കേരള സാർ... പരിഹാസത്തിന്റെയും അസഹിഷ്ണുതയുടെയും വിരോധാഭാസം
ഒറ്റപ്പെട്ട ഒരു സംഭവത്തെയോ സ്വഭാവസവിശേഷതകളുടെയോ കൂട്ടുപിടിച്ച് ഒരു പ്രദേശത്തെ മുഴുവൻ സ്റ്റീരിയോടൈപ്പ് ചെയ്യുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ അത് ദോഷകരമായി ബാധിക്കുന്നത് നമ്മൾ അറിയുന്നില്ല എന്നതാണ് വാസ്തവം

"കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ" മഹാകവി വള്ളത്തോളിന്റെ വരികൾ ഐക്യകേരളത്തിന്റെ അടയാളമായിരുന്നു. സമയ് റൈനയുടെയും രൺബീർ അല്ഹബാധിയയുടേയും ഹിറ്റ് ഷോ ആയ ഇന്ത്യ ഗോട്ട് ലാറ്റെന്റ് എന്ന ഷോയിലൂടെ ജസ്‌പ്രീത് സിങ് എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ "കേരള സാർ, 100% ലിറ്ററസി സർ" എന്ന് പരിഹാസ രൂപേണ അവതരിപ്പിച്ചത് കേട്ട നിമിഷം മുതൽ വള്ളത്തോളിന്റെ വരികൾ ഓർമ്മിപ്പിക്കും വിധം മലയാളികൾക്ക് ഞരമ്പുകളിൽ ചോര തിളച്ചു മറിഞ്ഞു തുടങ്ങി. പിന്നാലെ ഈ പ്രസ്താവന നടത്തിയ ആളുടെ സോഷ്യൽ മീഡിയ പേജുകളിൽ മലയാളികളുടെ വക തെറിയഭിഷേകം, പ്രതിഷേധം, അങ്ങനെ പോകുന്നു സംഭവ വികാസങ്ങൾ, അഥവാ വികാരങ്ങൾ. നാക്കുപിഴയുടെ പരിഹാരം തേടി ഒടുവിൽ അവരുടെ മാപ്പ് പറച്ചിൽ ഉൾപ്പെടെ പുറത്തുവന്നു, പക്ഷെ മലയാളികൾ അടങ്ങിയില്ല. അങ്ങനെ കേരളത്തെ തൊട്ട് ഒരുത്തനും കളിക്കണ്ട എന്നാണ് മലയാളികളുടെ സ്റ്റാൻഡ്... (കൊള്ളാം, മലയാളി അല്ലേലും പൊളിയല്ലേ?)
എന്നാൽ, ഇതേ മലയാളികളുടെ ചില ഇരട്ടത്താപ്പുകൾ നമ്മൾ കാണാതെ പോകരുത്, അതാണ് അതിന്റെ ഒരു വിരോധാഭാസം എന്ന് പറയുന്നത്. പ്രാദേശികവാദം ഏറ്റവും ക്രിയാത്മകമായി ഉപയോഗിക്കുമ്പോൾ ഒരു പ്രദേശത്തെ ജനങ്ങൾക്ക് ഇടയിൽ അഭിമാനവും ഐക്യവും സന്തോഷവും വളർത്താൻ സാധിക്കും എന്നത് സത്യമാണ്. എന്നാൽ നിലവിലെ സമൂഹമാധ്യമങ്ങളുടെ കമന്റ് ബോക്സുകൾ ഒന്ന് പരിശോധിക്കണം.
"ഹാ... കണ്ണൂർ അല്ലെ, വല്ല ബോംബ് ആയിരിക്കും........"
"ലേസിനും പപ്പടത്തിനും അടി കൂടുന്നവരാ, കൊല്ലത്ത് പോകുമ്പോൾ സൂക്ഷിക്കണം....."
"കോഴിക്കോട് മൊത്തം മറ്റേ ആൾക്കാർ ആണ് മോനെ, സൂക്ഷിച്ചോ... "
"വയനാടോ, അവിടെ ഇപ്പഴും ജയൻ മരിച്ചത് അറിഞ്ഞിട്ടില്ല..."
"എറണാകുളം ആണോ താമസം, ഓ ഫുൾ ഡ്രഗ്സ് കൊണ്ടുള്ള കളി ആകും ല്ലേ..."
ഇങ്ങനെ പോകുന്നു മലയാളികളുടെ കമന്റുകളുടെ ഘോഷയാത്ര. ഈ വിഷയം വെച്ചുകൊണ്ട് നിയമവിദഗ്ധനായ അഡ്വ. നവീൻ തന്റെ ‘നവീൻ ലോയർ ബ്രോ’ എന്ന ഇൻസ്റ്റ പേജിലൂടെ വീഡിയോ പങ്കുവെച്ചപ്പോൾ അതിനും ഉണ്ട് മലയാളികൾക്ക് മറുപടി.
"എന്റെ വീട്ടിൽ നടക്കുന്ന വിഷയത്തിൽ മറ്റുള്ളവർ ഇടപെടേണ്ട.."
