ജീവിതത്തിന്റെ ‘തുടിപ്പുകൾ’
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ ഒന്നാം റാങ്കുകാരനായിരുന്നു. പക്ഷെ വെറും പാസ് മാത്രമായ എന്റെ സഹപാഠി രജനീകാന്ത് ഇന്ത്യൻ സിനിമയിൽ ഉയരങ്ങൾ കീഴടക്കിയപ്പോൾ, ഒന്നാം റാങ്കുകാരനായ ഞാൻ സീരിയലുകൾ സംവിധാനം ചെയ്തും നിങ്ങളെയൊക്കെ പഠിപ്പിച്ചും കഴിയുന്നു’ ഞാൻ പറഞ്ഞു

സതേൺ ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ അധ്യാപകനായിരിക്കെ വളരെ വേദനിപ്പിക്കുന്ന ഒരനുഭവം ഉണ്ടായി. ജീവിതത്തിൽ അത്തരത്തിലെ ഏക അനുഭവം. എന്റെ അഭിനയ വിദ്യാർത്ഥികളിൽ രണ്ടു ഡോക്ടർമാരും ഉണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് അതേവർഷം MBBS പാസ്സായ രണ്ടു സുഹൃത്തുക്കൾ. ഒരാൾ മുസ്‍ലിം ഒരാൾ ഹിന്ദുവും. ഞാൻ ഇതുവരെ ആരുടെയും മതത്തെകുറിച്ചു പരാമർശിച്ചിട്ടില്ല. പക്ഷെ ഇവിടെ അത് അനിവാര്യമായതു കൊണ്ട് പറയുകയാണ്. തല്ക്കാലം നമുക്ക് അവരെ നസീർ എന്നും രവി എന്നും വിളിക്കാം. പേരുകൾ സാങ്കൽപ്പികം, എന്നാൽ കഥാപാത്രങ്ങളും സംഭവങ്ങളും യഥാർത്ഥം. രണ്ടുപേരും മിടുക്കന്മാരായിരുന്നു. ക്ലാസ്സിലെ എല്ലാ പരിശീലനങ്ങളിലും ഇവർ രണ്ടു പേരുമാണ് ഏറ്റവും നന്നായി പ്രകടനം കാഴ്ച വെക്കുന്നവർ. രണ്ടുപേരും ഒപ്പത്തിനൊപ്പം. അവസാന ഡിപ്ലോമ പരീക്ഷയിൽ വിവിധ പ്രയോഗിക പരീക്ഷകൾ കൂടാതെ, തിയറി പരീക്ഷയും ഉണ്ടായിരുന്നു. എല്ലാ പരീക്ഷകളുടെയും മാർക്കുകൾ കൂട്ടിയിട്ടാണ് മൊത്തം മാർക്ക് കണക്കാക്കുന്നത്. പരീക്ഷകൾ എല്ലാം കഴിഞ്ഞു, റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ ഒന്നാം റാങ്ക് നസീറിനും രണ്ടാം റാങ്ക് രവിക്കും ആയിരുന്നു. പ്രായോഗിക പരീക്ഷകളിൽ രവി ആണ് അല്പം മുന്നിട്ടു നിന്നതെങ്കിലും, തിയറിയിൽ, ഒരു ബുദ്ധിജീവി കൂടിയായ നസീറിനായിരുന്നു ഏററവും കൂടുതൽ മാർക്. നിഷ്പക്ഷവും സുതാര്യവുമായി പരീക്ഷകൾ നടത്താൻ പുറത്തുനിന്നുള്ള സ൦വിധായകരും നടന്മാരും ഉണ്ടായിരുന്നു. റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ നസീറിന് ഒന്നാം റാങ്കും രവിക്ക് രണ്ടാം റാങ്കും. ഇതൊന്നും ജീവിതത്തെയോ തൊഴിലിനെയോ ബാധിക്കുന്ന കാര്യമല്ലെങ്കിലും, രവിയെ ഇത് വല്ലാതെ ചൊടിപ്പിച്ചു. സ്വന്തം സമുദായക്കാരനായത് കൊണ്ട് ഞാൻ നസീറിന് കൂടുതൽ മാർക് കൊടുത്തു എന്ന് രവി ആരോപണം ഉന്നയിച്ചു. വാസ്തവത്തിൽ ഇത് എന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു.
