നിലപാടുകളെല്ലാം പഴങ്കഥ; ബോക്സർ വിജേന്ദർ സിങ് ബി.ജെ.പിയിൽ
ന്യൂഡൽഹി: പ്രശസ്ത ബോക്സറും ഒളിമ്പിക് മെഡൽ ജേതാവുമായ വിജേന്ദർ സിങ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് വിജേന്ദർ അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ വിജേന്ദർ സിങ് 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്നും ജനവിധി തേടിയിരുന്നു.
ഉത്തർപ്രദേശിലെ മഥുര ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയും നടിയുമായ ഹേമമാലിനിക്കെതിരെ വിജേന്ദർ സിങ്ങിനെ രംഗത്തിറക്കാൻ കോൺഗ്രസിൽ ചർച്ചകളുണ്ടായിരുന്നു. ഇതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത കൂടുമാറ്റം. ജാട്ട് സമുദായത്തിൽ നിന്നുള്ള വിജേന്ദർ പാർട്ടിയിലെത്തുന്നത് മുതൽക്കൂട്ടാകുമെന്ന് ബി.ജെ.പി കരുതുന്നു.
2008 ബീജിങ് ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവായ വിജേന്ദർ 2009 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് മെഡലുകളും നേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ബി.ജെ.പിക്കെതിരെയും വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും നിരന്തരം നിലപാടുകൾ പറഞ്ഞിരുന്ന വിജേന്ദറിന്റെ കൂടുമാറ്റം പലരിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും പങ്കുചേർന്നിരുന്നു.
Adjust Story Font
16