രാജ്യാതിർത്തിയിലെ വേലിയും നാഗാലാൻഡിലെ ലോംഗ്വയും
‘ഭക്ഷണം കഴിക്കുന്നത് മ്യാൻമറിലും ഉറങ്ങുന്നത് ഇന്ത്യയിലുമാണെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന ആംഗ് ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്’

അസമിലെ ആൾത്തിരക്കില്ലാത്ത ദിബ്രുഗഢ് വിമാനത്താവളത്തിൽനിന്ന് പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ തണുപ്പ് ശരീരത്തെ കാര്യമായി സ്പർശിച്ചു. തണുപ്പ് കാലത്തെ ദൈർഘ്യം കൂടിയ യാത്രക്കുള്ള തയ്യാറെടുപ്പുമായി വാഹനം കാത്തുനിൽപ്പുണ്ടായിരുന്നു. ഏതാനും സമയം അസമിന്റെ പച്ചയണിഞ്ഞ നെൽപ്പാടങ്ങളെ കീറിമുറിച്ച് യാത്ര തുടർന്നപ്പോൾ നാഗാലാൻഡിന്റെ അതിർത്തിയിലുള്ള ആഗമന കവാടത്തിൽ എത്തിയതറിഞ്ഞില്ല.
ഗോത്രത്തലവന്മാരുടെ രാജ്യത്തേക്ക് സ്വാഗതം എന്നെഴുതിയ കമാനം കടന്നതും അതുവരെ യാത്ര ചെയ്ത റോഡിന്റെ അവസ്ഥ മാറിയതും ഒന്നിച്ചായിരുന്നു. സംസ്ഥാനാതിർത്തിയിലെ പൊലീസിന്റെ പരിശോധന (ഇന്നർ ലൈൻ പെർമിറ്റ് നിർബന്ധമാണ്) കഴിഞ്ഞ് ലക്ഷ്യസ്ഥാനമായ മോൺ ജില്ലയിലേക്കെത്താൻ ഇനിയും 80 കി.മീറ്റർ ദൂരം വരുന്ന ദുർഘട പാത താണ്ടണം. മണിക്കൂറുകൾ നീണ്ട യാത്ര അവസാനിച്ചത് മോൺ പട്ടണത്തിലെ ഒരു മൊറാങ്ങിലായിരുന്നു (അവിവാഹിതരായ നാഗാ പുരുഷന്മാർ ഗോത്രത്തിന്റെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് പഠിക്കുന്ന സാമൂഹിക സ്ഥാപനമാണ് മൊറാങ്).
മോൺ ജില്ലാ ആസ്ഥാന കേന്ദ്രമാണെങ്കിലും സൗകര്യങ്ങൾ അപര്യാപ്തമാണ്. നാഗന്മാരുടെ മൊറാങ്ങുകളിലെ ഉറക്കവും ഏതെങ്കിലും നാഗാ വീടുകളിൽ അതിഥിയായി ഭക്ഷണം കണ്ടെത്തുകയുമല്ലാതെ ദിനചര്യക്ക് മറ്റൊരു മാർഗവുമില്ല. പരമ്പരാഗത രീതിയിലുള്ള സ്റ്റിക്കി റൈസും ബാംബൂ ഷൂട്ടും വിവിധ തരം ഇലകളും കൊണ്ട് പാചകം ചെയ്ത ഏറ്റവും എരിവ് കൂടിയ ഭക്ഷണവുമാണ് നാഗ വിഭാഗക്കാരുടെ രീതി.
പുലർച്ചെ നാലുമണിയോടെ സജീവമാകുന്ന മോണിലെ കാഴ്ച കണ്ടാണ് നേരം പുലർന്നത്. ചുറ്റുപാടുമുള്ള മല നിരകളിൽ നൂറുകണക്കിന് വീടുകൾ. എല്ലാം നാഗന്മാരുടെ വീടുകൾ. ഉയരം കൂടിയ സ്ഥലങ്ങളിൽ മാത്രമെ ഇക്കൂട്ടർ വീടുകൾ നിർമിക്കാറുള്ളൂ. വീടുകളുടെ നിർമാണ രീതിതന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. കുന്നുകൾ ഇടിച്ചു നിരത്താതെ, അവയുടെ നൈസർഗികത ചോരാതെ വാസ്തുവിദ്യകളുടെ വഴക്കങ്ങൾ തനിമയാർന്ന ആവാസ കേന്ദ്രങ്ങളായി പരിണമിച്ചിരിക്കുന്നു. കൊണിയാക് വീടുകളുടെ നിർമാണാ ശൈലിയിൽ പരമ്പരാഗത ഗോത്ര സംസ്കാരത്തിന്റെ നേർക്കാഴ്ച ദൃശ്യമാണ്. കുന്നുകൾ ഇടിച്ചു നിരത്താതെ ചെരിഞ്ഞ ഭൂമികളിലുള്ള വീട് നിർമാണത്തിന് ഇവർ ഉപയോഗിക്കുന്നത് വന വിഭവങ്ങൾ മാത്രമാണ്.
