‍ട്ടിലേക്ക് തെറിച്ചെന്ന് പറഞ്ഞ് കലി തുള്ളുന്ന സൈമണ്‍. വാഗ്വാദം മൂത്തു. ഉന്തും തള്ളുമായി. ഉഭയകക്ഷികള്‍ ആവത് ശ്രമിച്ചു. രക്ഷയില്ല. വഴക്ക് രൂക്ഷമായി. ഞാന്‍ കെട്ടിക്കൊടുത്ത സൈമണിന്റെ ടൈ പിടിച്ച് മറ്റവന്‍ ആഞ്ഞൊരു വലി.. ശീലക്കഷ്ണം കഴുത്തില്‍ മുറുകി. ശ്വാസം കിട്ടാതെ സൈമണ്‍ന്റെ കണ്ണ് തുറിച്ചു. ഞങ്ങളെല്ലാവരും കുരുക്കഴിക്കാന്‍ ശ്രമിച്ചു നോക്കി. പറ്റുന്നില്ല. ഡൈനമിറ്റിന്റെ പോലെ മനുഷ്യരാശിക്കൊരു ഭീഷണിയായോ എന്റെ കണ്ടുപിടുത്തം? എന്നിലെ കുറ്റബോധം പരിഭ്രാന്തിക്കാക്കം കൂട്ടി. ഞൊടിയിടയില്‍ എങ്ങോ നിന്നോടിവന്ന തോട്ടക്കാരന്‍ താരുട്ട്യേട്ടന്റെ കത്തിയിലൊടുങ്ങി ആ ശാസ്ത്ര വിസ്മയം. 'ഏത് പൊട്ടനാണ്ടാ ഈ ഊരാക്കുടുക്ക് കെട്ട്യേത്'. മിതഭാഷിയായ താരുട്ട്യേട്ടന്‍ ഇത്രയും പറഞ്ഞ് നടന്ന് നീങ്ങി. ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ സൈമണും, എന്നിലെ ശാസ്ത്രജ്ഞന്റെ അകാല ചരമത്തില്‍ നീറുന്ന ഞാനും നെടുവീര്‍പ്പുകള്‍ ഇട്ടു കൊണ്ടേയിരുന്നു.
അതിന് ശേഷമോ എന്തോ, തിങ്കളാഴ്ച്ച നല്ല ദിവസം എന്ന ആശയത്തോടെനിക്ക് ഇന്നേവരെ യോജിക്കാനായിട്ടില്ല.