"എന്റെ അനിയനെ ഞാൻ തല്ലും, വേറാരും തല്ലാൻ ഞാൻ സമ്മതിക്കില്ല..."
അങ്ങനെ ന്യായീകരണത്തിന്റെ മറ്റൊരു മേള തന്നെ അവിടെ ആരംഭിച്ചു.
ഒറ്റപ്പെട്ട ഒരു സംഭവത്തെയോ സ്വഭാവസവിശേഷതകളുടെയോ കൂട്ടുപിടിച്ച് ഒരു പ്രദേശത്തെ മുഴുവൻ സ്റ്റീരിയോടൈപ്പ് ചെയ്യുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ അത് ദോഷകരമായി ബാധിക്കുന്നത് നമ്മൾ അറിയുന്നില്ല എന്നതാണ് വാസ്തവം. ഒരു പ്രദേശത്തയോ ജില്ലയെയോ അവിടുത്തെ ഉച്ചാരണം, ഭക്ഷണ ശീലങ്ങൾ, സ്വഭാവ സാവിശേഷതകൾ, വികസനത്തിന്റെ അഭാവം, തുടങ്ങി വിവിധ കാരണങ്ങളാൽ സാമാന്യവൽക്കരിച്ചുകൊണ്ട് സംസാരിക്കുന്നത് പലപ്പോഴും അജ്ഞതയിൽ നിന്നോ മുൻവിധികളിൽ നിന്നോ ഉത്ഭവിക്കുന്നതാണ്. ഇത് സ്വാഭാവികമായും സാമൂഹികമായ അന്യവൽക്കരണത്തിലേക്കും വിവേചനത്തിലേക്കും നയിക്കുന്നു. സ്വാഭാവികമായും ഇത്തരം പരാമർശങ്ങൾ അവരുടെ സ്വത്വത്തിന് ഹാനി ഉണ്ടാക്കുകയും സാമൂഹികമായ വിഭജനങ്ങൾ സൃഷ്ടിക്കുകയും ആളുകളിൽ, പ്രതേകിച്ചും യുവജനങ്ങൾക്കിടയിൽ അവരുടെ വേരുകളെ ഓർത്ത് ലജ്ജ തോന്നുന്ന അവസ്ഥ വരെ ഉണ്ടാകുകയും ചെയ്യുന്നു എന്നതാണ് വാസ്തവം.
ഫ്രഡ്‌റിക് നീഷേയുടെ "Master-Slave Morality" എന്നൊരു ദാർശനിക സിദ്ധാന്തം ഉണ്ട്. മാസ്റ്റർ എല്ലായ്‌പ്പോഴും സ്വയം സ്നേഹിക്കുകയും സ്വയം നല്ലവരായി കാണുകയും ചെയ്യുന്നു. എന്നാൽ, ദുർബലർ ചെയ്യുന്നത് ഒക്കെ അവർക്ക് മോശമാണ്. അതായത് ആളുകൾ എല്ലായ്‌പ്പോഴും അവരുടെ പ്രവൃത്തികൾ ന്യായീകരിക്കുകയും എന്നാൽ, സമാനപ്രവൃത്തികൾ മറ്റുള്ളവർ ചെയ്യുന്നതിനെ അപലപിക്കുകയും ചെയ്യുന്നു എന്ന് വേണമെങ്കിൽ ചുരുക്കി പറയാം. മാസ്റ്റേഴ്സ് ആണ് നല്ലതും ചീത്തയും നിർദ്ദേശിക്കുന്നത്, ആയതിനാൽ തന്നെ പല അവസരത്തിലും നമ്മൾ മലയാളികൾ ഇവിടെ മാസ്റ്റേഴ്സ് ആയി മാറുന്നുണ്ട്.
പ്രശസ്ത തത്വചിന്തകൻ ആയ ജീൻ പോൾ സാത്രേ തന്റെ എക്സിസ്റ്റൻഷിയലിസത്തിൽ പറയുന്ന ഒരു പ്രധാന കാര്യമുണ്ട്. " ഒരാൾ അവരുടെ സ്വന്തം പോരായ്മകൾ മറച്ചുപിടിക്കുന്നതിനും മറ്റും അവരുടെ അരക്ഷിതാവസ്ഥ മറ്റുള്ളവരുടെ മേലെ പ്രയോഗിക്കാൻ ഉള്ള ശ്രമം നടത്തും" എന്നാണ്. പലപ്പോഴും സ്വന്തം ദുർബലതകളോ മറ്റൊ അറിയാതെയും ശ്രദ്ധിക്കാതെയും ആവും നമ്മളിൽ പലരും ഇത്തരം കമന്റുകൾ തുറന്നുവിടുന്നത് എന്നതാണ് വാസ്തവം.