ഇന്ത്യാ- മ്യാൻമർ അതിർത്തിയായ ലോംഗ്വയാണ് അടുത്ത ലക്ഷ്യസ്ഥാനം. ലോംഗ്വ അറിയപ്പെടുന്നത് രണ്ട് രീതിയിലാണ്. ഒന്ന് തല വെട്ടുകാരായിരുന്ന കൊണ്യാക്കുകളുടെ ഇന്ത്യയിലെ അവസാന ഗ്രാമമാണിത്. മറ്റൊന്ന് രാജ്യാതിർത്തിയിൽ ആംഗിന്റെ (കൊണ്യാക് ഭാഷയിൽ ഗോത്രത്തലവൻ/ ഗോത്ര രാജാവ് ) വീടിനെ പിളർത്തിയാണ് അതിർത്തി രേഖ കടന്നുപോകുന്നത്. ആംഗിന്റെ അടുക്കള മ്യാൻമറിലും ബെഡ്‌റൂം ഇന്ത്യയിലുമാണ്. ഇങ്ങനെ ഒരു അതിർത്തി പ്രദേശം ലോകത്ത് എവിടെയുമില്ല.
മോണിൽ നിന്ന് 50 കി.മീറ്റർ ദൂരം മാത്രമെ ലോംഗ്വയിലേക്ക് ഉള്ളൂവെങ്കിലും ചുരുങ്ങിയത് 4 മണിക്കൂറെങ്കിലും വേണം ഇവിടെയെത്താൻ. ദുർഘടം പിടിച്ച മലഞ്ചെരുവുകളിലൂടെയുള്ള യാത്ര തികച്ചും സാഹസികത നിറഞ്ഞതാണ്. ഉയരം കൂടിയ മലമുകളിലെ ഏതാനും ഗ്രാമങ്ങളും വഴിയരികിലെ മൊറാങ്ങുകളും ഒറ്റപ്പെട്ട ചില കടകളും കണ്ട് ലോംഗ്വയിൽ എത്തിയപ്പോൾ നട്ടുച്ച നേരത്തും കനത്ത തണുപ്പായിരുന്നു. വാഹനം രാജ്യാതിർത്തിയിലെ ആംഗിന്റെ മുറ്റം വരെ എത്തും. ഇവിടുത്തെ ഏറ്റവും വലിയ വീടാണിത്.
വീടിനകത്ത് കയറിയാൽ നേരെ ചെല്ലുന്നത് അടുക്കളയിലേക്കാണ്. ഇതിനിടയിൽ രണ്ട് വശത്തും ഏതാനും മുറികളുണ്ട്. അടുത്ത കാലം വരെ ഓല കൊണ്ട് മേഞ്ഞിരുന്ന ഈ രാജകൊട്ടാരം ഇപ്പോൾ തകര ഷീറ്റുകൾ കൊണ്ട് പുനർ നിർമിച്ചിട്ടുണ്ട്. വീടിനകത്തെല്ലാം മരം കൊണ്ടുള്ള നിർമിതികൾ മാത്രം. വരാന്തയിൽ മൃഗങ്ങളുടെ ധാരാളം തലയോടുകൾ തൂക്കിയിട്ടുണ്ട്. ഒറ്റ മരത്തിൽ കൊത്തുപണികളാൽ സമ്പന്നമായ വ്യത്യസ്ത മൃഗങ്ങളുടെ ചിത്രങ്ങളും കാണാം. അടുത്ത കാലംവരെ ഇവിടെ മനുഷ്യരുടെ തലകൾ പ്രദർശിപ്പിച്ചിരുന്നു. അവക്ക് പകരമായി നിരവധി മൃഗങ്ങളുടെ തലയോടുകളാണ് ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുന്നത്.
