Quantcast
MediaOne Logo

ഫർസീൻ അലി പി.വി

Published: 14 March 2025 12:58 PM

നോർവേയിലെ നോമ്പുകാലം

ഒരുമയും ഐക്യവും ഊട്ടിയുറപ്പിക്കാൻ ഓസ്ലോ നഗരസഭ ചെയ്തുവരുന്ന അനേകം പദ്ധതികളിൽ ഒന്നാണ് റമദാൻ വിളക്കുകൾ

norway ramadan street
X

ഓസ്ലോ സിറ്റി ഹാളിന് മുന്നിലെ റമദാൻ വിളക്കുകൾ. ഈ സ്ട്രീറ്റിന് തൊട്ടപ്പുറത്താണ് നോർവീജിയൻ പാർലമെന്റ് സ്ഥിതി ചെയ്യുന്നത്

ഓസ്ലോ സിറ്റി ഹാളിന് മുമ്പിൽ പതിവില്ലാത്തൊരു ആൾക്കൂട്ടം. മേയർ, കൗൺസിൽ ലീഡർ തുടങ്ങി ഒരുകൂട്ടം നഗരനിവാസികൾ സൂര്യാസ്തമയവും കാത്തിരിക്കുകയാണ്. ഓസ്ലോ ഫ്യോർഡിൽ സൂര്യനസ്തമിച്ച കൃത്യം 5:42ന് സിറ്റി ഹാളിന് മുന്നിലുള്ള വീഥികളിൽ അർദ്ധചന്ദ്രാകാരമായ അലങ്കാര വിളക്കുകൾ തെളിയുകയായി. വിശിഷ്ട വ്യക്തികളുടെ ഹ്രസ്വപ്രഭാഷണങ്ങൾ, ശേഷം നഷീദ് ഗാനാലാപനം; സ്കാൻഡിനേവിയൻ രാജ്യമായ നോർവേയുടെ തലസ്ഥാന നഗരം റമദാനെ വരവേറ്റ കാഴ്ചയാണിത്.

ഇത് രണ്ടാം വർഷമാണ് നഗരത്തിൽ റമദാൻ വിളക്കുകൾ തെളിയിക്കുന്നത്. റമദാൻ മാസം മുഴുവൻ നഗരത്തിലെ പ്രധാന വീഥികളായ ‘ഫ്രിഡ്‌ജോഫ് നാൻസെൻസ് പ്ലാസിലും’ ‘റോൾഡ് ആമുണ്ട്സെൻസ് ഗേറ്റിലും’ പ്രകാശം പരത്തി ഈ വിളക്കുകളങ്ങനെ തെളിഞ്ഞ് നിൽക്കും. നോർവീജിയൻ മുസ്‍ലിംകളിൽ ബഹുഭൂരിപക്ഷം താമസിക്കുന്ന തലസ്ഥാന നഗരമായ ഓസ്ലോ രാജ്യത്തെ ഏറ്റവും വൈവിധ്യമുള്ള നഗരം കൂടിയാണ്. രാഷ്ട്ര-ഭാഷാ-മത-വംശ-വർണ്ണ വൈവിധ്യങ്ങളാൽ സമ്പന്നമായ നഗരത്തിൽ സഹവർത്തിത്വത്തിന്റെയും പാരസ്പര്യത്തിന്റെയും നൂലിഴകൾ അറ്റുപോവാതെ നഗരവാസികൾക്കിടയിൽ ഒരുമയും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനായി ഓസ്ലോ നഗരസഭ ചെയ്തുവരുന്ന അനേകം പദ്ധതികളിൽ ഒന്ന് മാത്രമാണീ റമദാൻ വിളക്കുകൾ.