ഞാൻ മട്ടാഞ്ചേരിക്കാരനാണ്.. എത്രയെത്ര സംസ്കാരങ്ങളുടെ സമ്മേളന ഭൂമിയായിരുന്നു ഇത്...അതിന്റെയെല്ലാം ചരിത്രസ്മാരകങ്ങൾ ഇന്നും ഇവിടെ തല ഉയർത്തി നില്ക്കുന്നു. ഇന്നും ഈ കൊച്ചു പ്രദേശത്ത് എത്ര വ്യത്യസ്ഥരായ സമൂഹങ്ങളാണ് അധിവസിക്കുന്നത് ! അറബി പൈതൃകമുള്ള മുസ്‍ലിം കുടുംബങ്ങൾ, ബ്രിട്ടീഷുകാരുമായുള്ള ബന്ധത്തിൽ നിന്നും ആംഗ്ലോ ഇന്ത്യൻസ്, പോർത്തുഗീസുകാരുടെ പൈതൃകം പേറുന്ന പറങ്കികൾ, ഗുജറാത്തികൾ, കൊങ്കണികൾ, ജൂതന്മാർ, ഗുജറാത്തിലെ കച്ചില് നിന്നും കുടിയേറിപ്പാർത്ത കച്ചിക്കാർ, ഉര്ദു സംസാരിക്കുന്ന പട്ടാണികൾ, പഞ്ചാബി സംസാരിക്കുന്ന സിഖുകാർ, ഹിന്ദി സംസാരിക്കുന്ന ഉത്തരേന്തിയക്കാർ....എത്ര വൈജാത്യമുള്ള ഭാഷകളാണ് ഇവിടെ സംസാരിക്കപ്പെടുന്നത് ! മലയാളം കൂടാതെ ഇവിടെ ഇന്നും സംസാരിക്കപ്പെടുന്ന ഭാഷകൾ, ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, തമിഴ്, കച്ചി, ഹീബ്രു, അറബി, ഉർദു,... ഇത്രയധികം മതസ്ഥർ സൗഹൃദത്തോടെ ഒന്നിച്ചു താമസിക്കുന്ന മറ്റൊരു സ്ഥാനം ഇന്ത്യയിൽ ഉണ്ടോ എന്നെനിക്കറിയില്ല. മൂന്നു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ കൊച്ചു ഭൂപ്രദേശത്ത്, ഭൂമിശാസ്ത്രപരമായ വികാസം അസാധ്യമായതുകൊണ്ടു, ഉള്ള സ്ഥലത്തു ജനങ്ങൾ തിങ്ങിപ്പാർക്കുകയാണ്. ജനസാന്ദ്രത വളരെ കൂടുതലായ ഈ പ്രദേശത്ത് മുട്ടിയുരുമ്മി താമസിക്കുന്ന മനുഷ്യർ തമ്മിൽ സുദൃഢമായ ആത്മബന്ധങ്ങളുണ്ട്. എന്റെ സുഹൃത്തുക്കളിൽ എല്ലാ മതക്കാരുമുണ്ടായിരുന്നു, കൊങ്കിണികളും ഗുജറാത്തികളും ഉൾപ്പടെ. എന്റെ സുഹൃത്തുക്കളുടെ മതത്തെക്കുറിച്ചു ഞാൻ ഒരിക്കലും ബോധവാൻ ആയിരുന്നില്ല. ഞങ്ങൾക്കിടയിൽ മതം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ജീവിതത്തിൽ ആദ്യമായി വർഗീയമായി ഒരാരോപണം എനിക്ക് നേരെ ഉയർന്നപ്പോൾ, ഞാൻ തളർന്നു പോയി. സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത കാര്യമാണ് എന്റെ പ്രിയയപെട്ട വിദ്യാർത്ഥി എനിക്കെതിരെ ഉന്നയിച്ചത്. പക്ഷെ എനിക്കയാളോട് രോഷം തോന്നിയില്ല. അയാളുടെ മനസിന്റെ അപക്വതയെ ഓർത്തു ഞാൻ പരിതപിച്ചു.