ടോൺയി ഫയാംഗ് എന്ന ഗോത്രത്തലവനായ ആംഗ് ഞങ്ങളെ അടുക്കളയിലേക്ക് ക്ഷണിച്ചു. തന്നെ കാണാൻ എത്തുന്നവരെ സ്വീകരിച്ചിരുത്തി, ഭക്ഷണം നൽകി എത്ര സമയം ചെലവഴിക്കാനും ഈ യുവ കേസരിക്ക് മടിയില്ല. ലോംഗ്വയിൽ മാത്രം 742 വീടുകളുണ്ട്. ഇരു രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ലോംഗ്വ വില്ലേജുകളുടെ അവസാന വാക്കാണ് ടോൺയി ഫയാംഗ് എന്ന ആംഗ്. ഇന്ത്യയിലെ ആറ് വില്ലേജുകളും മ്യാൻമറിലെ 30 വില്ലേജുകളും ഈ ആംഗിന്റെ പരിധിയിലാണ്. വർഷങ്ങളായി ഇവിടെ ആംഗുകളുടെ ഭരണമാണ്.
തന്റെ പിതാവുൾപ്പെടെ പൂർവീകർ പ്രശസ്തരായ തല വെട്ടുകാരായിരുന്നു. തന്റെ കാലമായപ്പോൾ സർക്കാർ അത് നിരോധിച്ചു. ഭക്ഷണം കഴിക്കുന്നത് മ്യാൻമറിലും ഉറങ്ങുന്നത് ഇന്ത്യയിലുമാണെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന ആംഗ് ഇപ്പോൾ കഠിനമായ പ്രതിസന്ധിയിലാണ്. രാജ്യാതിർത്തികളിൽ വേലി കെട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഇവിടെ വൻ പ്രതിഷേധവും വൈകാരിക പ്രതിസന്ധികളുമാണ് സൃഷ്ടിച്ചിട്ടുള്ളത്.
മണിപ്പൂരിലുണ്ടായ വംശീയ കലാപങ്ങളെ തുടർന്നാണ് മ്യാൻമർ അതിർ പങ്കിടുന്ന 1643 കി.മീറ്റർ ദൂരം വേലി കെട്ടിത്തിരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതിന്റെ പ്രവർത്തനം ഇതിനകം മണിപ്പൂരിൽ തുടങ്ങിക്കഴിഞ്ഞു. മണിപ്പൂരിലെ മൊറെയിൽ ഇതുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ തുടരുകയാണ്. അരുണാചൽ പ്രദേശ് (520 ), മണിപ്പൂർ (398), മിസോറാം (510), നാഗാലാൻഡ് (215) കി.മീറ്റർ വീതമാണ് മ്യാൻമുമായി രാജ്യാതിർത്തി പങ്കിടുന്നത്. ഇവിടെയാണിപ്പോൾ വേലി നിർമാണം പുരോഗമിക്കുന്നത്.
നാഗാലാൻഡിലാണ് ഈ വേലി കൂടുതൽ ആളുകളെ രണ്ടായി വിഭജിക്കുക. 16 കി മീറ്റർ ദൂരം ഇവിടെ സ്വതന്ത്ര സഞ്ചാരം അനുവദിച്ചിരുന്നു. എന്നാൽ, അടുത്ത കാലത്തായി സർക്കാർ നിരീക്ഷണം തുടങ്ങുകയും സൈനികരെ അതിർത്തികളിൽ നിയമിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഭിന്നമായി ഇവിടെ ഒരു ലോംഗ്വ മാത്രമേയുള്ളൂ. മ്യാൻമറിനും ഇന്ത്യക്കുമായി ഒരൊറ്റ ലോംഗ്വ. പിന്നെ എങ്ങിനെയാണ് ഞങ്ങളെ വിഭജിക്കാൻ കഴിയുക എന്നാണ് ഇവർ ചോദിക്കുന്നത്.
മ്യാൻമർ ഭാഗത്തെ 30 വില്ലേജുകളായി കഴിയുന്ന ആയിരക്കണക്കിന് വരുന്ന കൊണ്യാക്കുകളുടെ പ്രധാന കേന്ദ്രം ലോംഗ്വയാണ്. നിത്യോപയോഗ സാധനങ്ങൾ മുതൽ വിദ്യാഭ്യാസം, ആശുപത്രി എന്നിവക്കൊക്കെ ആശ്രയിക്കുന്നത് ഇവിടെയാണ്. പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളും ഇന്ത്യയിലാണ്. മ്യാൻമറിലെ ലാഹി എന്ന അടുത്ത പട്ടണത്തിലേക്കെത്താൻ ഇവർക്ക് 12 മണിക്കൂർ യാത്രയുണ്ട്. ലോംഗ്വ തന്നെയാണ് ഇവരുടെ ആശ്രയം.