സ്റ്റവാങ്കർ തുറമുഖം

നോർവേയിലെ മൂന്നാമത്തെ നോമ്പുകാലമാണിതെനിക്ക്‌. ആദ്യ റമദാനിൽ രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന തുറമുഖ നഗരമായ സ്റ്റവാങ്കറിലായിരുന്നു എന്റെ താമസം. എണ്ണ-വാതക വ്യവസായത്തിന് പേര് കേട്ട നഗരമാണത്. നാട്ടിലായായിരുന്നപ്പോഴും ഡൽഹിയിലായിരുന്നപ്പോഴും സമൂഹ നോമ്പുതുറകളും മറ്റുമായി ചുറ്റും നിറയെ ആളുകളുണ്ടായിരുന്ന കാലമായിരുന്നെനിക്ക് റമദാൻ. നോമ്പുരീതികൾ അത്ര പരിചിതമല്ലാത്തൊരു ദേശത്തെ റമദാൻ എങ്ങിനെയാവുമെന്നൊരു സന്ദേഹത്തോടെയായിരുന്നു അന്ന് നോമ്പിനെ വരവേറ്റത്.

പുലർച്ചെ മൂന്ന് മണിക്ക് മുമ്പ് തുടങ്ങി വൈകുന്നേരം ഒമ്പത് മണി വരെയൊക്കെ നീളുന്ന ദൈർഘ്യമേറിയ പകലുകളുള്ള നോമ്പുകാലമായിരുന്നു അത്. മുൻവർഷങ്ങളിൽ അതിലും ദൈർഘ്യമേറിയ പകലുകളായിരുന്നു റമദാനിൽ. വടക്കോട്ട് പോവുന്തോറും പകലുകളുടെ ദൈർഘ്യം വർദ്ധിക്കും. പിന്നെയും വടക്കോട്ട് സഞ്ചരിച്ചാൽ സൂര്യനസ്തമിക്കാത്ത പ്രദേശങ്ങളുമുണ്ട്. വടക്കൻ നോർവേയിലെ ഇത്തരം പ്രദേശങ്ങളിലും നോമ്പനുഷ്ഠിക്കുന്നവർ നിരവധിയാണ്. വേനൽ കാലത്ത് വരുന്ന റമദാനിലെ സ്ഥിതിയാണിത്. ഇസ്ലാമിക കലണ്ടർ ചന്ദ്രഭ്രമണാനുസൃതം ആയതിനാൽ റമദാൻ മാസം വേനൽ കാലത്ത് നിന്ന് വസന്തകാലത്തേക്കും ശൈത്യകാലത്തേക്കും പിന്നീട് ശിശിരകാലത്തേക്കും മാറും. അതിനനുസരിച്ച് റമദാനിലെ പകൽ ദൈർഘ്യവും കുറഞ്ഞുവരും. ആർട്ടിക് രേഖക്ക് മുകളിലുള്ള പലയിടങ്ങളിലും ശൈത്യകാലങ്ങളിൽ സൂര്യനുദിക്കാത്ത റമദാനുകൾ സംഭവിക്കും.

സ്റ്റവാങ്കർ, രാത്രി ഒമ്പത് മണിയോടടുത്ത സമയം

കൃത്യതയില്ലാത്ത ഉദയാസ്തമങ്ങളുള്ള ഇത്തരം പ്രദേശങ്ങളിലെ നോമ്പ്-നിസ്കാര സമയങ്ങൾ നിശ്ചയിക്കാൻ യൂറോപ്യൻ ഫത്വ ആന്റ് റിസേർച്ച് കൗൺസിൽ തുടങ്ങിയ പണ്ഡിതസഭകൾ പ്രത്യേകം ഫത്വകൾ പുറപ്പെടുവിച്ചത് കാണാനാവും. കൃത്യതയുള്ള ഉദയാസ്തമയങ്ങളുള്ള സമീപപ്രദേശങ്ങളിലെ സമയം കണക്കാക്കിയോ, അല്ലെങ്കിൽ ആ പ്രദേശത്ത് പ്രസ്തുത വർഷം കൃത്യമായ ഉദയാസ്തമയങ്ങൾ സംഭവിച്ച ദിവസത്തെ സമയം കണക്കാക്കിയോ അതുമല്ലെങ്കിൽ മക്കയിലെ സമയം അടിസ്ഥാനമാക്കിയോ നോമ്പ്-നമസ്കാരങ്ങൾ ക്രമപ്പെടുത്താനുള്ള ഫത്വകൾ അതിൽ ചിലതാണ്.

