ഹോക്കിയിലെ മെഡൽ നേട്ടം ക്രിക്കറ്റ് ലോകകപ്പുകളെക്കാൾ വലുതെന്ന് ഗംഭീർ
'1983, 2007, 2011 ക്രിക്കറ്റ് ലോകകപ്പുകൾ മറക്കാം. ഹോക്കിയിൽ ഇന്ന് നേടിയ മെഡൽ എല്ലാ ലോകകപ്പ് വിജയങ്ങളേയുംകാൾ വലുതാണ്': ഗംഭീര്‍ ട്വീറ്റ് ചെയ്തു
ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ മെഡൽ നേടിയ ടീം ഇന്ത്യയെ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് രാജ്യം. സമൂഹമാധ്യമങ്ങളിലൊക്കെ ഹോക്കി ടീമിനെ പ്രശംസിച്ചുകൊണ്ടുള്ള ട്വീറ്റുകൾ പ്രവഹിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി റാംനാഥ് കോവിന്ദ് തുടങ്ങിയവരൊക്കെ അഭിനന്ദനവുമായി രംഗത്തുണ്ട്. ചരിത്രം പരം എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
എന്നാൽ വ്യത്യസ്ത ആശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്ററും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ക്രിക്കറ്റിൽ ഇന്ത്യ ഇതുവരെ നേടിയ ലോക കിരീടങ്ങളെക്കാൾ വലുതാണ് ഹോക്കിയിലെ വെങ്കല മെഡൽ നേട്ടം എന്നാണ് ഗംഭീർ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: '1983, 2007, 2011 ക്രിക്കറ്റ് ലോകകപ്പുകൾ മറക്കാം. ഹോക്കിയിൽ ഇന്ന് നേടിയ മെഡൽ എല്ലാ ലോകകപ്പ് വിജയങ്ങളേയുംകാൾ വലുതാണ്' – ഗംഭീര്‍ ട്വീറ്റ് ചെയ്തു.
എന്നാൽ ഗംഭീറിന്റെ ഈ ട്വീറ്റിനെതിരെ പലരും രംഗത്ത് എത്തി. രണ്ട് കായിക ഇനങ്ങളെയും താരതമ്മ്യപ്പെടുത്താനാവില്ലെന്നാണ് ചിലർ ഉന്നയിക്കുന്നത്. താരതമ്മ്യങ്ങളില്ലാതെ ഹോക്കിയെ പ്രശംസിക്കണമെന്നും ഇക്കൂട്ടർ എഴുതുന്നു. അതേസമയം ഹോക്കിയിലെ നേട്ടത്തെ പ്രശംസിക്കാൻ ക്രിക്കറ്റിലെ നേട്ടത്തെ ഇകഴ്‌ത്തേണ്ടതുണ്ടോയെന്ന് ചിലർ ചോദിക്കുന്നു. പല ട്വീറ്റുകളും ഇതിനെച്ചൊല്ലി പ്രവഹിക്കുന്നുണ്ട്.
കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്.
Adjust Story Font
16