വർഷങ്ങൾക്ക് മുമ്പ് ഇന്ത്യാ - മ്യാൻമർ കൂട്ടായ്മയിൽ രൂപം കൊണ്ട ട്രേഡ് സെന്റർ ഇവിടെയുണ്ട്. തങ്ങളുടെത് ഒരു സ്വതന്ത്ര ഭൂമിയാണ്. ഇത് ഇന്ത്യയാണോ മ്യാൻമാറാണോ എന്ന് ഞങ്ങൾക്കറിയില്ല. ഇരട്ട വോട്ടുകൾ ഉള്ളവർ ഇവിടെയുണ്ട്. മ്യാൻമറിൽ വോട്ട് ചെയ്യുന്നവർ ഇവിടെയും വോട്ട് ചെയ്യാറുണ്ട്. അതുകൊണ്ട് ഞങ്ങളെ രണ്ടായി വിഭജിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന അഭ്യർഥനയാണ് ടോൺയി ഫയാംഗ് പങ്കുവെക്കുന്നത്. കേന്ദ്ര സർക്കാർ തീരുമാനം വന്നതിന് ശേഷം സ്വതന്ത്ര സഞ്ചാരത്തിന് വിഷമം നേരിടുന്നുണ്ട്. എല്ലാ കാര്യവും എല്ലാവർക്കും അറിയുന്നതാണെങ്കിലും ചിലർ അതിർത്തിയിൽ രേഖകൾ ആവശ്യപ്പെടുകയാണ്. ഇത് വരാനിരിക്കുന്ന വേലി നിർമാണത്തിന്റെ മുന്നോടിയാണെന്ന് കൊണ്യാക് വിഭാഗക്കാർ ഭയക്കുന്നു.
1970ലാണ് അതിർത്തിയിൽ ഒരു പോസ്റ്റ് സ്ഥാപിച്ചത്, അത് എന്താണെന്ന് ആർക്കും അറിയില്ലായിരുന്നു. ഹിന്ദിയോ ഇംഗ്ലീഷോ അറിയുന്നവർ അന്ന് ഉണ്ടായിരുന്നില്ല. ഞങ്ങൾ ഇപ്പോഴും അതിർത്തികളിൽ വിശ്വസിക്കുന്നില്ല. ഗോത്രവർഗക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നത് മാനുഷികമായ ചട്ടലംഘനമാണ്. അന്താരാഷ്ട്രാ നിയമങ്ങൾ തന്നെ നിലനിൽക്കെ തങ്ങളെപ്പോലെയുള്ള ഗോത്ര സമൂഹത്തെ വിഭജിക്കാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയണമെന്നാണ് ആംഗിന്റെ ആവശ്യം.
ലോംഗ്വയിലെ അതിർത്തിയിൽ മാത്രം 990 കെട്ടിടങ്ങളുണ്ട്. അതിർത്തി രേഖയിലാവട്ടെ സ്കൂളും ചർച്ചും ആർമി ക്യാംപും ഉണ്ട്. നാഗാലാൻഡ് സർക്കാർ അതിർത്തി വേലിക്ക് എതിരായി രംഗത്തുണ്ടെങ്കിലും അനാവശ്യ പരിശോധനകളും സൈനിക വിന്യാസവുമൊക്കെ ഇവരെ കൂടുതൽ ഭയത്തിലാക്കിക്കഴിഞ്ഞു. കറുത്ത കോട്ടിന് മുകളിൽ അധികാര ചിഹ്നമായ പുലിപ്പല്ലുകൾ കൊണ്ട് തീർത്ത മാലയും അണിഞ്ഞ് ആംഗ് ലോംഗ്വയിലെ ജീവിത വിശേഷങ്ങൾ അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞുകൊണ്ടിരുന്നു. കറുപ്പും വെളുപ്പും ചുവപ്പും കലർന്ന കണ്ണഞ്ചിപ്പിക്കുന്ന നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ആംഗിന്റെ രണ്ട് ഭാര്യമാർ ഇടക്കിടെ ചായ സൽക്കാരം നടത്തി. പ്രത്യേക പാത്രത്തിൽ മാത്രം ഭക്ഷണം കഴിക്കുന്ന ആംഗ് തലമുറകളായി തുടർന്നുവരുന്ന ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ ഇപ്പോഴും പിന്തുടരുന്നുണ്ട്. ആംഗുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നാട്ടുകാരായ എല്ലാവർക്കും പറയാനുണ്ടായിരുന്നത് തങ്ങളെ വിഭജിക്കാൻ പദ്ധതിയിട്ട് വരുന്ന രാജ്യാതിർത്തിയിലെ വേലിയെക്കുറിച്ച് തന്നെയായിരുന്നു.
ബഷീർ മാടാല