തുടിപ്പുകൾ ചിത്രീകരണവേളയിൽ ജയപ്രകാശ് കരുവറ്റ, ആദം അയ്യൂബ്, ടി.പി മാധവൻ, മാസ്റ്റർ അർഫാസ്
സ്നേഹം കൊണ്ടാണ് അയാളുടെ തെറ്റിദ്ധാരണ മാറ്റി എടുക്കേണ്ടത് എന്ന് ഞാൻ തീരുമാനിച്ചു. എന്റെ അടുത്ത സീരിയലിൽ ഞാൻ അയാളെ നായകനാക്കി. അയാൾ അത്ഭുതപ്പെട്ടു പോയി. അയാൾ മനസ്സുകൊണ്ട് പശ്ചാത്തപിക്കുകയും, കണ്ണീരോടെ എന്നോട് മാപ്പു പറയുകയും ചെയ്തു. ഒരു അഭിനയ ഇൻസ്റ്റിറ്റ്യൂട്ടിലെ റാങ്ക് കൊണ്ട് ജീവിതത്തിൽ ഒരു നേട്ടവും ഉണ്ടാവില്ലെന്ന് ഞാൻ അയാളെ ബോധ്യപ്പെടുത്തി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ ഒന്നാം റാങ്കുകാരനായിരുന്നു. പക്ഷെ വെറും പാസ് മാത്രമായ എന്റെ സഹപാഠി രജനീകാന്ത് ഇന്ത്യൻ സിനിമയിൽ ഉയരങ്ങൾ കീഴടക്കിയപ്പോൾ, ഒന്നാം റാങ്കുകാരനായ ഞാൻ സീരിയലുകൾ സംവിധാനം ചെയ്തും നിങ്ങളെയൊക്കെ പഠിപ്പിച്ചും കഴിയുന്നു’ ഞാൻ പറഞ്ഞു.
അയാൾ വിനയാന്വിതനായി എന്റെ മുന്നിൽ കൈകൂപ്പി.
‘തുടിപ്പുകൾ’ എന്ന സീരിയലിൽ അദ്ദേഹം വളരെ നന്നായി അഭിനയിച്ചു. അതിസൂക്ഷ്മമായ ഭാവങ്ങൾ പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഒരു മുഖമായിരുന്നു അദ്ദേഹത്തിന്റേത്. ഈ സീരിയലിന് ശേഷം അദ്ദേഹത്തിന് ചില സിനിമകളിൽ അവസരം ലഭിച്ചെങ്കിലും, സിനിമയിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹം സമാന്തരമായി മെഡിക്കൽ പ്രാക്ടീസും നടത്തിയിരുന്നു. അദ്ദേഹം എന്റെ പ്രിയ ശിഷ്യന്മാരിൽ ഒരാളായി മാറി. മലയാളത്തിലെ പ്രശസ്തനായ ഒരു സാഹിത്യകാരന്റെ മകനായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹം, അച്ഛന്റെ ഒരു കഥയെ ആസ്പദമാക്കി, രണ്ടു ഭാഗങ്ങളുള്ള ഒരു ടെലിഫിലിം സ്വയം നിർമ്മിച്ച്, എന്നെക്കൊണ്ട് തന്നെ സംവിധാനം ചെയ്യിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ പല പാകപ്പിഴകളും ഉണ്ടായി. അദ്ദേഹത്തിന്റെ ആദ്യ വിവാഹം, പ്രേമ വിവാഹം ആയിരുന്നിട്ടും, വിവാഹമോചനത്തിൽ കലാശിച്ചു. പിന്നീട് അദ്ദേഹം ചെറുപ്രായത്തിൽ തന്നെ ക്യാൻസർ ബാധിച്ചു മരിച്ചു.
ഈ ‘തുടിപ്പുകൾ’ എന്ന സീരിയലിന്റെ നിർമ്മാതാവ് ബാംഗ്ലൂർ മലയാളിയായ ജോസഫ് കാട്ടൂക്കാരൻ ആയിരുന്നു. അപ്പു വീഡിയോസ് എന്ന പേരിൽ അദ്ദേഹത്തിന് ബാംഗളൂരിൽ ഒരു സ്റ്റുഡിയോ ഉണ്ടായിരുന്നു. ടെലിവിഷൻ പരിപാടികൾ നിർമ്മിക്കാനാവശ്യമായ സർവസാങ്കേതിക സന്നാഹങ്ങളും അദ്ദേഹം അവിടെ സജ്ജമാക്കിയിരുന്നു. ഇതിനു മുൻപ് ചില പരിപാടികളുടെ സാങ്കേതിക ആവശ്യങ്ങൾക്കായി ഞാൻ അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ പോയിട്ടുണ്ട്. കന്നടയിൽ ചില പരിപാടികൾ അദ്ദേഹം ചെയ്യുന്നുണ്ടായിരുന്നു. എന്നെക്കൊണ്ട് മലയാളത്തിൽ ഒരു സീരിയൽ ചെയ്യിക്കണമെന്നു അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, മറ്റൊരു നിർമ്മാതാവിന് വേണ്ടി ഞാനെഴുതി, ദൂരദർശൻ അംഗീകാരം ലഭിച്ച സ്ക്രിപ്റ്റ് അദ്ദേഹം വിലയ്ക്ക് വാങ്ങുകയായിരുന്നു. ദൂരദർശനിലന്നു അങ്ങിനെ ചില ഇടപാടുകൾ ഒക്കെ നടന്നിരുന്നു. തിരക്കഥ സമർപ്പിച്ച് അംഗീകാര൦ ലഭിക്കാൻ കുറെ കാലതാമസം നേരിടുന്നത് കൊണ്ട്, പല പുതിയ നിർമ്മാതാക്കളും അംഗീകാരം നേടിയ സ്ക്രിപ്റ്റുകൾ വാങ്ങി പ്രൊഡ്യൂസ് ചെയ്യുമായിരുന്നു.