മനഃശാസ്ത്രപരമായി സംഭവിക്കുന്ന ചില തോന്നലുകളുടെയും ധാരണകളുടെയും ബാക്കിയാണ് ഈ പ്രവൃത്തികളുടെ മൂലകാരണം എന്ന് പറയാതെ വയ്യ. ലിയോൺ ഫെസ്റ്റിങ്കെരെയും ഹെന്ററി താജ്ഫെലിനെയും പോലെയുള്ള ലോകപ്രശസ്ത മനഃശാസ്ത്ര വിദഗ്ധർ എന്നോ ഈ കാര്യങ്ങളെ സൂചിപ്പിച്ചു വെച്ചിട്ടുണ്ട്. വൈജ്ഞാനിക വൈരുധ്യ സിദ്ധാന്തവും സോഷ്യൽ ഐഡന്റിറ്റി തിയറിയും ഒക്കെ മനുഷ്യരുടെ ഈ വിരോധാഭാസം കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്. മറ്റുള്ളവരെ കളിയാക്കുന്നത് എളുപ്പമുള്ള, നിസ്സാരമായ ഒരു കാര്യമായി മാറുകയും എന്നാൽ സ്വന്തം വ്യക്തിത്വം ആക്രമിക്കപ്പെടുമ്പോൾ വൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്ന ചെറുതല്ലാത്ത ഒരു പ്രശ്നം ഇവിടെ കാണാൻ സാധിക്കും.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) നമുക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നൽകുന്നുണ്ട്. അതേസമയം, ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 153 A പ്രകാരം ഇത്തരം പരിഹാസങ്ങൾ വിദ്വേഷ പ്രസംഗം ആണെന്നും അത് നിയമം മൂലം തെറ്റാണെന്നും ഉറപ്പ് വരുത്തുന്നുണ്ട്. സെക്ഷൻ 499 പ്രകാരം ഒരു വ്യക്തിയോ സംഘമോ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത് മാനനഷ്ടമായി തന്നെ കണക്കാക്കാൻ സാധിക്കും.
നോക്കൂ, കേരളത്തിന് പുറത്തുള്ള ഒരു വ്യക്തി കേരളത്തെ പരിഹസിച്ചപ്പോൾ അധിക്ഷേപ കമന്റുകളായും മറ്റും പ്രതിഷേധങ്ങൾ ഉയർത്തിയ ഒരു വ്യക്തിക്ക് താൻ നടത്തുന്ന പല പരിഹാസങ്ങളും ചൂണ്ടിക്കാണിച്ചാൽ സഹിക്കാൻ ആവില്ല എന്നതാണ് സത്യം. കണ്ണൂർ എന്നാൽ ബോംബുകളുടെ നാടാണെന്നും കൊല്ലം എന്നാൽ വെട്ടലിന്റെയും കുത്തലിന്റെയും അടിയുടെയും നാടാണെന്നും കോഴിക്കോട് എന്നാൽ സ്വർണ്ണ കടത്തലിന്റെയും മറ്റും നാടാണെന്നും ഒക്കെയുള്ള ഈ ബന്ധപ്പെടുത്തലുകൾ പലപ്പോഴും (എല്ലായ്പ്പോഴും) ഈ പ്രദേശങ്ങളുടെ വൈവിധ്യങ്ങളുടെയും നേട്ടങ്ങളുടെയും മുകളിൽ സൃഷ്ടിക്കുന്ന സ്റ്റീരിയോടൈപ് കളിയാക്കലുകളായി, ഏറ്റവും ദോഷകരമായി തന്നെ ബാധിക്കുന്നു.
ഇത്തരം വിദ്വേഷ പ്രസംഗങ്ങളെയും കളിയാക്കലുകളെയും നേരിടാൻ നമുക്ക് സാധിക്കില്ലേ? തീർച്ചയായും സാധിക്കും. അത് ഒരിക്കലും അവർക്ക് നേരെ വിദ്വേഷപ്രസംഗങ്ങൾ ഉയർത്തിക്കൊണ്ട് ആവരുത്. അവൻ ചെയ്‌താൽ ഞാനും ചെയ്യും എന്ന ലൊട്ടുലൊടുക്ക് ന്യായം മാത്രമാകും അത്. ക്രിയാത്മകയായി ഇത്തരം വിഷയങ്ങളെ നേരിടാൻ സാധിക്കണം, സ്വയം പ്രതിഫലനങ്ങൾ പ്രോത്സാഹിക്കപ്പെടണം. നിങ്ങൾ നേട്ടങ്ങൾ ഉയർത്തികാണിക്കൂ, ക്രിയാത്മക ചർച്ചകളും ഇടപെടലുകളും നടത്തൂ, അത്തരത്തിൽ അവരിൽ അവബോധം ഉണ്ടാക്കു. അതല്ലേ നേരായ വഴി. അങ്ങനെ നമുക്ക് തലയുയർത്തി പറഞ്ഞൂടെ, "Yes Sir, it's Kerala Sir, 100% Literacy Sir...." എന്ന്.
ശ്യാം സോർബ
ജാർഖണ്ഡ് കേന്ദ്ര സർവകലാശാലയിൽ അവതരണകലയിൽ ഗവേഷണം ചെയ്യുകയാണ് ലേഖകൻ. നാടക - സിനിമാ പ്രവർത്തകനും കലാ - സാഹിത്യ - സാമൂഹിക നിരീക്ഷകനുമാണ്