നീണ്ട പകലുകളാണെങ്കിലും ആശ്വാസം പകരുന്ന അനുഭവങ്ങളാണ് ഈ കൊച്ചു നോർഡിക് രാജ്യത്തെ ആദ്യ റമദാൻ എനിക്ക്‌ സമ്മാനിച്ചത്. സ്റ്റവാങ്കർ സിറ്റി സെന്ററിനടുത്തുള്ള മക്കി മസ്ജിദിലെ മുടങ്ങാതെയുള്ള ഇഫ്ത്വാറുകൾ അതിലൊന്ന് മാത്രമായിരുന്നു. സർവകലാശാലയിലെ വിദേശ വിദ്യാർഥികൾ, തൊഴിലാളികൾ തുടങ്ങിയ കുടിയേറ്റക്കാർക്ക് പുറമേ സ്വദേശികളായ നോർവ്വീജിയൻസും നോമ്പുതുറക്കെത്തുന്ന ഈ പള്ളിയിൽ റമദാൻ 30 ദിവസവും നോമ്പുതുറയുണ്ടാവും. ഓരോ ദിവസത്തെയും ഭക്ഷണമൊരുക്കുന്നത്‌ വിവിധ രാജ്യക്കാരാണ്. ഇന്തോനേഷ്യൻ നാസി ലെമക്‌ ഡാഗിംഗ്‌, ഹൈദരബാദി ബിരിയാണി, ഫലസ്തീനിയൻ ബീഫ്‌ കുഫ്ത, ഇറ്റാലിയൻ പിസ്സ തുടങ്ങി വ്യത്യസ്ത വിഭവങ്ങളായിരുന്നു ഓരോ ദിവസവും.

ഓസ്ലോയിലോട്ട് താമസം മാറിയപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിനടുത്തുള്ള മസ്ജിദിലായി നോമ്പുതുറ. ആളുകൾ ഒരുപാട് പങ്കെടുക്കുന്ന പള്ളിയായത് കൊണ്ട് സ്റ്റവാങ്കർ പള്ളിയിലെ പോലെ വിഭവസമൃദ്ധം അല്ലായിരുന്നു അവിടുത്തെ ഇഫ്ത്വാറുകൾ. ഒരുപാട് മസ്ജിദുകളുള്ള നഗരമാണെങ്കിലും ഓസ്ലോയിൽ സ്ഥിരമായി ഇഫ്ത്വാറുള്ള പള്ളികൾ കുറവാണ്. താരതമ്യേനെ ആളുകൾ കുറവുളള നഗരങ്ങളിൽ നിത്യേനെയുള്ള സമൂഹ നോമ്പുതുറകൾ കാണാനാവും. മധ്യ നോർവേയിലൂടെയുള്ള യാത്രയ്ക്കിടയിൽ ഒരിക്കൽ അവിചാരിതമായി അത്തരത്തിലുള്ളൊരു സമൂഹ നോമ്പുതുറയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു.

ഓസ്ലോ വേൾഡ് ഇസ്ലാമിക് മിഷൻ മസ്ജിദ്

കുഞ്ഞുങ്ങളും സ്ത്രീകളും യുവാക്കളും വയോധികരുമടക്കം ആളുകൾ കുടുംബസമേതം പള്ളികളിലെത്തി നോമ്പുതുറയും രാത്രി നമസ്കാരവും കഴിഞ്ഞ് തിരിച്ച് പോവുന്ന കാഴ്ചയാണ് അന്ന് കണ്ടത്. മസ്ജിദുകളിലെ നോമ്പുതുറകളിൽ പലപ്പോഴും സഹോദരസമുദായങ്ങളിൽ നിന്നുള്ളവരും പങ്കെടുക്കുന്നത് കാണാനാവും. നോമ്പും അനുബന്ധ അനുഷ്ഠാനങ്ങളും അനുഭവിക്കാൻ താല്പര്യമുള്ള സഹോദരസമുദായങ്ങളിൽ നിന്നുള്ളവരെ റമദാൻ അതിഥികളായി സ്വഭാവനങ്ങളിൽ സൽക്കരിക്കുന്നവരും ഏറെയുണ്ട്. ‘റമദാൻ ഗസ്റ്റ്’ എന്ന പേരിൽ പ്രവർത്തിക്കുന്നൊരു സന്നദ്ധ സംഘടനയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഓസ്ലോയിലെ ക്രിസ്ത്യൻ ചർച്ച് സംഘടിപ്പിച്ച സമൂഹ നോമ്പുതുറക്കിടെ ബാങ്ക് വിളിക്കുന്നതിന്റെ ദൃശ്യം