‘
ഈ സീരിയലിൽ ഞാൻ ചെറിയൊരു വേഷം നിർമ്മാതാവ് ജോസഫ് കാട്ടൂക്കാരനെക്കൊണ്ട് അഭിനയിപ്പിച്ചു. ആദ്യം അദ്ദേഹം ഒന്ന് പരിഭ്രമിച്ചു എങ്കിലും, ഒരു വിധം അദ്ദേഹത്തെ കൊണ്ട് അഭിനയിപ്പിച്ചു. സ്ഥിരം ബാംഗ്ലൂർ - തിരുവനന്തപുരം റൂട്ടിൽ വിമാനയാത്ര ചെയ്യുന്ന അദ്ദേഹത്തെ , ഈ സീരിയൽ ടെലികാസ്റ്റ് ചെയ്തതിനു ശേഷം വിമാനത്താവളത്തിൽ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. അത് അദ്ദേഹത്തിന് പുതിയ ആവേശം പകർന്നു. അദ്ദേഹത്തിൽ അഭിനയമോഹം അങ്കുരിച്ചു. തുടർന്നങ്ങോട്ട് അദ്ദേഹം തന്നെ സീരിയലുകൾ നിർമ്മിക്കുകയും അവയിൽ നായകനായി അഭിനയിക്കുകയും ചെയ്തു. അവിടം കൊണ്ടും അവസാനിച്ചില്ല. പിന്നീട് അദ്ദേഹം സംവിധാനവും സ്വയം ഏറ്റെടുത്തു. മാറി മാറി വന്ന സ്റ്റേഷൻ ഡയറക്ടർമാരുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നത് കൊണ്ട്, കുറേക്കാലം ദൂരദർശനിൽ അദ്ദേഹത്തിന്റെ പേരും മുഖവും നിറഞ്ഞു നിന്നിരുന്നു. കുറച്ചു വർഷങ്ങള്ക്കു ശേഷം അദ്ദേഹവും കാൻസർ പിടിപെട്ടു മരിച്ചു.
എന്റെ ആദ്യ സീരിയലായ കുമിളകളിൽ ഞാൻ ടൈറ്റിൽ മൊണ്ടാഷിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു. തുടിപ്പുകളിൽ ഞാനും ഒരു പ്രധാന വേഷം അഭിനയിച്ചു. കുമിളകളിലെ അഭിനേതാക്കളായ ജയപ്രകാശ് കരുവാറ്റയും എന്റെ മകൻ മാസ്റ്റർ അർഫാസും ഈ സീരിയലിൽ പ്രധാന വേഷങ്ങൾ ചെയ്തു. മറ്റൊരു പ്രധാന വേഷം ചെയ്തത് ടി.പി മാധവൻ ആയിരുന്നു. സീരിയലിന്റെ നിർമ്മാണ ഘട്ടത്തിൽ ഞാനു൦ ടി.പി. മാധവനും തമ്മിൽ ചെറിയൊരു അസ്വാരസ്യമുണ്ടായി. സീരിയലിന്റെ ഷൂട്ടിങ്ങിനു ഇടയിൽ അദ്ദേഹം ഒരു സിനിമയുടെ ഷൂട്ടിങ്ങിനു പോവുകയും പറഞ്ഞ സമയത്തു തിരിച്ചെത്താതിരിക്കുകയും ചെയ്തതിന്റെ പേരിലായിരുന്നു അത്. അദ്ദേഹം എന്നെ അധിക്ഷേപിച്ചുകൊണ്ടു നാന വരികയിൽ ഒരു ലേഖനം എഴുതുകയും ഞാൻ നാനയിലൂടെ തന്നെ അദ്ദേഹത്തിന് മറുപടി നൽകുകയും ചെയ്തു. പിന്നീട് ഞങ്ങൾ വീണ്ടുമടുത്ത സുഹൃത്തുക്കളായി. എന്റെ മറ്റു പല സീരിയലുകളിലും അദ്ദേഹമഭിനയിച്ചു.
