Quantcast

നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ

വനിതകളുടെ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മീരാ ഭായ് ചാനുവിനും പുരുഷ ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവികുമാർ ദഹിയക്കും 50 ലക്ഷം രൂപ വീതവും നല്‍കും

MediaOne Logo

Web Desk

  • Published:

    7 Aug 2021 4:50 PM GMT

നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ
X

ഒളിംപിക്‌സ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം നേടിത്തന്ന ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒരുകോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ. 2008 ൽ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിംപിക്‌സിൽ വ്യക്തിഗത സ്വർണം നേടുന്ന ഇന്ത്യക്കാരനാണ് നീരജ് ചോപ്ര.

വനിതകളുടെ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മീരാ ഭായ് ചാനുവിനും പുരുഷ ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവികുമാർ ദഹിയക്കും 50 ലക്ഷം രൂപ വീതവും വനിത ബോക്‌സിങിൽ വെങ്കലം നേടിയ ലവ്‌ലിനയ്ക്കും പുരുഷ ബോക്‌സിങിൽ വെങ്കലം നേടിയ ബജ്‌രംഗ് പൂനിയക്കും ബാഡ്മിന്റണിൽ വെങ്കലം നേടിയ പി.വി. സിന്ധുവിനും 25 ലക്ഷം രൂപയും നൽകുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. കൂടാതെ വെങ്കല മെഡൽ നേടിയ പുരുഷ ഹോക്കി ടീമിന് 1.25 കോടി രൂപ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ടോക്യോ ഒളിംപിക്‌സിൽ ഇതുവരെ ഇന്ത്യ ആറ് മെഡലുകളാണ് നേടിയത്. 2012 ലണ്ടൻ ഒളിംപിക്‌സിലാണ് ഇതിന് മുമ്പ് ഇന്ത്യ ആറ് മെഡലുകൾ നേടിയത്.

നേരത്തെ ആദ്യ ഏറിൽ 87.03 മീറ്റർ പിന്നിട്ട നീരജ് രണ്ടാം ഏറിലാണ് സ്വർണം എറിഞ്ഞിട്ടത്- 87.58 മീറ്റർ. എന്നാൽ മൂന്നാമത്തെ ഏറിൽ 76.79 മീറ്റർ പിന്നിടാൻ മാത്രമെ നീരജിനായുള്ളൂ. നാലാം ത്രോ ഫൗൾ ആയെങ്കിലും നീരജ് തന്നെയായിരുന്നു മുന്നിൽ. ചെക്ക് റിപ്പബ്ലിക്കിന്റെ താരങ്ങളായ യാക്കുബ് വാഡ്ലിച്ച് (86.67 മീറ്റർ) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44 മീറ്റർ) വെങ്കലവും നേടി.

പ്രാഥമിക റൗണ്ടിൽ 86.65 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലിൽ എത്തിയത്. ഇതോടെ, ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനാവാനും നീരജിനായിരുന്നു. അണ്ടർ 20 ലോകചാംപ്യനും ഏഷ്യൻ ഗെയിംസ് ചാംപ്യനുമായിരുന്നു നീരജ്. 88.07 മീറ്ററാണ് സീസണിൽ നീരജിന്റെ മികച്ച ദൂരം. ഇക്കഴിഞ്ഞ മാർച്ചിൽ പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്.

TAGS :

Next Story