ക്രിസ്ത്യൻ ചർച്ചുകളിൽ സംഘടിപ്പിക്കുന്ന ഇഫ്ത്വാർ സംഗമങ്ങളാണ് എടുത്തുപറയേണ്ട മറ്റൊരു നോർവീജിയൻ നോമ്പുവിശേഷം. ബെർഗൻ, സ്റ്റവാങ്ങർ, ട്രോൻഡ്ഹെയിം, ഓസ്ലോ തുടങ്ങി വിവിധ നഗരങ്ങളിലെ കത്രീഡുകളിലും ചർച്ചുകളിലും സമൂഹനോമ്പുതുറകൾ സംഘടിപ്പിക്കപ്പെടാറുണ്ട്. ഓസ്ലോയിൽ നാനൂറോളം വർഷം പഴക്കമുള്ള ബിഷപ്പ് പാലസിൽ അടക്കം പലയിടങ്ങളിലാണ് ഇത്തരത്തിലുള്ള സൗഹൃദ നോമ്പുതുറകൾ നടന്നത്. സർവകലാശാലകൾ, പബ്ലിക് ലൈബ്രറികൾ, സ്പോർട്സ് ക്ലബുകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങി മറ്റു പലരുടെയും നേതൃത്വത്തിലും ഇഫ്ത്വാർ സംഗമങ്ങൾ സംഘടിപ്പിച്ച് വരാറുണ്ട്.


വീടുകളിൽ പാചകം ചെയ്ത വിഭവങ്ങളുമായി വന്ന് ഒരുമിച്ചിരുന്ന് പരസ്പരം പങ്കിട്ട് കഴിക്കുന്ന 'പോട്ട്ലക്ക്’ നോമ്പുതുറകളാണ് എനിക്കേറ്റവും ഹൃദ്യമായി തോന്നിയത്. യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിരുന്ന കാലത്ത് സംഘടിപ്പിക്കപ്പെട്ട അത്തരമൊരു നോമ്പുതുറയുടെ ഓർമകൾ ഇപ്പോഴും മനസ്സിലുണ്ട്. സൊമാലിയ, ഈജിപ്ത്, മൊറോക്കോ, തുർക്കി, ഫലസ്‌തീൻ, ബംഗ്ലാദേശ്‌, സിറിയ, അസർബൈജാൻ, എരിത്രിയ, ഇറാൻ, അഫ്‌ഗാനിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സഹപാഠികൾ തയാറാക്കി കൊണ്ടുവന്ന പേരറിയുന്നതും അറിയാത്തതുമായ അനേകം ഭക്ഷണവിഭവങ്ങൾ പങ്കിട്ട് കഴിച്ച പാരസ്പര്യത്തിന്റെയും പങ്കുവെക്കലിന്റെയും പ്രാർത്ഥനയുടെയും പരിമളം പരന്ന മനോഹരമായൊരു സായാഹ്നമായിരുന്നു അത്.

ഫർസീൻ അലി പി.വി

നോർവേ തലസ്ഥാനമായ ഓസ്ലോയിൽ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേർസ് എന്ന ഹ്യുമാനിറ്റേറിയൻ സംഘടനയിൽ ജോലി ചെയ്യുകയാണ് ലേഖകൻ
TAGS :