ഇതിനിടയിൽ ഞാൻ രണ്ടു മലയാള സിനിമകളിൽ അഭിനയിച്ചു. ഒന്ന് എന്റെ ഗുരുവായ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത ‘പൗർണമി രാവിൽ’ എന്ന 3 D ഹൊറർ ചിത്രമായിരുന്നു. തിരുവന്തപുരത്തെ മെരിലാൻഡ് സ്റ്റുഡിയോയുടെ ഉടമ പി. സുബ്രഹ്മണ്യത്തിന്റെ മകൻ എസ്.കുമാർ ആയിരുന്നു നിർമ്മാതാവ്. പൂനാ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് അഭിനയത്തിൽ ഡിപ്ലോമ നേടുകയും ചില ഹിന്ദി സിനിമകളിൽ അഭിനയിക്കുകയും ചെയ്ത വിജയേന്ദ്ര ഘാട് ഗെ ആയിരുന്നു നായകൻ. തിരുവനന്തപുരം മ്യൂസിയത്തിൽ വെച്ച ഷൂട്ട് ചെയ്ത ഒരു കോമഡി വേഷം ആണ് ഞാൻ അഭിനയിച്ചത്. സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ എന്റെ സഹാധ്യാപകനായിരുന്ന കെ.കെ.ചന്ദ്രന്റെ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമകാലികനായിരുന്നു വിജയേന്ദ്ര ഘാട് ഗെ. രണ്ടാമത്തെ സിനിമ, എഴുത്തുകാരനും ചലച്ചിത്ര നിരൂപകനും ആയ ഡോക്ടർ വി.രാജകൃഷ്ണൻ സംവിധാനം ചെയ്ത “ശ്രാദ്ധം” എന്ന സിനിമ ആയിരുന്നു. സാമ്പത്തിക വിജയം നേടിയില്ലെങ്കിലും, നിരൂപക ശ്രദ്ധപിടിച്ചു പറ്റിയ ഈ ചിത്രം, ഏറ്റവും നല്ല നവാഗതഗ സംവിധാനത്തിനുള്ള സംസ്ഥാന അവർഡ് നേടി.
ഇതിനിടയിൽ എന്റെ സുഹൃത്ത് ടി.പി.മാധവൻ ക്രമേണ ആർക് ലൈറ്റുകളുടെ വെള്ളിവെളിച്ചത്തിന് പുറത്തായി, നിരാശ്രയനായി പത്തനാപുരത്തെ ഗാന്ധി ഭവനിലെ അന്തേവാസിയായി. തന്റെ പുഷ്ക്കല കാലത്ത് തിരുവന്തപുരത്ത് സിനിമ അഭിനേതാക്കളുടെ സംഘടയായ ‘അമ്മ’ യുടെ സെക്രട്ടറി ആയും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ മകൻ രാജകൃഷ്ണ മേനോൻ ഹിന്ദി സിനിമ രംഗത്ത് സജീവമാകുകയും പ്രശസ്തനാവുകയും ഒക്കെ ചെയ്തെങ്കിലും, ടി.പി. മാധവൻ ഗാന്ധി ഭവനിൽ അജ്ഞാതനായ അന്തേവാസിയായി തുടർന്നു. അദ്ദേഹത്തിന്റെ വൈവാഹിക ജീവിതം ഒരു പരാജയമായിരുന്നതിനാലാണ് മക്കളും അദ്ദേഹത്തിൽ നിന്നകന്നത്.
വർഷങ്ങൾക്കു ശേഷം തനിമ കലാസാഹിത്യ വേദിയുടെ സാംസ്കാരിക സഞ്ചാരത്തിന്റെ മൂന്നാം ഘട്ടത്തിൽ പത്തനാപുരം ഗാന്ധി ഭവൻ സന്ദർശിച്ചപ്പോഴാണ് ഞാൻ അദ്ദേഹത്തെ അവസാനമായി കണ്ടത്. അദ്ദേഹത്തിന് അവിടെ ഒരു സ്വകാര്യ മുറി അനുവദിച്ചിരുന്നു. ഞങ്ങൾ ആ മുറിയിൽ ഇരുന്നു ദീർഘ നേരം സംസാരിച്ചു.2024 ഒക്ടോബർ ഒമ്പതാം തിയതി ഗാന്ധി ഭവനിൽ വെച്ച് തന്നെ അദ്ദേഹം അവസാന ശ്വാസം വലിച്ചു. 600ൽ പരം സിനിമകളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആ പ്രതിഭ അങ്ങിനെ, സഫലീകരിക്കാൻ ആഗ്രഹങ്ങൾ ഒന്നും ബാക്കി വെക്കാതെ ജീവിതം ദിവസങ്ങളുടെ ഗഡുക്കളിൽ ജീവിച്ചു തീർത്തു.